ഭാഗ്യക്കുറിയാലും മദ്യത്താലും അതിജീവിക്കുമോ കേരളം?

സംസ്ഥാനത്തു നടക്കുന്ന ആത്മഹത്യകളില്‍ ഒരു ഭാഗമെങ്കിലും നമ്മുടെ മധ്യവര്‍ഗ്ഗ പൊങ്ങച്ചവമായി ബന്ധപ്പെട്ടാണ്. വര്‍ഷങ്ങള്‍ക്കു മമ്പ് ശാസ്ത്രസാഹിത്യ പരിഷത്ത് മലയാളികള്‍ കടക്കെണിയിലാകുന്നതിന്റെ പ്രധാന കാരണങ്ങള്‍ ചൂണ്ടികാട്ടിയിരുന്നു. അവ പ്രധാനമായും വിവാഹം, വിദ്യാഭ്യാസം, വീടുനിര്‍മ്മാണം, ചികിത്സ എന്നിവയാണ്. ഇവയിലെല്ലാം വന്‍ പൊങ്ങച്ചം കാണിക്കുന്നവരാണ് പൊതുവില്‍ നാം. എന്തിനും കടം നല്‍കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ രംഗത്തുണ്ട്താനും. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന സഹകരണബാങ്കുകള്‍ പോലും ബ്ലൈഡ് കമ്പനികളെപോലെയാണ് പലിശ ഈടാക്കുന്നത്. അവസാനം സാമ്പത്തികമേഖലയിലെ ഭീകരനിയമമായ സര്‍ഫാസിയും മറ്റും പ്രയോഗിക്കുമ്പോള്‍ ഒരു വിഭാഗം ആത്മഹത്യയില്‍ അഭയം തേടുന്നു.

കൊവിഡ് കാലമായിട്ടും വലിയ സാമ്പത്തികപ്രതിസന്ധിയില്ലാതെ കേരള സര്‍ക്കാര്‍ കടന്നുപോകുമെന്ന സൂചനയാണ് ധനമന്ത്രിയുടെ വാക്കുകളില്‍ പ്രകടമാകുന്നത്. ഓണമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് ബോണസും വരുമാസ വേതനത്തിന്റെ അഡ്വാന്‍സുമൊക്കെയായി 6000 കോടി രൂപ ചിലവുവരുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാലിതു പറയുമ്പോഴും സാധാരണപതിവുള്ള പോലെയുള്ള ആശങ്കയൊന്നും അദ്ദേഹത്തിന്റെ വാക്കുകളില്‍ കാണാനുണ്ടായിരുന്നില്ല. പോയവാരത്തില്‍ തന്നെ കണ്ട മറ്റൊരു വാര്‍ത്തയുമായി ബന്ധപ്പെടുത്തി ഇതിനെ കാണുമ്പോഴാണ് കാരണം ബോധ്യമാകുക. കൊവിഡ് കാലമായിട്ടും ഭാഗ്യക്കുറി വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവ് എന്നതാണത്. അല്ലെങ്കില്‍ തന്നെ ഒരു തരത്തില്‍ ചൂതാട്ടമായ ഭാഗ്യക്കുറിയടിക്കുന്നതിന്റെ പ്രതീക്ഷയില്‍ അഭിരമിക്കുന്നവരാണല്ലോ നാം. കൊവിഡ് കാലത്തോടെ അതു കൂടുതല്‍ രൂക്ഷമായിരിക്കുന്നു. ഭാഗ്യക്കുറി മാത്രമാണ് ഇനി പ്രതീക്ഷ എന്ന അവസ്ഥയിലേക്ക് എത്തുന്ന ജനങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നു. അതിന്റെ പ്രതിഫലനമാണ് ഈ വര്‍ദ്ധന. അതുപോലെതന്നെ മദ്യവില്‍പ്പനയും പടിപടിയായി കയറികൊണ്ടിരിക്കുന്നു. അക്കാര്യത്തിലും ഇന്ത്യയില്‍ തന്നെ മുന്‍നിരയിലാണല്ലോ നാം. ഇക്കാരണങ്ങള്‍ കൊണ്ടായിരിക്കാം ധനമന്ത്രിക്ക് വലിയ ആശങ്കയില്ലാത്തത്. എന്നാലദ്ദേഹം മറക്കുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ ജനസംഖ്യയിലെ എത്രയോ ചെറിയ ശതമാനം മാത്രമാണെന്നാണ്. കൊവിഡ് ദുരിതങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ട് ജീവിക്കാന്‍ പടവെട്ടുന്ന ലക്ഷകണക്കിനുപേരുണ്ടിവിടെ. തിരിച്ചെത്തിയ പതിനായിരകണക്കിനു പ്രവാസികളുണ്ട്. അവര്‍ക്കെല്ലാം 500 രൂപയുടെ ഓണകിറ്റ് നല്‍കി സന്തോഷിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

ഉല്‍പ്പാദിപ്പിക്കുന്നതൊന്നും ഉപയോഗിക്കാതിരിക്കുകയും ഉപയോഗിക്കുന്നതൊന്നും ഉല്‍പ്പാദിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ജനതയാണ് കേരളീയര്‍ എന്നു പറയറുണ്ട്. തികച്ചു ശരിയാണത്. കാര്‍ഷിക, വ്യവസായിക മേഖലകള്‍ തകര്‍ന്നു തരിപ്പണമാകുകയും സേവനമേഖലമാത്രം വികസിക്കുകയും ചെയ്ത, പുറത്തുനിന്നൊഴുക പണത്തിനായി കാത്തിരിക്കുന്ന ഒരു ജനതയുടെ സ്വാഭാവിക ദുരന്തമാണ് നാം നേരിടുന്നത്. ഭാഗ്യക്കുറിയുടേയും മദ്യത്തിന്റേയും വരുമാനമൊഴിച്ചാല്‍ മറ്റു പ്രധാന വരുമാനമാര്‍ഗ്ഗങ്ങളെല്ലാം കൊവിഡുമായി ബന്ധപ്പെട്ട പ്രതിസന്ധിയിലാണ്. പ്രവാസികളുടെ പണവും ടൂറിസത്തില്‍ നിന്നുള്ള വരുമാനവുമാണ് അവയില്‍ പ്രധാനം. പ്രവാസമേഖല അടുത്തൊന്നും ഉണരുമെന്നു തോന്നുന്നില്ല. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു ലഭിച്ച പ്രശസ്തി ആരോഗ്യടൂറിസത്തിന്റെ വികസനത്തിനു സഹായിക്കുമെന്നൊക്കെ മുഖ്യമന്ത്രി പറയുമ്പോഴും അതിന്റെ സാധ്യത കണ്ടറിയണം. ആഗോളതലത്തില്‍ ടൂറിസവ്യവസായത്തിന്റെ ഭാവി ത്‌ന്നെ ആശങ്കയിലാണല്ലോ. പിന്നെയുള്ള പ്രധാന വരുമാനം വാഹന, ഇന്ധന നികുതികളും സ്ഥലരജിസ്‌ട്രേഷന്‍ നികുതികളുമാണ്. ഇവയും പ്രതിസന്ധിയിലാണെങ്കിലും കൊവിഡ് മൂലം പൊതുഗതാഗതം പ്രതിസന്ധി നേരിടുന്നതിനാല്‍ വാഹനവില്‍പ്പന വര്‍ദ്ധിക്കാനിടയുണ്ട്. അതോടെ ഇന്ധനവില്‍പ്പനയും കൂടും. സ്ഥലരജിസ്‌ട്രേഷന്റെ കാര്യം പറയാറായിട്ടില്ല.. റിയല്‍ എസ്റ്റേറ്റ് മേഖലയും നിര്‍്മ്മാണ മേഖലയുമൊക്കെ എങ്ങനെ വികസിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുമത്. അതിന് ഇതരസംസ്ഥാനതൊഴിലാളികള്‍ തിരിച്ചുവരുകയും വേണം. മറുവശത്ത് മൊത്തത്തിലുള്ള കച്ചവടമേഖല പടിപടിയായി തിരിച്ചുവരാന്‍ ശ്രമിക്കുന്നുണ്ടുതാനും. വിനോദനികുതിയില്‍ നിന്നുള്ള വരുമാനം അടുത്തൊന്നും പ്രതീക്ഷിക്ക വയ്യ. വര്‍ക്ക് അറ്റ് ഹോം സങ്കല്‍പ്പം ലോകമാസകലം വികസിക്കുന്നതിനാല്‍ ഐ ടി വ്യവസായത്തിനു വികസന സാധ്യതയുണ്ട്. എന്നാല്‍ ആ ദിശയില്‍ ഗൗരവമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായി കാണാനില്ല.

ഭാഗ്യക്കുറി, മദ്യവില്‍പ്പന വര്‍ദ്ധനവില്‍ ആശ്വാസം കൊള്ളുന്നത് താല്‍ക്കാലിക ആശ്വാസമാകാം. എന്നാല്‍ അതുവഴി പുറത്തുവരുന്ന യാഥാര്‍ത്ഥ്യങ്ങള കാണാതിരുന്നുകൂട. വ്യക്തികള്‍ എന്ന നിലയില്‍ മലയാളികള്‍ നേരിടുന്ന വന്‍ പ്രതിസന്ധികളുടെ സൂചനകളാണിണവ. ഇവയില്‍ മാത്രമല്ല ആത്മഹത്യകളിലും മാനസികാരോഗ്യപ്രശ്‌നങ്ങളിലും നാം മുന്നിലാണ്. കഴിഞ്ഞില്ല, ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍, ഹൃദയസ്തംഭനം, കാന്‍സര്‍, അള്‍ഷിമേഴ്‌സ്, വാഹനാപകടങ്ങള്‍, എലിപ്പനി, ഡങ്കിപ്പനി, കുരങ്ങുപ്പനി തുടങ്ങി പലതരത്തിലുള്ള പനികള്‍, കരള്‍ – വൃക്ക സംബന്ധമായി രോഗങ്ങള്‍, ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, സ്ത്രീപീഡനങ്ങള്‍ എന്നിങ്ങനെ പലതിലും നാം മുന്നില്‍തന്നെ. ഇവയില്‍ പലതും ജീവിതശൈലി രോഗങ്ങളാണല്ലോ. കൊവിഡാനന്തരകാലത്തെങ്കിലും നമ്മുടെ ജീവിതശൈലി മാറ്റണമെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളെപോലെതന്നെ പ്രധാനമാണ് നമ്മുടെ മധ്യവര്‍ഗ്ഗ പൊങ്ങച്ചം. സംസ്ഥാനത്തു നടക്കുന്ന ആത്മഹത്യകളില്‍ ഒരു ഭാഗമെങ്കിലും അതുമായി ബന്ധപ്പെട്ടാണ്. വര്‍ഷങ്ങള്‍ക്കു മമ്പ് ശാസ്ത്രസാഹിത്യ പരിഷത്ത് മലയാളികള്‍ കടക്കെണിയിലാകുന്നതിന്റെ പ്രധാന കാരണങ്ങള്‍ ചൂണ്ടികാട്ടിയിരുന്നു. അവ പ്രധാനമായും വിവാഹം, വിദ്യാഭ്യാസം, വീടുനിര്‍മ്മാണം, ചികിത്സ എന്നിവയാണ്. ഇവയിലെല്ലാം വന്‍ പൊങ്ങച്ചം കാണിക്കുന്നവരാണ് പൊതുവില്‍ നാം. എന്തിനും കടം നല്‍കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ രംഗത്തുണ്ട്താനും. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന സഹകരണബാങ്കുകള്‍ പോലും ബ്ലൈഡ് കമ്പനികളെപോലെയാണ് പലിശ ഈടാക്കുന്നത്. അവസാനം സാമ്പത്തികമേഖലയിലെ ഭീകരനിയമമായ സര്‍ഫാസിയും മറ്റും പ്രയോഗിക്കുമ്പോള്‍ ഒരു വിഭാഗം ആത്മഹത്യയില്‍ അഭയം തേടുന്നു. കോടികള്‍ ചിലഴിച്ചുള്ള ആഡംബരവിവാഹം, കൊട്ടാരസദൃശമായ വീടുകള്‍, വന്‍കിട സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസം, വന്‍കിട സ്വകാര്യ ആശുപത്രികളിലെ ചികിത്സ, അതുപോലെ കൊട്ടാര സദൃശമായ വാഹനങ്ങള്‍.. ഇവയൊക്കെയാണല്ലോ നമ്മുടെ ഇന്നത്തെ അന്തസ്സിന്റെ പ്രതീകം. തീര്‍ച്ചയായും ഇവയൊക്കെയായി ബന്ധപ്പെട്ട്് കുറെപേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടാകാം. അപ്പോഴും അന്തസ്സിന്റെ നിര്‍വ്വചനം നാം മാറ്റിയേ തീരു. കൊവിഡ് കാലത്ത് വിവാഹത്തിന്റെ ആര്‍ഭാടം കുറഞ്ഞു എന്നു പറയുമ്പോഴും സ്വര്‍ണ്ണകൈമാറ്റം അഥവാ സ്ത്രീധനത്തില്‍ കുറവൊന്നുമില്ല.

തീര്‍ച്ചയായും കൊവിഡിനേയും കൊവിഡാനന്തകാലത്തേയും അതിജീവിക്കാന്‍ ഒരുപാട് പാഠങ്ങള്‍ നാം പഠിക്കേണ്ടത്. ഭരണകൂടത്തില്‍ നിന്നുതന്നെ ആ ദിശയിലുള്ള മാറ്റങ്ങള്‍ ആരംഭിക്കണം. സ്വന്തം കാലില്‍ നില്‍ക്കാനാവുന്ന സമൂഹം എന്ന ലക്ഷ്യത്തോടെയാവണം സര്‍ക്കാരിന്റെ മുന്നോട്ടുപോക്ക്. അതോടൊപ്പം വ്യക്തികളെന്ന രീതിയില്‍ നമുക്കും ഏറെ മാറ്റങ്ങള്‍ അനിവാര്യമാണ്. അതുമായി ബന്ധപ്പെട്ട ചില സൂചനകള്‍ മാത്രം പറയാനാണ് ഈ കുറിപ്പിലൂടെ ശ്രമിച്ചത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply