ഓണം ശക്തിപ്പെടുത്തുന്നത് സവര്‍ണയുക്തികളെയും ജ്ഞാനവ്യവഹാരങ്ങളെയും

വസ്ത്രത്തില്‍ മാത്രമല്ല, ഭക്ഷണക്രമത്തിലും ഈ അധിനിവേശതന്ത്രം വിജയം വരിച്ചു വിശേഷദിനങ്ങളില്‍ സസ്യേതര ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ പോലും ഓണസദ്യ സസ്യേതരമാക്കാന്‍ ഇന്ന് ഇഷ്ടപ്പെടുന്നില്ല. സസ്യഭക്ഷണം ഒരു സവര്‍ണരീതിയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?

ഓണം ശക്തിപ്പെടുത്തുന്നത് സവര്‍ണയുക്തികളെയും ജ്ഞാനവ്യവഹാരങ്ങളെയും തന്നെയാണ്. മാനംമര്യാദയ്ക്കു തുണിയുടുക്കാന്‍ ഒരു വലിയ സമൂഹത്തെ അനുവദിക്കാതിരുന്ന കാലത്ത് അവര്‍ ഓണക്കോടി ഉടുത്തിരുന്നെന്നോ? ജന്മിത്വം എറിഞ്ഞുകൊടുക്കുന്ന നാഴിയുരി നെല്ലുകൊണ്ട് അന്നന്നത്തെ അന്നമൊരുക്കിയവര്‍ നാക്കിലമുറിച്ച് 18 കൂട്ടം കറിയും പായസവുമൊരുക്കി ഓണസദ്യ ഉണ്ടിരുന്നെന്നോ? പൊതുവഴിയില്‍ കാല്‍ കുത്താന്‍ പോലും അനുവാദമില്ലാതിരുന്നവര്‍ പൊതുഇടങ്ങളില്‍ തിരുവാതിര കളിച്ച് ഓണം ആഘോഷിച്ചിരുന്നെന്നോ?

ഓണത്തിന്റെ പ്രചാരകരും പ്രയോക്താക്കളും ആരാണ് ഇവിടെ മുന്‍കാലങ്ങളില്‍ ഓണം ആഘോഷിച്ചിരുന്നത്. ജന്മിത്വത്തിന്റെ കാലത്ത് അര്‍ധപട്ടിണിക്കാരായി, മൃഗതുല്യരായി പാടത്തും പറമ്പിലും ജീവിതം ഹോമിക്കപ്പെട്ട കീഴാള ജനവിഭാഗത്തിന് ഓണാഘോഷം സ്വപ്നം കാണാന്‍ പോലും കഴിയുമായിരുന്നോ? കേരള സമൂഹത്തിലെ ഗണ്യവിഭാഗമായ മുസ്ലിംകള്‍ മുന്‍കാലങ്ങളില്‍ ഓണം ആഘോഷിച്ചിരുന്നോ? ഇല്ലെന്നാണ് ഉത്തരം. സുറിയാനി ക്രിസ്ത്യാനികളെ ഓണം ആഘോഷിക്കുന്നതില്‍നിന്ന് ഉദയംപേരൂര്‍ സുന്നഹദോസ് വിലക്കിയിരുന്നു എന്ന് ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്. എല്ലാം പോവട്ടെ, ആണ്ടോടാണ്ടുള്ള മാവേലിത്തമ്പുരാന്റെ വരവ് കേരളത്തിലെ നമ്പൂതിരിമാര്‍ ആഘോഷിക്കാറുണ്ടോ? അതുമില്ല. അവര്‍ക്കത് വാമനദിനമാണ്. മാവേലിയെ തോല്‍പ്പിച്ചതിന്റെ വിജയദിനം.

അപ്പോള്‍ പിന്നെ ആരാണ് ഈ കൊട്ടിഘോഷിക്കപ്പെട്ട ഓണത്തിന്റെ പ്രചാരകരും പ്രയോക്താക്കളും? അത് ശൂദ്രന്മാര്‍ തന്നെ. കിറുകൃത്യമായി പറഞ്ഞാല്‍ നായര്‍ കുടുംബങ്ങളില്‍ മാത്രമാണ് ഓണം ഒരു ആഘോഷമായി നിലനിന്നത്. നായര്‍കുടുംബങ്ങളിലെ ആഘോഷമാണ് പില്‍ക്കാലത്ത് മറ്റുള്ളവരിലേക്ക് സംക്രമിച്ചതും സമന്വയിച്ചതും. സംശയമുള്ളവര്‍ ഓണാഘോഷത്തിന്റെ ബിംബവിന്യാസങ്ങള്‍ പരിശോധിക്കട്ടെ .

ഓണാഘോഷത്തിന്റെ ഡ്രസ്‌കോഡ് പരിശോധിച്ചാല്‍ അതു മനസ്സിലാവും. കസവുസെറ്റും മുണ്ടും കസവുസാരിയുമല്ലെ ഓണക്കാലത്തെ മലയാളിയുടെ ഡ്രസ്‌കോഡ്? ഈ വസ്ത്രവിന്യാസം ആരുടേതായിരുന്നു? കീഴാളന്റേതല്ല, ക്രിസ്ത്യാനിയുടേതോ, മുസ്ലിമിന്റേതോ ആയിരുന്നില്ല. കസവുവസ്ത്രങ്ങള്‍ ആഢ്യസവര്‍ണതയുമായി വിഭജിക്കാനാവാത്ത ഒന്നാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ?

ഓണക്കാലത്തു മാധ്യമങ്ങളും പരസ്യചിത്രങ്ങളും പൊലിപ്പിച്ചുകാട്ടുന്ന മലയാളി മങ്കമാരില്‍ എവിടെയെങ്കിലും ഒരു കറുത്തമുഖം കണ്ടിട്ടുണ്ടോ? വെളുത്തുചുവന്ന് കസവുടുത്ത് ചന്ദനക്കുറിയണിഞ്ഞവരാണോ മലയാളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീജനങ്ങളും? ‘പൂവേ പൊലി’ പാടി പൂവിറുക്കാന്‍ പോവുന്ന മലയാളിബാല്യങ്ങളുടെ ദൃശ്യചിത്രങ്ങളില്‍ ഒരൊറ്റ കറുത്തകുട്ടിയും അബദ്ധത്തില്‍ പോലും ഉള്‍പ്പെടുന്നില്ല. എന്തുകൊണ്ടാണിത്?

ബ്രൗണ്‍ തൊലിയും കസവുമുണ്ടും ചന്ദനക്കുറിയും മാത്രമാണ് മലയാളിത്തമെന്ന് ശരാശരിക്കാരുടെ മനസ്സില്‍ ആഴത്തില്‍ കോറിയിടുകയാണ് ഇക്കൂട്ടര്‍. കേരളീയ ആഘോഷങ്ങളിലെല്ലാം കസവുവസ്ത്രങ്ങളുടെ സവര്‍ണമേലങ്കിയുമായി എത്തുന്ന ബഹുജനങ്ങള്‍ ഇക്കൂട്ടരുടെ മസ്തിഷ്‌കപ്രക്ഷാളനം വിജയമായെന്നതിന്റെ തെളിവാണെന്ന് മൂക്കത്തു വിരല്‍വച്ചു നാം ഇപ്പോള്‍ തിരിച്ചറിയുന്നു. സാംസ്‌കാരിക അധിനിവേശത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഇത്തരം അനുകരണ പ്രവണത.

വസ്ത്രത്തില്‍ മാത്രമല്ല, ഭക്ഷണക്രമത്തിലും ഈ അധിനിവേശതന്ത്രം വിജയം വരിച്ചു വിശേഷദിനങ്ങളില്‍ സസ്യേതര ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ പോലും ഓണസദ്യ സസ്യേതരമാക്കാന്‍ ഇന്ന് ഇഷ്ടപ്പെടുന്നില്ല. സസ്യഭക്ഷണം ഒരു സവര്‍ണരീതിയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ? ഇങ്ങനെ ഏതു നിലയില്‍ നോക്കിയാലും ഓണം സവര്‍ണ ആഘോഷം ആണെന്നു കാണാം. ആര് ഓണം ആഘോഷിച്ചാലും അത് ശക്തിപ്പെടുത്തുന്നത് സവര്‍ണയുക്തികളെയും ജ്ഞാനവ്യവഹാരങ്ങളെയും തന്നെയാണെന്നു പറയേണ്ടിവരും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply