ഗംഗയിലെ ചിതകളോര്‍ക്കുമോ ഫെബ്രുവരി-മാര്‍ച്ചിലെ വോട്ടര്‍മാര്‍?

ഇപ്പോള്‍ തിരഞ്ഞെടുപ്പുകള്‍ അനുസ്മരിപ്പിക്കുന്നത് ഉത്സവങ്ങളെയാണ്. ആഘോഷമാണ് അവയെല്ലാം. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥകളുടെ ചുവടുപിടിച്ച് അരങ്ങേറുന്ന ഈ ഉത്സവങ്ങളില്‍ ചര്‍ച്ചയാവുന്നത് ജാതിയും മതവും ഒക്കെ മാത്രമാണോ? ഈ ഉത്സവങ്ങള്‍ക്കിടയില്‍ തെരുവില്‍ തളം കെട്ടിക്കിടക്കുന്ന രക്തം ആര് കാണാനാണ്? ഗംഗയിലെ ചിതകളുടെ ചൂടില്‍ ഈ കൊടും ശൈത്യം അവസാനിക്കുമോ?

രാജ്യം കോവിഡിന്റെ നിഴല്‍വട്ടത്തില്‍ തുടരുകയാണെങ്കിലും റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ ഇത്തവണയും പതിവുപോലെ നടന്നു. തലസ്ഥാനത്ത് ആഘോഷങ്ങള്‍ നടക്കാറുള്ള ഇന്ത്യാഗേറ്റ് ചത്വരത്തില്‍ ചില മാറ്റങ്ങള്‍ പ്രധാനമന്ത്രിയുടെ താല്പര്യപ്രകാരം നടപ്പിലാക്കിയിരുന്നു. ഒന്ന്, ലോകമഹായുദ്ധത്തില്‍ മരണമടഞ്ഞ ഇന്ത്യക്കാരായ സൈനികരുടെ പേര് കൊത്തിവെച്ചിട്ടുള്ള ഇന്ത്യാഗേറ്റിന് മുന്നിലുള്ള അമര്‍ജവാന്‍ ജ്യോതി എന്ന ജ്വാല റിപ്പബ്ലിക് ദിനത്തിന് ഏതാനും ദിവസം മുമ്പ് അണയ്ക്കുകയുണ്ടായി. കുറച്ചുമാറി പുതിയതായി പണികഴിച്ചിട്ടുള്ള ദേശീയ യുദ്ധ സ്മാരകത്തിലെ ജ്വാലയില്‍ അത് ലയിപ്പിച്ചു എന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം.

രണ്ട്, ഇന്ത്യാഗേറ്റിന് മുന്നിലുള്ള, പണ്ട് ജോര്‍ജ്ജ് അഞ്ചാമന്റെ പ്രതിമ നിന്നിരുന്ന മേലാപ്പില്‍ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനമായി. പെട്ടെന്ന് എടുത്ത തീരുമാനമായതുകൊണ്ട് പ്രധാനമന്ത്രിക്ക് ഉദ്ഘാടനം ചെയ്യാന്‍ ബോസിന്റെ ഒരു ഹോളോഗ്രാം മാത്രമാണ് തയ്യാറാക്കപ്പെട്ടത്. രണ്ടുമൂന്നുനാള്‍ ആ ഹോളോഗ്രാം നിലകൊണ്ടു. പിന്നെ ശക്തമായ കാറ്റില്‍ അത് ഉലഞ്ഞില്ലാതെയായി. പ്രതീകാത്മകമാണ് നേതാജിയുടെ ഹോളോഗ്രാം സ്ഥാപനവും അതിന്റെ അണയലും.

ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്റെ ഹൃദയഭാഗം എന്നു വിളിക്കാവുന്ന ഇന്ത്യാ ഗേറ്റില്‍ നേതാജിയുടെ പ്രതിമ പ്രതിഷ്ഠാപനം നടത്തുമ്പോള്‍ ഭരണകൂടം പറയാന്‍ ശ്രമിക്കുന്നതെന്താണ്? കാക്കിയില്‍ പട്ടാള യൂണിഫോമില്‍ സല്യൂട്ട് ചെയ്യുന്ന നേതാജി ഒരു വിചാരധാരയാണ്. ഗാന്ധിജിയും നെഹ്റുവും അംബേദ്കറും ലോഹ്യയും ജെപിയുമൊക്കെ പ്രതിനിധാനം ചെയ്യുന്ന സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരയ്ക്കപ്പുറത്ത് സൈനിക നടപടിയിലൂടെ ഇന്ത്യയുടെ വിമോചനം ആഗ്രഹിച്ചു നേതാജി. സെക്കുലര്‍ എങ്കിലും സൈനിക സമഗ്രാധിപത്യത്തിന്റെ വാര്‍പ്പില്‍ പുതിയ ഒരു ഇന്ത്യയെ സൃഷ്ടിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ ഹിറ്റ്ലറും മുസ്സോളിനിയും ടോജോയുമായി സഖ്യം സ്ഥാപിക്കാന്‍ നേതാജി തയ്യാറായി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേതാജിയെ തള്ളിപ്പറഞ്ഞവര്‍ അല്ല ഗാന്ധിജിയും നെഹ്റുവും. നേതാജിയുടെ മകള്‍ അനിത ആദ്യമായി അച്ഛന്റെ ജന്മനാട്ടില്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് നെഹ്റു അയച്ചത് മകള്‍ ഇന്ദിരയെയാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനിലായിരുന്നു അനിത അന്ന് താമസിച്ചത്. പക്ഷേ നേതാജി വിഭാവന ചെയ്ത ഭരണസംവിധാനം അല്ല സ്വതന്ത്ര ഇന്ത്യയില്‍ സ്ഥാപിതമായത്. പരാജയപ്പെടാത്ത സമരവീര്യം എന്ന് നേതാജിയെ ലോഹ്യ വിശേഷിപ്പിച്ചിട്ടുണ്ട്.

മാര്‍ഗ്ഗം ലക്ഷ്യത്തെപ്പോലെ പ്രധാനമാണ് എന്നു കരുതിയ ജനാധിപത്യ ഇന്ത്യയില്‍ നേതാജി വിസ്മരിക്കപ്പെട്ടൊന്നുമില്ല. പക്ഷേ ഫാസിസത്തിന്റെ ക്രൂരത കണ്ടുപരിചയിച്ച ലോകത്തിന് മുമ്പില്‍ ഫാസിസത്തോട് ചേര്‍ന്നുനിന്ന നേതാജിയെ സ്ഥാപനവല്‍ക്കരിക്കാന്‍ സ്വതന്ത്ര ഇന്ത്യ തയ്യാറായിരുന്നില്ല. ഫാസിസ്റ്റ് സഖ്യത്തിലെ ഇന്ത്യന്‍ പ്രതിനിധിയെ ഇന്ത്യാഗേറ്റില്‍ റിപ്പബ്ലിക്കിന്റെ പ്രതീകമായി അവതരിപ്പിക്കുമ്പോള്‍ അതൊരു ആശയധാരയ്ക്ക് ആഭിമുഖ്യം പ്രഖ്യാപിക്കല്‍ കൂടിയാണ്. നേതാജിയെന്ന അണയാത്ത ജ്വാലയില്‍ സ്വാതന്ത്ര്യ ദാഹത്താല്‍ ഫാസിസത്തെക്കുറിച്ച് ആശയാന്ധത ബാധിച്ച ഒരു ദേശാഭിമാനിയും മതാതീതമായ ഒരു ദേശരാഷ്ട്രത്തെ സ്വപ്നം കണ്ട കാല്പനികനുമുണ്ട്. നേതാജിയില്‍ നിന്നും ഏത് തിരിയാണ് പുതിയ ഇന്ത്യ കൊളുത്താന്‍ പോകുന്നത്?

Give me blood,i will give you freedom എന്ന് വാഗ്ദാനം ചെയ്ത നേതാജിയുടെ 125-ാം ജന്മവാര്‍ഷികം ഹോളോഗ്രാം വഴി അനുസ്മരിക്കവേ ഉത്തര്‍പ്രദേശിലും ബീഹാറിലും ആയിരക്കണക്കിന് ചെറുപ്പക്കാര്‍ തൊഴില്‍ തേടി തെരുവില്‍ സമരം ചെയ്യുകയായിരുന്നു. റിപ്പബ്ലിക് ദിനത്തിന് സമരത്തിനിറങ്ങിയ തൊഴില്‍ അന്വേഷകര്‍ ട്രെയിനുകള്‍ക്ക് തീ കൊളുത്തി. നൂറുകണക്കിന് ചെറുപ്പക്കാരെ പോലീസ് തല്ലിച്ചതച്ചു. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ നോണ്‍-ടെക്നിക്കല്‍ പരീക്ഷ 60 ലക്ഷം പേരാണ് എഴുതിയത്. 1.25 കോടി പേര്‍ അപേക്ഷ നല്‍കിയിരുന്നു. 35,000 തൊഴില്‍ അവസരങ്ങളാണ് റെയില്‍വേ പരസ്യപ്പെടുത്തിയത്. പരീക്ഷയില്‍ അപാകതകള്‍ ആരോപിച്ചാണ് പരീക്ഷാര്‍ത്ഥികള്‍ തെരുവില്‍ ഇറങ്ങിയത്. സമരക്കാരെ തല്ലിയതില്‍ പ്രതിഷേധിച്ച് ജനുവരി 28 ന് ബീഹാറില്‍ ബന്ദും നടന്നു.

തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന പഴയ മുദ്രാവാക്യത്തിന് പുതിയ ജീവന്‍ കൈവരികയാണോ? സര്‍ക്കാരില്‍ അവസരങ്ങള്‍ ചുരുങ്ങിവന്നതോടെ സ്വകാര്യമേഖല കൊള്ളാവുന്ന തൊഴില്‍ അവസരങ്ങള്‍ അധികം സൃഷ്ടിക്കാത്ത ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ സ്തോഭജനകമായ അവസ്ഥ രൂപം കൊണ്ടിട്ടുണ്ട്. പതിനഞ്ച് കൊല്ലത്തിനുള്ളില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ ബാലന്‍സ് ചെറുപ്പക്കാരില്‍ നിന്നും മധ്യവയസ്‌ക്കരിലേക്കും വൃദ്ധരിലേക്കും മാറും. അത് സാമ്പത്തിക രംഗത്തെ productivity യെ efficiency യെ ഒക്കെ ബാധിക്കും. ഒട്ടും സാമ്പത്തിക സുസ്ഥിരത ഇല്ലാത്ത ഒരു രാജ്യത്ത് ഇതിന്റെ പ്രത്യാഘാതം അതിഭീകരമായിരിക്കും. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ വലിയ കൂട്ടങ്ങളെയാണ് യുപിയിലും മറ്റും ഹിന്ദുത്വശക്തികള്‍ തങ്ങളുടെ കാലാളുകള്‍ ആക്കിയിരിക്കുന്നത് vigilante പ്രവര്‍ത്തനത്തില്‍-കന്നുകാലി കച്ചവടക്കാര്‍ക്കെതിരെ, മുസ്ലിംകള്‍ക്കെതിരെ, റോമിയോ സ്‌ക്വാഡുകളുടെ രൂപത്തില്‍-തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ഭരണകൂടം ഉത്തര്‍പ്രദേശിലുണ്ട്. ഹിന്ദുസ്വത്വം എന്ന നരേറ്റീവില്‍ തൊഴില്‍ തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ മുങ്ങിപ്പോയിരുന്നു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പോലും തൊഴില്‍ ഒരു പ്രശ്നമായി ഉയര്‍ന്നുവന്നിട്ടില്ല.

ഇപ്പോള്‍ തിരഞ്ഞെടുപ്പുകള്‍ അനുസ്മരിപ്പിക്കുന്നത് ഉത്സവങ്ങളെയാണ്. ആഘോഷമാണ് അവയെല്ലാം. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥകളുടെ ചുവടുപിടിച്ച് അരങ്ങേറുന്ന ഈ ഉത്സവങ്ങളില്‍ ചര്‍ച്ചയാവുന്നത് ജാതിയും മതവും ഒക്കെ മാത്രമാണോ? ഉത്തര്‍പ്രദേശിന്റെ കാര്യമെടുക്കുക. എണ്‍പത് ലോക്സഭാ സീറ്റുകളുള്ള ഈ സംസ്ഥാനം ജയിക്കേണ്ടത് ബിജെപിക്ക് 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടാന്‍ അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ചും ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര- തെലുങ്കാന എന്നിവിടങ്ങളില്‍ അവരുടെ സ്വാധീനം ചുരുങ്ങിയിരിക്കവേ. അതു മാത്രമല്ല യു പി ആണിന്ന് പുതിയ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ലബോറട്ടറി. രാമക്ഷേത്രത്തിന്റെ മറവിലാണല്ലോ തൊണ്ണൂറുകളില്‍ ബിജെപി വളര്‍ന്നത്. ആ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച ഹിന്ദുസ്വത്വ രാഷ്ട്രീയത്തിന് എക്കാലത്തേക്കാളും കൂടുതല്‍ മുസ്ലിം വിരുദ്ധത യു പിയില്‍ കൈവന്നിട്ടുണ്ട്. ആ രാഷ്ട്രീയത്തിന്റെ വികാസമാണ് പൗരത്വഭേദഗതി നിയമം പോലുള്ള ഭരണനടപടികളില്‍ മോദി സര്‍ക്കാരിനെ കൊണ്ടെത്തിച്ചത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അതിഹൈന്ദവതയുടെ രാഷ്ട്രീയത്തിന് താഴേത്തട്ടില്‍ ഹിന്ദുദേശീയതയുടെ രാഷ്ട്രനിര്‍മ്മിതിയുടെ രൂപം കൂടിയുണ്ട്. വികസനം എന്നൊരു ഭ്രമാത്മകമായ മുദ്രാവാക്യവും അത് സൃഷ്ടിച്ചിട്ടുണ്ട്. കോവിഡ് കാലത്തു ലഭ്യമാക്കിയ റേഷന്‍ ധാന്യവും വീട് നിര്‍മ്മിക്കാനുള്ള സഹായവും കക്കൂസുമൊക്കെയായി ഹിന്ദുത്വ വികസന രാഷ്ട്രീയം തിരഞ്ഞെടുപ്പിനെ നേരിടുന്നു. ഇതൊന്നും ഫലിക്കാത്ത ഇടത്ത് ജിന്നയും പാക്കിസ്ഥാനും ഹിന്ദു പലായനപ്പേടിയുമൊക്കെ അമിത്ഷായുടെ നേതൃത്വത്തില്‍ ബിജെപി അവതരിപ്പിക്കുന്നുണ്ട്. ആദിത്യനാഥിന്റെ കാലത്ത് നടപ്പിലായ പോലീസ് രാജ് ധ്രുവീകരണം വഴി പാര്‍ട്ടി വോട്ടുകള്‍ നേടിക്കൊടുക്കുമെന്നും പലരും കരുതുന്നുണ്ട്.

മറുഭാഗത്ത് ഭരണ പരാജയമാണ് മുഖ്യ ചര്‍ച്ച. പ്രതിപക്ഷത്തിന്റെ നേതൃത്വം ഇപ്പോള്‍ സമാജ്വാദി പാര്‍ട്ടിക്കാണ്. സമാജ്വാദി രാഷ്ട്രീയമാകട്ടെ കൈപ്പറ്റിയിരിക്കുന്ന രാഷ്ട്രീയ മുദ്രാവാക്യം ജാതി ധ്രുവീകരണത്തിന്റേയാണ്. 1990കളിലെ മണ്ഡല്‍ രാഷ്ട്രീയത്തിനെ പിന്നോട്ടടിക്കുകയാണ് 2014 മുതല്‍ക്കുള്ള ഹിന്ദുത്വരാഷ്ട്രീയം എന്ന വാദത്തിന്മേലാണ് സമാജ്വാദി രാഷ്ട്രീയം തന്ത്രങ്ങള്‍ മെനയുന്നത്. മുസ്ലിം-യാദവ് എന്ന രണ്ട് ജനവിഭാഗങ്ങളിലേക്ക് സമാജ്വാദി ചുരുങ്ങിപ്പോയിരുന്നു എന്ന് അഖിലേഷ് യാദവ് തിരിച്ചറിയുന്നുണ്ട്. പാര്‍ട്ടിയുടെ സാമൂഹികാടിത്തറ വിപുലീകരിക്കുക എന്ന ലക്ഷ്യത്തില്‍ വിശാലമായ ഒരു പിന്നോക്കജാതി മഴവിലമുന്നണിയായി സമാജ്വാദി പാര്‍ട്ടിയെ മാറ്റാനുള്ള ബദ്ധപ്പാടിലാണ് അഖിലേഷ്. അസംഖ്യം ചെറിയ പിന്നോക്ക ജാതിപാര്‍ട്ടികളും നേതാക്കളുമായി സമാജ്വാദി പാര്‍ട്ടി ഇന്ന് സഖ്യത്തിലോ സംഭാഷണത്തിലോ ആണ്. കിഴക്കന്‍ യുപിയിലെ ശക്തനായ പിന്നോക്ക ജാതി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ ബിജെപിയില്‍ നിന്നും സമാജ്വാദി പാര്‍ട്ടിയിലേക്കുള്ള കൂറുമാറ്റം ഈ തിരഞ്ഞെടുപ്പ് തന്ത്രം വിജയിക്കുന്നതിന്റെ സൂചനയാണ്.

എന്നാല്‍ നേതൃത്വതലത്തില്‍ നടക്കുന്ന സംഭാഷണങ്ങള്‍ക്ക് അടിത്തട്ടില്‍ എത്രകണ്ട് ചലനമുണ്ടാക്കാന്‍ കഴിയും? തിരിച്ചുചോദിച്ചാല്‍, താഴെത്തട്ടില്‍ അസംതൃപ്തി ഇല്ലെങ്കില്‍ എന്തിനാണ് മൗര്യയെപ്പോലുള്ളവര്‍ അധികാരമില്ലാത്ത സമാജ്വാദി പാര്‍ട്ടിയിലേക്ക് ഇപ്പോള്‍ കൂറുമാറുന്നത്? പടിഞ്ഞാറേയറ്റത്ത് സമാജ്വാദി പാര്‍ട്ടി കര്‍ഷകസമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്ന ജാട്ട് സമുദായത്തിന്റെ രാഷ്ട്രീയമുഖമായ രാഷ്ട്രീയ ലോക്ദളുമായി സഖ്യത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ അടപടലം ബിജെപിക്ക് വോട്ട് ചെയ്തവരാണ് ജാട്ട് സമുദായം. മുസഫര്‍ നഗര്‍ കലാപവും മറ്റും സൃഷ്ടിച്ച വര്‍ഗ്ഗീയ ധ്രുവീകരണം പടിഞ്ഞാറന്‍ യുപിയില്‍ ബിജെപിക്ക് വലിയ കുതിപ്പ് നല്‍കിയിരുന്നു. കര്‍ഷകസമരം ആ ധ്രുവീകരണ രാഷ്ട്രീയത്തെ ദുര്‍ബ്ബലപ്പെടുത്തിയിട്ടുണ്ട്. ചരണ്‍സിംഗ് പണ്ട് സൃഷ്ടിച്ചെടുത്ത ജാട്ട്-മുസ്ലിം ഐക്യമെന്ന രാഷ്ട്രീയ മുദ്രാവാക്യം ഇപ്പോള്‍ വീണ്ടും തിരികെ എത്തിയിട്ടുണ്ട്. ഹിന്ദുത്വസ്വത്വമെന്ന മുദ്രാവാക്യം ഒരുവശത്തും മണ്ഡല്‍-കാര്‍ഷിക അജണ്ടകള്‍ മറുവശത്തുമായാണ് ഇവിടെ മത്സരം അരങ്ങേറുന്നത്. എല്ലായിടത്തും വിലക്കയറ്റം സംസാരവിഷയമാണ്.

കിഴക്കിനും പടിഞ്ഞാറിനുമിടയില്‍ അവധ് എന്ന ഉത്തര്‍പ്രദേശിന്റെ ഹൃദയഭാഗത്ത് രാഷ്ട്രീയ ധാരകള്‍ പലതാണ്. ബിഎസ്പിയും കോണ്‍ഗ്രസ്സുമൊക്കെ ഇവിടെ സജീവമാണ്. അവര്‍ സീറ്റുകള്‍ ജയിച്ചില്ലെങ്കിലും വിജയപരാജയങ്ങള്‍ തീരുമാനിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചേക്കാം. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് ഇറക്കിയിരിക്കുന്ന വൈല്‍ഡ് കാര്‍ഡ് സ്ത്രീ സ്ഥാനാര്‍ത്ഥികളാണ്. മതവോട്ടും ജാതിവോട്ടും നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിന് തിരിച്ചുവരാന്‍ വേണ്ടുന്ന ഒരു കോര്‍ വോട്ടായി സ്ത്രീകള്‍ മാറിയേക്കാം എന്ന് കോണ്‍ഗ്രസ്സ് കരുതുന്നു. ജാതി-മത സ്വത്വത്തിനപ്പുറത്ത് ഒരു ജെന്‍ഡര്‍ സ്വത്വം യു.പിയില്‍ ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അരങ്ങേറുകയാണ്. അയല്‍പക്കത്ത് ബീഹാറില്‍ നിതീഷ് കുമാര്‍ തനിക്കായി ഇങ്ങനെയൊരു മണ്ഡലം വിജയകരമായി സൃഷ്ടിച്ചെടുത്തതാണ്. ബിജെപിയുടെ സുരക്ഷാ മുദ്രാവാക്യം ലക്ഷ്യമിടുന്നത് സ്ത്രീകളെയാണ്. ആ വോട്ടിലാണ് കോണ്‍ഗ്രസ്സിന്റെ കണ്ണ്. സമാജ്വാദി പാര്‍ട്ടിക്ക് പോകാന്‍ ഇടയില്ലാത്ത ഈ വോട്ട് കോണ്‍ഗ്രസ്സ് പിടിച്ചാല്‍ നഷ്ടം ബിജെപിക്കായിരിക്കും. യുപി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സംഭാവന ജെന്‍ഡര്‍ രാഷ്ട്രീയത്തെ അവതരിപ്പിക്കുന്നു എന്നതു മാത്രമാണ്.

ഉത്തര്‍പ്രദേശിന്റെ തിരഞ്ഞെടുപ്പ് ഭൂമികയില്‍ കാണപ്പെടുന്ന രാഷ്ട്രീയ ബലാബലം വാസ്തവത്തില്‍ തൊണ്ണൂറുകളില്‍ കണ്ടുതുടങ്ങിയതാണ്. മണ്ഡല്‍-മന്ദിര്‍ രാഷ്ട്രീയങ്ങള്‍ നിലനിര്‍ത്തിപ്പോരുന്ന ഒരു ടെന്‍ഷന്‍ നമുക്കിപ്പോഴും യുപിയില്‍ കാണാം. മന്ദിര്‍ രാഷ്ട്രീയം ഹിന്ദു ഐക്യം എന്ന മുദ്രാവാക്യത്തെ മുന്‍നിര്‍ത്തി ഹിന്ദുത്വ രാഷ്ട്രീയം വിതച്ചപ്പോള്‍ അതിന്റെ റിയാക്ഷന്‍ എന്ന മട്ടില്‍ മണ്ഡല്‍ രാഷ്ട്രീയം ഉയര്‍ത്തിയ ഹിന്ദു സമുദായത്തിനകത്തെ രാഷ്ട്രീയ-സാമൂഹ്യ അധികാരങ്ങളുമായി ബന്ധപ്പെട്ട വൈരുദ്ധ്യങ്ങള്‍ പ്രതിപക്ഷ ചേരിയായി പൊന്തിവന്നു. ഇന്നും അതു തുടരുന്നു. ആദിത്യനാഥിന്റെ കീഴിലുള്ള ഭരണം ഠാക്കൂര്‍രാജ് ആയിരുന്നു എന്നാണ് പിന്നോക്ക ജാതിനേതാക്കളുടെ മുഖ്യ ആരോപണം. വളരെ വര്‍ഷങ്ങള്‍ കൊണ്ട് ബിജെപി-ആര്‍എസ്എസ് ശക്തികള്‍ സാധിച്ചെടുത്ത ഹിന്ദുസാമുദായിക ഐക്യം എന്ന രാഷ്ട്രീയ മുദ്രാവാക്യമാണ് തന്മൂലം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

മണ്ഡല്‍-ലോഹ്യ രാഷ്ട്രീയത്തിന്റെ തിരഞ്ഞെടുപ്പ് മുഖമായ സമാജ്വാദി മുന്നോട്ട് വെക്കുന്നത് രാഷ്ട്രീയ അധികാരത്തിന്റെ സാമുദായികാടിസ്ഥാനത്തിലുള്ള വികേന്ദ്രീകരണമാണ്. സ്വത്വ രാഷ്ട്രീയത്തിലെ രണ്ട് ധാരകളുടെ മാനേജ്മെന്റ് സാമര്‍ത്ഥ്യത്തിനപ്പുറത്ത് ഭരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് വിഭവവിതരണം മുതല്‍ സ്വത്വ ധ്വംസനം വരെയുള്ള വിഷയങ്ങള്‍ അടിയൊഴുക്കുകളായി തിരഞ്ഞെടുപ്പിലുണ്ട്. എന്നാല്‍ രാഷ്ട്രീയ ധ്രുവീകരണം അത്രമേല്‍ ശക്തമായതിനാല്‍ രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള യുദ്ധം മാത്രമായി ഈ തിരഞ്ഞെടുപ്പ് മാറിയിട്ടുണ്ട്. ഓരോ സമുദായവും-വ്യക്തി എന്നതിനെക്കാള്‍ സമുദായം എന്ന സ്വത്വത്തില്‍ കേന്ദ്രീകരിച്ചാണ് യു.പിയില്‍ തിരഞ്ഞെടുപ്പ്-തങ്ങളുടെ ചേരിയെ പാര്‍ട്ടിയെ തിരഞ്ഞെടുക്കുന്നത്.

ഈ ചേരി യുദ്ധത്തില്‍ ഇത്തവണ ബിഎസ്പിയും കോണ്‍ഗ്രസ്സുമില്ല. അവരുടെ കൈവഴികള്‍-പ്രത്യേകിച്ച് ബിഎസ്പിയുടേത്-ഒഴുകുന്നത് എങ്ങോട്ടെന്ന് അവര്‍ക്ക് പോലും അറിയില്ല. പ്രതിപക്ഷത്തിന്റെ കൊടിപിടിച്ച കോണ്‍ഗ്രസ്സിന് തിരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ സൃഷ്ടിക്കുന്ന തിരകളില്‍ സഞ്ചരിച്ച് വിജയം കൈവരിക്കാന്‍ സാധ്യത കുറവാണ്. ബഹുജന്‍ രാഷ്ട്രീയത്തിന്റെ ഭൂമികയില്‍ നിന്നും സ്വയം നിഷ്‌ക്കാസിതയായ മായാവതി ദളിത്-ബ്രാഹ്‌മണ്‍ ഐക്യവുമായി ഏറെ മുന്നോട്ട് പോകാന്‍ ഇടയില്ല.

ഈ മത്സരങ്ങള്‍ക്കിടയില്‍ തെരുവില്‍ തളംകെട്ടിക്കിടക്കുന്ന രക്തം ആരു കാണാനാണ്? മതസ്വത്വത്തിന്റെ പേരില്‍ രണ്ടാംകിട പൗരരാക്കപ്പെടുന്ന 20 ശതമാനം വരുന്ന മുസ്ലിംകളും ജാതി-മതഭേദമന്യേ തൊഴില്‍ തേടി അലയുന്ന ചെറുപ്പക്കാരും നിങ്ങളാരുടെ ചേരിയില്‍ എന്ന ചോദ്യത്തില്‍ ഉടക്കി നില്‍ക്കുകയാണ്. നിത്യജീവിതത്തിന്റെ പദപ്രശ്നങ്ങള്‍ക്ക് മുന്നില്‍ അങ്കലാപ്പോടെ പകച്ചുനില്‍ക്കുന്ന സാധാരണ മനുഷ്യന്‍ തിരഞ്ഞെടുപ്പ് കാലത്ത് ജാതി-മത മേലങ്കി അണിയാന്‍ നിര്‍ബന്ധിതനാകുന്നു. ഗംഗയില്‍ പൊങ്ങിക്കിടന്ന ശവങ്ങള്‍ ഇന്ന് ഓര്‍മ്മ മാത്രമാണ്. കോവിഡ് കാലത്ത് നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് പലായനം ചെയ്തവരുടെ കാല്‍പ്പാടുകള്‍ നെടുമ്പാതകളില്‍ അവശേഷിക്കുന്നുണ്ടോ?

ഇന്നിന്റെ ചോരയിറ്റുന്ന മുറിവുകള്‍ക്ക് ആശ്വാസം നല്‍കുന്നതിന് പകരം പഴയ വടുക്കള്‍ മാന്തിപ്പുണ്ണാക്കി അതിന്റെ വികലമായ ഓര്‍മ്മകളെ മുന്‍നിര്‍ത്തി വോട്ട് തേടുന്ന രാഷ്ട്രീയം അരങ്ങു തകര്‍ക്കുന്നു. കര്‍ഷകനും കാലിക്കച്ചവടക്കാരനും തൊഴില്‍ രഹിതനും പൗരത്വം ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയും ഏത് സ്വത്വത്തെ മുന്‍നിര്‍ത്തിയായിരിക്കും വോട്ട് ചെയ്യുക? ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകന്റെ, ഹഥ്റസിലെ ദളിത് പെണ്‍കുട്ടിയുടെ അസാന്നിധ്യം പോളിംഗ് ബൂത്തിലേക്ക് നടക്കുന്നവരുടെ ഓര്‍മ്മയില്‍ ഉണ്ടാകുമോ? ഗംഗയിലെ ചിതകളുടെ ചൂടില്‍ ഈ കൊടും ശൈത്യം അവസാനിക്കുമോ!

(കടപ്പാട് പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply