കൊവിഡ് കാലത്തു കുടിയൊഴിപ്പിക്കലുകള്‍ നിര്‍ത്തിവെക്കുക

മുഖ്യമന്ത്രിക്ക് സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പാരിസ്ഥിതിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമര്‍പ്പിക്കുന്ന അഭ്യര്‍ത്ഥന. – ഏകോപനം : ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM), കേരളം.

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള ആരോഗ്യ അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടക്കുന്ന എല്ലാ വിധ കുടിയൊഴിപ്പിക്കലുകളും വികസന പദ്ധതികളുടെ പേരില്‍ നടക്കുന്ന സര്‍വേകളും അടിയന്തിരമായി നിര്‍ത്തി വയ്ക്കുക.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്,

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യം ആരോഗ്യ അടിയന്തിരാവസ്ഥ നേരിടുമ്പോള്‍ വികസന പദ്ധതികളുടെയും മറ്റു നിയമ നടപടികളുടെയും പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കുടിയൊഴിപ്പിക്കലുകളും ഭൂമിയേറ്റെടുക്കല്‍ സര്‍വ്വേകളും അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. രോഗഭീതിയും, തൊഴിലില്ലായ്മയും അതുമൂലമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളും സാമൂഹിക ജീവിതം സാധ്യമാകാത്തതിന്റെ മാനസിക സംഘര്‍ഷങ്ങളും നിലതെറ്റിച്ച നിരാലംബരായ മനുഷ്യരെ തെരുവിലേക്കിറക്കി വിടുന്നത് യാതൊരു തരത്തിലും നീതീകരിക്കാവുന്നതല്ല. മാത്രമല്ല, സംസ്ഥാനത്തു സാമൂഹിക വ്യാപന ഭീഷണി നിലനില്‍ക്കുമ്പോള്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും പോലീസിനെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഈ രോഗത്തില്‍ നിന്നും അതിന്റെ സാഹചര്യങ്ങളില്‍ നിന്നും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.

തിരുവനന്തപുരത്തു ആറ്റിപ്രയില്‍ മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളില്‍പ്പെട്ട് കഴിഞ്ഞിരുന്ന ആറു ദളിത് കുടുംബങ്ങളെയാണ് (സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കമുള്ള നാല്പതിലേറെ മനുഷ്യര്‍) സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബലമായി തെരുവിലേക്കിറക്കി വിട്ടത്. നീതിയേക്കാള്‍ ന്യായവിധികളെ ഉയര്‍ത്തിപ്പിടിച്ച് പോലീസും റവന്യൂ ഉദ്യോഗസ്ഥരും കാണിച്ച അമിതാവേശവും അക്രമവും സംസ്ഥാനത്തിന് മൊത്തത്തില്‍ നാണക്കേടുണ്ടാക്കുന്നതാണെന്ന് മാത്രമല്ല ക്രൂരവും ജനാധിപത്യവിരുദ്ധവുമാണ്. NH – 66 വികസനത്തിന്റെയും K- RAIL (Silver Line) ന്റെയും ക്വാറികളുടേയും പുതുവൈപ്പിനിലെ ഐ ഓ സിയുടെയും ആലപ്പാട്ടെയും തോട്ടപ്പിള്ളിയിലെയും കരിമണല്‍ ഖനനത്തിന്റെയും കാര്യങ്ങളില്‍ ഇതേ ജനവിരുദ്ധ നിലപാട് തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ജനങ്ങളുടെ അഭിപ്രായങ്ങളും പ്രതിഷേധങ്ങളും കണക്കിലെടുക്കാതെ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ വിരുദ്ധവും പൗരാവകാശ ലംഘനവും തന്നെയാണ്.

കൊറോണയുടെ വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു ജനങ്ങള്‍ വീട്ടിലിരിക്കുമ്പോള്‍ പോലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും അവരുടെ സില്‍ബന്ധികളും പാന്‍ഡമിക് നിയമങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് സര്‍വേകളും കുടിയൊഴിപ്പിക്കലുകളും തുടരുകയാണ്. ജനങ്ങളുടെ അഭ്യര്‍ത്ഥനകള്‍ മാനിക്കാതെ മുഴുവന്‍ സുരക്ഷാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് ഗേറ്റ് ചാടിക്കടന്ന് ഒരു ഡെപ്യൂട്ടി കലക്ടറും പോലീസും അതിസാഹസം കാണിച്ചതും അതില്‍ പ്രതിഷേധിച്ച ഭിന്നശേഷിക്കാരനായ ഒരു വീട്ടുടമസ്ഥനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതും മാധ്യമങ്ങളിലൂടെ നമ്മളെല്ലാം കണ്ടതാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷിതത്വവും പുനരധിവാസവും ഉറപ്പുവരുത്താതെ ഇതേ നിലപാടുകള്‍ സര്‍ക്കാര്‍ തുടരുകയാണെങ്കില്‍ ജനങ്ങള്‍ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടു വരികയും അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങുകയും ചെയ്യും.

അതുകൊണ്ടു ഇത്തരമൊരു സാമൂഹിക സാഹചര്യത്തില്‍ സര്‍ക്കാര്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കണമെന്നും ജനങ്ങളെ തെരുവിലേക്കിറക്കിവിടുന്ന കൂടുതല്‍ മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്ന നടപടികളില്‍ നിന്ന് അടിയന്തിരമായി പിന്മാറണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “കൊവിഡ് കാലത്തു കുടിയൊഴിപ്പിക്കലുകള്‍ നിര്‍ത്തിവെക്കുക

  1. അഖിലേന്ത്യ തലത്തിൽ ഇടതു പാർട്ടികളെടുക്കുന്ന പല നിലപാടുകളുെടെയും അടിത്തറ തോണ്ടുന്ന പരിപാടിയാണ് കേരള ഭരണത്തിൽ നടക്കുന്നത്. ഇക്കാര്യം വിശദീകരിച്ചുകൊണ്ടുള്ള വിപുലമായ ഒരു കാമ്പയിൻ നടക്കേണ്ടതുണ്ട്. El A വിഷയത്തിലും വനാവകാശ വിഷയത്തിലും UAPA, NIA ദുരൂപേഗ്രത്തിെറ വിഷയത്തിലുമൊെക്കെ നടക്കുന്ന അഖിലേന്ത്യ കാമ്പയിനിന്റെ വിശ്വാസ്യത കേരളത്തിലെ LDF ഭരണം എങ്ങിനെ തകർക്കുന്നു എന്നു ചൂണ്ടിക്കാട്ടി ഒരവിലേന്ത്യ കാമ്പയിൽ ഇടതു മതേതര ലിബറൽ ഇടങ്ങളിൽ നടത്തണം

Leave a Reply