വാളയാര്‍ കുരുന്നുകള്‍ക്ക് നീതി ഉറപ്പാക്കാന്‍ പ്രക്ഷോഭം ശക്തമാക്കി മനുഷ്യാവകാശ – ദളിത് – സ്ത്രീ പ്രവര്‍ത്തകര്‍

ജാതിവിവേചനം നേരിടുന്ന ദലിത് സമൂഹത്തിന്റെ പൗരാവകാശം സംരക്ഷിക്കാനുള്ള എസ്സി/എസ്ടി അതിക്രമം തടയല്‍ നിയമം സുപ്രീം കോടതി ദുര്‍ബ്ബലപ്പെടുത്തിയപ്പോള്‍, ദേശീയതലത്തില്‍ പ്രക്ഷോഭമുണ്ടാകുകയും നിരവധിപേര്‍ ജീവത്യാഗം ചെയ്തപ്പോള്‍ സുപ്രീം കോടതി നിലപാട് തിരുത്തുകയും ചെയ്തു. ഇതിന്റെ പ്രാധാന്യം കേരള പോലീസും ഭരണാധികാരികളും അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.

വാളയാര്‍ സഹോദരിമാരുടെ കൊലയാളികളായ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം റജിസ്റ്റര്‍ ചെയ്ത് അന്വേഷണം സിബിഐ-ക്ക് വിടുക, കേസ് അട്ടിമറിച്ച ഡി.വൈ.എസ്.പി. സോജനെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുമായി പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് സംസ്ഥാനത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍. എം ഗീതാനന്ദന്റേയും സി എസ് മുരളിയുടേയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ദലിത് ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ മൂന്നാം തിയതി നിയമസഭാ മാര്‍ച്ച് നടത്തുമ്പോള്‍ പ്രൊഫ കുസുമം ജോസഫിന്റെ നേതൃത്വത്തില്‍ ജനുവരി നാലുമുതല്‍ ഇരുപത്തിരണ്ടുവരെ എറണാകുളത്തുനിന്ന് തിരുവനന്തപുരം വരെ ജനങ്ങളുമായി സംവദിച്ചു പദയാത്ര സംഘടിപ്പിക്കുന്നു.

വാളയാറില്‍ ദാരുണമായി കൊല ചെയ്യപ്പെട്ട ബാലികമാരുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ പിഴവുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെങ്കിലും, ജൂഡീഷ്യല്‍ അന്വേഷണം നടത്തി കൈ കഴുകാനാണ് അതേ സര്‍ക്കാര്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥ കുറ്റവാളികള്‍ ആരാണെന്നറിയാവുന്ന ഡി.വൈ.എസ്.പി. സോജനെതിരെ ഇതു വരെ യാതൊരു നടപടിയുമെടുത്തിട്ടില്ല. മാത്രമല്ല, കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്ന കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനം സര്‍ക്കാര്‍ മാറ്റാന്‍ തയ്യാറല്ല എന്നാണ് ഏറ്റുമാനൂര്‍ എം.ആര്‍.എസ്സില്‍ നടന്ന സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്.

വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതിയുടെ കണികപോലും നിഷേധിക്കപ്പെടാന്‍, കേസ് അട്ടിമറിക്കപ്പെടാന്‍ അവരുടെ ജാതി പശ്ചാത്തലത്തിനുകൂടി പങ്കുണ്ട് എന്നതാണ് വസ്തുത.
ദലിത് ആദിവാസി സ്ത്രീകള്‍ക്കെതിരെ ആയിരക്കണക്കിന് അതിക്രമങ്ങള്‍ കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. എന്നാല്‍ കൊലകുറ്റമുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ കേസെടുക്കാറില്ല; വാളയാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 27 പോക്‌സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേസുകളിലേറെയും പ്രാഥമിക ഘട്ടത്തില്‍ തന്നെ തള്ളികളയും. രജിസ്റ്റര്‍ ചെയ്ത് വിചാരണക്കെടുത്ത 10,000-ത്തോളം കേസുകളില്‍ ഒന്നുപോലും ശിക്ഷിച്ചിട്ടുമില്ല. കേസുകള്‍ പോലീസും പ്രൊസിക്യൂഷനും പൊളിച്ചുകളയുന്നു. ജാതിവിവേചനം നേരിടുന്ന ദലിത് സമൂഹത്തിന്റെ പൗരാവകാശം സംരക്ഷിക്കാനുള്ള എസ്സി/എസ്ടി അതിക്രമം തടയല്‍ നിയമം സുപ്രീം കോടതി ദുര്‍ബ്ബലപ്പെടുത്തിയപ്പോള്‍, ദേശീയതലത്തില്‍ പ്രക്ഷോഭമുണ്ടാകുകയും നിരവധിപേര്‍ ജീവത്യാഗം ചെയ്തപ്പോള്‍ സുപ്രീം കോടതി നിലപാട് തിരുത്തുകയും ചെയ്തു. ഇതിന്റെ പ്രാധാന്യം കേരള പോലീസും ഭരണാധികാരികളും അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ആയതിനാല്‍ വാളയാറിലെ കുരുന്നുകള്‍ക്കുവേണ്ടിയുള്ള ജനാധിപത്യപ്രക്ഷോഭം പാര്‍ശ്വവല്‍കൃതരുടെ പൗരാവകാശം അംഗീകരിക്കാനുള്ള പോരാട്ടം കൂടിയാണ്. ജിഷയുടെ വധത്തിനുശേഷം പൊതുസമൂഹത്തിലുടലെടുത്ത ജാഗ്രതക്ക് ഇടിവു വന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ ഈ സംഭവത്തില്‍ വിജയം നേടും വരെ ദീര്‍ഘകാല പോരാട്ടത്തിനാണ് തങ്ങള്‍ രൂപം കൊടുക്കുന്നതെന്നും സംഘാടകര്‍ പറയുന്നു.

പരിസ്ഥിതിരാഷ്ട്രീയം ദളിത്-ആദിവാസി രാഷ്ട്രീയവുമായി കൈകോര്‍ക്കുന്ന രാഷ്ട്രീയ പദയാത്ര ഉന്നയിക്കുന്ന പ്രധാന ആവശ്യം കേസ് അട്ടിമറിക്ക് നേതൃത്വം നല്‍കിയ ഡി വൈ എസ് പി സോജനെ സര്‍വീസില്‍ നിന്നും പുറത്താക്കി അത്തരം ഉദ്യോഗസ്ഥദുഷ്പ്രവണതകളെ ആവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ്. നീതികിട്ടാതെ തലസ്ഥാനത്തുനിന്ന് മടങ്ങില്ലെന്നാണ് അവരുടെ തീരുമാനം. നാളത്തെ ലോകം പടുത്തുയര്‍ത്താന്‍ വഴിയൊരുക്കുകയാണ് ഈ യാത്രയുടെം ലക്ഷ്യം. വികസനസംവാദവും മനുഷ്യനെ തെറ്റുകളിലേക്ക് നയിക്കുന്ന യാഥാര്‍ത്ഥകാരണങ്ങളുടെ അന്വേഷണവും യാത്രക്കൊപ്പമുണ്ടാകും. കേവലം ശിക്ഷകള്‍ കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കപ്പെടുന്നില്ല. നീതിനിഷേധങ്ങളുടെ പെരുമഴയില്‍ നില്‍ക്കുന്നവര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനും ഭാവിപരിപാടികള്‍ ഒരുമിച്ച് ആസൂത്രണം ചെയ്യാനും ഈ യാത്ര വഴിയൊരുക്കുമമെന്ന് ജനറല്‍ കണ്‍വീനര്‍ കുസുമം ജോസഫ് പറയുന്നു. തീര്‍ച്ചയായും ഈ രണ്ടുപ്രക്ഷോഭങ്ങളും വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതിലഭിക്കാനും കേരളത്തിനു നഷ്ടപ്പെടുന്ന രാഷ്ട്രീയ ജാഗ്രത തിരിച്ചുപിടിക്കാനും കാരണമാകുമെന്ന് പ്രതീക്ഷിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply