പിണറായി സര്‍ക്കാരിന്റെ ആദ്യമാസം നിരാശാജനകം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ അധികാരത്തിനായി മത്സരിച്ച ഇടതു – വലതുമുന്നണികള്‍ക്കും നില മെച്ചപ്പെടുത്താന്‍ മത്സരിച്ച എന്‍ഡിഎക്കും പുറത്തുനിന്ന് കേരളത്തിലുയര്‍ന്നു വന്ന വ്യത്യസ്ഥമായ ഒരു ശബ്ദമായിരുന്നു ഭരണത്തുടര്‍ച്ചയല്ല, ഭരണമാറ്റമാണ് ജനാധിപത്യത്തിന് കൂടുതല്‍ അഭികാമ്യമെന്നത്. എന്തുകൊണ്ടത് തങ്ങള്‍ ഉന്നയിക്കുന്നു എന്ന് വളരെ വിശദമായും രാഷ്ട്രീയമായും തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍ അതുന്നയിച്ചവരെയെല്ലാം യുഡിഎഫുകാരായും ബിജെപിക്കാരായുമായാണ് എല്‍ഡിഎഫ് പ്രത്യകിച്ച് സിപിഎം ആരോപിച്ചത്.

പ്രതീക്ഷിച്ചപോലെതന്നെ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തി. മറ്റെല്ലാ മന്ത്രിമാരും മാറിയെങ്കിലും പോയ അഞ്ചുവര്‍ഷവും ഏറെക്കുറെ പിണറായിയില്‍ കേന്ദ്രീകരിച്ച ഭരണം തന്നെയായിരുന്നല്ലോ നടന്നത്. അതിനാല്‍ തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഭരണ തുടര്‍ച്ചയെന്ന പ്രതീതി തന്നെയാണ് നിലനില്‍ക്കുന്നത്. അതേസമയം മുന്‍കാല അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്നു പ്രതീക്ഷിച്ചവര്‍ക്കുതെറ്റി. കേരളം ഒന്നടങ്കം മാത്രമല്ല, സ്വന്തം പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുപോലും കെ കെ ഷൈലജ ടീച്ചറെ മന്ത്രിസഭയില്‍ എടുക്കാതിരിക്കുക വഴി പിണറായി നയം വ്യക്തമാക്കുകയായിരുന്നു. മന്ത്രിസഭ അധികാരമേറ്റ് ഒരു മാസം തികഞ്ഞ വേളയില്‍ കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നു പറയാതിരിക്കാനാകില്ല. ലോക് ഡൗണുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ ഈ സര്‍ക്കാര്‍ മുന്‍സര്‍ക്കാരിനേക്കാള്‍ എത്രയോ പുറകിലാണെന്നു കാണാം. ലൗക് ഡൗണ്‍ മൂലം തകര്‍ന്ന ലക്ഷകണക്കിനു പേര്‍ക്ക് കാര്യമായ ഒരു ആനുകൂല്യവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. കുറെകാലമായി തുടരുന്ന 500 രൂപയുടെ കിറ്റ് മാത്രമാണ് തുടരുന്നത്. കഴിഞ്ഞ വര്‍ഷം ചെയ്തതുപോലുള്ള ചെറിയ സഹായങ്ങള്‍ പോലും ഉണ്ടായില്ല എന്നതാണ് വസ്തുത.

എപ്പോഴും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താണല്ലോ മുഖ്യമന്ത്രി കൊവിഡ് കണക്കുകളും മറ്റും അവതരിപ്പക്കാറുള്ളത്. രണ്ടാം ഇടതുസര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ തമിഴ് നാട്ടില്‍ അധികാരമേറ്റ സ്റ്റാലിന്‍ സര്‍ക്കാര്‍ ഇക്കാലയളവില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നോക്കിയാല്‍ നമ്മുടെ അവസ്ഥ ബോധ്യമാകും. മാസംതോറും 4000 രൂപ വീതമാണ് തമിഴ് നാട് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. സ്വകാര്യ ആശുപത്രികളിലായാലും കൊവിഡ് ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും. 15 കിലോ വീതം അരിയും ഭക്ഷ്യകിറ്റും നല്‍കുന്നു. ജോലി പോയവര്‍ക്ക് പലിശരഹിത വായ്പയും ജോലി പോയ സ്ത്രീകള്‍ക്ക 6000 രൂപയും കൊവിഡ് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് 5000 രൂപ അധികമായും നല്‍കും. ജീവന്‍ നഷ്ടമായ ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും, വിവിധ വിഭാഗങ്ങള്‍ക്ക് കൊവിഡ് ഇന്‍ഷ്വറന്‍സ് നല്‍കും, ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രത്യേക പാക്കേജ് നല്‍കും തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് തമിഴ് നാട് സര്‍ക്കാര്‍ നല്‍കിയത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രോഗവ്യാപനത്തില്‍ ഇപ്പോള്‍ രാജ്യത്തുതന്നെ മുന്‍നിരയിലാണ് കേരളം. ലോകം മുഴുവന്‍ കൊട്ടിഘോഷിച്ച നമ്മുടെ മികവൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞു. കൊവിഡ് മൂലമുള്ള തൊഴില്‍ നഷ്ടത്തിലും നാം മുന്നിലാണ്. എന്നാലിപ്പോഴും ഈ യാഥാര്‍ത്ഥ്യമൊന്നും അംഗീകരിക്കാന്‍ സര്‍ക്കാരോ ഉപദേശകരായ വിദഗ്ധരോ തയ്യാറല്ല. മറിച്ച് സാമാന്യബോധമുള്ള ഒരാള്‍ക്കും ബോധ്യമാകാത്ത രീതിയില്‍ രോഗവ്യാപനത്തിനു പോലും ന്യായീകരണം ചമക്കുന്നവരെയാണ് കാണുന്നത്. കൊവിഡ് മൂലം തകര്‍ന്നവര്‍ക്ക് ആശ്വാസം നല്‍കുക എന്ന പ്രാഥമിക കടമപോലും വിസ്മരിച്ചാണ് ഇതെല്ലാം പറയുന്നത്. ഇനിയും അഞ്ചുവര്‍ഷം കഴിഞ്ഞേ തെരഞ്ഞെടുപ്പുള്ള എന്ന ആശ്വാസമാണ് സര്‍ക്കാരിന് എന്നാരെങ്കിലും ആരോപിച്ചാല്‍ അതിലെങ്ങിനെ കുറ്റം പറയാനാകും? പ്രത്യകിച്ച് കൊവിഡ് മൂന്നാം തരംഗ സാധ്യതയെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നിലനില്‍ക്കുമ്പോള്‍.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ വിഷയത്തിലും സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. ദളിതരും ആദിവാസികളുമടങ്ങുന്ന വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു പുറത്താണ്. ആദ്യവര്‍ഷമായതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ വീഴ്തചകള്‍ ന്യായീകരിക്കപ്പെട്ടു. എന്നാല്‍ ഒരു വര്‍ഷം മുഴുവന്‍ ലഭിച്ചിട്ടും ഇതിനൊരു പരിഹാരം കാണാനോ വിദ്യാഭ്യാസം എന്ന ജന്മാവകാശം എല്ലാവര്‍ക്കും ലഭ്യമാക്കാനോ സര്‍ക്കാരിനായിട്ടില്ല എന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത വീഴ്ച തന്നെയാണ്.

ഒരു ജനാധിപത്യസംവിധാനത്തിനു യോജിക്കാത്ത രീതിയിലുള്ള അധികാരകേന്ദ്രീകരണമാണ് ഈ സര്‍ക്കാരിലുള്ളത് എന്നു പകല്‍പോലെ വ്യക്തമാണ്. ആഭ്യന്തരവും പരിസ്ഥിതിയും ഐടിയുമടക്കം വളരെ പ്രധാനപ്പെട്ട 27 വകുപ്പുകളാണ് മുഖ്യമന്ത്രി കൈവശം വെച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ ഏറ്റവും ആരോപണ വിധേയമായ ആഭ്യന്തരത്തിനു മാത്രമായി ഒരു മന്ത്രിയെ നിയമിക്കാന്‍ പോലും പിണറായി തയ്യാറായില്ല. ആരോഗ്യമേഖലയിലെ മേഖലയില്‍ മുഴുവന്‍ സമയം ശ്രദ്ധിക്കേണ്ടിവന്നതിനാല്‍ മുന്‍മന്ത്രിസഭയില്‍ കെ കെ ഷൈലജക്ക്, വനിതാ ശിശുക്ഷേമ വകുപ്പില്‍ കാര്യമായി ശ്രദ്ധിക്കാനായില്ല എന്ന വിമര്‍ശനം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണയും ആ വകുപ്പുകള്‍ ആരോഗ്യമന്ത്രിക്കു കീഴിലാണ്.

അതിനേക്കാള്‍ കൗതുകകരമായ മറ്റൊന്നുണ്ട്. ഏതെങ്കിലും വന്‍കിട പ്രോജക്ടിനു അനുമതി നല്‍കാനുള്ള പല വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലാണ് എന്നതാണത്. വ്യത്യസ്ഥ അഭിപ്രായങ്ങള്‍ക്കുള്ള സാധ്യത പോലും അതില്ലാതാക്കുന്നു എന്നാണ് പരിസ്ഥി്തി പ്രവര്‍ത്തകര്‍ പറയുന്നത്. പ്രത്യേകിച്ച് പരിസ്ഥിതിക്കു ഹാനികരമായ വന്‍കിട പദ്ധതികളുമായി മുന്നോട്ടുപോകുമെന്നതാണ് സര്‍ക്കാര്‍ നയമെന്നിരിക്കെ. പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ പി പ്രസാദിനു പരിസ്ഥിതി വകുപ്പു നല്‍കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. കാസര്‍ഗോഡു നിന്നു തിരുവനന്തപുരത്തേക്ക് നാലു മണിക്കൂറിനകം എത്താമെന്ന പ്രഖ്യാപനത്തോടെ കെ റെയിലിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇപ്പോഴത്തെ റെയില്‍വേക്കു സമാന്തരമായ രണ്ടുപാത നിര്‍മ്മിക്കുന്നതിനെ കുറിച്ചാലോചിക്കാതെ, സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തിന് അഭികാമ്യമല്ലാത്ത ഒന്നാണ് കെ റെയില്‍ എന്നതു മനസ്സിലാക്കാന്‍ സാമാന്യബോധം മാത്രം മതി. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാനും എതിര്‍പ്പുണ്ടായാല്‍ ഗെയ്ല്‍ നടപ്പാക്കിയപോലെ എത്ര ബലം പ്രയോഗിക്കാനും മടിക്കില്ല എന്നാണത്രെ സര്‍ക്കാര്‍ നിലപാട്. പദ്ധതിക്കെതിരെ വിവിധജില്ലകളില്‍ സമരങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എന്തിനേറെ, മൂന്നു പതിറ്റാണ്ടുകാലത്തെ സമരങ്ങള്‍ക്കുശേഷം ഉപേക്ഷിക്കപ്പെട്ട ആതിരപ്പിള്ളി പദ്ധതിപോലും കുത്തിപ്പൊക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ടെന്ന വാര്‍ത്തയുണ്ടല്ലോ. ആഭ്യന്തരം പോലെ രണ്ടാം പിണറായി സര്‍ക്കാരെങ്കിലും വികസനനയവും പുനപരിശോധിക്കില്ല എന്നാണ് ആരംഭത്തില്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മന്ത്രിസഭാംഗങ്ങളെ തെരഞ്ഞെടുത്തതില്‍ സാമൂഹ്യനീതിയെന്ന ആശയം നടപ്പാക്കിയില്ല എന്നത് ഏറെ ചര്‍ച്ച ചെയ്തതാണ്. അതോെടാപ്പം ചര്‍ച്ച ചെയ്യേണ്ട മറ്റൊന്നാണ് അടുത്തകാലത്തായി ഒരു വിഭാഗം കൃസ്ത്യന്‍ സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്കുമുന്നില്‍ എല്‍ഡിഎഫ് തല കുനിക്കുന്നു എന്ന ആരോപണം. തെരഞ്ഞെടുപ്പിനു മുമ്പെ ഈ വിഷയം സജീവമായി ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത്. അപകടകമായ രീതിയില്‍ ഇസ്ലാമോ ഫോബിയ പ്രചരിപ്പിക്കുന്ന ഈ വിഭാഗങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതിന്റെ തുടര്‍ച്ചതന്നെയാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട കോടതിവിധിയില്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നതും.

മറ്റൊരു പ്രധാന വിഷയം അഴിമതിയുടേതു തന്നെ. മുന്‍സര്‍ക്കാരിന്റെ അവസാന കാലഘട്ടങ്ങള്‍ അഴിമതി ആരോപണങ്ങളുടേതായിരുന്നല്ലോ. അവയില്‍ പലതും കാമ്പുള്ളതു തന്നെയായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതിപ്പോഴും തുടരുകയാണ്. മരംമുറിയുമായി ബന്ധപ്പെട്ട് വന്‍ അഴിമതി ആരോപണങ്ങളാണ് മന്ത്രിസഭയുടെ ആദ്യമാസത്തില്‍ തന്നെ പുറത്തുവന്നിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അവിടേയും തുറന്ന സമീപനവമല്ല സര്‍ക്കാരില്‍ നിന്നു കാണുന്നത്. ബിജെപി നടത്തിയ കുഴല്‍പണ ഇടപാടുകള്‍ അന്വേഷിച്ച് കുറ്റവാളികളെ ശിക്ഷിക്കണം. എന്നാലതിന്റേയും സുധാകരനുമായി കാമ്പസ് പഠന കാലത്തെ ഏറ്റുമുട്ടലുകളുടേയും മറവില്‍ മരംമുറി കേസ് വിസ്മൃതിയിലാക്കാനാണോ നീക്കമെന്നു സംശയിക്കുന്നതില്‍ തെറ്റില്ല. അനധികൃത നിയമനങ്ങളെ കുറിച്ച് ഒരുപാട് വിവാദങ്ങളുണ്ടായിട്ടും പെരിയ കൊലകേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ല ആശുപത്ിയില്‍ താല്‍ക്കാലിക ജോലി കൊടുത്ത് അക്കാര്യത്തിലും സര്‍ക്കാര്‍ നയം വ്യക്തമാക്കി. മറുവശത്താകട്ടെ സിപിഎമ്മുമെയി ബന്ധമുണ്ടെന്നാരോപിക്കപ്പെടുന്നവര്‍ സ്വര്‍ണ്ണകവര്‍ച്ചയിലും ക്വട്ടേഷന്‍ സംഘത്തിലുമെല്ലാം ഉള്‍പ്പെട്ടതായി വാര്‍ത്തവരുന്നു. സ്ഥാനമൊഴിയുന്ന ഡിജിപിയാകട്ടെ യുഎപിഎയേയും വ്യാജഏറ്റുമുട്ടല്‍ കൊലകളേയും ന്യായീകരിക്കുകയും കേരളം ഭീകരവാദികളുടെ റിക്രൂട്ടിംഗ് സെന്ററായി മാറിയിരിക്കുന്നു എന്നു എല്ലാ ചാനലുകളിലും പോയിരുന്ന് പറയുന്നു. ഇതിനേക്കാളെല്ലാം അപമാനമായി വനിതാകമ്മീഷന്‍ അധ്യക്ഷയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളും മാറിയിരിക്കുന്നു. ഇത്തവണയെങ്കിലും കക്ഷിരാഷ്ട്രീയത്തേക്കാള്‍ പ്രാധാന്യം സ്ത്രീപക്ഷരാഷ്ട്രീയത്തിനു നല്‍കുന്ന ഒരാളെ അധ്യക്ഷയാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നു കാത്തിരുന്നു താണാം. ആദ്യമായി ഒരു വനിതയെ ക്രമസമാധാന ഡി ജി പിയാക്കാനും.

പ്രതിപക്ഷം കൂടുതല്‍ ദുര്‍ബ്ബലമായിരിക്കുന്നതിനാലും കൊവിഡ് വ്യാപനത്തിനു അന്ത്യമില്ലാത്തതിനാലും ഇനി അഞ്ചുവര്‍ഷം കഴിഞ്ഞേ തെരഞ്ഞെടുപ്പുള്ളു എന്നതിനാലും പല വിഷയങ്ങളിലും ഉദാസീനമായ നയമാണോ സര്‍ക്കാരില്‍ നിന്നു കാണുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പൊതുഗതാഗതം നിലനിര്‍ത്താനുള്ള ഒരു നീക്കവും കാണുന്നില്ല എന്നത് ഒരു ഉദാഹരണം മാത്രം. ഇതിനുവേണ്ടിയാണോ ജനങ്ങള്‍ തുടര്‍ഭരണം നല്‍കിയതെന്ന് സത്യസന്ധമായി ആദ്യമാസത്തില്‍ തന്നെ പരിശോധിക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply