SNDP നേതൃത്വസമരത്തിലൂടെ വികസിക്കുന്ന ചരിത്രം അവഗണിക്കപ്പെടുമ്പോള്‍

ഈഴവരുടെ സംഘടനയായി അറിയപ്പെടുന്ന ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ നേതൃത്വത്തിനായുള്ള ഒരു വലിയ പോരാട്ടം കഴിഞ്ഞ കുറച്ച് കാലമായി അരങ്ങേറിയിരിക്കുകയാണ്. നേതാവിന്റെ കസേരക്ക് വേണ്ടിയുള്ള മുന്‍ സമരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒരു സവിശേഷ ഘടകമുണ്ട് – എസ്.എന്‍.ഡി.പിയുടെ ഘടനയുടെ സമൂലമായ പുനര്‍നിര്‍മ്മാണത്തിനുള്ള സാധ്യത.

സമകാലിക കേരള ജാതി രാഷ്ട്രീയത്തിലെ ഏറ്റവും അവഗണിക്കപ്പെടുന്നതും അത്രയും തന്നെ പ്രധാനയുമുള്ളതുമായ ചരിത്രവികാസം ഒരുപക്ഷെ എസ്.എന്‍.ഡി.പിയുടെ നേതൃത്വ പ്രതിസന്ധി ആയിരിക്കും. വൈകുന്നേരത്തെ വാര്‍ത്തയില്‍ പരാമര്‍ശിച്ചു പോകുന്നതും നിലവിലുള്ള നേതൃത്വത്തെ ചീത്ത പറയുന്ന സാമൂഹിക വിമര്‍ശകരുമാണ് ഇതേപ്പറ്റി പൊതുവേദിയില്‍ സംസാരിക്കുന്നത്. കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നവോഥാന സംഘടനയായ എസ്.എന്‍.ഡി.പിയെ പാടെ എഴുതിത്തള്ളിയ വിധമാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

ഈഴവരുടെ സംഘടനയായി അറിയപ്പെടുന്ന ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ നേതൃത്വത്തിനായുള്ള ഒരു വലിയ പോരാട്ടം കഴിഞ്ഞ കുറച്ച് കാലമായി അരങ്ങേറിയിരിക്കുകയാണ്. നേതാവിന്റെ കസേരക്ക് വേണ്ടിയുള്ള മുന്‍ സമരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒരു സവിശേഷ ഘടകമുണ്ട് – എസ്.എന്‍.ഡി.പിയുടെ ഘടനയുടെ സമൂലമായ പുനര്‍നിര്‍മ്മാണത്തിനുള്ള സാധ്യത.

എസ്.എന്‍.ഡി.പിയെ നമ്മള്‍ മനസിലാക്കേണ്ടത് ഒരു പാര്‍ട്ടി എന്ന നിലക്കാണ്. ‘പാര്‍ട്ടി’ എന്ന സങ്കല്പനം ആദ്യകാലങ്ങളില്‍ കേവലം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന, ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ സംഘടനകളെ മാത്രമല്ല സൂചിപ്പിച്ചിരുന്നത്. വോട്ടവകാശം ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് മുന്നേ പാര്‍ട്ടികള്‍ ഉണ്ട് – ഒരു മതേതര ചട്ടക്കൂടില്‍ അവതരിപ്പിക്കപ്പെടുന്ന സംഘടിത അഭിപ്രായ പ്രകടനവും പ്രവര്‍ത്തനവും എന്ന അര്‍ത്ഥത്തില്‍. ഈ പാര്‍ട്ടികള്‍ പലപ്പോഴും തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ട് നില്‍ക്കുമായിരുന്നു. ‘മാനിഫെസ്റ്റോ ഓഫ് ദി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’യില്‍ പരാമര്‍ശിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇത്തരത്തില്‍ ഒരു പാര്‍ട്ടി ആയിരുന്നു.

നാരായണഗുരു ജീവിച്ചിരുന്ന തിരുവിതാംകൂര്‍ രാജ്യത്തെ ഹൈന്ദവ ലളിതയുക്തിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെക്കുറിച്ചുള്ള ആശയം വൈരുദ്ധ്യാത്മകമായിരുന്നു. നമ്മുടെ സമുദായ സംഘടന മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടിയുള്ള ഒരു സംഘടനയായിരിക്കണം എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തിരുവിതാംകൂറിന്റെ – ഒരു പരിധിവരെ, മലബാറിന്റെയും – ജാതി രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍, പ്രദേശത്തെ ഏറ്റവും വലിയ ജാതിയായതിനാലും ഹിന്ദുമതത്തിന് പുറത്ത് ജീവിച്ചുകൊണ്ടും ഈഴവര്‍ക്ക് മുഴുവന്‍ ജനതയെയും പ്രതിനിധീകരിക്കാന്‍ സാധിക്കുന്ന സവിശേഷ സാഹചര്യം ഉയര്‍ന്നുവരികയുണ്ടായി. അവര്‍ അസ്പൃശ്യരുടെ (untouchables) മുന്‍നിര പട പോലെ പ്രവര്‍ത്തിച്ചു. ഹിന്ദുമതത്തിന്റെ സാമൂഹിക ക്രമം അട്ടിമറിക്കാന്‍ കഴിവുള്ള, ജാതികള്‍ക്കിടയിലെ പ്രോലിറ്റേറിയറ്റിന് തുല്യമായ സ്ഥാനം അവര്‍ നൈമിഷികമായ കൈവരിച്ചു. ഗുരുവിന്റെ കാഴ്ചപ്പാടും പൊതുവെ ശ്രീ നാരായണ ധര്‍മവും ഈ വെളിച്ചത്തില്‍ നോക്കുമ്പോള്‍, ഇത്തരമൊരു പ്രോലെറ്റേറിയന്‍ സ്വഭാവമുള്ള – എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ തൊഴിലാളിവര്‍ഗം അല്ലാത്ത – മുന്നേറ്റത്തിന്റെ പ്രത്യയശാസ്ത്രമായി സ്വീകരിക്കപ്പെട്ടു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എസ്.എന്‍.ഡി.പി ഈ പ്രത്യയശാസ്ത്രം ഉള്‍കൊണ്ട ആദ്യ സംഘടിത പാര്‍ട്ടിയായിരുന്നു. കോളനിവത്കരണത്തിന് ശേഷം തിരുവിതാംകൂറില്‍ രൂപപ്പെട്ട നാഗരികതയില്‍ (civilization) ഈഴവര്‍ പുതിയതായി കണ്ടെത്തിയ ഊര്‍ജം നിലനില്‍ക്കെ തന്നെ, ഈഴവര്‍ നേരിട്ടിരുന്ന പൊതുവെയുള്ള ലക്ഷ്യബോധമില്ലായ്മയുടെ കാലഘട്ടത്തിലാണ് ഈ പാര്‍ട്ടി രൂപപ്പെട്ടത്. അതുവരെ ഈഴവര്‍ ഈ ഊര്‍ജം ചെലവഴിച്ചിരുന്നത് കൂട്ടത്തോടെയുള്ള മതപരിവര്‍ത്തനത്തിലും അപരജാതികളുമായുള്ള ഇടപഴകലുകളിലും നൈസര്‍ഗിക പ്രതിഷേധങ്ങളുമാണ്. പുതുതായി സജീവമായ ഈഴവ ആത്മനിഷ്ഠതയുടെ കുത്തൊഴുക്കില്‍ നിന്ന് ഈ പാര്‍ട്ടി ഒരു ഈഴവ സമുദായത്തെ സൃഷ്ടിച്ചു. ഈഴവ സമുദായത്തിന് മറ്റ് ജാതികളെ സ്പര്‍ശിക്കാന്‍ ഈഴവത്വം ഉപേക്ഷിക്കേണ്ടതില്ലെന്നായി – ഇതുവരെ അസ്പൃശ്യരായിരുന്ന ജാതികളില്‍ നിന്ന് ഇത്തരത്തില്‍ ഈഴവര്‍ വ്യത്യസ്തമായി. എല്ലാ സ്പര്‍ശ്യരും അസ്പൃശ്യരുമായ ജാതിക്കാര്‍ക്കും സ്പര്‍ശിക്കാവുന്നവര്‍ ആയതിനാല്‍, ഈഴവര്‍ ആ കാലഘട്ടത്തിലെ എല്ലാ വിമോചന പ്രസ്ഥാനങ്ങളുടെയും സഖ്യകക്ഷികളായി പരിവര്‍ത്തനം ചെയ്യപ്പെടാനുള്ള വസ്തുനിഷ്ഠ സാഹചര്യത്തിലായിരുന്നു.

ഈഴവരുടെ പേരില്‍ ഒരു ജനകീയ പ്രസ്ഥാനം ഉണ്ടാക്കിയ ഈ ജന്മമുഹൂര്‍ത്തത്തില്‍ നിന്ന് ഈ പാര്‍ട്ടി ഒരു വൈരുദ്ധ്യാത്മകമായ മാറ്റത്തിന് വിധേയമായി – ജനകീയ നവോദ്ധാനത്തിന്റെ പേരില്‍ ഈഴവ-മുതലാളിയുടെ സ്വേച്ഛാധിപത്യമായി മാറി. മുതലാളി, ആശാന്‍, വൈദ്യര്‍, പണിക്കര്‍ തുടങ്ങിയ പ്രൊഫഷണല്‍ ഉപജാതികളും കുടുംബങ്ങളും – അവരുടെ കുടുംബപ്പേരുകളോടുകൂടിയോ അല്ലാതെയോ – പ്രസ്ഥാനത്തിന്റെ നിയന്ത്രണം ആദ്യമേ ഏറ്റെടുത്തിരുന്നു. തിരുവിതാംകൂറില്‍ ഉയര്‍ന്നു വന്ന സിവില്‍ സമൂഹത്തില്‍ ഇവര്‍ക്ക് ചെലുത്താന്‍ കഴിഞ്ഞ സ്വാധീനം മറ്റ് ഈഴവര്‍ക്ക് സാധിക്കുമായിരുന്നില്ല; എന്നാല്‍ വര്‍ണ്ണ-ഹൈന്ദവത പ്രത്യക്ഷതയില്‍ ഒഴിവാക്കി രൂപീകരിക്കപ്പെട്ട ഇന്ത്യയില്‍ എസ്.എന്‍.ഡി.പിയുടെ സ്ഥാനം മാറി. തിരുവിതാംകൂര്‍ ഭരണത്തിന് എതിരെ പയറ്റാന്‍ ഉപയോഗിച്ച മുറകള്‍ പുതിയ സന്ദര്‍ഭത്തില്‍ അത്രയും വിപ്ലവകരം ആയിരുന്നില്ല.

ഈ ഉപജാതി സ്വഭാവം കൊണ്ടുണ്ടായ എസ്.എന്‍.ഡി.പിയുടെ ഘടനാപരമായ വൈകല്യം അതിന്റെ തിരഞ്ഞെടുപ്പുകളില്‍ കാണാം. എസ്.എന്‍.ഡി.പി പൊതുസമൂഹത്തില്‍ ആനുപാതിക പ്രതിനിധാനം ആവശ്യപ്പെടുമ്പോള്‍ തന്നെ, അതിനകത്തു നിലനിന്നത് അനുപാതരഹിത അധിക-പ്രാതിനിധ്യം ആയിരുന്നു. ഇന്നും അവിടെ ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് നടക്കുന്നില്ല; ഒരു ഗാന്ധിയന്‍ കൌണ്‍സില്‍ രൂപമാണ് അതിനുള്ളത്, നേരിട്ട് നേതാക്കളെ തിരഞ്ഞെടുക്കുന്നതിന് പകരം മധ്യസ്ഥ നേതൃത്വം വഴിയാണ് നേതൃത്വം രൂപീകരിക്കപ്പെടുന്നത്. ഇരുന്നൂറ് പേരുടെ പേരില്‍ ഒരാള്‍ വോട്ട് ചെയ്യുന്ന രീതിയാണ് നിലനിന്നിരുന്നത്. ഹൈ കോടതി ഈ രീതിയെ അസാധു ആക്കുകയും എല്ലാവര്‍ക്കും വോട്ടവകാശം നല്‍കുകയും ചെയ്തിട്ട് ഒരു വര്ഷം കഴിയുന്നുവെങ്കിലും ഇത് വരെ വോട്ടിങ് നടപ്പിലാക്കിയിട്ടില്ല; മറ്റ് ചട്ടങ്ങളെ ചൊല്ലി കേസ് നടക്കുന്നു, പ്രതിനിധികളും മറ്റ് പ്രക്രിയകളും തയ്യാറാക്കുന്നതില്‍ മന്ദത വന്നിരിക്കുന്നു. ഇന്നും പക്ഷെ എസ്.എന്‍.ഡി.പിയുടെ യാഥാസ്ഥിതിക നേതൃത്വം ഈ ജനാധിപത്യരാഹിത്യത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാകുന്നില്ല, ആ തിരിച്ചറിവിനെതിരെ പോരിന് ഇറങ്ങിയിരിക്കുകയാണ് അവര്‍. എസ്.എന്‍.ഡി.പിക്ക് പൊതു ഈഴവ സമുദായത്തില്‍ രാഷ്ട്രീയ സമ്മതി ഇല്ലെന്ന് തെളിഞ്ഞത് അവരുടെ രണ്ട് രാഷ്ട്രീയ സംരംഭങ്ങള്‍ –
സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഭാരത് ധര്‍മ്മ ജന സേനയും – തിരഞ്ഞെടുപ്പ് രംഗത്ത് പരാജയപ്പെട്ടതോടെയാണ്. പക്ഷെ നിലനില്‍ക്കുന്ന നേതൃത്വം ഈ പരാജയങ്ങളുടെ പാഠങ്ങള്‍ അംഗീകരിക്കുന്നില്ല.

വിദ്യാഭ്യാസം മുകളില്‍ നിന്ന് ഈഴവരുടെ ഇടയിലേക്ക് ഇരച്ചു ഇറങ്ങി, പക്ഷേ മൂലധനം ആദ്യകാലങ്ങളില്‍ മുകള്‍ത്തട്ടില്‍ മാത്രമാണ് താങ്ങികിടന്നത്. ഈഴവ രാഷ്ട്രീയതയില്‍ ഒരു തൊഴില്‍ വിഭജനം സംഭവിച്ചു – കമ്മ്യൂണിസ്റ്റ് ഈഴവര്‍ അവരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കും, എസ്.എന്‍.ഡി.പി വിദ്യാഭ്യാസം ഏറ്റെടുക്കും; രണ്ടുപേരും ഈഴവരുടെ അന്തസ്സിനു വേണ്ടി പ്രവര്‍ത്തിക്കും. എസ്.എന്‍.ഡി.പി എല്ലായ്പ്പോഴും കമ്മ്യൂണിസ്റ്റ് വിരുദ്ധവും കോണ്‍ഗ്രസ് അനുകൂലവുമായിരുന്നു, എന്നിരുന്നാലും ഈഴവര്‍ കമ്മ്യൂണിസത്തിന്റെ ഏറ്റവും ആശ്രയിക്കാവുന്ന വോട്ടര്‍മാരും കേഡര്‍മാരുമായി മാറി.

ഹിന്ദു പാര്‍ട്ടികളുമായുള്ള എസ്.എന്‍.ഡി.പിയുടെ അനുരഞ്ജനത്തിന്റെ ഫലം ഒരൊറ്റ മാറ്റത്തില്‍ സംഗ്രഹിക്കാം – അവര്‍ അസ്പൃശ്യരിലെ മുന്നാക്കരില്‍ നിന്ന് സ്പര്‍ശ്യരിലെ പിന്നോക്കരായി മാറി. ഈഴവരെ പട്ടികജാതി വിഭാഗത്തില്‍ പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യം ഉയര്‍ന്നെങ്കിലും ഗൗരവമായ ആവശ്യമായി ഉന്നയിക്കപ്പെട്ടില്ല. അവര്‍ പിന്നോക്ക ജാതിയായി സംവരണം ചെയ്യപ്പെട്ടു, ഈ പുതിയ സ്വത്വവുമായി നേതൃത്വം സമരസപ്പെട്ടു. അവരുടെ ആത്മനിഷ്ഠ ആഖ്യാനങ്ങളില്‍ വിജയകരമായ ക്ഷേത്രപ്രവേശനം കേന്ദ്രബിന്ദുവായി, അതോടെ ശ്രീനാരായണ ധര്‍മ്മത്തിന്റെ രൂപീകരണത്തില്‍ കലാശിച്ച എല്ലാ അഹിന്ദു സ്വാധീനങ്ങളെയും ഒറ്റയടിക്ക് പ്രസ്ഥാനം ബഹിഷ്‌കരിച്ചു. ഗുരു താന്‍ ഹിന്ദുവാണെന്ന് നിഷേധിച്ചയാളാണ്, പക്ഷേ അദ്ദേഹം സ്വന്തം രീതിയില്‍ ബുദ്ധമതക്കാരന്‍ ആണെന്ന് സ്ഥാപിക്കുകയും ചെയ്തിരുന്നു – ക്രിസ്തു, മുഹമ്മദ്, ശങ്കരന്‍, ശൈവന്മാര്‍ എന്നിവരാല്‍ പ്രചോദിതനുമായിരുന്നു അദ്ദേഹം. ഇത്തരമൊരു സങ്കലനം പോലും ഈഴവര്‍ക്ക് മാത്രം സാധിക്കുന്ന ഒന്നായിരുന്നു; മറ്റ് ജാതികളില്‍ പെട്ടവര്‍ റിപോയാല്‍ ഒന്നോ രണ്ടോ അപരമതങ്ങളുമായി ബന്ധപെടുമായിരുന്നു. ഈഴവരുടെ പ്രത്യേക ചരിത്രസാഹചര്യമാണ് ഗുരുവിനെയും സമകാലികരെയും അനേകം ചിന്തകളിലേക്ക് മുട്ടിച്ചത്. പ്രസ്ഥാനം അതിന്റെ പ്രാരംഭ ഘട്ടത്തില്‍ ബുദ്ധമതക്കാര്‍, ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍ എന്നിവരുമായി യോജിച്ച് പ്രവര്‍ത്തിക്കാനും, അതല്ലാതെ ഒരു പ്രത്യേക മതമായി നിലനില്‍ക്കുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു. ഹൈന്ദവ ദൈവഭരണം നടത്തിപോന്നിരുന്ന തിരുവിതാംകൂറില്‍ ഒരിക്കലും ശ്രീ നാരായണീയര്‍ക്ക് ചേരാന്‍ കഴിയാത്ത ഒരു മതമായിരുന്നു ഹിന്ദുമതം. ഈ മതത്തില്‍ തന്നെ അവര്‍ പിന്നീട് അണിനിരന്നത് ചരിത്രവൈരുധ്യമാണ്. സ്വതന്ത്ര ഇന്ത്യ ഹിന്ദുമതത്തില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ അതിനുള്ള സാഹചര്യം സൃഷ്ടിച്ചു.

അസ്പൃശ്യരുടെ മുന്‍നിരക്കാര്‍ ഈ പുതിയ സ്വത്വത്തിലേക്ക് പരിവര്‍ത്തനം ചെയ്തത് ചരിത്രപരമായ ഒരു കാന്തം സൃഷ്ടിച്ചു, മറ്റ് അസ്പര്‍ശ്യ സമുദായങ്ങളും ഈ പാതയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഉദാഹരണത്തിന്, കേരള പുലയ മഹാസഭ ഒരു ഘട്ടത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ പ്രേരിപ്പിച്ചു. ഈ എപ്പിസോഡ് ഇപ്പോള്‍ ഏകദേശം മറക്കപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ചും ശബരിമലയിലെ പ്രത്യക്ഷ പോരിന് ശേഷം. ബുദ്ധമത പാര്‍ട്ടികള്‍ അസ്പൃശ്യര്ക്കിടയില്‍ നാമമാത്രമായ സാന്നിധ്യമാണ്. ഇസ്ലാം ഇന്നത്തെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആകര്‍ഷകമല്ലാത്ത ഒരു ഓപ്ഷനാണ്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവര്‍ മതപരിവര്‍ത്തനത്തിന്റെ പ്രത്യേകാവകാശങ്ങള്‍ കൈവരിക്കുന്നതിന് തടസ്സങ്ങള്‍ നേരിടുന്നു. ഹിന്ദുക്കളും കമ്മ്യൂണിസ്റ്റുകാരും മാത്രമാണ് ഈഴവര്‍ക്ക് പോംവഴി. കമ്മ്യൂണിസ്റ്റ്കാര്‍ രാഷ്ട്രീയമായി വന്‍തോതില്‍ അനുകൂലിക്കപ്പെടുകയും ഹിന്ദുക്കള്‍ പൊതുജീവിതത്തില്‍ മേധാവിത്വം പുലര്‍ത്തുകയും ചെയ്യുന്നു.

ഈ അധികാര സന്തുലിതാവസ്ഥ ഇപ്പോള്‍ എല്ലാ ഭാഗത്തുനിന്നും ഭീഷണിയിലാണ് – ഹിന്ദുക്കളും കമ്മ്യൂണിസ്റ്റുകളും മുന്‍കാലങ്ങേക്കാള്‍ തീവ്രതയോടെ പ്രവര്‍ത്തിക്കുന്നു, അസ്പര്‍ശ്യ ജനത കേരളം സമൂഹത്തില്‍ അതൃപ്തരാണ്, ഈഴവ സമുദായം അതിന്റെ നേതൃത്വത്തില്‍ അതൃപ്തരാണ്, എസ്.എന്‍.ഡി.പി പ്രധാനമായും പുരോഗമനത്തേക്കാള്‍ സംരക്ഷകമായി പ്രവര്‍ത്തിക്കുന്നു, എസ്.എന്‍ ട്രസ്റ്റിന്റെ (എസ്എന്‍ഡിപിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന സ്ഥാപനം) സാമ്പത്തിക സംഘടനാരൂപം ഇന്നത്തെ സാമ്പത്തിക സാഹചര്യത്തില്‍ ആവശ്യമായ വിപുലീകരണത്തിനും ബ്രാന്റ്-നിര്‍മ്മാണത്തിനും യോജിച്ചതല്ല, എസ്.എന്‍.ഡി.പിയുടെ പ്രധാന രാഷ്ട്രീയ ഇടപെടല്‍ നടന്ന സംവരണമേഖല ഇപ്പോള്‍ രാഷ്ട്രീയം എന്നതിനേക്കാള്‍ നിര്‍വ്വഹണപരമായ പ്രശ്‌നമായി മാറുന്നു, പൊതുവേ ഈഴവ സാമൂഹികതയുടെ വികസനം സ്തംഭനാവസ്ഥയിലായിരിക്കുന്നു. പക്ഷേ, എല്ലാ രൂപത്തിലും കൂടുതല്‍ കൂടുതല്‍ മൂലധനം സ്വരൂപിച്ചുകൊണ്ട് ഈഴവ വ്യക്തികള്‍ അവരുടെ രണ്ട് നൂറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക കുതിപ്പ് തുടരുന്നു. എസ്.എന്‍.ഡി.പി ശാഖകളുടെ ബന്ധമില്ലാതെ നില്‍ക്കുന്ന ഈഴവ മൂലധനം വര്‍ധിക്കുന്നു. ഇത്തരത്തില്‍ ഇതുവരെ ഉയര്‍ന്നു വന്ന ഈഴവ മുതലാളിമാര്‍ ഉപജാതി യുക്തിയിലേക്ക് പോവുകയാണ് ചെയ്തത്. അതില്‍ നിന്ന് മാറി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒരു ഈഴവ മുതലാളിത്തം ഇപ്പോള്‍ നിലവിലുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരസ്പരവിരുദ്ധമായ ഈ പ്രവണതകളുടെ നിര്‍ണായകമായ പൊട്ടിത്തെറി എസ്.എന്‍.ഡി.പി നേതൃത്വത്തിനുള്ളില്‍ തന്നെ അരങ്ങേറാന്‍ സാധ്യതയുണ്ട്. നിലവില്‍, പ്രധാനമായും മുതലാളി കുടുംബങ്ങള്‍ക്കും അവരുടെ കുലപതികള്‍ക്കും കൂട്ടാളികള്‍ക്കും മാത്രമേ ഓഫീസ് സീറ്റുകളില്‍ നേരിട്ട് പ്രവേശനമുള്ളൂ. കോടതിയുടെ ഇടപെടല്‍ ഈ കീഴ്വഴക്കം മാറ്റിയെടുക്കാനുള്ള വസ്തുനിഷ്ഠ സാഹചര്യം സൃഷ്ടിച്ചു കഴിഞ്ഞു – അതും ഈഴവര്‍ക്കിടയില്‍ നിന്ന് തന്നെ ഉയര്‍ന്നു വന്ന എതിര്‍പ്പ് മൂലമാണ് സാധിച്ചത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഈഴവ സമുദായ സംഘാടനത്തില്‍ ഒരു തുറസ്സ് ലഭ്യമായിരിക്കുകയാണ്. അതിലൂടെ തന്നെ കേരളത്തിലെ അസ്പൃശ്യരുടെ സമരത്തിലെ പ്രധാന കണ്ണിയായ പ്രസ്ഥാനത്തിന്റെ പുനര്‍ജീവനത്തിന്റെ സാധ്യതയും. നേതൃസ്ഥാനത്തിലേക്ക് ഇപ്പോള്‍ അഹിന്ദുക്കളായ മത്സരാര്‍ത്ഥികളില്ല; എന്നാല്‍ അഹിന്ദുക്കളായ നിരവധി ഈഴവരുണ്ട് സമൂഹത്തിലുണ്ട്. ഒരു പാര്‍ട്ടിയായി അവരുടെ ഏകീകരണം കൊണ്ടുമാത്രമാണ് ഈഴവ ഹൈന്ദവതയുടെ പരാജയം സംഭവിക്കുകയുള്ളൂ, അസ്പര്‍ശ്യ ജാതികള്‍ക്ക് തന്നെ ഹൈന്ദവ പാതകളില്‍ നിന്ന് പ്രായോഗികമായി വ്യതിചലിക്കാന്‍ സാധിക്കുകയുള്ളു.

എസ്.എന്‍.ഡി.പിയുടെ നേതൃത്വ സമരം ഏത് വഴിക്ക് പോയാലും അതിന്റെ ഫലം ആത്യന്തിക പ്രാധാന്യമുള്ളതായിരിക്കും. ഹൈന്ദവ മേധാവിത്വത്തിന്റെ തുടര്‍ച്ചയിലേക്കോ പ്രബുദ്ധ കേരളത്തിന്റെ നിര്‍മ്മിതിയുടെ ആദ്യഘട്ടത്തിലേക്കോ ഉള്ള തിരിവ് എന്നത്തേയും പോലെ ഇപ്പോഴും ശ്രീ നാരായണ ധര്‍മ്മത്തിന്റെ ഭാവിയെ ആസ്പദമായി നില്‍ക്കുന്നു.

(ഹൈദരാബാദ് സര്‍വകലാശാലയില്‍ ഗവേഷണവിദ്യാര്‍ഥിയാണ് ലേഖകന്‍.)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply