ശബരിമലയും പ്രവാസികളും : കെ കെ കൊച്ചിന് മറുപടി

ജനാധിപത്യപത്യവ്യവസ്ഥയില്‍ ഏതൊരു വിഷയത്തിലും ഭരണ, പ്രതിപക്ഷങ്ങള്‍ രാഷ്ട്രീയം കളിക്കാറുണ്ട്. അമിതമായ കക്ഷിരാഷ്ട്രീയവികാരം നിലനില്‍ക്കുന്ന കേരളീയ സമൂഹത്തില്‍ അതേറെ കൂടുതലാണ്. ഇപ്പോഴത്തെ ഭരണപക്ഷം പ്രതിപക്ഷവും പ്രതിപക്ഷം ഭരണപക്ഷവുമായിരുന്നെങ്കിലും ഇതൊക്കെതന്നെ സംഭവിക്കുമായിരുന്നു എന്നതില്‍ സംശയമുണ്ടോ? അതേസമയം കെ കെ കൊച്ചിന്റെ നിലപാടുകളെ രാഷ്ട്രീയമായും പ്രായോഗികമായും പരിശോധിക്കേണ്ടതുണ്ട്. എല്‍ ഡി എഫിനോടുള്ള അന്ധമായ അനുഭാവം കൊണ്ടോ എന്തോ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടക്കുകയാണ് കൊച്ച് ചെയ്യുന്നത്.

ശബരിമല വിഷയത്തിലെന്നപോലെ പ്രവാസി വിഷയത്തിലും കേരളത്തിലെ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നാരോപിച്ച് കെ കെ കൊച്ച് ക്രിട്ടിക്കിലെഴുതിയ ലേഖനത്തോടുള്ള പ്രതികരണമാണിത്. ജനാധിപത്യപത്യവ്യവസ്ഥയില്‍ ഏതൊരു വിഷയത്തിലും ഭരണ, പ്രതിപക്ഷങ്ങള്‍ രാഷ്ട്രീയം കളിക്കാറുണ്ട്. അമിതമായ കക്ഷിരാഷ്ട്രീയവികാരം നിലനില്‍ക്കുന്ന കേരളീയ സമൂഹത്തില്‍ അതേറെ കൂടുതലാണ്. ഇപ്പോഴത്തെ ഭരണപക്ഷം പ്രതിപക്ഷവും പ്രതിപക്ഷം ഭരണപക്ഷവുമായിരുന്നെങ്കിലും ഇതൊക്കെതന്നെ സംഭവിക്കുമായിരുന്നു എന്നതില്‍ സംശയമുണ്ടോ?

അതേസമയം കെ കെ കൊച്ചിന്റെ നിലപാടുകളെ രാഷ്ട്രീയമായും പ്രായോഗികമായും പരിശോധിക്കേണ്ടതുണ്ട്. എല്‍ ഡി എഫിനോടുള്ള അന്ധമായ അനുഭാവം കൊണ്ടോ എന്തോ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടക്കുകയാണ് കൊച്ച് ചെയ്യുന്നത്. ശബരിമല വിവാദ സമയത്ത് ബിജെപിയുടെയും കോണ്‍ഗ്രസിന്റേയും നേതൃത്വത്തില്‍ സവര്‍ണരായ നമ്പൂതിരി, ക്ഷത്രിയ, നായര്‍ സമുദായങ്ങള്‍ രംഗത്തെത്തിയപ്പോള്‍ മറുവശത്ത് സിപിഎമ്മിനെക്കാള്‍ സര്‍ക്കാര്‍ പിന്തുണയോടെ അവര്‍ണ്ണസമുദായങ്ങളും സ്ത്രീകളും അണിനിരന്നു എന്നാണ് കൊച്ച് പറയുന്നത്. വാസ്തവത്തില്‍ അത് ചില ഇടതുപക്ഷ, സ്ത്രീ, ദളിത് പ്രവര്‍ത്തകരുടെ ആഗ്രഹം മാത്രമായിരുന്നു. ആശയപരമായി ഇത്തരം വിഭജനം ഉണ്ടെന്നു വാദിച്ചു സമര്‍ത്ഥിക്കാമായിരിക്കും. എന്നാല്‍ പ്രായോഗികമായി സംഭവിച്ചതെന്താണ്? അടിസ്ഥാനപരമായി ബിജെപിക്കും കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ഒരേ നിലപാടായിരുന്നു. തീവ്രതയില്‍ മാത്രമായിരുന്നു വ്യത്യാസം. തെരുവിലിറങ്ങി സ്ത്രീപ്രവേശനത്തിനെതിരെ അക്രമോത്സുകവും അശ്ലീലവുമായ സമരം നടത്തുകയാണ് ബിജെപി ചെയ്തത്. കോണ്‍ഗ്രസ്സ് അത്രക്കൊന്നും പോയില്ലെങ്കിലും നിലപാട് അതുതന്നെയായിരുന്നു. മാത്രമല്ല പ്രസ്താവനകളിലും പ്രസംഗങ്ങളിലുമെല്ലാം ബിജെപിക്കാരെ കടത്തിവെട്ടിയ നേതാക്കള്‍ പോലും ഉണ്ടായിരുന്നു. സിപിഎമ്മാകട്ടെ നവോത്ഥാനത്തെ കുറിച്ചൊക്കെ ഘോരഘോരം പ്രസംഗിച്ചെങ്കിലും സ്ത്രീപ്രവേശനത്തെ തടയാന്‍ തന്ത്രപരമായി ഇടപെടുകയായിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളിയെ പോലുള്ളവരുടെ ഭാഷ ഏറെക്കുറെ ബിജെപി നേതാക്കളുടെ ഭാഷ തന്നെയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഏറ്റവും തന്ത്രപരമായി ആ അവസരം മുതലാക്കിയത്. കേരളത്തിലെമ്പാടും നവോത്ഥാന പ്രസംഗങ്ങള്‍ നടത്തിയ അദ്ദേഹത്തിനു കീഴിലെ ആഭ്യന്തരവകുപ്പ് സമര്‍ത്ഥമായി സ്ത്രീപ്രവേശനത്തെ തടഞ്ഞു. കൊച്ചിനെ പോലുള്ളവര്‍ പോലും കയ്യടിക്കുന്ന വിധം പുരോഗമനം പ്രസംഗിക്കുകയും കടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയുമാണ് സിപിഎമ്മും സര്‍ക്കാരും ചെയ്തത്്. അവസാനം കോടതിവിധി നടപ്പായി എന്നു സ്ഥാപിക്കാന്‍ മാത്രം പാര്‍ട്ടിയോ മറ്റു മന്ത്രിമാരോ പോലുമറിയാതെ രണ്ടു വനിതകളെ മാത്രം പ്രവേശിപ്പിക്കുകയാണല്ലോ മുഖ്യമന്ത്രി ചെയ്തത്.

ശബരിമലവിവാദങ്ങള്‍ക്കുശേഷം നടന്ന ലോകസഭാതെരഞ്ഞെടുപ്പിനെ കുറിച്ചുള്ള കൊച്ചിന്റെ വിശകലനം ഏറെക്കുറെ ശരിയാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ ഏകസാധ്യത കോണ്‍ഗ്രസ്സാണ്, മോദിക്ക് ബദലാകാന്‍ ഏകസാധ്യത രാഹുലേ ഉള്ളു എന്ന് അന്നുയര്‍ന്ന ധാരണയുടെ വെളിച്ചത്തില്‍ തന്നെയാണ് മുസ്ലിംജനവിഭാഗങ്ങളും എന്തിന്, ഇടതുപക്ഷ അനുഭാവികള്‍ പോലും യുഡിഎഫിനു വോട്ടുചെയ്തത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ച് ഉത്തരേന്ത്യയില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപിക്കായി എന്ന കൊച്ചിന്റെ നിരീക്ഷണവും ശരിയാണ്.

ഇനി പ്രവാസികളുടെ പ്രശ്‌നത്തിലേക്ക് തിരിച്ചുവരാം. അവിടേയും പ്രായോഗികപ്രശ്‌നങ്ങളെ കുറിച്ച് പറയാതെ രാഷ്ട്രീയമായ നിലപാടാണ് കൊച്ച് പ്രധാനമായും പറയുന്നത്. ശാസ്ത്രമാണ് പ്രധാനമെന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നത് അതിനാലാണ്. തുടക്കത്തില്‍ പറഞ്ഞപോലെ ഭരണപക്ഷവും പ്രതിപക്ഷവും ഇതിലും രാഷ്ട്രീയം കളിക്കുന്നുണ്ടാകാം. ഗള്‍ഫ് നാടുകളിലെ മലയാളികളായ പ്രവാസികളെ പരിശോധനകള്‍ ഒന്നുമില്ലാതെ കൊണ്ടുവരാനായി വൈകാരികതയും പ്രക്ഷോഭങ്ങളുമാണ് കോണ്‍ഗ്രസ് ബിജെപി മുസ്ലിം ലീഗ് കക്ഷികള്‍ മുന്നോട്ടുവെക്കുന്നതെന്നാണ് കൊച്ച് പറയുന്നത്. എന്നാല്‍ ശബരിമലയിലെ സ്ത്രീപ്രവേശനം പോലെ ഇവിടേയും പ്രശ്‌നം പ്രായോഗികമാണ്. പ്രവാസികള്‍ എന്തുചെയ്യണം? വരാനാഗ്രഹിക്കുന്ന ഏതു പ്രവാസിക്കും വരാമെന്നും രണ്ടരലക്ഷം പേര്‍ക്ക് കോറന്റൈന്‍ സൗകര്യമുണ്ടെന്നും പ്രഖ്യാപിച്ച സര്‍ക്കാര്‍ പതിനായിരങ്ങള്‍ വന്നപ്പോഴും നിലപാടു മാറ്റുകയായിരുന്നു. പ്രായോഗികമല്ല എന്ന് ഏതു പ്രവാസിയും പറഞ്ഞ നിബന്ധനകളാണ് സര്‍ക്കാര്‍ മാറി മാറി മുന്നോട്ടുവെച്ചത്. ഈ വിഷയമാണ് പ്രതിപക്ഷവും ഉന്നയിച്ചത്. രോഗവ്യാപനത്തില്‍ കേരളം മറ്റൊരു ഡല്‍ഹി അല്ലെങ്കില്‍ ഗുജറാത്ത് ആയി മാറുമെന്നു പറയുമ്പോള്‍ കൊച്ച് പറയുന്നത് അവരെല്ലാം വിദേശത്തുകിടന്നു മരിക്കണമെന്നാണോ? എന്തായാലും പ്രവാസികളും പ്രതിപക്ഷവുമെല്ലാം പറഞ്ഞത് ശരിയാണെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ അംഗീകരിച്ചല്ലോ. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല എന്നും പിപിഇ കിറ്റ് ധരിച്ചാല്‍ മതിയെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നു. തീര്‍ച്ചയായും സ്വാഗതാര്‍ഹമാണത്. ജനകീയപ്രതിഷേധങ്ങളെ തുടര്‍ന്ന് തെറ്റായ നിലപാടുകള്‍ തിരുത്തുന്നത് ഒരു സര്‍ക്കാരിന്റെ മികവ് വര്‍ദ്ധിപ്പിക്കുകയേയുള്ളു.

പ്രവാസിവിഷയത്തില്‍ പ്രതിപക്ഷനിലപാട് ശബരിമല കാലത്തേതുതന്നെ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply