പ്രവാസിവിഷയത്തില്‍ പ്രതിപക്ഷനിലപാട് ശബരിമല കാലത്തേതുതന്നെ

പ്രശ്‌നത്തെ വൈകാരികതയെ അകറ്റിനിര്‍ത്തി യുക്ത്യാധിഷ്ഠിതവും ശാസ്ത്രീയവും പ്രായോഗികവുമായി അവതരിപ്പിക്കാതെ വെറുപ്പിന്റേയും ശത്രുതയുടെയും ഭാഷയാണ്് മുല്ലപ്പള്ളി, കെ സുരേന്ദ്രന്‍, ഇടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ ഉരുവിടുന്നത്. എങ്ങനെയും രാഷ്ട്രീയ വിജയം കൊയ്‌തെടുക്കാനായി ഈ പ്രസ്ഥാനങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുകയാണെങ്കില്‍ രോഗവ്യാപനത്തില്‍ കേരളം മറ്റൊരു ഡല്‍ഹി അല്ലെങ്കില്‍ ഗുജറാത്ത് ആയി മാറുമെന്നുറപ്പ്. ശബരിമലയിലെ വിശ്വാസികള്‍ക്കെന്നപോലെ പ്രവാസികള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ക്ക് അതുണ്ടാകില്ല എന്നുറപ്പു പറയാനാവുമോ?
`

ശബരിമലയിലെ സ്ത്രീ പ്രവേശന സമരം ഓര്‍മ്മയില്ലേ? ഒരുവശത്ത് ആചാരങ്ങളും വിശ്വാസവും അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യവും (?) സംരക്ഷി്ക്കാന്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റേയും നേതൃത്വത്തില്‍ സവര്‍ണരായ നമ്പൂതിരി, ക്ഷത്രിയ, നായര്‍ സമുദായങ്ങള്‍ രംഗത്തെത്തിയപ്പോള്‍ മറുവശത്ത് സിപിഎമ്മിനെക്കാള്‍ സര്‍ക്കാര്‍ പിന്തുണയോടെ അവര്‍ണ്ണസമുദായങ്ങളും സ്ത്രീകളും അണിനിരന്നു. മുസ്ലിം ക്രിസ്ത്യന്‍ സമുദായങ്ങളാകട്ടെ നിഷ്പക്ഷത പാലിക്കുകയായിരുന്നു. വിഷയം സുപ്രീം കോടതിയിലെത്തി, താല്‍ക്കാലികമായി കെട്ടടങ്ങിയപ്പോഴാണ് ലോകസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ശബരിമലയിലെ ഇടപെടലുകളിലൂടെ ജാതിവ്യത്യാസമില്ലാതെ ഹിന്ദുക്കള്‍ ഒന്നടങ്കം ബിജെപിയെ പിന്തുണയ്ക്കുമെന്ന വിശ്വാസത്തെ, അല്‍പ്പബുദ്ധികളായ മാധ്യമപ്രവര്‍ത്തകര്‍ ഊതിപ്പെരുപ്പിച്ചതിന്റെ ഫലമായി കേരളം കാവിക്കൊടിക്ക് കീഴിലായി എന്ന് കരുതപ്പെട്ടു. സിപിഎം അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഈ വിശ്വാസം പിടികൂടിയപ്പോള്‍ മതന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് ് മുസ്ലീങ്ങള്‍ ആശങ്കാകുലരായി. തന്മൂലം കൊടികളുടെ നിറവ്യത്യാസം മറന്ന് എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും മുസ്ലിംലീഗിനോടൊപ്പം ചേര്‍ന്നു. ബിജെപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു. ജന്മസിദ്ധമായ സിപിഎം വിരോധത്തില്‍ ആര്‍എംപി പോലുള്ള വിപ്ലവ കമ്മ്യൂണിസ്റ്റുകള്‍ക്ക് സംഘപരിവാറുകാരേക്കാള്‍ ഫ്യൂഡലായ കെ മുരളീധരന്‍ അടക്കമുള്ളവരെ പിന്തുണയ്ക്കാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല. ഇപ്രകാരം വിപ്ലവകാരികളും വര്‍ഗീയവാദികളും ഒന്നായി ബിജെപിയെ എതിര്‍ത്തപ്പോള്‍ പരമ്പരാഗതമായി പുലര്‍ത്തിപ്പോന്ന കോണ്‍ഗ്രസ് വിരോധം മാറ്റിവെച്ച് സിപിഎമ്മും ബിജെപി വിരുദ്ധ സമരത്തില്‍ ഭാഗമായിത്തീര്‍ന്നു ചുരുക്കത്തില്‍ എല്ലാവരുടെയും മുന്നില്‍ ഒറ്റമാര്‍ഗമേ ഉണ്ടായിരുന്നുള്ളൂ. സവര്‍ണരും യാഥാസ്ഥിതികരുമായ കോണ്‍ഗ്രസ്സുകാരെ വിജയിപ്പിക്കുക, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക. അതേസമയം ഞാനടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയത് സംഘപരിവാറിന്റെ മൗലികസ്വഭാവം ദളിത് മുസ്ലിം സ്ത്രീ വിരുദ്ധത ആണെങ്കിലും മറയില്ലാതെ പ്രകടിപ്പിക്കുന്നത് മുസ്ലിങ്ങളോടുള്ള ശത്രുതയാണ്. ഇക്കാര്യം തിരിച്ചറിയാന്‍ വിസമ്മതിച്ച കേരളത്തിലെ കോണ്‍ഗ്രസുകാര്‍ രാഹുല്‍ഗാന്ധിയെ വയനാട്ടില്‍ നിന്നും മത്സരിപ്പിച്ചപ്പോള്‍ സംഭവിച്ചതെന്താണ്? മുസ്ലിം സമുദായത്തിന്റെ പഴുതടച്ച പിന്തുണയോടെ കോണ്‍ഗ്രസുകാര്‍ക്ക് കേരളത്തില്‍ വിജയിക്കാന്‍ കഴിഞ്ഞപ്പോള്‍, ലീഗിന്റെ പച്ചക്കൊടിയും പാക്കിസ്ഥാന്‍ വിരോധവും കൂട്ടിക്കെട്ടി പ്രചരണം നടത്തിയ സംഘപരിവാറിന് ഉത്തരേന്ത്യയില്‍ രാഹുല്‍ ഗാന്ധിയെ പോലും തോല്‍പ്പിച്ച് അനായാസം വിജയിക്കാന്‍ കഴിഞ്ഞു. അതായത് കേരളത്തിലെ കോണ്‍ഗ്രസുകാരും സിപിഎം അടക്കമുള്ള ഉള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇന്ത്യയില്‍ നിന്നും കോണ്‍ഗ്രസിനെ ഏറെക്കുറെ തുടച്ചുമാറ്റുകയും രാഹുല്‍ഗാന്ധിയുടെ പ്രധാനമന്ത്രി പദ്ധതികള്‍ ജലരേഖയാക്കുകയുമായിരുന്നു. മുസ്ലിം സംഘടനകളുടെ കോണ്‍ഗ്രസ് സഖ്യം ദേശീയ രാഷ്ട്രീയത്തില്‍ മുസ്ലീങ്ങളെ പ്രതിരോധശേഷിയില്ലാതാക്കിയതിന്റെ ഫലമായാണ് പിന്നീട് ബിജെപി ഗവണ്‍മെന്റിന് പൗരത്വ ഭേദഗതി നിയമമടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞത്

കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രവിജയത്തിന് അടിസ്ഥാനം ശബരിമല ആയിരുന്നില്ല. ആയിരുന്നെങ്കില്‍, ബിജെപി വന്‍വിജയം കൈവരിക്കുമായിരുന്നു അപ്രകാരം സംഭവിച്ചില്ലെന്ന് മാത്രമല്ല, സംഘടനയ്ക്ക് ബിഡിജെഎസിലൂടെ ലഭിച്ചുകൊണ്ടിരുന്ന പിന്നോക്ക സമുദായങ്ങളുടെ പിന്തുണ നഷ്ടപ്പെടുകയും ചെയ്തു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ സഹായിച്ചത് ശബരിമലയായിരുന്നെങ്കില്‍ പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിജയം അവര്‍ക്കാകുമായിരുന്നു

ഇനി പരിശോധിക്കേണ്ടത് ശബരിമല സമരത്തിന്റെ മറുവശമാണ്. ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയില്ലെങ്കിലും ശബരിമല അവഗണിക്കാനാവാത്ത പാഠം നിര്‍മ്മിച്ചിട്ടുണ്ട് സമരത്തിലണിചേര്‍ന്ന ചെറുസംഘങ്ങളും അസംഘടിതരും ദളിത് സ്ത്രീ പ്രസ്ഥാനങ്ങളും മുഖ്യമായും മുന്നോട്ടുവെച്ച ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷയും സ്ത്രീകളുടെ തുല്യ അവസരങ്ങളുമാണ്. കക്ഷിരാഷ്ട്രീയപോരില്‍ മുന്‍ചൊന്ന ലക്ഷ്യങ്ങള്‍ മുങ്ങിപോയെങ്കിലും ജനങ്ങളില്‍ ശക്തമായ അവബോധമായി അവ പതിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ലോക് ഡൗണ്‍ കാലത്ത് ഹിന്ദു ക്രിസ്ത്യന്‍ മുസ്ലിം ആരാധനാലയങ്ങള്‍ എതിര്‍പ്പുകള്‍ ഇല്ലാതെ അടഞ്ഞുകിടന്നതും ലക്ഷക്കണക്കിന് പേരുടെ വികാരമായ തൃശ്ശൂര്‍ പൂരം വേണ്ടെന്നു വെച്ചതും. ആരാധനാലയങ്ങള്‍ പിന്നീട് തുറന്നപ്പോഴാകട്ടെ ദൈവത്തെ കാണാന്‍ ആരും എത്തിയില്ല ശബരിമലയിലേക്ക് ആചാരം നൈഷ്ഠിക ബ്രഹ്മചര്യ സംരക്ഷകര്‍ തിരിഞ്ഞുനോക്കിയില്ല ഈ അവസ്ഥ സൃഷ്ടിച്ചത് കൊവിഡ് അല്ല. മറിച്ച് തകര്‍ന്ന വിശ്വാസവും ഒലിച്ചുപോയ രാഷ്ട്രീയ വൈകാരികതയുമാണ്. ഇതോടൊപ്പം കുട്ടി വായിക്കേണ്ടത് ജനങ്ങളുടെ പൗരാവകാശബോധവും ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും സ്ത്രീകളുടെ സമത്വസങ്കല്പങ്ങളുമാണ്. എല്ലാ കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശബരിമലയെക്കുറിച്ച് നിശബ്ദത പാലിക്കുമ്പോള്‍ ജനാധിപത്യ പ്രസ്ഥാനങ്ങളും പുരോഗമനവാദികളായ വ്യക്തികളും മുന്‍ചൊന്ന മൂല്യങ്ങള്‍ സംരക്ഷിക്കാനും വികസിപ്പിക്കാനും വേണ്ടിയാണ് നിലകൊള്ളേണ്ടത്.

ശബരിമല മുന്നോട്ടുവെച്ച അനുഭവങ്ങളെ പ്രവാസികളുടെ പ്രശ്‌നങ്ങളുമായി സാമ്യമെന്താണ്? ഗള്‍ഫ് നാടുകളിലെ മലയാളികളായ പ്രവാസികളെ പരിശോധനകള്‍ ഒന്നുമില്ലാതെ കൊണ്ടുവരാനായി വൈകാരികതയും പ്രക്ഷോഭങ്ങളുമാണ് കോണ്‍ഗ്രസ് ബിജെപി മുസ്ലിം ലീഗ് കക്ഷികള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ പ്രശ്‌നത്തെ വൈകാരികതയെ അകറ്റിനിര്‍ത്തി യുക്ത്യാധിഷ്ഠിതവും ശാസ്ത്രീയവും പ്രായോഗികവുമായി അവതരിപ്പിക്കാതെ വെറുപ്പിന്റേയും ശത്രുതയുടെയും ഭാഷയാണ്് മുല്ലപ്പള്ളി, കെ സുരേന്ദ്രന്‍, ഇടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ ഉരുവിടുന്നത്. എങ്ങനെയും രാഷ്ട്രീയ വിജയം കൊയ്‌തെടുക്കാനായി ഈ പ്രസ്ഥാനങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുകയാണെങ്കില്‍ രോഗവ്യാപനത്തില്‍ കേരളം മറ്റൊരു ഡല്‍ഹി അല്ലെങ്കില്‍ ഗുജറാത്ത് ആയി മാറുമെന്നുറപ്പ്. ശബരിമലയിലെ വിശ്വാസികള്‍ക്കെന്നപോലെ പ്രവാസികള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ക്ക് അതുണ്ടാകില്ല എന്നുറപ്പു പറയാനാവുമോ? പ്രവാസികള്‍ ദുരന്തമനുഭവിക്കുന്നവരായിരിക്കുമ്പോള്‍ തന്നെ നിലവിലുള്ള മുന്‍ഗണനാക്രമത്തില്‍ പുറത്തുള്ളവരുടെ അവസരം നീണ്ടുപോകും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുക്കാതെ മുന്‍ഗണനാക്രമം തെറ്റിക്കണമെന്ന് വാദിക്കാനാകുമോ? ഈ കുറിപ്പ് എഴുതുമ്പോള്‍ 72,000 പ്രവാസികള്‍ വന്നു കഴിഞ്ഞിട്ടുണ്ട്. ദിനംപ്രതി വരികയുമാണ്. ഇക്കാര്യങ്ങള്‍ മറച്ചു വെച്ച് പ്രവാസികള്‍ തിരിച്ചുവരുന്നതില്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്ന് പ്രചരിപ്പിക്കുന്നത് എന്തിനാണ്? സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും ശാസ്ത്രലോകവും കൈകാര്യം ചെയ്യേണ്ടത് മരണവും ദുരിതവും വിതയ്ക്കുന്ന മഹാമാരിയെയാണ്. വിഷയത്തെ യാഥാര്‍ത്ഥ്യബോധത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഉണ്ടാവുന്ന ദുരന്തത്തിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തി രാഷ്ട്രീയലാഭം കൊയ്യാനാവും എന്നത് വ്യാമോഹമാണ്. കാരണം ജനങ്ങള്‍ ഭരണപക്ഷത്തെ എന്നപോലെ പ്രതിപക്ഷത്തെയും തിരിച്ചറിയുന്നുണ്ട്. തെരഞ്ഞെടുപ്പ് അകലെയായിരിക്കെ പ്രവാസികളുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി വിജയിക്കുകയാണെങ്കില്‍ ഉത്തരേന്ത്യയിലെന്നപോലെ കനത്ത പരാജയമായിരിക്കും കോണ്‍ഗ്രസിന് നേരിടേണ്ടിവരുക എന്ന് ചിന്തിക്കാനുള്ള കടമ ആ പ്രസ്ഥാനത്തെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരുടെതാണ്.

ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു മഹാമാരിയെ പ്രതിരോധിക്കാന്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ശാസ്ത്രത്തിന് പോലും കഴിഞ്ഞിട്ടില്ല. ഇപ്പോഴുള്ള അറിവ് അവ്യവസ്ഥാപിതവും് പരിമിതവുമാണ്. ഇത്തരമൊരു അവസ്ഥയില്‍ പ്രവാസികളെ സംബന്ധി്ച്ച സര്‍ക്കാര്‍ തീരുമാനത്തെ അവസാന വാക്കായി കണക്കാക്കേണ്ടതില്ല. കാരണം സര്‍ക്കാര്‍ ഒരു അമാനുഷികശക്തിയല്ല. ഓരോ വ്യക്തിയും വസ്തുതകള്‍ പഠിച്ച് സ്വന്തം രക്ഷയും സഹജീവികളുടെ രക്ഷയും ഉറപ്പാക്കി, സാമൂഹ്യാനുഭവമാക്കാനാണ് ശ്രമിക്കേണ്ടത്. ഇതിനാദ്യം വേണ്ടത്, രാഷ്ട്രീയ പോരിനെ അകലെക്ക് തള്ളിനീക്കാനുള്ള ശാസ്ത്രബോധവും വിവേകവും ഉള്‍്‌ക്കൊള്ളുന്ന ജനാധിപത്യ ബോധമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply