ന്യൂനപക്ഷങ്ങള്‍ തമ്മിലടിയുടെ രാഷ്ട്രീയത്തില്‍ കുരുങ്ങരുത്

ഏറ്റവും നിര്‍ദ്ദയമായ വലിയ ഒരു ന്യൂനപക്ഷാവകാശ ധ്വസനം ഈ രാജ്യത്ത് നടന്നിട്ടും അതില്‍ ക്രൈസ്തവരോ മുസ്ലീങ്ങളോ എതിരായ ഒരു ശബ്ദം പോലും ഉയര്‍ത്തുവാന്‍ തയ്യാറായില്ല എന്നുള്ളത് ഇപ്പോഴെങ്കിലും ചര്‍ച്ചാവിഷയം ആക്കേണ്ടതാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. കൂടുതല്‍ അംഗങ്ങളുമായി 2019- ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച് അധികാരത്തിലേറിയപ്പോള്‍ ചെയ്ത ആദ്യനടപടികളില്‍ ഒന്ന് രാജ്യത്തെ സൂക്ഷ്മ ന്യൂനപക്ഷമായ ആഗ്ലോ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് പാര്‍ലമെന്റിലും നിയസഭകളിലും ഒരു അംഗത്തെ നാമനിര്‍ദ്ദേശം ചെയ്യുന്ന വ്യവസ്ഥ എടുത്തുകളഞ്ഞതാണ്. ഭരണഘടനയുടെ തുടക്കം മുതല്‍ ദേശീയ നേതാക്കളായ അതിന്റെ സൃഷ്ടാക്കള്‍ ഉള്‍പ്പെടുത്തിയ ആ വ്യവസ്ഥ രാജ്യത്ത് പ്രത്യേക ചര്‍ച്ചകളൊന്നും കൂടാതെയാണ് ഹിന്ദുത്വ ശക്തികള്‍ റദ്ദാക്കിയത്. അപ്പോഴൊന്നും രാജ്യത്തെ പ്രബല ന്യൂനപക്ഷ സമുദായങ്ങള്‍ ആ നടപടി തങ്ങളെ ബാധിക്കുന്നതല്ലെന്ന ഒരു വിചാരത്തില്‍ കഴിഞ്ഞതുപോലെയാണ് നിശബദരായത്.

ദീര്‍ഘകാല ആസൂത്രണം സൂക്ഷ്മതലത്തില്‍

കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ് ഏറ്റവും സൂക്ഷ്മമായും ആസൂത്രിതമായും ദീര്‍ഘകാലം മുന്നില്‍ കണ്ടും കരുക്കള്‍ നീക്കുന്നത്. പഴയ യു.എസ്.എസ്. ആറിലെ സ്റ്റാലിന്‍ ഭരണകൂടവും കമ്യൂണിസിറ്റ് പാര്‍ട്ടിയും ഫലപ്രദമായി ആവിഷ്‌കരിച്ച ആ രീതി പാഠമാക്കിയാണ് ഗീബല്‍സ് തന്റെ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഹിന്ദുത്വ ആശയത്തിന്റെ ഉപജ്ഞാതാക്കളായ എം.എസ്.ഗോല്‍വാല്‍ക്കറും വി.ഡി.സവര്‍ക്കറും ഹിറ്റലര്‍ പ്രശംസ തങ്ങളുടെ പ്രത്യയശാസ്ത്ര നിര്‍മ്മിതിയുടെ മുഖ്യചേരുവ ആക്കിയത് ഫാഷിസ്റ്റ് നേതാവ് ഹിറ്റലറുടെ, ചരിത്രത്തിലെ ഏറ്റവും മനുഷ്യത്വരഹിതമായ പീഡനമുറകളും മനുഷ്യകശാപ്പും ലോകജനതയെ നടുക്കിയ കാലത്ത് തന്നെയാണ്. ഹിന്ദുത്വരാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും വലിയതും മാതൃരൂപവുമായ സംഘടനാ ആവിഷ്‌ക്കാരമാണ് ആര്‍.എസ്.എസ്. ദീര്‍ഘകാല ആസൂത്രണത്തോടെ സൂക്ഷ്മതലത്തില്‍ ഇടപെടുന്ന ഫാഷിസ്റ്റ് രീതി നൈസര്‍ഗികവാസനയായി ആര്‍.എസ്.എസില്‍ ഉള്‍ച്ചേരുന്നതിന്റെ കാരണം മറ്റെങ്ങും അന്വേഷിച്ചു പോകേണ്ടതില്ല. വ്യാജമായ ക്രിസ്ത്യന്‍ പേരുകളില്‍ മുസ്ലീം വിരുദ്ധതയുടെ വിരുന്നൊരുക്കിയത് ക്രൈസ്തവരില്‍ ഒരു വിഭാഗം ആസ്വാദ്യകരമായി രുചിച്ചു വന്നു. കാര്‍പ്പെറ്റിനടിയില്‍ മറഞ്ഞിരുന്ന അജണ്ടയില്‍ നടത്തിയ ആ മുസ്ലീംവിരുദ്ധതയുടെ പ്രചാരണ സമാപ്തിയില്‍ മുസ്ലീം, ക്രൈസ്തവ സമുദായങ്ങള്‍ പരസ്പരം അകലം പാലിച്ച് നില്‍ക്കുന്ന രാഷ്ട്രീയപരിസരവും സംസ്ഥാനത്ത് രൂപം കൊണ്ടു. പശ്ചിമേഷ്യയിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും ഐ.എസ്., ബോക്കോ ഹറാം തുടങ്ങിയ തീവ്രവാദികള്‍ നടത്തുന്ന ഉ•ൂലനവും കുട്ടികളെ കൂട്ടത്തോടെ തട്ടിയെടുത്ത് പീഡിപ്പിച്ച് മതം മാറ്റുന്നതും നീചമായ മറ്റു ക്രൂരകൃത്യങ്ങളും വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഏറെ ആശങ്കകളും കദനങ്ങളും ഏഷ്യയിലെ ക്രൈസ്തവരില്‍ ഉണ്ടാകുന്നത് സ്വാഭാവികവുമാണ്. ആഫ്രിക്കന്‍ വംശജനും, മഹാത്മാഗാന്ധിയുടെ ചിത്രം തന്റെ ഓഫീസില്‍ സ്ഥാപിച്ചവനുമായ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ കാലത്തും ഉള്‍പ്പെടെ അമേരിക്കന്‍ ഭരണകൂടം ഐ.എസിന് ധനസഹായം നല്‍കിയതിന്റെ രേഖകള്‍ അമേരിക്കന്‍ സര്‍ക്കാരില്‍ നിന്ന് പുറത്ത വന്നത് അവിടെ നില്‍ക്കട്ടെ. ലോകത്ത് ഖനിജങ്ങളും മറ്റു പ്രകൃതി വിഭവങ്ങളും എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം സംഘര്‍ഷഭരിതമാക്കുവാന്‍ ചൂഷകശക്തികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും എല്ലായ്‌പ്പോഴും അതിനവര്‍ക്ക് കഴിയുന്നുണ്ട്. ജനസാമാന്യത്തെ തിരിച്ചറിവില്ലാതെ ഒരു തരം അടിമപ്പെടുത്തുന്നതിനാലാണ് പുറമെ കാണുന്ന ഭീകരപ്രവര്‍ത്തകരുടെ നീചമായ ചെയ്തികളില്‍ മാത്രം കാഴ്ച പതിയുന്നത്. അക്രമങ്ങളോട് സന്ധിയില്ലാത്ത നിരാകരണത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും മറച്ചുവച്ചിരിക്കുന്ന സത്യങ്ങള്‍ കാണുമ്പോഴാണ് ലോകത്തിന് നന്മകള്‍ ഉണ്ടാകുന്നത്.

കേരളത്തില്‍ ബി.ജെ.പി.യുടെ പദ്ധതികള്‍ ജനങ്ങളെ കീഴടക്കാത്തതിന് കാരണം വിശകലനം ചെയ്തതിനാലാണ് ആര്‍.എസ്.എസ്. – ബി.ജെ.പി.ശക്തികള്‍ കേരളത്തിലെ രണ്ട് ന്യൂനപക്ഷ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നതിനുള്ള സൂക്ഷ്മതലത്തിലെ ആസൂത്രണം ദീര്‍ഘദൃഷ്ടിയോടെ നടത്തിയത്. തല്‍ഫലമായി ഇരുസമുദായങ്ങളുടെയും താത്പര്യങ്ങളെ ഊതി വീര്‍പ്പിച്ച് പരസ്പരമുള്ള വിശ്വാസത്തെ തകര്‍ക്കുവാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ ഹിന്ദു, മുസ്ലീം ഐക്യം ഇന്ത്യയുടെ നിലനില്പിനും ഉയര്‍ച്ചയ്ക്കും ഏറ്റവും അത്യാവശ്യമാണന്ന മഹാത്മഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ ദേശീയ നേതാക്കളുടെ നിലപാട് ഉയര്‍ന്നു നില്‍ക്കുമ്പോള്‍ തന്നെയാണ് ഹിന്ദുത്വപദ്ധതികള്‍ ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കുവാന്‍ ജനസംഖ്യയുടെ ഏതാണ്ട് 14% ത്തോളം വരുന്ന മുസ്ലീങ്ങളുടെ അസ്തിത്വം തന്നെ തകര്‍ക്കണമെന്ന നിലപാട് സവര്‍ക്കര്‍, ഗോല്‍വാല്‍ക്കര്‍ എന്നിവര്‍ ഉയര്‍ത്തിപ്പിടിച്ചത് എന്നോര്‍ക്കണം. കേരളത്തില്‍ ക്രൈസ്തവരെയും ക്രൈസ്തവസഭകളെയും സ്ഥാപനങ്ങളെയും ആശയങ്ങളെയും താറടിച്ചും ചിലയിടങ്ങളില്‍ അമ്പലങ്ങളും മറ്റും സ്ഥാപിച്ച് പ്രകോപനങ്ങള്‍ സൃഷ്ടിച്ചും ഹിന്ദുവികാരത്തെ ഉണര്‍ത്തുവാന്‍ കഴിഞ്ഞകാലങ്ങളില്‍ മുഴുവന്‍ ശ്രമിച്ച ആര്‍.എസ്.എസ്., പെട്ടന്നാണ് അതില്‍ മാറ്റം വരുത്തിയത്. അനവധി സ്വകാര്യവ്യക്തികളുടെ ഭൂമിയിലും ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലെ ഇടുങ്ങിയ പൊതു ഇടങ്ങളിലും ഹിന്ദു ആരാധാനമൂര്‍ത്തികളെയും അവയുടെ വിഗ്രഹങ്ങളെയും ബലമായി സ്ഥാപിക്കുന്നതിന് ശ്രമിച്ച് എത്രയെത്ര സ്ഥലങ്ങളിലാണ് ജനങ്ങളുടെ സൗഹാര്‍ദ്ദം തകര്‍ത്ത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് തീ പിടിപ്പിക്കാന്‍ ശ്രമിച്ചത്്. വൈക്കം, റ്റി.വി.പുരത്തെ സിമിത്തേരി പ്രശ്‌നം ആര്‍.എസ്.എസും ചെങ്കോട്ടുകോണം സത്യാനന്ദസരസ്വതി സ്വാമിയുമെല്ലാം വര്‍ഗ്ഗീയവത്കരിക്കുവാന്‍ നടത്തിയ നീചശ്രമത്തില്‍ എത്രമാത്രമാണ് വിഷം വമിച്ചത്. ഒരു വിദേശരാഷ്ട്രമായ വത്തിക്കാന്‍ ഭരണകൂടത്തിന്റെ തലവനോട് വിധേയത്വം പുലര്‍ത്തുന്ന കത്തോലിക്കര്‍ രാജ്യസ്‌നേഹികള്‍ അല്ലെന്ന് നാടായ നാട്ടിലെല്ലാം മൈക്ക് കെട്ടി പ്രസംഗിച്ചവരാണ് അവര്‍. ഹിന്ദുത്വസേവകനായിരുന്ന പ്രൊഫ.ഒ.എം.മാത്യുവിനെ മുന്നില്‍ നിര്‍ത്തിയും കത്തോലിക്കാ സഭാവിരോധിയായിരുന്ന പ്രൊഫ. ജോസഫ്പുലിക്കുന്നേലിനെ ചേര്‍ത്ത് നിര്‍ത്തിയും കത്തോലിക്കാ വിരോധം ആളിക്കത്തിക്കാനുള്ള പരസ്യമായ യോഗങ്ങളും വിദ്വേഷപ്രചാരണങ്ങളും സമൂഹം മറന്നാലും അതിന് ഇരയാക്കപ്പെട്ടവരുടെ സ്മൃതികളില്‍ ഉണ്ടായിരിക്കണം. എന്നാല്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വം ആദ്യഘട്ടത്തില്‍ ഹിന്ദുത്വ ശക്തികളുടെ വിഭാഗീയത ഒളിപ്പിച്ചു വച്ച ആസൂത്രണങ്ങള്‍ തിരിച്ചറിഞ്ഞ് അവാധനതയോടെ പെരുമാറിയെന്ന് പറയാന്‍ കഴിയില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ക്രൈസ്തവസഭാ വിരോധം പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ മാറ്റിവച്ച് ഏകപക്ഷീയമായി മുസ്ലീങ്ങളാണ് ആകെയുള്ള കുഴപ്പക്കാര്‍ എന്ന രീതിയിലും ക്രിസ്ത്യാനികള്‍ മുസ്ലീങ്ങളില്‍ നിന്ന് അന്യായത്തിനും അനീതിക്കും ഇരയാകുന്നവര്‍ ആണെന്നും ഒരു ചിന്താഗതി ഉണ്ടാക്കുവാനുള്ള വളരെ സൂക്ഷമമായ നടപടികളാണ് ഹിന്ദുത്വ ശക്തികള്‍ എടുത്തത്.  ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് കേരള സര്‍ക്കാരിന്റെ നയങ്ങളും ചട്ടങ്ങളും റദ്ദാക്കിയുള്ള 2021 മെയ് മാസത്തിലെ കേരള ഹൈക്കോടതി വിധി ഇരുസമുദായങ്ങള്‍ക്കുമിടയില്‍ വലിയ ഒരു കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ക്രൈസ്തവസമുദായം തികച്ചും അതിസാങ്കേതികമായ ഒരു സമീപനമാണ് അക്കാര്യത്തിലെടുത്തത്. മുസ്ലീം സമുദായമാകട്ടെ തങ്ങളുടെ സമുദായത്തിലേക്ക് മാത്രം കേന്ദ്രീകരിച്ച ഒരു സമീപനവും എടുത്തു. ഭരണ, പ്രതിപക്ഷ വ്യവസ്ഥാപിത പാര്‍ട്ടികളുടെ സമീപനമാണെങ്കില്‍ ശത്രുവിനെ കാണുമ്പോള്‍ തല മണലിനടിയില്‍ പൂഴ്ത്തുന്ന ഒട്ടകപക്ഷിയുടെ വലിപ്പത്തില്‍ പൊന്തിനില്‍ക്കുകയുമാണ്. സമൂഹത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പരസ്പര വൈരാഗ്യത്തിന്റെയും ശത്രുതയുടെയും ഒരു സാഹചര്യം ഉണ്ടാകരുതെന്നുള്ള ബി.ജെ.പി.ഒഴികെയുള്ള വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളുടെ സന്മനോഭാവത്തെ ആദരിച്ചു കൊണ്ടു തന്നെ പറയട്ടെ, താല്കാലികമായി പ്രശ്‌നത്തെ അഭിമുഖീകരിക്കാതെ മാറ്റിവയ്ക്കാമെങ്കിലും അതിലടങ്ങിയിരിക്കുന്ന ആഴത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന നയം നല്ലതല്ല.

കേരളത്തിലെ ന്യൂനപക്ഷ അവകാശങ്ങളുടെയും ആനുകൂല്യങ്ങളുടെയും 80% മുസ്ലീങ്ങള്‍ക്കും 20% ക്രിസ്ത്യാനികള്‍ക്കുമായി വീതിച്ചു കൊണ്ടുള്ള പാലോളി കമ്മറ്റി ശുപാര്‍ശ സ്വീകരിച്ച് 2015 ലെ യു.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനം റദ്ദ് ചെയ്തിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കാനേഷുമാരി അനുസരിച്ചുള്ള കേരളത്തിലെ ജനസംഖ്യയുടെ അനുപാതമനുസരിച്ച് വേണം ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യേണ്ടത് എന്നാണ് കോടതിവിധി. എന്നാല്‍ ഹൈക്കോടതിയുടെ ആ വിധി ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക്് മാത്രമേ ബാധകമാകുയുള്ളൂ. മതാദ്ധ്യാപിക ക്ഷേമപരിപാടികള്‍ പോലുള്ള മറ്റ് ആനുകൂല്യങ്ങള്‍ക്ക് ഈ വിധി ബാധകമല്ല എന്ന് ഹൈക്കോടതി എടുത്തുപറഞ്ഞിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ കേരളത്തില്‍ കാനേഷുമാരി നടത്തിയത് അഖിലേന്ത്യതലത്തിലെന്നതുപോലെ 2011-ലാണ്. ആ കണക്കെടുപ്പ് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങളില്‍ 58.76% മുസ്ലീങ്ങളും 40.06 % ക്രിസ്ത്യാനികളുമാണ്. സ്വാഭാവികമായും 58.6% മാത്രമുള്ള മുസ്ലീം ജനവിഭാഗത്തിന് 80% വും 40. 06% വരുന്ന ക്രൈസ്തവര്‍ക്ക് കേവലം 20% വും വിദ്യാഭ്യാസ സ്‌കോളര്‍പ്പ് ആനുകൂല്യങ്ങള്‍ നല്‍കുന്നത് പ്രത്യക്ഷത്തില്‍ കടുത്ത അനീതിയാണ്. ഹൈക്കോടതിയുടെ ആ വിധിയനുസരിച്ച് 58% ആനുകൂല്യങ്ങള്‍ മുസ്ലീങ്ങള്‍ക്കും 40% ആനുകൂല്യങ്ങള്‍ ക്രൈസ്തവര്‍ക്കും എന്ന അനുപാതത്തില്‍ വിതരണം ചെയ്യണം. അതനുസരിച്ച് മുസ്ലീങ്ങള്‍ക്ക് ലഭിച്ചിരുന്ന 80% ആനുകൂല്യങ്ങളില്‍ നിന്ന് 22% കുറയുകയും ക്രിസ്ത്യാനികള്‍ക്ക് ലഭിച്ചിരുന്ന 20% ത്തോട് 20% കൂടി കൂട്ടി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതുമാണ്.

ന്യൂനപക്ഷ ക്ഷേമപദ്ധതി അനുസരിച്ച് സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പ്രധാന സ്‌കോളര്‍ഷിപ്പുകള്‍ (1) ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ഹോസ്റ്റല്‍ ഫീ ഉള്‍പ്പെടെ 20000/- രൂപ വരെ നല്‍കുന്ന സി.എച്ച്.മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് (2)……2000 രൂപ വരെ ലഭിക്കുന്ന ഐ.ടി.സി. പഠന സ്‌കോളര്‍ഷിപ്പ് (3) സി.എ., സി.എം.എ. കോഴ്‌സുകള്‍ക്ക് പ്രതിവര്‍ഷം 15000/- രൂപ വരെ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് (4) ഹോസറ്റല്‍ ഫീയും ട്യൂഷന്‍ ഫീയും ഉള്‍പ്പെടെ 30,000/ ലഭിക്കുന്ന സിവില്‍ സര്‍വ്വീസ് പഠന സ്‌കോളര്‍ഷിപ്പ് (5) 10-ാം ക്ലാസ് മുതല്‍ ഡിഗ്രി തലം വരെ 15000/- രൂപ വരെ ലഭിക്കുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് (6) പ്രതി വര്‍ഷം 15000/- നഴ്‌സിംഗ് ഡിപ്പ്‌ളോമ പാരാമെഡിക്കല്‍ സ്‌കളോര്‍ഷിപ്പ് (7) പ്രതി വര്‍ഷം 6000യ/- രൂപ വരെ ലഭിക്കുന്ന പോളി ടെക്‌നിക് പഠനത്തിനുള്ള ഡോ.അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയാണ്.

പാവപ്പെട്ട വിദ്യാര്‍ത്ഥകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമോ

വിദ്യാഭ്യാസം ഇന്ന് കച്ചവട ശക്തികളുടെ കൈകളിലാണ്. ഉന്നത വിദ്യാഭ്യാസം പ്രത്യേകിച്ചും അങ്ങനെയാണ്. ചില മേഖലകളില്‍ മാത്രമാണ് സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കച്ചവട ശക്തികളുടെ സ്വാധീനശക്തി വിദ്യാഭ്യാസ മേഖലയില്‍ ആധിപത്യം ഉറപ്പിച്ചതോടെ അപൂര്‍വ്വം ചില കോഴ്‌സുകളിലും മറ്റുമാണ് ഒരു വിധം മിതമായ ഫീസ് നിരക്ക് ഉള്ളത്. സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും താങ്ങാനാവാത്ത ഫീസ് നിരക്കാണ്. ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ലാതെ സാധാരണക്കാരും പാവപ്പെട്ടവരുമായ എല്ലാ വിദ്യാര്‍ത്ഥികളെയും ബാധിക്കുന്നതാണ് ആ പ്രശ്‌നം. വലിയ പലിശ നല്‍കി കടമെടുത്ത് പഠിക്കുവാന്‍ ഇന്ന് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാണ്. സര്‍ക്കാരിന്റെ വിദ്യാഭ്യാസവായ്പ നല്‍കുന്ന ഇന്നത്തെ നയം, വിദ്യാഭ്യാസത്തിലെ കച്ചവടശക്തികളുടെ താല്പര്യങ്ങള്‍ക്ക് അനുസൃതമാണ്. കുടുംബങ്ങള്‍ക്ക് വലിയ കടബാധ്യതകള്‍ വരുത്തി വയ്ക്കുന്ന വിദ്യാഭ്യാസ ചെലവ് സാധാരണ ജനങ്ങള്‍ക്കെല്ലാം ഒരു വലിയ പ്രശ്‌നമായിരിക്കുകയാണ്. വന്‍ ചെലവ് മുടക്കി പഠിച്ചാലും ജോലി കിട്ടാനുള്ള സാധ്യത തീര്‍ത്തും കുറവാണ്. അപൂര്‍വ്വം ഭാഗ്യവാന്മാര്‍ക്ക് വിദേശത്തും സ്വദേശത്തുമായി തൊഴില്‍ ലഭിക്കും. അല്ലാത്ത ഭൂരിപക്ഷം തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയെക്കാള്‍ കുറഞ്ഞ യോഗ്യത വേണ്ട ജോലിയിലോ തൊഴില്‍ രഹിതമായോ കഴിയേണ്ടി വരുന്നു. എന്നാല്‍ ആ വിഷയങ്ങളൊന്നും ഏറ്റെടുക്കുവാന്‍ ആരുമില്ല. ഇപ്പോള്‍ ഹൈക്കോടതി വിധിയില്‍ പരാമര്‍ശിതമാകുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുവഴി മുസ്ലിം, ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ വിദ്യാര്‍ത്ഥികളുടെയെല്ലാം വിദ്യാഭ്യാസ ചെലവിന്റെ ഭാരം ഇല്ലാതാകുന്നുണ്ടോ എന്ന ചോദ്യം ആരുമുയര്‍ത്തുന്നില്ല. മേല്‍പ്പറഞ്ഞ സ്‌കോളര്‍ഷിപ്പുകള്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളിലെ ഒരു ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷം പേര്‍ക്കും താങ്ങാനാവാത്ത വിദ്യാഭ്യാസ ചെലവിന്റെ ഭാരം ഇനിയും തുടരും. നമ്മുടെ രാജ്യത്ത്, ഇന്ന് സര്‍ക്കാര്‍/വ്യവസ്ഥിതി ലഭ്യമാക്കുന്ന അവസരങ്ങളുടെ അല്ലെങ്കില്‍ ആനുകൂല്യങ്ങളുടെ ലഭ്യത വളരെക്കുറവും ആവശ്യക്കാരുടെ എണ്ണം വളരെക്കൂടുതലുമാണ്. ഒരു ചെറിയ അപ്പക്കഷണം നമ്മളെ സംബന്ധിച്ച് പരസ്പരം പോരാടുന്നതിനുള്ള വലിയ ഒരു കാരണമാണ്. ആ പോരാട്ടം നയിക്കുന്നവര്‍ അതത് വിഭാഗങ്ങളില്‍ ഉണ്ടാക്കിയെടുക്കുന്ന അവകാശബോധം വാസ്തവത്തില്‍ കപടവും ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരവുമായി വളരെ അകലമുള്ളതുമാണ്.

സാമ്പത്തികമായി നല്‍കുന്ന ആനുകൂല്യങ്ങള്‍ അപൂര്‍വ്വത്തില്‍ അപൂര്‍വ്വം മേഖലകള്‍ ഒഴികെ ജാതിവ്യത്യാസമോ, ഭൂരിപക്ഷ, ന്യൂനപക്ഷ മത വിശ്വാസമോ കൂടാതെ നിശ്ചിത വരുമാനത്തില്‍ താഴെ വരുന്ന സാമ്പത്തികമായി അര്‍ഹതയുള്ള എല്ലാവര്‍ക്കും സാമ്പത്തിക മാനദണ്ഡം മാത്രം വച്ച് നല്‍കുന്നതാണ് ഒരു ജനാധിപത്യ സമൂഹത്തിന് ആശാസ്യം. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കേണ്ടതും അങ്ങനെ തന്നെയാണ്. എന്നാല്‍ സാമൂഹികമായി പിന്നണിയിലേക്ക് തള്ളപ്പെട്ട വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന അവസരങ്ങളില്‍ കടന്നു വരുന്നവരുടെ തീര്‍ത്തും താഴ്ന്നതായ സാമ്പത്തിക സ്ഥിതിയില്‍ അവരെ വിദ്യാഭ്യാസത്തിന്റെ അതതുതലങ്ങളില്‍ നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ തുടരേണ്ടതുമാണ്.

ഹൈക്കോടതി വിധിയോടുള്ള മുസ്ലീം, ക്രൈസ്തവ സമുദായങ്ങളുടെ പ്രതികരണം
80:20 അനുപാതത്തില്‍ സ്‌കോളര്‍ഷിപ്പ് വിതരണത്തിന് ഏര്‍പ്പെടുത്തിയ നയം ശരിയാണെന്നും മുസ്ലീങ്ങള്‍ക്ക് അതിന് അര്‍ഹതയുണ്ടെന്നും ആ സമുദായത്തിലെ നേതാക്കള്‍ വാദിക്കുന്നു. അതിന് ഉപോല്‍ബലകമായി മുസ്ലീം സമുദായത്തില്‍ നിന്ന് ഉയര്‍ന്നുവന്ന പ്രധാന വാദഗതി, ക്രൈസ്തവരില്‍ സുറിയാനി ക്രിസ്ത്യാനികള്‍ മേല്‍ ജാതിക്കാരാണെന്നും അവരിലെ ദലിത ക്രൈസ്തവര്‍, ലത്തീന്‍ ക്രിസ്ത്യാനികള്‍ എന്നീ വിഭാഗങ്ങള്‍ സാമൂഹികമായി പിന്നോക്കാവസ്ഥയില്‍ കഴിയുന്നവരാണെന്നും അവരാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹരെന്നുമാണ്. സുറിയാനി ക്രിസ്ത്യാനികള്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹതയില്ലാത്തവരാണെന്നും അവരെ ക്രൈസ്തവ ജനസംഖ്യയില്‍ നിന്ന് കുറയ്ക്കുമ്പോഴുള്ള 20% മാത്രമാണ് ക്രൈസ്തവര്‍ക്ക് അര്‍ഹതയെന്നും ബാക്കി 80% മുസ്ലീങ്ങള്‍ക്കാണ് അര്‍ഹതയെന്നും ആയിരുന്നു വാദിച്ചത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ക്രൈസ്തവര്‍ ആണെങ്കില്‍ വാദിച്ചത്, ക്രൈസ്തവര്‍ക്കിടയില്‍ സാമൂഹികമായി പിന്നാക്ക വിഭാഗങ്ങള്‍ ഉള്ളതുപോലെ മുസ്ലീങ്ങള്‍ക്കിടയിലും പല പിന്നാക്ക വിഭാഗങ്ങളും ഉണ്ടെന്നും അതിനാല്‍ ക്രൈസ്തവരിലെ മുന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കേണ്ടവരല്ല എന്ന മറുവാദമാണ് ഉയര്‍ത്തിയത്. അതിനാല്‍ പിന്നാക്ക, മുന്നാക്ക ഭേദമില്ലാതെ 40% ക്രൈസ്തവര്‍ക്ക് അവകാശപ്പെട്ടതാണെന്നും ആണ് വാദിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം മുസ്ലീം, ക്രൈസ്തവ സമൂഹങ്ങളിലെ ശബ്ദമുയര്‍ത്താന്‍ ശേഷിയുള്ള വിഭാഗങ്ങള്‍ അതിശക്തമായി തങ്ങളുടെ ഭാഗങ്ങള്‍ക്കുവേണ്ടി വാദിച്ചപ്പോള്‍ ഓരോ വിഭാഗവും മറുവിഭാഗത്തിന്റെ നേര്‍ക്ക് വിരല്‍ചൂണ്ടിയത് മറുഭാഗത്തെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരെക്കുറിച്ചുള്ള പ്രശ്‌നം ഉയര്‍ത്തിയാണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം ശബ്ദമുയര്‍ത്താന്‍ ശേഷിയുളള ഇരു സമുദായങ്ങളിലെയും വിഭാഗങ്ങള്‍ അവരവരുടെ സമൂഹങ്ങളില്‍ സാമൂഹിക പിന്നാക്കാവസ്ഥയില്‍ കഴിയുന്നവരെക്കുറിച്ച് യാതൊന്നും പറയുവാന്‍ തയറായില്ല എന്നും വെളിപ്പെട്ടു.

മുസ്ലീം സമുദായത്തില്‍ നിന്ന് ഉയര്‍ത്തിയ വാദഗതി ഒരു ന്യൂനപക്ഷ സമുദായമെന്ന നിലയില്‍ അവര്‍ക്ക് ദോഷകരവും ദൂരവ്യാപകമായ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണ്. ഇന്നത്തെ ഫാഷിസ്റ്റ് ഹിന്ദുത്വ ശക്തികള്‍ അവരുടെ പ്രഭാവം വര്‍ദ്ധിപ്പിക്കുകയോ നിലനിര്‍ത്തുകയോ ചെയ്താല്‍ മുസ്ലീങ്ങളുടെ ആ വാദഗതി ഉപയോഗപ്പെടുത്തി പല ന്യൂനപക്ഷാവകാശങ്ങളും റദ്ദ് ചെയ്യുവാന്‍ കഴിയും. ന്യൂനപക്ഷങ്ങളെ തരം തിരിച്ച് അവരുടെ അവകാശനിഷേധത്തിന് അത് അടിസ്ഥാനമാക്കും. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭരണം പോലും പിടിച്ചെടുക്കുന്നതിന് ആ വ്യാഖ്യാനം ഉപയോഗപ്പെടുത്തുവാനും പ്രയാസമില്ല. കേരളത്തില്‍ താല്കാലികമായ ഒരു വിജയത്തിന് വേണ്ടി ആ വാദഗതി ഉയര്‍ത്തണമോ എന്ന് വിലയിരുത്തുവാന്‍ മുസ്ലീം സമുദായത്തിലെ ചിന്തിക്കുന്നവര്‍ തയ്യാറാകണം.

എന്നാല്‍ ഏറ്റവും നിര്‍ദ്ദയമായ വലിയ ഒരു ന്യൂനപക്ഷാവകാശ ധ്വസനം ഈ രാജ്യത്ത് നടന്നിട്ടും അതില്‍ ക്രൈസ്തവരോ മുസ്ലീങ്ങളോ എതിരായ ഒരു ശബ്ദം പോലും ഉയര്‍ത്തുവാന്‍ തയ്യാറായില്ല എന്നുള്ളത് ഇപ്പോഴെങ്കിലും ചര്‍ച്ചാവിഷയം ആക്കേണ്ടതാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. കൂടുതല്‍ അംഗങ്ങളുമായി 2019- ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച് അധികാരത്തിലേറിയപ്പോള്‍ ചെയ്ത ആദ്യനടപടികളില്‍ ഒന്ന് രാജ്യത്തെ സൂക്ഷ്മ ന്യൂനപക്ഷമായ ആഗ്ലോ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് പാര്‍ലമെന്റിലും നിയസഭകളിലും ഒരു അംഗത്തെ നാമനിര്‍ദ്ദേശം ചെയ്യുന്ന വ്യവസ്ഥ എടുത്തുകളഞ്ഞതാണ്. ഭരണഘടനയുടെ തുടക്കം മുതല്‍ ദേശീയ നേതാക്കളായ അതിന്റെ സൃഷ്ടാക്കള്‍ ഉള്‍പ്പെടുത്തിയ ആ വ്യവസ്ഥ രാജ്യത്ത് പ്രത്യേക ചര്‍ച്ചകളൊന്നും കൂടാതെയാണ് ഹിന്ദുത്വ ശക്തികള്‍ റദ്ദാക്കിയത്. അപ്പോഴൊന്നും രാജ്യത്തെ പ്രബല ന്യൂനപക്ഷ സമുദായങ്ങള്‍ ആ നടപടി തങ്ങളെ ബാധിക്കുന്നതല്ലെന്ന ഒരു വിചാരത്തില്‍ കഴിഞ്ഞതുപോലെയാണ് നിശബദരായത്. എന്നാല്‍ ലോകത്തിലെ അടിസ്ഥാന മനുഷ്യാവകാശ സങ്കല്പങ്ങളില്‍ ന്യൂനപക്ഷാവകാശങ്ങള്‍ക്ക് ഒരു സ്ഥാനമുണ്ട്. ലോകത്തിന്റെ ആ ചിന്തയാണ് നമ്മുടെ ഭരണഘടനയിലും ന്യൂനപക്ഷാവകാശം ഉള്‍പ്പെടുത്തുവാന്‍ കാരണം. ഏതെങ്കിലും ഒരു ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുകയോ ചവട്ടിമെതിക്കുകയോ ചെയ്യുമ്പോള്‍ അത് ലോകത്ത് ഒട്ടാകെയുള്ള ന്യൂനപക്ഷങ്ങളുടെ നേര്‍ക്കുള്ള ഒരു ആക്രമണമാണ്. യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വ ഫാഷിസത്തിന്റെ ജാതിപരമായ അസഹിഷ്ണുത സൂക്ഷ്മ ന്യൂനപക്ഷമായ ആഗ്ലോ ഇന്ത്യന്‍ സമൂഹത്തോട് കാണിക്കാമെന്നുള്ള ഒരു മനോഭവമാണ് ആ നടപടിയുള്ളത്. ‘ഇജ്ജാതി’ വകയൊന്നും ഉന്നതമായ ജനപ്രതിനിധി സഭകളില്‍ ഇരിക്കാന്‍ യോഗ്യരല്ല എന്നുള്ള ആ ബ്രാഹ്മിണിക്കല്‍ അജണ്ടയാണ് അത്. അത്തരം ആഴമേറിയ തിരിച്ചറിവുകളൊന്നും കപടമായ അവകാശ ബോധത്തിന്റെ ആക്രോശങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ കാണിക്കുന്നില്ലായെന്നുള്ള സങ്കടകരമായ സ്ഥിതി വിശേഷമാണ്.

സര്‍ക്കാര്‍ സര്‍വ്വീസിലെ സംവരണവുമായി ബന്ധമില്ല

ഹൈക്കോടതി വിധി സര്‍ക്കാര്‍ സര്‍വ്വീസിലെ സംവരണവുമായി യാതൊരു ബന്ധവുമില്ല എന്ന് ഇപ്പോഴെങ്കിലും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സംവരണം ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ, പിന്നാക്ക വിഷയങ്ങളില്‍ അടിസ്ഥാനപരമായ ഒരു പൊതു സമീപനം സാമൂഹിക സമത്വത്തിനും എല്ലാ ജനങ്ങളുടെയും അവകാശ സംരക്ഷണത്തിനും അത്യാവശ്യമാണ്.

ന്യൂനപക്ഷാവകാശത്തിന്റെ മൗലികതയുടെ പ്രാധാന്യം എല്ലാവരും ഉള്‍ക്കൊള്ളേണ്ടതാണ്. ഭാഷ, മതം, വംശം തുടങ്ങിയ വിഭാഗങ്ങള്‍ ഭൂരിപക്ഷം വരുന്ന മറ്റൊരു വിഭാഗത്തെക്കാള്‍ എണ്ണത്തില്‍ വളരെക്കുറവ് ഉണ്ടാകുന്ന അവസ്ഥയാണ് ന്യൂനപക്ഷാവകാശത്തിന്റെ അടിസ്ഥാനം. ആധിപത്യത്തിനുള്ള പ്രവണത വ്യക്തികള്‍ക്കായാലും സമൂഹങ്ങള്‍ക്കായാലും എപ്പോഴും ഉണ്ടാകാവുന്നതാണ്. സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി എപ്പോഴും ജാഗ്രതയുള്ള സമൂഹത്തില്‍ മാത്രമേ അവയ്ക്ക് മാറ്റമില്ലാതെ തുടരുവാന്‍ കഴിയുകയുള്ളൂ. അല്ലാത്തപക്ഷം ഏതെങ്കിലും വ്യക്തി അല്ലെങ്കില്‍ ഏതെങ്കിലും വിഭാഗത്തിന്റെ പേരില്‍ ആധിപത്യത്തിനുള്ള പ്രവണതകള്‍ ശക്തിപ്പെടും. എണ്ണത്തില്‍ കുറവായ ഒരുവിഭാഗത്തെ അടിച്ചമര്‍ത്തിയാണ് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം ആദ്യം നടത്തുക. ന്യൂനപക്ഷം വരുന്ന വിഭാഗത്തോട് വെറുപ്പും വിദ്വേഷവും ശത്രുതയും വളര്‍ത്തുന്നതിലൂടെ ഭൂരിപക്ഷം വരുന്ന വിഭാഗത്തെ സങ്കുചിതമായ മനോഭാവത്തിലേക്ക് വളര്‍ത്തുവാനും അങ്ങനെ ആധിപത്യത്തിനുള്ള ഒരു ഒരുമ അവരില്‍ സൃഷ്ടിക്കുവാനും കഴിയും. യഥാര്‍ത്ഥത്തില്‍ ഒരു സമൂഹത്തിനല്ല, ആ സമൂഹത്തെ നിയന്ത്രണ വിധേയമാക്കുന്ന ചില വ്യക്തികള്‍ക്കാണ് ആധിപത്യവും അധികാരവും ലഭിക്കുക. അധികാരം കൈപ്പിടിയിലാക്കുവാനുള്ള വ്യക്തികളുടെ മനസിലെ ഗൂഢമായ അഭിലാഷങ്ങളാണ് സമൂഹത്തെ കരുവാക്കി ആധിപത്യം സ്ഥാപിക്കുന്നതിനുള്ള പ്രവണതയുടെ അടിസ്ഥാനം. ആദ്യം എണ്ണത്തില്‍ കുറഞ്ഞവരെയാണ് അടിച്ചമര്‍ത്തുക. എന്നാല്‍ അടിച്ചമര്‍ത്തല്‍ എതിര്‍ക്കപ്പെടാതെയും എല്ലാവരുടെയും സ്വാതന്ത്ര്യം മാനിക്കാത്തതുമായ ഒരു സമൂഹത്തില്‍, ഭൂരപക്ഷത്തിനുമേല്‍ ആയിരിക്കും പിന്നീടുള്ള അടിച്ചമര്‍ത്തല്‍. ആ സാഹചര്യത്തിലാണ് ന്യൂനപക്ഷാവകാശം ലോകവും ദേശീയ നേതാക്കളായ നമ്മുടെ ഭരണഘടനാ സൃഷ്ടാക്കളും സുപ്രധാനമായി കരുതിയത്. അത് ന്യൂനപക്ഷങ്ങളിലെ ഏതെങ്കിലും ഒരു വിഭാഗത്തിനല്ല മറിച്ച് ആ ന്യൂനപക്ഷ സമൂഹത്തിന് മൊത്തത്തില്‍ ലഭിക്കേണ്ട ഒരു അവകാശമാണ്. മേല്‍ വിവരിച്ച സാഹചര്യത്തില്‍ കേരള ഹൈക്കോടതിയുടെ വിധി നിയമപരമായും നൈതികമായും ശരിയായിട്ടുള്ളതാണ്.

സ്ഥിരാധികാരത്തിലുള്ള സംവരണം ജോലി സംവരണമെന്നാണ് അറിയപ്പെടുന്നത്. അത് ഒരു തൊഴില്‍ദാന പദ്ധതിയല്ലെന്ന സംഗതി ഒരുപാട് ചര്‍ച്ചയ്ക്ക് വിധേയമായെങ്കിലും ഇപ്പോഴും അങ്ങനെ തെറ്റായി ധരിക്കുന്നവരുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ പലവിധത്തില്‍ പ്രത്യേകിച്ചും വിജ്ഞാന, അധികാരമണ്ഡലങ്ങളില്‍ നിന്ന് അകറ്റപ്പെട്ട് പിന്നാക്കാവസ്ഥയിലേക്ക് തള്ളപ്പെട്ടവര്‍ക്കാണ് സംവരണം നല്‍കേണ്ടത്. അത് ഏതെങ്കിലും മതവിഭാഗത്തിന് നല്‍കുവാനുള്ളതല്ല. സൂക്ഷ്മ ന്യൂനപക്ഷമായ ആഗ്ലോ ഇന്ത്യക്കാര്‍ക്കുള്ള സംവരണം പൊതുവായ ആ സമീപനത്തില്‍ സവിശേഷമായ ഒരു അപവാദമാണ്. കൂടാതെ കേരളത്തില്‍ ഒരു പ്രത്യേക ചരിത്രപശ്ചാത്തലത്തില്‍ മുസ്ലീം സമുദായത്തിനാകെ സംവരണം നല്‍കിയതും അന്നത്തെ സാഹചര്യത്തില്‍ തെറ്റല്ല.

എന്നാല്‍ സാമൂഹിക സംവരണത്തെ സാമൂഹിക മാനദണ്ഡങ്ങള്‍ മാത്രം അടിസ്ഥാനമാക്കി നിലനിര്‍ത്തുമ്പോഴും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് അതിനെ ചലനാത്മകമാക്കണം. സാമൂഹികമായി കൂടുതല്‍ താഴുന്ന വിഭാഗങ്ങള്‍ക്ക് സംവരണത്തില്‍ മുന്‍ഗണനാപരമായ പ്രാതിനിധ്യം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഒരു പരിഷ്‌കാരം സാമൂഹിക സംവരണത്തില്‍ കൊണ്ടുവരുന്നതിന് ഏറെ വൈകിപ്പോയിരിക്കുന്നു. ഒറ്റപ്പെട്ട ഓരോ വിഷയങ്ങളിലും പരിഷ്‌കരിക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന നടപടി കൂടുതല്‍ അന്യായത്തിനാണ് പലപ്പോഴും ഇടയാക്കുന്നത്. സമഗ്രമായ ഒരു പരിഷ്‌കരണമാണ് സംവരണത്തില്‍ വരുത്തേണ്ടത്. അങ്ങനെ സമഗ്രമായ പരിഷ്‌കരണം വരുത്തുന്ന വേളയില്‍ മുസ്ലീങ്ങളിലെ തങ്ങള്‍, സയ്യദ്, പട്ടേല്‍ തുടങ്ങിയുള്ള മേല്‍ജാതിക്കാരെ സംവരണത്തില്‍ നിന്ന് ഒഴിവാക്കുകയും മുസ്ലീങ്ങളിലെ ദലിത സമൂഹത്തില്‍ നിന്നുള്ള ജാതികളെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കുകയും വേണം. കൂടാതെ ഓത്താന്മാരെയും മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ഏറെ പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളെയും മുന്‍ഗണന നല്‍കി പ്രതിനിധ്യം ഉറപ്പു വരുത്തേണ്ടതുമുണ്ട്.

അതുപോലെ ക്രൈസ്തവരിലെ ദലിത സമൂഹത്തിനും ഏറെ പിന്നാക്കം നില്‍ക്കുന്ന മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്കും പട്ടിക ജാതി സംവരണവും പിന്നാക്ക സംവരണത്തിലെ മുന്‍ഗണനാപരമായ അവസരങ്ങളും നല്‍കി പരിഷ്‌കരിക്കണം. ഇന്ന് മാധ്യമങ്ങളില്‍ പ്രതിഫലിക്കാത്ത ഒരു ദീനരോധനമാണ് അത്തരം വിഭാഗങ്ങളുടേത്. അവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുവാനുള്ള ആശയപരമായ അടിത്തറ ഇന്നത്തെ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികള്‍ക്കും ഇല്ല. സാമൂഹിക സംവരണത്തെ ഗൂഢമായി അട്ടിമറിക്കുന്ന പദ്ധതികളില്‍ ബി.ജെ.പി.യും കമ്യൂനിസ്റ്റുകളും കോണ്‍ഗ്രസ്സും ഇതര വ്യവസ്ഥാപിത കക്ഷികളും കൂട്ടുപങ്കാളികള്‍ ആയിരിക്കുമ്പോള്‍ സാമൂഹിക സംവരണത്തെ കൂടുതല്‍ ചലനാത്മകമാക്കുന്നതിനുള്ള ഒരു പദ്ധതിയെ ഉയര്‍ത്തുവാന്‍ അവര്‍ക്ക് സാധിക്കാതെ വരുന്നത് സ്വാഭാവികമാണല്ലോ.

ന്യൂനപക്ഷാവകാശങ്ങളുടെയും സാമൂഹിക സമത്വത്തിനുള്ള സംവരണത്തിന്റെയും ഏറ്റവും മൗലികമായ വശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ എല്ലാവരും തയ്യാറാകണം. മുസ്ലീങ്ങളിലെയും ക്രൈസ്തവരിലെയും സ്വാധീനവും ശക്തിയുമുള്ളവര്‍ സാമൂഹികമായി ഏറെ പിന്നാക്കം തള്ളപ്പെട്ട സമൂഹങ്ങളുടെ ശബ്ദം പോലും ഇല്ലാതെയാക്കുന്ന ഇന്നത്തെ സ്ഥിതി വിശേഷം മാറുക തന്നെ ചെയ്യണം. ഞാന്‍ ആദ്യം എനിക്കാദ്യം എന്ന സ്വാര്‍ത്ഥ ലക്ഷ്യത്തോടെയുള്ള സമീപനം മാറ്റി നമ്മെക്കാള്‍ വിഷമത്തിലായവരോട് സഹാനുഭൂതി കാണിക്കുന്ന മനോഭാവമാണ് ന്യൂനപക്ഷങ്ങളായാലും ഭൂരിപക്ഷമായാലും ആവശ്യം. ബി.ജെ.പി.പ്രഭാവം ഇനിയും മുന്നേറുകയാണെങ്കില്‍ റദ്ദാക്കപ്പെടുന്നതിനുള്ള സാധ്യതകള്‍ ഏറെയായ ന്യൂനപക്ഷാകാശത്തിന്റെ പേരില്‍ അസൂയക്കാരന്റെയും അത്യാഗ്രഹിയുടെയും കഥയില്‍ പറയുന്നതുപോലെ തമ്മിലടിയുടെ രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങള്‍ കുരുങ്ങരുത്.

advocatejoshyjacob@gmail.com

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply