മുന്നോക്ക സംവരണവാദം സാമൂഹ്യയാഥാര്‍ഥ്യത്തിന് നിരക്കാത്തത്

സംവരണം തൊഴിലില്ലായ്മ പരിഹരിക്കാനോ ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനോ ഉള്ള പ്രതിവിധിയല്ല. നൂറ്റാണ്ടുകളായി അക്ഷരങ്ങളില്‍ നിന്ന് ആട്ടിയോടിച്ചും അധികാരത്തില്‍ നിന്ന് അകറ്റിയും നിര്‍ത്തിയിരുന്ന ജനസംഖ്യയില്‍ മഹാഭൂരിപക്ഷം വരുന്ന അധസ്ഥിത-പിന്നോക്ക വിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം നല്‍കുന്നതിനായി കൊണ്ടുവന്ന ഒരു ജനാധിപത്യ അവകാശമാണ്. ഇന്ത്യയില്‍ മാത്രമല്ല, മിക്ക പരിഷ്‌കൃത രാജ്യങ്ങളിലും സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവരെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിന് Affirmative Program പോലെയുള്ള പ്രത്യേക നിയമപരിരക്ഷകള്‍ നല്‍കിയിട്ടുണ്ട്. ഫ്രഞ്ച് ഭരണഘടനയിലെ Right of Man, അമേരിക്കന്‍ ഭരണഘടനയിലെ Bill of Rights എന്നിവ നമ്മുടെ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ പോലെ തന്നെയുള്ളവയാണ്. അവയിലും ഇത്തരം സാമൂഹ്യ പരിരക്ഷകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദേവസ്വം ബോര്‍ഡില്‍ 10% മുന്നോക്ക സംവരണം നടപ്പിലാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ പ്രവേശനത്തിനും മുന്നോക്ക സംവരണം നടപ്പാക്കാനായി സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വിസ് റൂള്‍സില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ മതരാഷ്ട്ര നിര്‍മ്മിതിക്കായി സംഘപരിവാര്‍ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കേണ്ട ശക്തികള്‍ അവരുടെ നിലപാടുകള്‍ പിന്‍പറ്റുന്നത് അങ്ങേയറ്റം അപകടകരമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു കൈയ്യോഴിയുകയും പൂര്‍ണമായ സ്വകാര്യവത്കരണം നടപ്പാക്കുകയും ചെയ്യുമ്പോള്‍ സംവരണമെന്ന ഭരണഘടനാ തത്വത്തെ തന്നെ ഇല്ലാതാക്കുകയാണ്. സ്വകാര്യമേഖലയില്‍ അടക്കം സംവരണം നടപ്പിലാക്കിയെങ്കില്‍ മാത്രമേ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന സംവരണം അര്‍ത്ഥവത്തായി മാറുകയുള്ളൂ. ഈ ആവശ്യം ശക്തമായി ഉയര്‍ന്ന് വരുമ്പോഴും അത് കണ്ടില്ലെന്ന് നടിക്കുകയും മുന്നോക്ക-സവര്‍ണ്ണ സംവരണം നടപ്പാക്കുകയുമാണ്.

ഒന്നാം വട്ടമേശ സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് സര്‍ ഐസക് ഫ്രാങ്ക്ഫുട്ട് ഇഗ്ലണ്ടിലെ കോമണ് വെല്‍ത്ത് സേനറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു: ‘അധഃസ്ഥിതര്‍ക്ക് വേണ്ടി നാം സുരക്ഷാ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അവരുടെ രക്തം നമുക്കെതിരെ തിളക്കും. ഭാവിയിലെ ഭരണാധികരികളോട് എനിക്ക് പറയാനുള്ളത് ഇതാണ്. നിങ്ങളുടെ ശ്രദ്ധ ഇനി ഇവരിലാകട്ടെ. അവരിപ്പോള്‍ ശക്തിഹീനരായിരിക്കാം. പക്ഷേ ഒരുനാള്‍ അവര്‍ ശക്തരാകും. ഭൂമിയില്‍ നീതി നിലനില്‍ക്കുന്നിടത്തോളം കാലം ഈ ജനതയുടെ കഷ്ടപ്പാടുകള്‍ ഒരു ചിറ കൊണ്ടും എക്കാലവും തടഞ്ഞുനിര്‍ത്താനാവില്ല. ഈ ജനതക്ക് വേണ്ടി നിങ്ങള്‍ എന്തുചെയ്തു എന്ന പരീക്ഷണത്തെ ആശ്രയിച്ചായിരിക്കും ഭാവിയില്‍ ഇന്ത്യയുടെ പുരോഗതി.’ സ്വാതന്ത്രം ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും മഹാഭൂരിപക്ഷം വിഭാഗങ്ങളും ദാരിദ്ര്യത്തിന്റേയും അസമത്വത്തിന്റെയും പടുകുഴിയില്‍ തന്നെയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബ്രിട്ടീഷുകാരുടെ ഔദാര്യം കൊണ്ടല്ല ഇന്ത്യയിലെ അധസ്ഥിത ജനവിഭാഗങ്ങള്‍ സംവരണാവകാശം നേടിയെടുത്തത്. നീണ്ട പോരാട്ടങ്ങളുടെ സമ്മര്‍ദ്ദ ഫലമായാണ് ഇത് അംഗീകരിപ്പിച്ചെടുത്തത്. മഹാത്മാ ഫൂലെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ ജനസംഖ്യാനുപാതികമായി സംവരണം വേണമെന്ന് വാദിച്ചിരുന്നു. 1920-ല്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍ സംവരണത്തിന് വേണ്ടി ശക്തമായി വാദിച്ചു. 1930-കളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവച്ച ‘പ്രക്ഷോഭത്തിന്റെ പൊതുവേദി’-യില്‍ സാമൂഹ്യനീതിയുടെ പ്രശ്‌നം ഉന്നയിച്ചിരുന്നു. 1931 മുതല്‍ ഗാന്ധിജിയും അംബേദ്കറും ഈ വിഷയത്തെ സംബന്ധിച്ച് നടത്തിയ നീണ്ട സംവാദം ഓര്‍ക്കുമ്പോഴാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടിന്റെ പ്രാധാന്യം മനസ്സിലാവുക. എന്നാല്‍ 1958 ഓഗസ്റ്റ് 19-ന് ഇ.എം.എസ്. ചെയര്‍മാനായ ഭരണപരിഷ്‌കാര കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ സാമ്പത്തിക സംവരണത്തെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നു. പക്ഷേ അദ്ദേഹം നേതൃത്വം കൊടുത്ത 57-ലെ മന്ത്രിസഭയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആ നിലപാട് തിരസ്‌കരിക്കുകയാണ് ഉണ്ടായത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരസ്‌കരിച്ച നിലപാടുകളാണ് ഇപ്പോള്‍ തിരികെ കൊണ്ടുവരുന്നത്.

കേന്ദ്രസര്‍ക്കാര്‍ 10% സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ തീരുമാനം എടുത്തപ്പോള്‍ 2019 ജനുവരി 8-ന് എഴുതിയ കുറിപ്പ് ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു:

സംവരണത്തെ കുറിച്ച്:

മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം നടപ്പിലാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്. 2015-ല്‍ ജാതിസംവരണം നിര്‍ത്തലാക്കണമെന്ന RSS മേധാവി മോഹന്‍ ഭാഗവതിന്റെ നിര്‍ദ്ദേശം നടപ്പാക്കാനുള്ള ശ്രമമായേ ഈ നീക്കത്തെ കാണാനാവൂ. സംവരണം തൊഴിലില്ലായ്മ പരിഹരിക്കാനോ ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനോ ഉള്ള പ്രതിവിധിയല്ല. നൂറ്റാണ്ടുകളായി അക്ഷരങ്ങളില്‍ നിന്ന് ആട്ടിയോടിച്ചും അധികാരത്തില്‍ നിന്ന് അകറ്റിയും നിര്‍ത്തിയിരുന്ന ജനസംഖ്യയില്‍ മഹാഭൂരിപക്ഷം വരുന്ന അധസ്ഥിത-പിന്നോക്ക വിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം നല്‍കുന്നതിനായി കൊണ്ടുവന്ന ഒരു ജനാധിപത്യ അവകാശമാണ്. ഇന്ത്യയില്‍ മാത്രമല്ല, മിക്ക പരിഷ്‌കൃത രാജ്യങ്ങളിലും സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവരെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിന് Affirmative Program പോലെയുള്ള പ്രത്യേക നിയമപരിരക്ഷകള്‍ നല്‍കിയിട്ടുണ്ട്. ഫ്രഞ്ച് ഭരണഘടനയിലെ Right of Man, അമേരിക്കന്‍ ഭരണഘടനയിലെ Bill of Rights എന്നിവ നമ്മുടെ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ പോലെ തന്നെയുള്ളവയാണ്. അവയിലും ഇത്തരം സാമൂഹ്യ പരിരക്ഷകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയിലും ചിന്താസ്വാതന്ത്രത്തിലും അഭിപ്രായ സ്വാതന്ത്രത്തിലും വിശ്വാസത്തിനും മതത്തിനും ഈശ്വരാരാധനക്കുള്ള സ്വാതന്ത്ര്യത്തിലും തുല്യപദവിക്കും അവസര സമത്വത്തിനുള്ള സ്വാതന്ത്ര്യത്തിലും ദേശീയ ഐക്യത്തിനും വ്യക്തികളുടെ ആത്മാഭിമാനത്തിലും അധിഷ്ഠിതമായ സാഹോദര്യത്തിലും ഊന്നല്‍ നല്‍കുന്ന ഭരണക്രമം ഇന്ത്യന്‍ ജനത അംഗീകരിക്കുന്നു.’ ഭരണഘടനയിലെ ഈ പ്രഖ്യാപനത്തിലെ അവസര സമത്വവും ആത്മാഭിമാനവും ദളിത് ജനവിഭാഗങ്ങള്‍ക്ക് ഇന്നും അപ്രാപ്യമാണ്. സ്മൃതികളും വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളും അടിച്ചേല്‍പ്പിച്ച മതിലുകള്‍ ഇളക്കം തട്ടാതെ ഇന്നും അവര്‍ക്കുമേല്‍ ഉയര്‍ന്നു നില്‍ക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

‘അക്ഷര വിഹീനത്വം അജ്ഞത്തം മൂഢത്വം അക്ഷരാശുദ്ധി ഹീനാലാപങ്ങളെല്ലാം ശൂദ്രധര്‍മ്മങ്ങളെന്ന് ധരിക്ക യുധിഷ്ഠിരാ’

ഭീഷ്മര്‍ യുധിഷ്ഠിരന് നല്‍കിയ ഈ ഉപദേശത്തില്‍ അടങ്ങിയിരിക്കുന്ന തത്വമാണ് നൂറ്റാണ്ടുകളോളമായി ജാതീയമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുമേല്‍ അടിച്ചേല്പിച്ചിരിക്കുന്നത്. ശൂദ്രര്‍ക്ക് താഴെയുള്ള ജനവിഭാഗങ്ങളെ ഇന്ത്യയില്‍ മനുഷ്യരായിപ്പോലും പരിഗണിച്ചിരുന്നില്ല. ഇതിന് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സംവരണം ഒരു ജനാധിപത്യ അവകാശമെന്ന നിലയില്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്.

മോഡി സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം ഫലത്തില്‍ മുന്നോക്ക വിഭാഗങ്ങളെ പോലും കബളിപ്പിക്കുന്ന ഒന്നാണ്. ഈ ഭരണഘടനാ ഭേദഗതി പാസാകണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. പകുതി അംഗങ്ങളെങ്കിലും സഭയില്‍ ഹാജരായിരിക്കണം. 50% സംസ്ഥാനങ്ങളുടെ അംഗീകാരം വേണം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനമാണ് അവസാനിക്കാന്‍ പോകുന്നത്. ഇനി അവശേഷിക്കുന്നത് ബജറ്റ് സമ്മേളനം മാത്രമാണ്. ഈ സമയത്തിനുള്ളില്‍ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബുദ്ധിമുട്ടാണ്. അഥവാ ഈ കടമ്പകള്‍ കടന്നാലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്താന്‍ സാധ്യമല്ലെന്ന കേശവാനന്ദഭാരതി കേസിലെ വിധി തടസ്സമാകും. മാത്രമല്ല 1962-ലെ എം.ആര്‍. ബാലാജിയും മൈസൂര്‍ സ്റ്റേറ്റും തമ്മില്‍ നടന്ന കേസിലെ 50 ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്ന വിധിയും പ്രതിബന്ധമാകും. 1992-ലെ മണ്ഡല്‍ കമ്മീഷന്‍ വിധിയില്‍ ഒമ്പതംഗ ഭരണഘടനാ ബഞ്ച് ഇത് ശരിവച്ചിട്ടുണ്ട്. സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ മാത്രം ഒരു വിഭാഗത്തെ പിന്നോക്കമായി പരിഗണിക്കാന്‍ കഴിയില്ല എന്ന ജസ്റ്റീസ് ബി.പി. ജീവന്‍ റെഡ്ഢിയുടെ വിധിയും നിലനില്‍ക്കുന്നുണ്ട്. ബി.ജെ.പി-യില്‍ നിന്നകന്ന മുന്നോക്കക്കാരെ കൂടെ നിര്‍ത്താനുള്ള ഒരു ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാണിത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ ഗൗരവമേറിയതാണ്. ഇതിന് ഉദ്യോഗ സംവരണവുമായി യാതൊരു ബന്ധവുമില്ല. ഓപ്പണ്‍ മെറിറ്റിലെ തസ്തികകളെല്ലാം ജനസംഖ്യയില്‍ കാല്‍ ഭാഗം പോലുമില്ലാത്ത മുന്നോക്ക സമുദായം തന്നെയാണ് മിക്കവാറും കരസ്ഥമാക്കിയിരിക്കുന്നത്. എങ്കിലും ദാരിദ്ര്യത്തിന്റെ ഗൗരവം കുറയുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാനുള്ള ബാധ്യത ഭരണകര്‍ത്താക്കള്‍ക്കുണ്ട്. ഇതിനുള്ള മാര്‍ഗങ്ങള്‍ ഭരണഘടനയില്‍ തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. ഭൂപരിഷ്‌കരണ നിയമങ്ങള്‍, സ്വയം തൊഴില്‍ പദ്ധതി കണ്ടെത്തല്‍, വിവിധ വായ്പ്പാ പദ്ധതികള്‍ തുടങ്ങി ഭരണകൂടം നിര്‍വഹിക്കേണ്ട നടപടികളില്‍ നിന്നും സര്‍ക്കാര്‍ പടിപടിയായി പിന്മാറിയതിന്റെ ഭാഗമായി മുന്നോക്കക്കാരിലും പിന്നോക്കക്കാരിലും ദാരിദ്ര്യവും തൊഴിലില്ലായ്മയും പെരുകുകയാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും പൊതു ആവശ്യമാണ് തൊഴിലില്ലായ്മ നിര്‍മ്മാര്‍ജ്ജനവും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും. മുന്നോക്ക-പിന്നോക്ക വ്യത്യാസമില്ലാതെ ഇതിനായി പോരാട്ടത്തിന് ഇറങ്ങേണ്ടതുണ്ട്. സംവരണവും സാമ്പത്തിക ആശ്വാസ – ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതികളും രണ്ടാണ്.

വിദ്യാഭ്യാസ സാമൂഹ്യ പിന്നോക്കാവസ്ഥയും പിന്നോക്കമായി കണക്കാക്കപ്പെടുന്ന ജാതികളും തമ്മിലുള്ള അടുത്ത ബന്ധം ഇന്ത്യയുടെ മാത്രം സവിശേഷതയാണ്. ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയ ഉച്ചനീചത്വങ്ങള്‍ക്ക് പുറമെ ആഗോളവല്‍ക്കരണ നയങ്ങള്‍ കൂടി ആയതോടെ കൂനിന്മേല്‍ കുരു പോലെയായി ജനങ്ങളുടെ അവസ്ഥ. സംവരണം ഒരു തൊഴില്‍ദാന പദ്ധതിയല്ല. ഇന്ത്യയിലെ മൊത്തം സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ തൊഴിലവസരങ്ങള്‍ മുഴുവന്‍ കണക്കിലെടുത്താലും 2% ജനങ്ങള്‍ക്ക് പോലും തൊഴില്‍ നല്‍കാന്‍ സാധ്യമല്ല.

സംവരണാവകാശം ജാതിയെ മാത്രം അടിസ്ഥാനമാക്കി നടപ്പിലാക്കിയതാണെന്ന ഒരു മൂഢധാരണയുണ്ട് പലര്‍ക്കും. സംവരണാവകാശം നടപ്പിലാക്കുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ട ഏതാണ്ട് എല്ലാ കമ്മീഷനുകളും ജാതീയമായ അസമത്വങ്ങളെ കൂടാതെ സാമ്പത്തിക മാനദണ്ഡങ്ങളും കൂടി കണക്കിലെടുത്തിരുന്നു. കാക്കാ കലേല്‍ക്കര്‍ ചെയര്‍മാനായ കമ്മീഷന്‍ 1953 ജനുവരി 29നാണ് നിലവില്‍ വന്നത്. 1955-ല്‍ തന്നെ അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജാതി സംവരണത്തിന് എതിരായിരുന്ന അദ്ദേഹത്തിന് പോലും 2399 ജാതികളെ സംവരണത്തിനായി നിര്‍ദ്ദേശിക്കേണ്ടിവന്നു. ഇതിനായി അദ്ദേഹം സ്വീകരിച്ച മാനദണ്ഡങ്ങള്‍ താഴെ പറയുന്നവയാണ്:

1. പരമ്പരാഗത ഹിന്ദു സമുദായത്തിലെ ജാതിശ്രേണിയില്‍ താഴ്ന്ന സാമൂഹ്യനില.
2. ഒരു ജാതിയിലോ സമുദായത്തിലോ പെട്ട ഭൂരിപക്ഷത്തിനും പൊതുവിദ്യാഭ്യാസ പുരോഗതി ഇല്ലാത്ത അവസ്ഥ.
3. സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാധിനിത്യം ഇല്ലാത്തതോ ഒട്ടും തന്നെ പ്രാധിനിത്യം ഇല്ലാത്തതോ ആയ അവസ്ഥ.
4. വാണിജ്യ-വ്യവസായ രംഗത്ത് മതിയായ പ്രാധിനിത്യമില്ലാത്ത അവസ്ഥ

ഇങ്ങനെ ജാതീയമായ പരിഗണന കൂടാതെ സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ അവസ്ഥകളും കൂടി കണക്കിലെടുത്തുകൊണ്ടാണ് കാക്കാ കലേല്‍ക്കര്‍ കമ്മീഷന്‍ 2399 ജാതിവിഭാഗങ്ങളെ സംവരണ അവകാശ പരിധിയില്‍ പെടുത്തിയത്. സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് അംഗീകരിച്ചില്ല. 1979ലാണ് രണ്ടാമതൊരു കമ്മീഷനെ(മണ്ഡല്‍ കമ്മീഷന്‍)നിയമിക്കുന്നത്. ഭരണഘടനയുടെ 340-ആം വകുപ്പ് പ്രകാരം സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങളെ കണ്ടെത്താന്‍ 11 മാനദണ്ഡങ്ങളാണ് ഈ കമ്മീഷന്‍ ഉപയോഗിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 3743 ജാതി വിഭാഗങ്ങളെ മണ്ഡല്‍ കമ്മീഷന്‍ തെരഞ്ഞെടുത്തു. അതിന് മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ താഴേ കൊടുക്കുന്നു:

സാമൂഹ്യം

1. സാമൂഹ്യമായി പിന്നോക്കക്കാരെന്ന് മറ്റുള്ളവര്‍ കരുതിപ്പോന്ന ജാതികള്‍/വിഭാഗങ്ങള്‍
2. ഉപജീവനത്തിലെ കായിക അധ്വാനത്തെ പ്രധാനമായി ആശ്രയിക്കുന്ന ജാതികള്‍/വിഭാഗങ്ങള്‍
3. ഗ്രാമപ്രദേശങ്ങളില്‍ ശരാശരിയേക്കാള്‍ 25% പെണ്‍കുട്ടികളും 10% ആണ്‍കുട്ടികളും 17 വയസ്സിന് മുന്‍പേ വിവാഹം ചെയ്ത് കൊടുക്കപ്പെടുന്നവര്‍, നഗരങ്ങളില്‍ 10% പെണ്‍കുട്ടികളും 5% ആണ്‍കുട്ടികളും 17 വയസ്സിന് മുന്‍പേ വിവാഹം ചെയ്തുകൊടുക്കപ്പെടുന്ന ജാതികള്‍/വിഭാഗങ്ങള്‍
4. സംസ്ഥാന ശരാശരിയേക്കാള്‍ 25% പെണ്‍കുട്ടികള്‍ അധ്വാനിക്കുന്ന സമുദായങ്ങള്‍/വിഭാഗങ്ങള്‍

വിദ്യാഭ്യാസപരം

5. 5 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളില്‍ സംസ്ഥാന ശരാശരിയേക്കാള്‍ 25 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ സ്‌കൂളില്‍ പോകാത്ത സമുദായങ്ങള്‍/വിഭാഗങ്ങള്‍
6. 5-15 വയസ്സിലുള്ള കുട്ടികളില്‍ സംസ്ഥാന ശരാശരിയേക്കാള്‍ 25% എങ്കിലും ഇടക്കുവച്ച് പഠിത്തം നിര്‍ത്താന്‍ ഇടയാവുന്ന സമുദായങ്ങള്‍/വിഭാഗങ്ങള്‍
7. എസ് എസ് എല്‍ സി പാസാകുന്നവരുടെ അനുപാതം സംസ്ഥാന ശരാശരിയേക്കാള്‍ 25% കുറവായിരിക്കുന്ന സമുദായങ്ങള്‍/വിഭാഗങ്ങള്‍.

സാമ്പത്തികം

8. കുടുംബ സ്വത്തുക്കളുടെ ശരാശരി മൂല്യം സംസ്ഥാന ശരാശരിയേക്കാള്‍ 25% കുറവായിരിക്കുന്ന സമുദായങ്ങള്‍/വിഭാഗങ്ങള്‍
9. ചെറ്റക്കൂരകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം സംസ്ഥാന ശരാശരിയേക്കാള്‍ 25% കൂടുതലായിരിക്കുന്ന സമുദായങ്ങള്‍/വിഭാഗങ്ങള്‍.
10. 50% കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്ന സ്ഥലം അര കിലോമീറ്ററില്‍ കൂടുതല്‍ ആയിരിക്കുന്ന സമുദായങ്ങള്‍/വിഭാഗങ്ങള്‍
11. ഉപഭോഗ വായ്പ സംസ്ഥാന ശരാശരിയേക്കാള്‍ 25% കൂടുതല്‍ കുടുംബങ്ങള്‍ എടുത്തിട്ടുള്ള സമുദായങ്ങള്‍/വിഭാഗങ്ങള്‍

ഇങ്ങനെ ശാസ്ത്രീയമായ 11 പരീക്ഷണ-നിരീക്ഷണങ്ങളിലും പിന്നോക്കമായി കണ്ടെത്തിയവരെയാണ് സംവരണത്തിന് അര്‍ഹരായി തെരഞ്ഞെടുത്തത്. ജാതീയമായി പിന്നോക്കം നില്‍ക്കുന്നവര്‍ തന്നെയാണ് സാമൂഹ്യമായും വുദ്യാഭ്യാസപരമായും സാമ്പത്തികമായും ഇന്നും പിന്നോക്കം നില്‍ക്കുന്നവര്‍. ഈ അവസ്ഥക്ക് പരിഹാരം കണ്ടെത്താന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. ഭരണഘടനാ നിര്‍മ്മാണ വേളയില്‍ തന്നെ സാമ്പത്തിക സംവരണത്തിന് വേണ്ടി ചിലര്‍ മുറവിളി കൂട്ടിയിരുന്നു. മുന്നോക്കം-പിന്നോക്കം എന്നീ വാക്കുകളെ പറ്റിയും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. 1948 നവംബര്‍ 30ന് ദാമോദര്‍ സ്വരൂപ് സേഥ്, ഹൃദയനാഥ് കുസ്രു, ആര്‍. നളവേദ് എന്നിവര്‍ ജാതി സംവരണത്തെ എതിര്‍ത്തു. ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ വൈസ് പ്രസിഡന്റ് ആര്‍.സി. മുഖര്‍ജിയും നെഹ്രുവും ഇത്തരം വാദഗതികളുടെ മുനയൊടിച്ചാണ് ഇന്ത്യയുടെ സാമൂഹിക യാഥാര്‍ഥ്യം മനസ്സിലാക്കി ജാതി സംവരണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.

മോദിയുടെയും ആര്‍ എസ് എസിന്റേയും കുത്സിത നീക്കങ്ങളെ മനസ്സിലാക്കാതെ ഈ നീക്കങ്ങളെ പിന്തുണക്കുന്നവര്‍ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളോട് അനീതി ചെയ്യുകയാണ്. മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ദുരിതാവസ്ഥ പരിഹരിക്കാനുള്ള മാര്‍ഗം സംവരണമല്ല. തിരുവിതാംകൂറിലെ ഏറ്റവും വലിയ പണക്കാരില്‍ പെട്ടവരായിരുന്നു ആലമ്മൂട്ടില്‍ ചാന്നാന്മാര്‍. മലബാറില്‍ മിതവാദി കൃഷ്ണനും. അവരുടെ സാമ്പത്തികമായ ഉന്നതനില അവര്‍ക്ക് സാമൂഹ്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കിയില്ല എന്നുള്ളത് നമ്മുടെ ചരിത്രം തന്നെ പഠിപ്പിക്കുന്ന വസ്തുതയാണ്. രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാമ്രാജ്യത്തിത്വ ആശ്രിത നയങ്ങളാണ് തൊഴിലില്ലായ്മയും പിന്നോക്കാവസ്ഥയും സൃഷ്ടിക്കുന്നത്. ഇതിനെതിരെ പോരാടേണ്ട ശക്തികളെ സംവരണാനുകൂലികളും എതിരാളികളും എന്ന ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള കുതന്ത്രങ്ങളില്‍ വീണ് പോവുന്നവര്‍, സാമ്പത്തിക സംവരണത്തിന്റെ മറവില്‍ മുന്നോക്ക സംവരണവാദത്തിന്റെ കൊടി ഉയര്‍ത്തുന്നവര്‍ ആരായാലും അവര്‍ ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ഥ്യത്തിന് നേരെ കണ്ണടക്കുന്നവരാണ്. ആഗോളവല്‍ക്കരണ നങ്ങള്‍ക്കെതിരായ പോരാട്ടത്തെ അത് ദുര്‍ബ്ബലപ്പെടുത്തുകയേയുള്ളൂ

(ഫേസ് ബുക്ക് പോസ്റ്റ്)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply