നൈതികരാഷ്ട്രീയത്തിന്റെ രണ്ടാവിഷ്‌ക്കാരങ്ങള്‍,

ഗ്രോ വാസു, മാത്യു കുഴല്‍നാടന്‍ – ഓണത്തിന്റെ അരുമസ്വപ്നം, സത്യം, നിലകൊള്ളുന്നത് നൈതികരാഷ്ട്രീയത്തിന്റെ ഈ രണ്ടാവിഷ്‌ക്കാരങ്ങള്‍ക്കൊപ്പമാണ്. ”അധോമുഖവാമനന്മാര്‍” അധികാരം കൊണ്ടാടിത്തിമിര്‍ക്കുന്ന സംസ്‌ക്കാരച്ചന്തയിലേക്കല്ല സത്യത്തിന്റെയും നീതിയുടെയും എതിര്‍കേളികളിലേയ്ക്കാണ് ഈ ഓണം നമ്മെ ക്ഷണിക്കുന്നത്.

ഇത്തവണത്തെ ഓണം നമ്മെ വിളിക്കുന്നത് വറുത്തുപ്പേരിയും, കസവുമുണ്ടും, ഓണപ്പാട്ടും ഗൃഹാതുരത്വവും പൂവിളികളും ആര്‍ത്തിരമ്പുന്ന ഓണച്ചന്തയിലേക്കല്ല. ഓണത്തിന്റെ ഹൃദയപ്പൊരുളായ നീതിപ്പൊരുതലുകളുടെ തീവെയിലിലേക്ക്. ഭരണകൂടത്തിന്റെ വിലക്കുകള്‍ തകര്‍ത്ത് നേരിന്റെയും നീതിയുടെയും രണ്ട് ശബ്ദങ്ങള്‍, ഇന്ന് നമ്മുടെ നാട്ടില്‍ തീവിളികളായി മുഴങ്ങുന്നു. ഇന്നത്തെ അധികാരകേളികളില്‍ നിന്നു വിട്ടുമാറി സത്യകേളിയിയിലേക്ക് നമ്മെ വിളിക്കുന്ന രണ്ടു സത്യപ്രസ്താവങ്ങള്‍, നൈതിക രാഷ്ട്രീയത്തിന്റെ രണ്ടു വ്യത്യസ്ഥ ആവിഷ്‌ക്കാരങ്ങള്‍.

ഒന്ന് കോഴിക്കോട്ടുനിന്ന് ട്രെഡ് യൂണിയനിസ്റ്റും ധാര്‍മ്മികനായ കമ്മ്യൂണിസ്റ്റും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ഗ്രോ വാസുവിന്റെ ധീരസ്വരം. ഏഴു കൊല്ലം മുമ്പ് പിണറായിയുടെ കമ്യൂണിസ്റ്റ് ഭരണകൂടം നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലില്‍ കൊലചെയ്തതിനെതിരേ പ്രതിഷേധിച്ചതിന്റെ പേരിലാണ് ഈ ജൂലൈ 29ന് ന്വാസുവേട്ടനെ അറസ്റ്റുചെയ്തത്. ജാമ്യത്തുക കെട്ടിവച്ച് വീട്ടില്‍ പൊയ്‌ക്കൊള്ളുവാന്‍ മജിസ്‌റ്റ്രേറ്റ് കനിവോടെ കല്പിച്ചപ്പോള്‍ വാസുവേട്ടന്‍ വിസമ്മതിച്ചു. മലയാളികളുടെ മനസ്സില്‍ മഹാബലി സ്വരൂപനായി വിളങ്ങുന്ന, 95 കാരനായ പ്രൗഢ വൃദ്ധന്‍ കോടതിയില്‍ പറഞ്ഞു: ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരേ പ്രതിഷേധിക്കുക എന്നത് ജനാധിപത്യപരമായ അവകാശമാണ്. അതൊരു കുറ്റകൃത്യമല്ല. അതുകൊണ്ട് ജാമ്യമെടുക്കാന്‍ ഞാന്‍ തയാറല്ല. ജയില്‍ വാസത്തെ ഞാന്‍ ഭയപ്പെടുന്നതേയില്ല”.

മനസ്സില്ലാ മനസ്സൊടെയാണെങ്കിലും നിയമനടപടിയെന്ന നിലയില്‍ ഓഗസ്റ്റ് 11 വരെ റിമാന്‍ഡുചെയ്യാന്‍ മജിസ്‌റ്റ്രേറ്റു വിധിച്ചു. വാസുവേട്ടനെ സബ്ജയിലിലേക്കുമാറ്റി. ഓഗസ്റ്റ് 11 ന് കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ജാമ്യമെടുക്കുവാന്‍ തയാറല്ലെന്ന് വീണ്ടും അറിയിച്ചപ്പോള്‍ ഓഗസ്റ്റ് 25 വരെ റിമാന്‍ഡ് നീട്ടാന്‍ കോടതി ഉത്തരവിട്ടു. ഇപ്പോഴിതാ മൂന്നാമതും നീട്ടിയിരിക്കുന്നു. കൊലപാതകക്കുറ്റം ചെയ്ത പോലീസ്സുകാര്‍ക്കെതിരേ കേസെടുക്കാതെ, കേവലം, പ്രതിഷേധിക്കുകമാത്രം ചെയ്ത തന്നെ അറസ്റ്റുചെയ്യുന്നത് അന്യായമല്ലേ എന്ന് ജഡ്ജിയോട് വാസുവേട്ടന്‍ ചോദിച്ചു. ”എട്ട ുമാവോയിസ്റ്റുകളെ മുയലിനെ കൊല്ലുന്ന പോലെ വെടിവെച്ചുകൊന്ന പോലീസിനെതിരേ കേസ് ചാര്‍ജ്ജുചെയ്യാത്ത ഭരണകൂടം അനീതിയ്‌ക്കെതിരേ പ്രതിഷേധിച്ചതിന് തന്നെ കൊടുംഭീകരനെന്നന്ന മട്ടില്‍ ശിക്ഷിക്കുന്നു. ഈ ഇരട്ടനീതിയെ വെളിച്ചത്തു കൊണ്ടുവരുവാനുള്ള അവസരമായാണ് ജയില്‍വാസത്തെ ഞാന്‍ കാണുന്നത്”: മാദ്ധ്യമപ്രവര്‍ത്തകരോട് വാസുവേട്ടന്‍ പറഞ്ഞു. ഏറ്റവും വലിയ കമ്മ്യൂണിസ്റ്റെന്ന ്കരുതപ്പെടുന്ന പിണറായി ഇന്നൊരു വന്‍കിട കോര്‍പ്പറേറ്റാണെന്നും എന്നാല്‍ ഇക്കാര്യം ജനങ്ങള്‍ മനസ്സിലാക്കുന്നില്ലെന്നും മനസ്സിലാക്കുന്ന കാലംവരെ താന്‍ ജീവിച്ചിരിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അനീതിയ്‌ക്കെതിരേയുള്ള പ്രതിഷേധത്തിന്റെ, സത്യം പറയലിന്റെ, മറ്റൊരാവിഷ്‌ക്കാരം തെക്കന്‍ കേരളത്തില്‍ നിന്നുയര്‍ന്നു വരുന്നു. മാത്യു കുഴല്‍നാടന്‍ എന്ന യുവ കോണ്‍ഗ്രസ്സ് എം.എല്‍.എ. യാണ് ഈ സത്യഭാഷകന്‍. മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ നടത്തുന്ന എക്‌സാലോജിക്ക് കമ്പനിയ്ക്ക് സി.എം.ആര്‍.എല്‍. എന്ന കരിമണല്‍ കമ്പനി 1.72 കോടി രൂപ അനധികൃതമായി നല്‍കിയെന്ന് ആദായനികുതി ഇന്ററിംസെറ്റില്‍ മെന്റ്‌ബോര്‍ഡ് കണ്ടെത്തി. പ്രമുഖ്യവ്യക്തി എന്ന പരിഗണന പ്രകാരമാണ് ഈ തുക വീണയ്ക്ക് നിയമവിരുദ്ധമായി നല്‍കിയത് എന്നായിരുന്നു കണ്ടെത്തല്‍. പ്രകടമായ ഈ അഴിമതിയ്‌ക്കെതിരേ ആഞ്ഞടിക്കാന്‍ പ്രതിപക്ഷത്തെ ഉന്നതനേതാക്കള്‍ മടിച്ചുനിന്നു. കമ്പനിയില്‍നിന്ന് പണം പറ്റിയവരുടെ ലിസ്റ്റില്‍ രണ്ട് കോണ്‍ഗ്രസ്സ് നേതാക്കളുടെ ചുരുക്കപ്പേരും ഉണ്ടായിരുന്നു. ഭരണകക്ഷിയും പ്രതിപക്ഷവും ഈ അഴിമതി ഒതുക്കിത്തീര്‍ക്കുവാന്‍ ഒത്തുകളിക്കുമോ എന്ന ആശങ്കകള്‍ക്കിടയിലാണ് കേരളത്തിന്റെ മനസ്സാക്ഷിയായി മാറിക്കൊണ്ട ്മാത്യു കുഴല്‍നാടന്‍ ഈ പ്രശ്‌നം നിയമസഭയില്‍ ഉന്നയിക്കുന്നത്. ഭരണപക്ഷം പ്രക്ഷുബ്ധമായി മാത്യുവിന്റെ ്രപസംഗം തടയുകയും സ്പീക്കര്‍ പ്രസംഗാനുമതി നിഷേധിക്കുകയും ചെയ്തു. പിന്തിരിയാന്‍ കൂട്ടാക്കാഞ്ഞ കുഴല്‍നാടന്‍ പത്രസമ്മേളനം നടത്തി, ഗുരുതരമായ ഈ അഴിമതിയെ പൊതുസമൂഹത്തിനു മുന്നില്‍ക്കൊണ്ടുവന്നു.

മുഖ്യമന്ത്രി പതിവുപോലെ മൗനം പാലിച്ചുവെങ്കിലും പാര്‍ട്ടിനേതാക്കളും പ്രവര്‍ത്തകരും കുഴല്‍നാടനെ വേട്ടയാടുവാന്‍ ആരംഭിച്ചു. ആരോപണ പരമ്പരകളുയര്‍ന്നു. ചിന്നക്കനാലില്‍ ഭൂമി വാങ്ങിയതിനുപിന്നില്‍ ബിനാമി ഇടപാടുകളുണ്ടെന്നും ഭൂമിവില കുറച്ചുകാട്ടിയെന്നും വരുമാനത്തിന്റെ 30 മടങ്ങ് സമ്പാദ്യമുണ്ടെന്നും വിദേശനിക്ഷേപം നടത്തിയെന്നുമുള്ള പരാതിയില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണമാരംഭിച്ചു. മൂവാറ്റുപുഴ കടവൂരിലെ കുടുംബവീടിന്റെ ഭൂമി റീസര്‍വേ ചെയ്യുവാന്‍ താലൂക്ക് സര്‍വേയറെത്തി. ഡിവൈ.എഫൈ.ക്കാര്‍ കുഴല്‍നാടന്റെ ഓഫിസിലേക്കു മാര്‍ച്ചു സംഘടിപ്പിച്ചു. സഖാവ് ബാലന്‍, സെക്രട്ടറി സഖാവ് എം.വി. ഗോവിന്ദന്‍, സൈബര്‍ സഖാക്കള്‍ എല്ലാവരും മാത്യുവിനു നേരെ വിഷം ചീറ്റി. ഭീഷണിയ്ക്കു വഴങ്ങാന്‍ മാത്യു തയാറായില്ല. പാര്‍ട്ടിയില്‍ നിന്ന് വ്വേണ്ടത്ര പിന്തുണ ലിഭിച്ചില്ലെങ്കിലും അഴിമതിക്കെതിരേ ഒറ്റയാള്‍ പോരാളിയായി മാത്യു തന്റെ സത്യഭാഷണം തുടര്‍ന്നു. സി.പി.എം.കാരുടെ പരാതിയ്ക്ക് മറുപടിയായി പ്രസക്തമായ രേഖകള്‍ പത്രസമ്മേളനത്തില്‍ ഹാജരാക്കി. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ചു. പാര്‍ട്ടിയോ, പിണറായിയോ, ബന്ധപ്പെട്ട രേഖകള്‍ പൊതുജനത്തിനു മുന്നില്‍ ഹാജരാക്കുവാന്‍ തയാറുണ്ടോ എന്നു വെല്ലുവിളിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ നടത്തുന്ന കമ്പനിയുടെ സെക്യൂരിറ്റി ഓഫീസര്‍ ആയി പാര്‍ട്ടി സെക്രട്ടറി അധഃപതിച്ചു എന്ന് ആക്ഷേപിച്ചു. കമ്പനിയ്ക്ക് നല്‍കിയ സേവനത്തിനു പ്രതിഫലമായാണോ വീണ പണം കൈപ്പറ്റിയതെന്നായിരുന്നു പാര്‍ട്ടിയുടെ ന്യായീകരണം. അങ്ങനെയെങ്കില്‍ കൈപ്പറ്റിയ പണത്തിനു ജി.എസ്.ടി. നല്‍കാഞ്ഞതെന്തുകൊണ്ട് എന്ന അടുത്ത ചോദ്യം മാത്യു ഉന്നയിച്ചു. മാത്രമല്ല പിണറായിയും കുടുംബവും കേരളത്തെ കൊള്ളയടിക്കുകയാണെന്നും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണിതെന്നും കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാവുമെന്നും മുന്നറിയിപ്പു നല്‍കി. ഈ വിമര്‍ശനത്തിന്റെ പേരില്‍ തന്റെ നെഞ്ചിനു നേരേവരുന്ന എല്ലാ അമ്പുകളും നേരിടാനും ശരശയ്യയിലേറാനും താന്‍ ഒരുക്കമാണെന്നും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും പൊതുമണ്ഡലത്തെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് മാത്യ ുപ്രഖ്യാപിച്ചു. സംഘടിതമായ കൊള്ളയും വ്യവസ്ഥാപിതമായ അഴിമതിയുമാണ് ഇന്ന് കേരളത്തിന്റെ അവസ്ഥയെന്ന് തൊടുപുഴയില്‍ നടന്ന പത്രസമ്മേളനത്തില്‍ മാത്യു ആവര്‍ത്തിച്ചു. കേരളസമൂഹം ഞെട്ടിപ്പോകുന്നവിധം നിരവധി കോടികള്‍ ടി.വീണ പല കമ്പനികളില്‍നിന്ന് കൈപ്പറ്റി എന്നാണ് താന്‍ കരുതുന്നതെന്നും പാര്‍ട്ടി ഈ കണക്കുകള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ കൈവശമുള്ള വിവരങ്ങള്‍ താന്‍ പുറത്തുവിടുമെന്നും മാത്യു താക്കീതുനല്‍കി.

രണ്ടുപ്രസ്താവങ്ങള്‍. നാമിവിടെ കാണുന്നു. കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിന്റെ അനീതിയേയും ദുര്‍ഭരണത്തെയും പറ്റിയുള്ള വെളിപ്പെടുത്തലുകള്‍. പിണറായിയുടെ ഭരണകൂടം ചോദ്യങ്ങള്‍ക്കതീതമെന്നും വിമര്‍ശിക്കുന്നവര്‍ കടുത്ത ശിക്ഷകള്‍ക്കും പ്രതികാരനടപടികള്‍ക്കും വിധേയരാക്കപ്പെടുമെന്നും ഉള്ള ഭീഷണി നിലനില്‍ക്കുന്ന, മാദ്ധ്യമങ്ങള്‍ വേട്ടയാടപ്പെടുന്ന, ഭീതിദമായ ഒരു കാലത്താണ് ഈ രണ്ടു നീതിപ്പോരാളികള്‍ ഭരണാധികാരിയുടെ മര്‍മ്മത്തില്‍ തറയ്ക്കുന്ന ചോദ്യങ്ങളും പ്രതിഷേധസ്വരങ്ങളും തൊടുത്തുവിടുന്നത്. ജനാധിപത്യത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ രാഷ്ട്രീയപ്രയോഗമാണ് സത്യം പറയല്‍. ഗ്രീക്കുകാര്‍ ഇതിനെ പരീഷ്യ എന്നാണ് വിളിച്ചുവന്നത്. സോക്രട്ടീസും, ഡയോജനിസ്സും ഗാന്ധിയുമെല്ലാം ജനാധിപത്യത്തെ നെഞ്ചോടണച്ച സത്യപ്രയോക്താക്കളായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റു സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രഭാഷണവും സത്യം പറയലിന്റെ ഉജ്ജ്വലസന്ദര്‍ഭമായിക്കാണാം. സത്യം പറയലിനെ മിഷല്‍ ഫൂക്കോ നിര്‍വ്വചിക്കുന്നത് അതിലടങ്ങിയ റിസ്‌ക്കിന്റെയും ആത്മാപായത്തിന്റെയും അടിസ്ഥാനത്തിലാണ്. പറയുന്നവന്റെ ജീവനു ഭീഷണിയാവുന്ന ഒന്നാണ് സത്യഭാഷണം. സത്യം കേള്‍ക്കുന്നതിഷ്ടപ്പെടാത്ത ഭരണാധികാരിയോടാണ് സത്യം പറയുന്നതെങ്കില്‍ അത് മരണത്തിലേക്കോ കൊടുംശിക്ഷകളിലേക്കോ നയിക്കാം. ഈ ആപല്‍സാധ്യതയാണ് സത്യാവിഷ്‌ക്കാരത്തെ ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ പ്രക്രിയയാക്കി മാറ്റുന്നത്.

പിണറായി കമ്മ്യൂണിസ്റ്റല്ല ഒരു വന്‍കിട കോര്‍പ്പറേറ്റാണെന്ന ് ജനങ്ങള്‍ മനസ്സിലാക്കുമെന്നും എന്നാല്‍ അത് താന്‍ ജീവിച്ചിരിക്കുമ്പോള്‍ സംഭവിക്കുമെന്ന് കരുതുന്നില്ലെന്നും വാസുവേട്ടന്‍ പറയുമ്പോള്‍ സത്യം പറയുന്നവന്റെ ധീരതയും ആപത്തിനെ വരിക്കുവാനുള്ള സന്നദ്ധതയുമാണ് വ്വെളിപ്പെടുന്നത്. ജനങ്ങള്‍ മനസ്സിലാക്കുന്നതുവരെ സത്യം പറയല്‍ നീട്ടിക്കൊണ്ടുപോകുവാനും അങ്ങനെ ആപത്തില്‍ നിന്നൊഴിഞ്ഞു നില്‍ക്കുവാനും താന്‍ തയാറല്ല എന്നാണതിന്റെ അര്‍ത്ഥം. ഏതമ്പുകളെയും നേരിടാനും ശരശയ്യയില്‍ കഴിയുവാനും താന്‍ തയാറാണെന്നുള്ള കുഴല്‍നാടന്റെ വാക്കുകള്‍ വെളിപ്പെടുത്തുന്നത് സത്യം പറയുന്നവന്റെ ത്യാഗസന്നദ്ധതയേയാണ്. ഈ ഓണക്കാലത്ത് സത്യം പറയലിന്റെ ധീരമായ രണ്ടു വ്യത്യസ്ഥ ആവിഷ്‌ക്കാരങ്ങള്‍ നമുക്ക് മുന്നില്‍ അരങ്ങേറുന്നു. ബലിസന്നദ്ധരായ രണ്ടു ധീരരാഷ്ട്രീയയോദ്ധാക്കളുടെ സത്യപ്രസ്താവങ്ങള്‍, പ്രതിഷേധസ്വരങ്ങള്‍. രൂപപ്പെട്ടുവരുന്ന നൈതികരാഷ്ട്രീയത്തിന്റെ വിഭിന്ന അവതരണങ്ങള്‍. ഒന്ന് മുഖ്യധാരാരാഷ്ട്രീയത്തിന്റെ അരികുകളില്‍ നിന്ന്വരുന്നത്. മറ്റേത് മുഖ്യധാരാരാഷ്ട്രീയത്തിന്റെ അനുരഞ്ജനങ്ങളില്‍ വിള്ളലുണ്ടാക്കി ഉയര്‍ന്നുവരുന്നത്. ഒരേ രാഷ്ട്രീയത്തിന്റെ ഭാഗമായി കണ്ടുകൊണ്ട് ഈ രണ്ടു സമരധാരകളേയും പിന്താങ്ങുവാന്‍ നമുക്ക് ത്രാണിയുണ്ടോ എന്നാണ് ഈ ഓണക്കാലം നമ്മോട് ചോദിക്കുന്നത്.

നൈതികരാഷ്ട്രീയം ഇന്ന് വിഭിന്ന ധാരകളായി ചിതറിയാണൊഴുകുന്നതെന്നുകൂടി ഇത് നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്. മുഖ്യധാരയ്ക്കു വെളിയിലുള്ള പ്രതിഷേധങ്ങള്‍ ന്യൂനപക്ഷസ്വരങ്ങളായി ഒടുങ്ങുന്നതും, പാര്‍ലമെന്ററി രാഷ്ട്രീയത്തിനുള്ളിലെ രോഷപ്രകടനങ്ങള്‍ അധികാരപങ്കാളിത്തത്തിന്റെ അനുരഞ്ജന കേളികളായി മാറുന്നതുമാണ് നാം കാണുന്നത്. അധികാരത്തിന്റെ ഈ കേളീനിയമങ്ങളെ ഭേദിച്ചുകൊണ്ട് സത്യകേളിയുടെ മറ്റൊരു കളവും മുറയും കണ്ടെത്തുവാനുള്ള ശ്രമം നൈതികമായ പ്രതിഷേധത്തിന്റെ ഈ രണ്ടു ആവിഷ്‌ക്കാരങ്ങളിലും ഉണ്ട്. ജനാധിപത്യ പ്രക്രിയയില്‍ ഈ രണ്ടുധാരകളും ഒരേവിധം പ്രധാനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് നൈതികമായ ഒരു നവരാഷ്ട്രീയത്തിന്റെ ഐക്യമുന്നണികളായി അവ സഖ്യപ്പെടുന്നില്ലെങ്കില്‍ രണ്ടും നിഷ്ഫലമാകുമെന്നാണല്ലോ ചരിത്രാനുഭവങ്ങള്‍ തെളിയിക്കുന്നത്. കരിമണല്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സിലെ ഉന്നതനേതാക്കള്‍ പ്രകടിപ്പിച്ച മൗനം ന്യായമായും വിമര്‍ശനമര്‍ഹിക്കുന്നു. നിര്‍ണ്ണായകമായ പ്രതിസന്ധി ഘട്ടത്തില്‍ ഭരണകക്ഷിയും പ്രതിപക്ഷവും ഒത്തുകളി നടത്തുന്നു എന്നത് പ്രതിപക്ഷത്തിന്റെ വിശ്വാസ്യതയെ തകര്‍ത്തുകളയുകയും ഫാസിസത്തിനെതിരേയുള്ള പ്രതിരോധത്തെ തളര്‍ത്തുകയും ചെയ്യുന്ന ഗുരുതരമായ പ്രശ്‌നമാണ്. അദാനി പോര്‍ട്ടിനെതിരേ മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ സമരത്തിന്റെ നിര്‍ണ്ണായകഘട്ടത്തില്‍ കോണ്‍ഗ്രസ്സുകാര്‍ ഭരണപക്ഷത്തോട് കൈകോര്‍ക്കുന്നതു നാം കണ്ടു. കോര്‍പ്പറേറ്റുകളോടുള്ള രാഷ്ട്രീയനിലപാട് വ്യക്തമാക്കുവാന്‍ മുഖ്യപ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ്സ് ഇതേവരെ തയാറായിട്ടില്ല. കരിമണല്‍ കമ്പനിയില്‍നിന്ന് സംഭാവന പിരിക്കുന്നത് അഴിമതിക്കു കൂട്ടുനില്‍ക്കലാണെന്ന രാഷ്ട്രീയമായ തിരിച്ചറിവിലേക്ക് പാര്‍ട്ടിനേതാക്കള്‍ എത്തിയിട്ടില്ല. കേരളത്തിന്റെ ധാതുസമ്പത്തുകള്‍ നിയമവിരുദ്ധമായി കൊള്ളയടിക്കുകയും പാരിസ്ഥിതികമായ നാശം വരുത്തുകയും ചെയ്യുന്ന ഇത്തരമൊരു കമ്പനിയില്‍നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നു സമ്മതിച്ചുകൊണ്ട് തിരിച്ചുനല്‍കാനുള്ള ധര്‍മ്മബോധം പാര്‍ട്ടി പ്രകടിപ്പിക്കുന്നില്ലെങ്കില്‍ പിണറായിയുടെ അഴിമതി ഭരണത്തിനെതിരേയുള്ള പ്രതിപക്ഷ സമരങ്ങളുടെ മുനയൊടിയും. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ആശയപരവും നൈതികവുമായ ഒരു ശുദ്ധീകരണത്തിന്റെ ആവശ്യകതയെയാണ് കുഴല്‍നാടനെപ്പോലുള്ള യുവനേതാക്കളുടെ ഏകാംഗസമരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാസുവേട്ടന്‍ നടത്തുന്ന നീതിപ്പോരാട്ടത്തിന് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുവാന്‍ കോണ്‍ഗ്രസ്സു പോലുള്ള പ്രതിപക്ഷകക്ഷികള്‍ ഇനിയും മുതിര്‍ന്നിട്ടെല്ലെന്നത് ഖേദകരമാണ്. നിയമസഭയില്‍ ഈ ധാര്‍മ്മികപ്രശ്‌നം അവതരിപ്പിക്കുവാനും അവര്‍ തയാറായില്ല. പ്രതിപക്ഷം നടത്തുന്ന പ്രതിഷേധസമരങ്ങളോട് സഖ്യപ്പെടുവാനുള്ള തുറന്നസമീപനം നീതിയ്ക്കുവേണ്ടി പോരാടുന്ന ന്യൂനപക്ഷീയരായ ആക്റ്റിവിസ്റ്റുകളും പ്രകടിപ്പിക്കുന്നതായി തോന്നുന്നില്ല. മോദിയുടെയും പിണറായിയുടെയും കോര്‍പ്പറേറ്റ് ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരേയുള്ള പ്രതിരോധങ്ങള്‍ ദുര്‍ബ്ബലമാവുന്നതിന്റെ ്രപധാന കാരണം പ്രത്യയശാസ്ത്രപരമായ ഈ ഉള്‍വിലക്കുകളല്ലേ?.പ്രതിഷേധിക്കുവാനുള്ള ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടിയും, ഭരണകൂടം നടത്തുന്ന ക്രൂരമായ കൊലപാതകങ്ങള്‍ക്കെതിരേയും ഗ്രോവാസുവും കൂട്ടരും നടത്തുന്ന നൈതികമായ സമരത്തിന് കേരളത്തിലെ എല്ലാരാഷ്ട്രീയകക്ഷികളിലെയും ധര്‍മ്മബോധമുള്ള പ്രവര്‍ത്തകരും ബഹുജനങ്ങളും സര്‍വ്വപിന്തുണകളും നല്‍കേണ്ടതാവശ്യമാണ്. പ്രമുഖ പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസ്സ് ഒരു ധാര്‍മ്മിക രാഷ്ട്രീയപ്രശ്‌നമായി ഇതുയര്‍ത്തിക്കൊണ്ടുവരുവാന്‍ ബാദ്ധ്യസ്ഥരാണ്. സ്റ്റാന്‍സ്വാമിയെപ്പോലെ മറ്റൊരു നീതിമാന്റെ ജീവന്‍ ഇനിയും തുറുങ്കറയില്‍ പൊലിയാതിരിക്കണമെങ്കില്‍ കണ്ണില്‍ ചോരയില്ലാത്ത ഒരു സര്‍വ്വാധിപത്യത്തിനെതിരേ സര്‍വ്വസമ്മര്‍ദ്ദതന്ത്രങ്ങളും പയറ്റുവാന്‍ നീതിവാദികള്‍ തയാറായേ പറ്റൂ. അതേപോലെ പിണറായി ഭരണകൂടത്തിന്റെ അഴിമതിയ്‌ക്കെതിരേ മാത്യു കുഴല്‍നാടന്‍ നടത്തുന്ന ധര്‍മ്മസമരത്തന് ്പിന്തുണ നല്‍കുവാന്‍ എല്ലാ മലയാളികളും മുന്നോട്ടു വരേണ്ടതുണ്ട്.

ഓണത്തിന്റെ അരുമസ്വപ്നം, സത്യം, നിലകൊള്ളുന്നത് നൈതികരാഷ്ട്രീയത്തിന്റെ ഈ രണ്ടാവിഷ്‌ക്കാരങ്ങള്‍ക്കൊപ്പമാണ്. ”അധോമുഖവാമനന്മാര്‍” അധികാരം കൊണ്ടാടിത്തിമിര്‍ക്കുന്ന സംസ്‌ക്കാരച്ചന്തയിലേക്കല്ല സത്യത്തിന്റെയും നീതിയുടെയും എതിര്‍കേളികളിലേയ്ക്കാണ് ഈ ഓണം നമ്മെ ക്ഷണിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “നൈതികരാഷ്ട്രീയത്തിന്റെ രണ്ടാവിഷ്‌ക്കാരങ്ങള്‍,

  1. ഇക്കാലത്ത് ഒരു മഹാെനെന്നോ ധീരനെ ന്നോ തന്നെ വിശേഷിപ്പിക്കേണ്ട യഥാർത്ഥ സഖാവ് ഗ്രോ വാസുവിന്റെ നിലപാടുകളോട് സാദൃശ്യപ്പെടാൻ വ്യവസ്ഥാപിത പ്രതിപക്ഷത്ത് ഇന്നു നിലവിലുള്ള കക്ഷികൾ ഇനിയും ഒരു നൂറ്റാണ്ടെങ്കിലും മുന്നോട്ടു പോകേണ്ടിവരും. അത് വിട്ടുകളയാം.
    എന്നാൽ തങ്ങളുടെ തന്നെയായ ഒരു സഖാവുയർത്തുന്ന മൗലികമായ നൈതിക പ്രശ്നത്തെ വേണ്ടത്ര ഗൗരവത്തോടെ അഭിമുഖീകരിക്കാനും ഏറ്റെടുക്കാനും ഒന്നുമല്ലെങ്കിൽ ഒപ്പം നിൽക്കാനും അവർക്കു കഴിയാതെ പോകുന്നത് സംഘടനാപരമായ പരമദയനീയതയെ മാത്രമല്ല വെളിപ്പെടുത്തുന്നത്. അതിനെല്ലാമുപരി
    നിങ്ങളിൽ തെറ്റുെ ചെയ്യാത്തവർ കല്ലെറിയട്ടെ എന്നെ ബൈബിൾ വചനത്തെ തന്നെയാണ് ഓർമ്മിപ്പിക്കുന്നത്.
    സൈന്താദ്ധികമായിട്ടെങ്കിലും ഒരു ജനകീയ നിലപാടുകളുടെ ഭൂതകാലം പോലുമില്ലാതിരിക്കുന്ന ഇത്തിൾക്കണ്ണി രാഷ്ട്രീയക്കാരിൽ നിന്ന് ഇതിലധികം പ്രതീക്ഷിക്കുന്നത് മൗഢ്യമാകും.

Leave a Reply