മലയാളി ”എഴുത്തുകാരന്റെ ‘ (ചിലപ്പോള്‍ എഴുത്തുകാരിയുടെയും) രാഷ്ട്രീയം

കേരളത്തില്‍ സി പി എം രാഷ്ട്രീയം എന്നാല്‍ ഒരു സമാന്തര ഭരണകൂടത്തിന്റെ നടത്തിപ്പാണ്. കമ്മ്യുണിസ്റ്റ് രാഷ്ട്രീയത്തിന്റെ അധീശത്വമുള്ള കേരളത്തില്‍ ഇത് വളരെ സ്വാഭാവികമായ ഒന്നായാണ് നമ്മള്‍ എടുക്കുന്നതും. ഇതിനെതിരെ ശബ്ദമുയര്ത്താന്‍ ഒരു വലിയ വിഭാഗം എഴുത്തുകാര്‍ വിസമ്മതിക്കുന്നു. അല്ലെങ്കില്‍ മൗനം പാലിക്കുന്നു. അവര്‍ ഭയക്കുന്നത് കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തെയല്ല, തങ്ങള്‍ക്ക്് നഷ്ടപ്പെടും എന്നു കരുതുന്ന വായനാസമൂഹത്തെയാണ്. നമ്മുടെ വായനാസമൂഹത്തെ എഴുത്തുകാരും പ്രസാധകരും ഇതേ ഇടതുപക്ഷത്തിന്റെ മെഷിനറിയായി കാണുന്നു.

സമൂഹത്തിന്റെ ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ ബൗദ്ധിക നിലപാടുകള്‍ എടുക്കേണ്ടി വരുന്ന മലയാളികള്‍, അവര്‍ എഴുത്തുകാര് തന്നെയാകട്ട, അവരുടെ രാഷ്ട്രീയ പൈതൃകം കമ്മ്യൂണിസ്റ്റ് ഭരണകൂട സങ്കല്പ്പ ത്തിന്റെയാണ് . കൃത്യമായി പറഞ്ഞാല്‍ പഴയ സോവിയറ്റ് മാതൃകയിലെ പാര്ട്ടി സ്വേച്ഛാധിപത്യത്തിലേയ്ക്കും അത് നീങ്ങി നില്ക്കുന്നു. നമ്മുടെ ആണ്‍ മോഹങ്ങളെ, പാര്‍ട്ടി കോയ്മയെ, നേതാവിനെ, ആശയത്തെ, മുഖ്യമായും ഇങ്ങനെയൊരു സങ്കല്പ്പമാണ് നയിക്കുന്നത്. . നമ്മുടെ ഒരു നല്ല പങ്ക് എഴുത്തുകാരും ഇതില്‍ നിന്നും വിഭിന്നരല്ല. ഈ കമ്മ്യൂണിസ്റ്റ് കല്‍പ്പനയെ നയിക്കുന്നത് സി പി എം ആണ്. കേരളത്തില്‍ സി പി എം രാഷ്ട്രീയം എന്നാല്‍ ഒരു സമാന്തര ഭരണകൂടത്തിന്റെ നടത്തിപ്പാണ്. ജനാധിപത്യ സംവിധാനത്തിലും , അതിന്റെ സ്ഥാപനങ്ങളിലും പങ്കാളിയായിരിക്കുമ്പോഴും അല്ലാത്തപ്പോഴും അവര്‍ക്കത് കഴിയുന്നു. കമ്മ്യുണിസ്റ്റ് രാഷ്ട്രീയത്തിന്റെ അധീശത്വമുള്ള കേരളത്തില്‍ ഇത് വളരെ സ്വാഭാവികമായ ഒന്നായാണ് നമ്മള്‍ എടുക്കുന്നതും. ഇതിനെതിരെ ശബ്ദമുയര്ത്താന്‍ കേരളത്തിലെ ഒരു വലിയ വിഭാഗം എഴുത്തുകാര്‍ വിസമ്മതിക്കുന്നു. അല്ലെങ്കില്‍ മൗനം പാലിക്കുന്നു. അവര്‍ ഭയക്കുന്നത് കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തെയല്ല, തങ്ങള്‍ക്ക്് നഷ്ടപ്പെടും എന്നു കരുതുന്ന വായനാസമൂഹത്തെയാണ്. നമ്മുടെ വായനാസമൂഹത്തെ എഴുത്തുകാരും പ്രസാധകരും ഇതേ ഇടതുപക്ഷത്തിന്റെ മെഷിനറിയായി കാണുന്നു.

ഇന്ന് ആര്‍ എസ് എസ് ഇന്ത്യയില്‍ നേടിയ രാഷ്ട്രീയ പദവിയും സി പി എം ന്റെ ഈ രാഷ്ട്രീയത്തിനൊപ്പം വരുന്നു. പ്രത്യയശാസ്ത്രപരമായി ഈ രണ്ട് കക്ഷികളും പാര്‍ലിമെന്ററി ജനാധിപത്യ രാഷ്ട്രീയത്തെ വെറുക്കുന്നവയാണ് . അതുകൊണ്ടുതന്നെ അവര്‍ക്കിതില്‍ കുറ്റകരമായി ഒന്നും തോന്നില്ല. മറ്റൊരു വിധത്തില്‍, കേരളത്തിലെ വര്‍ത്തമാന രാഷ്ട്രീയ ജീവിതത്തെ വലിയ വിധത്തില്‍ അന്തസാര ശൂന്യമാക്കിയതില്‍ സി പി എം എന്ന ഒറ്റ കക്ഷിയുടെ അധികാര രാഷ്ട്രീയമാണ്. ആ രാഷ്ട്രീയമാകട്ടെ അടിസ്ഥാനപരമായി ഫ്യൂഡലും പുരുഷാധിപത്യത്തിന്റയുമാണ്. അവര്‍ മലയാളിയെ കമ്മ്യൂണിസ്റ്റ് ആക്കിയത് പുതിയ ‘ജാതിഹിന്ദു’വായി ഉയര്‍ത്തിക്കൊണ്ടായിരുന്നു : തങ്ങളെ തൊടാന്‍ ആര്‍ക്കും അവകാശമില്ല എന്ന സവര്‍ണ്ണമൂല്യം അങ്ങനെ ‘ജാതിരഹിതനായ’ ഓരോ ആണ്‍- കമ്മ്യൂണിസ്റ്റും നേടുന്നു. (ഇതേ രാഷ്ട്രീയത്തിന്റെ പാപക്കയത്തിലാണ് എത്രയോ കാലമായി കേരളത്തിലെ കോണ്‍ഗ്രസ്സും.) ഈ ചീത്ത രാഷ്ട്രീയത്തിന്റെ പങ്കുകാരാവുക എന്നല്ലാതെ തങ്ങള്‍ക്കും പുതിയതായി ചിന്തിക്കാന്‍ ഒന്നുമില്ല എന്ന് കരുതുന്നവരാണ് നല്ലൊരു പങ്ക് എഴുത്തുകാരും കലാപ്രവര്ത്തകരും. ‘പാര്‍ട്ടി’യെ സേവിക്കാന്‍ ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം എന്ന് അവരില്‍ പലരും തങ്ങളുടെ ആയുസ്സോളം പോന്ന കാത്തിരിപ്പിലുമാണ്. ആ അര്ത്ഥ ത്തില്‍, നമ്മള്‍ നൂറു വര്‍ഷമെങ്കിലും ആയിക്കാണും, ഒരു തരം ”പ്രേത രാഷ്ട്രീയ”ത്തിന്റെ പിടിയിലാണ് എന്നും…

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഒരു സമൂഹത്തിനു വേണ്ട ഭരണകൂട സങ്കല്‍പ്പം എന്തായിരിക്കണം, അത് ‘കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ’ത്തിന്റെതാവണോ അതോ പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെതാവണോ എന്ന് ചിന്തിക്കുന്ന ‘എഴുത്തുകാര്‍’ ഏക പാര്‍ട്ടി ഭരണസങ്കല്‍പ്പത്തില്‍ തങ്ങളെ കൊണ്ടുപോയി കെട്ടുമോ എന്നറിഞ്ഞൂടാ. പക്ഷെ ഇന്നവര്‍ ‘ന്യൂട്രല്‍’ ആണ് : കേരളത്തിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും (കളും) അതിന്റെ കൂടെ നില്‍ക്കുന്ന എഴുത്തുകാരും വാസ്തവത്തില്‍ തങ്ങളുടെ തന്നെ അധികാര സങ്കല്‍പ്പത്തെ പ്രച്ഛന്നമാക്കിയവരാണ്. പാര്‍ട്ടി എങ്ങനെ പാര്‍ലിമെന്ററി ജനാധിപത്യത്തെ അടവ് നയമായി കാണുന്നുവോ, അതേപോലെ പാര്‍ട്ടിയ്ക്ക് ഒപ്പമുള്ള എഴുത്തുകാരും ജനാധിപത്യത്തെ തങ്ങളുടെ ബുദ്ധിസന്ധാരണത്തിന്റെ ഭാഗമാക്കിയവരാണ്. എത്രയോ പേരെ നമുക്ക് പേര് പറഞ്ഞു പരിചയപ്പെടുത്താന്‍ പറ്റും.

എന്റെ ചില സുഹൃത്തുക്കളായ എഴുത്തുകാര്‍ ഒരിക്കല്‍ തീവ്ര കമ്മ്യുണിസ്റ്റുകളായിരുന്ന നക്‌സലൈറ്റുകള്‍ക്ക് ഒപ്പം നില്‍ക്കുകയും പിന്നീട് അവരുടെ ‘തലവെട്ടല്‍ രാഷ്ട്രീയ’ത്തെ എതിര്‍ത്ത് ജനാധിപത്യവാദികളായി ആ രാഷ്ട്രീയത്തില്‍ നിന്നും ദൂരം പാലിക്കുകയും ചെയ്തവരാണ്. എന്റെ ആ”ഏട്ടന്മാര്‍” പലരും ഇപ്പോള്‍ സി പി എം എന്ന കേരളത്തിലെ വലിയ സ്റ്റാലിനിസ്റ്റ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്കൊപ്പമാണ്. ആ പാര്‍ട്ടിയാകട്ടെ നക്‌സലൈറ്റുകള്‍ നടത്തിയതിനെക്കാള്‍ കൊലപാതകങ്ങള്‍, തങ്ങളുടെ രാഷ്ട്രീയാധിപത്യത്തിനു വേണ്ടി, ഇവിടെ നടത്തിയവരുമാണ്. അതുകൊണ്ടാണ് ജനാധിപത്യത്തെ തങ്ങളുടെ ബുദ്ധിസന്ധാരണത്തിന്റെ ഭാഗമാക്കിയവര്‍ മാത്രമാണ് ഈ എഴുത്തുകാര്‍ എന്ന് മുമ്പേ പറഞ്ഞത്.

അധികാര പ്രമത്തതയുടെ രാഷ്ട്രീയം പ്രയോഗിക്കുന്ന എഴ് ‘സംസ്ഥാന മോദി’മാരില്‍ ഒരാളായി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹ ഒരിക്കല്‍ തിരഞ്ഞെടുത്തിരുന്നു. (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2022 ജൂലായ് 03-09). ഏക പാര്‍ട്ടി രാഷ്ട്രീയത്തിന്റെ സംഘാടകരെന്ന നിലയ്ക്ക് കമ്മ്യുണിസ്റ്റ് പാര്‍ട്ടി (കളുടെ ) യുടെ സാന്നിധ്യം ഒരു നൂറ്റാണ്ടോളം ഇന്ത്യയിലും, മറ്റൊരു വിധത്തില്‍ സി പി ഐ എമ്മിലൂടെ, അര നൂറ്റാണ്ടിലധികമായി കേരളത്തിലും നിലനില്‍ക്കുന്നു എന്ന അര്‍ത്ഥത്തില്‍. എന്നാല്‍, ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ആര്‍ എസ് എസിന്റെ ആധിപത്യ രാഷ്ട്രീയത്തിനനുപൂരകമായി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും മുന്നണിയും ഭരണവും സ്വയം അതിനെ കണ്ടെത്തിയത് നമ്മെ ഒരു ആധുനിക സമൂഹം എന്ന നിലയ്ക്ക് ആശങ്കപ്പെടുത്തണം : ജനാധിപത്യത്തെ അപകടപ്പെടുത്തുക മാത്രമല്ല, ജനാധിപത്യത്തെ എക്കാലത്തെയ്ക്കുമായി അവിശ്വസിക്കാന്‍ അത് അതിന്റെ ഹിംസാശക്തികൊണ്ട് ആവശ്യപ്പെടുന്നു. ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ ഇത് നമ്മുക്കിടയില്‍ വളരെ വേഗം സാധൂകരിക്കപ്പെടുന്നു. മലയാളത്തിലെ വലിയ വിഭാഗം എഴുത്തുകാര്‍, ജനാധിപത്യത്തെ കാലാനുസൃതമായി കണ്ടെത്താനും വ്യാഖ്യാനിക്കാനും മേധാശേഷിയുള്ളവര്‍ പോലും, തങ്ങളുടെ ചില നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടി, ഈ ആധിപത്യവാസനയ്ക്ക് അനുകൂലമായി നിലകൊള്ളുന്നു എന്നത് ഞെട്ടിയ്ക്കുന്നു. ഇവരൊന്നും രാമചന്ദ്ര ഗുഹ കണ്ടെത്തുന്നതെന്തും കാണാത്തവരല്ല എന്ന് ആലോചിക്കുമ്പോള്‍. ഇതും നമ്മെ ഭയപ്പെടുത്തണം. സ്വാതന്ത്ര്യത്തെത്തന്നെ ഭയക്കാനുളള സാംസ്‌കാരിക പരിശീലനമാണ് ഇതിലൂടെ സാധിക്കുന്നത് എന്ന അര്‍ത്ഥത്തില്‍.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സി പി എം ന്റെ ആധിപത്യ രാഷ്ട്രീയം ലെനിനിസ്റ്റ് പാര്‍ട്ടി സങ്കല്‍പ്പത്തിന്റെ ചെകുത്താന്‍ തന്നെ എന്ന് നമ്മുടെ എഴുത്തുകാര്‍ക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ ഓരോ അവസരങ്ങളിലും അവരത് മറച്ചു വെയ്ക്കുന്നു. നമ്മുടെ ഓര്‍മ്മയിലെ ജനാധിപത്യം എന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ ഒത്താശയില്‍ സംഭവിയ്ക്കുന്നതോ സംരക്ഷിക്കപ്പെടുന്നതോ ആയ ഒരു ജീവിതക്രമമല്ല, മറിച്ച്, അധികാരത്തെ മാനുഷികമായ അനുഭവമാക്കാന്‍ ശ്രമിക്കുന്ന മനുഷ്യസമൂഹത്തിന്റെ തന്നെ പ്രവര്‍ത്തിയാണ്.

കേരളത്തിന്റെ രാഷ്ട്രീയരംഗത്തല്ല, സാംസ്‌കാരിക മനസ്സിലാണ് ലെനിനിസ്റ്റ് പാര്‍ട്ടിയുടെ സ്വേച്ചാധിപത്യ നേതൃസങ്കല്‍പ്പം വേര് പിടിച്ചത്. ഇത് വെറുതെ പറയുകയല്ല, അടിത്തറ /ഉപരിഘടന എന്ന ആ മാര്‍ക്‌സിസ്റ്റ് ടെക്സ്റ്റ് വെച്ച് പറയുകയാണ്. അത്ര ആഴത്തിലാണ് ആ സ്വാധീനം. (ഏത് തിരുവാതിരയും കൃഷ്ണാഷ്ടമിയും അവിടെ താമരയായി പോലെ വിരിയുന്നു.)

കേരളത്തിന്റെ/ ആഘോഷിക്കപ്പെട്ട ഇടതുബോധം പുരോഗമനപരവും ജനാധിപത്യത്തെ ഉള്‍ക്കൊിള്ളുന്നതുമാണെന്ന ‘തോന്നല്‍’, തീര്ച്ചയായും, പരിശോധിക്കപ്പെടണം. എന്തെന്നാല്‍ അത് നമ്മുടെ സകല ആലോചനകളെയും ജീവിത സങ്കല്പ്പത്തെയും സ്വാധീനിക്കുന്നു. അത്തരമൊരു ആവശ്യം ഇന്ന് എക്കാലത്തെക്കാളും പ്രധാനവുമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply