ബ്ലൂ കോളര്‍ ലൈംഗികതയും മലയാളം സിനിമയും

ഒരേസമയം നീലക്കോളര്‍ പരിസരത്തോട് കയ്യകലം പാലിക്കാനുള്ള ഓത്തായി മാറുകയും അതേസമയം ലൈംഗികതയുടെ ഉത്സവങ്ങളെ ആവശ്യപ്പെടുകയും ചെയ്യുന്ന നയമാണ് ഈ സിനിമകളിലത്രയും കാണാനാവുന്നത്

2021 ല്‍ പുറത്തിറങ്ങിയ ‘ഒരു സിംഗിള്‍ റൂം’ എന്ന മലയാളം ഷോര്‍ട് ഫിലിം വീടുകള്‍ക്കകത്തെ സ്ഥലപരിമിതിയും ലൈംഗിക ആഘോഷത്തിന്റെ അപര്യാപ്തതയും എത്രമാത്രം ഗൗരവപരമാണ് എന്നതിലേക്കുള്ള ഒരന്വേഷണമാണ് നടത്തിക്കാണാവുന്നത്. ഒരു സ്ത്രീയും പുരുഷനും വിലകുറഞ്ഞ ഒരു ലോഡ്ജില്‍ മുറിയെടുക്കുന്നതിനായി ഓട്ടോയില്‍ പോകുന്നതായി അവതരിപ്പിച്ചുകൊണ്ടാണ് ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രത്തിന്റെ ആരംഭം.

വിവാഹേതര ലൈംഗിക ബന്ധത്തിനുള്ള മുന്നൊരുക്കം എന്ന് എല്ലാ സൂചനകളും വിരല്‍ ചൂണ്ടുന്ന ഇതിന്റെ അവസാനം, അച്ഛനമ്മമാരും കുട്ടികളുമടങ്ങിയ പരിമിതമായ സൗകര്യങ്ങളുള്ള വീടിനകത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാഹചര്യമില്ലാത്തതിനാല്‍ വാടകയിടത്തെ ആശ്രയിക്കുന്ന ദമ്പതികളാണ് ഇരുവരും എന്ന് പറഞ്ഞുവച്ചുകൊണ്ടാണ്. കമ്മട്ടിപ്പാടം, ഈ.മ.യൗ, ഭീമന്റെ വഴി, രേഖ, 2018 Everyone is a hero എന്നീ ‘അശ്രീകര’ സ്ഥല പരിസരങ്ങളില്‍ അധിഷ്ഠിതമായ സിനിമകളിലെല്ലാം തന്നെ ഏതെങ്കിലും നിലയിലുള്ള ലൈംഗികമായ അസ്വഭാവികതകളൊ പ്രതിസന്ധികളൊ മുന്നോട്ടു വക്കുന്നവയാണ്. അണകെട്ടിക്കിടക്കുന്ന ഊര്‍ജത്തിന്റെ ഗുണപരവും ആശാസ്യരഹിതവുമായ ആവിഷ്‌കരണങ്ങള്‍ ഇവ അവതരിപ്പിക്കുന്നു.

കമ്മട്ടിപ്പാടത്തില്‍ മൂന്നാം തലമുറയുടെ അഭാവമായും ഹിംസാത്മകമായ കഥാപാത്ര രൂപീകരണമായുമാണ് ഇത്തരമൊന്ന് പുറത്തുവരുന്നത്. മാണികണ്ഠന്‍ ആചാരി അവതരിപ്പിച്ച ‘ബാലന്‍ ചേട്ടന്‍, വിനായകന്‍ അവതരിപ്പിച്ച ‘ഗംഗ’, ദുല്‍ഖര്‍ സല്‍മാന്റെ ‘കൃഷ്ണന്‍’ എന്നീ കഥാപാത്രങ്ങള്‍ക്കൊന്നും തന്നെ കുഞ്ഞുങ്ങളുണ്ടാകുന്നതായി ഈ ചിത്രം അവസാനിക്കുമ്പോഴും കാണാനാവില്ല. ആദ്യം ദാമ്പത്യ ജീവിതം തുടങ്ങിയ ആളെന്ന നിലയില്‍ ബാലന്‍ ചേട്ടന്‍ ഇതേക്കുറിച്ചുള്ള ആശങ്ക പ്രകടമായിത്തന്നെ പങ്കുവക്കുന്നുണ്ട്. തനിക്കുമേലെ കുമിഞ്ഞുകൂടിയിരിക്കാവുന്ന പാപങ്ങളെയാണ് അയാള്‍ ഉര്‍വ്വരതാ രാഹിത്യത്തിന്റെ കാരണമായിക്കാണുന്നത്.

ഈ.മ.യൗ വില്‍ വീടിനകത്തെ സ്ഥലപരിമിതിയെ നേരിട്ടുതന്നെ അടയാളപ്പെടുത്തുന്ന രംഗങ്ങള്‍ കാണാം. കാമുകനുമൊത്ത് കടല്‍ത്തീരത്ത് സ്‌നേഹപ്രകടനങ്ങള്‍ നടത്തുന്ന വാവച്ചന്‍ എന്ന കഥാപാത്രത്തിന്റെ മകള്‍ ഇതിനുള്ള ഉദാഹരണമാണ്. മുറിക്കകത്തിരുന്നുകൊണ്ട് ഫോണ്‍സെക്‌സില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ ഇതേ കഥാപാത്രം നേരിടുന്ന ബാഹ്യ ഇടപെടല്‍ അതുപോലെത്തന്നെ പ്രധാനമായ മറ്റൊന്നാണ്. മരണ ദിവസം വീട്ടിലെത്തുന്ന കാമുകനെ ദുഃഖപൂര്‍വ്വം കെട്ടിപ്പിടിക്കുന്ന അവളെ ലൈംഗികമായി സമീപിക്കുന്ന കാമുകന്‍ എന്ന അസ്വഭാവിക അവതരണവും ഈ ചിത്രത്തില്‍ കാണാവുന്നതാണ്.

രേഖയില്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഒരു പെണ്‍കുട്ടിക്ക് അതിന്റെ അനുബന്ധമായി പിതാവിന്റെ മരണത്തിന് സാക്ഷിയാകേണ്ടിവരികയാണ് ചെയ്യുന്നത്. അതിന്റെ വാസ്തവമറിയാന്‍ യാത്രചെയ്യുന്ന നായികയോട് കൊലചെയ്തയാളുടെ ബന്ധുവും കൊല്ലപ്പെട്ടയാളുടെ സുഹൃത്തുമായ വ്യക്തി നടത്തുന്ന ഇടപെടലുകളും സ്വാഭാവികതയുടെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതല്ല. പിതാവ് എന്ന അധികാര സ്ഥാനത്തിന്റെ നിര്‍മൂലനമാണ് ലൈംഗിക സ്വാതന്ത്ര്യത്തിലേക്ക് വഴിമാറുക എന്ന, ‘ഭര്‍ത്രോ രക്ഷതി യൗവ്വനേ’ എന്ന നിലപാടാണ് കന്യകാത്വത്തിന്റെ ‘കവര്‍ന്നെടുപ്പിലൂടെ’ രേഖ അവതരിപ്പിക്കുന്നത്.

തുറമുഖത്തില്‍ നിമിഷ സജയന്‍ അവതരിപ്പിച്ച ഉമാനി എന്ന കഥാപാത്രത്തോട് മൊയ്ദു എന്ന നിവിന്‍ പോളി കഥാപാത്രം വളരെ പരുഷമായ രീതിയിലുള്ള ഇടപെടലുകളാണ് നടത്തിക്കാണുന്നത്. ലൈംഗിക ബന്ധത്തില്‍ തനിക്ക് മുന്‍പരിചയങ്ങളില്ല എന്ന് പറയുമ്പോള്‍ അയാള്‍ മൃദു സമീപനം എന്ന നീതിയെ പാടേ അവഗണിക്കുകയാണ്. ഇതേ മൊയ്തു മേലാളരില്‍ ഒരാളുടെ പ്രീതി പിടിച്ചുപറ്റിയ ശേഷം ആദ്യമായി എന്തൂവേണം എന്ന അയാളുടെ മറുപടി ‘ദേവകിയക്കയുടെ മകളെ’ എന്നാണ്. താരതമ്യേന ധാരാളം പണം മുടക്കേണ്ടുന്നതും ഒരിക്കല്‍ വേണ്ടത്ര പണവുമായി പോയിട്ടും ‘കോളനി’ അവഹേളനം നേരിട്ട് മടങ്ങേണ്ടിവന്നതുമായ സവര്‍ണ ഹൈന്ദവ പശ്ചാത്തലം സൂചിപ്പിക്കുന്ന ലൈഗികത്തൊഴില്‍ കേന്ദ്രത്തെയാണ് ഇതിലൂടെ അയാള്‍ സൂചിപ്പിക്കുന്നത്. നിഷിദ്ധമായവയോടുള്ള ആസക്തിയായി കരുതാവുന്ന ഒരു സമീപനമാണിത്.

ഉമാനിയോട് തന്റെ പരുക്കന്‍ ശൈലി മാത്രം ഉപയോഗിക്കുന്ന ഇയാള്‍ ലൈംഗിക കേന്ദ്രത്തില്‍ ആകാംക്ഷ നിറഞ്ഞ ആദരവോടെയുള്ള പെരുമാറ്റത്തിലേക്ക് വഴിമാറുന്നതും കാണാനാകും. മൊയ്തുവിന്റെ സഹോദരിയായ ഖദീജ യൗവ്വനാരംഭത്തില്‍ തന്നെ വിവാഹിതയായി നാട്ടില്‍ നിന്നും പോകുന്നതും പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം അവശയായി തിരിച്ചെത്തുന്നതും സിനിമയിലുണ്ട്. ഔപചാരിക സ്വഭാവത്തോടെ നടന്ന വിവാഹം നിര്‍ബന്ധിതമായ ലൈംഗികത്തൊഴിലിനായുള്ള മറയായിരുന്നു എന്നത് ഖദീജക്ക് സിഫിലിസ് സ്ഥിരീകരിക്കുന്നതോടെ മാത്രം വെളിപ്പെടുകയുമാണിവിടെ.

2018 എന്ന ചിത്രത്തില്‍ പ്രണയബദ്ധരായ, വ്യത്യസ്ത വര്‍ഗ പശ്ചാത്തലത്തില്‍ പെട്ട രണ്ടുപേരില്‍ നായിക സ്വന്തം പിതാവിന്റെ തണലില്‍ നിന്നുകൊണ്ട് ‘മാന്യവും ന്യായവുമായ’ കിടപ്പാടം ആവശ്യപ്പെടുന്നതിലും ലൈംഗിക പിരിമുറുക്കങ്ങളെ അബോധമായെങ്കിലും കരുതുന്ന കാനനസ്ഥലിയാണുള്ളത്. ഭീമന്റെ വഴിയില്‍ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന, പൊതു സൗന്ദര്യ ബോധത്തിനോട് ഇണങ്ങി നില്‍ക്കുന്ന കമിതാവിനെ നിരസിക്കുകയും അതിനോട് പിണങ്ങി നില്‍ക്കുന്ന ഒരു സ്ത്രീ ശരീരത്തെ വരിക്കുകയും ചെയ്യുന്നത നായക സൃഷ്ടിയിലും ലൈംഗിക പരിമിതികളുടെ ആന്തരിക സഞ്ചാരമാണ് കാണാനാവുന്നത്.

ഒരേസമയം നീലക്കോളര്‍ പരിസരത്തോട് കയ്യകലം പാലിക്കാനുള്ള ഓത്തായി മാറുകയും അതേസമയം ലൈംഗികതയുടെ ഉത്സവങ്ങളെ ആവശ്യപ്പെടുകയും ചെയ്യുന്ന നയമാണ് ഈ സിനിമകളിലത്രയും കാണാനാവുന്നത്. ജാതിയെ ഇല്ലാതാക്കാന്‍ മിശ്രജാതി വിവാഹങ്ങളാലേ സാധ്യമാവൂ എന്ന സഹോദരന്‍ അയ്യപ്പന്റെ ‘ആശയ ധാര്‍ഷ്ഠ്യം’ വര്‍ഗത്തിന്റെ കാര്യത്തിലും സമാനമാണ്. ലൈംഗികമായി സര്‍വ്വ സ്വതന്ത്രരായ പൗരാവലി ഭരണകൂടത്തിന് ഒരു ബാധ്യതയും. അതിനാല്‍ തന്നെ Body Positivity എപ്രകാരം ഇരുപുറവും മൂര്‍ച്ചയുള്ളതാവുന്നൊ, അത്രത്തോളം തന്നെ ഖരനേര്‍മ്മയാര്‍ന്നതാണ് മലയാള സിനിമയിലെ തൊഴിലാളിവര്‍ഗ ജൈവജീവിതത്തിന്റെ അവതരണങ്ങളും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply