താലിബാനിസവും ലിംഗവിവേചനവും അവിടേയുമല്ല, ഇവിടേയുമുണ്ട്

തീര്‍ച്ചയായും അഫ്ഗാനില്‍ നടക്കുന്ന താലിബാന്‍വല്‍ക്കരണത്തേയും അതിന്റെ സ്ത്രീവിരുദ്ധതയേയും എതിര്‍ക്കണം. എന്നാല്‍ ആ എതിര്‍പ്പ് അര്‍ത്ഥവത്താകുന്നത് സമാനമായ പ്രശ്‌നങ്ങള്‍ സ്വന്തം കണ്‍മുന്നില്‍തന്നെ നടക്കുമ്പോള്‍ അതിനെതിരേയും പ്രതികരിക്കുമ്പോഴാണ്. എന്നാലതിനു പൊതുവില്‍ മലയാളികള്‍ തയ്യാറല്ല എന്നുമാത്രമല്ല, അതിനെല്ലാം ന്യായീകരണങ്ങള്‍ ചമക്കുന്നവര്‍ കൂടിയാണ് നമ്മള്‍. അതിനാല്‍ തന്നെ ഈ വാചാടോപങ്ങളെല്ലാം അര്‍ത്ഥരഹിതമായി മാറുകയാണ്.

പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസമടക്കം നല്‍കാന്‍ തയ്യാറാണെന്നു പ്രഖ്യാപിച്ച താലിബാന്‍ അതിനുള്ള ഉപാധിയായി മുന്നോട്ടുവെച്ചിരിക്കുന്നത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കാന്‍ പാടില്ലെന്നാണ്. ഇരുപതുവര്‍ഷം മുമ്പ് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം തന്നെ നിഷേധിച്ചിരുന്ന അവസ്ഥയില്‍ നിന്ന് മാറാന്‍ താലിബാന്‍ തയ്യാറായത് നല്ലത്. അത് അവരുടെ നിലപാടില്‍ വന്ന സത്യസന്ധമായ മാറ്റമാണെന്നു കരുതാനാകില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ ലോകമാകെ ഉണ്ടായ മാറ്റങ്ങളോട് പൂര്‍ണ്ണമായും മുഖം തിരിച്ചുനിലാക്കാനാകില്ല എന്ന ബോധ്യമായിരിക്കാം ഇത്തരമൊരു തീരുമാനത്തിലേക്ക് അവരെ നയിച്ചത്. അതേസമയം ഇസ്ലാമിക വേഷങ്ങള്‍ തന്നെ ധരിക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നു താലിബാന്‍ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കാനാകില്ല എന്നു താലിബാന്‍ തിരിച്ചറിയുന്നു എങ്കില്‍ അത്രയും നന്ന്. അതേസമയം സ്ത്രീപുരുഷ ബന്ധങ്ങളോടുള്ള അവരുടെ സങ്കുചിതമായ നിലപാടും അതു നടപ്പാകാന്‍ സ്ത്രീകളുടെ അവകാശങ്ങളെ നിഷേധിക്കുന്നതും അവഗണിക്കാവുന്ന വിഷയങ്ങളല്ല. അധികാരത്തില്‍ സ്ത്രീകള്‍ക്ക് പങ്കാളിത്തമുണ്ടാകാനിടയില്ല. ഒരു മതരാഷ്ട്രത്തിലും സ്ത്രീസ്വാതന്ത്ര്യമെന്നത് വിദൂരസ്വപ്‌നം തന്നെയായിരിക്കും. അക്കാര്യത്തില്‍ കാര്യമായി ആരും തര്‍ക്കിക്കുമെന്നു തോന്നുന്നില്ല. അതേസമയം മതരാഷ്ട്രമല്ലാത്തയിടങ്ങളിലും സ്ഥിതി വ്യത്യസ്ഥമാണോ? സാമൂഹ്യജീവിതത്തിന്റെ സമസ്തമേഖലകളിലും ലിംഗഭേദം നിലനില്‍ക്കാത്ത ഏതു രാഷ്ട്രീയസംവിധാനമാണുള്ളത്? മറ്റെവിടേയും പോകേണ്ട, ലോകതലത്തില്‍ തന്നെ ഇപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങള്‍ ശക്തമായി നില്‍ക്കുന്ന നമ്മുടെ സ്വന്തം സംസ്ഥാനം കേരളത്തിലെ സ്ഥിതിപോലും ഇക്കാര്യത്തില്‍ കാര്യമായി വ്യത്യസ്ഥമാണോ? മതത്തിന്റെ പേരിലല്ല എന്ന് പറയാന്‍ കഴിയുമായിരിക്കാം. എന്നാല്‍ വിവേചനമനുഭവിക്കുന്നവര്‍ക്ക് എന്തിന്റെ പേരിലായാലും വ്യത്യാസമെന്ത്? അടിമത്തം എപ്പോഴും അടിമത്തം തന്നെ. ഇരകള്‍ക്ക് വേട്ടക്കാര്‍ ആരായാലെന്ത്?

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അഫ്ഗാനില്‍ നിന്നുള്ള ഈ വാര്‍ത്ത തന്നെ പരിശോധിക്കൂ. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കരുത്. എത്ര പ്രാകൃതമായ നിലപാട്. എന്നാല്‍ പ്രബുദ്ധകേരളത്തില്‍ ഇപ്പോഴും നടക്കുന്നതെന്താണ്? ഇന്ത്യയില്‍ തന്നെ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കു പ്രത്യേകം പ്രത്യേകം സ്‌കൂളുകളും കോളേജുകലും നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മുന്‍നിരയിലാണ് കേരളം. പലയിടത്തും നഴ്‌സറി മുതല്‍ അതാരംഭിക്കുന്നു. എല്ലാവര്‍ക്കുമറിയാവുന്നപോലെ മിഷണറിയാമാരായിരുന്നു അതിനു തുടക്കം കുറിച്ചത്. എന്നാല്‍ അത്തരത്തിലുള്ള നിരവധി സര്‍ക്കാര്‍ സ്‌കൂളുകളും ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം. സാസ്‌കാരിക നഗരമെന്നഭിമാനിക്കുന്ന തൃശൂരില്‍ ഗവണ്മന്റ് മോഡല്‍ ബോയ്‌സ് സ്‌കൂളും ഗേള്‍സ് സ്‌കൂളുമുണ്ട്. മറ്റിടങ്ങളിലും ഉണ്ടായിരിക്കാം. ലിംഗഭേദത്തിനനുസരിച്ച നിലനില്‍ക്കുന്ന വ്യത്യസ്ഥ സ്‌കൂളുകള്‍ എങ്ങനെയാണാവോ മോഡലാകുന്നത്.?

എഞ്ചിനിയറിയിംഗ് – മെഡിക്കല്‍ പ്രവേശന പരീക്ഷകളുടെ കോച്ചിംഗ് രംഗത്ത് സമീപകാലം വരെ ഏറെ പ്രശസ്തമായിരുന്ന തൃശൂരിലെ സ്ഥാപനത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മിണ്ടാനുള്ള സ്വാതന്ത്ര്യം പോലുമുണ്ടായിരുന്നില്ല. ഇരുവിഭാഗങ്ങള്‍ക്കും പ്രത്യേക ക്ലാസുകള്‍. ഇടവേളകള്‍ പോലും വ്യത്യസ്ഥം. സി സി ടി വി വ്യാപകമല്ലാതിരുന്ന കാലത്തുപോലും സ്ഥാപനം നിറയെ അവ സ്ഥാപിച്ചിരുന്നു. അതിലൂടെ, പരസ്പരം സംസാരിച്ചിരുന്ന വിദ്യാര്‍ത്ഥിീ – വിദ്യാര്‍ത്ഥിനികളെപോലും പറഞ്ഞുവിടുമായിരുന്നു. ഇതെല്ലാം പരിശോധിക്കാന്‍ ചാരന്മാരെ നിയമിച്ചിരുന്നു. ഒരു ഘട്ടത്തില്‍ ഇതിനെതിരെ ഏതാനും സാമൂഹ്യപ്രവര്‍ത്തകര്‍ സമ്മേളനം പോലും നടത്തിയിരുന്നു. അതേകാലത്തുതന്നെ തൃശൂര്‍ നഗരത്തിലെ ഒരു അണ്‍എയ്ഡഡ് വിദ്യാലയത്തില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തിയിരുത്തി പഠിപ്പിച്ചതും വിവാദമായി. അതിനെതിരെ രംഗത്തുവന്നത് പ്രധാനമായും രക്ഷാകര്‍ത്താക്കള്‍ തന്നെയായിരുന്നു. പലരും തങ്ങളുടെ പെണ്‍മക്കളെ അവിടെനിന്നു മാറ്റുക പോലും ചെയ്തു. ഇപ്പോഴും കേരളത്തിലെ പൊതു അവസ്ഥ ഇതുതന്നെ. ഇതിനെ വിമര്‍ശിക്കാതെ താലിബാന്റെ പരിഷ്‌കാരത്തെ വിമര്‍ശിക്കാന്‍ എന്തു ധാര്‍മ്മികമായ അവകാശമാണുള്ളത്?

സമീപകാലത്ത് സംസ്ഥാനത്തെ പല മെന്‍സ് കോളേജുകളും മിക്‌സഡ് ആയി മാറിയരുന്നു. തൃശൂരിലെ തന്നെ സെന്തോമസ് കോളേജ് ഉദാഹരണം. എന്നാലത് ലിംഗവിവേചനം തിരിച്ചറിഞ്ഞായിരുന്നില്ല. മറ്റൊരു ലിംഗവിവേചനത്തെ തുടര്‍ന്നായിരുന്നു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസനിലവാരം ഇപ്പോഴും വളരെ പുറകിലായതിനാല്‍ പ്ലസ് ടുവിനുശേഷം മറ്റുസംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്നവരുടെ എണ്ണം കൂടിവരുകയാണല്ലോ. അതിലാകട്ടെ മഹാഭൂരിപക്ഷവും ആണ്‍കുട്ടികളാണ്. പെണ്‍കുട്ടികളെ വിവാഹം വരെ ആര്‍ട്‌സ് ^& സയന്‍സ് കോലേജുകളില്‍ പഠിപ്പിച്ചാല്‍ മതിയെന്ന ധാരണ ഇപ്പോഴും അതിശക്തമായിതന്നെയാണ് ഇവിടെ നിലനില്‍ക്കുന്നത്. അതിനാല്‍തന്നെ മെന്‍സ് കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു. അപ്പോള്‍ അതില്‍ പലതും മിക്‌സഡ് ആക്കി. വിമന്‍സ്‌കോളേജുകള്‍ ഏറെക്കുറെ അതുപോലെ തന്നെ തുടര്‍ന്നു. അതിനാലാണ് സെന്തോമസ് കോളേജ് മിക്‌സഡ് ആയതും തൊട്ടടുത്തെ സെന്റ്‌മേരീസ് ഇപ്പോഴും വിമന്‍സ് ഓണ്‍ലിയായി തുടരുന്നതും.

വിദ്യാഭ്യാസമേഖലയില്‍ മാത്രമാണോ ഈ വിവേചനം നിലനില്‍ക്കുന്നത്? ഏതുമേഖലയിലാണ് സ്ത്രീകളെ മാറ്റിനിര്‍ത്താത്തത് എന്നാണു പരിശോധിക്കേണ്ടത്? അങ്ങനെ പരിശോധിച്ചാല്‍ കാര്യമായൊന്നും കാണാനാകില്ല. കേരളത്തിലെ രാഷ്ട്രീയരംഗം തന്നെ ഏറ്റവും വലിയ ഉദാഹരണം. ഏതെങ്കിലും പാര്‍ട്ടിയില്‍ ഇപ്പോഴും ജില്ലാതല നേതാക്കളായെങ്കിലും വനിതകളുണ്ടോ? എത്ര എംപിമാരും എംഎല്‍എമാരുമുണ്ട്? നിയമം വന്നതിനാല്‍ മാത്രം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ 50 ശതമാനം സ്ത്രീകളുണ്ട്. എന്നാലവരെ നിയന്ത്രിക്കുന്ന നേതാക്കളെല്ലാം പുരുഷന്മാര്‍. പാര്‍ട്ടികള്‍ക്കകത്ത് സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളുടെ എത്രയോ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു. അവയെല്ലാം ഒതുക്കപ്പെടുന്നു. വനിതാകമ്മീഷന്‍ പോലും അതിനു കൂട്ടുനില്‍ക്കുന്നു. അതിനെതിരെ പോരാടുന്ന ഹരിതയിലെ പെണ്‍കുട്ടികള്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങള്‍ ചെറുതല്ലല്ലോ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതും പോട്ടെ. മറ്റെതെങ്കിലും മേഖല വ്യത്യസ്ഥമാണോ? ശബരിമലയടക്കം സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ആരാധനാലയങ്ങള്‍ പോലും നിലവിലുണ്ടല്ലോ. ഒരു മതത്തിലും പൗരോഹിത്യത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടോ? കന്യാസ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളുടെ എത്രയോ അനുഭവങ്ങള്‍ പുത്തുവന്നിരിക്കുന്നു. മുസ്ലിംമതത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. വിവാഹമാര്‍ക്കറ്റില്‍ ഇന്നും സ്ത്രീകള്‍ വില്‍പ്പനചരക്കുമാത്രമല്ലേ? ഇക്കാലത്തുപോലും സ്ത്രീധനത്തിന്റെപേരിലുള്ള കൊലകള്‍ ആവര്‍ത്തിക്കുന്നു. കുടുംബങ്ങള്‍ക്കകത്തും ഇപ്പോഴും ഏതെങ്കിലും രീതിയിലുള്ള തുല്ല്യത നിലനില്‍ക്കുന്നുണ്ടോ? തൊഴിലെടുക്കുന്നവര്‍ക്കുപോലും സാമ്പത്തിക സ്വാതന്ത്ര്യമുണ്ടോ? ഇനി ഏത് തൊഴില്‍ മേഖലയിലാണ് ഇന്നും സ്ത്രീകള്‍ക്കുനേരെ വിവേചനം നിലനില്‍്ക്കാത്തത്? എല്ലാം പോകട്ടെ, സ്ത്രീകളും പെണ്‍കുട്ടികളും അതിക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്ന വാര്‍ത്തകള്‍ പുറത്തുവരാത്ത ദിവസങ്ങളുണ്ടോ? പട്ടിക്കും പൂച്ചക്കും നടക്കാവുന്ന പൊതുനിരത്തുകളിലൂടെ ഇപ്പോഴും ധൈര്യപൂര്‍വ്വം സ്ത്രീകള്‍ക്ക് നടക്കാനാവുമോ ? യാത്രക്കിടയില്‍ ഒരു റൂമെടുത്ത് താമസിക്കാനാകുമോ? സന്ധ്യയാകുമ്പോഴേക്കും അവരെ അകത്താക്കി ഗേറ്റ് പൂട്ടുന്ന തടവറകളല്ലേ ഇവിടത്തെ ഹോസ്റ്റലുകള്‍? അക്രമിക്കുന്നവരെയാണോ അക്രമിക്കപ്പെടുന്നവരെയാണോ സത്യത്തില്‍ അകത്തിട്ടു പൂട്ടേണ്ടത്?| എന്തിനേറെ, സ്വന്തം മുഖംപോലും മറച്ചുപിടിച്ച് ജീവിക്കേണ്ടിവരുന്ന സ്ത്രീകളുടെ എണ്ണവും വര്‍ദ്ധിച്ചുവരുന്നതല്ലേ നാം കാണുന്നത്? ക്ലാസുകളിലെന്നപോലെ ബസുകളിലും പൊതുപരിപാടികളിലും ആരാധനാലയങ്ങളിലുമെല്ലാം വേര്‍തിരിഞ്ഞല്ലേ സ്ത്രീകളും പുരുഷന്മാരും ഇരിക്കുന്നത്?

തീര്‍ച്ചയായും അഫ്ഗാനില്‍ നടക്കുന്ന താലിബാന്‍വല്‍ക്കരണത്തേയും അതിന്റെ സ്ത്രീവിരുദ്ധതയേയും എതിര്‍ക്കണം. എന്നാല്‍ ആ എതിര്‍പ്പ് അര്‍ത്ഥവത്താകുന്നത് സമാനമായ പ്രശ്‌നങ്ങള്‍ സ്വന്തം കണ്‍മുന്നില്‍തന്നെ നടക്കുമ്പോള്‍ അതിനെതിരേയും പ്രതികരിക്കുമ്പോഴാണ്. എന്നാലതിനു പൊതുവില്‍ മലയാളികള്‍ തയ്യാറല്ല എന്നുമാത്രമല്ല, അതിനെല്ലാം ന്യായീകരണങ്ങള്‍ ചമക്കുന്നവര്‍ കൂടിയാണ് നമ്മള്‍. അതിനാല്‍ തന്നെ ഈ വാചാടോപങ്ങളെല്ലാം അര്‍ത്ഥരഹിതമായി മാറുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply