സി.എ.എ മുസ്ലിം സമുദായത്തെ മാത്രമല്ല, ബഹുജന്‍ വിഭാഗത്തിലെ ഓരോ അംഗങ്ങളെയും ബാധിക്കുന്നതാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്ജിദിന് മുമ്പില്‍ നടന്ന വന്‍ പ്രതിഷേധ റാലിയുടെ മുന്‍നിരയില്‍ നിന്നതിന്റെ പേരില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ ജനങ്ങള്‍ക്ക് എഴുതിയ തുറന്ന കത്ത്.

പ്രിയ ഇന്ത്യക്കാരെ,

ജയ് ഭീം, ഭരണഘടന ജയിക്കട്ടെ…

നമ്മുടെ പോരാട്ടം എത്ര ശക്തവും ഭരണഘടനാപരവും ബഹുജന താല്‍പ്പര്യങ്ങളില്‍ ഊന്നിയുള്ളതാണെന്നും കൃത്യമായി അടയപ്പെടുത്തുന്നതായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അതിനോട് പ്രതികരിച്ച രീതി. ആര്‍.എസ്.എസിന്റെ സമ്മര്‍ദത്തിന് വഴങ്ങി എസ്.സി / എസ്.ടി (അതിക്രമങ്ങള്‍ തടയല്‍) നിയമം ദുര്‍ബലപ്പെടുത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍, ഭീം ആര്‍മിയും മറ്റ് ദലിത് സംഘടനകളും നടത്തിയ പോരാട്ടം കാരണം അതില്‍ നിന്നു പിന്മാറാന്‍ അവര്‍ നിര്‍ബന്ധിതരായി. സന്ത് ശിരോമണി രവിദാസ് മഹാരാജ് ഗുരുഗഡ് പൊളിക്കാന്‍ ശ്രമിച്ചപ്പോഴും ഇത് ആവര്‍ത്തിച്ചു. ആ പ്രതിഷേധത്തില്‍ മുന്‍പന്തിയിലായിരുന്നു ബഹുജന്‍. അന്ന് ബഹുജന്‍ വിഭാഗത്തിന്റെ പോരാട്ടത്തിന് നേതൃത്വം നല്‍കിയതിന്റെ ശിക്ഷയായി എന്നെ ജയിലിലേക്ക് അയച്ചു. ഒരിക്കല്‍ കൂടി, നമ്മള്‍ സമാനമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്.

ഭരണഘടന വിരുദ്ധരായ ബി.ജെ.പി സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം (സി.എ.എ) കൊണ്ടുവന്നു. ഈ നികൃഷ്ടമായ നിയമം മുസ്ലിംകള്‍ക്കെതിരെ മാത്രമല്ല, എസ്.സി / എസ്.ടി / ഒ.ബി.സി, മറ്റു മതന്യൂനപക്ഷങ്ങള്‍ തുടങ്ങി എല്ലാ ബഹുജന്‍ വിഭാഗങ്ങള്‍ക്കും എതിരാണ്. നമ്മള്‍ അതില്‍ പ്രതിഷേധിച്ചതിനാല്‍ ഞാന്‍ വീണ്ടും ജയിലിലായി. ഉത്തര്‍പ്രദേശില്‍ നിരവധി പ്രതിഷേധക്കാര്‍ ദാരുണമായി കൊല്ലപ്പെട്ടതായി ഞാന്‍ അറിഞ്ഞു. ഈ വേദനാജനകമായ സമയത്ത് എന്റെ ബഹുജന്‍ സോദരര്‍ക്കൊപ്പം ഇല്ലാത്തതില്‍ എനിക്ക് ദുഖമുണ്ട്. സമാധാനപരമായി പ്രതിഷേധച്ചവരെ വെടിവച്ചുകൊല്ലുന്ന രീതി, യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പൂര്‍ണ്ണമായും സ്വേച്ഛാധിപത്യത്തിലേക്ക് തിരിയുകയാണെന്ന് വ്യക്തമാക്കുന്നതാണ്. എന്നാല്‍ ഈ വെടിയുണ്ടകള്‍ ബഹുജന്‍ വിഭാഗത്തെയല്ല, മറിച്ച് ഇന്ത്യന്‍ ഭരണഘടനയെയാണ് ഉന്നംവെക്കുന്നതെന്ന് നാം മനസിലാക്കണം. ഭരണഘടനയുടെ അനുയായികളായ നമ്മളെല്ലാവരും അത് സംരക്ഷിക്കാന്‍ പോരാടണം, അത് ഭരണഘടനാപരമായ വഴികളിലൂടെയായിരിക്കണം.

അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാന്‍ ബി.ജെ.പി തീരുമാനിച്ചുവെന്നതില്‍ സംശയമില്ല. അംബേദ്കര്‍ പറഞ്ഞതുപോലെ, ഈ രാജ്യം ഒരു ഹിന്ദു രാഷ്ട്രമായി മാറിയാല്‍, ഇന്ത്യയുടെ പതനം ഉറപ്പാണ്. ബി.ജെ.പി ഇന്ത്യയെ ആ പാതയിലേക്ക് കൊണ്ടുപോകുകയാണ്. എന്നാല്‍ ഞാന്‍ ജയിലിലായിട്ടും നമ്മുടെ നൂറുകണക്കിന് പ്രവര്‍ത്തകരെ തടവിലാക്കിയിട്ടും, ഈ പോരാട്ടത്തിന്റെ തീവ്രത കുറയ്ക്കാന്‍ നിങ്ങള്‍ അനുവദിച്ചിട്ടില്ല എന്നത് സന്തോഷം തരുന്നതാണ്. ഈ പോരാട്ടം മുസ്ലിം സമുദായത്തിന്റെ മാത്രമല്ലെന്ന് ഞാന്‍ ആവര്‍ത്തിക്കട്ടെ; സി.എ.എ, ബഹുജന്‍ വിഭാഗത്തിലെ ഓരോ അംഗങ്ങളെയും ബാധിക്കുന്നതാണ്.

അതുകൊണ്ട് പ്രിയ ബഹുജന്‍ കൂട്ടാളികളേ, സി.എ.എ ഇന്ത്യക്കും ഭരണഘടനയ്ക്കും വിരുദ്ധമാണെന്ന് നമ്മള്‍ മനസിലാക്കണം. എന്‍.ആര്‍.സിയുടെ കീഴില്‍ മോദി സര്‍ക്കാര്‍ പൗരത്വ തെളിവ് ആവശ്യപ്പെടുമ്പോള്‍, അത് മുസ്ലിംകളോട് മാത്രമായിരിക്കില്ല – എല്ലാ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍, ദരിദ്രര്‍, ഭവനരഹിതര്‍, നാടോടികള്‍, കര്‍ഷകര്‍, ഗോത്രവര്‍ഗക്കാരോടൊക്കെ തെളിവ് നല്‍കാന്‍ ആവശ്യപ്പെടും.

വായനക്കാരെ, നിങ്ങള്‍ ഓരോരുത്തരും ഇന്ത്യക്കാരനാണെന്ന് തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടും. ഇതിനര്‍ത്ഥം ഭവനരഹിതര്‍, ആദിവാസികള്‍, നാടോടികള്‍, നിരക്ഷരരായ ബഹുജന്‍ വിഭാഗക്കാര്‍, ഗോത്രവര്‍ഗക്കാര്‍ എന്നിവര്‍ക്ക് ഒറ്റരാത്രികൊണ്ട് അവരുടെ വോട്ടവകാശവും സംവരണവും നഷ്ടപ്പെടും എന്നാണ്. ഇതാണ് ആര്‍.എസ്.എസിന്റെ പ്രധാന അജണ്ട. എന്തിനെതിരെയാണോ അംബേദ്കര്‍ പോരാടിയതും അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്തത്, അതേ വ്യവസ്ഥയിലേക്ക് നമ്മെ ഇവര്‍ കൊണ്ടുവരും. അതുകൊണ്ട് തന്നെ നമ്മള്‍ ഒരുമിച്ച് പോരാടണം. നമ്മളെ ജയിലില്‍ അടച്ചതുകൊണ്ട് ഈ പ്രതിഷേധത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി സര്‍ക്കാര്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. ഈ പോരാട്ടം പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ളതാണ്. മനുസ്മൃതിയും ഭരണഘടനയും തമ്മിലുള്ളത്. ഈ യുദ്ധം ബഹുജന്‍ വിഭാഗത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ്. ഈ പോരാട്ടത്തിനായി എന്റെ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവന്നാല്‍ പോലും ഞാനത് ചെയ്യും.

ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കാന്‍ സര്‍വതും ത്യജിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്റെ ബഹുജന്‍ സഹോദരങ്ങളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്, അവര്‍ ഒരിക്കലും പോരാട്ടം ഉപേക്ഷിക്കരുത്. കൂടാതെ അത് അക്രമാസക്തമാകുന്നത് തടയുകയും വേണം. കാരണം ഈ പ്രതിഷേധം വളരെ വലുതാണ്, അക്രമം അതിനെ ദുര്‍ബലപ്പെടുത്തും. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയത്തില്‍ നിന്നുള്ള അനുശോചനം അറിയിക്കുകയാണ്. ഞാന്‍ ജയിലില്‍ നിന്ന് പുറത്തുവന്നാല്‍ ഈ കുടുംബങ്ങളിലെല്ലാം ഞാനെത്തും.

ഉത്തര്‍പ്രദേശ് പൊലീസിന്റെ പെരുമാറ്റം സംശയാസ്പദമാണ്. പക്ഷപാതം കാരണം അവര്‍ ആര്‍.എസ്.എസ് അംഗങ്ങളെപ്പോലെയാണ് പെരുമാറുന്നത്. മുസ്‌ലിംകളെ ഭീഷണിപ്പെടുത്തുകയും പാകിസ്താനിലേക്ക് പോകാന്‍ പറയുകയും ചെയ്ത മീററ്റ് സിറ്റി എസ്.പി അഖിലേഷ് സിങ് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. സുപ്രിംകോടതി ഇത് ഉടന്‍ പരിഗണിക്കുകയും പൊലീസ് ക്രൂരത അന്വേഷിക്കാന്‍ ജഡ്ജിമാരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും വേണം. വ്യാജ കേസുകള്‍ ഫയല്‍ ചെയ്ത ആഭ്യന്തരമന്ത്രി അമിത് ഷായുടെ പൊലീസ്, ഇരകളാക്കിയവരെ നിങ്ങള്‍ പിന്തുണയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുക മാത്രമല്ല പൂര്‍ണ്ണമായും വിശ്വസിക്കുന്നു. സാധാരണക്കാരായ ഭീം ആര്‍മി പ്രവര്‍ത്തകരുടെ മനോവീര്യം ഉയര്‍ത്തിപ്പിടിക്കുക. പൊലീസിന്റെ മനുഷ്യത്വരഹിതമായ നടപടികളില്‍ നിന്നും തന്ത്രങ്ങളില്‍ നിന്നും നിങ്ങളുടെ പ്രസ്ഥാനത്തെ സംരക്ഷിക്കുക.

ഭരണഘടനയാണ് നമ്മളെ നിലനിര്‍ത്തുന്നത്. അത് നമ്മുടെ പ്രാഥമികവും അടിസ്ഥാനവുമായ ചിന്തയാണ്. അത് ബഹുജന്‍ വിഭാഗത്തിന്റെ സംരക്ഷണ കവചമാണ്. അതിനാല്‍, ഭരണഘടനയെ ലക്ഷ്യമിടുന്ന ഓരോ നീക്കവും പരാജയപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുക. അവസാനമായി ജാര്‍ഖണ്ഡ് ജനതയെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബി.ജെ.പിയുടെ മനുവാദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിലൂടെ, പ്രതിസന്ധിഘട്ടങ്ങള്‍ക്കിടയില്‍ പ്രതീക്ഷയുടെ ഒരു പ്രകാശകിരണമാണ് തെളിയിച്ചിരിക്കുന്നത്.

നിങ്ങളുടെ സ്വന്തം

ചന്ദ്രശേഖര്‍ ആസാദ്

ഭീം ആര്‍മി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply