പരിസ്ഥിത സൗഹൃദ ഗതാഗതവും വൈദ്യുതവാഹനങ്ങളും ഇഴയുന്നു

ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള 20 നഗരങ്ങളില്‍ 14 ഉം ഇന്ത്യയിലാണ്. ഇന്ത്യയിലെ ആകെ അന്തരീക്ഷ മലിനീകരണത്തിന്റെ 25 ശതമാനവും വാഹനങ്ങളില്‍ നിന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ്. എന്നാല്‍ ഇത്തരം വാഹനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുക എന്നതാണ് വെല്ലുവിളി.

നാലുവര്‍ഷത്തിനകം സംസ്ഥാനത്ത് 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍ ഓടിത്തുടങ്ങുമെന്നും താമസിയാതെ വാഹനഗതാഗതം പൂര്‍ണ്ണമായും വൈദ്യുതിയിലേക്കുമാറുമെന്നും 2018ല്‍ കേരളം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വളരെ പതുക്കെയാണ് കാര്യങ്ങളുടെ പോക്ക്. കെ എസ് ആര്‍ ടി സിയില്‍ പോലും പദ്ധതി വിജയകരമായി നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ആ ദിശയിലുള്ള ശ്രമങ്ങള്‍ തുടരുന്നു എന്നാണ് സര്‍ക്കാര്‍ അവകാശവാദം.
പരിസ്ഥിത സൗഹൃദ ഗതാഗതമെന്ന ലക്ഷ്യത്തില്‍ നാലുവര്‍ഷത്തിനകം 2 ലക്ഷം ഇരുചക്രവാഹനങ്ങള്‍, 50000 ഓട്ടോ, 3000 ബസ്, 100 ഫെറി ബോട്ട്, 1000 ഗുഡ്‌സ് കാരിയര്‍ എന്നിവ വൈദ്യുതിയിലോടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. കെ എസ് ഇ ബിയുടെ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍, വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നികുതിയിളവ്, സബ്‌സിഡി, നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം പദ്ധതിയിലുണ്ട്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും കാര്യങ്ങള്‍ ഇഴയുകയാണെന്നു പറയാതെ വയ്യ. പാരിസ്ഥിതിമായി വലിയ വെല്ലുവിളികള്‍ നേരിടുകയും കാലാവസ്ഥാവ്യതിയാന ഭീഷണി ശക്തമാകുകയും ചെയ്യുമ്പോഴും ഈ ദിശയില്‍ ശക്തമായ നീക്കങ്ങള്‍ നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ലോകാരോഗ്യ സംഘടനയുടെ കാലാവസ്ഥ വ്യതിയാനങ്ങളുടെ സ്വാധീനങ്ങളെക്കുറിച്ചു പറയുന്ന വെബ്സൈറ്റില്‍ ലോകത്തുണ്ടാകുന്ന കാര്‍ബണ്‍ ഡൈഓക്സൈഡിന്റെ 27%വും ഉണ്ടാകുന്നതു ഗതാഗതസംവിധാനങ്ങളില്‍ നിന്നാണെന്നു വ്യക്തമാക്കുന്നു. ഇത് 2010 ലെ കണക്കനുസരിച്ചാണ്. പ്രതിവര്‍ഷം നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ കണക്കെടുക്കുകയാണെങ്കില്‍ ഇത് ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്നതില്‍ സംശയം വേണ്ട. കേരളം അക്കാര്യത്തില്‍ ഏറ്റവും വലിയ ഉദാഹരണമാണ്. ഇവിടെ വാഹനങ്ങളുടെ പെരുപ്പം വികസിത രാഷ്ട്രങ്ങളോടൊപ്പമാണ്. ഒരു സ്വകാര്യ സ്റ്റാറ്റിസ്റ്റിക്സ് വെബ്‌സൈറ്റ് പറയുന്നത് 2016ല്‍ 10.17 മില്യണ്‍ വാഹനങ്ങള്‍ കേരളത്തിന്റെ നിരത്തുകളില്‍ ഉണ്ട് എന്നാണ്. സ്വകാര്യ വാഹനങ്ങളുടെ എണ്ണം ഇത്തരത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെങ്കിലും കേരളം പോലൊരു ഉപഭോഗ സംസ്ഥാനത്തു പൊതു ഗതാഗത സംവിധാനവും ജനജീവിതത്തില്‍ വളരെ പ്രധാനമാണ്. അതിനാല്‍ കെ എസ് ആര്‍ ടി സി തന്നെയാണ് ഇതിനു മാതൃകയാകേണ്ടത്.
കെ.എസ്.ആര്‍.ടി.സി യുടെ വൈദ്യുത ബസുകള്‍ ആദ്യപരീക്ഷണ ഓട്ടം നടത്തിയത് 2018 ജൂണിലായിരുന്നു. അന്ന് തിരുവന്തപുരം മുതല്‍ എറണാകുളം വരെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. തുടര്‍ന്ന് 2018 ഒക്ടോബറില്‍ തന്നെ ശബരിമലയിലും സര്‍ക്കാര്‍ വക വൈദ്യുതി ബസുകള്‍ സര്‍വീസ് നടത്തി. അതിനു ശേഷം കെ.എസ്.ആര്‍.ടി.സി വൈദ്യുതി ബസുകള്‍ ഇന്നലെയാണ് വീണ്ടും ഓടി തുടങ്ങിയത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്ററോളം ഓടുന്ന ബസാണിത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി വൈദ്യുതി ബസുകള്‍ പൊതുഗതാഗതത്തിനു ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം.
ഗതാഗത സംവിധാനങ്ങള്‍ കൊണ്ടുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും ഇന്ധന ഉപഭോഗവും കുറയ്ക്കും എന്നതാണ് വൈദ്യുതി ബസുകളുടെ സവിഷേത. കേരളത്തിന്റെ ഉപഭോഗ സ്വഭാവത്തിനു ഏറ്റവും ഒന്നേമുക്കാല്‍ കോടയാണ് ബസിന്റെ വില. സര്‍ക്കാര്‍ ലീസിനെടുത്താണ് ഈ ബസ് നിരത്തിലിറക്കിയിരിക്കുന്നതു. ക്യാമറ, റിവേഴ്സ് ക്യാമറ, എല്ലാ സീറ്റിലും USB മൊബൈല്‍ ചാര്‍ജര്‍, ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം എന്നിവയെല്ലാം ഇവയിലുണ്ട്. അതേ സമയം ഇന്ധന ചെലവ് കുറയുന്നതിനാല്‍ ബസ് ചാര്‍ജ്ജ് കുറക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വൈദ്യുതി വാഹനങ്ങള്‍ വര്‍ധിക്കുകയാണെങ്കില്‍ പെട്രോളിയം എണ്ണയെ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ക്രയങ്ങളെയും വിലവര്‍ധനവിനെയും ക്രിയാത്മകമായി കുറക്കാന്‍ കഴിയും.
ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള 20 നഗരങ്ങളില്‍ 14 ഉം ഇന്ത്യയിലാണ്. ഇന്ത്യയിലെ ആകെ അന്തരീക്ഷ മലിനീകരണത്തിന്റെ 25 ശതമാനവും വാഹനങ്ങളില്‍ നിന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ്. എന്നാല്‍ ഇത്തരം വാഹനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുക എന്നതാണ് വെല്ലുവിളി. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ലോകത്തെങ്ങും നടന്നുകൊണ്ടിരിക്കുന്നത്. പല വിദേശ രാജ്യങ്ങളിലും നിര്‍മ്മാതാക്കളെയും ഉപഭോക്താക്കളെയും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകര്‍ഷിക്കുന്ന നിയമനിര്‍മ്മാണം നടക്കുന്നു. ഏതൊരു മാറ്റവും കാലത്തിന്റെ അനിവാര്യതയാണ്. പുനര്‍ നിര്‍മ്മിക്കാനാവാത്ത ഫോസില്‍ ഇന്ധനത്തെ എക്കാലവും ആശ്രയിക്കാനാവില്ല എന്ന തിരിച്ചറിവും മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന അന്തരീക്ഷ മലിനീകരണവും ഇലക്ട്രിക് വാഹനങ്ങളെ ഭാവിയുടെ അനിവാര്യതയാക്കുന്നു. ആ ദിശയിലുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply