ഹിജാബ് നിരോധനം വിദ്യാഭ്യാസ നിഷേധത്തിന്റെ ഒരാണ്ട്

വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അക്കാദമിക വര്‍ഷത്തിന്റെ അവസാന നാളുകളിലാണ് ഹിജാബ് നിരോധനത്തിന് ഭരണകൂടം മുന്നോട്ട് വന്നത്. ഫൈനല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് പെണ്‍കുട്ടികള്‍ സ്ഥാപന അധികാരികളോട് കേണപേക്ഷിച്ചിട്ടും അതിന് വിസമ്മതിക്കുകയാണ് അധികൃതര്‍ ചെയ്തത്. കോടതികളില്‍ നടക്കുന്ന വ്യവഹാരത്തിന്റെ നീളല്‍ കാരണം ഹിജാബ് നിരോധനം ഇപ്പോഴും തുടരുന്നു. അതിനാല്‍ രണ്ട് അധ്യയന വര്‍ഷം നഷ്ടമായ ആയിരക്കണക്കിന് വിദ്യാര്‍ഥിനികളെയാണ് അവിടെ കാണുന്നത്.

ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കാന്‍ പാടില്ല എന്ന മതേതര ഫത്വ പുറപ്പെടുവിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. ഈ സന്ദര്‍ഭത്തില്‍ കര്‍ണ്ണാടകത്തിലെ people union for civil liberties (PUCL) എന്നസംഘടന  പുറത്ത് വിട്ട റിപ്പോര്‍ട്ട് ഒരു സമുദായത്തിന് നേരെ നടന്ന കയ്യേറ്റത്തിന്റെ നേര്‍ചിത്രമാണ് വരച്ച് കാട്ടുന്നത്. എല്ലാ പൗരാവകാശങ്ങളും റദ്ദ് ചെയ്ത്‌കൊണ്ട് നടപ്പിലാക്കിയ ഹിജാബ് നിരോധനം ഒരു ജനതയെ എങ്ങിനെയാണ് മാര്‍ജിനലൈസ് ചെയ്യുന്നത് എന്നതിന്റെ അനുഭവ പാഠമാണ് അതില്‍ വിവരിക്കുന്നത്.

പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം പെണ്‍കുട്ടികള്‍ വലിയ മനുഷ്യാവകാശ നിഷേധത്തിന് ഇരയായിട്ടുണ്ട് എന്നാണ് മനസ്സിലാവുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അക്കാദമിക വര്‍ഷത്തിന്റെ അവസാന നാളുകളിലാണ് ഹിജാബ് നിരോധനത്തിന് ഭരണകൂടം മുന്നോട്ട് വന്നത്. ഫൈനല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് പെണ്‍കുട്ടികള്‍ സ്ഥാപന അധികാരികളോട് കേണപേക്ഷിച്ചിട്ടും അതിന് വിസമ്മതിക്കുകയാണ് അധികൃതര്‍ ചെയ്തത്. ഇതില്‍ ഏറെ സങ്കടകരമായ വസ്തുത, അധ്യാപകര്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥി സുഹൃത്തുകള്‍ ഇവര്‍ക്കെതിരെ അധികാരി വര്‍ഗ്ഗത്തോടൊപ്പം നിന്ന് ഹിജാബ് നിരോധനം നടപ്പിലാക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു എന്നതാണ്. സഹപാഠികളായ വിദ്യാര്‍ഥി സമൂഹത്തില്‍ നിന്ന് പോലും പിന്തുണ ലഭിക്കാതെ മുസ്ലിം പെണ്‍കുട്ടികള്‍ അവകാശത്തിന് സ്വന്തമായി ശബ്ദിക്കേണ്ട സ്ഥിതി വിശേഷമാണ് ഉണ്ടായിരുന്നത്. തീര്‍ത്തും ഒറ്റപ്പെട്ട് പോയ ഈ വിദ്യാര്‍ഥിനികള്‍ അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ കഴിയാതെ ഒരു വര്‍ഷം നഷ്ടപ്പെടുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു.

കോടതികളില്‍ നടക്കുന്ന വ്യവഹാരത്തിന്റെ നീളല്‍ കാരണം ഹിജാബ് നിരോധനം ഇപ്പോഴും തുടരുന്നു. അതിനാല്‍ രണ്ട് അധ്യയന വര്‍ഷം നഷ്ടമായ ആയിരക്കണക്കിന് വിദ്യാര്‍ഥിനികളെയാണ് അവിടെ കാണുന്നത്. ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥിനികളെ വ്യക്തിപരമായി അധിക്ഷേപിക്കുവാനും അക്രമിക്കുവാനും ഹിന്ദുത്വ ആള്‍ക്കൂട്ടത്തോടൊപ്പം സ്‌കൂള്‍ മാനേജ്‌മെന്റും ഉണ്ടായിരുന്നു എന്നാണ് റിപ്പോട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. കാവി ഷാള്‍ ധരിച്ച് കൊണ്ട് സംഘ്പരിവാര്‍ അക്രമികൂട്ടം ജയ്ശ്രീം അലര്‍ച്ചകളുമായി ഒരു മുസ്ലിം പെണ്‍കുട്ടിക്കെതിരെ പാഞ്ഞടുക്കുന്നത് ഹിജാബ് നിരോധനത്തിന്റെ ആദ്യ നാളുകളില്‍ നാം കണ്ടതാണ്. ഇതിനെതിരെ ഒറ്റക്ക് ഒരു പെണ്‍കുട്ടി തക്ബീര്‍ മുഴക്കി പ്രതിരോധം തീര്‍ത്തതിനെ മതേതരത്വം തകര്‍ന്ന് പോയതായി വിലപിച്ച സവര്‍ണ മതേതരത്വ കാഴ്ചപ്പാടെ നമുക്ക് ഉള്ളൂ എന്ന് ഒരിക്കല്‍ തെളിച്ചതാണ്. മതപരമായ തങ്ങളുടെ മൗലികാവകാശം സംരക്ഷിക്കാന്‍ ഒരു ജനാധിപത്യരാജ്യത്ത് മുസ്ലിം സ്ത്രീക്ക് തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടിവന്ന സാഹചര്യത്തെ പ്രശ്‌നവല്‍ക്കരിക്കാന്‍ കഴിയാത്ത നമ്മുടെ സെക്യുലര്‍ ബോധം പെണ്‍കുട്ടിയുടെ തക്ബീറിലെ മതേതര വിരുദ്ധത അളന്ന് തിട്ടപ്പെടുത്തുകയായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വിദ്യാഭ്യാസമാണൊ വലുത് ഹിജാബാണൊ വലുത് എന്ന നിഷ്‌കളങ്കമായ ചില ആളുകളുടെ ചോദ്യങ്ങളെ ഈ പെണ്‍കുട്ടികള്‍ അഭിമുഖീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തങ്ങളുടെ തലയില്‍ നിന്ന് ഹിജാബ് അഴിച്ച് മാറ്റിയാന്‍ തങ്ങള്‍ പൊതുസമൂഹത്തില്‍ നഗ്‌നരാക്കപ്പെടുന്നതിന് തുല്യമാണ് എന്നാണ് ആ കുട്ടികള്‍ പറഞ്ഞത്. അത് കൊണ്ട് തന്നെ തങ്ങളുടെ തലയിലെ തട്ടം വലിച്ചൂരാന്‍ നിര്‍ബദ്ദിക്കാതെ വിദ്യാഭ്യാസം നേടാന്‍ അനുവദിക്കണമെന്നാണ് അവര്‍ അപേക്ഷിച്ചത്. പക്ഷെ അധികൃതര്‍ ഒരു ദയാദാക്ഷിണ്യവും കാണിച്ചില്ല.

കേരളത്തില്‍ ഇപ്പോള്‍ സമാപിച്ച സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കന്നട ഭാഷാ പ്രസംഗമല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഹഫിഫ എന്ന പെണ്‍കുട്ടി കര്‍ണ്ണാടകയില്‍ നിന്നുള്ള ഷിമോഗ സ്വദേശിനിയായിരുന്നു. കഴിഞ്ഞ അധ്യയന വര്‍ഷം പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഈ വര്‍ഷം വീണ്ടും പത്താം ക്ലാസ്സില്‍ മലപ്പുറത്ത് കരുവാരക്കുണ്ട് സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കുകയായിരുന്നു. തന്റെ രക്ഷിതാക്കളെ വിട്ട് നിന്ന് വേറെ ഒരു സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാഭ്യാസം നേടാന്‍ നിര്‍ബന്ധിതമാക്കപ്പെടുകയായിരുന്നു അവള്‍. അപൂര്‍വം ചില കുട്ടികള്‍ക്ക് ഇങ്ങിനെ ഒരു സൗകര്യം ലഭിച്ചു എന്നതൊഴിച്ച് നിര്‍ത്തിയാല്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളും വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പുറത്ത് നില്‍ക്കുകയാണ്.

ഒരു കാലഘട്ടത്തില്‍ മത പൗരോഹിത്യം മുസ്ലിം സ്ത്രീയെ വിദ്യാഭ്യാസത്തില്‍ നിന്ന് അസന്നിഹിതമാക്കിയപ്പോള്‍, അതിനെതിരെ മുസ്ലിം നവോത്ഥാനത്തോടൊപ്പം അധുനിക സെക്യുലര്‍ സമൂഹവും ഒരുമിച്ച് നിന്ന് പട നയിച്ചു. അങ്ങനെ മുസ്ലിം സ്ത്രീ സാമൂഹ്യ സ്ഥലികളിലേക്ക് സന്നിഹിതമായി തുടങ്ങി. വിദ്യാഭ്യാസ സാമൂഹിക മണ്ഡലങ്ങളില്‍ അവരുടെതായ വ്യക്തി മുദ്രകള്‍ പതിപ്പിച്ച് മുസ്ലിം സ്ത്രീകളുടെ വലിയ മുന്നേറ്റം നടന്ന് കൊണ്ടിരിക്കുന്ന ഒരു സന്ദര്‍ദത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. എന്ന് മാത്രമല്ല പൗരത്വ സമരം പോലുള്ള സചേതനമായ ഒരു പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ ഈ പെണ്‍കുട്ടികള്‍ ആയിരുന്നു മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്.

ഇപ്പോള്‍ ഏതൊരു ആധുനികതയും സെക്യുലറിസവും ആയിരുന്നുവോ മുസ്ലിം സ്ത്രീയെ മോചിപ്പിക്കുന്നതില്‍ മുസ്ലിം നവോത്ഥാനത്തോടൊപ്പം കൈകോര്‍ത്ത് നിന്നത് അവര്‍ തന്നെ അവളെ അരികുവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതാണ് നാം ഇപ്പോള്‍ കാണുന്നത്. സെക്യുലര്‍ മത കോടതിയില്‍ നിന്ന് വരുന്ന ഫത്വകള്‍ തല മറച്ച് ഒരു പെണ്‍കുട്ടി ക്ലാസ്സ്‌റൂമില്‍ ഇരിക്കുന്നത് അങ്ങേയറ്റം ശിക്ഷാര്‍ഹമായ കാര്യമാണ്. തല മറച്ച ഒരു പെണ്‍കുട്ടിക്ക് കാമ്പസിനകത്ത് കയറാന്‍ കഴിയാത്ത വിധം അടഞ്ഞ ഒരു ഹിന്ദുത്വ സെക്യുലര്‍ ബോധത്തിന് നാം കീഴ്‌പ്പെട്ടിരിക്കുന്നു. അഥവാ നമ്മുടെ സെക്യുലര്‍ എന്ന വാക്കിന്റെ അര്‍ഥം രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലിം സമുദായത്തെ അവരുടെ മതചിഹ്നങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന ഒരേര്‍പ്പാടിന്റെ പേരായി ചുരുങ്ങിയിരിക്കുന്നു എന്നര്‍ഥം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തീവ്രവാദ വിരുദ്ധ പോരാട്ടം എന്ന ഓമന പേരില്‍ സെപ്തംബര്‍ പതിനൊന്നിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമ്രാജ്യത്വം അക്രമം നടത്തി കൊണ്ടിരിക്കുന്നത് നാം കാണുകയാണ്. ശീതയുദ്ധാനന്തരം രൂപപ്പെട്ട പുതിയ ലോകത്ത് കോര്‍പറേറ്റിസവും സാമ്രാജ്യത്വവും ഒരു പൊതു ശത്രുവിനെ സൃഷ്ടിച്ചിരിക്കുന്നു ആ പൊതു ശത്രു ഇസ്ലാമായത് കൊണ്ട് അതിന്റെ മൂല്യ വ്യവസ്ഥയെയും ഇല്ലാതാക്കല്‍ അവരുടെ അജണ്ടയാണ്. ഇസ്ലാം മതത്തെയും അതിന്റെ ചിഹ്നങ്ങളെയും പൈശാചികസല്‍ക്കരിച്ച് ഒരു തരത്തിലുള്ള മുസ്ലിം ഭീതി നിര്‍മ്മിക്കുന്ന സാമ്രാജ്യത്യ മനസ്സ് തന്നെയാണ് തലയില്‍ തട്ടമിട്ട് വിദ്യാഭ്യാസം നേടുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്നത്. ഇങ്ങിനെ ഇസ്ലാം ഭീതി ഉല്‍പാദിപ്പിക്കുകയും മുസ്ലിം അപരവല്‍ക്കരണവും നടന്ന് കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി തന്നെയാണ് ഇസ്ലാമികചിഹ്നങ്ങളിലേക്കും അടയാളങ്ങളിലേക്കുമുള്ള ഈ കടന്ന്കയറ്റത്തെ കാണേണ്ടത്. ഇത്തരത്തില്‍ മുസ്ലിം അപരവല്‍ക്കരണത്തിന് ശക്തി പകരുന്ന ഒരു പദ്ധതിയായി ഹിജാബ് നിരോധനം മാറുന്ന കാഴ്ചയാണ് കാണുന്നത്.

ഇതിനെതിരെ ശബ്ദമുയര്‍ത്തിയ വിദ്യാര്‍ഥിനികളെ വ്യക്തിപരമായി അധിക്ഷേപിക്കുവാനും ബഹിഷ്‌കരിക്കുവാനും അഹ്വാനം നടത്തിയതായി റിപ്പോര്‍ട്ടില്‍ കാണാം. അങ്ങിനെ തീര്‍ത്തും റ്റെപ്പെട്ട് പോയ വിദ്യാര്‍ഥിനികള്‍ അനുഭവിച്ച പ്രയാസങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും എന്ത് പരിഹാരമാണ് ഭരണകൂടത്തിന് നല്‍കാന്‍ സാധിക്കുക. എല്ലാ പൗരാവകാശങ്ങളും നിഷേധിച്ച് ഒരു ജനതയെ അപരവല്‍ക്കരിക്കാന്‍ ഇവിടുത്തെ ഹിന്ദുത്വഭീകരത നടത്തുന്ന അതിക്രമത്തിനെതിരെ ഭരണഘടനാ ബെഞ്ചില്‍ നിന്ന് നീതി ലഭിക്കുമോ എന്നാണ് മുസ്ലിം സമുദായവും ഹിന്ദുത്വ വല്‍ക്കരിക്കാത്ത സെക്യുലര്‍ മനുഷ്യരും കാത്തിരിക്കുന്നത്. കോടതിയിലെ സാങ്കേതിക സങ്കീര്‍ണ്ണതകള്‍ക്കും കാത്തിരിപ്പിനും അവസാനം കോടതിയില്‍ നിന്ന് നീതി ലഭിക്കുമോ എന്ന ആശങ്കയില്‍ തന്നെയാണ് അവരുള്ളത്. കാരണം ബാബരി മസ്ജിദിന്റെ തെളിവുകള്‍ മസ്ജിദിന് അനുകൂലമായിട്ടും ഹിന്ദുത്വയ്ക്ക് അനുകൂലമായി വിധിക്കാന്‍ വിധിക്കപ്പെട്ട ഒരു കോടതിയാണ് നമ്മുടേത് എന്നതാണ് അവരെ ആശങ്കയിലാഴ്ത്തുന്നത്. തങ്ങള്‍ക്ക് നിഷേധിച്ച രണ്ട് വര്‍ഷത്തെ വിദ്യാഭ്യാസം ഒരു കോടതിയില്‍ നിന്നും ലഭിക്കില്ല എന്ന നിരാശയില്‍ കഴിയുമ്പോഴും ഇനിയെങ്കിലും തങ്ങള്‍ക്ക് തലയില്‍ തട്ടമിട്ട് വിദ്യാഭ്യാസം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ വിദ്യാര്‍ഥിനികള്‍ കാത്തിരിപ്പ് തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply