പശുഭക്തിയുടെ രാഷ്ട്രീയം

ആര്യ ബ്രഹ്‌മണരുടെ യാഗയജ്ഞാദികര്‍മ്മങ്ങളില്‍ പശുമാംസം പ്രധാനപ്പെട്ട ഒരു ഹോമവസ്തുവായിരുന്നു. ഹോമാനന്തരം പുരോഹിത ബ്രാഹ്‌മണര്‍ ഗോമാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു. യാഗയജ്ഞാദിക്രിയാ മാര്‍ഗങ്ങള്‍ വിശദീകരിയ്ക്കുന്ന ശതപഥം ഉള്‍പ്പെടെയുള്ള ബ്രാഹ്‌മണങ്ങളില്‍ പശുമാംസം ഹോമിക്കുന്ന ഗോമേധം എന്ന യജ്ഞത്തെ പറ്റി വിവരിക്കുന്നുണ്ട്. അതിഥിയായി ഗൃഹത്തിലെത്തുന്ന വിശിഷ്ടബ്രാഹ്‌മണര്‍ക്ക് പശുമാംസം ഉള്‍പ്പെടുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നല്‍കിയിരിക്കുന്നതിനെ പറ്റി ധര്‍മസൂത്രങ്ങളിലും പുരാണങ്ങളിലും നിരവധി പരാമര്‍ശങ്ങളുണ്ട്.

ഗോമാതാപൂജ ഹിന്ദുത്വബ്രാഹ്‌മണ്യവാദികളും തികഞ്ഞ യാഥാസ്ഥിതിക വലതുപക്ഷവും രാഷ്ട്രീയ അജണ്ടയായും ബ്രാഹ്‌മണ്യദേശരാഷ്ട്രത്തിന്റെ അടിയടരായും സാര്‍വജനീനമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നീതിന്യായസ്ഥാപനങ്ങളില്‍ നിന്നുപോലും പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നും പശു ഓക്‌സിജന്‍ പുറത്തുവിടുന്നുവെന്നും മററുമുള്ള അശാസ്ത്രീയവും യുക്തിരഹിതവുമായ വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുകയാണ്. ഇതേസമയത്ത് തന്നെയാണ് പശുവിന്റെ പേരില്‍ ദളിതരെയും മുസ്ലീംകളെയും അതിക്രൂരമായ ഹിംസാവധത്തിന് വിധേയമാക്കുന്നത്. ഇന്ത്യന്‍ഭരണഘടനയ്ക്കു മുകളില്‍ പശുഭക്തി സ്ഥാപിച്ചുകൊണ്ട് ആന്തരികമായി ജനാധിപത്യത്തെയും ഭരണഘടനയെയും ദുര്‍ബലമാക്കി ത്രൈവര്‍ണിക പുരുഷാധിപത്യത്തിലധിഷ്ഠിതമായ ബ്രാഹ്‌മണ്യവ്യവസ്ഥയെ രാഷ്ട്രശരീരത്തിന്റെ ആത്മാവും മനസുമായി സ്ഥാനപ്പെടുത്താനാണ് ബ്രാഹ്‌മണ്യശക്തികള്‍ ശ്രമിക്കുന്നത്. പശുവിനെയും മറ്റ് നിരവധി മൃഗങ്ങളെയും ഹവിസായി ഹോമിക്കുകയും ഭക്ഷിക്കുകയും ചെയ്തിരുന്ന ചരിത്രവസ്തുതകളെ തമസ്‌ക്കരിച്ചുകൊണ്ട് പശുഭക്തി ദേശരാഷ്ട്രത്തിന്റെ ആധാരശിലയാക്കാനാണ് ബ്രാഹ്‌മണ്യവാദികള്‍ അതിയത്‌നം ചെയ്യുന്നത്.

ആര്യ ബ്രഹ്‌മണരുടെ യാഗയജ്ഞാദികര്‍മ്മങ്ങളില്‍ പശുമാംസം പ്രധാനപ്പെട്ട ഒരു ഹോമവസ്തുവായിരുന്നു. ഹോമാനന്തരം പുരോഹിത ബ്രാഹ്‌മണര്‍ ഗോമാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു. യാഗയജ്ഞാദിക്രിയാ മാര്‍ഗങ്ങള്‍ വിശദീകരിയ്ക്കുന്ന ശതപഥം ഉള്‍പ്പെടെയുള്ള ബ്രാഹ്‌മണങ്ങളില്‍ പശുമാംസം ഹോമിക്കുന്ന ഗോമേധം എന്ന യജ്ഞത്തെ പറ്റി വിവരിക്കുന്നുണ്ട്. അതിഥിയായി ഗൃഹത്തിലെത്തുന്ന വിശിഷ്ടബ്രാഹ്‌മണര്‍ക്ക് പശുമാംസം ഉള്‍പ്പെടുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നല്‍കിയിരിക്കുന്നതിനെ പറ്റി ധര്‍മസൂത്രങ്ങളിലും പുരാണങ്ങളിലും നിരവധി പരാമര്‍ശങ്ങളുണ്ട്. വാല്മീകീരാമായണത്തില്‍ ദശരഥന്‍ നടത്തിയ അശ്വമേധയാഗത്തില്‍ നിരവധി മൃഗങ്ങളെ ബലി നല്‍കുന്നതിനെപറ്റി വിവരിക്കുന്നുണ്ട്. മാംസം വെന്ത ആവിഗന്ധം മണത്തിട്ട് ദശരഥന്‍ പാപമുക്തനായി ഭവിച്ചു എന്ന് (ധൂമഗന്ധം വപായാസ്തു ജിഡ്രതിസ്മ നരാധിപ:/ യഥാകാലം യഥാന്യായം നിര്‍ണുദന്‍ പാപമാത്മന://) വാല്മീകിരാമായണം പ്രസ്താവിക്കുന്നു. ആടിന്റെ മാംസം, പന്നിമാംസം മുതലായവ ഭരദ്വാജമഹര്‍ഷി ആശ്രമത്തിലെത്തിയ ഭരതാദികള്‍ക്ക് നല്‍കിയതിനെക്കുറിച്ചും വാല്മീകിരാമായണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്തിനധികം പറയുന്നു രാമനും സീതയും മാംസം ആഹരിച്ചിരുന്നു എന്ന് വാല്മീകി പ്രസ്താവിക്കുന്നുമുണ്ട്. താന്ത്രികഗ്രന്ഥങ്ങളിലാവട്ടെ മാംസം ഉപയോഗിച്ചുള്ള പൂജാദി കര്‍മങ്ങളും അനുഷ്ഠിക്കപ്പെട്ടിരുന്നു. ബ്രഹ്‌മയാമളം എന്ന തന്ത്രഗ്രന്ഥത്തില്‍ ഗോമാംസം ഒരു പ്രധാന പൂജാദ്രവ്യവുമായിരുന്നു. സാധകര്‍ ഗോമാംസം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ബ്രഹ്‌മയാമളം പ്രത്യേകം നിര്‍ദ്ദേശിക്കുക കൂടി ചെയ്യുന്നുണ്ട്. ഇങ്ങനെ ഗോമാംസം ഉള്‍പ്പെടെയുള്ള വിവിധ മൃഗങ്ങളുടെ മാംസം യാഗയജ്ഞാദികളിലും താന്ത്രിക കര്‍മങ്ങളിലും ഉപയോഗിച്ചിരുന്ന വിപുലമായ ചരിത്രപാരമ്പര്യം നിലനിന്നിടത്തു നിന്നും പശുമാംസം സൂക്ഷിച്ചതിന്റെ പേരില്‍ ദളിതരും മുസ്ലീംകളും ക്രൂരഹിംസകള്‍ക്ക് വിധേയമായി ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലാണെത്തിച്ചേര്‍ന്നിരിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബ്രാഹ്‌മണ്യത്തിന്റെ അനുഷ്ഠാനജീവിതപാരമ്പര്യങ്ങളില്‍ ഗോമാംസത്തിന് സവിശേഷസ്ഥാനമുണ്ടായിരുന്നുവെന്ന് സംസ്‌കൃതസാഹിത്യഗ്രന്ഥങ്ങള്‍ തന്നെ സാക്ഷിയാണ്. എന്നാല്‍ ഒരു സവിശേഷഘട്ടത്തില്‍ ശുദ്ധവെജിറ്റേറിയനിസത്തിന്റെ സംവാഹകരായിത്തീരുന്ന ബ്രാഹ്‌മണ്യവ്യവസ്ഥ ദളിതരും മുസ്ലീംകളും മാംസം ഭക്ഷിക്കരുതെന്നും പശുവിനെ ദിവ്യമാതാവായി കാണണമെന്നും ഉദ്‌ഘോഷിക്കുന്നത് അവരുടെ അതിജീവനത്തെ തന്നെ തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്.ബ്രാഹ്‌മണേതര ദളിതവിഭാഗങ്ങള്‍ തങ്ങളുടെ ആരോഗ്യശേഷിയേയും സാമൂഹിക അതിജീവനത്തെയും സാധ്യമാക്കിയ പ്രോട്ടിന്റെ (മാംസ്യത്തിന്റെ) പ്രധാന ആശ്രയം കാലിസമ്പത്തും ബ്രാഹ്‌മണ്യം വിശുദ്ധമാക്കിയ മൃഗവും തന്നെയായിരുന്നു. പശുവിറച്ചി ഉള്‍പ്പെടെയുള്ള കന്നുകാലി മാംസ്യത്തിലൂടെ അതിജീവനത്തെയും അതിന്റെ തോലും മറ്റുല്പന്നങ്ങളും ചെറുകിട വില്പനമാര്‍ഗ്ഗങ്ങളിലൂടെ സാമ്പത്തിക അതിജീവനത്തിനും ദളിതരെയും മുസ്ലീംകളെയും കര്‍ഷകബഹുജനങ്ങളെയും സഹായിച്ചിരുന്നു. ത്രൈവര്‍ണിക ബ്രാഹ്‌മണവിഭാഗങ്ങളുടെ പശുഭക്തിയുടെ വക്താക്കളോ പ്രോക്താക്കളോ ആയിരുന്നില്ല ഇന്ത്യയിലെ ദളിതരും പിന്നോക്കജാതിവിഭാഗങ്ങളും. കാര്‍ഷിക ജീവിതത്തില്‍ പശു ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ അധ്വാനത്തിന്റെ ഭാഗവും മനുഷ്വാധ്വാനത്തിന്റെ പങ്കുകാരുമായിരുന്നു. ദളിതജാതിവിഭാഗങ്ങള്‍ ഒരിക്കലും പശുവിനെ വിശുദ്ധമൃഗമായി ആരാധിച്ചിരുന്നില്ല എന്നാണിത് കാണിക്കുന്നത്. വിശുദ്ധത കല്പിക്കുന്നതിന്റെ പേരില്‍ സുലഭമായി ദളിതര്‍ക്കും മുസ്ലീം ജനവിഭാഗങ്ങള്‍ക്കും ലഭ്യമാവുന്ന മാംസം വിലക്കുന്നതിലൂടെ അവരുടെ ആരോഗ്യ- അതിജീവനം തന്നെ തകര്‍ക്കുവാനാണ് ഹിന്ദുത്വബ്രാഹ്‌മണ്യം ലക്ഷ്യമിടുന്നത്. കൂടാതെ ബ്രാഹ്‌മണ്യം വിശുദ്ധപദവി കല്പിക്കുന്ന പശു, ബ്രാഹ്‌മണന്റെ പശുവാണെന്നും തിരിച്ചറിയേണ്ടതുണ്ട്. ചണ്ഡാലന്റെയോ ദളിതന്റെയോ പശുവിന് ചണ്ഡാലപദവിയും ദളിതപദവിയും മാത്രമാണ് ബ്രാഹ്‌മണ്യം കല്പിച്ചിരുന്നത്. ബ്രാഹ്‌മണനും പശുവിനും സുഖമായാല്‍ ലോകം മുഴുവന്‍ സുഖമായിരിക്കുമെന്ന് പറയുമ്പോള്‍ ബ്രാഹ്‌മണരും ബ്രാഹ്‌മണരുടെ പശുവും മാത്രമാണ് കേന്ദ്രസ്ഥാനത്തുള്ളതെന്നും അറിയേണ്ടതുണ്ട്.

പശുഭക്തിയെ ദേശരാഷ്ട്രത്തിന്റെ ആത്മശരീരമായി പ്രതിഷ്ഠിക്കുന്നതിലൂടെ ദളിതരെയും മുസ്ലീംകളെയും സമ്പൂര്‍ണമായി അപരവല്ക്കരിക്കുന്ന ദേശീയതാവ്യാഖ്യാനങ്ങള്‍ക്ക് സ്വഭാവികസാധൂകരണം നല്‍കാനാണ് ഹിന്ദുത്വശക്തികള്‍ ശ്രമിക്കുന്നത്. പശുവിനെ ആരാധിക്കുന്നവര്‍ ദേശഭക്തരും മാംസം ഭക്ഷിക്കുന്നവര്‍ ദേശവിരുദ്ധരുമാകുന്ന പ്രതിഭാസമാണിത്. ദളിതരും മുസ്ലീംകളും അപരരാക്കപ്പെടുന്ന ദേശീയമായ രാഷ്ട്രസങ്കല്പത്തെ സ്ഥാപനവല്‍ക്കരിക്കുന്ന ബ്രാഹ്‌മണ്യയുക്തിയാണ് പശുഭക്തിക്ക് പിന്നിലുള്ളത്. ആത്യന്തികമായി പശുഭക്തിയിലൂടെ ബ്രാഹ്‌മണ്യത്തിന്റെ അധീശസാംസ്‌കാരികബോധത്തെ രാജ്യത്തിന്റെ അഖണ്ഡഭാവനയായി സ്ഥാനപ്പെടുത്തുകയാണ് ലക്ഷ്യം. ഇങ്ങനെ പശുഭക്തിയിലാധാരമായ ദേശരാഷ്ട്രത്തെ ഭാവനപ്പെടുത്തി ഹിന്ദുത്വം അതിന്റെ ഹിംസാത്മക അപരവല്‍ക്കരണം സാധൂകരിക്കുകയാണ്. ഈ സാധൂകരണയുക്തിയാണ് രാജ്യത്തെ പ്രധാനപ്പെട്ട അക്കാദമിക സ്ഥാപനങ്ങളില്‍ നിന്നും മാംസഭക്ഷണം പുറത്താക്കുന്നതിന് നിദാനമായിരിക്കുന്നത്. മാംസഭക്ഷണം ഇങ്ങനെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഇന്ധനം പകരുന്നു. മാംസം ഭക്ഷിക്കുന്നവര്‍ അക്കാദമികളില്‍ യോഗ്യരല്ലെന്ന് സ്ഥാപിക്കാന്‍ പശുവിന്റെ വിശുദ്ധ പദവി ഉപയോഗിക്കപ്പെടുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പശുഭക്തിയില്‍ നിലീനമായ ബ്രാഹ്‌മണ്യം ശ്രേഷ്ഠമായി അവതരിപ്പിക്കപ്പെടുകയും ബ്രാഹ്‌മണ്യത്തിന്റെ വിമര്‍ശനപാഠങ്ങളെ തമസ്‌ക്കരിക്കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട സര്‍വകലാശാലയില്‍നിന്നും മഹാശ്വേദാദേവിയുടേയും പാമയുടേയും മറ്റ് ദളിതെഴുത്തുകളും തമസ്‌ക്കരിക്കപ്പെടുന്നതിന് അടിസ്ഥാനകാരണം. പശുരാഷ്ട്രീയത്തെ വിമര്‍ശിക്കുന്നവരെ അദൃശരാക്കി അക്കാദമികപാഠമായി ബ്രാഹ്‌മണ്യത്തെ സ്ഥാപനവല്‍ക്കരിക്കുന്ന യുക്തിയാണ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നത്. പശുവിനെ ദേശീയമൃഗമാക്കി പ്രഖ്യാപിക്കുന്നവര്‍ അധികം വൈകാതെ ബ്രാഹ്‌മണപുരുഷനാണ് ഇന്ത്യന്‍ പൗരത്വത്തിന്റെ നായകബിംബം എന്ന പ്രഖ്യാപിക്കാനുമിടയുണ്ട്. പശുഭക്തിയിലൂടെ ബ്രാഹ്‌മണ്യവ്യവസ്ഥയാണ് യഥാര്‍ത്ഥത്തില്‍ സ്ഥാപിക്കപ്പെടുന്നത്. പശുവിനെ ഭക്ഷിക്കുന്നവര്‍ ദേശവിരുദ്ധരാകുന്ന രാഷ്ട്രീയയുക്തിയാണ് വാരിയന്‍കുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജിയും ആലി മുസ്ലിയാരും ഉള്‍പ്പെടെയുള്ള 381 സ്വാതന്ത്രസമനരസേനാനികളെയും; ഇന്ത്യയെന്ന ആധുനികദേശരാഷ്ട്രത്തെ ശാസ്ത്രബോധത്തിലും മതേതരത്വത്തിലും അധിഷ്ഠിതമാക്കി ഭാവന ചെയ്ത് പ്രയോഗവല്‍ക്കരിച്ച നെഹ്‌റുവിനെയും പുറന്തുള്ളുന്നതിന്റെ സാംസ്‌കാരികയുക്തി.

ബ്രാഹ്‌മണ്യ ഹിന്ദുത്വത്തിന്റെ പശുഭക്തിയും മാംസനിരോധനവും മാംസഭുക്കുകളെ അശുദ്ധരാക്കുന്ന അപരവിധ്വേഷത്തിലധിഷ്ഠിതമായ വര്‍ണധര്‍മ സിദ്ധാന്തത്തിന്റെ സ്ഥാപനവല്‍ക്കരണത്തിനാണ് ശ്രമിക്കുന്നത്. ഗോമാംസം ഭക്ഷിച്ചിരുന്ന ബ്രാഹ്‌മണ്യത്തിന്റെ പാരമ്പര്യത്തെ തമസ്‌ക്കരിച്ചുകൊണ്ട് ഏകശിലാത്കമായ ഭാവനാസമൂഹത്തെ സൃഷ്ടിച്ചെടുക്കുകയാണ് നവബ്രാഹ്‌മണ്യം. ചരിത്രത്തിലില്ലാത്തത് ചരിത്രത്തിലുള്ളതായി ആരോപിക്കുന്നതിലൂടെ വിശുദ്ധപശു അപരഹിംസയുടെ ആയുധമായിത്തീരുന്നു. ചരിത്രത്തിലെ ഒരുഘട്ടത്തില്‍ ബ്രാഹ്‌മണര്‍, യജ്ഞയാഗങ്ങളില്‍ സുലഭമായി ഉപയോഗിച്ചിരുന്ന പശു ഇന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിന് വിഭജനസിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുള്ള ‘വിശുദ്ധ മൃഗ’ത്തീര്‍ന്നിരിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply