മാര്‍ക്‌സിസം : പരാജയത്തിന്റെ അടിവേരുകള്‍

2024 ജനുവരി 21 – ലെനിന്റെ 100-ാം ചരമവാര്‍ഷിക ദിനം. മാര്‍ക്‌സില്‍ നിന്ന് സൈദ്ധാന്തികമായി ആരംഭി്ച്ച് ലെനിനിലൂടെ പ്രായോഗികരൂപം കൈവരിച്ച്, ലോകത്തിനു മുഴുവന്‍ വിമോചന സ്വപ്‌നങ്ങള്‍ സമ്മാനിച്ച മാര്‍ക്‌സിസത്തിന്റെ പരാജയത്തിന്റെ അടിവേരുകള്‍ എന്തൊക്കെയായിരുന്നു? ക്രിട്ടിക് നേരത്തെ പ്രസിദ്ധീകരിച്ച, പ്രിസം ബുക്സിന്റെ കെ വേണുവിന്റെ ‘മാര്‍ക്സിസം : ഉത്ഭവവും വികാസവും പരാജയവും’ എന്ന പുസ്തകത്തില്‍ നിന്നൊരു അധ്യായം.

രാജാക്കന്മാരുടെയും അതാതു കാലത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെയും കഥകള്‍ സമാഹരിക്കുന്ന പഴയ ചരിത്രമെഴുത്തു രീതിയുടെ സ്ഥാനത്ത് മനുഷ്യസമൂഹത്തിനു വസ്തുനിഷ്ഠമായ ചലനനിയമങ്ങളുണ്ടെന്നു മനസ്സിലാക്കിയുള്ള ചരിത്ര വിശകലനരീതി ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചവരുടെ മുന്‍നിരയില്‍ തന്നെയാണ് മാര്‍ക്സിന്റെ സ്ഥാനം.  വര്‍ഗ്ഗസമര സിദ്ധാന്തത്തില്‍ ഏകപക്ഷീയമായി ഊന്നിയ മാര്‍ക്സ് വര്‍ഗ്ഗങ്ങള്‍ ഉടലെടുക്കുന്നതിനു ഏറെ മുന്‍പു തന്നെ ഗോത്രസമൂഹങ്ങളില്‍ ഉരുത്തിരിഞ്ഞു വന്ന സാമൂഹ്യ പ്രക്രിയയാണ് ജനാധിപത്യമെന്ന് മനസ്സിലാക്കുന്നതില്‍ അമ്പേ പരാജയപ്പെടുകയാണുണ്ടായത്. ഗോത്ര കാലഘട്ടത്തിലെ സാമൂഹ്യഘടനയെ പ്രാകൃത കമ്മ്യൂണിസം എന്നൊക്കെ മാര്‍്ക്‌സും എംഗല്‍സും വിശേഷിപ്പിച്ചെങ്കിലും സമകാലീന ജനാധിപത്യത്തിന്റെ ആരംഭം അവിടെയാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്കായില്ല. ഗോത്രകാലഘട്ടത്തില്‍ മനുഷ്യമസ്തിഷ്‌കത്തിലുണ്ടായ ജനിതകമാറ്റത്തിലൂടെ ആദിമമനുഷ്യര്‍ ഭാഷ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ചെറുകൂട്ടായ്മകളില്‍ വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയവും ആശയക്രോഡീകരണവും ആരംഭിച്ചിടത്താണ് ജനാധ്യപത്യത്തിന്റെ ഉറവിടം തേടേണ്ടത്. ജനാധിപത്യത്തിന്റെ വര്‍ഗ്ഗേതരമായ അടിസ്ഥാനമാണ് അവിടെ പ്രകടമാവുന്നത്.

മനുഷ്യന്റെ പൂര്‍വ്വികര്‍ രണ്ടു കാലില്‍ നടക്കാന്‍ തുടങ്ങിയതോടെ സ്വതന്ത്രമായ കൈകള്‍ കൊണ്ട് ശിലായുധങ്ങളും മറ്റും കൈകാര്യം ചെയ്യാന്‍ ആരംഭിച്ചതിന്റെ ഫലമായിട്ടാണ് ഭാഷയും അതിന്റെ അടിസ്ഥാനത്തിലുള്ള സാംസ്‌ക്കാരിക വളര്‍ച്ചയും മനുഷ്യസമൂഹത്തിനു കൈവരിക്കാനായത് എന്ന മാര്‍ക്സിയന്‍ വിശദീകരണത്തിനു ശാസ്ത്രീയ അടിസ്ഥാനമില്ലെന്നാണ് ആധുനിക ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മുകളില്‍ പറഞ്ഞതുപോലെ ഭാഷ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ രൂപംകൊണ്ട പ്രാഥമിക ജനാധിപത്യ പ്രക്രിയയുടെ സുദീര്‍ഘ പരിണാമത്തിന്റെ ഒരു ഘട്ടമെന്ന നിലക്ക് ഉരുത്തിരിഞ്ഞു വന്ന പാര്‍ലമെന്ററി ജനാധിപത്യത്തിനു ബൂര്‍ഷ്വാ ജനാധിപത്യമെന്നാണ് മാര്‍ക്സ് പേരിട്ടത്. ജനാധിപത്യത്തെ വര്‍ഗ്ഗപരമായ ഒരു പ്രക്രിയ മാത്രമായി ചുരുക്കിക്കെട്ടുന്നതിന്റെ സ്വാഭാവികഫലമാണ് ഈ ഇടുങ്ങിയ സമീപനം.

ഗോത്ര കാലഘട്ടത്തിനു ശേഷമുള്ള മനുഷ്യസമൂഹത്തിന്റെ പരിണാമ പ്രക്രിയയില്‍ സാമ്പത്തികാടിസ്ഥാനത്തിലുള്ള വര്‍ഗ്ഗങ്ങളുടെ സാന്നിദ്ധ്യവും അവ തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങളും ഏറെ പ്രധാനപ്പെട്ട പങ്കുവഹിച്ചിട്ടുണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ, വര്‍ഗ്ഗപരമല്ലാത്ത പല സാമൂഹ്യ പ്രക്രിയകളും പല സന്ദര്‍ഭങ്ങളിലും വര്‍ഗ്ഗങ്ങളേക്കാള്‍ വളരെ നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്നുള്ളതും നിഷേധിക്കാനാകാത്ത വസ്തുതയാണ്. വംശീയസമൂഹങ്ങള്‍, ഭാഷാസമൂഹങ്ങള്‍, മത ജാതി സമൂഹങ്ങള്‍, ദേശീയ സമൂഹങ്ങള്‍ തുടങ്ങിയവയെല്ലാം വര്‍ഗ്ഗേതര തലത്തിലാണ് രൂപം കൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. പലപ്പോഴും ഇത്തരം സാമൂഹ്യശക്തികളുടെ ഇടപെടല്‍ ചരിത്രഗതിയെ തന്നെ ആഴത്തില്‍ സ്വാധീനിച്ചു കണ്ടിട്ടുണ്ട്. എന്നാല്‍, ഇത്തരം സാമൂഹ്യ പ്രക്രിയകളുടെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നത് വര്‍ഗ്ഗസമരവും വര്‍ഗ്ഗതാല്‍പ്പര്യങ്ങളുമാണെന്ന മാര്‍ക്സിയന്‍ നിലപാട് ആ പ്രക്രിയകളെ സമഗ്രമായി മനസ്സിലാക്കാന്‍ മാര്‍ക്സിസത്തിനു കഴിയാത്ത അവസ്ഥയുണ്ടാക്കുകയാണ് ചെയ്തത്.

ഉല്‍പ്പാദന പ്രക്രിയയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും അവ കൈകാര്യം ചെയ്യുന്ന മനുഷ്യരും ചേര്‍ന്നുള്ള ഉല്‍പ്പാദന ശക്തികളാണ് സാമൂഹ്യവികാസത്തെ നയിക്കുന്നതെന്ന മാര്‍ക്സിയന്‍ വ്യാഖ്യാനം പൊതുവില്‍ ശരിയാണെന്ന് തോന്നാം. അതിന്റെ അടിസ്ഥാനത്തിലാണ് പത്തൊന്‍പതാം നൂറ്റാണ്ടിലെ വ്യവസായത്തൊഴിലാളിവര്‍ഗ്ഗത്തെ മനുഷ്യസമൂഹത്തെ നയിക്കാന്‍ ശേഷിയും ബാദ്ധ്യതയുമുള്ള വര്‍ഗ്ഗമായി മാര്‍ക്സ് അവരോധിച്ചത്. മുതലാളിത്തസമൂഹം സമാഹരിച്ച സമ്പത്ത് മുഴുവന്‍ വ്യവസായത്തൊഴിലാളിവര്‍ഗ്ഗം സൃഷ്ടിച്ചതാണെന്നും അതുകൊണ്ട് അതു മുഴുവന്‍ പിടിച്ചെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ആ ലക്ഷ്യം നേടാനായി തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് മാര്‍ക്സ് വിലയിരുത്തിയത്. എന്നാല്‍, ശാസ്ത്ര സാങ്കേതികവിദ്യകളുടെ മുന്നേറ്റം തൊഴിലാളിവര്‍ഗ്ഗത്തെ ചരിത്രപരമായി പിന്നോട്ടു തള്ളുമെന്ന് സങ്കല്‍പ്പിക്കാന്‍ മാര്‍ക്സിനു കഴിഞ്ഞില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ന് ആധുനിക ഉല്‍പ്പാദനരംഗത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന യന്ത്രമനുഷ്യരെ നിയന്ത്രിക്കുന്നത് തൊഴിലാളികളല്ല, ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധരാണ്. അവരാകട്ടെ, സമൂഹത്തെ രാഷ്ട്രീയമായി നയിക്കാന്‍ കഴിവോ താല്‍പ്പര്യമോ ഉള്ളവരല്ല താനും. മുന്‍പന്തിയില്‍ നില്‍ക്കുന്ന ഉല്‍പ്പാദനശകതികള്‍ സമൂഹത്തെ നയിക്കാന്‍ ബാദ്ധ്യസ്ഥരാണെന്ന വിധം ഒരു നിയമവും ചരിത്രത്തില്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഉല്‍പ്പാദന പ്രക്രിയയില്‍ നിന്ന് വ്യത്യസ്തമായ തലത്തില്‍ നടക്കുന്ന സാമൂഹ്യ പ്രക്രിയകളാണ് സാമൂഹ്യവികാസത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത്. സാമൂഹ്യവികാസത്തെ വിശകലനം ചെയ്യുന്നതില്‍ ഉല്‍പ്പാദന പ്രക്രിയകള്‍ക്ക് മാര്‍ക്സ് ഏകപക്ഷീയമായ ഊന്നലാണ് നല്‍കിയത്. സാമൂഹ്യ പ്രക്രിയകളെ സമഗ്രമായി മനസ്സിലാക്കുന്നതില്‍ നിന്ന് ഇതും മാര്‍ക്സിനെ തടയുകയായിരുന്നു.

മാര്‍ക്സിസത്തിന്റെ പരാജയ കാരണം തേടേണ്ടത് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ലക്ഷ്യം നേടാനുള്ള ഉത്തരവാദിത്വം തൊഴിലാളിവര്‍ഗ്ഗത്തിന്റെ തലയില്‍ കെട്ടിവെച്ച മാര്‍ക്സിന്റെ സമീപനത്തില്‍ തന്നെയാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് ഈ ലക്ഷ്യം മുന്നോട്ടു വെക്കുമ്പോള്‍, അതിന്റെ സമൂര്‍ത്തരൂപം ചരിത്രത്തിലൂടെ തന്നെ ഉരുത്തിരിയേണ്ടതാണെന്ന് പറഞ്ഞുവെച്ച മാര്‍ക്സ് പാരീസ് കമ്മ്യൂണ്‍ നിലവില്‍ വന്നപ്പോള്‍ താന്‍ വിഭാവന ചെയ്ത തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യമാണ് കമ്മ്യൂണില്‍ ജനങ്ങള്‍ സ്വമേധയാ രൂപപ്പെടുത്തിയതെന്ന് പ്രസ്താവിക്കുകയുണ്ടായി.

എന്നാല്‍, കമ്മ്യൂണ്‍ പരാജയപ്പെട്ടപ്പോള്‍ അതിന്റെ മുഖ്യകാരണമായി മാര്‍ക്സ് പറഞ്ഞ രണ്ടു കാര്യങ്ങളില്‍ ഒന്ന് കേന്ദ്രീകൃത നേതൃത്വത്തിന്റെ അഭാവമായിരുന്നു. കമ്മ്യൂണിന്റെ വികേന്ദ്രീകൃത സ്വഭാവത്തെക്കുറിച്ച് മാര്‍ക്സ് തന്നെ മനോഹരമായി വിശദീകരിച്ചത് ഇങ്ങനെയാണ്: മുകളില്‍ നിന്ന് സമൂഹത്തെ നിയന്ത്രിക്കുന്നതും കീഴ്പ്പെടുത്തുന്നതുമായ ഒരു കേന്ദ്രീകൃതശക്തി എന്നതിനു പകരം അതിന്റെ ജൈവശക്തി എന്ന നിലക്ക് ഭരണകൂടാധികാരത്തെ മുഴുവന്‍ സമൂഹവും തിരികെ സ്വാംശീകരിച്ചെടുക്കുന്ന പ്രക്രിയ…. ഈ വികേന്ദ്രീകൃത ഘടനയുടെ മേല്‍ ഒരു കേന്ദ്രീകൃത നേതൃത്വത്തെ അവരോധിച്ചാല്‍ എന്താകും ഫലമെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ.

സാമൂഹ്യ പ്രക്രിയകളില്‍ നിരന്തരം പ്രകടമാവുന്ന സാമൂഹ്യതല കേന്ദ്രീകരണത്തെയും വികേന്ദ്രീകരണത്തെയും വര്‍ഗ്ഗേതരമെന്നോ വര്‍ഗ്ഗബാഹ്യമെന്നോ നിര്‍വ്വചിച്ച് അവഗണിക്കുകയോ ആശാസ്ത്രീയമെന്നു പറഞ്ഞ് തള്ളിക്കളയുകയോ ആണ് മാര്‍ക്സ് ചെയ്തുകൊണ്ടിരുന്നത്. എല്ലാ സാമൂഹ്യബന്ധങ്ങളെയും വര്‍ഗ്ഗബന്ധങ്ങളിലൂടെ മാത്രം വിശകലനം ചെയ്യാന്‍ ശ്രമിച്ചതിന്റെ ഫലമായിരുന്നു ഇത്.

പാരീസ് കമ്മ്യൂണിനു ശേഷം 1883-ല്‍ മാര്‍ക്സ് മരിക്കുന്നതു വരെയുള്ള ഒരു ദശകത്തിലധികം കാലം മാര്‍ക്സും എംഗല്‍സും ഇടതുപക്ഷ രാഷ്ട്രീയരംഗത്ത് സജീവം തന്നെയായിരുന്നു. പക്ഷേ, പാരീസ് കമ്മ്യൂണിനെ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന മുകളില്‍ സൂചിപ്പിച്ചതു പോലുള്ള വൈരുദ്ധ്യം വിശദീകരിക്കാനായി ഒരു ശ്രമവും മാര്‍ക്സിന്റെയോ എംഗല്‍സിന്റെയോ ഭാഗത്തു നിന്ന് ഉണ്ടായില്ല. ആ വൈരുദ്ധ്യം അവരുടെ ശ്രദ്ധയില്‍ പെട്ടിരുന്നതായി പോലും കാണുന്നില്ല. വര്‍ഗ്ഗ ന്യൂനീകരണ നിലപാടിന്റെ സ്വാഭാവിക ഫലമായിരുന്നിരിക്കാം അത്. പാരീസ് കമ്മ്യൂണിന്റെ പരാജയകാരണങ്ങളില്‍ കേന്ദ്രീകൃത നേതൃത്വത്തിന്റെ അഭാവം എന്ന വിലയിരുത്തല്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ ലെനിന്‍ മുന്നോട്ടു വന്നതോടെയാണ് മാര്‍ക്സിസത്തിനു പുതുജീവന്‍ ലഭിച്ചതെന്ന്
ഇതുവരെയുള്ള പരിശോധനയില്‍ നമ്മള്‍ കണ്ടതാണ്.

ലെനിനിസ്റ്റ് പ്രയോഗത്തിലൂടെ ഇരുപതാം നൂറ്റാണ്ട്് കണ്ട മാര്‍ക്സിസം മാര്‍ക്‌സ് ആവിഷ്‌ക്കരിച്ച ചരിത്ര വിശകലനരീതിയുടെ പൂര്‍ണ്ണമായ നിഷേധമാവുകയാണുണ്ടായത്. ചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത് വസ്തുനിഷ്ഠമായ ചരിത്രനിയമങ്ങളാണെന്നും മഹത്വ്യക്തികളോ ചിന്തകന്മാരോ സംഘടനകളോ ഒന്നുമല്ലെന്നുമാണ് മാര്‍ക്സിസം അനുശാസിക്കുന്നത്. ഒരു ചെറുസംഘത്തിന്റെ ആസൂത്രിതമായ കരുനീക്കങ്ങളിലൂടെ ചരിത്രഗതിയില്‍ മാറ്റങ്ങളുണ്ടാക്കാമെന്നാണ് ലെനിന്‍ കാണിച്ചുതന്നത്. തീര്‍ച്ചയായും പൊതുവായ ചരിത്രഗതിയുടെ ഭാഗമാവാതെ ഒരു നൂറ്റാണ്ടിനുള്ളില്‍ ഒതുങ്ങിനിന്ന ഒരു വ്യതിയാനം മാത്രമായി അതവസാനിക്കുകയാണ് ഉണ്ടായത്.

ലെനിനിസ്റ്റ് പ്രയോഗത്തിലെ തകരാറാണ് ഈ പരാജയത്തിനു കാരണമെന്നും മാര്‍ക്സിസത്തിന്റെ തകരാറായി അതിനെ ചിത്രീകരിക്കേണ്ടതില്ലെന്നും വാദിക്കുന്നവരുണ്ട്. മാര്‍ക്സിന്റെ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യ ലക്ഷ്യപ്രഖ്യാപനം നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോഴാണല്ലോ ലെനിന്‍ ഏകപാര്‍ട്ടി സ്വേച്ഛാധിപത്യത്തിലേക്ക് എത്തിച്ചേര്‍ന്നത്. മാത്രമല്ല, പാരീസ് കമ്മ്യൂണിന്റെ തകര്‍ച്ചക്കുള്ള കാരണങ്ങളിലൊന്ന് കേന്ദ്രീകൃത നേതൃത്വത്തിന്റെ അഭാവമായിരുന്നു എന്ന മാര്‍ക്സിന്റെ വിലയിരുത്തലില്‍ നിന്നാണല്ലോ ലെനിന്‍ തുടങ്ങിയതും. ലെനിന്റെ പരാജയത്തില്‍ മാര്‍ക്സിനുള്ള ഉത്തരവാദിത്വം അവഗണിക്കാവുന്നതല്ലെന്നു ചുരുക്കം.

മാര്‍ക്സിന്റെ മറ്റൊരു പ്രധാന നിലപാടിലെ തകരാറാണ് പല പരാജയങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. സ്വകാര്യസ്വത്താണ് എല്ലാ ചൂഷണങ്ങള്‍ക്കും കാരണമെന്നു പറഞ്ഞുകൊണ്ട് സകാര്യസ്വത്ത് അനുവദിക്കാതിരിക്കുകയും ഉല്‍പ്പാദനോപാധികളെല്ലാം പൊതുസ്വത്താക്കുകയും ചെയ്യുക എന്നത് സോഷ്യലിസ്റ്റ് ലക്ഷ്യമായി അവതരിപ്പിക്കുകയാണ് മാര്‍ക്സ് ചെയ്തത്. ഈ നടപടിയിലൂടെ മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. ഉല്‍പ്പാദനോപാധികളെല്ലാം പൊതുസ്വത്തായപ്പോള്‍ അവ സാമൂഹ്യവല്‍ക്കരിക്കപ്പെടുകയല്ല ചെയ്തത്; കേന്ദ്രീകരിക്കപ്പെടുകയാണുണ്ടായത്. ഭരണകൂടത്തിന്റെ തലപ്പത്തുള്ളവര്‍ക്കു മാത്രമാണ് അവയ്ക്കു മേല്‍ നിയന്ത്രണാധികാരം. ജനങ്ങള്‍ നിസ്സഹായരായ കാഴ്ച്ചക്കാര്‍ മാത്രമാണവിടെ. ഇത്തരം സോഷ്യലിസ്റ്റ് സമൂഹങ്ങളുടെ രാഷ്ട്രീയഘടന സോഷ്യല്‍ ഫാസിസമായതിന്റെ സാമൂഹ്യാടിസ്ഥാനവും ഈ പൊതുസമ്പത്ത് തന്നെയാണ്.

സ്വകാര്യസ്വത്ത് നിലനില്‍ക്കുന്ന സമൂഹങ്ങളുടെ അവസ്ഥ കൂടി ഇവിടെ പരിശോധിക്കേണ്ടതുണ്ട്. പൊതുവില്‍ സ്വകാര്യസ്വത്ത് നിലനില്‍ക്കുന്ന സമൂഹങ്ങളിലെല്ലാം ജനാധിപത്യം നിലനില്‍ക്കുന്നതായി കാണാം. ചില സ്വകാര്യസ്വത്ത് സമൂഹങ്ങള്‍ക്കു മേല്‍ സൈനിക സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുള്ളതും കാണാവുന്നതാണ്. ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെ സ്വേച്ഛാധിപതികള്‍ പുറംതള്ളപ്പെടുന്നതും സാധാരണമാണ്. സ്വകാര്യസ്വത്തും ജനാധിപത്യവും തമ്മിലുള്ള ഈ അടിസ്ഥാനബന്ധം മാര്‍ക്സ് പരിഗണിച്ചതായി കാണുന്നില്ല. ഒരുപക്ഷേ, ജനാധിപത്യത്തെ കുറിച്ച് ഗൗരവബോധത്തോടെയുള്ള അന്വേഷണത്തിനു മാര്‍ക്സ് തയ്യാറാകാതിരുന്നതും ഇതുകൊണ്ടാകാം.

പ്രകൃതിയിലും സമൂഹത്തിലും നിരന്തര പരിണാമസാദ്ധ്യതകള്‍ വിഭാവന ചെയ്യുന്ന ഒരു ദര്‍ശനവുമായി രംഗപ്രവേശം ചെയ്ത മാര്‍ക്സ് മനുഷ്യസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം ഉറപ്പുവരുത്തുന്ന കമ്മ്യൂണിസം പോലുള്ള ഒരു കാല്‍പ്പനിക ലക്ഷ്യത്തിലേക്ക് ചുരുങ്ങിയതാണ് അദ്ദേഹത്തിനു പറ്റിയ പ്രധാന പാളിച്ച. അതോടെ യഥാര്‍ത്ഥത്തില്‍ തുറന്ന ഒരു സമീപനം അസാദ്ധ്യമായി തീരുകയാണുണ്ടായത്. അതിവിശാലമായ ഒരു സാമൂഹ്യ സങ്കല്‍പ്പമാണ് കമ്മ്യൂണിസത്തിലൂടെ അവതരിപ്പിക്കപ്പെടുന്നതെന്ന് വാദിക്കുന്നവരുണ്ട്. എത്ര വിശാലമായാലും, അത്തരമൊരു സാമൂഹ്യരൂപീകരണത്തിനു ഒരു ചട്ടക്കൂടില്ലാതെ നിലനില്‍ക്കാനാവില്ല. മനുഷ്യസമൂഹത്തിന്റെ പരിണാമസാദ്ധ്യതകളെ ഒരു ചട്ടക്കൂടിലും ഒതുക്കി നിര്‍ത്താനാവുകയുമില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരം സാദ്ധ്യതകളെ മാര്‍ക്സ് നിഷേധിക്കുകയോ തള്ളിക്കളയുകയോ ചെയ്തു എന്ന് പറയാനാവില്ല. പക്ഷേ, അദ്ദേഹത്തിന്റെ സൈദ്ധാന്തികാന്വേഷണങ്ങളും വിശകലനരീതികളും എപ്പോഴും ചട്ടക്കൂടുകളെ സൃഷ്ടിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിനു പോലും അവയില്‍ നിന്ന് രക്ഷപ്പെടാനാകാത്ത വിധമാണ് അവ രൂപം കൊണ്ടിരുന്നത്. ലെനിന്‍ അടക്കമുള്ള അദ്ദേഹത്തിന്റെ അനുയായികളെല്ലാം ഇത്തരം ചട്ടക്കൂടുകളില്‍ കുടുങ്ങിപ്പോയതിന്റെ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളതു പോലെ മറ്റ് സൈദ്ധാന്തികരില്‍ നിന്ന് വ്യത്യസ്തമായി പ്രയോഗത്തില്‍ ഊന്നുന്ന അന്വേഷണരീതിയാണ് മാര്‍ക്സ് സ്വീകരിച്ചിരുന്നത് എന്നതു കൊണ്ടാണ് ഈ ചട്ടക്കൂടുകളുടെ പ്രശ്നം മാര്‍ക്സിസത്തെ ബാധിച്ചത് എന്നും കരുതാവുന്നതാണ്. അതുകൊണ്ട് അത് മാര്‍ക്സിസത്തിന്റെ ഒരു പരിമിതിയാണെന്ന് കരുതേണ്ടതില്ലെന്ന് സമര്‍ത്ഥിക്കുന്നവരും ഒട്ടും കുറവല്ല.

നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ, ലെനിനിസ്റ്റ് പ്രയോഗത്തിന്റെ രൂപത്തിലുള്ള മാര്‍ക്സിസം ഒരു നൂറ്റാണ്ടിനുള്ളില്‍ ശക്തമായ സാന്നിദ്ധ്യം ഉറപ്പിച്ചതിനു ശേഷം ഏറെക്കുറെ അപ്രത്യക്ഷമായെങ്കിലും മറ്റൊരു സിദ്ധാന്തത്തിനും കഴിയാത്ത വിധം കരുത്തുറ്റ രാഷ്ട്രീയവും സാമൂഹ്യവുമായ സ്വാധീനം ലോകസമൂഹത്തില്‍ അത് ചെലുത്തി എന്നത് ആര്‍ക്കും നിഷേധിക്കാനാവുകയില്ല. അതുകൊണ്ടു തന്നെ മാര്‍ക്സിസം ഒരു പരാജയമായിരുന്നു എന്ന് വിധിയെഴുതാനാവുമോ എന്ന ചോദ്യവും പ്രസക്തമാണ്.

പാരീസ് കമ്മ്യൂണിനെ മുന്‍നിര്‍ത്തിക്കൊണ്ട് മാര്‍ക്സ് അവതരിപ്പിക്കാന്‍ ശ്രമിച്ച മാര്‍ക്സിസത്തില്‍ നിന്ന് ഏറെ ഭിന്നവും ഭീകരവുമായിരുന്നു പ്രയോഗിക്കപ്പെട്ട മാര്‍ക്സിസം എന്ന യാഥാര്‍ത്ഥ്യമാണ് ഇതുവരെയുള്ള പരിശോധനയില്‍ നമ്മള്‍ കണ്ടത്. ഒരു വശത്ത് കാല്‍പ്പനികമായ മനോഹരസങ്കല്‍പ്പം. മറുവശത്ത് മനുഷ്യചരിത്രം നാളിതുവരെ കണ്ടിട്ടില്ലാത്ത വിധം ക്രൂരവും ഭീകരവുമായ പ്രയോഗരൂപങ്ങള്‍. മാര്‍ക്സിസത്തില്‍ അന്തര്‍ലീനമായ സൈദ്ധാന്തിക വൈരുദ്ധ്യങ്ങളും പാളിച്ചകളും തന്നെയാണ് ഈ വിപര്യയത്തിനു കാരണമെന്നും ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മാര്‍ക്സിസത്തിന്റെ പരാജയകാരണങ്ങള്‍ തേടേണ്ടതും അവിടെ തന്നെയാണ്. ആ ദിശയിലുള്ള ചെറിയൊരു ശ്രമമാണ് ഇവിടെ നടത്തിയത്. മാര്‍ക്സിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും പോലുള്ള അതിബൃഹത്തായ ഒരു വിഷയം ഇത്രയും സംക്ഷിപ്തമായി അവതരിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പരിമിതികളെല്ലാം ഇത്തരമൊരു ഉദ്യമത്തില്‍ സ്വാഭാവികമാണെന്നു മാത്രം പറഞ്ഞുവെക്കട്ടെ. ന്യായീകരണമല്ല, ക്ഷമാപണം.

മാര്‍ക്‌സിസം : ഉത്ഭവവും വികാസവും പരാജയവും
കെ. വേണു
വില Rs. 350
പ്രസാധകര്‍ : പ്രിസം ബുക്‌സ്. കൊച്ചി

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply