അക്ഷരങ്ങള്‍ ‘നശിക്കാത്ത’താണ്, അഥവാ നശിക്കാന്‍ അനുവദിച്ചു കൂടാത്തതാണ്.

മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (2022 ജനുവരി 16) ഞാനെഴുതിയ ‘ഡിജിറ്റല്‍ കാലത്ത് അപ്രത്യക്ഷമാകുന്ന അക്ഷരങ്ങള്‍’ എന്ന ലേഖനത്തിന് ഡോ. തമ്പാന്റെ ദീര്‍ഘമായ പ്രതികരണം രണ്ടാഴ്ച കഴിഞ്ഞ് പ്രത്യക്ഷപ്പെട്ടു. (‘ഹുസൈനോട് യോജിച്ചും വിയോജിച്ചും.’ വായനക്കാര്‍ എഴുതുന്നു. മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ജനുവരി 30). എന്റെ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം The Critic ല്‍ വരികയുണ്ടായി. മലയാള അക്ഷരങ്ങളെ വീണ്ടും വെട്ടിമുറിക്കാനായി 1997 കാലത്ത് അരങ്ങേറിയ കുപ്രസിദ്ധമായ ‘മലയാളത്തനിമ’ പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളും, അക്കാലത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമായിരുന്നു ഡോ. തമ്പാന്‍. പ്രസ്ഥാനത്തിന്റെ താത്വികാചാര്യന്‍ ഡോ. പ്രബോധചന്ദ്രന്‍ നായരായിരുന്നു. തമ്പാന്‍ ഉന്നയിച്ച വിയോജനങ്ങളും മറുപടിയും താഴെ.

ഡോ. തമ്പാന്‍- ‘മലയാള ഭാഷയില്‍ ആദ്യത്തെ ലിപി പരിഷ്‌ക്കരണം നടത്തിയത് 1824 ല്‍ ബെഞ്ചമിന്‍ ബെയ്ലിയാണ്. തൊള്ളായിരത്തില്‍ പരം ലിപികള്‍ ഉള്ളതുകൊണ്ടാണ് മലയാള ഗ്രന്ഥങ്ങള്‍ ഉണ്ടാകാത്തതെന്നും ബെയ്ലി അഭിപ്രായപ്പെട്ടു.’

ഹുസൈന്‍:- ബെഞ്ചമിന്‍ ബെയ്ലി 1824 ല്‍ ചെയ്തത് ലിപി പരിഷ്‌കരണമല്ല, ലിപി ഏകീകരണമാണ്. തെക്കും വടക്കുമായി വട്ടെഴുത്തിലും കോലെഴുത്തിലും ആര്യ എഴുത്തിലും പ്രചാരത്തിലുണ്ടായിരുന്ന വ്യത്യസ്ത അക്ഷരരൂപങ്ങളെ ഭാരതീയ അക്ഷരങ്ങളുടെ പൊതുഘടനയില്‍ ഡിസൈന്‍ ചെയ്ത് ഇന്ന് നാം അറിയുന്ന അക്ഷരങ്ങള്‍ സജ്ജമാക്കി. ഇതിനായി അദ്ദേഹം 1000-ലേറെ അച്ചുകള്‍ (പഞ്ചുകള്‍) ഡിസൈന്‍ ചെയ്‌തെന്ന് ബെയ്‌ലിയെ കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തില്‍ ഡോ. ബാബു ചെറിയാന്‍ വെളിപ്പെടുത്തുന്നു. ഇത്രയ്ക്കും വൈപുല്യമുള്ള ജോലി ഒട്ടേറെ പ്രതിബന്ധങ്ങള്‍ തരണംചെയ്ത് അദ്ദേഹം സസന്തോഷം ഏറ്റെടുക്കുകയാണുണ്ടായത്. അത്രയ്ക്കും അക്ഷരങ്ങള്‍ പരിരക്ഷിച്ചുകൊണ്ടായിരിക്കണം മലയാളം അച്ചടി സാക്ഷാത്ക്കരിക്കേണ്ടതെന്ന് അദ്ദേഹത്തിന് ഉറച്ച ബോദ്ധ്യമുണ്ടായിരുന്നു. അങ്ങനെയാണ് മലയാളത്തിന്റെ സമ്പന്നമായ അക്ഷരങ്ങളെല്ലാം വരുംതലമുറക്കായി രൂപകല്പനചെയ്ത് അദ്ദേഹം സംരക്ഷിച്ചത്. തൊള്ളായിരത്തില്‍പരം ലിപികളുടെ താങ്ങാനാവാത്ത ഭാരം പറഞ്ഞുണ്ടാക്കിയത് പിന്നീട് കണ്ടത്തില്‍ വറുഗ്ഗീസ് മാപ്പിളയാണ്. മനോരമയുടെ സാമ്പത്തിക താല്പര്യമായിരുന്നു ഇതിനു പിന്നില്‍. ലോഹഅച്ചുകള്‍ തീര്‍ത്തും അപ്രത്യക്ഷമായ ഈ ഡിജിറ്റല്‍ കാലത്ത് ബെയ്‌ലിയുടെ ദീര്‍ഘവീക്ഷണം കൂടുതല്‍ ബലപ്പെടുന്നു.

ഡോ. തമ്പാന്‍- ‘ആറു മലയാളിക്ക് നൂറു മലയാളം എന്ന അവ്യവസ്ഥ മാറ്റാനാണ് എന്‍. വി. കൃഷ്ണവാര്യരുടെ നേതൃത്വത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഏകീകൃത ലിപി വ്യന്യാസ രീതി ആവിഷ്‌ക്കരിച്ചത്. . . . . 500 ല്‍ നിന്ന് 90 ആയി ലിപികള്‍ കുറച്ചുകൊണ്ട് 1970 ല്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്കി. ഇതു സംബന്ധിച്ച ഉത്തരവില്‍ ഈ ലിപി പരിഷ്‌കരണം സര്‍ക്കാറിന്റെ ടൈപ്പിംഗ് ആവശ്യത്തിനുവേണ്ടി മാത്രമാണെന്നും മറ്റൊന്നിനും ഇതു ബാധകമല്ലെന്നും പ്രത്യേകം പറഞ്ഞിരുന്നു. എന്നിട്ടും എഴുപതുകള്‍ മുതലുള്ള തലമുറ പുതിയ ലിപി സ്വീകരിച്ചു.’

ഹുസൈന്‍:- 1970-ല്‍ ശൂരനാട്ടു കുഞ്ഞന്‍പിള്ള ചെയര്‍മാനായ ലിപി പരിഷ്‌കരണ സമിതി റിപ്പോര്‍ട്ടു സമര്‍പ്പിക്കുമ്പോള്‍ അതിന്റെ അവസാന ഖണ്ഡികയില്‍ വ്യക്തമായി പറഞ്ഞ കാര്യം, ‘ഇതു കുട്ടികളെ പഠിപ്പിക്കാനുള്ളതല്ല’ എന്നാണ്. ഇതിനെ അട്ടിമറിച്ചാണ് 1974-ല്‍ ഒന്നാം പാഠപുസ്തകത്തില്‍ പരിഷ്‌ക്കരിച്ച ലിപി പ്രത്യക്ഷപ്പെടുന്നത്. പിന്നീടുള്ള ഓരോ വര്‍ഷവും ശേഷമുള്ള ക്ലാസ്സുകളില്‍ വെട്ടിമുറിച്ച അക്ഷരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അദ്ധ്യാപകര്‍ മനസ്സില്ലാ മനസ്സോടെ കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങി. ബോര്‍ഡുകളില്‍ പലരും പഴയ ലിപിയില്‍തന്നെ എഴുതി. പാഠപുസ്തകത്തില്‍ കുട്ടികള്‍ പരിഷ്‌കരിച്ച ലിപിയുടെ സന്ദേഹങ്ങളില്‍ കുടുങ്ങി. വര്‍ഷങ്ങള്‍ കഴിയവെ അദ്ധ്യാപകരിലും വിദ്യാര്‍ത്ഥികളിലും പഴയതും പുതിയതും കൂടിക്കലര്‍ന്ന ഒരു സങ്കരലിപി പ്രത്യക്ഷപ്പെട്ടു. ഡി.റ്റി.പി. വന്നതോട*!*!*!െ ഈ അവ്യവസ്ഥ കൂടുതല്‍ രൂക്ഷമായി. 2006-ല്‍ യൂണികോഡ് രചനയുടെ പ്രചാരത്തോടെ ഈയൊരവ്യവസ്ഥ മാറിവരാനുള്ള സാദ്ധ്യതകള്‍ തെളിഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളിലെ ഇ-ഫയലിംഗ് രചനയുടെ തനതുലിപി പിന്‍പറ്റുന്ന മീര ഫോണ്ടിലായിരിക്കണമെന്ന് ഈയിടെയിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് ഇതിലേക്കുള്ള കാല്‍വെപ്പാണ്. യൂണികോഡില്‍ ടൈപ്പ്‌സെറ്റ് ചെയ്യുന്ന മലയാള പാഠപുസ്തകങ്ങളുടെ HTML പാഠങ്ങള്‍ വിദ്യാര്‍ത്ഥികളിന്ന് സ്മാര്‍ട്ട് ക്ലാസ്സ്‌റൂമുകളില്‍ ‘പഴയ’ ലിപിയിലാണ് കാണുന്നതും വായിക്കുന്നതും. ആ തനതക്ഷരങ്ങള്‍ പഠിപ്പിക്കാന്‍ ഇന്ന് അദ്ധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. (അക്ഷരമാലയില്ലാത്ത പാഠപുസ്തകങ്ങള്‍ പ്രചരിക്കുമ്പോഴും മറുവശത്ത് ഭാഷാബോധവും ചരിത്രബോധവുമുള്ള അദ്ധ്യാപകര്‍ പുത്തന്‍ ബോധന സിദ്ധാന്തങ്ങളെ മാനിക്കാതെ കുട്ടികളെ ‘എഴുത്തി’നിരുത്തുന്നു.) സന്ധിബന്ധങ്ങള്‍ തകര്‍ത്ത അക്ഷരങ്ങള്‍ കുട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച് മലയാള ബോധനത്തില്‍ ഒടുങ്ങാത്ത സന്നിഗ്ദ്ധതകള്‍ സൃഷ്ടിച്ചിട്ട്, എത്ര നിസ്സാരമായാണ് ‘എണ്ണത്തില്‍ കുറഞ്ഞ പുതിയ ലിപി വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചു’ എന്ന് ഡോ. തമ്പാന്‍ പറയുന്നത്. അതിന്റെ ഫലമായി ഇന്ന് ആറു മലയാളിക്ക് അറനൂറു മലയാളമെങ്കിലുമുണ്ട്! 1970 ലെ പരിഷ്‌ക്കരണ സമിതിയുടെ പ്രധാന ലക്ഷ്യമായ ഭരണഭാഷ ദശകങ്ങള്‍ കഴിഞ്ഞിട്ടും എത്രത്തോളം മലയാളമായെന്ന് നമുക്കെല്ലാം അറിയാം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഡോ. തമ്പാന്‍- ‘പത്രപ്രവര്‍ത്തകരും അദ്ധ്യാപകരും കേരള സര്‍ക്കാരും അംഗീകരിച്ച് നടപ്പിലാക്കിയതാണ് ഈ ലിപിവ്യന്യാസം. എന്‍. വി. ഡയറക്ടറായിരിക്കുന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുപോലും ഈ ലിപിവ്യന്യാസം ഇന്നു പിന്‍തുടരുന്നില്ല.’

ഹുസൈന്‍:- 2017 മുതല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ജേര്‍ണലായ ‘വിജ്ഞാന കൈരളി’ രചനയുടെ തനതുലിപിയില്‍ അച്ചടിച്ചിറങ്ങുന്നു. ഇന്നിപ്പോള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന അനേകം ഗ്രന്ഥങ്ങള്‍ രചനയുടെ പഴയ ലിപിയിലാണ്. ഗായത്രി എന്ന പേരില്‍ രചനയുടെ ശ്രേണിയില്‍ ഒരു തനതുലിപി ഫോണ്ടുപോലും ഇന്‍സ്റ്റിറ്റ്യൂട്ട് ഇറക്കി. പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കായി ‘കേരള ഭാഷാ പാഠാവലി’ എന്ന പേരില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അച്ചടിച്ചിറക്കിയ പുസ്തകം ഇന്നവരുടെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന പുസ്തകമാണ്. മലയാളത്തിന്റെ പഴയലിപിയില്‍ വിന്യസിച്ചിരിക്കുന്ന ആ പാഠപുസ്തകം ലിപിപരിഷ്‌കരണത്തിന്റെ അന്തഃസത്തയെ തീര്‍ത്തും നിഷ്ഫലമാക്കിയിരിക്കുന്നു. ഇതിനൊക്കെ നേതൃത്വം കൊടുത്തത് ഈയിടെ വിരമിച്ച ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. കാര്‍ത്തികേയന്‍ നായരാണ്. ഡോ. തമ്പാനും മറ്റും വികലമായി പ്ലാന്‍ചെയ്ത ‘മാനകീകൃത ലിപി വ്യന്യാസം’ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും ടെക്‌നോളജിയും പരിഗണിച്ചതേയില്ല എന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നു തന്നെ സ്പഷ്ടമാണ്.

ഡോ. തമ്പാന്‍- ‘കംമ്പ്യൂട്ടറിന് ഭാഷയെ സജ്ജമാക്കുക എന്നതിനോടൊപ്പം മലയാള ഭാഷാപ്രയോഗത്തിലെ അവ്യവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് 1997-ല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ‘മലയാളത്തനിമ’ ആരംഭിച്ചത്. . . . . ഗ്രാമര്‍ ചെക്ക്, സ്‌പെല്‍ ചെക്ക് സംവിധാനം മലയാള ഭാഷയിലും ആവിഷ്‌ക്കരിക്കുന്നതിന് വേണ്ടിയാണ് ഏകീകരണം നടത്തിയത്. ഒരു പരിധിവരെ അവ്യവസ്ഥ ദുരീകരിക്കാന്‍ മലയാളത്തനിമയ്ക്കു കഴിഞ്ഞു.”

ഹുസൈന്‍:- ചിഹ്നനത്തിലും അകലമിടലിലും മാനകീകരണം കൊണ്ടുവരാനുള്ള ശ്രമം എന്നാണ് മലയാളത്തനിമയെ കുറിച്ചു പറയുമ്പോള്‍ ഡോ. തമ്പാന്‍ വാചാലനാകുന്നത്. എന്നാല്‍ ആ പ്രസ്ഥാനം ഉന്നംവച്ച പ്രധാന ലക്ഷ്യം അദ്ദേഹം മനപ്പൂര്‍വ്വം മറച്ചുപിടിക്കുന്നു. ഭാഷയില്‍ ‘റ’ കാരവും ‘ഋ’ കാരവും വേണ്ട, പകരം ‘റ’ യും ‘ര’ യും ഉപയോഗിച്ച് പിരിച്ചെഴുതിയാല്‍ മതി എന്നതായിരുന്നു മലയാത്തനിമയുടെ പ്രധാന നിര്‍ദ്ദേശം. അതായത് ക്രമം -> ക്‌റമം, കൃഷി -> ക്‌റ്ഷി എന്നിങ്ങനെ. ആ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ ഡോ. പ്രബോധചന്ദ്രന്‍ നായര്‍ സ്വന്തം പേരുപോലും ‘പ്‌റബോധചന്ദ്രന്‍’ എന്നാക്കി മാറ്റിക്കളഞ്ഞു!

മലയാളിത്തനിമ നടപ്പിലായില്ലെങ്കിലും ഭാഷയ്ക്ക് പക്ഷെ വലിയൊരു നേട്ടമുണ്ടായി. അതു നടപ്പിലാക്കാന്‍ ശ്രമിച്ച ഭാഷാഭാസത്തിനെതിരെയായിരുന്നു ആര്‍. ചിത്രജകുമാറിന്റെ നേതൃത്വത്തില്‍ ‘രചന അക്ഷരവേദി’യുടെ പ്രചരണപ്രവര്‍ത്തനങ്ങള്‍ 1999-ല്‍ ആരംഭിക്കുന്നത്. ഭാഷയുടെ അക്ഷരസമുച്ചയത്തെ ന്യൂനവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സമഗ്ര ലിപിസഞ്ചയം അദ്ദേഹം രൂപപ്പെടുത്തുകയും അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം 2004 ല്‍ യൂണികോഡ് വന്നപ്പോള്‍ നഷ്ടപ്പെട്ട എല്ലാ അക്ഷരരൂപങ്ങളേയും ഒരൊറ്റ ഫോണ്ടില്‍ വിന്യസിക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തു.

വ്യാകരണ പരിശോധനയുടെ കാര്യം അവിടെ നില്‍ക്കട്ടെ, അതിനേക്കാളാദ്യം സാധിച്ചെടുക്കേണ്ട ‘സ്‌പെല്‍ ചെക്കി’നായി ഇദ്ദേഹം ഡയറക്ടറായിരുന്ന ഒരു പതിറ്റാണ്ടുകാലത്ത് ഒരു പ്രോട്ടോ ടൈപ്പുണ്ടാക്കാന്‍ പോലും കഴിഞ്ഞില്ല. വര്‍ഷമേറെ കഴിഞ്ഞിട്ടും മലയാളത്തിലെ സ്‌പെല്‍ ചെക്ക് ഒരു മരീചികയായി തുടരുന്നു. ഭരണഭാഷ മലയാളമായതുപോലെ മലയാളത്തിലെ സ്‌പെല്‍ ചെക്കും അനന്തമായി നീണ്ടുപോകുകയാണ്. രണ്ടുപതിറ്റാണ്ടു കഴിഞ്ഞു ഇതു പറയാന്‍ തുടങ്ങിയിട്ട്. കേരള സര്‍ക്കാറിന്റെ ഇലക്ട്രോണിക്-ഡിജിറ്റല്‍ സ്ഥാപനങ്ങള്‍ക്കോ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനോ, മലയാളത്തിനു വേണ്ടി മാത്രമുണ്ടായ സര്‍വ്വകലാശാലയ്‌ക്കോ ഇതിനായി ഒരു പദ്ധതിയും ഇന്നില്ല. ഏകീകൃത കോഡിംഗ് വ്യവസ്ഥയായ മലയാളം യൂണികോഡില്‍ ഇതു ശ്രമിച്ചു നോക്കാന്‍ പണ്ടത്തേക്കാള്‍ ഇന്ന് സാദ്ധ്യത ഏറെയാണ്. എന്നിട്ടും സ്‌പെല്‍ ചെക്ക് ഉണ്ടാക്കാന്‍ നാം മറന്നുപോകുന്നു. ഒരു സമിതിയും ഇതിനായി സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല. പകരം ലിപി സമിതികള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു!

യൂണികോഡ് മലയാളത്തെ സാങ്കേതിക മികവുള്ളതാക്കി തീര്‍ത്തത് ഒരു വേതനവും പറ്റാതെ പ്രവര്‍ത്തിച്ച സന്നദ്ധ സംഘടനകളാണ് — സ്വതന്ത്ര മലയാളം കമ്പ്യൂട്ടറിംഗും (SMC) രചന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൈപ്പോഗ്രഫിയും (RIIT) സായാഹ്ന ഫൗണ്ടേഷനും. മലയാള ഭാഷാസാഹിത്യത്തിന്റെ കിടയറ്റ ഡിജിറ്റല്‍ ആര്‍ക്കൈവ് പബ്ലിക് ഡൊമൈനില്‍ ഉണ്ടാക്കിയെടുത്തത് ‘സായാഹ്ന’യാണെന്ന് ഓര്‍ക്കുക. ഇവര്‍ നടത്തിയ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംഘങ്ങള്‍ നോക്കുകുത്തിയായേ ഇതുവരെ നിന്നിട്ടുള്ളൂ. എന്തെങ്കിലും ചെയ്തുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇടയ്ക്കിടെ കാലത്തേയും സാങ്കേതികതയേയും മാനിക്കാത്ത ചില സര്‍ക്കാര്‍ സമിതികള്‍ തലപൊക്കുന്നു, അധികം താമസിയാതെ അപ്രത്യക്ഷമാകുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡോ. തമ്പാന്‍- ‘ഭാഷാ കമ്പ്യൂട്ടിംഗിന്റെ വളര്‍ച്ചയില്‍ സി. ഡിറ്റ്, ഇ.ആര്‍ & ഡി.സി. കെല്‍ട്രോണ്‍ എന്നീ സ്ഥാപനങ്ങളോടൊപ്പം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനും നിര്‍ണ്ണായകമായ പങ്കുണ്ട്. . . . കംമ്പ്യൂട്ടിംഗിന്റെ മലയാളം കീബോര്‍ഡ് ലേഔട്ടും ക്യാരക്റ്റര്‍ എന്‍കോഡിംഗും മാനകീകരിക്കുന്നതിന് പി. ഗോവിന്ദപിള്ള ചെയര്‍മാനായും ഈ ലേഖകന്‍ (തമ്പാന്‍) കണ്‍വീനറായും ഒരു കമ്മറ്റിയെ 2000-ല്‍ നായനാര്‍ സര്‍ക്കാര്‍ നിയോഗിക്കുകയുണ്ടായി.’

ഹുസൈന്‍:- ഭാഷാ കമ്പ്യൂട്ടിംഗിന്റെ പ്രവര്‍ത്തനങ്ങളെ പിറകോട്ടടിക്കുന്ന നിലപാടുകളാണ് മേല്‍പ്പറഞ്ഞ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കാലാകാലങ്ങളില്‍ സ്വീകരിച്ചത്. 2004 ല്‍ ഭാഷാ കമ്പ്യൂട്ടിംഗിനെ ആധൂനികവല്‍ക്കരിച്ച യൂണികോഡ് മലയാളത്തെ സര്‍വ്വസജ്ജമാക്കിയത് അതിനും അഞ്ചുവര്‍ഷം മുമ്പേ ആരംഭിച്ച രചന അക്ഷരവേദിയാണെന്ന് ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. രചനയെ തകര്‍ക്കാനും നിശ്ശബ്ദമാക്കാനും അതിന്റെ ആരംഭകാലം മുതലേ ഡോ. തമ്പാനും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും ശ്രമിക്കുകയുണ്ടായി. ലക്ഷക്കണക്കിനു രൂപ പൊതുഖജനാവില്‍ നിന്ന് ഇതിനായി ചിലവഴിച്ചു. മലയാള ലിപിയെ 90 ല്‍ നിന്ന് 60 ആക്കി വെട്ടിച്ചുരുക്കാനുള്ള രണ്ടാം പരിഷ്‌ക്കരണ ശ്രമമായ ‘മലയാളത്തനിമ’ തീര്‍ത്തും വിസ്മൃതമായെന്നു മാത്രമല്ല, രചന അവതരിപ്പിച്ച സമഗ്ര ലിപിസഞ്ചയം യൂണികോഡ് മലയാളത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തിരിക്കുന്നു.

1999-ല്‍ അക്ഷര സാങ്കേതികതയില്‍ രചന ഇളക്കിവിട്ട പ്രകമ്പനത്തെ തടുക്കാനായാണ് പി. ഗോവിന്ദപിള്ള ചെയര്‍മാനായി കീബോര്‍ഡ് മാനകീകരണ കമ്മറ്റിയുണ്ടാക്കിയത്. ഫലമോ? മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം ചുരുങ്ങിയത് മുപ്പതുതരം കീബോര്‍ഡുകളെങ്കിലും മലയാളത്തിലുണ്ട്! ലിപ്യന്തരണത്തിന് മാത്രമായി എത്രയെണ്ണമാണുള്ളത് — വരമൊഴി, മൊഴി കീമാന്‍, ഗൂഗിള്‍ ട്രാന്‍സിറ്ററേഷന്‍, യാഹൂ ട്രാന്‍സ്ലിറ്ററേഷന്‍, സ്വനലേഖ, മഷിത്തണ്ട്….. മൊബൈലില്‍ സംസാരിച്ചും വിരലുകൊണ്ടെഴുതിയും ഇന്ന് ടെക്സ്റ്റ് സന്നിവേശിപ്പിക്കാമെന്നിരിക്കെ, കീബോര്‍ഡും കൂട്ടക്ഷരങ്ങളും ലിപിയുമൊക്കെ മാനകീകരിക്കാനായി ഈ 2022 ലും പുതിയ സമിതികളുണ്ടായിക്കൊണ്ടേയിരിക്കുകയാണ് ! വെട്ടിവെട്ടി വീണ്ടും കുറയ്ക്കാന്‍ ഭാഷാ സിദ്ധാന്തങ്ങളവതരിപ്പിച്ച ഡോ. പ്രബോധചന്ദ്രന്‍ നായരും ഈ മാനകീകരണ സമിതിയില്‍ സ്ഥാനം പിടിച്ചിരിക്കുന്നുവെന്ന് അറിയുക.

മലയാളത്തില്‍ യൂണികോഡ് സംവിധാനം വന്നിട്ട് 18 വര്‍ഷങ്ങളായിരിക്കുന്നു. ഇപ്പോഴും അതിന്റെ ശക്തിയും സാദ്ധ്യതയും മനസ്സിലാക്കാന്‍ ഈ മാനകീകരണക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. കീബോര്‍ഡുകളില്‍നിന്നും പഴയ-പുതിയ അക്ഷരങ്ങളെന്ന വേര്‍തിരിവില്‍നിന്നും തികച്ചും സ്വതന്ത്രമായ ഒരു അക്ഷര പ്രതിനിധാന വ്യവസ്ഥയാണ് യൂണികോഡ് എന്ന പ്രാഥമിക പ്രമാണം പോലും ഇനി എന്നാണ് ഈ പണ്ഡിതവരേണ്യന്മാര്‍ മനസ്സിലാക്കുക? തനിക്കിഷ്ടപ്പെട്ട സന്നിവേശ രീതിക്കനുസൃതമായി ഒരു കീബോര്‍ഡ് ഡിസൈന്‍ ചെയ്യാനും ഉപയോഗിക്കാനും ഇന്ന് കഴിയും എന്ന സര്‍വ്വസ്വതന്ത്രമായ അവസ്ഥയെ മനസ്സിലാക്കാന്‍ കഴിയാതെ ഇവര്‍ നിരര്‍ത്ഥകമായി പുതിയ സമിതികള്‍ ഉണ്ടാക്കുകയും കൂടിക്കൊണ്ടിരിക്കുകയും ടി.എ./ഡി.എ പോക്കറ്റിലാക്കുകയും ചെയ്യുന്നു. കൂട്ടക്ഷരങ്ങള്‍ ഏതുവേണം, ഏതുവേണ്ട എന്ന് സ്‌ക്രീനില്‍ കാണാനും പ്രിന്റ് ചെയ്യാനുമുള്ള അവകാശം ഉപഭോക്താവിന് കിട്ടിയിട്ട് രണ്ടുപതിറ്റാണ്ടായിരിക്കുന്നു. ഇപ്പോഴും ഏതുവേണം, ഏതുവേണ്ട എന്ന് സമിതിക്കാര്‍ തലപുകഞ്ഞാലോചിക്കുകയാണ്!

മലയാളത്തിന്റെ ക്യാരക്റ്റര്‍ എന്‍കോഡിംഗ് നിശ്ചയിച്ചത് 2000 ലെ അദ്ദേഹം കണ്‍വീനറായ സമിതിയാണെന്ന് ഡോ. തമ്പാന്‍ വമ്പു പറയുന്നു. അതിനും പന്ത്രണ്ട് വര്‍ഷം മുമ്പേ 1988-ല്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് രൂപപ്പെടുത്തിയ ‘ഇസ്‌കി ‘(ISCII – Indian Script Code for Information Interchange) അടിസ്ഥാനപ്പെടുത്തിയാണ് യൂണികോഡ് കണ്‍സോര്‍ഷ്യം മലയാളത്തിന്റെ ക്യാരക്റ്റര്‍ എന്‍കോഡിംഗ് നിശ്ചയിച്ചത്. മൂന്നുവര്‍ഷം കഴിഞ്ഞ് 1991-ല്‍ ദേവനാഗരി, ബംഗാളി, ഗുരുമുഖി, ഗുജറാത്തി, ഒറിയ, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകള്‍ക്കായി ആദ്യ കോഡ് പേജ് ചാര്‍ട്ട് UTC/1991-056 നിലവില്‍ വന്നു.

ഇന്ത്യന്‍ ഭാഷകളില്‍ ഡി.റ്റി.പി. വ്യാപകമാക്കിയതില്‍ സൊണാറ്റ, ശ്രീലിപി, സിഡാക്-പൂന എന്നീ സ്ഥാപനങ്ങളുടെ പങ്കിനെ തമസ്‌ക്കരിച്ച് പകരം സിഡിറ്റിനേയും ഇ.ആര്‍. ആന്റ് ഡി.സി. യേയും കെല്‍ട്രോണിനേയും, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനേയും പ്രതിഷ്ഠിക്കാന്‍ ഡോ. തമ്പാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആസ്‌ക്കിയുടെ കാലത്തോ പിന്നീട് യൂണികോഡ് കാലത്തോ മനുഷ്യര്‍ക്ക് നേരാംവണ്ണം ഉപയോഗിക്കാനുള്ള ഒരു ഫോണ്ടുപോലും ഉണ്ടാക്കാനോ സ്വതന്ത്രമായി ഡിറ്റിപിക്കാര്‍ക്ക് എത്തിച്ചുകൊടുക്കാനോ ഈ സ്ഥാപനങ്ങള്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. ഇതിനായി ലക്ഷങ്ങള്‍ ചിലവഴിച്ച ‘പ്രൊജക്ടുകള്‍’ ഇവരുണ്ടാക്കിയെന്നത് സത്യമാണ്.

ഡോ. തമ്പാന്‍- ‘പാവങ്ങളുടേയും ആദിവാസികളുടേയും മക്കള്‍ക്കുവേണ്ടിയാണ് പഴയ ലിപിക്കുവേണ്ടി വാദിക്കുന്നതെന്ന് ലേഖനത്തില്‍ കണ്ടു. 500 അക്ഷരങ്ങള്‍ പഠിക്കുന്നതിനേക്കാള്‍ 90 അക്ഷരം പഠിക്കുന്നതാണ് എളുപ്പമെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി ആദിവാസികള്‍ക്കും തൊഴിലാളികള്‍ക്കുമുണ്ട്.’

ഹുസൈന്‍:- പുത്തന്‍ ബോധനസമ്പ്രദായത്തിന്റെ ഫലമായി അക്ഷരങ്ങള്‍ വേണ്ടുംവണ്ണം പഠിപ്പിക്കാത്തതു മൂലം പുറമ്പോക്കിലാവുന്നത് പാവപ്പെട്ടവരുടേയും ആദിവാസികളുടേയും കുട്ടികളാണ് എന്നാണ് ഞാന്‍ എഴുതിയത്. പരിഷ്‌കരിച്ച ലിപിയുടെ 90 എണ്ണത്തിനെ വീണ്ടും വെട്ടിയ ‘മലയാളത്തനിമ’യുടെ 60 അക്ഷരങ്ങള്‍ പഠിക്കുന്നതാണ് സാമാന്യബുദ്ധി എന്ന് അദ്ദേഹം പറയാതിരുന്നത് ഭാഗ്യം.

ഡോ. തമ്പാന്‍- ‘ലിപികള്‍ 90 ആയി കുറഞ്ഞ 70-ലെ ലിപി പരിഷ്‌ക്കരണം തമസ്‌ക്കരിച്ച് അതിനു മുമ്പുണ്ടായിരുന്ന 500 ലിപികള്‍ പുനസ്ഥാപിക്കപ്പെടുമെന്നാണ് ഡോ. ഹുസൈന്‍ തന്റെ ലേഖനത്തിലൂട*!*!*!െ ആവശ്യപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ ക്യാപിറ്റല്‍ ലെറ്ററും സ്മാള്‍ ലെറ്ററുമുണ്ട്. ഇവയില്‍ ദൃഡതയുള്ള ഒന്നുമാത്രം മതിയെന്ന് വാദിക്കുന്നതുപോലെയാണ് പഴയ ലിപിമാത്രം മതിയെന്ന് ശഠിക്കുന്നത്. . . . . വരുംകാലങ്ങളില്‍ പുതിയൊരു സാങ്കേതിക വിദ്യയ്ക്കുവേണ്ടി ഭാഷയില്‍ മാറ്റങ്ങള്‍ വേണ്ടിവന്നാല്‍ ലിപി പരിഷ്‌ക്കരണം നടക്കും.’

ഹുസൈന്‍:- ലിപി പരിഷ്‌ക്കരണം തമസ്‌ക്കരിക്കണമെന്നത് പുതിയ ആവശ്യമല്ല. 1999 ലാണ് ഈ വാദവും 900 അക്ഷരങ്ങളും ഡിജിറ്റല്‍ മലയാളത്തില്‍ കടന്നുവരുന്നത്. രചനയുടെ വരവോടെ അപ്രസക്തനായ ഡോ. തമ്പാന്‍ 22 വര്‍ഷങ്ങള്‍ക്കുശേഷം കാലഹരണപ്പെട്ട വാദങ്ങള്‍ ക്ഷീണിച്ച സ്വരത്തില്‍ നിരത്തുകയാണ്. കാലങ്ങള്‍ കടന്നുപോയതും യൂണികോഡ് മലയാളത്തില്‍ 1000 ത്തിലേറെ അക്ഷരങ്ങള്‍ സ്ഥിരപ്രതിഷ്ഠ നേടിയതും ‘യുക്തി ഭാഷ’ പോലെയുള്ള അക്ഷരവ്യന്യാസത്തിന്റെ പൂര്‍ണ്ണതകള്‍ രചനയിലൂടെ ‘സായാഹ്ന’ സാക്ഷാല്‍ക്കരിച്ചതുമൊക്കെ അദ്ദേഹം ഇതേവരെ അറിഞ്ഞിട്ടില്ല. (https://books.sayahna.org/ml/pdf/yukthibhasha.pdf). സ്മാള്‍ ലെറ്ററും ക്യാപിറ്റല്‍ ലെറ്ററും നിലനിറുത്തിയാണ് ഇംഗ്ലീഷ് ഭാഷ ദൃഢമായിത്തീര്‍ന്നത്. അതാണതിന്റെ ശരിയായ രീതി. മലയാളം ദൃഢമാകാന്‍ പഴയ ലിപി നിലനിറുത്തിയെ പറ്റൂ എന്ന് ശഠിക്കാന്‍ ഇതും കാരണമാണ്.

‘എല്ലാം മാറ്റങ്ങള്‍ക്കു വിധേയമാകുന്നു. ലിപിയും മാറികൊണ്ടേയിരിക്കും’ എന്നത് ലളിതവല്‍ക്കരിക്കപ്പെട്ട അപകടകരമായ ഒരു ഭാഷായുക്തിയാണ്. അച്ചടിക്കുശേഷം ലോകഭാഷകളില്‍ ലിപികള്‍ ലോഹം പോലെ ഉറച്ചുപോയിരിക്കുന്നു. മലയാള അക്ഷരങ്ങളും അങ്ങനെതന്നെ. ഇനിയൊരു മാറ്റം ഉള്‍ക്കൊള്ളാന്‍ ഭാഷാസമൂഹങ്ങള്‍ക്ക് കെല്‍പ്പില്ല. ഇന്ന് എഴുതപ്പെടുന്നത് 500 വര്‍ഷങ്ങള്‍ക്കുശേഷം കൈമാറപ്പെടുകയും വായിക്കപ്പെടുകയും ചെയ്യണമെങ്കില്‍ ഇന്നുള്ള രൂപങ്ങള്‍ ഒരു കേടും കൂടാതെ അന്നും നിലനിന്നേ പറ്റൂ. ഇടയ്ക്കിടെ പരിഷ്‌ക്കരിച്ച് ഒരു ഭാഷയിലെ ലിഖിതവിജ്ഞാനം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വായിക്കാന്‍ പറ്റാതാക്കാന്‍ ഇനി ഒരു ഭാഷാസമൂഹവും നിന്നുകൊടുക്കില്ല. ചോസറുടെ ഇംഗ്ലീഷല്ല ഇന്നത്തെ ഇംഗ്ലീഷ് എന്ന് ഈ വാദത്തെ ഖണ്ഡിക്കാന്‍ പലരും ഉന്നയിക്കാറുണ്ട്. ശരിയാണ് ചോസര്‍ക്കു ശേഷം ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഒട്ടേറെ മാറ്റങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ഇനിയും മാറിക്കൊണ്ടിരിക്കും. എന്നാല്‍ ചോസര്‍ എഴുതിയ A തന്നെയാണോ ഇന്നത്തെ ഇംഗ്ലീഷിലെ A എന്നതാണ് ലിപി സംബന്ധിയായ പ്രശ്‌നം. എഴുത്തച്ഛന്‍ എഴുതിയ ‘അ’ തന്നെയാണോ ഇന്നത്തെ നമ്മുടെ ‘അ’ യും എന്നാണ് നാം തീര്‍ച്ചപ്പെടുത്തേണ്ടത്. അതിന്റെ ‘അനാവശ്യ’ കെട്ടുകള്‍ കുറച്ച് പകുതിയാക്കിയാല്‍ എഴുത്തിലും കാഴ്ചയിലും നമുക്ക് പലതും ലാഭിക്കാമല്ലൊ എന്ന ലളിത പരിഷ്‌ക്കരണ ചിന്തകളൊന്നും അക്ഷരങ്ങളോട് വിലപ്പോകില്ല.

അക്ഷരങ്ങള്‍ അതിന്റെ അര്‍ത്ഥം ധ്വനിപ്പിക്കുന്നതുപോലെ ‘നശിക്കാത്ത’താണ്, അഥവാ നശിക്കാന്‍ അനുവദിച്ചു കൂടാത്തതാണ്. അതിനാല്‍ ‘ഭാഷ മാറ്റങ്ങള്‍ക്കു വിധേയമാണ്, അക്ഷരങ്ങളൊഴികെ’ — ഇതാണ് അക്ഷരപ്രമാണം.

അക്ഷരങ്ങള്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply