വിദ്യാഭ്യാസ സങ്കല്‍പ്പം : അംബേദ്ക്കറുടെയും വിവേകാനന്ദന്റെയും

അംബേദ്കര്‍ ഉയര്‍ത്തിയ മുദ്രാവാക്യം ” Educate , Agitate and Organize ” എന്നായിരുന്നു . വിദ്യനേടുക , ആന്തരികമായി അസ്വസ്ഥരാകുക , ആ അസ്വസ്ഥകള്‍ പേറുന്നവര്‍ രാഷ്ട്രീയമായി സംഘടിക്കുക എന്നതായിരുന്നു അംബേദ്കര്‍ വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം . അംബേദ്കര്‍ ഒരിക്കലും അതി ഭൗതികമായ ഒരു ബ്രഹ്മത്തിലേക്കുള്ള ആത്മന്റെ പ്രയാണമാണ് വിദ്യാഭ്യാസമെന്ന് കരുതിയിരുന്നില്ല .

വിവേകാനന്ദ വീക്ഷണത്തില്‍ ”മനുഷ്യരില്‍ ആന്തരികമായി ,ജന്മനാ , ജന്മാന്തരബന്ധങ്ങളിലൂടെ ,മാറ്റമില്ലാതെ തുടരുന്ന ‘ദൈവീകമായ പൂര്‍ണ്ണതയുടെ ” പ്രതിഫലനത്തെ സുഗമമാക്കുന്ന പ്രക്രീയയാണ് വിദ്യാഭ്യാസം .അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഓരോ മനുഷ്യരും ദൈവത്തിന്റെ ആലയങ്ങളാണ് . ഓരോ മനുഷ്യരുടെ ഉള്ളിലും ബ്രഹ്മം കുടികൊള്ളുന്നു. എന്നാല്‍ അജ്ഞാനം ആകുന്ന തിമിരം മൂലം അല്ലെങ്കില്‍ ആവരണം മൂലം നമുക്ക് നമ്മുടെ തന്നെ ദൈവീകത്വത്തെ തിരിച്ചറിയാന്‍ കഴിയുന്നില്ല .നമ്മുടെ ഉള്ളില്‍ അഗ്‌നിപോലെ ജ്വലിച്ചുനില്‍ക്കുന്ന ബ്രഹ്മ ചൈതന്യത്തെ തിരിച്ചറിയാനോ , കണ്ടെത്താനോ ,സ്വയം പ്രകാശിപ്പിക്കാനോ കഴിയാതെ നമ്മള്‍ അജ്ഞാനത്തിന്റെ അന്ധകാരത്തില്‍ കഴിയുകയാണ് . അജ്ഞാനത്തിന്റെ അന്ധകാരത്തില്‍ ജന്മങ്ങള്‍ പാഴാക്കി കൊണ്ടിരിക്കുകയാണ് . അജ്ഞാനത്തിന്റെ അന്ധകാരത്തില്‍ നിന്നും ബ്രഹ്മജ്ഞാനത്തിന്റെ സുവര്‍ണ്ണ ജ്വാലയിലേക്കുള്ള ആത്മന്റെ പരിവര്‍ത്തനമാണ് സ്വാമി വിവേകാനനന്ദന്റെ വീക്ഷണത്തില്‍ വിദ്യാഭ്യാസം എന്നത് . ബ്രഹ്മം എന്ന ആശയത്തിന്റെ മുകളില്‍ രൂപപ്പെടുത്തിയിട്ടുള്ള വേദാന്ത ചിന്തയുടെ അടിസ്ഥാനത്തില്‍ ആണ് വിവേകാനനന്ദന്റെ വിദ്യാഭ്യാസ നിര്‍വചനം നിലനില്‍ക്കുന്നത് . മനുഷ്യര്‍ ദൈവീകമായി പൂര്‍ണ്ണര്‍ ആണെന്നും .അവര്‍ ദൈവങ്ങള്‍ തന്നെ ആണെന്നുമുള്ള ,അതായത് പ്രപഞ്ചത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഉണ്മ അല്ലെങ്കില്‍ അസ്തിത്വമായ ബ്രഹ്മത്തിന്റെ പ്രതിഫലനങ്ങളും വാഹകരുമാണ് മനുഷ്യര്‍ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് വിവേകാനന്ദന്റെ വിദ്യാഭ്യാസ ചിന്തകള്‍ വളരുന്നത് . മനുഷ്യരുടെ സ്വാഭാവികമായ ദൈവീക പൂര്‍ണ്ണതയെ വെളിപ്പെടുത്തലാണ് അദ്ദേഹത്തിന്റെ കണ്ണില്‍ വിദ്യാഭ്യാസം എന്നത് . എന്നാല്‍ വിവേകാനന്ദന്റെ വിദ്യാഭ്യാസ ചിന്തകളുടെ വിപരീതമാണ് അംബേദ്കറുടെ വിദ്യാഭ്യാസ ചിന്തകള്‍ .

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍ സമൂഹത്തിലെ അധീശ ശക്തികളുടെ അധികാര പ്രയോഗത്താല്‍ വിഭവരഹിതരും അവകാശ രഹിതരും ആക്കപ്പെടുന്ന ജനതകള്‍ ,അവരുടെ മേല്‍ അധീശവര്‍ഗ്ഗങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സാമൂഹ്യ നിയന്ത്രണങ്ങള്‍ , സാംസ്‌കാരിക അധിനിവേശങ്ങള്‍ ,രാഷ്ട്രീയമായ അവകാശ നിഷേധങ്ങള്‍ , സാമ്പത്തിക ചൂഷണങ്ങള്‍ , വിഭവ നിഷേധങ്ങള്‍ തുടങ്ങിയവയാല്‍ തങ്ങളില്‍ നൂറ്റാണ്ടുകളായി സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക പരിമിതികളെ ,അപൂര്‍ണ്ണതകളെ ഇല്ലാതാക്കുക എന്നതാണ് അംബേദ്കറുടെ വീക്ഷണത്തില്‍ വിദ്യാഭ്യാസത്തിന്റെ മുഖ്യധര്‍മ്മം എന്നത് . നാം ജീവിക്കുന്ന സമൂഹത്തില്‍ നിന്നും നമ്മള്‍ അനുഭവിക്കുന്ന അനീതികളെ ചൂഷണങ്ങളെ ,അവസരസമത്വം ഇല്ലായ്മയെ മറികടക്കാനുള്ള മാര്‍ഗ്ഗമാണ് അംബേദ്കര്‍ക്ക് വിദ്യാഭ്യാസം എന്നത് . അതി ഭൗതികമായ ഒരു ”പൂര്‍ണ്ണതയെ ” പറ്റിയുള്ള സ്വപ്നങ്ങളാണ് വിവേകാനന്ദന്റെ വിദ്യാഭ്യാസ വീക്ഷണം നമ്മോട് പങ്കുവയ്ക്കുന്നത് .എന്നാല്‍ ഇഹലോകത്തിലെ ,നമ്മള്‍ ജീവിക്കുന്ന സമൂഹത്തിലെ ഭൗതികമായ അവസര സമത്വത്തെ പറ്റിയാണ് അംബേദ്കര്‍ വാചാലനാകുന്നത് . മനുഷ്യരില്‍ അന്തര്‍ലീനമായ ആത്മീയ പൂര്‍ണ്ണത എന്ന ആശയത്തെ പറ്റി ലോകം മുഴുവന്‍ സഞ്ചരിച്ച് വാചാലനായ വിവേകാനന്ദന്റെ വിപരീതത്തിലാണ് അംബേദ്കര്‍ നിലകൊള്ളുന്നത്. ഭൗതീക ലോകത്തില്‍ അധീശവര്‍ഗ്ഗ അധികാരത്താല്‍ ഭൂരിപക്ഷവും അപൂര്‍ണ്ണര്‍ ആക്കപ്പെടുന്നുവെന്നും ,ഭൗതീകമായ അത്തരം അപൂര്‍ണ്ണതകളെ ഇഹലോകത്തില്‍ വെച്ചുതന്നെ തിരിച്ചറിയുകയും ,അതിനെ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് അംബേദ്കറുടെ വിദ്യാഭ്യാസ നയത്തിന്റെ കാതല്‍ .

അംബേദ്കര്‍ ഉയര്‍ത്തിയ മുദ്രാവാക്യം ” Educate , Agitate and Organize ” എന്നായിരുന്നു . വിദ്യനേടുക , ആന്തരികമായി അസ്വസ്ഥരാകുക , ആ അസ്വസ്ഥകള്‍ പേറുന്നവര്‍ രാഷ്ട്രീയമായി സംഘടിക്കുക എന്നതായിരുന്നു അംബേദ്കര്‍ വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം . അംബേദ്കര്‍ ഒരിക്കലും അതി ഭൗതികമായ ഒരു ബ്രഹ്മത്തിലേക്കുള്ള ആത്മന്റെ പ്രയാണമാണ് വിദ്യാഭ്യാസമെന്ന് കരുതിയിരുന്നില്ല . അയ്യന്‍ കാളിയും അങ്ങനെ കരുതിയിരുന്നില്ല എന്നത് അവര്‍ക്കിടയിലെ ആശയപ്പൊരുത്തത്തിന്റെ ദൃഢതയാണ് സൂചിപ്പിക്കുന്നത് . വിദ്യാഭ്യാസം എന്നത് അംബേദ്കറെ സംബന്ധിച്ചിടത്തോളം ഇന്ന് അമര്‍ത്യ സെന്നൊക്കെ പറയുന്ന പോലുള്ള നൈപുണികളുടെ [capabilities ] വികാസമാണ് .എന്നാല്‍ അതില്‍ മാത്രം ഒതുങ്ങുന്ന സങ്കുചിതമായ ഒന്നല്ല അംബേദ്കര്‍ വിദ്യാഭ്യാസം . സ്വാതന്ത്ര്യമാണ് വികസനമെന്ന് അമര്‍ത്യ സെന്‍ പറയുമ്പോള്‍ എന്തില്‍ നിന്നൊക്കെയാണ് സ്വാതന്ത്ര്യം നേടേണ്ടത് എന്ന് പറയുന്ന വേളയില്‍ അസമത്വങ്ങളെ കേവലം സാമ്പത്തിക അസ്തിത്വം മാത്രമുള്ള ഒന്നായിട്ടാണ് അദ്ദേഹവും കാണുന്നത് എന്ന് തോന്നിയിട്ടുണ്ട് .ഒരിക്കലും സാമ്പത്തിക അസമത്വങ്ങളുടെ പുറകില്‍ ഉറപ്പിച്ചുനിര്‍ത്തിയിട്ടുള്ള ജാതീയമായ കോട്ടകളെ തൊടാനുള്ള ശക്തി അമര്‍ത്യ സെന്നിന്റെ എഴുത്തുകള്‍ക്ക് ഇല്ല എന്നാണ് എന്റെ വായനാനുഭവം . അസമത്വം എന്നത് വിവേകാനന്ദന്റെ പൂര്‍ണ്ണത എന്ന് പറയുന്ന പോലുള്ള ഒരു അതി ഭൗതിക അസ്തിത്വമായി അദ്ദേഹവും കരുതുന്ന പോലത്തെ ഒരു തോന്നല്‍ അദ്ദേഹത്തെ വായിക്കുമ്പോള്‍ ഉണ്ടാകാറുണ്ട് . സാമ്പത്തിക അസമത്വങ്ങളേയും സാമൂഹ്യ അസമത്വങ്ങളേയും പരസ്പരം ബന്ധിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ജ്ഞാന മണ്ഡലങ്ങളെ വികസിപ്പിക്കുക എന്നതാണ് അംബേദ്കര്‍ മുന്നോട്ടു വയ്ക്കുന്ന വിദ്യാഭ്യാസ നയത്തിന്റെ കാതല്‍ . അംബേദ്കര്‍ മഹാഡ് ക്ഷേത്ര കുളത്തിലെ വെള്ളത്തില്‍ പങ്കു വേണം എന്നാണ് പറഞ്ഞത് അല്ലാതെ ക്ഷേത്രത്തിനകത്തെ ദൈവത്തില്‍ അല്ല . അയ്യന്‍ കാളി പൊതുനിരത്തിലൂടെ ആളുകള്‍ക്ക് സഞ്ചരിക്കാന്‍ പറ്റണം എന്നാണ് പറഞ്ഞത് അല്ലാതെ ക്ഷേത്രത്തില്‍ പ്രവേശിക്കണം എന്നല്ല . അവരെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസമെന്നത് ഭൗതിക വിമോചനത്തിനുള്ള പാതയായിരുന്നു അല്ലാതെ സങ്കുചിതമായ അര്‍ത്ഥത്തിലുള്ള ആത്മീയ വിമോചന മാര്‍ഗ്ഗം ആയിരുന്നില്ല .

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാമൂഹ്യ സാമ്പത്തിക പരിസ്ഥിതിയില്‍ നിന്നും സമ്പൂര്‍ണ്ണമായി മാറി നില്‍ക്കുന്ന സാമ്പത്തിക അടിത്തറയെന്ന മാര്‍ക്‌സിയന്‍ സിദ്ധാന്തത്തോട് അംബേദ്കര്‍ കലഹിക്കുന്നു എന്നത് വ്യക്തമാക്കുന്നത് അംബേദ്കറുടെ വിദ്യഭ്യാസനയം ആത്യന്തികമായി ലക്ഷ്യമിടുന്നത് ഭൗതികാസ്തിത്വബോധമുള്ളവര്‍ [ agitated ] ആകുക എന്ന് തന്നെയാണ് . മാര്‍ക്സും അംബേദ്കറും തമ്മില്‍ സൈദ്ധാന്തികമായി ഒത്തുപോകുന്ന ഒരു തലം വര്‍ഗ്ഗബോധം എന്ന ആശയത്തിലാണ് . മാര്‍ക്‌സിന്റെ ക്ലാസ് സാമൂഹ്യ അവസ്ഥകളില്‍ നിന്ന് അടര്‍ത്തിയെടുത്ത ഒന്നാകുമ്പോള്‍ അംബേദ്കറുടെ ക്ളാസ് സാമൂഹ്യമായ അവസ്ഥയുമായി ഇഴപിരിയാതെ നില്‍ക്കുന്ന ഒന്നാണ് . അതായത് മാര്‍ക്‌സിയന്‍ വര്‍ഗ്ഗബോധത്തെക്കാള്‍ ഉദാത്തവും വിപുലവും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് കൂടുതല്‍ ഉതകുന്നതും അംബേദ്കറുടെ ക്ലാസ് സങ്കല്‍പ്പമാണ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply