ആദിവാസികള്‍ വഞ്ചിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു

ആദിവാസികളുടെ ഭൂപ്രശ്‌നം പൊതുമണ്ഡലത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതിന്റെ പേരില്‍ കേസുകള്‍ നേരിടുന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡോ ആര്‍ സുനിലുമായി ‘മറുവാക്ക്’ എഡിറ്റര്‍ അംബിക നടത്തിയ സംഭാഷണം….

ഇതിനു മുമ്പ് താങ്കള്‍ക്കെതിരേ റിപോര്‍ട്ടിങ്ങിന്റെ പേരില്‍ കേസുകള്‍ വന്നിട്ടുണ്ടോ?

എനിക്കെതിരേ അട്ടപ്പാടിയില്‍ നിന്നു തന്നെ രണ്ട് തവണ വക്കീല്‍ നോട്ടീസ് വന്നിട്ടുണ്ട്. അതിന് ഞാന്‍ മറുപടിയും കൊടുത്തിരുന്നു. അതില്‍ ഒന്ന് കെപിസിസി അംഗമായിരുന്ന പി സി ബേബിയുടെ വക്കീല്‍നോട്ടീസായിരുന്നു. മാരി മൂപ്പന്റെ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ടായിരുന്നു. അവര്‍ മൂപ്പന്റെ സ്ഥലം കയ്യേറി മഞ്ഞ കല്ലിട്ടു. മൂപ്പന്‍ സുകുമാരേട്ടനെ (സുകുമാരന്‍ അട്ടപ്പാടി) കാണാന്‍വന്നപ്പോള്‍ യാദൃച്ഛികമായാണ് ഞാനദ്ദേഹത്തെ കാണുന്നത്. ഞങ്ങള്‍ ആ ഭൂമി പോയി കണ്ടു. ആനയിറങ്ങുന്നയിടമാണ്. ഒരു മലയുടെ താഴ്വാരത്ത് നല്ല സമതലമായിക്കിടക്കുന്ന മനോഹരമായ ഭൂമി. കൂട്ടുകുടുംബത്തിന്റെ വകയായി 25 ഏക്കറുണ്ടെന്ന് മൂപ്പന്‍ പറഞ്ഞു. പണ്ട് കൃഷിചെയ്തിരുന്നു. ഇപ്പോള്‍ തരിശാണ്. വില്ലേജ് ഓഫിസറും ചില ആളുകളും വന്ന് കല്ലിടുന്ന വിവരം അറിഞ്ഞാണ് മൂപ്പന്‍ കാടിറങ്ങിയത്. മൂപ്പന്‍ എന്നും രാവിലെ കാട്ടിലേക്ക് ആടുകളുമായി പോവും. അരയില്‍ കെട്ടിയ കിഴിയില്‍ കുറച്ച് കടലയും ഒരു കുപ്പി വെള്ളവുമായി പോയാല്‍ വൈകീട്ടേ തിരിച്ചെത്തൂ. ഷര്‍ട്ടൊന്നുമില്ല. നീണ്ട താടിയുമായി മെലിഞ്ഞൊരു മനുഷ്യന്‍. മൂപ്പന്‍ പരാതികൊടുക്കണമെന്ന് സുകുമാരേട്ടനോട് ആവശ്യപ്പെടാനാണ് വന്നത്. ഞാനും സുകുമാരേട്ടനും എത്തിയപ്പോഴേക്കും മൂപ്പന്റെ സഹോദരിയും അവിടെയെത്തിയിരുന്നു. ഞാന്‍ ആ വാര്‍ത്ത റിപോര്‍ട്ട് ചെയ്തു. വാര്‍ത്ത കണ്ട് പി സി ബേബി വക്കീല്‍ നോട്ടീസ് അയച്ചു. മാധ്യമത്തിന്റെ എഡിറ്റര്‍ ഒ അബ്ദുല്‍ റഹ്മാനായിരുന്നു (ഇപ്പോള്‍ ചീഫ് എഡിറ്റര്‍). വക്കീല്‍ നോട്ടീസ് കിട്ടിയപ്പോള്‍ അദ്ദേഹം വിളിച്ചു. ആദിവാസി ഭൂമി കയ്യേറ്റത്തെ പറ്റി വിശദമായി ചോദിച്ചു. വ്യാജ ആധാരത്തിന്റെ പകര്‍പ്പ് കയ്യിലുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. നോട്ടീസിന് വ്യക്തമായ മറുപടി നല്‍കണമെന്നും രേഖയുണ്ടെങ്കില്‍ കൂടുതല്‍ വാര്‍ത്ത നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ടീസിന് മറുപടി നല്‍കിയതോടെ തുടര്‍നടപടി ഉണ്ടായില്ല. മറ്റൊരു സംഭവം മില്‍മക്കെതിരായ വാര്‍ത്തയായിരുന്നു. മില്‍മ പട്ടികജാതിക്കാര്‍ക്കായുള്ള ഫണ്ട് വാങ്ങി ശരിയായി വിനിയോഗിച്ചില്ലെന്ന് ആഴ്ചപ്പതിപ്പില്‍ സ്റ്റോറി വന്നു. മില്‍മയില്‍ നിന്ന് ജീപ്പില്‍ ഏതാനും ഉദ്യോഗസ്ഥരെത്തി മാധ്യമത്തിന്റെ ഓഫിസില്‍ വന്ന് ബഹളം വെച്ചു. പക്ഷേ, ഞങ്ങളുടെ കൈയില്‍ രേഖയുണ്ട് എന്നറിഞ്ഞപ്പോള്‍ സ്റ്റവരും പിന്‍വാങ്ങി. വാര്‍ത്ത വന്നയുടന്‍ പലപ്പോഴും കേസ് കൊടുക്കും എന്ന് ഭീഷണിപ്പെടുത്താറുമുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ മന്ത്രിമാര്‍, മന്ത്രിയുടെ ഓഫിസ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരൊക്കെ നേരിട്ട് വിളിച്ച് മോശമായി സംസാരിച്ചിട്ടുണ്ട്. എല്ലാ രേഖകളും കൈവശമുണ്ടെന്നു പറയുന്നതോടെ ഇവരൊക്കെ പിന്‍വാങ്ങും. അടുത്തകാലത്ത് കൊല്ലം കോര്‍പ്പറേഷനിലെ അഴിമതിയെക്കുറിച്ച് റിപ്പോര്‍ട്ട് മാധ്യമം ആഴ്ചപ്പതിപ്പില്‍ കവര്‍‌സ്റ്റോറി വന്നപ്പോള്‍ മേയര്‍ എന്നെ വിളിച്ച് ആവശ്യപ്പെട്ടത് എജി റിപോര്‍ട്ടിന്റെ കോപ്പിയാണ്. അങ്ങനെയൊരു റിപോര്‍ട്ട് ഇല്ലെന്നും വാര്‍ത്ത എന്റെ ഭാവനയാണെന്നും മേയര്‍ പറഞ്ഞു.

കോര്‍പറേഷനെതിരേ ഇങ്ങനെ എഴുതാന്‍ നിങ്ങളാരാണ് എന്നൊക്കെയാണവര്‍ ചോദിച്ചത്. കാരണം മേയര്‍ എജിയുടെ റിപോര്‍ട്ട് കണ്ടിട്ടില്ല. പിന്നീട് മേയര്‍ വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ എജി റിപോര്‍ട്ട് തന്നെ കാണിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്നൊക്കെ പറയുകയുണ്ടായി. എപ്പോഴും കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലേ വാര്‍ത്തകൊടുക്കാറുള്ളൂ.

പല വകുപ്പുകളിലും റിപോര്‍ട്ടുകള്‍ പരിശോധിക്കപ്പെടുന്നില്ല, അല്ലെങ്കില്‍ അവഗണിക്കപ്പെടുന്നു, അതില്‍ തുടര്‍നടപടികള്‍ ഉണ്ടാവുന്നില്ല. ഇത് ഗവ. വകുപ്പുകളുടെ പൊതു സ്വഭാവമാണ്. ധനകാര്യ പരിശോധനാ വിഭാഗം പതിനഞ്ചിനും ഇരുപതിനുമിടയില്‍ റിപോര്‍ട്ടുകള്‍ ഒരുമാസം സമര്‍പ്പിക്കപ്പെടുന്നുണ്ട്. അതില്‍ അമ്പതു ശതമാനമെങ്കിലും അഴിമതിയുമായി ബന്ധപ്പെട്ടതാവാം. എന്നാല്‍ അതിലൊന്നും തുടര്‍നടപടി ശരിയായ തലത്തില്‍ ഉണ്ടാവാറില്ല. സോഷ്യല്‍ ഓഡിറ്റ് ഇക്കാര്യത്തില്‍ നടക്കുന്നില്ല. എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലും ആഭ്യന്തര ഓഡിറ്റ് സംവിധാനമുണ്ട്. അത്തരം റിപോര്‍ട്ടുകളില്‍ ഗുരുതരമായ അഴിമതിയോ ക്രമക്കേടുകളോ ഒക്കെ വ്യക്തമായിത്തന്നെ രേഖപ്പെടുത്തിയിരിക്കും. എന്നാല്‍ ഇതൊന്നും പുറത്തുവരുന്നില്ല. മാധ്യമപ്രവര്‍ത്തകരും ഇതൊന്നും അന്വേഷിച്ച് കണ്ടെത്തുന്നില്ല. പിആര്‍ഡിയില്‍ നിന്നോ മറ്റ് ഉദ്യോഗസ്ഥരില്‍നിന്നോ കിട്ടിയാല്‍ അത് വാര്‍ത്തയാക്കുന്നു എന്നേയുള്ളൂ.

വിവരാവകാശകമ്മീഷന്‍ അടക്കം പല കമ്മീഷനുകളും റിലീസ് നല്‍കുന്നത് പോലും കുറവാണ്. പട്ടികജാതി-ഗോത്ര കമ്മീഷനില്‍ കഴിഞ്ഞമാസം എത്ര ഉത്തരവുവന്നിട്ടുണ്ട്. അതില്‍ ആദിവാസി വിഭാഗത്തിന് എത്ര ഉത്തരവ് വന്നു, പട്ടികജാതി വിഭാഗത്തിന് എത്ര എന്നൊക്കെ ചോദിച്ചാല്‍ മറുപടി ലഭിക്കാത്ത അവസ്ഥയാണുള്ളത്. നിയമസഭയില്‍ മാത്രമാണ് എന്തെങ്കിലും മറുപടി നമുക്ക് ലഭിക്കുന്നത്. എന്നാല്‍ നിയമസഭയില്‍ പറയുന്ന ഉത്തരങ്ങള്‍ പോലും പരിശോധിച്ചുനോക്കിയാല്‍ പലതും അപൂര്‍ണാണെന്ന് നമുക്ക് കണ്ടെത്താനാവും. ഉദാഹരണത്തിന് 955ഓളം ടിഎല്‍എ കേസുകളാണ് അട്ടപ്പാടിയിലുള്ളത്. അതില്‍ അഞ്ചേക്കറിലധികം ഭൂമി അന്യാധീനപ്പെട്ട എത്ര കേസുകളില്‍ ജില്ലാകലക്ടര്‍ ഉത്തരവിറക്കി, നടപടിയെടുത്തുവോ എന്ന് ചോദിക്കുന്നു. റവന്യൂ മന്ത്രി 36 കേസുകളില്‍ നടപടിയെടുത്ത് ആദിവാസികള്‍ക്ക് ഭൂമി തിരിച്ചു നല്‍കി എന്നാണ് നിയമസഭയില്‍ പറഞ്ഞത്. ആ 36 ടിഎല്‍എ കേസിന്റെ നമ്പര്‍ എടുത്ത് പരിശോധിച്ചപ്പോള്‍ ആദിവാസികളില്‍ ആര്‍ക്കും ഒരിടത്തും ഭൂമി തിരിച്ചുകിട്ടിയിട്ടില്ല. നിയസഭയില്‍ പറയുന്നതൊന്നും സത്യം മറ്റൊന്നുമാണ്.

അട്ടപ്പാടിയില്‍ ഭൂമി അന്യാധീനപ്പെട്ട അഞ്ഞൂറിലധികം ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയെന്ന് നിയമസഭയില്‍ പറഞ്ഞു. അതത് വില്ലേജുകളില്‍ തിരക്കുമ്പോള്‍ വില്ലേജ് ഓഫിസര്‍മാര്‍ ഇന്ന സ്ഥലത്ത് ഭൂമിയുണ്ടെന്ന് പറയുന്നതല്ലാതെ കൃത്യമായും ഭൂമി അളന്നുകൊടുത്ത് ആദിവാസികളുടെ പുനരധിവാസം ഉറപ്പാക്കിയിട്ടില്ല. ഗുണഭോക്താക്കള്‍ക്ക് എവിടെ ഭൂമി കിട്ടി എന്ന് ആര്‍ക്കും അറിയില്ല. ചിലര്‍ക്ക് ഭൂമി കാണിച്ചുകൊടുത്തിട്ടുണ്ട്. കുട്ടികളും സ്ത്രീകളും മാത്രമായി കഴിയുന്ന കുടുംബങ്ങള്‍ക്ക് കിലോമീറ്ററുകള്‍ ദൂരെ ലഭ്യമായ കൃഷിഭൂമിയിലേക്ക് പോവുന്നതിന് പ്രായോഗികപ്രശ്നങ്ങളുണ്ട്. അതുപോലെ ഇങ്ങനെ ലഭിച്ചഭൂമിയില്‍ വെള്ളം ലഭ്യമല്ല, വീടുവെയ്ക്കാന്‍ കഴിയില്ല, കൃഷിചെയ്യാന്‍ കഴിയില്ല. നിലവില്‍ താമസിക്കുന്നിടത്ത് വല്ല തൊഴിലുമെടുത്ത് ജീവിച്ചുപോവുന്നതും ഇല്ലാതാവുന്ന അവസ്ഥയാണുള്ളത്. 1999ലെ നിയമത്തില്‍ പറഞ്ഞിരിക്കുന്നത് അവര്‍ താമസിക്കുന്നതിനടുത്തു തത്തുല്യമായ ഭൂമിനല്‍കണം, വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമിയായിരിക്കണം എന്നൊക്കെയാണ്. ഇതൊന്നും പാലിക്കപ്പെടുന്നില്ല. ഗവണ്‍മെന്റ് ഇതൊന്നും ചെയ്യാത്തതുകൊണ്ടുതന്നെ ആദിവാസി പുനരധിവാസം അസാധ്യമാവുന്നു. അഞ്ചേക്കറോ പത്തേക്കറോ ഭൂമിയുള്ള ആദിവാസി നിലവുള്ള കോളനിയില്‍ത്തന്നെ കുടില്‍വച്ച് താമസിക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ ഭവനപദ്ധതികളുടെ ഭാഗമായി 50 സെന്റില്‍ 10-15 വീടുകള്‍ ഉണ്ടാക്കി ഇവരെ ഒന്നിപ്പിച്ച് താമസിപ്പിക്കുന്ന അവസ്ഥയാണ് അട്ടപ്പാടിയിലുള്ളത്. കൃഷിഭൂമിയും ഇവരും തമ്മിലുള്ള ബന്ധം അറ്റുപോവുകയും കൃഷിയില്ലാതാവുകയും ചെയ്യുന്നൊരവസ്ഥ നേരത്തെത്തന്നെ തുടര്‍ന്നുവരുന്നുണ്ട്. ഇപ്പോഴും കോളനികള്‍ നവീകരിച്ചുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അല്ലാതെ ഇവരുടെ സ്ഥലത്ത് വീട് കെട്ടിക്കൊടുക്കുകയല്ല്.

ഇപ്പോഴത്തെ കേസ് എങ്ങനെയാണ് വരുന്നത്?

ഇപ്പോഴത്തെ കേസ് നഞ്ചിയമ്മയുടെ കുടുംബഭൂമിയുമായി ബന്ധപ്പെട്ടാണ് തുടങ്ങുന്നത്. നഞ്ചിയമ്മയുടെ ഭര്‍തൃപിതാവായ നാഗന്റെ ഭൂമി അന്യാധീനപ്പെട്ട കേസ് (ടിഎല്‍എ) ഇപ്പോഴും നിലവിലുണ്ട്. ഒരിക്കല്‍ അട്ടപ്പാടിയില്‍ പോയപ്പോള്‍ നഞ്ചിയമ്മയുടെ വീട്ടിലും പോയി. അപ്പോഴാണ് നഞ്ചിയമ്മ ഭൂമിയുടെ കാര്യം സംസാരിച്ചത്. അന്ന് അവര്‍ക്ക് ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടില്ല. ഭൂമി സംബന്ധിച്ച് കാര്യമായ രേഖകള്‍ ഒന്നും നഞ്ചിയമ്മയുടെ കൈയില്‍ ഇല്ല. സുകുമാരേട്ടന്റെ കൈയില്‍ ഇത് സംബന്ധിച്ച കുറച്ചു രേഖകള്‍ ഉണ്ടായിരുന്നു. പിന്നീട് കൂടുതല്‍ വിവരങ്ങള്‍ സബ് കലക്ടറുടെ ഓഫിസില്‍ നിന്നാണ് ലഭിച്ചത്. ഈ അന്വേഷണം തുടങ്ങി ആദ്യ വാര്‍ത്ത നല്‍കിയ സമയത്തുതന്നെയാണ് നിയമസഭയില്‍ കെ കെ രമയും ഐ സി ബാലകൃഷ്ണനും നഞ്ചിയമ്മയുടെ ഭൂമി സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. അതിന് റവന്യൂ മന്ത്രി കെ രാജന്‍ നല്‍കിയ മറുപടിയില്‍ പറയുന്നത് കെ വി മാത്യുവിനും ജോസഫ് കുര്യനും ഭൂമിയുടെ ഉടമസ്ഥതയുണ്ടെന്നാണ്. എന്നാല്‍ ഇവരുടെ കൈയിലേക്ക് ഭൂമി എങ്ങനെയെത്തിയെന്ന് വിശദമാക്കിയില്ല.

ഈ മറുപടിയും സബ് കലക്ടര്‍ ഓഫിസില്‍നിന്ന് ലഭിച്ച രേഖകളും തമ്മില്‍ പൊരുത്തക്കേട് തോന്നി. നഞ്ചിയമ്മയുടെ കുടുംബഭൂമി അഗളിയിലാണ്. നാഗമൂപ്പനില്‍നിന്ന് 1962ല്‍ സര്‍വേ ചെയ്തിട്ടില്ലാത്ത നാലേക്കര്‍ ഭൂമി തീറാധാരപ്രകാരം മാരിയബോയന്റെ കൈവശമെത്തിയെന്നാണ് ഫയലില്‍ രേഖപ്പെടുത്തിയത്. പിന്നീട് ഭൂമി അദ്ദേഹത്തിന്റെ മകന്‍ കന്തസ്വാമി ബോയന്റെ കൈവമശമെത്തി. 1975ലെ നിയമപ്രകാരം 1995ല്‍ നാഗമൂപ്പന് അനുകൂലമായി ഒറ്റപ്പാലം സബ് കലക്ടര്‍ ഉത്തരവിട്ടു. ഈ ഉത്തരവിനെതിരേ കന്തസ്വാമി പാലക്കാട് കലക്ടര്‍ക്ക് അപ്പീലും നല്‍കി. 1999ല്‍ നിയമസഭ പുതിയ നിയമം പാസാക്കി. അതോടെയാണ് പുതിയ വിചാരണ തുടങ്ങിയത്. ടിഎല്‍എ കേസ് നിലനില്‍ക്കുന്നത് നഞ്ചിയമ്മയുടെ കുടുംബവും കന്തസ്വാമിയുടെ അനന്തരവാശികളും തമ്മിലാണ്. ഈ ഭൂമിയില്‍ 1.40 ഏക്കര്‍ മാത്രമേ കന്തസ്വാമിയുടെ പേരിലുള്ളു. ബാക്കി ഭൂമി മിച്ചഭൂമിയിയി നേരത്തെ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അന്യാധീനപ്പെട്ട ആദിവാസി ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കുന്ന പ്രവര്‍ത്തനവും റവന്യൂ വകുപ്പ് അട്ടപ്പാടിയില്‍ നടത്തിയെന്ന് പറയാം. ടിഎല്‍എ കേസ് നിലനില്‍ക്കുന്ന 1.40 ഏക്കര്‍ ഭൂമിക്കുമേല്‍ കെ വി മാത്യു, ജോസഫ് കുര്യന്‍ എന്നിവര്‍ക്ക് എങ്ങനെ അവകാശം ലഭിച്ചുവെന്ന് അന്വേഷിച്ചു.

നിയമസഭയില്‍ പറഞ്ഞത് പ്രകാരം കോടതി വഴി അവര്‍ക്ക് ഭൂമി കിട്ടി. അതില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്ന് മനസ്സിലായി. അതുകൊണ്ടാണ് മുഴുവന്‍ ഫയലുകളും തേടിയത്. നഞ്ചിയമ്മയുടെ ഭൂമി സംബന്ധിച്ച് ആദ്യ വാര്‍ത്ത കണ്ട് ജോസഫ് കുര്യന്‍ വിളിച്ചു. വാര്‍ത്ത തെറ്റാണെന്നും ശരിയായ വാര്‍ത്ത നല്‍കണമെന്നും അതിന് അദ്ദേഹത്തിന്റെ കൈവശമുള്ള ആധാരത്തിന്റെ പകര്‍പ്പ് അടക്കമുള്ള രേഖകള്‍ അയച്ചുതന്നു. അപ്പോള്‍ കെ വി മാത്യുവില്‍നിന്നാണ് ജോസഫ് കുര്യന്‍ ഭൂമി വാങ്ങിയതെന്ന് വ്യക്തമായി.

കന്തസ്വാമി 2001ല്‍ മരിച്ചു. ടിഎല്‍എ കേസ് കന്തസ്വാമിയുടെയും നഞ്ചിയമ്മയുടയും കുടുംബങ്ങള്‍ തമ്മിലായി. എന്നാല്‍ സബ് കലക്ടര്‍ ഓഫിസില്‍ ഇതെല്ലാം മറികടന്നു കെ വി മാത്യുവും ജോസഫ് കുര്യനും കേസില്‍ കടന്നുവന്നത് എങ്ങനെയെന്ന് മനസ്സിലായില്ല. ടിഎല്‍എയില്‍ ഉള്‍പ്പെട്ട് ഭൂമി കൈക്കലാക്കാന്‍ കഴിഞ്ഞത് എങ്ങനെയെന്ന സംശയം ബാക്കിയായി.

കെ വി മാത്യുവിന് എങ്ങനെ ഭൂമി കിട്ടി എന്ന് അന്വേഷിച്ചപ്പോഴാണ് ഒറ്റപ്പാലം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസിലെ (ഒ.എസ് 21- 2010) ഉത്തരവ് മാത്രമേയുള്ളൂ. ഒറ്റപ്പാലം സബ് കോടതിയില്‍ കന്തസ്വാമിയുടെ മകന്‍ എന്ന് അവകാശപ്പെടുന്ന മാരിമുത്തുവിനെതിരേ കെ വി മാത്യു ഫയല്‍ ചെയ്ത കേസില്‍ മാത്യുവിന് അനുകൂലമായി 2010ല്‍ വിധിയുണ്ടായെന്ന് ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് പിന്നില്‍ ഒരു വില്‍പ്പന കരാറുണ്ടായിരുന്നു. 2009 ഏപ്രില്‍ 12ന് കെ വി മാത്യുവിന് ഈ ഭൂമി നല്‍കാമെന്ന് മാരിമുത്തുവുമായി കരാര്‍ എഴുതി. കരാര്‍ പത്രത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ വന്നപ്പോള്‍ 2010ല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. മാരിമുത്തു കോടതിയില്‍ ഹാജരായില്ല. അതിനാല്‍ എക്‌സ്പാര്‍ട്ടി വിധിയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് കെ വി മാത്യുവിന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്. ഇവിടെ കോടതി പരിശോധിച്ചത് കരാര്‍ പത്രവും അഡ്വക്കേറ്റ് വഴി മാരിമുത്തുവിന് നല്‍കിയ നോട്ടിസും കൈപ്പറ്റ് രസീതും മാത്രമാണ്.

ആദ്യം കെ വി മാത്യുവിന്റെ പേരില്‍ ഭൂമിയുടെ ആധാരം ചമച്ചു. അതില്‍ നിന്ന് അമ്പത് സെന്റ് ജോസഫ് കുര്യന് കൈമാറി. സബ് കലക്ടറുട ഓഫിസ് നിലവില്‍ ഭൂമിയുടെ അവകാശികളായ ഇവരെക്കൂടി ടിഎല്‍എയില്‍ ഉള്‍പ്പെടുത്തി. സബ് കലക്ടറുടെ ഉത്തരവില്‍ ഇവരും ഉള്‍പ്പെട്ടു. അങ്ങനെ സബ്കലക്ടറുടെ ഉത്തരവുപ്രകാരം ജോസഫ് കുര്യനും കെ വി മാത്യുവിനും കന്തസ്വാമിയുടെ അവകാശികള്‍ക്കും ഭൂമി അനുവദിച്ചു കിട്ടി. നഞ്ചിയമ്മയാകട്ടെ പാലക്കാട് കലക്ടര്‍ക്ക് അപ്പീല്‍ നല്‍കി. ഇതിനിടയില്‍ കെ വി മാത്യുവും ജോസഫ് കുര്യനും ഹൈകോടതിയെ സമീപിച്ച് മൂന്നു മാസത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കണെന്ന നിര്‍ദേശിച്ച വിധിയും 2023 ഫെബ്രുവരി 13ന് സമ്പാദിച്ചു.

വില്ലേജ് ഓഫിസില്‍നിന്നാണോ വ്യാജ നികുതിരശീത് നേടിയെടുത്തത്?

വില്ലേജ് ഓഫിസില്‍ നിന്ന് കൊടുത്തത് എന്നുപറഞ്ഞ് മാരിമുത്തുവിന്റെ പേരില്‍ ഹാജരാക്കിയ നികുതി രശീത് വ്യാജമായിരുന്നു. ഇക്കാര്യത്തില്‍ മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതി മുമ്പാകെ അന്ന് വില്ലേജ് ഓഫിസറായിരുന്ന (എസ്‌വിഒ) എസ് ഉഷാകുമാരി മൊഴി കൊടുത്തു. അവര്‍ വില്ലേജിലെ 2008-2010 കാലത്തെ നാള്‍വഴി രജിസ്റ്ററാണ് തെളിവായി കോടതിയില്‍ ഹാജരാക്കിയത്. മാരിമുത്തുവിന്റെ പേരില്‍ ഭൂ നികുതി അടച്ചില്ലെന്ന് മൊഴി നല്‍കി. അപ്പോള്‍ നികുതിരശീത് വ്യാജമായി നിര്‍മിച്ചതാണെന്ന് വ്യക്തം.

ഈ നാടകത്തിലെ തിരക്കഥക്കുള്ളില്‍ കടന്നുവന്ന പുതിയ കഥാപാത്രമായിരുന്നു മാരിമുത്തു. പ്രമാണരേഖയുടെ ഉറവിടം തേടിപോയപ്പോഴാണ് കലക്ടറുടെ ഓഫിസില്‍ നിന്ന് മാരിമുത്തുവിന്റെ വിലാസം ലഭിക്കുന്നത്. മാരിമുത്തു താമസിക്കുന്നത് നിലമ്പൂരാണെന്ന് വിലാസത്തില്‍നിന്ന വിവരം ലഭിച്ചു. നിലമ്പൂരിലുള്ള ചിലരുമായി ബന്ധപ്പെട്ടു. അങ്ങനെ മാരിമുത്തുവിന്റെ ഫോണ്‍ നമ്പറും കിട്ടി. വിളിച്ചപ്പോള്‍ വീട്ടില്‍ച്ചെന്നാല്‍ സംസാരിക്കാമെന്ന മാരിമുത്തു സമ്മതിച്ചു.

ആദിവാസി സാധാരണ കളവുപറയില്ല. അത് എന് വിശ്വാസമാണ്. അതിനാല്‍ വീഡിയോ ക്യാമറയുമായി മാരിമുത്തുവിന്റെ വീട്ടിലേക്ക് പോയി. വിശ്വാസം രക്ഷിച്ചു. മാരിമുത്തു നടന്നതെല്ലാം പച്ചയായി പറഞ്ഞു. താന്‍ അഗളി വില്ലേജ് ഓഫിസില്‍ പോയിട്ടില്ല. നികുതി അടച്ചിട്ടില്ല. നികുതി രസീത് വാങ്ങിയിട്ടില്ല. നികുതിരശീത് താന്‍ ആര്‍ക്കും കൊടുത്തിടിടുമില്ലെന്നാണ്. മാരിമുത്തിവിന്റെ ഓര്‍മ്മ അനുസരിച്ച് സി.പി.ഐയുടെ ഏതോ സമ്മേളനം അക്കാലത്ത് (ഏതാണ്ട് 2010) മണ്ണാര്‍ക്കാട് നടന്നിരുന്നു. മാരിമുത്തുവിനേയും സമ്മേളനത്തിനായി ഒരു ജീപ്പില്‍ കയറ്റി അട്ടപ്പാടിയില്‍ നിന്ന് കൊണ്ടുപോയി. സമ്മേളനം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മാരിമുത്തുവിനെ സമ്മേളന ഹാളിന് പുറത്തേക്ക് വിളിച്ചു. ജോസഫ് കുര്യനും കെ വി മാത്യുവും ഒരു വക്കീലും ഭൂമി സംബന്ധിച്ച് സംസാരിച്ചു.

മാരിമുത്തു കന്തസ്വാമിക്ക് ആദിവാസിയായ രാമി എന്ന സ്ത്രീയില്‍ ജനിച്ച മകനാണ്. സബ് കലക്ടര്‍ ഓഫിസിലെ ഫയല്‍ പ്രകാരം കന്തസ്വാമിക്ക് കൈസല്യ, ഈശ്വരിയമ്മാള്‍, കൃഷ്ണവേണി എന്നിങ്ങനെ മൂന്ന് ഭാര്യമാരുണ്ട്. രാമിക്ക് ആദിവാസിയായ ഭര്‍ത്താവുണ്ടായിരുന്നു. മാരിമുത്തുവും കന്തസാമിയുടെ മകനാണെന്ന് അവകാശപ്പെടുന്നുണ്ട്. മാരിമുത്തുവിനെ ഒമ്പതാംക്ലാസ് വരെ പഠിപ്പിച്ചത് കന്തസ്വാമിയാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

മാത്യവും കുര്യനും ആവശ്യപ്പെട്ടതുപ്രകാരം എഗ്രിമെന്റില്‍ മാരിമുത്തു ഒപ്പിട്ടു. അന്ന് കുറച്ചു പണവും മാരിമുത്തുവിന് ജോസഫ് കുര്യനും കെ വി മാത്യുവും കൊടുത്തു. അതുവാങ്ങി, ഒപ്പിട്ടുകൊടുത്ത് പോയതിനുശേഷം പിന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊന്നും മാരിമുത്തുവിനറിയില്ല. പലതവണ കോടതിയില്‍ നിന്ന് നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും ഒന്നും മാരിമുത്തു കൈപ്പറ്റിയിട്ടില്ല. അന്നുണ്ടാക്കിയ കരാറിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ ഭൂമിക്കായി മാരിമുത്തുവിന് നല്‍കേണ്ട ബാക്കി പണം കോടതിയില്‍ മാത്യുകെട്ടിവച്ചു. ആധാരമുണ്ടാക്കുന്നതിനുള്ള ഉത്തരവ് കോടതിയില്‍ നിന്ന് നേടിയെടുത്തു.

നഞ്ചിയമ്മയ്ക്ക് ദേശീയ അവാര്‍ഡ് ലഭിക്കുന്നതിന് ഒരാഴ്ച മുമ്പാണ് ജോസഫ് കുര്യന്‍ നഞ്ചിയമ്മയുടെ ഭൂമിയില്‍ക്കയറി കാടുവെട്ടുന്നതിനായി ശ്രമിക്കുന്നത്. എന്നാല്‍ നഞ്ചിയമ്മയുടെ കുടുംബത്തിലെ സ്ത്രീകള്‍ അതിനെ ചെറുത്തു. അതിന്റെ വീഡിയോ എനിക്ക് അയച്ചുതന്നു. അതിലാണ് ഞാന്‍ ആദ്യമായി ജോസഫ് കുര്യനെ കാണുന്നത്. ദൃശ്യങ്ങള്‍ വ്യക്തമല്ല. ആദ്യംകിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാധ്യമം ഓണ്‍ലൈനില്‍ ജോസഫ് കുര്യന്‍ നഞ്ചിയമ്മയുടെ ഭൂമി കയ്യേറിയതായി വാര്‍ത്തകൊടുത്തിരുന്നു. ഓണ്‍ലൈന്‍ വാര്‍ത്തയെ തുടര്‍ന്ന് ജോസഫ് കുര്യന്‍ എന്നെ വിളിച്ചിരുന്നു. ഭൂമി അദ്ദേഹത്തിന്റെതാണെന്നും ആധാരമുണ്ടെന്നും പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കൈവശമുള്ള മലിനീകതരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും എനിക്ക് അയച്ചു തന്നു. എല്ലാകാര്യവും നിയമപരമായി ചെയ്യുന്ന ആളാണ് താന്‍ എന്ന് ബോധ്യപ്പെടുത്തതിനു വേണ്ടിയാവാം അങ്ങനെ ചെയ്തത്. അക്കാര്യവും വാര്‍ത്തയായി കൊടുത്തിരുന്നു. ജോസഫ് കുര്യന്റെ ഫോട്ടോ ഉള്‍പ്പെടെയാണ് ഓണ്‍ലൈനില്‍ വാര്‍ത്ത നല്‍കിയത്. വാര്‍ത്ത കണ്ട് അദ്ദേഹം വിളിച്ച് സംസാരിച്ചപ്പോള്‍ തന്നെ ഞാന്‍ നിലപാട് പറഞ്ഞിരുന്നു. ജോസഫ് കുര്യനെ വ്യക്തിപരമായി അറിയില്ല, വ്യക്തിപരമായ വിരോധവുമില്ല. ഫയലുകളില്‍ പേരുണ്ട്, അതുകൊണ്ടാണ് വാര്‍ത്ത കൊടുത്തത് എന്ന്.

ഭൂമി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചപ്പോഴാണ് ‘നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തത്’ എന്ന കവര്‍സ്റ്റോറി മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചത്. ആഴ്ചപ്പതിപ്പില്‍ ലേഖനം വന്നതോടെ ജോസഫ് കുര്യന്റെ സ്വരം മാറി. പിന്നീട് ഭീഷണിയായി. മാത്രമല്ല, പെട്രോള്‍ പമ്പിന് അനുമതി വാങ്ങുന്നതിനായി എല്ലാ സര്‍ട്ടിഫിക്കറ്റുകളും നേടിയെടുക്കുന്നതിനായി തന്റെ കയ്യില്‍ നിന്ന് ഒരുപാട് പണം ചെലവായിയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ജോസഫ് കുര്യന്‍ വക്കീല്‍ നോട്ടീസ് അയച്ചു. വക്കീല്‍ നോട്ടിസിന് വ്യക്തമായ മറുപടി നല്‍കി. ആഴ്ചപ്പതിപ്പിലെ ലേഖനത്തെ തുടര്‍ന്ന് കെ കെ രമ അട്ടപ്പാടിയിലെ ഭൂമി കയ്യേറ്റം നിയമസഭയില്‍ സബ്മിഷന്‍ ആയി അവതരിപ്പിച്ചു.

അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും റവന്യൂ വകുപ്പിനും ലഭിച്ച പരാതികളില്‍ അസി. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ റവന്യൂ വിജിലന്‍സ് അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. ഭൂമി കെ വി മാത്യുവിന് കൈമാറിയ എല്ലാ നടപടിക്രമങ്ങളും പുനഃപരിശോധിക്കണമെന്നാണ് റിപോര്‍ട്ടിലെ ആദ്യ ശുപാര്‍ശ. കൈമാറ്റം നിയമാനുസൃതമല്ലെങ്കില്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ കക്ഷി ചേര്‍ന്ന് ഈ കൈമാറ്റം റദ്ദു ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ പാലക്കാട് കലക്ടര്‍ മുഖേന സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കാമെന്നും ശുപാര്‍ശ ചെയ്തു.

റിപോട്ടില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങളെല്ലാം മാധ്യമം ആഴ്ചപതിപ്പിലെ കവര്‍ സ്റ്റോറിയെ സാധൂകരിക്കുകയായിരുന്നു. ലാന്റ് റവന്യൂ കമ്മീഷണര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപോര്‍ട്ട് കൈമാറി. തുടര്‍ന്ന് കലക്ടര്‍ ഈ ടി.എല്‍.എ കേസിലെ ഒറ്റപ്പാലം സബ് കലക്ടറുടെ ഉത്തരവ് റദ്ദാക്കി. വീണ്ടും ഹിയറിങ് നടത്താന്‍ ആവശ്യപ്പെട്ടു. ടി.എല്‍.എ കേസില്‍ നഞ്ചിയമ്മയുടെ കുടുംബവും കന്തസാമിയുടെ അവകാശികളും തമ്മിലാണ് ഇനി ഭൂമി തര്‍ക്കം. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ജോസഫ് കുര്യന്‍ പ്രശ്നം അതോടെ അവസാനിച്ചു എന്നാണ് ഞാന്‍ കരുതിയത്. അത് കഴിഞ്ഞ് ഏഴെട്ടുമാസം കഴിഞ്ഞു. ഇതിനിടയില്‍ അട്ടപ്പാടിയിലെ ഒരുപാട് ഭൂമി കയ്യേറ്റങ്ങള്‍, പോലിസ് ഇടപെടലുകള്‍ എല്ലാം നടന്നിട്ടുണ്ട്.

ഇത്തരം കയ്യേറ്റങ്ങള്‍ അവിടെ നിരന്തരം നടക്കുന്നുണ്ടോ?

ധാരാളം കൈയേറ്റങ്ങള്‍ ഇപ്പോഴും നടക്കുന്നുവെന്നതാണ് അട്ടപ്പാടിയുടെ പ്രത്യേകത. പലതും പുറത്തറിയാറില്ല. കുന്നുകളും മലകളും നിറഞ്ഞ ഭൂമി പ്രകൃതി കൈയേറ്റക്കാര്‍ക്ക് അനുഗ്രഹമാണ്. അതുപോലെ പലയിടത്തും സര്‍വേ ചെയ്യാത്ത ഭൂമിയുണ്ട്. 1986ന് മുമ്പുള്ള ആധാരം റെഡിയാക്കി നല്‍കാന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നു. അതിനൊരു ഉദാഹരണമാണ് ചീരക്കടവിലേത്. ചീരക്കടവില്‍ ആദിവാസികളുടെ ഭൂമി കോടതി ഉത്തരവുമായി പോലിസ് കാവലില്‍ കയ്യേറിയെന്ന് ഊരിലെ ഒരാള്‍ വിളിച്ചു പറഞ്ഞു. വിവരം അന്വേഷിച്ചപ്പോള്‍ ഡിവൈഎസ്പി കോടതി ഉത്തരവാണെന്ന് പറഞ്ഞു. ആദിവാസികള്‍ പറഞ്ഞത് ഉത്തരവില്‍ പറയുന്ന സര്‍വേ നമ്പറിലുള്ള ഭൂമിയല്ല കൈയേറിയതെന്നാണ്. ആദിവാസികളുടെ എതിര്‍പ്പ് ആരും പരിഗണിച്ചില്ല. ഉത്തരവ് വായിച്ചു മനസ്സിലാക്കാന്‍ ആദിവാസികള്‍ക്കും കഴിഞ്ഞില്ല.

വില്ലേജ് ഓഫിസറെ വിളിച്ചപ്പോള്‍ സര്‍വേ നമ്പരില്‍ തെറ്റുണ്ട് എന്ന് അദ്ദേഹം സമ്മതിച്ചു. (ഉദാ: 750/1 സര്‍വേ നമ്പറിലാണ് കോടതി ഉത്തരവ് എങ്കില്‍ 750 സര്‍വ്വേ നമ്പറിലെ ഭൂമിയാണ് കയ്യേറിയത്). വില്ലേജ് ഓഫിസര്‍ ഇത് ഉറപ്പിച്ചതോടെ ഡിവൈഎസ്പിയെ വിളിച്ചു. അദ്ദേഹം പറഞ്ഞത് കോടതി ഉത്തരവ് നടപ്പാക്കണം അല്ലെങ്കില്‍ കോടതി അലക്ഷ്യം ഉണ്ടാകും എന്നാണ്. സര്‍വ്വേ നമ്പറിലെ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ ഉത്തരവുമായി വന്നവര്‍ അത് ഹൈക്കോടതിയിലെ ക്ലാര്‍ക്കിന് സംഭവിച്ച കൈപ്പിഴയാണ്, അത് പിന്നീട് തിരുത്തിക്കിട്ടാവുന്നതേയുള്ളൂ, അതുകൊണ്ട് നടപടികള്‍ നിര്‍ത്തിവയ്ക്കേണ്ടതില്ല എന്ന മറുപടിയാണ് നല്‍കിയത്. അത് കോടതിയല്ലേ തിരുത്തേണ്ടത് എന്ന് ഞാന്‍ ഡിവൈഎസ്പിയോട് ചോദിച്ചു. അത് ശരിയാണെന്ന് അദ്ദേഹവും സമ്മതിച്ചു. പിന്നെ ആ ഭൂമി പിടിച്ചെടുക്കാന്‍ പോലിസ് ഇതുവരെ പോയിട്ടില്ല. പിന്നീട് കെ കെ രമ എംഎല്‍എ ചീരക്കടവ് സന്ദര്‍ശിച്ചപ്പോള്‍ ആ ഭൂമിയില്‍ ആദിവാസികള്‍ വെച്ച കുടിലിലാണ് കയറി ഇരുന്നത്. കേസ് അവസാനിച്ചിട്ടില്ല, നിലവില്‍ ആദിവാസികള്‍ ഭൂമി നഷ്ടപ്പെട്ടിട്ടില്ല.

മറ്റൊരു കയ്യേറ്റം നടന്നത് കടമ്പാറയിലാണ്. അവിടെ പോലിസ് ഇടപെടലോടെ ഭൂമി പിടിച്ചെടുക്കലുണ്ടാവുമെന്ന് തലേദിവസം തന്നെ ഞാനറിഞ്ഞു. ഡിവൈഎസ്പിയെ വിളിച്ചപ്പോള്‍ പറഞ്ഞു, കോടതി ഉത്തരവാണ്, ഒന്നും ചെയ്യാനാവില്ല എന്ന്. വില്ലേജ് ഓഫിസര്‍ വന്‍ പോലിസ് സന്നാഹത്തോടെ പോയി ഭൂമി പിടിച്ചെടുത്തു. ഹൈകോടതി ഉത്തരവില്‍ മൂന്നര ഏക്കറാണ് പിടിച്ചെടുക്കേണ്ടതായിട്ടുള്ളൂ. എന്നാല്‍, വില്ലേജ് ഓഫിസര്‍ പറയുന്നത് അടുത്ത രണ്ടേക്കറിലെ കൂടി വീടുകള്‍ പൊളിച്ചുമാറ്റണമെന്നാണ്. മൂന്നര ഏക്കറിനല്ലേ പിടിച്ചെടുക്കല്‍ ഉത്തരവുള്ളൂ, സമീപത്തെ രണ്ട് ഏക്കറിലെ വീടൊക്കെ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടത് എന്തിനാണ് എന്ന് വില്ലേജ് ഓഫിസറോടെ ചോദിച്ചു. അദ്ദേഹം പറയുന്നത് രണ്ട് ഏക്കറിനുകൂടി കോടതി ഉത്തരവ് ഉടന്‍ വരുമെന്നാണ്. താമസിക്കുന്ന സ്ഥലത്തുനിന്ന് കോടതി ഉത്തരവുവരും (വന്നിട്ടില്ല) എന്നു പറഞ്ഞ് കുടിയൊഴിപ്പിക്കുന്നതിന്റെ വിഡിയോ കിട്ടി- അതും വാര്‍ത്തയാക്കിയിരുന്നു.

ഏറ്റവുമൊടുവില്‍ വന്ന കേസ് അട്ടപ്പാടി വരഗംപാടിയിലെ ചന്ദ്രമോഹന്‍ എന്ന ആദിവാസിയുടേതാണ്. അത് വളരെ മുമ്പുതന്നെ ടിഎല്‍എ കേസിലുള്ള ഭൂമിയാണ്. അതിന്റെ രേഖകളൊന്നും ഞാന്‍ ശേഖരിച്ചിട്ടില്ല. ആകെ എനിക്ക് ലഭിച്ചത് മുഖ്യമന്ത്രിക്ക് ചന്ദ്രമോഹന്‍ അയച്ച പരാതിയുടെ പകര്‍പ്പാണ്. ആ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ മാത്രമാണ് വാര്‍ത്തയാക്കിയിട്ടുള്ളത്. അദ്ദേഹം താമസിക്കുന്ന വീടിന്റെ ഫോട്ടോയും വീഡിയോയും മറ്റും അയച്ചുതന്നു. ചന്ദ്രമോഹന്റെ കുടുംബത്തിന് 12 ഏക്കര്‍ ഭൂമി പാരമ്പര്യസ്വത്തായിട്ടുണ്ട്. അദ്ദേഹത്തിനും രണ്ട് സഹോദരിമാര്‍ക്കുമായി മൂന്ന് വീടും നിലവിലുണ്ട്. ഈ ഭൂമി ജോസഫ് കുര്യന്റേതാണെന്ന് അവകാശപ്പെട്ട് അദ്ദേഹം വീട്ടിലെത്തി. ചന്ദ്രമോഹന്റെ അച്ഛനെ ഭീഷണിപ്പെടുത്തി എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. പരാതിയില്‍ പറയുന്നു എന്ന രീതിയില്‍ മാത്രമാണ് വാര്‍ത്ത കൊടുത്തിട്ടുള്ളത്.

വാര്‍ത്തയ്ക്കെതിരേയല്ല പരാതി കൊടുത്തിരിക്കുന്നത്. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ്. അതിന്റെ പേരിലാണ് ജോസഫ് കുര്യന്‍ ഇപ്പോള്‍ അഗളി ഡിവൈഎസ്പിക്ക് പരാതി നല്‍കിയതെന്നാണ് അറിഞ്ഞത്. വാര്‍ത്ത എടുത്ത് ഫേസ് ബുക്കിലിടുന്ന പതിവും എനിക്കില്ല. ചിലപ്പോള്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ഇട്ടുകൊടുക്കും. എഫ് ബിയിലിട്ടത് സുകുമാരേട്ടനാണ്. സുകുമാരേട്ടന്‍ 2000മുതല്‍ വളരെ സജീവമായി അട്ടപ്പാടി ആദിവാസി ഭൂപ്രശ്നങ്ങളില്‍ ഇടപെടുന്ന ആളാണ്.

മറ്റ് ട്രൈബല്‍ മേഖലകളില്‍നിന്ന് അട്ടപ്പാടി വേറിട്ടു നില്‍ക്കുന്നതെങ്ങനെയാണ്?

മറ്റ് കുടിയേറ്റ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി അട്ടപ്പാടിയിലെ കുടിയേറ്റക്കാരെല്ലാം ഒറ്റക്കെട്ടാണ്. അത് അഞ്ച് സെന്റുള്ളവനും അമ്പതേക്കറുള്ളവനും ആദിവാസികളോട് ഒരേ മനോഭാവമാണ്. അവരുടെയെല്ലാം പൊതു ശത്രു ആദിവാസിയാണ്. മറ്റൊന്ന് അട്ടപ്പാടിയില്‍ മനുഷ്യാവകാശപ്രവര്‍ത്തകരില്ലെന്നതാണ്. മറ്റ് പ്രദേശങ്ങളില്‍ എന്‍ജിഒകള്‍ മനുഷ്യാവകാശപ്രവര്‍ത്തനത്തിന്റെ റോള്‍ നിര്‍വഹിക്കുന്നുണ്ട്.

അഹാഡ്‌സിലുണ്ടായിരുന്ന കാളിയമ്മ (തായ്കുലം) ഒരിക്കല്‍ പറഞ്ഞത് അട്ടപ്പാടിയിലെ എന്‍ജിഒകളെല്ലാം ആദിവാസികള്‍ക്കെതിരാണ് എന്നാണ്. ആദിവാസിക്കുവേണ്ടി ഗുണകരമായ ഒന്നും എന്‍ജിഒകള്‍ ചെയ്യുന്നില്ല. അതുപോലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ആദിവാസികള്‍ക്ക് എതിരാണ്. അട്ടപ്പാടിയിലേക്ക് വരുന്ന ഉദ്യോഗസ്ഥര്‍ നന്നായി കൈക്കൂലിവാങ്ങി കാശുണ്ടാക്കി വേഗംസ്ഥലംമാറ്റവും വാങ്ങി പോവുന്നവരാണ്. കൈക്കൂലി കൊടുക്കാന്‍ ആദിവാസികളുടെ കൈയില്‍ പണമില്ലല്ലോ. ഈ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി കൊടുക്കാന്‍ ആരാണുള്ളത്? അതുപോലെ വളരെ മിടുക്കരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരൊന്നും അട്ടപ്പാടിയില്‍ നിയമിക്കപ്പെടുന്നില്ല. റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്ന് വളരെ ശാസ്ത്രീയമായൊരു അന്വേഷണം അട്ടപ്പാടിയില്‍ എണ്‍പതുകള്‍ക്കുശേഷം നടന്നിട്ടേയില്ല. അട്ടപ്പാടിക്ക് അത് അനിവാര്യമാണ്. മൂലഗംഗല്‍ പ്രദേശത്തൊക്കെ സര്‍വേചെയ്യാത്ത ഭൂമിയാണുണ്ടായിരുന്നത്. അവിടേക്ക് റോഡും ബസും അനുവദിച്ചത് എ.കെ ബാലന്‍ മന്ത്രിയായരുന്നപ്പോഴാണ്. ബാലന്‍ അത് വികസനമായിട്ടാണ് കണ്ടത്. അദ്ദേഹം തിരുവോണമുണ്ടത് മുലഗംഗല്‍ ആദിവാസി ഊരിലാണ്. എന്നാല്‍, ഈ പ്രദേശത്തെ ഭൂമി മുഴുവന്‍ ഇപ്പോള്‍ മറിച്ച് വില്‍ക്കുകയാണ്. ഈ ഭൂമി എങ്ങനെ ഇപ്പോള്‍ മറിച്ചുവില്‍ക്കുന്നവരിലേക്ക് എത്തി എന്നതിന് ഒരന്വേഷണം നടത്തണം. ഇനിയും അന്വേഷണം നടത്തിയില്ലെങ്കില്‍ ആ ഭൂമി മുഴുവനും ആദിവാസികള്‍ക്ക് നഷ്ടപ്പെടും. എല്ലാസ്ഥലത്തും റോഡ് വെട്ടുകയാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. റോഡ് ഉള്ളിടങ്ങളിലെല്ലാം കമ്പിവേലിയും വന്നിട്ടുണ്ട്. കമ്പിവേലി കുടിയേറ്റത്തിന്റെ ലക്ഷണമാണ്.

കേരളത്തില്‍ ആദിവാസി മേഖല അഞ്ചാം പട്ടിക പ്രദേശം (ഫിഫ്ത് ഷെഡ്യൂള്‍) ഉള്‍പ്പെടുത്താനുള്ള തടസമെന്താണ്? അതോടെ പലപ്രശ്നങ്ങളും പരിഹരിക്കപ്പെടില്ലേ?

അഞ്ചാം പട്ടിക പ്രദേശം(പെസ നിയമം-ദി പ്രൊവിഷന്‍സ് ഓഫ് ദി പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍സ് ടു ദി ഷെഡ്യൂള്‍ഡ് ഏരിയാസ് ആക്ട്) കേരളത്തില്‍ ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല. പ്രസിഡന്റിന്റെ അനുമതി കിട്ടേണ്ടതുണ്ട്. 2001ലെ കുടില്‍കെട്ടി സമരത്തെ തുടര്‍ന്നാണ് 1996 ഡിസംബര്‍ 24ന് പാര്‍ലമന്റെ് പാസാക്കിയ നിയമത്തെക്കുറിച്ച് കേരളം അറിയുന്നത്. ഇക്കാര്യം അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്കു മുമ്പില്‍ അവതരിപ്പിച്ചു. നിയമം നടപ്പാക്കിയെങ്കില്‍ മാത്രമേ ആദിവാസികള്‍ക്കെതിരേയുള്ള ചൂഷണം പൂര്‍ണമായും ഇല്ലാതാക്കാന്‍കഴിയൂവെന്ന് ആന്റണിയെ ബോധ്യപ്പെടുത്തി. പെസ നിയമത്തിന്റെ പരിധിയില്‍കേരളത്തെ കൊണ്ടുവരുന്നത് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ആന്‍ണി സര്‍ക്കാര്‍ തീരുമാനിച്ചു. പിന്നെയെല്ലാം അട്ടിമറിക്കപ്പെട്ടു. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ നില്‍പ്പുസമരത്തെ തുടര്‍ന്നാണ് വീണ്ടും ഫയല്‍ നീക്കം തുടങ്ങിയത്.

പട്ടികവര്‍ഗക്കാര്‍ക്കെതിരേയുള്ള ചൂഷണം തടയുന്നതിനും അവരുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പാക്കുന്നതിനും പട്ടികവര്‍ സമൂഹത്തെ ശാക്തീകരിക്കുന്നതിനും സമഗ്രവികസനം നടപ്പിലാക്കുന്നതിനുംവേണ്ടിയുള്ളതാണ് ഈ നിയമം. ഉമ്മന്‍ചാണ്ടി അതിനുവേണ്ട ഫയലുകള്‍ ത്യാറാക്കി കേന്ദ്ര ട്രൈബല്‍ മന്ത്രാലയത്തിന് അയച്ചുകൊടുത്തു. അവര്‍ ചെറിയ ചില സംശയങ്ങള്‍ കേരളത്തോട് എഴുതി ചോദിച്ചിരുന്നു. പഞ്ചായത്ത്, ഊര് തുടങ്ങിയവ സംബന്ധിച്ച്. ഉദാഹരണത്തിന് കോട്ടത്തറ വയനാട്ടിലും അട്ടപ്പാടിയിലുമുണ്ട്. ഇത്തരം ചില സംശയങ്ങള്‍കൂടി നിവര്‍ത്തിക്കുകയേ വേണ്ടു. ഈ ഫയല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി അനക്കിയിട്ടില്ല. പട്ടികവര്‍ഗ മന്ത്രിക്കോ ഡയറക്ടര്‍ക്കോ പ്രധാന ഉദ്യോഗസ്ഥര്‍ക്കോ ഇതെന്താണെന്ന് ഇപ്പോഴും അറിയില്ല. രണ്ട് മന്ത്രിമാരും രണ്ട് എംഎല്‍എമാരുമുണ്ടെങ്കിലും അവര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ല. ഇത് അംഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ 99ലെ നിയമംപോലും റദ്ദ്ചെയ്യപ്പെടുമായിരുന്നു. കേരളത്തിലെ മുഴുവന്‍ ആദിവാസികള്‍ക്കും ഗുണംചെയ്യുന്ന ഒന്നാണ്. ആദിവാസി ഗ്രാമപ്പഞ്ചായത്ത് നിലവില്‍ വരും. അവരുടെ ഫണ്ട് അവര്‍ക്കുമാത്രം വേണ്ടി ചെലവഴിക്കപ്പെടും. വനവിഭവങ്ങളുടെ ഉടമസ്ഥാവകാശം അവര്‍ക്ക് ലഭിക്കും. അങ്ങനെ അവര്‍ ഇന്നത്തെ കൊടിയ ദാരിദ്ര്യത്തില്‍ നിന്നും സമ്പന്നതയിലേക്കും എല്ലാതലത്തിലുള്ള വികാസത്തിലേക്കും എത്തുമായിരുന്നു. രാജ്യത്തെ പല ആദിവാസിവിഭാഗങ്ങളും സമ്പന്നരായതിനു പിന്നില്‍ ഈ നിയമത്തിന്റെ പിന്‍ബലമുണ്ട്. വനസംരക്ഷച്ചുമതല ആദിവാസികളെ ഏല്‍പ്പിച്ചാല്‍ വനവും വലിയൊരളവുവരെ സംരക്ഷിക്കപ്പെടും. ഫിഫ്ത് ഷെഡ്യൂളിനായുള്ള ആവശ്യം നിയമസഭയില്‍ ഉന്നയിക്കപ്പെടേണ്ടതുണ്ട്. പ്രസിഡന്റാണ് ഫിഫ്ത് ഷെഡ്യൂള്‍ ഏരിയ പ്രഖ്യാപിക്കുന്നത്. അതോടെ പഞ്ചായത്തീരാജ് അധികാരവും ആദിവാസികളില്‍ നിക്ഷിപ്തമാവും. ഇത് വലിയ മാറ്റങ്ങള്‍ ആദിവാസിജീവിതത്തിലുണ്ടാക്കും. നിയമമനുസരിച്ച് ഷെഡ്യൂള്‍ഡ് ഏരിയാസ് എന്ന് പേരിട്ട് നിര്‍ണയിച്ചിട്ടുള്ള പട്ടികവര്‍ഗസങ്കേതങ്ങള്‍, ഊരുകള്‍, എന്നിവയാണ് ഈ നിയമത്തിന്റെ പരിധിയില്‍വരുന്നത്.

പെസ നിയമം നടപ്പാക്കുന്ന പഞ്ചായത്തുകളിലെ ചെയര്‍പേഴ്‌സണ്‍സ്ഥാനം ആദിവാസികള്‍ക്ക് സംവരണംചെയ്യണം. ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും പ്രാതിനിധ്യം ലഭിക്കാത്ത വിഭാഗങ്ങളെ സംസ്ഥാന സര്‍ക്കാരിന് നോമിനേറ്റ് ചെയ്യാന്‍സര്‍ക്കാരിന് അവകാശമുണ്ടായിരിക്കും. ഊരുകളില്‍ചെറുകിട ജലപദ്ധതികള്‍ആസൂത്രണംചെയ്യുമ്പോഴും നടപ്പിലാക്കുമ്പോഴും പഞ്ചായത്ത് സാധ്യമായ തലത്തില്‍ഉത്തരവാദിത്വം ഏല്‍പ്പിക്കണം. ഖനനങ്ങള്‍ക്കും പ്രകൃതി വിഭവങ്ങള്‍ക്കും ഉപയോഗത്തിനും ലൈസന്‍സിനുമുള്ള ലേലത്തില്‍നല്‍കുമ്പോഴും ഗ്രാമസഭയുടെയും ര്കമ3 ഞ്ചായത്തിന്റെയും ശുപാര്‍ശ ഉണ്ടായിരിക്കണം. ആദിവാസികള്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് ഏറെ അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്ന നിയമം നടപ്പാക്കാന്‍ ഇടതു സര്‍ക്കാരിന് താല്‍പര്യമില്ലെന്നാണ് പട്ടികവര്‍ഗ വകുപ്പിലെ ഫയലുകള്‍ വ്യക്തമാക്കുന്നത്.

കാറ്റാടി പ്രോജക്ടിന്റെ ലാഭം തദ്ദേശവാസികളുടെ എക്കൗണ്ടിലേക്ക് അടയ്ക്കും എന്നായിരുന്നല്ലോ പദ്ധതി തുടങ്ങുമ്പോള്‍ എ കെ ബാലന്‍ പറഞ്ഞിരുന്നത്. എന്താണ് അതിന്റെ അവസ്ഥ?

അട്ടപ്പാടിയിലെ ആദിവാസികളുടെ പരാജയപ്പെട്ട സമരങ്ങലിലൊന്നാണ് കാറ്റാടി. ഈ വിഷയത്തില്‍ വില്ലേജ് ഓഫിസര്‍ മുതല്‍ ചീഫ് സെക്രട്ടറിവരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എല്ലാം റിപോകര്‍ട്ടുകളും ആദിവാസികള്‍ക്ക് അനുകൂലമായിരുന്നു. സുസ്‌ലോണ്‍ കമ്പനി കോടതിയിലേക്ക് പോയി. വ്യവഹാരത്തില്‍ ആദിവാസികള്‍ക്ക് വിജയിക്കാന്‍ കഴിയില്ല. വ്യവഹാരത്തിേെന്റത് മറ്റൊരു ലോകമാണ്. സുസ് ലോമ്് കമ്പനി ഭീമ ജ്വലറി, പോപ്പിക്കുട തുടങ്ങി നിരവധി പേര്‍ക്ക് കാറ്റാടി കൈമാറി. അതായത് മൂന്നരഏക്കറും ഒരു കാറ്റാടിയും എന്ന കണക്കില്‍ കേരളത്തിലെ പ്രധാന വ്യവസായികള്‍ക്കാകെ കൈമാറിക്കഴിഞ്ഞിരിക്കുന്നു.

വൈദ്യുതി ബോര്‍ഡ് പണം നല്‍കുന്നത് ഈ മുതലാളിമാര്‍ക്കാണ്. സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ട് നടപ്പാക്കിയിട്ടില്ല. അതിനു ശേഷം നടപടികളൊന്നുമുണ്ടായിട്ടില്ല. കോടതിയില്‍ സുകുമാരേട്ടന്‍ നല്‍കിയൊരു കേസുണ്ട്. പക്ഷേ, അതില്‍ മുതലാളിമാരായ ഉടമകള്‍ വിജയിക്കാനാണ് സാധ്യത. അതിനായുള്ള ഡോക്യുമെന്റുകള്‍ റവന്യൂവകുപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ അവസാനം കണ്ടൊരു ഫയലില്‍ എഴുതിയിരിക്കുന്നത് പഴയ പലരേഖകളും ചിതലുപിടിച്ച് വായിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത് എന്നാണ്. അതുകൊണ്ട് ഉടമസ്ഥത സംബന്ധിച്ച് വ്യക്തമല്ല എന്നൊക്കെയാണ്. സുകുമാരേട്ടന്‍ തന്റെ കയ്യിലുള്ള ഡോക്യുമെന്റ് അനുസരിച്ച് കേസ് വിജയിക്കുമെന്ന് കരുതുന്നുണ്ട്.

1960കള്‍ മുതല്‍ അന്യാധീനപ്പെട്ട് ആദിവാസി ഭൂമി തിരിച്ചുപിടിക്കാനാണ് 1975ലെ നിയമം പാസാക്കിയത്. 1987ലാണ് ടിഎല്‍എ കേസ് എടുക്കുന്നത്. 2023 ആവുമ്പോഴേക്കും ഏതാണ്ട് നാല് തലമുറയായി കേസ് നടത്തുന്നരാണ് അട്ടപ്പാടിയിലെ ആദിവാസികള്‍. 1975ല നിയമ പ്രകാരം ഉത്തരവിട്ട് ഭൂമികള്‍ 1999 നിയമം പാസാക്കിയതോടെ വീണ്ടും വിചാരണ തുടങ്ങി. പുതുതലമുറയ്ക്ക് അന്യാധീനപ്പെട്ട ഭൂമി എവിടെയാണെന്നു പോലും അറിയാത്ത അവസ്ഥ. കാരണം നാല് തലമുറ കഴിഞ്ഞിരിക്കുന്നു. ഞാനിനി റിപോര്‍ട്ട് ചെയ്യാന്‍ പോവുന്ന രാമരാജ് എന്നൊരാളുടെ കേസുണ്ട്. സുപ്രിംകോടതി വിധിയുള്ള കേസാണ്. ഭൂമി തിരിച്ചു പിടിച്ചു നല്‍കിയിട്ടില്ല. നാല് തലമുറ മുമ്പ് ഭൂമി അന്യാധീനപ്പെട്ട ആദിവാസി കുടുംബങ്ങള്‍ ഇന്ന് അഗളിയില്‍ അലഞ്ഞുനടക്കുന്നുണ്ട്. ഒരു ചായപോലും കുടിക്കാന്‍ കാശില്ലാതെ. അവര്‍ക്ക് ഭൂതകാലത്തെക്കുറിച്ച് ഒന്നും ഓര്‍മകാണില്ല. അതാണ് കേരളത്തിന് വേണ്ടതും. ആദിവാസികള്‍ ഒരിക്കലും സ്വന്തം ഭൂമിക്ക് വേണ്ടി വാദിക്കില്ല. വ്യവഹാരം അവര്‍ക്ക് സാധ്യമല്ല. നഞ്ചിയമ്മയുടെ കേസില്‍ അവര്‍ക്കൊന്നും പറയാന്‍ കഴിയില്ലായിരുന്നു.

സുകുമാരേട്ടന്‍ ഇല്ലെങ്കില്‍ നഞ്ചിയമ്മയുടെ ഭൂമി ഒരിക്കലും ഈ രീതിയില്‍ ചര്‍ച്ചപോലുമാവില്ല. കാരണം നമുക്ക് പത്രപ്രവര്‍ത്തകനെന്ന നിലയില്‍ കോടതിയില്‍ മൊഴിനല്‍കാന്‍ കഴിയില്ലല്ലോ. അതുകൊണ്ടുതന്നെയാണ് സുകുമാരേട്ടന്റെ പേരില്‍ കേസുകള്‍ വരുന്നതും. അദ്ദേഹം ഇക്കാര്യത്തില്‍ അട്ടപ്പാടിയിലെ സര്‍വേനമ്പറുകളുടെ കാര്യത്തിലും രേഖകളുടെ കാര്യത്തിലും സര്‍വവിജ്ഞാനകോശംപോലെ നില്‍ക്കുകയാണ്. അദ്ദേഹം ജനിച്ചത് അവിടെത്തന്നെയായതുകൊണ്ട് അട്ടപ്പാടിയുടെ ഭൂമിശാസ്ത്രവും നന്നായറിയാം. ആദിവാസി കുടുംബങ്ങളെ നേരിട്ടറിയാം.

സര്‍ക്കാര്‍ ഇടപെടലിന് സാധ്യതകളില്ലേ? ആദിവാസി ഭൂമിയുടെ ആധാരം അവര്‍ക്ക് കൈമാറുന്നതോടെ പ്രശ്നപരിഹാരമാവുമോ?

നിയമസഭയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കാവുന്നതാണ്. അതൊരുവലിയ സാധ്യതയാണ്. ആദിവാസികള്‍ക്ക് സെറ്റില്‍മെന്റ് രേഖകള്‍ കൊടുക്കാന്‍ ആവശ്യപ്പെടാം. ആദിവാസികളുടെ ഒരു പ്രശ്നം ഇവര്‍ ഒരിക്കലും വില്ലേജ് ഒഫിസില്‍ പോയി നികുതി അടയ്ക്കാറില്ല എന്നതാണ്. ഭൂമി പിതാമഹന്റെ പേരിലുള്ളത് അങ്ങനെ കിടക്കും. ഭൂമി ആരും തട്ടിയെടുക്കുമെന്ന സ്വപ്‌നത്തില്‍ പോലും അവര്‍ വിചാരിക്കില്ല. ആദിവാസികള്‍ തമ്മില്‍ ഭൂമി തര്‍ക്കവും കാണാനില്ല. അവരറിയാതെ ഭൂമി കൈമാറുന്നതിനും വ്യജപ്രമാണമുണ്ടാക്കുന്നതിനും അട്ടപ്പാടിയില്‍ ഏറെ അവസരമുണ്ട്. ട്രൈബല്‍ ആധാരങ്ങളെല്ലാം സര്‍ക്കാരിന് ഒരേ സ്വഭാവത്തിലാക്കാവുന്നതാണ്.

പിന്നെ വ്യക്തികള്‍ക്ക് കൊടുത്താല്‍ വില്‍ക്കുമെന്നു പറയുന്നത് ശരിയല്ല. കാരണം 1986നു ശേഷം ആദിവാസി ഭൂമി വില്‍ക്കാന്‍ കഴിയില്ല എന്ന നിയമം നിലവിലുണ്ട്. അത് പാലിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്. അതുകൊണ്ട് സെറ്റില്‍മെന്റ് രേഖകള്‍ പ്രകാരം ആദിവാസികള്‍ക്ക് ആധാരം നല്‍കുക എന്നതാണ് സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത്. മറ്റൊരു കാര്യം കേരളമാകെ നടക്കുന്ന ഡിജിറ്റല്‍ സര്‍വേയില്‍ നിന്ന് അട്ടപ്പാടി മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. ആദിവാസികള്‍ക്ക് ഇക്കാര്യത്തിലുള്ള ഭയം തങ്ങളുടെ ഭൂമിയൊക്കെ സര്‍വേ ചെയ്ത് മറ്റുള്ളവരുടെ പേരിലാക്കി മാറ്റുമോ എന്നതാണ്. കാരണം നികുതിച്ചീട്ടുപോലും കയ്യിലില്ലാത്തവരാണവര്‍. കുടിയേറ്റക്കാരും ഉദ്യോഗസ്ഥരും അങ്ങനെ ചെയ്യില്ലെന്ന് വിശ്വസിക്കാനുമാവില്ല. ആദിവാസി ഭൂമി അളന്ന് തിട്ടപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്.

താങ്കള്‍ എങ്ങനെയാണ് കേരളത്തിലെ ആദിവാസി ഭൂപ്രശ്നത്തെക്കുറിച്ച് പഠിക്കാനും ഇടപെടാനും തുടങ്ങുന്നത്?

എം ഗീതാനന്ദന്റെയും സി കെ ജാനുവിന്റേയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് 2001ല്‍ നടന്ന കുടില്‍കെട്ടി സമരത്തോടെയാണ് ആദിവാസി പ്രശ്നങ്ങളെക്കുറിച്ചറിയാന്‍ തുടങ്ങുന്നത്. ആ സമരവും സാധാരണ ഒരു സമരം പോലെയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പക്ഷേ, അത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. തിരുവോണത്തിന് മലബാര്‍ എക്‌സ്പ്രസില്‍ 150 ഓളം ആദിവാസികള്‍ തിരുവനന്തപുരത്ത് ഇറങ്ങിയപ്പോള്‍ മുതല്‍ മാധ്യമങ്ങള്‍ അവരെ വളഞ്ഞു. തുടര്‍ന്ന് 48 ദിവസം നീണ്ട സമരം എനിക്കും പുതിയ അനുഭവങ്ങള്‍ നല്‍കി. അതുവരെ കേരളത്തിലെ ആദിവാസികളെക്കുറിച്ചുള്ള കേട്ടറിവുകളെ ഉണ്ടായിരുന്നുള്ളു. അതിനപ്പുറത്തേക്ക് സമരം സഞ്ചരിച്ചു. ഇക്കാലത്ത് കെ വേണു അടക്കം പഴയ സിപിഐ (എം എല്‍) നേതാക്കളില്‍ പലരും തിരുവനന്തപുരത്ത് എത്തിയിരുന്നുവെങ്കിലും ജനസംഖ്യയില്‍ ഒന്നര ശതമാനം വരുന്ന ആദിവാസികളുടെ ജനാധിപത്യ അവകാശത്തെ പ്രധാന പ്രശ്‌നമായി കാണാന്‍ അവരില്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല.

ആദിവാസി സമരത്തിന് ശേഷമാണ് മുരളി കണ്ണമ്പള്ളിയുടെ (അജിത് എന്ന പേരില്‍) ഭൂമി, ജാതി, ബന്ധനം എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഭൂപരിഷകരണ നിയമം നടപ്പാക്കിയതില്‍ കീഴാളര്‍ക്ക് ഭൂമി ലഭിക്കാതെ പോയതിന്റെ കാരണമാണ് പുസ്തകം പ്രധാനമായും അന്വേഷിച്ചത്. അക്കാലത്ത് അത് മികച്ച പഠനമായി. കെപിഎംഎസിന്റെ പ്രസിദ്ധീകരണത്തില്‍ ജോലിചെയ്യുമ്പോള്‍ ഭൂപ്രശ്നം ചര്‍ച്ചയാക്കി. അത് ഭൂമി ജാതി ബന്ധനം പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ച ചെയ്തത്. അക്കാലത്താണ് കെപിഎംഎസ് രണ്ടാം ഭൂപരിഷ്‌കരണമെന്ന മുദ്രാവാക്യം ഉന്നയിക്കുന്നത്.

പിന്നീട് തേജസില്‍ ജോലിചെയ്യുമ്പോള്‍ പട്ടികജാതി/ വര്‍ഗ വാര്‍ത്തകളൊക്കെ ചെയ്യാന്‍ തുടങ്ങിയതോടെ ഈ വിഷയം പഠിക്കാനും തുടങ്ങി. സെക്രട്ടേറിയറ്റില്‍ നിന്ന് അട്ടപ്പാടി സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ടൊക്കെ (കാറ്റാടി കൈയേറ്റം) പുറത്തുകൊണ്ടുവരുന്നത് ഞാനാണ്. എന്നാല്‍ തേജസ് ആയതിന്റെ പരിമിതികള്‍ അന്ന് ഉണ്ടായിരുന്നു. മാധ്യമം പത്രത്തിലായപ്പോള്‍ സെക്രട്ടേറിയറ്റിലേക്കുള്ള കവാടം കൂടുതല്‍ തുറന്ന് കിട്ടി. ആദിവാസി ഭൂപ്രശ്നങ്ങള്‍ കൂടുതല്‍പഠിക്കാന്‍ അവസരം ലഭിച്ചു. രണ്ടുമൂന്ന് റിപോര്‍ട്ടുകള്‍ മാധ്യമത്തില്‍ വന്നതോടെ അണ്ടര്‍ സെക്രട്ടറി നേരിട്ട് കാണമമെന്ന് അറിയച്ചു. ഞാനദ്ദേഹത്തെ കാബിനില്‍ ചെന്ന് കണ്ടു. ചെന്നപ്പോള്‍ എന്റെ ഫോണൊക്കെ വാങ്ങി മേശയില്‍വച്ച് എന്നോട് സംസാരിച്ചു.

ചില കരിങ്കല്‍ ക്വാറികളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചത്. ചില ഫയല്‍ നമ്പരുകള്‍ തരും. നിങ്ങള്‍ വിവരാവകാശം വച്ച് എടുത്തോളൂ എന്ന്. അന്ന് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റാണ്. അദ്ദേഹം എന്നെ വിളിപ്പിച്ചത് ഭൂനിയമങ്ങളുടെ ചില ചട്ടങ്ങള്‍ പറഞ്ഞുതരാനാണ്. ഉത്തരവുകള്‍ ഇറങ്ങുമ്പോള്‍ ഒരു കോപ്പി എത്തിക്കുന്നതിനുള്ള സംവിധാനം ഉണ്ടായി. അതിനാല്‍ മാതൃഭൂമിയിലും മനോരമയിലും വരാത്ത പല വാര്‍ത്തകളും മാധ്യമത്തില്‍ വന്നിരുന്നു. ഈ ബന്ധം പിന്നീട് ഞാന്‍ ഹാരിസണ്‍ന്റെ സ്റ്റോറി എഴുതുന്ന സമയത്ത് സഹായകമായി. റവന്യൂ സെക്രട്ടറിക്ക് ഞാന്‍ ഒരു കത്തുകൊടുത്തു. ഹാരിസണുമായി ബന്ധപ്പെട്ട ആദ്യ ഫയല്‍ മുതല്‍ എല്ലാം പരിശോധിക്കാനായി അനുമതി വേണം. പുസ്തകം തയ്യാറാക്കാനാണെന്ന് പറഞ്ഞു. ഫയല്‍ വായിക്കുന്നതിന് സൗകര്യം അനുവദിച്ചുതന്നു. സാധാരണ വിവരാവകാശം ഫീസടച്ച് അപേക്ഷകൊടുത്താല്‍ മാത്രം കിട്ടുന്ന സൗകര്യമാണ് എനിക്ക് സൗജന്യമായി അനുവദിച്ചുകിട്ടിയത്. ഈ രീതിയില്‍ പല ഓഫിസുകളിലും മന്ത്രിമാരുടെ ഓഫിസുകളിലടക്കം ബന്ധമുള്ളവരൊക്കെ സഹായിച്ചിട്ടുണ്ട്. അത്തരം ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നതാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്.

സുശീലഭട്ടുമായുള്ള ബന്ധം, എങ്ങനെയാണ് താങ്കള്‍ക്ക് സഹായകരമാവുന്നത്?

വി എസ് അച്യുതാനന്ദന്‍ മുഖമന്ത്രിയായപ്പോള്‍ സുശീല ആര്‍ ഭട്ടിനെ ഗവ. പ്ലീഡര്‍ സ്ഥാനത്തുനിന്ന് പുറത്താക്കി. സര്‍ക്കാര്‍ മാറുമ്പോള്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചവരെയെല്ലാം മാറ്റുന്ന രീതി കേരളത്തലുണ്ട്. തന്റെ കാര്യത്തില്‍ വി.എസും ഇടതുപക്ഷവും ഒഴിവാക്കില്ലെന്നായിരുന്നു ഭട്ട് വിചാരിച്ചത്. കാരണം ഹാരിസണ്‍സ് കേസില്‍ തുടര്‍ വിചാരണക്ക് ഭട്ടിനെ ആവശ്യമുണ്ടായിരുന്നു. ആ സമയത്ത് മാധ്യമം ആഴ്ചപ്പതിപ്പിനുവേണ്ടി അവരെ അഭിമുഖം ചെയ്യാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ആദ്യമായി കൊച്ചിയില്‍ അവരുടെ വീട്ടില്‍ പോയി കാണുന്നത്. അന്ന് ഞാന്‍ ഹാരിസണ്‍സ് ഭൂമി വിഷയം പഠിച്ചിട്ടില്ല. ഭട്ടുമായി സംസാരിപ്പോഴാണ് വിഷയത്തിന്റെ ആഴം ബോധ്യമായത്. കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്, ഫയലുകളൊക്കെ തരാം എന്നവര്‍ പറഞ്ഞു. പിന്നീട് ഞാന്‍ കൂടുതല്‍ ഈ വിഷയത്തില്‍ സ്റ്റോറി ചെയ്തു തുടങ്ങിയപ്പോള്‍ അവരെ നിരന്തരം വിളിക്കാന്‍ തുടങ്ങി. പാവപ്പെട്ടവരായ ഭൂരഹിതര്‍ക്കുവേണ്ടിയാണ് അവര്‍ നിലകൊണ്ടത്. എന്നാല്‍, റവന്യൂ മന്ത്രി അവരെ തിരിച്ചുവിളിച്ചില്ല. സിപിഐ നേതാവായിരുന്ന മീനാക്ഷി തമ്പാന്റെ മകനെയാണ് ആ സ്ഥാനത്ത് ഇരുത്തയത്. പിന്നീട് കേരളം കണ്ടത് ഹാരിസണ്‍സ് കേസുകളില്‍ സര്‍ക്കാര്‍ തോറ്റു കൊടുക്കുന്നതാണ്. അട്ടപ്പാടിയിലെ രാംരാജിന്റെ കേസിലെ സത്യവാങ്മൂലം ഭട്ടാണ് തയാറാക്കിയത്. അന്യാധീനപ്പെട്ട ആദിവാസി ഭൂമി കേസില്‍ എങ്ങനെ സത്യവാങ് മൂലം തയ്യാറാക്കാമെന്നതിന് മാതൃകയാണത്. ഏറ്റെടുക്കുന്ന കേസുകളില്‍ ആത്മാര്‍ഥത പുലര്‍ത്തുകയും ദരിദ്രരുടെ പക്ഷത്ത് നിലകൊള്ളുകയും ചെയുവെന്നതാണ് അവരുടെ പ്രത്യേകത. ഇക്കാര്യത്തില്‍ സര്‍ക്കാരിലെ ഒരു സംഘം ഉദ്യോഗസ്ഥരും ഭട്ടിനെ സഹായിച്ചിരുന്നു. സുശീല ഭട്ടിനെ കണ്ടതാണ് ‘ഹാരിസണ്‍സ് രേഖയില്ലാത്ത ജന്മി’ എന്ന പുസ്തകം എഴുതുന്നതിലേക്ക് നയിച്ചത്.

കൊളോണിയല്‍ അടിമത്തം അവസാനിപ്പിച്ച് വിദേശത്തോട്ടം ഭൂമി ഏറ്റെടുക്കുക എന്ന അമ്പതുകളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെമുദ്രാവാക്യമാണ് നിവേദിത പി ഹരനും സുശീല ആര്‍ ഭട്ടും എം ജി രാജമാണിക്യവും റിപോര്‍ട്ടുകളിലൂടെ കോടതി വ്യവഹാരത്തിലൂടെ വീണ്ടെടുത്തത്. ഇത് ചരിത്രപരമായി അടയാളപ്പെടുത്തുകയായിരുന്നു ഹാരിസണ്‍ രേഖയില്ലാത്ത ഭൂമി എന്ന പുസ്തകം. ഭൂപരിഷ്‌കരണത്തെക്കുറിച്ച് പുസ്തകം എഴുതുകയും പഠനങ്ങള്‍ നടത്തുകയും ചെയ്ത ഡോ. ടി എം തോമസ് ഐസക് അടക്കമുള്ള ഇടതു ബുദ്ധിജീവികള്‍ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. തോമസിന് നേരിട്ട് പുസ്തകം നല്‍കി. ആസൂത്രണ ബോര്‍ഡ് അംഗം ഡോ. രവിരാമന്‍ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം പുസ്തകമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഈ പുസ്തകത്തിലെ അഭിപ്രായങ്ങള്‍ കൂടി സ്വീകരിച്ചിട്ടുണ്ട്.

പഠനവിഷയവും പിഎച്ച്ഡി തിസിസും പത്രപ്രവര്‍ത്തനത്തില്‍ തന്നെയായിരുന്നുവോ?

മാധ്യമപ്രവര്‍ത്തനവുമായി എനിക്ക് കാര്യമായ ബന്ധവുണ്ടായിരുന്നില്ല. എംഎക്ക് പഠിപ്പിച്ച അധ്യാപകരാണ് പിഎച്ച്ഡിക്ക് പോകാന്‍ നിര്‍ബന്ധിച്ചത്. ഗവേഷണത്തിന് പോകണമെങ്കില്‍ ഗൈഡിനെ കണ്ടെത്തണം. ആദ്യം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഡി വിനയചന്ദ്രനെ കണ്ടു. പത്തനംതിട്ടയിലെ കെ വി തമ്പി മാഷിനെ കണ്ട് സംസാരിച്ചപ്പോഴാണ് സുലേഖ ടീച്ചറെ കാണാന്‍ നിര്‍ദേശിച്ചത്. അങ്ങനെയാണ് ടീച്ചറെ കണ്ട് സംസാരിച്ച് വിഷയം തീരുമാനിച്ചു. കേരള സംസ്‌കാര പഠനത്തിന് ഇളംകുളം കുഞ്ഞന്‍പിള്ളയും പി കെ ബാലകൃഷ്ണനും നല്‍കിയ സംഭാവന എന്ന വിഷയത്തിലായിരുന്നു ഗവേഷണം. കേരള സര്‍വകലാശാല ലൈബ്രേറിയന്‍ വി വേലപ്പന്‍ നായരെ പരിചയപ്പെട്ടതാണ് ഗവേഷണം പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. ജീവിതസാഹചര്യങ്ങള്‍ മോശമായതിനാല്‍ ഗവേഷണം പൂര്‍ത്തിയാക്കുക പ്രയാസമായിരുന്നു. കേരളചരിത്രത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹമാണ് ഗവേഷണത്തിനും പുതിയ പാത ചൂണ്ടിക്കാണിച്ചത്. കേരളത്തിലെ ജാതിയെയും ജാതി വ്യവസ്ഥയെയും കുറിച്ച് വിപുലമായി ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ആദ്യ കാലത്ത് സിപിഐയില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ രാഷ്ട്രീയാവബോധത്തിലും അദ്ദേഹം ഏറെ മുന്നിലായിരുന്നു.

1999 അവസാനം ഡോക്ടറേറ്റ് ലഭിച്ചു. പിന്നീട് 2004ല്‍ തലയോലപ്പറമ്പ് ദേവസ്വം കോളജില്‍ മൂന്നു വര്‍ഷം ഗസ്റ്റ് ലക്ചറര്‍ ആയി. തൃപ്പുണിത്തുറ സര്‍ക്കാര്‍ കോളജില്‍ ഒരു വര്‍ഷവും താല്‍ക്കാലിക അധ്യാപകനായി. പിന്നീട് തൊഴില്‍ ഇല്ലാതെ നില്‍ക്കുമ്പോഴാണ് കെപിഎംഎസിന്റെ ‘നയലപം’ മാസിക പ്രസിദ്ധീകരിക്കുന്നതിന് ആളെ തേടി സിദ്ധാര്‍ത്ഥന്‍ കാര്യട്ടം ഹോസ്റ്റലില്‍ എത്തിയത്. ഡോ. എസ്. മുഹമ്മദ് ഇര്‍ഷാദ് അന്ന് കാമ്പസിലുണ്ട്. എന്റെ കാര്യം സിദ്ധാര്‍ത്ഥനോട് പറഞ്ഞു. ആദ്യം വി ശശി ( ഡെപ്യൂട്ടി സ്പീക്കര്‍) സാറിനെ സിദ്ധാര്‍ത്ഥനൊപ്പം വീട്ടില്‍ പോയികണ്ടു. അന്ന് അദ്ദേഹം കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയിലും നയലപത്തിന്റെ മാനേജരുമാണ്. അദ്ദേഹം ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിനെ കാണാന്‍ ആവശ്യപ്പെട്ടു.

ഇക്കാലത്താണ് കെപിഎംഎസ് സോണിയാ ഗാന്ധിയെ മറൈന്‍ഡ്രൈവില്‍ സമ്മേളനത്തിന് കൊണ്ടുവന്നത്. തൊട്ടു പിന്നാലെ പട്ടികജാതി- പട്ടികവര്‍ഗ സംയുക്ത സമിതി രൂപീകരിച്ചു. എം ഗീതാനന്ദനും സി കെ ജാനുവും സംയുക്തസമിതിയുടെ ഭാഗമായി. രണ്ടാം ഭൂപരിഷ്‌കരണം ആവശ്യപ്പെട്ട് കാസര്‍കോട് നിന്ന ജാഥ ആരംഭിച്ചു. അതില്‍ പി എം ആന്റണിയാണ് തെരുവ് നാടകം തയാറാക്കിയത്. ഭൂമിക്കുവേണ്ടി നടത്തിയ സമരങ്ങളുടെ ചരിത്രമായിരുന്നു നാടകം. അതില്‍ സി കെ ജാനുവിനെ കഥാപത്രമാക്കി മുത്തങ്ങവരെയുള്ള സമരങ്ങള്‍ അടയാളപ്പെടുത്തി. എന്നാല്‍ ആ സംയുക്ത സമിതിക്ക് അധികകാലം ആയുസ് ഉണ്ടായില്ല.

കെപിഎംഎസില്‍ (പുന്നല ശ്രീകുമാര്‍- ടി വി ബാബു) പിളര്‍പ്പുവന്നതോടെ നയലപത്തിലെ ജോലി ഉപേക്ഷിച്ചു. പിന്നീട് തേജസ് പത്രത്തില്‍ ചേര്‍ന്നു. ബീമാപ്പള്ളി വെടിവയ്പ്പും അട്ടപ്പാടി ആദിവാസി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട റിപോര്‍ട്ടുകള്‍ തേജസില്‍ വരാന്‍തുടങ്ങിയപ്പോള്‍ മാധ്യമത്തില്‍ നിന്നും വിളിച്ചു. ഞാനത് സ്വീകരിച്ചു. മാധ്യമത്തിലും ആവശ്യപ്പെട്ടത് എസ്‌സി-എസ്ടി വിഭാഗങ്ങളെ കേന്ദ്രീകരിച്ച് സ്റ്റോറികള്‍ ചെയ്യണമെന്നാണ്. മാധ്യമം ഓണ്‍ ലൈനില്‍ കോഴിക്കോട് എത്തിയതോടെ അട്ടപ്പാടിയിലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയും ഭൂമി കൈയേറ്റവും നിരന്തരംവാര്‍ത്തയാക്കി.

കടപ്പാട് – മറുവാക്ക്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply