വാരിയം കുന്നത്ത് : ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്

മലയാളസിനിമയുടെ കുറച്ചുകാലത്തെ ചരിത്രം പരിശോധിച്ചാല്‍ കാണുന്ന പ്രകടമായ സ്വാഭാവം കൂടി പരിശോധിക്കാം. മുസ്ലിമുകളേയും മലപ്പുറം ജില്ലയേയും തീവ്രവാദികളായി ചിത്രീകരിച്ചും ബ്രാഹ്മണ്യത്തെ ഉദാത്തവല്‍ക്കരിച്ചും ഇസ്ലാമോഫോബിയ പ്രചരിപ്പിച്ച എത്രയോ സിനിമകളാണ് പ്രേക്ഷകര്‍ കണ്ടത്. അവയില്‍ പലതിന്റേയും പുറകില്‍ ഇടതുപക്ഷ രാഷ്ട്രീയം പറയുന്നവരായിരുന്നു. അവക്കെതിരെ ആശയപരമായ സമരം നടന്നിട്ടുണ്ടെങ്കിലും ആരും ഭീഷണി മുഴക്കുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടോ? എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നതോ? ഒരു മുസ്ലിം ചരിത്ര പുരുഷന്‍ നായകനായ സിനിമ പ്രഖ്യാപിക്കുമ്പോഴേക്കും ഉയരുന്നത് ഭീഷണിയുടെ ശബ്ദങ്ങളാണ്. ഈ സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കുകയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി നിലനില്‍ക്കുകയും ചെയ്യുക എന്നതാണ് ജനാധിപത്യവാദികളുടെ രാഷ്ട്രീയ കടമ.

മലബാര്‍ കലാപത്തിലെ വീരനായകന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കി നാലു സിനിമകള്‍ വരുന്നു എന്ന പ്രഖ്യാപനം വന്‍ വിവാദത്തിനാണല്ലോ തിരികൊളുത്തിയിരിക്കുന്നത്. അതെ കുറിച്ചൊരു അഭിപ്രായം പറയുന്നതിനുമുമ്പ് മറ്റൊന്നു ചൂണ്ടികാട്ടട്ടെ. സമീപകാലത്ത് കേരളത്തില്‍ നടക്കുന്ന മിക്കവാറും സംവാദങ്ങളിലും വിവാദങ്ങളിലുമൊക്കെ രാഷ്ട്രീയനേട്ടമുണ്ടാക്കുന്നത് സംഘപരിവാര്‍ ശക്തികളാണ്. ഒരര്‍ത്ഥത്തില്‍ നമ്മുടെ രാഷ്ട്രീയ – സാംസ്‌കാരിക അജണ്ട പോലും തീരുമാനി്ക്കുന്നത് അവരായി മാറിയിരിക്കുന്നു എന്നു പറഞ്ഞാലും തെറ്റില്ല. തെരഞ്ഞെടുപ്പുകളില്‍ കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാനാകുന്നില്ലെങ്കിലും കേരളീയ സമൂഹത്തില്‍ തങ്ങളാഗ്രഹിക്കുന്ന വിധം ധ്രുവീകരണം സൃഷ്ടിക്കാന്‍ അവര്‍ക്കാകുന്നുണ്ട്. ശബരിമല വിഷയത്തില്‍ നാമത് കണ്ടതാണ്. എന്തൊക്കെ ന്യായീകരിച്ചാലും അന്ന് നടപ്പായത് സംഘപരിവാര്‍ അജണ്ട തന്നെയായിരുന്നു. ഒരര്‍ത്ഥത്തില്‍ ശബരിമലവിവാദത്തിന്റെ തുടര്‍ച്ചയായി ഈ വിവാദത്തേയും കാണാവുന്നതാണ്. ഇത്തരം വിഷയങ്ങളില്‍ സംഘപരിവാര്‍ നേടുന്ന നേട്ടങ്ങളെ പ്രതിരോധിക്കാന്‍ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കോ സംഘപരിവാറിനെതിരെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ക്കോ കഴിയുന്നില്ല. അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഐ വി ശശി സംവിധാനം ചെയ്ത 1921 പുറത്തിറങ്ങിയപ്പോള്‍ ഉണ്ടാകാതിരുന്ന കോലാഹലം ഇപ്പോള്‍ സിനിമ പ്രഖ്യാപിക്കുമ്പോഴേക്കും ഉണ്ടാകേണ്ടതില്ലല്ലോ.

തങ്ങളൊരിക്കലും അംഗീകരിക്കാത്ത ഗാന്ധി, അംബേദ്കര്‍ തുടങ്ങി മാധവന്‍ നായര്‍, കുമാരനാശാന്‍ വരെയുള്ളവരുടെ വക്കുകള്‍ പോലും ഉപയോഗിച്ചാണ് സിനിമാ പ്രഖ്യാപനത്തിനെതിരെ സംഘപരിവാര്‍ ശക്തികള്‍ രംഗത്തുവന്നിരിക്കുന്നത്. വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചതിനു മലബാര്‍ കലാപമാണ് കാരണമെന്നുപോലും ആക്ഷേപിക്കപ്പെടുന്നു. മലബാര്‍ കലാപത്തെ കുറിച്ച് സത്യസന്ധമായി പഠിച്ച എല്ലാവരും തന്നെ അംഗീകരിച്ചിട്ടുള്ളത് അത് പ്രാഥമികമായും ബ്രിട്ടീഷ് വിരുദ്ധവും ഫ്യൂഡല്‍ വിരുദ്ധവുമായ കലാപമായിരുന്നു എന്നാണ്. കലാപത്തില്‍ ഹിന്ദുക്കള്‍ സജീവമായി പങ്കെടുത്തിരുന്നു. കലാപത്തെ ഒറ്റികൊടുത്ത മുസ്ലിമുകളുണ്ടായിരുന്നു. ഹിന്ദുസ്ത്രീകളെ ബലാല്‍സംഗം ചെയ്ത മുസ്ലിമുകളും ശത്രുപക്ഷത്തുനിന്ന മുസ്ലിമുകളും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം ഹിന്ദുക്കളാണ് എന്നതിനാല്‍ തന്നെ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന വസ്തുതയും ആരും നിഷേധിക്കുന്നില്ല. ബ്രിട്ടീഷുകാരാണ് അതിക്രൂരമായി വാരിയം കുന്നത്തിനെ കൊല ചെയ്തതെന്നുപോലും വിസ്മരിച്ചാണ് മലബാര്‍ കലാപം ബ്രിട്ടീഷ് വിരുദ്ധമല്ല എന്നു പലരും വാദിക്കുന്നത്.

കലാപത്തിനിടക്ക് നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടക്കാന്‍ ചരിത്രപരമായി നിരവധി കാരണങ്ങളുണ്ടെന്ന വസ്തുതയും വിസ്മരിക്കപ്പെടുന്നു. ഇന്നത്തെ ഇസ്ലാമോഫോബിയയുടെ ആദ്യരൂപങ്ങള്‍ അന്നുതന്നെയുണ്ടായിരുന്നല്ലോ. ടിപ്പുവിന്റെ പടയോട്ടവും സാമൂഹ്യനീതി നിഷേധിക്കപ്പെട്ടിരുന്ന ദളിത് ജനവിഭാഗങ്ങളുടെ മുസ്ലിംമതത്തിലേക്കുള്ള പരിവര്‍ത്തനം, മലബാറിലെ ഭൂരിഭാഗം വരുന്ന ഹിന്ദുക്കളായ ജന്മിമാര്‍ ബ്രിട്ടീഷുകാരോട് ഐക്യപ്പെട്ടത്. ചൂഷണം ചെയ്യപ്പെട്ടിരുന്ന കുടിയാന്മാര്‍ മിക്കവാറും മുസ്ലിമുകളായിരുന്നത് എന്നിങ്ങനെ പട്ടിക നീളുന്നു. അതേസമയം പ്രധാനമായും സവര്‍ണ്ണ വിഭാഗങ്ങളുടെ കൈവശത്തിലായിരുന്ന മാധ്യമങ്ങള്‍ കലാപത്തെ മാപ്പിള ലഹള എന്നു വിശേഷിപ്പിക്കുകയും സത്യങ്ങളോടൊപ്പം നുണകളും ചേര്‍ത്ത് ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുകയുമായിരുന്നു. ആ വാര്‍ത്തകള്‍ വായിച്ചായിരുന്നു പല നേതാക്കളും നിലപാടുകളെടുത്തത്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെമ്പാടും തന്നെ മുസ്ലിംപേടി പ്രചരിക്കുന്നതില്‍ അന്നത്തെ പ്രചരണം കാരണമായിട്ടുണ്ട്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ വാരിയം കുന്നന്‍ തന്നെ അന്ന് ഹിന്ദു പത്രത്തിന് കത്തെഴുതിയിരുന്നല്ലോ. അതേസമയം അന്നത്തെ ബ്രിട്ടീഷുകാരുടെ ഇന്ത്യന്‍ സര്‍ക്കാര്‍ പറയുന്നത് വിശ്വസിച്ചാണ് അംബേദ്കര്‍ പോലും അഭിപ്രായം പറയുന്നത്. അതാകട്ടെ നിരവധി കലാപങ്ങളെ പരാമര്‍ശിക്കുന്നതിന്റെ കൂട്ടത്തിലായിരുന്നു.

ഇത്തരം യാഥാര്‍ത്ഥ്യങ്ങളെയെല്ലാം തിരസ്‌കരിച്ചാണ് സിനിമക്കെതിരെ രാഷ്ട്രീയ – വര്‍ഗ്ഗീയ മുതലെടുപ്പ് ലക്ഷ്യമിട്ട് സംഘപരിവാറുകാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. മാത്രമല്ല, കേരളത്തിലെ ആദിവാസികളെ ഏറ്റവും നീചമായി അധിക്ഷേപിച്ച് ബാംബു ബോയ്‌സ് എന്ന സിനിമയെടുത്ത അലി അക്ബറിനെ കൊണ്ട് വാരിയം കുന്നത്തിനെ വില്ലനായി ചിത്രീകരിച്ച് സിനിമയെടുക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വേറേയും ചില അടിയൊഴുക്കുകള്‍ ഇതുമായി ബന്ധപ്പെട്ട് പ്രകടമാണ്. ഇ എം എസ് ഏറെക്കുറെ മലബാര്‍ കലാപത്തെ അംഗീകരിച്ചതിനുശേഷം ഇടതുപക്ഷം പൊതുവില്‍ ആ നിലപാട് സ്വീകരിച്ചിരുന്നു എങ്കിലും അത് മനമില്ലാ മനസ്സോടെയായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ മലബാര്‍ കലാപത്തെ പരോക്ഷമായെങ്കിലും വര്‍ഗ്ഗീയകലാപമായി ചിത്രീകരിക്കാന്‍ അവര്‍ ശ്രമിച്ചിട്ടുമുണ്ട്. പുതിയ വിവാദം അവരെ വെട്ടിലാക്കി. പൊതുവില്‍ ഇടതുപക്ഷക്കാരനാണെങ്കിലും ആഷ്ിക് അബു അവര്‍ക്ക് പൂര്‍ണ്ണമായും സ്വീകാര്യനല്ല. വൈറസ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ആഷിക് അബുവിനെ മൗദിദിയായി ചിത്രീകരിക്കാന്‍ വലിയ ശ്രമം നടന്നല്ലോ. അക്കാര്യത്തില്‍ സംഘികള്‍ക്കൊപ്പം ഇവരുമുണ്ടായിരുന്നു. ഇപ്പോഴും അത്തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നു വന്നിട്ടുള്ളത് സംഘപരിവാറുകാരില്‍ നിന്നു മാത്രമല്ല, ഇടതുപക്ഷക്കാരില്‍ നിന്നുമാണ്. ചിത്രത്തിന്റെ അണിയറശില്‍പ്പികള്‍ പലരും തീവ്രവാദികളാണെന്ന് പ്രത്യക്ഷത്തില്‍ സംഘപരിവാര്‍ ആക്ഷേപിക്കുമ്പോള്‍ പരോക്ഷമായി മറ്റുപലരും ആക്ഷേപിക്കുന്നതുകാണാം. സ്വത്വവാദികളുടെ തിരിച്ചുവരാനുള്ള ശ്രമമാണ് ഈ സിനിമയെന്ന ആക്ഷേപം പോലും കണ്ടു. വര്‍ത്തമാനകാലത്ത് ഇസ്ലാമോഫോബിയ പരത്തുന്നതില്‍ ഇടതുപക്ഷവും പുറകിലല്ലോ. എന്നാല്‍ അതിനിടയിലാണ് അവര്‍ക്ക് വീണുകിട്ടിയ അവസരമാണ് ഇതേവിഷയത്തില്‍ സിനിമ ചെയ്യാനുള്ള പി ടി കുഞ്ഞഹമ്മദിന്റെ പ്രഖ്യാപനം. അതിനാല്‍ തന്നെ ഇടതുപക്ഷക്കാരില്‍ മിക്കവാറും പി ടിയെ പ്രമോട്ട് ചെയ്യാനുള്ള തിരക്കിലാണ്.

അലി അക്ബറിന്റേതടക്കം എല്ലാ സിനിമകളും ഇറങ്ങട്ടെ എന്ന നിലപാടാണ് ഈ സാഹചര്യത്തില്‍ ജനാധിപതക്യവാദികള്‍ക്ക് പറയാനാകുക. ചരിത്രത്തെ പ്രമേയമാക്കി സിനിമയെടുക്കുമ്പോഴും അത് ചരിത്രത്തിന്റെ പച്ചയായ ആവിഷാകാരമാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. അതില്‍ നിരവധി ഫിക്ഷന്‍ കയറിവരാം. ചരിത്രം പോലും ഏകശിലാഖണ്ഡമല്ലല്ലോ. ചരിത്രകാരന്റെ ആവിഷ്‌കാരം കൂടിയാണ് ചരിത്രം. സംവിധായകന്റെ ആവിഷ്‌കാരമാണ് സിനിമ. അതിനാല്‍ തന്നെ കലാകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ വിഷയം കൂടി ഇവിടെ ഉയര്‍ന്നു വരുന്നു. അതിനെതിരായ എല്ലാ നീക്കങ്ങളേയും പ്രതിരോധിക്കേണ്ടത് ജനാധിപത്യവാദികളുടെ കടമയാണ്.

മലയാളസിനിമയുടെ കുറച്ചുകാലത്തെ ചരിത്രം പരിശോധിച്ചാല്‍ കാണുന്ന പ്രകടമായ സ്വാഭാവം കൂടി പരിശോധിക്കാം. മുസ്ലിമുകളേയും മലപ്പുറം ജില്ലയേയും തീവ്രവാദികളായി ചിത്രീകരിച്ചും ബ്രാഹ്മണ്യത്തെ ഉദാത്തവല്‍ക്കരിച്ചും ഇസ്ലാമോഫോബിയ പ്രചരിപ്പിച്ച എത്രയോ സിനിമകളാണ് പ്രേക്ഷകര്‍ കണ്ടത്. അവയില്‍ പലതിന്റേയും പുറകില്‍ ഇടതുപക്ഷ രാഷ്ട്രീയം പറയുന്നവരായിരുന്നു. അവക്കെതിരെ ആശയപരമായ സമരം നടന്നിട്ടുണ്ടെങ്കിലും ആരും ഭീഷണി മുഴക്കുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടോ? എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നതോ? ഒരു മുസ്ലിം ചരിത്ര പുരുഷന്‍ നായകനായ സിനിമ പ്രഖ്യാപിക്കുമ്പോഴേക്കും ഉയരുന്നത് ഭീഷണിയുടെ ശബ്ദങ്ങളാണ്. ഈ സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കുകയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി നിലനില്‍ക്കുകയും ചെയ്യുക എന്നതാണ് ജനാധിപത്യവാദികളുടെ രാഷ്ട്രീയ കടമ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply