ആത്മ നിര്‍ഭര്‍ ഭാരതിന്റെ അന്തര്‍ഗതങ്ങള്‍

ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെയും സ്വകാര്യവല്‍ക്കരണ നടപടികള്‍ക്കെതിരേയും ഏറ്റവും ശക്തവും വിപുലവുമായ പങ്കാളിത്തവുമുള്ള സമരം നടക്കുന്ന രാജ്യം ഇന്ത്യയാണ്. 1991 മുതല്‍ നടന്ന 19 പൊതുപണിമുടക്കുകളിലും പൊതു മേഖലയെ സംരക്ഷിക്കണമെന്നും, സ്വകാര്യവല്‍ക്കരണ നടപടികള്‍ നിര്‍ത്തിവെക്കണവുമെന്ന മുദ്രാവാക്യം ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ ഒരു ഘട്ടത്തില്‍പ്പോലും ദേശസാല്‍ക്കരണമെന്ന മുദ്രാവാക്യം ഉയര്‍ത്തപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സോഷ്യലിസമെന്നത് ലക്ഷ്യമായി തങ്ങളുടെ പരിപാടികളിലെഴുതിവെച്ചിട്ടുള്ള ട്രേഡ് യൂണിയന്‍ സെന്ററുകള്‍പോലും ഇന്ന് ഈ ആവശ്യം ഉയര്‍ത്തുന്നില്ല. അതൊരു പരാജയപ്പെട്ട പ്രവാചക സ്വപ്നമാണെന്നും മുതലാളിത്തത്തിന് ‘മറ്റൊരു ബദലില്ല’ (ടിന -TINA) എന്ന മനോഭാവം ആഴത്തില്‍ വേരുപിടിക്കുകയും ചെയ്തതിന്റെ പ്രതിഫലനമാണിത്. സ്വകാര്യവല്‍ക്കരണത്തിനെതിരായ സമരം അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ ബദലെന്ന നിലയില്‍ ‘ദേശസാല്‍ക്കരണം’ സ്വന്തം കൊടിക്കൂറയില്‍ എഴുതിവെക്കാന്‍ തൊഴിലാളി സംഘടനകള്‍ തയ്യാറാകണം. വര്‍ഗ്ഗത്തിനുമപ്പുറത്തേക്ക് വിശാല ജനവിഭാഗങ്ങള്‍ക്കിടയിലേക്കും അതെത്തണം. അവരെ നയിക്കുന്നരാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതേറ്റെടുക്കേണ്ടതുണ്ട്. ഫാസിസത്തിനെതിരേ ട്രേഡ് യൂണിയന്‍ മുന്നണിയില്‍ ഉയര്‍ന്നുവരുന്ന ഐക്യം അവര്‍ക്കും ഒരു പാഠമാണ്.

ഇന്ത്യയ്ക്ക് മൂന്ന് ശത്രുക്കളാണുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. കോവിഡ്, കോണ്‍ട്രാക്ഷന്‍, ചൈന – മൂന്നു ‘സി’കള്‍. ലോകമാസകലം ഗ്രസിച്ചിരിക്കുന്ന മൂന്നാം സാമ്പത്തിക കുഴപ്പത്തെയും, മാന്ദ്യത്തേയും തുടര്‍ന്ന് ഇന്ത്യയിലും വ്യവസായ, കാര്‍ഷിക, തൊഴില്‍ മേഖലകളിലടക്കം സകല രംഗത്തും ഇത് പ്രതിഫലിച്ചുകൊണ്ടിരിക്കുയാണ്. നോട്ടുനിരോധനവും, ജി.എസ്.ടി.യുമടക്കം മോഡി സര്‍ക്കാരിന്റെ വീണ്ടുവിചാരമില്ലാത്ത നടപടികള്‍ ഈ പ്രശ്നങ്ങളെ കൂടുതല്‍ കുഴപ്പത്തിലേക്കാക്കി. ഈ അവസ്ഥയിലേക്കാണ് കോവിഡ്-19യും അതിന്റെ ഭാഗമായ അടച്ചിടല്‍ നടപടികളും വരുന്നത്. ഇതേത്തുടര്‍ന്ന് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ – രണ്ടാം ക്വാര്‍ട്ടര്‍ – സമ്പദ് വ്യവസ്ഥയില്‍ 23.9 ശതമാനം ചുരുങ്ങല്‍ (കോണ്‍ട്രാക്ഷന്‍) സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്രധനമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്. ഐ.എം.എഫിന്റെ മുഖ്യ ഉപദേശകയായ ഗീതാഗോപിയുടെ അഭിപ്രായത്തില്‍ ഇത് 25.9 ശതമാനം വരും. ചൈനയൊഴികെയുള്ള രാജ്യങ്ങളെ മുഴുവന്‍, ഏറിയും കുറഞ്ഞും അളവില്‍ ഈ ചുരുങ്ങല്‍ ബാധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇന്ത്യ വീണ്ടെടുപ്പു നടത്തുമെന്ന ശുഭാപ്തി വിശ്വാസം നമ്മുടെ ഭരണാധികാരികള്‍ പുലര്‍ത്തുമ്പോഴും അടുത്തവര്‍ഷവും ഇന്ത്യയില്‍ ഈ ചുരുങ്ങല്‍ 14.8 ശതമാനമായിരിക്കും എന്ന് അമേരിക്കന്‍ ധനസ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ് പറയുന്നു. സ്വതന്ത്ര വിപണിയുടെ പ്രയോക്താക്കളായ വികസിത രാജ്യങ്ങള്‍ പലതും ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. അടച്ചു പൂട്ടപ്പെട്ടതും തകര്‍ന്നതുമായ ചെറുകിട സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം അവര്‍ പ്രഖ്യാപിച്ചു. അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ട 4.2 കോടിപ്പേര്‍ക്ക് ആഴ്ചയില്‍ 400 ഡോളര്‍ പ്രകാരം പ്രതിമാസം 1,25,000 രൂപ ആശ്വാസധനം നല്‍കുമെന്നും പ്രഖ്യാപിച്ചു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ 60,000 രൂപ മുതല്‍ 90,000 രൂപ വരെയാണ് ഇത്തരത്തില്‍ ആശ്വാസ സഹായം നല്‍കുന്നത്. ഉല്പാദന മേഖലയില്‍ സര്‍ക്കാര്‍ മൂലധനം നിക്ഷേപിച്ച് വ്യവസായവും തൊഴിലും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലടക്കം ദേശീയ സംവാദം നടക്കുന്നകാലമാണിത്.

സാമ്പത്തിക പ്രതിസന്ധിയും സ്വകാര്യ മേഖലയും – കോവിഡിന് മുമ്പ്

* ജെറ്റ് എയര്‍വേയ്സ് അടച്ചുപൂട്ടി
* തോമസ് കുക്ക് – 12,000 പേര്‍ക്ക് തൊഴില്‍ നഷ്ടമായി
* വിഡിയോ കോണ്‍ പാപ്പരായി
* ടാറ്റ ഡോക്കോമോ തകര്‍ന്നു
* എയര്‍ സെല്‍ നശിച്ചു
* ജെ.പി. ഗ്രൂപ്പ് നാമവശേഷമായി
* 35 ദശലക്ഷം കോടി രൂപ കടം വാങ്ങിയ വലിയ വായ്പക്കാര്‍ തിരിച്ചടച്ചില്ല.
കടം നല്‍കിയ പഞ്ചാബ് നാഷണല്‍ ബാങ്ക് അടക്കം പ്രതിസന്ധിയില്‍.
* 36 വന്‍കിട കടക്കാര്‍ രാജ്യം വിട്ടു.

ഈ പശ്ചാത്തലത്തിലാണ് സമ്പദ് വ്യവസ്ഥയെ പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തേജക പാക്കേജ്, ‘ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി’ (സ്വാശ്രയ ഇന്ത്യ), പ്രധാന മന്ത്രി മെയ് 12ന് പ്രഖ്യാപിച്ചത്. മെയ് 13 മുതല്‍ 17 വരെ അഞ്ചു ദിവസങ്ങളിലായി ഇതിന്റെ വിശദാംശങ്ങള്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും വെളിപ്പെടുത്തുകയുണ്ടായി. മൊത്തം ദേശീയോല്പാദനത്തിന്റെ (ജി.ഡി.പി.) പത്ത് ശതമാനം വരുന്ന ഇരുപതു ലക്ഷം കോടി രൂപയുടെ പാക്കേജാണ് മന്ത്രി പ്രഖ്യാപിച്ചത്. ഇതില്‍ തന്നെ പണമായി നല്‍കുന്നത്1.05 ലക്ഷം കോടി മാത്രമാണ്. മറ്റു വിഹിതങ്ങള്‍ ബാങ്കുകളില്‍ നിന്നോ ധന സ്ഥാപനങ്ങളില്‍ നിന്നോ കണ്ടെത്തിക്കൊള്ളണം. കുടിയേറ്റ തൊഴിലാളികളുടെ നഗരങ്ങളില്‍ നിന്നുള്ള കൂട്ടപ്പലായനത്തിന്റെയും അപകട മരണങ്ങളുടേയും പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം നടന്നത്. അവര്‍ക്കോ അടച്ചുപൂട്ടല്‍ മൂലം ദുരിതമനുഭവിക്കുന്ന മറ്റു തൊഴിലാളികള്‍ക്കോ ഏതെങ്കിലും ആശ്വാസ ധനസഹായത്തിന്റെ പ്രഖ്യാപനം മന്ത്രിയില്‍ നിന്നുണ്ടായില്ല. മറിച്ച്, മെയ് 17 ന് നടത്തിയ പ്രഖ്യാപനത്തില്‍, ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴിലും, അവകാശങ്ങളും ഉറപ്പുനല്‍കുന്ന പൊതു മേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുമെന്ന അര്‍ത്ഥശങ്കയില്ലാത്ത നിലപാടാണ് മന്ത്രിയിലൂടെ പുറത്തു വന്നത്. പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വാകാര്യ സ്ഥാപനങ്ങള്‍ക്ക് വില്ക്കും, ചിലത് അടച്ചുപൂട്ടും. തന്ത്രപ്രധാന-സ്ട്രാറ്റജിക്- മായ മേഖലയില്‍പ്പോലും ഒന്നോ പരമാവധി നാലോ വ്യവസായങ്ങള്‍ മാത്രമേ ഇനിമേല്‍ സര്‍ക്കാര്‍ ഉത്തരവാദിത്തത്തിലുണ്ടാകൂ. ”ബിസിനസ് നടത്തുകയല്ല, സര്‍ക്കാരിന്റെ ബിസിനസ്സ്” എന്ന് 1920 കളില്‍ ഫാസിസ്റ്റ് മോസ്സോളിനി നടത്തിയ പ്രഖ്യാപനം ഒരു നൂറ്റാണ്ടിനിപ്പുറം കേന്ദ്ര ധനമന്ത്രിയും ആവര്‍ത്തിക്കുകയായിരുന്നു. ഫാസിസമെന്നാല്‍ കുത്തകകളാണെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തേയും ഇതുമായി കൂട്ടിച്ചേര്‍ത്തു വായിക്കേണ്ടതാണ്.

സര്‍ക്കാരിന്റെ മനസ്സിലിരിപ്പ് തുടര്‍ ദിവസങ്ങളിലെ സംഭവങ്ങളോടെ കൂടുതല്‍ വ്യക്തമാവുകയായിരുന്നു. ചൈനയെ വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുന്ന അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാകാനാണ് ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ കൂടുതലായി ഇന്ത്യയിലേക്കെത്തിക്കുകയാണ് ലക്ഷ്യം. സെപ്റ്റംബര്‍ 4ന് യു.എസ്. ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് 2020-ല്‍ത്തന്നെ 2,000 കോടി ഡോളര്‍ നിക്ഷേപമായി വരുമെന്നു പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി തൊഴില്‍ നിയമങ്ങള്‍ സമൂലം പരിഷ്‌ക്കരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളെ ആകര്‍ഷകമായ തുകയ്ക്ക് വിറ്റഴിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യുസിസ്പിഎഫ് ചെയര്‍മാന്‍ ജോണ്‍ ചേമ്പേഴ്സ്, മാസ്റ്റര്‍ കാര്‍ഡ് സി.ഇ.ഒ. അജയ് സംഗ െ്രപെസ് വാട്ടര്‍ കൂപ്പേഴ്സ് ചെയര്‍മാന്‍ റോബര്‍ട്ട് മോറിട്സ്, ഡിലോയിറ്റ് മേധാവി പുനിക് രഞ്ചന്‍, വാര്‍ബര്‍ഗ് പിന്‍കസ് മേധാവി ചാള്‍സ് കേയ്, കാറ്റര്‍പില്ലര്‍ മേധാവി ജിം ഉംബ്ലെബി തുടങ്ങി ഫോര്‍ച്യൂണ്‍ 500 വിഭാഗത്തിലെ നേതൃത്വ നിരയിലുള്ളവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

പാര്‍ലമെന്റ് സമ്മേളനത്തില്‍ സെപ്റ്റംബര്‍ 14ന് പാര്‍ലമെന്റില്‍ ഉന്നയിച്ച ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ കേന്ദ്ര ധനസഹമന്ത്രി അനുരാഗ്സിംഗ് താക്കൂര്‍ പറഞ്ഞത് 2016-നു ശേഷം 34 പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്ന നടപടികളുമായി ഇന്ത്യ മുന്നോട്ടുപോവുകയാണെന്നാണ്. 8 സ്ഥാപനങ്ങളുടെ സ്ട്രാറ്റജിക് വില്പന പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 6 എണ്ണം അടച്ചു പൂട്ടുകയോ, അതിന്റെ പ്രക്രിയയിലോ ആണ്. 20 എണ്ണം വില്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണെന്നും മന്ത്രി ലോകസഭയെ അറിയിച്ചു. ഹീറോ ഹോണ്ട മേധാവി സുനില്‍കുമാര്‍ മൂഞ്ചലുമായി നടത്തിയ ചര്‍ച്ചയില്‍ 26 സ്ഥാപനങ്ങളുടെ വില്പനയുടെ നടപടികള്‍ മുന്നോട്ടുപോകുന്നുണ്ടെന്നും 23 എണ്ണത്തിന്റെ വില്പനയ്ക്ക് ക്യാബിനറ്റ് അംഗീകാരം നല്‍കിയതായും മന്ത്രി നിര്‍മ്മല സീതാരാമനും വ്യക്തമാക്കിയിട്ടുണ്ട്.

ജൂലൈ 20ന്, കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന ഡിപാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസെറ്റ് മാനേജ്മെന്റ് – ഡിപാം – സെക്രട്ടറി തുഹില്‍ കാന്ത പാണ്ഡെ, ഫിക്കി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍, പവര്‍ഗ്രിഡ് തുടങ്ങിയ ഏതാനും സ്ഥാപനങ്ങളേ ഇനിമേല്‍ പൊതുമേഖലയിലുണ്ടാവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ 27 പൊതുമേഖലാ ബാങ്കുകളുണ്ട്. സംയോജനവും ലയനവും കഴിഞ്ഞതിനുശേഷം ഇപ്പോള്‍ 12 എണ്ണമാണുള്ളത്. അവയെ കേവലം 4 എണ്ണമായി പരിമിതപ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും പാണ്ഡെ അറിയിച്ചു.

അടച്ചുപൂട്ടാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍

1) ഹിന്ദുസ്ഥാന്‍ ഫ്ളൂറോ കാര്‍ബണ്‍
2) സ്‌കൂട്ടേഴ്സ് ഇന്ത്യ
3) ഭാരത് പമ്പ്സ് ആന്റ് കമ്പ്രസേഴ്സ് ലിമിറ്റഡ്
4) ഹിന്ദുസ്ഥാന്‍ പ്രീ-ഫാബ്
5) ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്
6) കര്‍ണ്ണാടക ആന്റിബയോടിക്സ് & ഫാര്‍മസ്യൂട്ടിക്കല്‍സ്

കൈമാറ്റ പ്രക്രിയയിലുള്ള സ്ഥാപനങ്ങള്‍

1) െ്രപാജക്ട് ആന്റ് ഡവലപ്മെന്റ് ഇന്ത്യ
2) എഞ്ചിനീയറിംഗ് േ്രപാജക്ട് ഇന്ത്യ
3) ബ്രിഡ്ജ് ആന്റ് റൂഫ് കമ്പനി, ഇന്ത്യ
4) സിമന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ യൂണിറ്റുകള്‍
5) സെന്‍ട്രല്‍ ഇലക്േ്രടാണിക്സ് ലിമിറ്റഡ്
6) ഭാരത് എര്‍ത് മൂവേഴ്സ് ലിമിറ്റഡ് (ബെമല്‍)

സ്ട്രാറ്റജിക് വില്പന പ്രക്രിയയിലുള്ള സ്ഥാപനങ്ങള്‍

1) അലോയ് സ്റ്റീല്‍ പ്ലാന്റ്, ദുര്‍ഗാപൂര്‍
2) സേലം സ്റ്റീല്‍ പ്ലാന്റ്
3) ഭദ്രാവതി യൂണിറ്റ് (സെയില്‍)
4) പവന്‍ ഹാന്‍സ്
5) എയര്‍ ഇന്ത്യ – 5 സബ്സിഡിയറികളും ഒരു സംയുക്ത സംരംഭവും

സ്ട്രാറ്റജിക് വില്പന പ്രഖ്യാപിച്ച സ്ഥാപനങ്ങള്‍

1) ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ (ലാറ്റക്സ്) (2) ഐ.ടി.സി.യുടെ വിവിധ യൂണിറ്റുകള്‍(3) ഹിന്ദുസ്ഥാന്‍ ആന്റിബയോടിക്സ് (4) ബംഗാള്‍ കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (5) ഭാരത് പെേ്രടാളിയം കോര്‍പ്പറേഷന്‍ (6) ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്.സി.ഐ. (7) കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (കോണ്‍കോര്‍) (8) നീലാഞ്ചല്‍ ഇസ്പാറ്റ് നിഗം ലിമിറ്റഡ്.

സ്ട്രാറ്റജിക് വില്പന പൂര്‍ത്തീകരിച്ചവ

(1) എച്ച്.പി.സി.എല്‍. (2) ആര്‍.ഇ.സി. (3) ഹോസ്പിറ്റല്‍ സര്‍വ്വീസസ് കണ്‍സള്‍ട്ടന്‍സി (4) നാഷണല്‍ െ്രപാജക്ട് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ (5) ഡ്രഡ്ജിംഗ് കോര്‍പ്പറേഷന്‍ (6) ടി.എച്ച്.ഡി.സി. ഇന്ത്യ (7) നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (8) കാമരാജാര്‍ പോര്‍ട്ട്

സ്ട്രാറ്റജിക് വില്പന – മിനിമം ഗവണ്‍മെന്റ്

2014-ല്‍ അധികാരമേല്‍ക്കുമ്പോള്‍ തന്നെ ‘മിനിമം ഗവണ്‍മെന്റ് മാക്സിമം ഗവേര്‍ണന്‍സ്’ എന്നതാണ് തന്റെ നയമെന്ന് നരേന്ദ്രമോദി വ്യക്തമാക്കുകയുണ്ടായി. സര്‍ക്കാര്‍, വ്യവസായങ്ങളുടെ നടത്തിപ്പില്‍ നിന്നും പിന്മാറി അവയെ കാര്യക്ഷമമാക്കുയാണ് ലക്ഷ്യമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം അദ്ദേഹം വ്യക്തമാക്കി. 2014 മുതല്‍ 2019 വരെയുള്ള അഞ്ച് വര്‍ഷംകൊണ്ട് 2,79,622 കോടി രൂപ പൊതുമേഖലയുടെ വില്പനയിലൂടെ അവര്‍ സമാഹരിച്ചു. 2004 മുതലുള്ള പത്ത് വര്‍ഷം കൊണ്ട് യു.പി.എ. സര്‍ക്കാരുകള്‍ സമാഹരിച്ച 1,07,833 കോടി രൂപയുടെ ഒന്നര ഇരട്ടിതന്നെ അഞ്ചുവര്‍ഷംകൊണ്ട് സമാഹരിച്ചു. 2019-ല്‍ 1.05 ലക്ഷം കോടിയും 2020-21-ല്‍ 2.10 ലക്ഷം കോടിയും സമാഹരിക്കാനാണ് പദ്ധതി. സ്ട്രാറ്റജിക് വില്പനയിലൂടെ 1.20 ലക്ഷം കോടിയും എല്‍.ഐ.സി. അടക്കമുള്ള സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നതിലൂടെ 90,000 കോടിയും സമാഹരിക്കും. ബി.പി.സി.എല്‍. കോള്‍ ഇന്ത്യ അടക്കമുള്ള മഹാരത്ന കമ്പനികളും, കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓപ് ഇന്ത്യ, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, തുടങ്ങിയ നവര്തന കമ്പനികളുമടക്കം ലാഭത്തിലോടുന്നവയാണ് വില്ക്കുക. ‘വരുമാനമുണ്ടാക്കുകയല്ല, മറിച്ച് സ്വകാര്യ സ്ഥാപനങ്ങളെ മത്സരക്ഷമമാക്കകയാണ് തങ്ങളുടെ ലക്ഷ്യ’ മെന്നും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാരത്ന, നവരത്ന, മിനിരത്ന

ഇന്ത്യയിലിന്ന് 10 മഹാരത്ന കമ്പനികളും 14 നവരത്ന കമ്പനികളും 73 മിനിരത്ന കമ്പനികളുമുണ്ട്.

മഹാരത്ന: അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതും, സ്‌റ്റോക്ക് എക്സ്ചേഞ്ചില്‍ സെബി മാനദണ്ഡ പ്രകാരം പ്രവര്‍ത്തിക്കുന്നതും മൂന്നു വര്‍ഷം തുടര്‍ച്ചയായി 20,000 കോടി രൂപയില്‍ കൂടുതല്‍ വരുമാനമുള്ളതും നികുതി കഴിച്ച് മൂന്നുവര്‍ഷം തുടര്‍ച്ചയായി 2,500 കോടി രൂപ ലാഭമുള്ളതുമായ പൊതുമേഖലാ സ്ഥാപനം. വരുമാനത്തിന്റെ 15 ശതമാനം വരേയോ 5000 കോടി രൂപവരേയോ സര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ മറ്റു സ്ഥാപനങ്ങളിലോ സംരംഭങ്ങളിലോ നിക്ഷേപിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡിനധികാരം. ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ഒ.എന്‍.ജി.സി.യും, ഇപ്പോള്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന കോള്‍ ഇന്ത്യ ലിമിറ്റഡും, ബി.പി.സി.എല്ലും, ഐ.ഒ.സി.യും മഹാരത്ന സ്ഥാപനങ്ങളില്‍പ്പെടും.
നവരത്ന : മൂന്നുവര്‍ഷം തുടര്‍ച്ചയായി 25,000 കോടി രൂപയില്‍പരം വരുമാനമുള്ളതും നികുതി കഴിച്ച് 5000 കോടിരൂപ വീതം ലാഭമുള്ളതുമായ സ്ഥാപനങ്ങള്‍. പ്രതിവര്‍ഷം സര്‍ക്കാര്‍ അനുമതിയില്ലാതെ 1000 കോടി രൂപ വരെ മറ്റു സംരംഭങ്ങളില്‍ നിക്ഷേപിക്കാം. സര്‍ക്കാര്‍ ഇപ്പോള്‍ വില്ക്കാന്‍ വെച്ചിരിക്കുന്ന കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ -കോണ്‍കോര്‍, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അടക്കം 14 സ്ഥാപനങ്ങള്‍ നവരത്നയില്‍ ഉള്‍പ്പെടും.

മിനിരത്ന : 3 വര്‍ഷം തുടര്‍ച്ചയായി പ്രതിവര്‍ഷം 500 കോടിയില്‍പ്പരം വരുമാനമുള്ളതും പ്രതിവര്‍ഷം 30 കോടിയില്‍പ്പരം ലാഭമുണ്ടാക്കുന്നവയും സ്വന്തം ബാധ്യതകളും കടങ്ങളും തിരിച്ചടയ്ക്കാന്‍ ശേഷിയുമുള്ള സ്ഥാപനങ്ങള്‍.

ഇന്ത്യയിലെ ഔഷധ ഉല്പാദന രംഗത്തെ സ്വകാര്യ കുത്തകകളുടെ ഒരു യോഗം കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ ജൂണ്‍ 1ന് വിളിച്ചുചേര്‍ത്തു. പൊതുമേഖലയിലുള്ള ‘ഇന്ത്യന്‍ ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, രാജസ്ഥാന്‍ ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹിന്ദുസ്ഥാന്‍ ആന്റി ബയോടിക്സ്, ബംഗാള്‍ ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവ അടച്ചു പൂട്ടാനോ ഓഹരി വില്‍ക്കാനോ തീരുമാനിച്ച വിവരം അദ്ദേഹം അവരെ അറിയിച്ചു. ഈ അവസരം പ്രയോജനപ്പെടുത്തി വ്യവസായത്തെ മത്സരക്ഷമമാക്കുകയാണ് കോവിഡ് കാലത്ത് വേണ്ടതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ആരോഗ്യ രംഗ്ത്ത് പൊതു ഇടപെടലിന്റെ പ്രാധാന്യം ലോകം മുഴുവന്‍ അംഗീകരിക്കുന്ന ഒരു കാലത്താണ് ഈ നടപടിയെന്നോര്‍ക്കണം. കോവിഡ് വിമുക്തനായ ഒരു രോഗിക്ക് അമേരിക്കയിലെ സ്വകാര്യ ആശുപത്രി ഒരു കോടി പത്ത് ലക്ഷം രൂപയുടെ ബില്ല് നല്‍കുന്ന കാലത്താണ് ഇത്. ഇതില്‍ കേരളത്തിന്റെ നടപടികള്‍ കൂടി പരിശോധിക്കണം. രള സര്‍ക്കാരിന്റെ കീഴിലുള്ള ആലപ്പുഴയിലെ ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് കഴിഞ്ഞ വര്‍ഷംവരെ നഷ്ടത്തിലായിരുന്നു. സ്ഥാപനത്തിന്റെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി പോസ്റ്റ് ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്റ് ട്രീറ്റ്മെന്റ് മരുന്നുകള്‍ അവര്‍ ഉല്‍പാദിപ്പിച്ചു. സ്വകാര്യ കമ്പനികളുടെ മരുന്നിന് പ്രതിദിനം 250രൂപ വിലയുള്ളപ്പോള്‍ കെ.എസ്.ഡി.പി.യുടെ മരുന്നിന് 28രൂപ മാത്രമാണ് വില. ക്യാന്‍സര്‍ പ്രതിരോധ മരുന്നുകളും ഉല്പാദിപ്പിച്ച് ലാഭത്തിലേക്ക് പോവുകയാണ് സ്ഥാപനം.

ഫാസിസവും കുത്തകകളും

‘ബിസിനസ്സ് നടത്തുകയല്ല സര്‍ക്കാരിന്റെ ബിസിനസ്സ്’ എന്ന് 1920കളില്‍ ഇറ്റലിയിലെ ഫാസിസ്റ്റ് മുസ്സോളനി പറഞ്ഞത് ഒരു നൂറ്റാണ്ടിനിപ്പുറം ആവര്‍ത്തിക്കുകയാണ് കേന്ദ്ര ധനമന്ത്രിയും ചെയ്യുന്നത്. സമീപ കാലത്ത് നടന്ന റാഫേല്‍ ഇടപാട് ഇതുമായി ബന്ധപ്പെട്ട് പരിശോധിക്കേണ്ടതാണ്. റാഫേല്‍ ഇടപാട് ഒന്നാമതായി അഴിമതിയാണ്. രണ്ടാമതായി പൊതുമേഖലയെ തകര്‍ക്കലാണ്. (എച്ച്.എ.എല്‍.) മൂന്നാമതായി സ്വകാര്യ വ്യക്തികളുടെ ലാഭമാണ് (റിലയന്‍സ്). ഒരു വര്‍ഷം മുമ്പ് ‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന മുദ്രാവാക്യമുയര്‍ത്തിയവര്‍ക്കുപോലും ഇന്നതുയര്‍ത്താനുള്ള ധൈര്യമോ ശേഷിയോ ഇല്ല. ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചിരിക്കുന്നു. നരേന്ദ്രമോദിയുടെ തോഴനായ ഗൗതം അദാനിക്കാണ് നടത്തിപ്പു ചുമതല. അടുത്തവര്‍ഷങ്ങളില്‍ 25 എയര്‍ പോര്‍ട്ടുകള്‍ കൂടി സ്വകാര്യവല്‍ക്കരിക്കപ്പെടും. ഇപ്പോള്‍ത്തന്നെ പ്രധാന തുറമുഖങ്ങളുടെ നടത്തിപ്പ് ഭരണത്തണലില്‍ അദാനിക്കു വന്നുകഴിഞ്ഞു. ഭരണകൂടവും ഫിനാന്‍സ് മൂലധനവും തമ്മിലുള്ള സംയോജനത്തെയാണ് ഫാസിസം എന്ന സമ്പദ് ശാസ്ത്രത്തില്‍ വിളിക്കാനാവുക. ഇന്ത്യയില്‍ നടക്കുന്ന ഈ നടപടികളെ ഫാസിസമെന്നല്ലാതെ മറ്റെന്താണ് നമുക്കു വിളിക്കാനാവുക.

ഫാസിസം, ഓട്ടാര്‍ക്കി, ആത്മനിര്‍ഭര്‍ ഭാരതം

വ്യവസായ വളര്‍ച്ചയിലും, ഉല്പാദന പ്രക്രിയയിലും സ്‌റ്റേറ്റിന്റെ പങ്കിനെ ഉറപ്പിക്കുന്ന സ്‌റ്റേറ്റ് ക്യാപിറ്റലിസ്റ്റ് നയങ്ങളായിരുന്നു 1920 കളുടെ ആദ്യം ഇറ്റലിയില്‍ മുസ്സോളിനി മുന്നോട്ട് വെച്ചത്. എന്നാല്‍ 1922 ല്‍ അധികാരത്തിലേറിയ ശേഷം സര്‍ക്കാരും വ്യവസായികളും ഇഴുകിച്ചേര്‍ന്ന പുതിയ സംവിധാനമാണ് മുസ്സോളിനി കൊണ്ടുവന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. പുതിയ വ്യവസായികളുടെ നികുതി വെട്ടിക്കുറച്ചു. ഇന്‍ഷുറന്‍സ്, ടെലിഫോണ്‍ വ്യവസായങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചു. ലോഹ നിര്‍മ്മാണ ശാലകളും മോട്ടോര്‍ വ്യവസായങ്ങളും സ്വകാര്യവ്യക്തികള്‍ക്കു കൈമാറി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ജര്‍മ്മനിയിലും സമാന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങിയത്. 1930 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ നാസി പരിപാടിയുടെ 13-ാം അധ്യായം മൂന്നു കാര്യങ്ങളില്‍ ഊന്നല്‍ നല്‍കി. വ്യവസായങ്ങളുടെ ദേശസാല്‍ക്കരണം, ഓട്ടാര്‍ക്കി (ജര്‍മ്മനിയുടെ സ്വാശ്രിതത്വം), വിദേശ ഉല്പന്നങ്ങള്‍ക്കു മേല്‍ അധിക നികുതി എന്നിവ. 1933-ല്‍ അധികാരമേറ്റതോടെ നടപടികള്‍ മാറി. സമ്പദ് ഘടന സൈനികവല്‍കൃതമായി. ക്രപ്പ്, തിസ്സണ്‍, കാള്‍ ഫ്ളിക്, ഐ.ജി. ഫാര്‍ബന്‍, ബോസ് ഫോക്സ് വാഗണ്‍ തുടങ്ങിയ വ്യവസായികളുടെ രാഷ്ട്രീയ നേതൃത്വവുമായുള്ള ചങ്ങാത്തം ശക്തമായി. യുദ്ധ വ്യവസായങ്ങളുടേയും തടവുകാരെ കൊല്ലുന്നതിനുള്ള രാസവാതകങ്ങളുടേയും കരാറുകള്‍ അവര്‍ക്ക് നല്‍കപ്പെട്ടു. ‘ജര്‍മ്മനിയുടെ ശത്രു’ക്കളായ 60 ലക്ഷം പേരെ ഓഷ്വിറ്റ്സിലും, ബുഹന്‍ വാള്‍ഡിലും, ട്രിബ്ലിങ്കയിലും, ദച്ചാവുവിലും കൂട്ടക്കൊല ചെയ്തു. 50 ലക്ഷം തടവുകാരാണ് കുത്തക കമ്പനികളുടെ അടിമത്തൊഴിലാളികളായി ജോലി ചെയ്തത്. ഉല്പാദനത്തിന്റെ മൂന്നിലൊന്നും തടവുകാരുടെ സംഭാവനയായിരുന്നു. തൊഴില്‍ സമരങ്ങള്‍ നിരോധിക്കപ്പെട്ടു. ജോലി സമയം ആഴ്ചയില്‍ 60 മണിക്കൂറാക്കി. വേതനം മരവിപ്പിക്കപ്പെട്ടു. 1939-ല്‍ നിങ്ങളുടെ നയം മാറ്റിയോ എന്നു ഹിറ്റലറോടു ചോദിച്ചപ്പോള്‍ ”നയമില്ലായ്മയാണ് നാസിസത്തിന്റെ നയം” എന്നദ്ദേഹം മറുപടി പറഞ്ഞു. ഫാസിസത്തിന്റെ വഴികളും മാര്‍ഗ്ഗങ്ങളും വിഭിന്നമാണെങ്കിലും അടിസ്ഥാന നടപടികള്‍ ഒന്നാണെന്ന് ഓട്ടാര്‍ക്കിയും, സ്വാശ്രയ ഭാരതും തെളിയിച്ചിരിക്കുകയാണ്.

II

സമ്പദ്വ്യവസ്ഥയുടെ ചാലക ശക്തിയെന്ന നിലയില്‍ സര്‍ക്കാരുകള്‍ക്കുള്ള പ്രാധാന്യം ഉറപ്പിക്കുന്ന നയ-നടപടികളില്‍ നിന്നുള്ള ഒരു വിഛേദനത്തെയാണ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രതിനിധീകരിക്കുന്നത്. സ്വാതന്ത്യാനന്തര ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനത്തെ സംബന്ധിച്ച് 1940-കളില്‍ത്തന്നെ ഇന്ത്യയില്‍ വിശദമായ ചര്‍ച്ച നടന്നിരുന്നു. ടാറ്റയും, ബിര്‍ളയും, പുരുഷോത്തംദാസ് താക്കൂര്‍ത്തയും, ഡോ. ജോണ്‍ മത്തായിയുമടക്കമുള്ള വ്യവസായികളും സാമ്പത്തിക വിദഗ്ധരും ചേര്‍ന്ന് 1944-ല്‍ തയ്യാറാക്കിയ ‘ബോംബെ പ്ലാന്‍’ ഈ രംഗത്ത് സവിശേഷ സ്ഥാനമര്‍ഹിക്കുന്നു. സമ്പദ് വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാക്കണമെന്നും അടിസ്ഥാന മേഖലകളില്‍ പൊതു നിക്ഷേപം നടത്തി വൈദേശിക കമ്പനികളുടെ കടന്നുകയറ്റത്തില്‍ നിന്നും കമ്പോളത്തെ രക്ഷിക്കുകയും ആ രംഗത്ത് തദ്ദേശീയ സംരംഭകരെ േ്രപാത്സാഹിപ്പിക്കണമെന്നതുമായിരുന്നു ബോംബെ പ്ലാനിന്റെ കാതല്‍. കാര്‍ഷിക മേഖലക്ക് പ്രാമുഖ്യമുള്ള ഒരു രാജ്യത്ത് വ്യവസായിക-കാര്‍ഷിക, സേവന മേഖലകളില്‍ 15 വര്‍ഷത്തിനകം സര്‍ക്കാര്‍ പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്തണമെന്നും ഊര്‍ജ്ജ, ഖനിജ, ധാതു മേഖലകളിലും റെയില്‍, റോഡ്, തുറമുഖ മേഖലകളടക്കമുള്ള അടിസ്ഥാന മേഖലകളെ സ്‌റ്റേറ്റ് മുതല്‍മുടക്കോടെ ശക്തിപ്പെടുത്തണമെന്നും ബോംബെ പ്ലാന്‍ നിര്‍ദ്ദേശിച്ചു. 1944ല്‍ മാര്‍ച്ചില്‍ ചേര്‍ന്ന ഫിക്കിയുടെ വാര്‍ഷികയോഗം ഈ പ്ലാന്‍ അംഗീകരിച്ചു. ഉയര്‍ന്നുവരുന്ന മുതലാളി വിഭാഗത്തിന് നില നില്ക്കണമെങ്കില്‍ സ്‌റ്റേറ്റു നിക്ഷേപത്തിലൂടെ പശ്ചാത്തല വികസനം അനുപേക്ഷണീയമാണെന്ന നിലപാടാണ് ബോംബെ പ്ലാനില്‍ പ്രതിഫലിച്ചത്. പിന്നീട് പീപ്പിള്‍സ് പ്ലാന്‍ എന്ന പേരില്‍ എം.എന്‍. റോയിയും, തുടര്‍ന്ന് മഹലനോബിസും തയ്യാറാക്കിയ പ്ലാനുകളിലും സര്‍ക്കാര്‍ ഇടപെടലിന്റെ പ്രാധാന്യം വിശദീകരിക്കുന്നുണ്ട്.

വ്യവസായ നയം-1948

സ്വാതന്ത്യ സമ്പാദനത്തെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട ദേശീയ സര്‍ക്കാരിലെ വ്യവസായ മന്ത്രിയായിരുന്ന ശ്യാമ പ്രസാദ് മുഖര്‍ജിയാണ്, 1948 ഏപ്രില്‍ മാസം 6-ാം തീയതി ഇന്ത്യയുടെ പാര്‍ലമെന്റില്‍ നമ്മുടെ വ്യവസായ നയം പ്രഖ്യാപിച്ചത്. (പിന്നീട് ജനസംഘത്തിന്റെ രൂപീകരണത്തിന് മുന്‍കയ്യെടുത്തതും ഇതേ മുഖര്‍ജി തന്നെയായിരുന്നു). വ്യവസായങ്ങളെ തന്ത്ര പ്രധാനം, കോര്‍, നോണ്‍കോര്‍ എന്നിങ്ങനെ വിശാലമായ മൂന്നു മേഖലകളിലാക്കി അദ്ദേഹം തരംതിരിച്ചു. തന്ത്ര പ്രധാന മേഖലകളിലും, കോര്‍വിഭാഗത്തിലും സര്‍ക്കാരിന്റെ മുതല്‍ മുടക്കും പൂര്‍ണ്ണ നിയന്ത്രണവും ഉറപ്പുവരുത്തപ്പെട്ടു. സ്വകാര്യ മേഖലയില്‍ തന്നെ രാഷ്ട്രതാല്പര്യവുമായി ബന്ധപ്പെട്ട് ഇടപെടാനും ചിലപ്പോള്‍ ഏറ്റെടുക്കാനും കഴിയുന്ന ഒരു നയമാണ് 1948-ല്‍ പ്രഖ്യാപിക്കപ്പെട്ടത്. ലോകവ്യാപകമായി സേഷ്യലിസ്റ്റ് രാജ്യങ്ങള്‍ ഉയര്‍ന്നുവന്നതും, ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളും നവസ്വാതന്ത്ര്യരാജ്യങ്ങളുടെ ആവിര്‍ഭാവവും ഈ നയത്തിന് പിന്‍ബലമേകി. മൂന്നു വര്‍ഷത്തോളം നീണ്ടു നിന്ന ഭരണ ഘടനാ രൂപീകരണ ചര്‍ച്ചകളും ഇതിനു പശ്ചാത്തലമായി. സോഷ്യലിസ്റ്റു കാഴചപ്പാടുകളേക്കാള്‍ കെയിന്‍സിന്റെ ക്ഷേമരാഷ്ട്ര സിദ്ധാന്തങ്ങളും അതിന്റെ ഭാഗമായ ഡിറിജിസവുമാണ് 1948-ലെ നയത്തില്‍ കൂടുതലായി പ്രതിഫലിച്ചതെന്നു പറയാനാവും. 1950-ലെ പ്ലാനിംഗ് കമ്മീഷന്റെ രൂപീകരണത്തിനും, തുടര്‍ന്നു പ്രഖ്യാപിക്കപ്പെട്ട പഞ്ചവത്സരപദ്ധതികള്‍ക്കും ഉപോല്‍ബലമേകിയ രാഷ്ട്രീയ പശ്ചാത്തലവും ഇതുതന്നെയായിരുന്നു.

വ്യവസായ നയ പ്രമേയം:

1956 ഏപ്രില്‍ 30-നാണ് പാര്‍ലമെന്റില്‍ വ്യവസായ നയ പ്രമേയം അവതരിപ്പിക്കപ്പെട്ടത്. ഇതു പ്രകാരം അടിസ്ഥാന മേഖലകളില്‍പ്പെടുന്നതും തന്ത്രപ്രധാനവുമായ 17 വ്യവസായങ്ങളെ ഷെഡ്യൂള്‍ ‘എ’യില്‍പ്പെടുത്തി. ഷെഡ്യൂള്‍ ‘ബി’ യില്‍പ്പെടുന്ന 12 വ്യവസായങ്ങളിലും പൊതുമേഖലക്കു തന്നെയാണ് പ്രാമൂഖ്യം. ഷെഡ്യൂള്‍ ‘സി’യില്‍പ്പെടുന്ന സ്വകാര്യ സംരംഭങ്ങളിലും സര്‍ക്കാരിന് ഏതു ഘട്ടത്തിലും ഇടപെടാനാവുമെന്നും വ്യവസായ പ്രമേയം നിഷ്‌ക്കര്‍ഷിച്ചു. ഇന്ത്യയുടെ ‘സാമ്പത്തിക ഭരണഘടന’യെന്നറിയപ്പെടുന്ന വ്യവസായ പ്രമേയത്തെ രാജ്യത്തെ പുരോഗമനകാരികള്‍ ഒന്നടങ്കം അംഗീകരിച്ചു. തുടര്‍ന്ന് സോവിയറ്റു യൂണിയനടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ സഹായത്തോടെ ഭിലായി, ബൊക്കോറോ തുടങ്ങിയ സ്റ്റീല്‍ പ്ലാന്റുകളും വിവിധ ജലസേചന പദ്ധതികളും അടിസ്ഥാന തല വ്യവസായങ്ങളും രാജ്യത്ത് ആരംഭിച്ചു. ഇതോടൊപ്പം സ്വകാര്യ മേഖല പ്രവര്‍ത്തിച്ചു നഷ്ടത്തിലായ മേഖലകള്‍ പലതും സര്‍ക്കാര്‍ ഏറ്റെടുത്തു. ചിലത് ദേശസാല്‍ക്കരിച്ചു. 1953-ല്‍ നഷ്ടത്തിലായ 9 വ്യോമയാന കമ്പനികള്‍ ഏറ്റെടുത്ത് ദേശസാല്ക്കരിച്ചുകൊണ്ട് ഇന്ത്യന്‍ എയര്‍ലൈന്‍സും, എയര്‍ ഇന്ത്യയും രൂപീകരിച്ചു. ഗ്രാമീണ മേഖലകളില്‍ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ വിസമ്മതിച്ചിരുന്ന ഇംപീരിയല്‍ ബാങ്ക് 1955-ല്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിക്കുകയും ചെയ്തു. ഇന്‍ഷ്വറന്‍സ് മേഖലയില്‍ ജനങ്ങളെ ചൂഷണം ചെയ്തിരുന്ന 170 കമ്പനികളെ (പിന്നീട് മറ്റു കമ്പനികളടക്കം 245 സ്ഥാപനങ്ങള്‍) ഏറ്റെടുത്തുകൊണ്ട് 1956-ല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ രൂപീകരിച്ചു. 1969-ലാണ് 14 സ്വകാര്യ ബാങ്കുകള്‍ ഏറ്റെടുത്തുകൊണ്ട് ഇന്ദിരാഗാന്ധി ബാങ്ക് ദേശസാല്ക്കരണം പ്രഖ്യാപിച്ചത്. 1980-ല്‍ മറ്റ് 6 ബാങ്കുകള്‍ കൂടി ഏറ്റെടുക്കപ്പെട്ടു. പ്രിവിപഴ്സ് നിര്‍ത്തലാക്കുകകൂടി ചെയ്തതോടെ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ഇടതും വലതുമായി വേര്‍തിരിഞ്ഞു (ഇന്റിക്കേറ്റും സിന്റിക്കേറ്റും).

യോഗക്ഷേമം മഹാമൃഹം: ‘നിങ്ങളുടെ ക്ഷേമം ഞങ്ങളുടെ ഉത്തരവാദിത്വം’

രണ്ടു കൈപ്പത്തികള്‍ക്കുള്ളില്‍ കെടാതെ ജ്വലിക്കുന്ന ദീപനാളമാണ് എല്‍.ഐ.സി.യുടെ ലോഗോ. ആ ദീപവും അണയാന്‍ പോവുകയാണ്. എല്‍.ഐ.സി.യെ. വില്‍ക്കുക എന്നതാണ് സര്‍ക്കാരിന്റെ ഒടുവിലത്തെ ‘പോളിസി’! കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് വലിയ പരസ്യങ്ങളുടെ അകമ്പടിയോടെ വന്ന പിയര്‍ലെസ് എന്ന സ്ഥാപനം തകര്‍ന്നതോ, 2008-ല്‍ അമേരിക്കയിലാരംഭിച്ച തകര്‍ച്ചയെത്തുടര്‍ന്ന് നൂറുകണക്കിന് ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍ പൂട്ടിപ്പോയതോ സര്‍ക്കാരിന് ഒരു പാഠവും നല്‍കുന്നില്ല എന്നുവേണം നാം അനുമാനിക്കാന്‍. 2017-ല്‍ ജനറല്‍ ഇന്‍ഷ്വറന്‍സിന്റേയും പിന്നീട് ന്യൂ ഇന്ത്യാ അഷ്വറന്‍സ് കോര്‍പ്പറേഷന്റേയും ഓഹരി മോദി സര്‍ക്കാര്‍ വിറ്റപ്പോള്‍ അത് എല്‍.ഐ.സി.യാണ് ഏറ്റെടുത്തത്. 1956-ല്‍ നെഹ്രു മുന്‍കൈയ്യെടുത്താണ് അഞ്ചുകോടി മുടക്കി ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. ഇന്നിപ്പോള്‍ 36 ലക്ഷം കോടി രൂപയുടെ ആസ്തിയിലേക്ക് സ്ഥാപനം വളര്‍ന്നു. 1,08684 തൊഴിലാളികള്‍ സ്ഥാപനത്തിലുണ്ട്. 10,69,816 ഏജന്റുമാരുണ്ട്. വിവിധ സ്ഥാപനങ്ങളിലും െ്രപാജക്ടുകളിലുമായി 28 ലക്ഷം കോടി രൂപ മുതല്‍ മുടക്കിയിട്ടുണ്ട്. അടുത്തകാലാത്ത് ഒ.എന്‍.ജി.സി.യുടേയും, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന്റേയും, ഐ.ഡി.ബി.ഐ.യുടേയും പ്രധാന ഓഹരികള്‍ വാങ്ങിയതും എല്‍.ഐ.സി,യാണ്. ‘മുറിക്കകത്ത് കുടുങ്ങിയ ആനയാണ് പൊതുമേഖല’ എന്ന വിമര്‍ശിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് എല്‍.ഐ.സി.. ”സര്‍ക്കാരിന്റെ ഹ്രസ്വദൃഷ്ടിക്കുള്ള ഉദാഹരണമാണ് 90,000 കോടിരൂപയുടെ ഈ വില്പന”യെന്ന് റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ സി. രംഗരാജന്‍ വിമര്‍ശിച്ചിരിക്കുകയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. വി. വി. ഗിരി അടക്കമുള്ള രാഷ്ട്രീയ- േ്രടഡ് യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 1966-ല്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന ജ: ഗജേന്ദ്രഗാഡ്ക്കറുടെ നേതൃത്വത്തില്‍ ഒന്നാം ലേബര്‍ കമ്മീഷന്‍ രൂപീകരിക്കപ്പെട്ടതാണത്. ഒന്നാം ലേബര്‍ കമ്മീഷന്റെ ശുപാര്‍ശയെത്തുടര്‍ന്നാണ് ഇന്ത്യയിലെ േ്രടഡ് യൂണിയന്‍ രംഗത്തെ സുപ്രധാന നിയമമായ കോണ്‍ട്രാക്ട് ലേബര്‍ (അബോളിഷ്മെന്റ്) ആക്ട്-1970 പാസ്സാക്കപ്പെട്ടത്. ക്ഷേമ കാര്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാനമായ പല നിയമങ്ങളും ഇക്കാലത്ത് പാസ്സാക്കപ്പെട്ടു. േ്രടഡ് യൂണിയന്‍ മുന്നണിയില്‍ ഇക്കാലത്ത് നടത്തപ്പെട്ട രണോത്സുകമായ മുന്നേറ്റങ്ങളുടെകൂടി ഉപോല്പന്നങ്ങളായിരുന്നു ഈ നിയമങ്ങള്‍.

വ്യവസായ മേഖലയില്‍ ആധിപത്യം ചെലുത്തുന്നതിനുവേണ്ടി വന്‍കിട കമ്പനികള്‍ നിയമം വിട്ട പല നടപടികളും നടത്തുന്ന ഒരു കാലം കൂടിയായിരുന്നു അത്. ഈ സാഹചര്യത്തില്‍ ഇവരുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിന് 1966-ല്‍ കേന്ദ്രസര്‍ക്കാര്‍ ഹസാരി കമ്മിറ്റിയും തുടര്‍ന്ന് ദത്ത് കമ്മിറ്റിയും രൂപീകരിച്ചു. ഈ കമ്മിറ്റികളുടെ ശുപാര്‍ശകളെ തുടര്‍ന്നാണ് 1969-ലെ കുത്തക നിയന്ത്രണ നിയമം (എം.ആര്‍.ടി.പി.) രൂപീകരിക്കപ്പെട്ടത്. 1970-ല്‍ ലൈസന്‍സിംഗ് സമ്പ്രദായവും നിലവില്‍ വന്നു. മേല്‍ സൂചിപ്പിച്ച നയങ്ങള്‍ക്കും, നടപടികള്‍ക്കുമെതിരായ വമ്പിച്ച രൂപത്തിലുള്ള ഒരു കടന്നാക്രമണമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നതില്‍ സംശയമില്ല.
1971-ലെ ബംഗ്ലാദേശ് വിമോചനവുമായി ബന്ധപ്പെട്ട സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെമേലുള്ള സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള അമേരിക്കനിടപെടലുകളെത്തുടര്‍ന്ന് ഇന്ത്യയിലെ സ്വകാര്യ എണ്ണക്കമ്പനികള്‍ ഇന്ത്യയ്ക്കുള്ള എണ്ണ വിതരണം നിര്‍ത്തിവെച്ചു. തുടര്‍ന്ന് കാല്‍ടെക്സും, ബര്‍മ്മാഷല്ലും, എസ്സോയും പോലുള്ള വിദേശ എണ്ണ കുത്തകകളെ ദേശസാല്‍ക്കരിച്ചുകൊണ്ടാണ് ഇന്ത്യ തിരിച്ചടിച്ചത്. ബി.പി.സി.എല്ലും, ഹിന്ദുസ്ഥാന്‍ പെേ്രടാളിയവും, ഇന്ത്യന്‍ ഓയില്‍ കമ്പനിയും പോലുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ രൂപീകരണം ഇതിന്റെ തുടര്‍ച്ചയാണ്.

In this world, nothing can be said to be certain, except death and taxes. -ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍

കോവിഡ് കാലത്തിന് ചേര്‍ന്ന വിശേഷണം! സുനിശ്ചിതമായ കാര്യങ്ങള്‍ രണ്ടാണ്. മരണവും നികുതിയും. തുടര്‍ച്ചയായി 21 ദിവസം പെേ്രടാള്‍- ഡീസല്‍ വിലയും നികുതിയും കൂട്ടിയപ്പോള്‍ത്തന്നെ പെേ്രടാളിയം ഭീമനായ ഭാരത് പെേ്രടാളിയം കോര്‍പ്പറേഷന്‍ വാങ്ങാനാളുണ്ടോ എന്ന തകൃതിയിലായ അന്വേഷണത്തിലാണ് സര്‍ക്കാര്‍. ലോകത്ത് ഉര്‍ജ്ജ ഉപഭോഗത്തില്‍ ഇന്ന് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അടുത്ത പത്തു വര്‍ഷത്തിനകം (2020-30) എണ്ണ ഉപഭോഗം ഇന്ത്യയില്‍ ഇരട്ടിയായി പ്രതിവര്‍ഷം 163 മില്യണ്‍ ടണ്ണാകുമെന്നാണ് കണക്കു കൂട്ടപ്പെടുന്നത്. ഇതുകണ്ടുകൊണ്ടാണ് ബി.പി.സി.എല്ലില്‍ സര്‍ക്കാരിനുള്ള മുഴുവന്‍ ഓഹരിയും (53.29%) സ്ട്രാറ്റജിക് വില്പനയിലുടെ സ്വകാര്യ സ്ഥാപനത്തിന് കൈമാറുന്നത്. ഏറ്റെടുക്കാന്‍ തയ്യാറായി വന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ അതിന് അനുവദിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന് ഡിവിഡന്റ് ഇനത്തില്‍ 2018-19ല്‍ 7600 കോടിയാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം നല്‍കിയത്. 2018-ല്‍ മാത്രം സ്ഥാപനത്തിന്റെ ലാഭം 8528 കോടിരൂപയാണ്. 35 മില്യണ്‍ ടണ്‍ എണ്ണ ശുദ്ധീകരണശേഷി, 15078 എണ്ണ വിതരണ പമ്പ് സ്‌റ്റേഷനുകള്‍, 6004 എല്‍.പി.ജി. ഡിസ്ട്രിബ്ലൂട്ടര്‍മാര്‍. സ്ഥാപനത്തിന്റെ മൂല്യത്തിന്റെ പത്തിലൊന്നുമാത്രം വരുന്ന 60,000 കോടി സമാഹിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുന്നനുഭവം വെച്ച് ഏറ്റെടുക്കാന്‍ വന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ സര്‍ക്കാര്‍ അടുപ്പിച്ചിട്ടില്ല. റഷ്യയിലെറോസ്നെഫ്റ്റ്, സൗദി ആരാംകോ, കുവൈറ്റ് പെേ്രടാളിയം, അമേരിക്കയിലെ എക്സണ്‍ മൊബില്‍, അബുദാബി നാഷണല്‍ ഓയില്‍, ബ്രിട്ടന്റെ ഷെല്‍, ടോട്ടല്‍ എസ്.എ., …. ഭൈമീകാമുകരുടെ നീണ്ട നിര ഏറ്റെടുക്കാനായിട്ടുണ്ട്. ചങ്ങാത്ത മുതലാളിത്തത്തിന്റെ ഇന്ത്യയിലെ ഏറ്റവും നല്ല പ്രതിനിധിയായ അംബാനിയുടെ റിലയന്‍സിനും നറുക്കുവീഴാം.

കല്‍ക്കരി മേഖലയില്‍ ദേശീയാവശ്യങ്ങളും, റെയില്‍, ഊര്‍ജ്ജ, സിമന്റ്, സ്റ്റീല്‍ കമ്പനികളുടെ ആവശ്യങ്ങള്‍ക്കും ഉതകാത്ത ഉല്പാദനം നടത്തിയ കമ്പനികളെ ഏറ്റെടുത്തുകൊണ്ട് കല്‍ക്കരി മേഖലയും ഇന്ത്യ 1970-80 കാലത്ത് ദേശസാല്‍ക്കരിച്ചു. 1972-ല്‍ നാഷണല്‍ കേള്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനം രൂപീകരിച്ചു. ഇപ്പോഴത് കോള്‍ ഇന്ത്യാ ലിമിറ്റഡ് ആണ്. കല്‍ക്കരി മേഖലയുടെ വിവിധ ബ്ലോക്കുകള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് 2014-ല്‍ യു.പി.എ. സര്‍ക്കാരിനെതിരേ നടത്തിയ വമ്പിച്ച അഴിമതി വിരുദ്ധ പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇപ്പോള്‍ അതിലേറെ ബ്ലോക്കുകളാണ് അവര്‍ വില്‍ക്കുന്നത്.

സ്വകാര്യ ശക്തികള്‍ വീണ്ടും തുരന്നെടുക്കുന്ന കല്‍ക്കരി മേഖല.

226 സ്വകാര്യ കല്‍ക്കരി കമ്പനികളെ 1972-ല്‍ ഏറ്റെടുത്തുകൊണ്ട് മന്ത്രി മോഹന്‍ കുമാരമംഗലമാണ് കല്‍ക്കരി ദേശസാല്‍ക്കരണം പ്രഖ്യാപിച്ചത്. 1973-ല്‍ അവയുടെ എണ്ണം 771 ആയി. കോള്‍ മൈന്‍ അതോറിറ്റി രൂപീകരിക്കപ്പെട്ടു. 1975-ല്‍ കോള്‍ ഇന്ത്യാ ലിമിറ്റഡ് (സി.ഐ.എല്‍.) എന്ന് പേരുമാറ്റി. ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനന സ്ഥാപനമാണ് ഇന്ന് സി.ഐ.എല്‍. 2011-ല്‍ മഹാരത്ന കമ്പനിയായി പ്രഖ്യാപിക്കപ്പെട്ടു. ‘പൊതുമേഖലാ സ്ഥാപനങ്ങളുടെ കിരീടത്തിലെ രത്നം’ എന്നു വിശേഷണമുള്ള സ്ഥാപനം. 2,72,445 തൊഴിലാളികളും ജീവനക്കാരും സ്ഥാപനത്തിനുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 1,40,663 കോടി രൂപ കഴിഞ്ഞ വര്‍ഷം ഡിവിഡന്റ് ആയി 8105 കോടി രൂപ സര്‍ക്കാരിന് നല്‍കി. രാജ്യത്തിന്റെ ഊര്‍ജ്ജ മേഖലയ്ക്കാവശ്യമായ 82 ശതമാനം കല്‍ക്കരിയും നല്‍കുന്നു. കഴിഞ്ഞ വര്‍ഷം തൊഴിലാളികള്‍ക്ക് ബോണസ്സായി 64,700 രൂപ വീതം നല്‍കി. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഇനത്തില്‍ 3 വര്‍ഷത്തിനിടയില്‍ 1978 കോടി രൂപ നല്‍കി. കല്‍ക്കരിപ്പാടങ്ങളെ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ഭാഗമായ ‘പരിസ്ഥിതി പ്രത്യാഘാത നിര്‍ണ്ണയ – ഇ.ഐ.എ. – ചട്ടം സര്‍ക്കാര്‍ ഭേദഗതിചെയ്യുന്നത്. സ്വകാര്യവല്‍ക്കരണ നീക്കത്തിനെതിരേ ജൂലൈ 2 മുതല്‍ 5 വരെ മൂന്നു ദിവസം തൊഴിലാളികള്‍ യോജിച്ച് പണിമുടക്കു നടത്തി. ”പൊന്മുട്ടയിടുന്ന താറാവിനെയാണ് സര്‍ക്കാര്‍ കൊല്ലുന്ന” തെന്ന് ബി.എം.എസ്. അഖിലേന്ത്യാ സെക്രട്ടറി ബ്രിജേഷ് ഉപാധ്യായ വിമര്‍ശിച്ചു.

ഇന്ത്യയിലെ ദേശീയ വ്യവസായം എന്നറിയപ്പെടുന്നതും ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതുമായ മേഖലയാണ് ടെക്സ്‌റ്റൈല്‍ വ്യവസായം. ആ രംഗത്തെ നഷ്ടത്തെ തുടര്‍ന്ന്, മുതലാളിമാര്‍ ഉപേക്ഷിച്ചുപോയ നൂറോളം വ്യവസായങ്ങള്‍ 1968-ല്‍ ഇന്ത്യാ സര്‍ക്കാര്‍ ഏറ്റെടുക്കുകയും നാഷണല്‍ ടെക്സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ചുകൊണ്ട് ലക്ഷക്കണക്കിന് പേരുടെ തൊഴില്‍ സംരക്ഷിക്കുകയുമുണ്ടായി. 1974-ല്‍ പീഡിത വ്യവസായ സംരക്ഷണ നിയമത്തിന്റെയടിസ്ഥാനത്തില്‍ ഏറ്റെടുത്ത കമ്പനികളുടെ എണ്ണം 103 ആയി.

III

1980-കളോടെ ലോക രാഷ്ട്രീയത്തിന്റെ ദിശയില്‍ത്തന്നെ പ്രകടമായ വലതു പക്ഷ ചായ്വിലേക്ക് മാറ്റമുണ്ടായി. എണ്ണ പ്രതിസന്ധിയുടേയും, സ്റ്റാഗ്ഫ്ളേഷന്റെയും പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പൊതു സ്ഥാപനങ്ങളുടേയും ക്ഷേമപ്രവര്‍ത്തനങ്ങളുടേയും നടത്തിപ്പില്‍ നിന്നും പിന്നോട്ടുമാറി. ഇതിന്റെ ഏറ്റവും ശക്തമായ വക്താവായി മുന്നോട്ടുവന്നത് ബ്രിട്ടണിലെ മാര്‍ഗ്രറ്റ് താച്ചറായിരുന്നു. വലതുപക്ഷ സമ്പദ് ശാസ്ത്രത്തിന്റെ വക്താവായ പീറ്റര്‍ ഡ്രക്കറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ”1960കളില്‍ സര്‍ക്കാരിടപെടലുകളുടെ മാസ്മരിക പ്രഭാവത്തില്‍ ഹിപ്നോട്ടൈസ് ചെയ്യപ്പെട്ട ജനസാമാന്യം പിന്നീടാകട്ടെ പൊതു സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥതയെ വെറുത്തു. അവയിലെ അഴിമതിയും സ്വജനപക്ഷപാതവും കാര്യക്ഷമതയില്ലായ്മയും സ്ഥാപനങ്ങളെ ജനങ്ങളില്‍ നിന്നും അകറ്റി.” സ്വകാര്യവല്‍ക്കരണ നടപടികള്‍ക്കാധാരമായ ഒരു ഭൗതിക പശ്ചാത്തലം ഇങ്ങനെ സൃഷ്ടിക്കപ്പെടുകയായിരുന്നു. സ്വതന്ത്ര വിപണിയുടെ വക്താവായ െ്രഫഡറിക് വോണ്‍ഹായെക്കും, സ്വന്തം ഉപദേഷ്ടാവായ കീത്ത് ജോസഫുമായിരുന്നു താച്ചറിന്റെ നയങ്ങളെ സ്വാധീനിച്ചത്. ”സോഷ്യലിസത്തിന്റെ അഴിമതി ഗ്രസ്തവും, പഴകി ജീര്‍ണ്ണിച്ചതും, കാലഹരണപ്പെട്ടതുമായ ദുഷ്ഫലങ്ങളെ ഇല്ലാതാക്കാനാണ് താന്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്ന”തെന്ന് താച്ചര്‍ പ്രഖ്യാപിച്ചു. 1989-ല്‍ അധികാരമേറ്റെടുത്തശേഷം ബ്രിട്ടീഷ് എയര്‍വേയ്സ്, ബ്രിട്ടീഷ് ടെലികോം, ബ്രിട്ടീഷ് ഗ്യാസ്, ബ്രിട്ടീഷ് സ്റ്റീല്‍ തുടങ്ങിയ പൊതുമേഖലകളുടെ ആസ്തി വിറ്റഴിക്കപ്പെട്ടു. ഇതിലൂടെ 20.1 ബില്യണ്‍ ഡോളറാണ് സമാഹരിക്കപ്പെട്ടത്. മറുഭാഗത്ത് അമേരിക്കയില്‍ റൊണാള്‍ഡ് റെയ്ഗണാകട്ടെ സൈനിക ചെലവുകള്‍ കൂട്ടിയും, സമ്പന്നരുടെ നികുതികള്‍ വെട്ടിക്കുറച്ചും, ക്ഷേമപദ്ധതികളില്‍ നിന്നും പിന്മാറിയും ഇതേ നടപടികള്‍ തുടരുകയായിരുന്നു. – ‘Donot just stand on there, undo some how’ അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ തൊഴിലാളികളില്‍ കേവലം ഏഴു ശതമാനമാണ് പൊതു മേഖലയില്‍ അക്കാലത്ത് ജോലി ചെയ്തിരുന്നതെങ്കില്‍ അമേരിക്കയിലത് രണ്ടു ശതമാനം മാത്രമായിരുന്നു. അവിടെ നിന്നും മുന്നോട്ടുപോകാനാണ് റെയ്ഗണ്‍ ആവശ്യപ്പെട്ടത് അന്‍ഡു വിന്റെ അര്‍ത്ഥമതായിരുന്നു. തുടര്‍ന്ന് 1990കളുടെ ആദ്യം 11 സംസ്ഥാനങ്ങളിലെ റോഡുകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടു.

സോവിയറ്റ് യൂണിയന്റെ പൊളിച്ചെടുക്കലുമായി ബന്ധപ്പെട്ട് ഗോര്‍ബച്ചോവ് പ്രഖ്യാപിച്ച ഗ്ലാസ് നോസ്റ്റ്, പെരിസ്േ്രടായിക്ക നടപടികളേയും ഇതുമായി ചേര്‍ത്ത് നാം വായിക്കേണ്ടതാണ്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശിഥിലമായി. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിരിച്ചുവിടപ്പെട്ടു. 1989ല്‍ രണ്ടു ജനര്‍മ്മനികളേയും വേര്‍തിരിച്ച ബര്‍ലിന്‍ മതില്‍ റെയ്ഗന്റെ കാര്‍മ്മികത്വത്തില്‍ പൊളിച്ചുനീക്കപ്പെട്ടു. പൊളിഞ്ഞുവീണ മതിലിന്റെ മുകളിലിരുന്ന് ചെറുപ്പക്കാര്‍ ജനാധിപത്യത്തിന്റെ ഷാംപെയിന്‍ പൊട്ടിച്ചു. പിറ്റേ വര്‍ഷം തന്നെ ജര്‍മ്മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ പൊതു മേഖലയെ വിറ്റഴിക്കുന്നതിനായി ട്രൂബെന്റന്‍സ്റ്റാള്‍ട്ട് എന്ന ഒരു സ്ഥാപനം രൂപീകരിച്ചു. ഒരു വര്‍ഷത്തിനകം തന്നെ കിഴക്കന്‍ ജര്‍മ്മനിയിലെ 300 പൊതു മേഖലാ സ്ഥാപനങ്ങളുടെ 1.2 ബില്യണ്‍ ഡോളര്‍ ആസ്തികള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളിലുമായി 5 ട്രില്യണ്‍ ഡോളറിന്റെ പൊതു മേഖലാ ആസ്തികളാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത്.

പുത്തന്‍ സാമ്പത്തിക നയം – 1991

ഈ പൊതുപശ്ചാത്തലത്തിലാണ് 1991-ല്‍ ഇന്ത്യയിലെ പാര്‍ലമെന്റില്‍ പുത്തന്‍ സാമ്പത്തിക നയം പ്രഖ്യാപിക്കപ്പെടുന്നത്. ജൂലൈ 24ന് അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍സിംഗ് പുത്തന്‍ വ്യവസായ നയവും പ്രഖ്യാപിച്ചു. ഡീ ലൈസന്‍സിംഗ്, വിദേശ മൂലധനം സ്വീകരിക്കുന്നതിനുള്ള തടസ്സങ്ങളെ നീക്കം ചെയ്യല്‍, ഡിസ് ഇന്‍വെസ്റ്റ്മെന്റ്, സാങ്കേതിക വിദ്യാരംഗത്തെ ഉദാരവല്‍ക്കരണം, വിദേശ നിക്ഷേപ േ്രപത്സാഹന ബോര്‍ഡ് സ്ഥാപിക്കല്‍, ചെറുകിട വ്യവസായ േ്രപാത്സാഹനം തുടങ്ങിയവ ഈ നയത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടു. ലൈസന്‍സ്, പെര്‍മിറ്റ്, ക്വാട്ട-രാജ് ഭൂതകാല ഓര്‍മ്മകളായി മാറി. പൊതുമേഖലയ്ക്കു പകരം സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്ന നടപടികളാണ് തുടര്‍ന്നുണ്ടായത്.

പുത്തന്‍ സാമ്പത്തിക നയം – ക്യു ആര്‍.എസ്.

1991 ജൂലൈ 24നാണ് പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായ വ്യവസായ പ്രഖ്യാപനം പാര്‍ലമെന്റില്‍ നടത്തപ്പെട്ടത്. പൊതുമേഖലയ്ക്കുള്ള നിക്ഷേപം വെട്ടിക്കുറയ്ക്കുക, അവയുടെ ആസ്തി വില്‍ക്കുക, സ്വകാര്യമേഖലയെ േ്രപാത്സാഹിപ്പിക്കുക എന്നീ നടപടികളാണ് തുടര്‍ന്നുണ്ടായത്. പിറ്റെ മാസം സ്വിറ്റ്സര്‍ലണ്ടിലെ ഡാവോസില്‍ നടന്ന ലോകസാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തില്‍ ധനകാര്യ മന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് പങ്കെടുത്തു. തിരിച്ചുപോരുമ്പോള്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ള എഞ്ചിനുകളുടെ ഓര്‍ഡര്‍ ആസ്യബ്രൗണ്‍ ബോവരി – ഏ.ബി.ബി. – എന്ന സ്ഥാപനത്തിനു നല്‍കി. ഭെല്ലിന്റെ റെയില്‍വേ എഞ്ചിനുകളേക്കാള്‍ അഞ്ചിരട്ടി വിലയായിരുന്നു എ.ബി.ബി.യ്ക്ക്. ഏ.ബി.ബി.യുടെ ഡയറക്ടറായിരുന്ന പേഴ്സിബാണ്‍വിച്ച് ആയിരുന്നു ഡാവോസ് സമ്മേളനത്തിന്റെ സംഘാടകന്‍.
നിപാനി, പാനിപട്ട് തുടങ്ങിയ ജലവൈദ്യുത പദ്ധതികള്‍ക്കുള്ള ജനറേറ്ററുകളുടെ നിര്‍മ്മാണം ഭെല്ലിനു നല്‍കാതെ സ്നാം േ്രപാജറ്റി എന്ന സ്ഥാപനത്തിനാണ് നല്‍കപ്പെട്ടത്. ബോഫോഴ്സ് ഇടപാടിലെ മധ്യവര്‍ത്തി എന്ന നിലയില്‍ കുപ്രസിദ്ധന്‍. രാജീവ്ഗാന്ധിയുടേയും സോണിയഗാന്ധിയുടേയും സുഹൃത്ത്, സ്നാംേ്രപാജെറ്റിയുടെ ഡയറക്ടര്‍. രാഷ്ട്രീയവൃത്തങ്ങളില്‍ ഈ ഇടപാടുകളെ തുടര്‍ന്ന് ക്വേ്രടാച്ചി, രാജീവ്, സോണിയ-ക്യൂ ആര്‍ എസ്. എന്ന സമവാക്യം 1991-ഓടെ പ്രസിദ്ധമായി.

1991-’92 കാലത്തുമാത്രം 31 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് 3038 കോടി രൂപ സമാഹിക്കപ്പെട്ടു. 1996-ല്‍ ജി.വി. രാമകൃഷ്ണ കമ്മീഷണറായി ഡിസ്ഇന്‍വെസ്റ്റ്മെന്റ് കമ്മീഷന്‍ രൂപീകരിക്കപ്പെട്ടു. പൊതു മേഖലയെ സ്വന്തം കാലില്‍ നിര്‍ത്തുകയും, ഈ രംഗത്തുള്ള സര്‍ക്കാരിന്റെ ബാധ്യത കുറയ്ക്കുകയുമാണ് ഡിസ്ഇന്‍വെസ്റ്റ്മെന്റിന്റെ ഉദ്ദേശമെന്ന് ജി.വി. രാമകൃഷ്ണ പ്രഖ്യാപിച്ചു. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്കും അതിന്റെ ഭാഗമായ ഡിസ്ഇന്‍വെസ്റ്റ്മെന്റിനുമെതിരേ ഇന്ത്യയിലെ േ്രടഡ് യൂണിയനുകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങി. 1991 നവംബര്‍ 29ന് േ്രടഡ് യൂണിന്‍ സ്പോണ്‍സറിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തപ്പെട്ടു. 1992 നവംബര്‍ 25ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ചു നടത്തപ്പെട്ടു. 1993-ല്‍ നാഷണല്‍ പ്ലാറ്റ്ഫോം ഓഫ് മാസ് ഓര്‍ഗനൈസേഷന്‍ രൂപീകരിക്കപ്പെട്ടു. അതിന്റെ നേതൃത്വത്തില്‍ 1993 സെപ്റ്റംബര്‍ 9ന് ഭാരത ബന്ദും പണിമുടക്കും നടത്തപ്പെട്ടു. ബി.എം.എസ്., ഐ.എന്‍.ടി.യു.സി. അടക്കമുള്ള േ്രടഡ് യൂണിയനുകള്‍ വിട്ടുനിന്നിട്ടും ഭൂരിപക്ഷം യൂണിയനുകളും ഈ പണിമുടക്കുകളില്‍ പങ്കാളികളായി. നരസിംഹ റാവു സര്‍ക്കാരിന്റെ പതനത്തിന് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഈ പൊതു പ്രക്ഷോഭം വലിയ പങ്കുവഹിച്ചിട്ടുണ്ട്. തുടര്‍ന്ന് രൂപീകരിക്കപ്പെട്ട യുണൈറ്റഡ് ഫ്രണ്ട് സര്‍ക്കാരിന്റെ കാലത്ത് ഈ നയങ്ങളില്‍ നിന്നും ചില മാറ്റങ്ങളുണ്ടായിയെങ്കിലും 1996-ല്‍ അവരാണ് ഡിസ് ഇന്‍വെസ്റ്റ്മെന്റ് കമ്മീഷന്‍ രൂപീകരിച്ചത്.

വാജ്പേയി സര്‍ക്കാരും സ്വകാര്യവല്‍ക്കരണവും

‘ഉരലു വിഴുങ്ങുമ്പോള്‍ വിരലുകൊണ്ടുള്ള മറ’ പോലും വേണ്ടതില്ല എന്ന് 1999-ല്‍ അധികാരമേറിയ വാജ്പേയി സര്‍ക്കാര്‍ തീരുമാനിച്ചു. വ്യവസായ മേഖലയില്‍ രണ്ടു കാര്യങ്ങളാണ് ആ സര്‍ക്കാര്‍ ചെയ്തത്. ‘തൊഴില്‍ നിയമങ്ങളെ പരിശോധിക്കാനും സമഗ്രമായി പരിഷ്‌ക്കരിക്കാ’നുമായി രവീന്ദ്രവര്‍മ്മ അധ്യക്ഷനായി രണ്ടാം ലേബര്‍ കമ്മീഷന്‍ രൂപീകരിച്ചതായിരുന്നു അതിലൊന്ന്. തൊഴില്‍ നിയമങ്ങള്‍ കാലാനുസൃതമാക്കണമെന്നും നിക്ഷേപക താല്പര്യങ്ങളെ സംരക്ഷിക്കാനായി മാറ്റിയെഴുതണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു. 1999 ഡിസംബറില്‍ ഒരു പ്രത്യേക ഡിപ്പാര്‍ട്ട്മെന്റ് രൂപീകരിച്ചു. 2001 സെപ്റ്റംബറില്‍ ധനമന്ത്രാലയത്തിനു കീഴില്‍ അരുണ്‍ ഷൂരിയുടെ നേതൃത്വത്തില്‍ ഡിസ് ഇന്‍വെസ്റ്റ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് രൂപീകരിച്ചതായിരുന്നു രണ്ടാമതായുണ്ടായത്. 2004-ല്‍ അധികാരമൊഴിയുന്നതിനകം പന്ത്രണ്ടു കമ്പനികളെ സ്വകാര്യവല്‍ക്കരിച്ചു. ആ പൊതു മേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികളെ പൂര്‍ണ്ണമായും വിറ്റഴിച്ചുകൊണ്ടോ സ്ട്രാറ്റജിക് വില്പനയിലൂടെയോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു കൈമാറുകയാണുണ്ടായത്. അത് പ്രകാരം മാരുതി ഉദ്യോഗ് കമ്പനിയെ സുസുക്കിക്കു കൈമാറി. ഹിന്ദുസ്ഥാന്‍ സിങ്ക്, ഭാരത് അലൂമിനിയം കമ്പനി (ബാല്‍കോ) എന്നിവയെ അനില്‍ അഗര്‍വാളിന്റെ വേദാന്ത ഗ്രൂപ്പ് ഏറ്റെടുത്തു. വിദേശ സഞ്ചാര്‍ നിഗം ലിമിറ്റഡിനെ ടാറ്റയ്ക്കു വിറ്റു. മോഡേണ്‍ ഫുഡ്സിനെ ഹിന്ദുസ്ഥാന്‍ ലിവറിനു കൈമാറി. ഇന്ത്യന്‍ പെേ്രടാ കെമിക്കല്‍സ് റിലയന്‍സ് ഗ്രൂപ്പിനു വിറ്റു.

തുടര്‍ന്നു വന്ന 1-ാം യു.പി.എ. സര്‍ക്കാര്‍ ഡിസ് ഇന്‍വെസ്റ്റ് മന്ത്രാലയം നിര്‍ത്തലാക്കി. അതേ സമയം ഒന്ന്, രണ്ട് – യു.പി.എ. സര്‍ക്കാരുകള്‍ ഓഹരി വില്പന തുടര്‍ന്നുകൊണ്ടിരുന്നു. രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് നടന്ന ടു-ജി സ്പെക്ട്രം, കല്‍ക്കരിപ്പാടം, തുടങ്ങിയവയുടെ വില്പനയില്‍ നടന്ന പര്‍വ്വത സമാനമായ അഴിമതിക്കെതിരേ ജനരോഷം ശക്തമായി ഉയരുകയുണ്ടായി. 2014-ലെ മോദി സര്‍ക്കാരിന്റെ ആരോഹണത്തിലേക്ക് നയിച്ച പ്രധാനപ്പെട്ട രാഷ്ട്രീയ സംഭവഗതികളിലൊന്ന് ഇതായിരുന്നു. ലോകമാസകലം നടക്കുന്ന സ്വകാര്യവല്‍ക്കരണവും അഴിമതിയും തമ്മിലുള്ള ബാന്ധവത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവങ്ങള്‍.

മോദിയുടെ വരവും സ്ട്രാറ്റജിക് വില്പനയും

വാജ്പെയി സര്‍ക്കാരിന്റെ അവസാന കാലത്ത് (2004 മെയ് 27ന്) ഡിസ് ഇന്‍വെസ്റ്റ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ധനമന്ത്രാലയത്തിനു കീഴിലാക്കുകയാണുണ്ടാത്. മോദി സര്‍ക്കാര്‍ 2016 ഏപ്രില്‍ 14ന് ഈ ഡിപ്പാര്‍ട്ട്മെന്റിനെ, ഡിപ്പാര്‍ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ് – DIPAM- എന്നു പുനര്‍നാമകരണം ചെയ്യുകയും പൊതുമേഖലാ വില്പനയുടെ നോഡല്‍ ഏജന്‍സിയാക്കുകയുമുണ്ടായി. ഡിസ് ഇന്‍വെസ്റ്റ്മെന്റിന്റെ പേരുമാറ്റി ഇന്‍വെസ്റ്റ്മെന്റ് എന്നാക്കിയ വിചിത്ര യുക്തിയാണിവിടെ കാണാനാവുന്നത്! കഴിഞ്ഞ അഞ്ചുവര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പന ഒരു പതിഞ്ഞ താളത്തിലാണ് മുന്നോട്ടുപോയത്. എന്നിട്ടുപോലും 2014 മുതല്‍ 18 വരെ 2,79,622 കോടി രൂപയാണ് അവര്‍ ഇതിലൂടെ സമാഹരിച്ചത്. 2004 മുതല്‍ 14 വരെയുള്ള 10 വര്‍ഷംകൊണ്ട് സമാഹരിച്ച 1,07,833 കോടി രൂപയുടെ സ്ഥാനത്താണിത്. ഇതില്‍ പല ഓഹരികളും വാങ്ങിയത് പൊതുമേഖലാ സ്ഥാപനങ്ങള്‍ തന്നെയാണ്. 2015 ല്‍ കോള്‍ ഇന്ത്യയുടെ അമ്പത് ശതമാനവും, കോണ്‍ കോര്‍ ഇന്ത്യയുടെ എണ്‍പത്തി ആറു ശതമാനവും വാങ്ങിയത് എല്‍.ഐ.സി.യായിരുന്നു. ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്സിന്റേയും. ഹിന്ദുസ്ഥാന്‍ പെേ്രടാളിയം കോര്‍പ്പറേഷന്റെ ഓഹരി 36,915 കോടി രൂപയ്ക്ക് ഒ.എന്‍.ജി.സി.യും വാങ്ങി.

വില്പനയും അടച്ചുപൂട്ടലുകളും

ഡിസ് ഇന്‍വെസ്റ്റ്മെന്റ് : പൊതുമേഖലാ സ്ഥാപനത്തില്‍ സര്‍ക്കാരിന്റെ നിശ്ചിത ഓഹരി വില്‍ക്കുന്ന നടപടി.
സ്ട്രാറ്റജിക് ഡിസ്-ഇന്‍വെസ്റ്റ്മെന്റ് : പൊതുമേഖലാ സ്ഥാപനത്തില്‍ സര്‍ക്കാരിന്റെ അമ്പതു ശതമാനമോ അതിലധികമോ ഉള്ള ആസ്തി വില്‍ക്കുന്ന നടപടി. തുടര്‍ന്ന് സര്‍ക്കാരിന് ആ സ്ഥാപനത്തിന്റെ ഭരണ നടത്തിപ്പും ഉടമസ്ഥതയും നഷ്ടപ്പെടും.
സ്വകാര്യവല്‍ക്കരണം : സര്‍ക്കാരിന്റെ ഓഹരികള്‍ പൂര്‍ണ്ണമായും വില്‍ക്കുകയും അത് സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുകയും ചെയ്യുന്ന നടപടി. ബി.പി.സി.എല്ലില്‍ നടക്കുന്നത് അതാണ്.

നരേന്ദ്രമോദിയുടെ രണ്ടാം വരവോടെ പൊതുമേഖലയെ സംരക്ഷണത്തെ സംബന്ധിച്ച പ്രത്യക്ഷ നാട്യങ്ങളെല്ലാം അവര്‍ ഉപേക്ഷിച്ചു. 2019-20 ബഡ്ജറ്റ് പ്രകാരം 1.05 ലക്ഷം കോടി രൂപ പൊതു മേഖലാ വില്പനയിലൂടെ സമാഹരിക്കുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ കേവലം 17,000 കോടി രൂപമാത്രമാണ് സമാഹരിക്കാനായത്. ഇതിനിടയില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ സമ്പദ്ഘടനയില്‍ പ്രതിഫലിച്ചു തുടങ്ങി. നോട്ടു നിരോധനം, ജി.എസ്.ടി. തുടങ്ങിയ നടപടികളിലൂടെ ലക്ഷക്കണക്കിനു ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടപ്പെട്ടു. കാര്‍ഷിക മേഖല വലിയ തകര്‍ച്ച നേരിട്ടു. തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ ഏറ്റവും രൂക്ഷവുമായി. കുത്തകകളുടെ കോര്‍പ്പറേറ്റു നികുതിയില്‍ വലിയ ഇളവുകള്‍ നല്‍കിയതോടെ ബഡ്ജറ്റ് വരുമാനം കുത്തനെ ഇടിഞ്ഞു. ഇതിന് ഒറ്റമൂലി എന്ന നിലയിലാണ് പൊതുമേഖലയുടെ ഓഹരി വില്പന വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. മോദി അധികാരത്തിലേറിയ വര്‍ഷം 2014-15 ല്‍ ഓഹരി വില്പനയിലൂടെ ലഭിച്ചത് 19,967 കോടിയായിരുന്നത് 2018-91ല്‍ 84,972 കോടി രൂപയായി. 2014-15-ല്‍ ബഡ്ജറ്റ് വരുമാനത്തിന്റെ രണ്ടു ശതമാനം വില്പനയിലൂടെ ലഭിച്ചത് 2018-2019-ല്‍ ഏഴുശതമാനമായി ഉയര്‍ന്നു.

വില്‍പ്പന മഹാമേള:

2004 മുതല്‍ 2014 വരേയുള്ള വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം നാലുവീതമുള്ള പൊതു മേഖലാ വില്പനയാണ് നടന്നതെങ്കില്‍ 2014-മുതല്‍ 2019 വരെയുള്ള അഞ്ചുവര്‍ഷത്തില്‍ പ്രതിവര്‍ഷം 21 സ്ഥാപനങ്ങള്‍ ശരാശരി വിറ്റതായാണ് കേന്ദ്ര ധന സഹമന്ത്രിയുടെ അവകാശവാദം. 2019 ല്‍ മാത്രം 33 വില്പനയും നടന്നു.ചെറിയ വില്പനയും സ്ട്രാറ്റജിക് വില്പനയും ഇതില്‍പ്പെടും.

വര്‍ഷം മൊത്തം വില്പന സ്ട്രാറ്റജിക് വില്പന

2015-16 69,500 28,500
2016-17 56,500 20,500
2017-18 72,500 15,000
2018-19 80,600 —
2019-20 1,05,000 —
2020-21 2,10,000 (ലക്ഷ്യമിടുന്നത്)

IV

പൊതുമേഖലകള്‍ രാഷ്ട്രീയമായി കാലഹരണപ്പെട്ടു എന്ന നിലപാടാണ് എക്കാലവും ബി.ജെ.പി.ക്കുള്ളത്. 1990 കളില്‍ ഒരു വിഭാഗം സ്വദേശി ജാഗര മഞ്ച് രൂപീകരിക്കുമ്പോഴും വിദേശ കുത്തകകള്‍ക്കെതിരേ നാടന്‍ കുത്തകകളുടെ ശാക്തീകരണത്തെ തന്നെയാണ് അവര്‍ ലക്ഷ്യം വച്ചതും. പൊതു മേഖലയിലെ അഴിമതി, കാര്യക്ഷമതയില്ലായ്മ, കെടുകാര്യസ്ഥത, മത്സരക്ഷമതയില്ലായ്മ, ഉല്പന്നങ്ങളുടെ വൈവിധ്യതയില്ലായ്മ, പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതമാക്കാതെ സാങ്കേതിക രംഗത്ത് പിന്തള്ളപ്പെട്ടു പോകല്‍ തുടങ്ങിയ ഒട്ടനവധി വിമര്‍ശനങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകവ്യാപകമായിത്തന്നെ ഉയര്‍ത്തപ്പെടുകയും, ഫലപ്രദമായത് സ്വകാര്യമേഖലയാണ് എന്ന പ്രചാരണം ശക്തവുമാണ്. എന്നാല്‍ പൊതുമേഖല സമ്പദ് വ്യവസ്ഥയിലും സാമൂഹ്യ രംഗത്തും ചെലുത്തുന്ന സ്വാധീനവും പ്രാധാന്യവും അവര്‍ ബോധപൂര്‍വ്വം തമസ്‌ക്കരിക്കുകയാണ്. ഉല്പന്നങ്ങളുടെ വിലനിലവാരവും ഗുണനിലവാരവും പിടിച്ചു നിര്‍ത്തുന്നതിലും വിലക്കയറ്റം തടയുന്നതിലും പൊതുമേഖല പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. തൊഴിലാളികളുടെ വേതനം, ക്ഷേമ നടപടികള്‍, ജോലി സ്ഥിരത തൊഴില്‍ സുരക്ഷിതത്വം എന്നിവ സ്വകാര്യ മേഖലയേക്കാള്‍ ഉറപ്പു വരുത്തപ്പെടുന്നത് പൊതു മേഖലയില്‍ത്തന്നെയാണ്. ഉല്പാദന ശക്തിയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ വേതനം, ക്ഷേമ ആനുകൂല്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ പരിമിതികളോടെയാണെങ്കിലും മുന്നില്‍ നില്‍ക്കുന്നതും പൊതുമേഖലയാണ്. പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലടക്കം വ്യവസായ ശാലകളാരംഭിക്കുക വഴി വികസന മെത്തിക്കുന്നതിലും മേഖല സവിശേഷ പങ്കുവഹിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം പൊതുമേഖലയില്‍പ്പെട്ട 20 സ്ഥാപനങ്ങളില്‍ നിന്നുമാത്രം 1,13,421 കോടി രൂപയാണ് സര്‍ക്കാരിന് വിഹിതമായി ലഭിച്ചത്. കോവിഡിനു മുമ്പുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ റിസര്‍വ്വ് ബാങ്കില്‍ നിന്നും രണ്ട് ലക്ഷം കോടി രൂപയാണ് ധനമന്ത്രി എടുത്തത്. 2008-ലെ സബ്െ്രപെം െ്രകെസിസിന്റെ കാലത്ത് നൂറുകണക്കിന് ബാങ്കുകളും, ധനസ്ഥാപനങ്ങളും തകര്‍ന്നപ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകരാതെ സംരക്ഷിച്ചത് പൊതുമേഖലയാണ്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി പൊതുമേഖലകള്‍ നല്‍കുന്ന സംഭാവന വിവിധ പ്രദേശങ്ങളുടേയും വിഭാഗങ്ങളുടേയും ഉന്നമനത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട് പൊതുമേഖല വഹിക്കുന്ന പങ്ക് വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. കഴിഞ്ഞ ജൂലൈ 8ന് ഇന്ത്യയെ സംബന്ധിച്ച് സവിശേഷ പഠനം നടത്തുന്ന ക്രിസ്‌റ്റോഫ് ജഫ്രിലോട്ട് എഴുതിയ ലേഖനത്തില്‍ സംവരണം സര്‍ക്കാര്‍ – പൊതുമേഖലാ സംരംഭങ്ങളിലാണ് പരിമിതമായെങ്കിലും നിലനില്‍ക്കുന്നതെന്നെഴുതിയിട്ടുണ്ട്. സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ടു ഉയര്‍ന്നുവന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളടക്കം സംവരണം നടപ്പാക്കുന്നതില്‍ പിന്നോട്ടു പോവുകയും ആഗോളവല്‍ക്കരണത്തിന്റെ വക്താക്കളായി മാറുകയും ചെയ്യുകയാണെന്നദ്ദേഹമെഴുതി. സുപ്രീം കോടതിവരെ ഇതിനു കൂട്ടുനില്‍ക്കുകയാണ്. വിവിധ കണ്‍സള്‍ട്ടന്‍സികളെ ഇന്ന് മുന്നോട്ടുവെയ്ക്കുകയും അവരുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് ഇടതുപക്ഷ പ്രസ്ഥാനം ഭരിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങള്‍പോലും പൊതുമേഖലയെ ദുര്‍ബ്ബലപ്പെടുത്തുന്ന സാഹചര്യം ഗൗരവ്വപൂര്‍വ്വം പരിശോധിക്കേണ്ടതുണ്ട്.
ആഗോളവല്‍ക്കരണ – സ്വകാര്യവല്‍ക്കരണ നടപടികള്‍ തീവ്രവേദത്തില്‍ നടപ്പാക്കുന്ന ഇക്കാലത്തുപോലും പൊതുമേഖല വഹിക്കുന്ന പങ്കിനെ തള്ളിക്കളയാനാവുന്നില്ല. ലോകമൊട്ടാകെ പ്രതിവര്‍ഷം പൊതുമേഖല നല്‍കുന്ന 8 ട്രില്യണ്‍ ഡോളറിന്റെ വരുമാനം ബ്രിട്ടന്റേയും, ജര്‍മ്മനിയുടേയും, ഫ്രാന്‍സിന്റേയും സംയുക്ത വരുമാനത്തേക്കാള്‍ കൂടുതലാണ്. ചൈനയില്‍ പരിഷ്‌ക്കരണ നടപിടകള്‍ മുന്നോട്ടുപോകുമ്പോഴും അവിടത്തെ ജി.ഡി.പി.യുടെ 30 ശതമാനവും പൊതുമേഖലയുടെ സംഭാവനയാണെന്നോര്‍ക്കണം. ഫോര്‍ച്ച്യൂണ്‍ ഗ്ലോബല്‍ 500 സ്ഥാപനങ്ങളുടെ വരുമാനത്തില്‍ 23 ശതമാനവും പൊതുമേഖലയില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്.

പാളം തെറ്റുന്ന റെയില്‍വേ പരിഷ്‌ക്കരണം

‘നിങ്ങള്‍ ഓടുന്ന െ്രടയിന്‍ തെറ്റായ ട്രാക്കിലാണെങ്കില്‍ ശരിയായ സ്‌റ്റേഷനില്‍ ഒരിക്കലും എത്തപ്പെടില്ല.’ -സെര്‍നാര്‍ഡ് മലമൂദ്

ജൂലൈ-1ന് 109 റൂട്ടുകളില്‍ 151 െ്രടയിനുകള്‍ ഓടിക്കാന്‍ സ്വകാര്യ മേഖലയെ നിയോഗിക്കുമെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. സ്വകാര്യ സംരംഭകര്‍ 30,000 കോടി രൂപ നിക്ഷേപിക്കും. െ്രഡെവറും, ഗാര്‍ഡും ഒഴികെ മറ്റുള്ളവരെല്ലാം സ്വകാര്യ കമ്പനിയുടേതായിരിക്കും. െ്രടയിനുകളും ബോഗികളും സ്വകാര്യ കമ്പനിക്ക് വാങ്ങാം. റെയില്‍വേയുടെ ഏഴു ഉല്പാദന യൂണിറ്റുകളും വര്‍ക്ക് ഷോപ്പുകളും സ്വകാര്യ വല്‍ക്കിരക്കാനുള്ള തീരുമാനം കഴിഞ്ഞ വര്‍ഷം തന്നെ എടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പെരുമ്പൂരിലെ റെയില്‍ കോച്ചു ഫാക്ടറിയിലെ യോഗത്തില്‍ നമുക്കു കൂടുതല്‍ കോച്ചുകളാവശ്യമുണ്ടെന്ന് റെയില്‍ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞപ്പോള്‍, 160- കിലോമീറ്റര്‍ വേഗത്തിലോടുന്ന െ്രടയിന്റെ 18 കോച്ചുകള്‍ തയ്യാറാണെന്ന് ഫാക്ടറി അറിയിച്ചതാണ്.

കഴിഞ്ഞ ഒക്ടോബര്‍ 1ന് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് ഡല്‍ഹി-ലഖ്നോ തേജസ് െ്രടയിന് പച്ചക്കൊടികാട്ടി. ആ റൂട്ടിലോടുന്ന ജനശതാബ്ദി എക്സ്പ്രസ്സിന് 700-900 രൂപയാണ് നിരക്ക്. തേജസ്സിന് 1200 മുതല്‍ 4700 രൂപ വരെ നിരക്കാകും.”പാവപ്പെട്ട ജനങ്ങളുടെ വാഹനമാണ് െ്രടയിന്‍. അവരുടെ ജീവിത മാര്‍ഗം എടുത്തുമാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ”അങ്ങേയറ്റം അനിശ്ചിതത്വമുള്ള ഈ രംഗത്ത് പണം നിക്ഷേപിക്കാന്‍ സ്വകാര്യവ്യക്തികള്‍ വരുമോ” എന്നു സംശയം മെേ്രടാമാന്‍ ഇ. ശ്രീധരനും പ്രകടിപ്പിച്ചിട്ടുണ്ട്. ഒരേ റൂട്ടില്‍ രണ്ടുതരം നിരക്ക് എന്നത് വങ്കത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.
പൊതുമേഖലയ്ക്ക് ആന്തരികമായ ദൗര്‍ബല്യങ്ങളും, ഉദ്യോഗസ്ഥ മേധാവിത്തവും ഉണ്ടാകാമെങ്കിലും അവ ഒരിക്കലും ബാങ്കുകളെ കൊള്ളയടിക്കുന്നില്ലെന്ന് പ്രഭാത് പട്നായിക് പറഞ്ഞു. ”അവ തൊഴിലാളികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നു, ഭരണാധികാരികളുടെ ലക്ഷ്യം തങ്ങളുടെ പോക്കറ്റിലേക്ക് പണം വരുകയെന്നതുമാത്രമാണ്.” വലതു പക്ഷ നയങ്ങളുടെ ശക്തനായ വക്താവായ സുബ്രഹ്മണ്യം സ്വാമിപോലും പൊതുമേഖലാ വില്പനയിലൂടെ മോദി സര്‍ക്കാര്‍ കൂടുതല്‍ വലത്തോട്ടാണ് പോകുന്നതെന്ന് കുറ്റപ്പെടുത്തിയിട്ടുണ്ട്. പ്രാകൃതത്വത്തിലേക്കുള്ള തിരിച്ചുപോക്കാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ബി.എം.എസും വിമര്‍ശിച്ചിട്ടുണ്ട്. ആഗോള വല്‍ക്കരണ നടപടിയുടെ നടത്തിപ്പുകാരായി സര്‍ക്കാരിനോപ്പമുണ്ടായിരുന്ന സാമ്പത്തിക ഉപദേഷ്ടാക്കളും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍മാരുമടക്കമുള്ളവര്‍ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകരായി മാറിയിരിക്കുകയാണ്. തൊഴിലാളി സംഘടനകളാകട്ടെ വിവേചന രഹിതമായ സ്വകാര്യവല്‍ക്കരണ നടപടിക്കെതിരെ മേയ് 22നും ജൂലൈ 3നും, ആഗസ്റ്റ് 9നും സെപ്റ്റംബര്‍ 23നും അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധ പരിപാടികള്‍ നടത്തിക്കഴിഞ്ഞു. വിവിധ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കും നടത്തിയിട്ടുണ്ട്.

ദേശസാല്ക്കരണം : പ്രയോഗവും പ്രാധാന്യവും

ഭരണാധികാരികള്‍ പറയുന്ന കപട സ്വാശ്രിതത്വത്തിനു പകരം രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും യഥാര്‍ത്ഥത്തിലുള്ള സ്വാശ്രിതത്വവുമായി അഭേദ്യമായി ബന്ധപ്പെട്ട ഒന്നാണ് ദേശസാല്‍ക്കരണം. വൈദേശിക കുത്തകകള്‍ക്കെതിരായ സമരത്തില്‍ ശക്തമായ ഒരു സമരായുധവുമാണത്. പ്രകൃതി വിഭവങ്ങളുടെ നഗ്‌നമായ കൊള്ള നടക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പല രാജ്യങ്ങളിലും ഇന്ന് ആ മുദ്രാവാക്യമുയര്‍ന്നു കഴിഞ്ഞു. ഊര്‍ജ്ജ-ഖനിജ, ധാതു മേഖലകള്‍ സ്വാകര്യ കമ്പനികളുടെ കൊള്ളയ്ക്കു വിട്ടുകൊടുക്കുന്നതിനെതിരേയും, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടും ഈ മുദ്രാവാക്യത്തിന് പ്രസക്തി വര്‍ധിച്ചുവരികയാണ്. മൂലധന താല്പര്യത്തിന്റെ നെഞ്ചിനു നേരെയാണ് ഈ മുഷ്ടി ഉയരുന്നതെന്നതിനാല്‍ ഇത് അപകടകരം കൂടിയാണ്.

പെട്രോളിയം മേഖലയില്‍ 1907-ല്‍ അര്‍ജന്റീനയിലെ ഹൊസെ അല്‍ക്കോര്‍ത്ത അവിടത്തെ എണ്ണമേഖലയെ ദേശാസാല്‍ക്കരിച്ചു, വൈ.പി.എഫ്. എന്ന പൊതുമേഖലാ സ്ഥാപനം രൂപീകരിച്ചതു മുതലുള്ള അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ സ്ഥാപനത്തിന്റെ ഭൂരിപക്ഷം ഓഹരികളും റെപ്സോള്‍ എന്ന സ്പാനിഷ് കുത്തക കൈവശപ്പെടുത്തി. കഴിഞ്ഞ പതിറ്റാണ്ടില്‍ ലാറ്റിനമേരിക്കയിലുടനീളം ആഞ്ഞുവീശിയ ‘ഇളം ചുവപ്പു വിപ്ലവ’ (പര്‍പ്പിള്‍ റെവല്യൂഷന്‍) ത്തിന്റെയും ദേശീയ പ്രസ്ഥാനങ്ങളുടേ മുന്നേറ്റത്തിന്റേയും ഫലമായി 2010-ല്‍ പ്രസിഡന്റ് ക്രിസ്റ്റീന കിര്‍ച്ച്നര്‍ കമ്പനിയെ ഏറ്റെടുത്തു. 1953-ലാണ് ബ്രസീലില്‍ പ്രസിഡന്റ് ഗട്ടൂലിയോ വര്‍ഗാസ് എണ്ണമേഖലയെ ദേശസാല്‍ക്കരിച്ച് പെട്രോബ്രാസ് എന്ന പൊതുമേഖലാ സ്ഥാപനം രൂപീകരിച്ചത്. ഇപ്പോഴും അത് അവിടത്തെ എണ്ണ ഭീമനാണ്. വെനിസ്യുലയില്‍ ദേശസാല്‍ക്കരണത്തെ തുടര്‍ന്ന് രൂപീകരിച്ച പി.ഡി.വി.എസ്.എ. ഇപ്പോഴും നിലനില്‍ക്കുന്നു. റഷ്യന്‍ പൊതു മേഖലാ ഭീമനായ റോസ് നെഫ്റ്റില്‍ നിന്നും ഏതാനും വര്‍ഷം മുമ്പ് പ്രസിഡന്റ് ഹ്യുഗോഷാവെസ് കമ്പനിയെ തിരിച്ചുപിടിച്ചു. ഷാവെസും തുടര്‍ന്നുവന്ന മദൂറോയും അമേരിക്കയുടെ കണ്ണില്‍ കരടായതിനു കാരണവും മറ്റൊന്നല്ല. എണ്ണ ഉല്പാദനത്തിലേയും വിതരണത്തിലേയും കുത്തകകളായ ‘ഏഴു സഹോദരികള്‍’ എന്നറിയപ്പെടുന്ന എണ്ണ ഭീമന്മാരില്‍ അഞ്ചും അമേരിക്കയിലാണ് എന്നതാണ് പ്രധാന കാരണം. വെനിസ്യൂലയിലെ വ്യവസായത്തെ സംരക്ഷിച്ചതോടൊപ്പം ഇക്വഡോറിലെ റാഫേല്‍ കൊറയയേയും ചിലിയിലെ ബാസല്ലെ മിഷലിനേയും കൈയയച്ച് സഹായിച്ചതും അമേരിക്കയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്.
എണ്ണ മേഖലയെ 1951-ല്‍ ദേശസാല്‍ക്കരിച്ച ഇറാനിലെ മൊസാദെക് സര്‍ക്കാരിനെ അമേരിക്കന്‍ സി.ഐ.എ. ബ്രിട്ടണുമായി ചേര്‍ന്ന് ‘ഓപ്പറേഷന്‍ അജാക്സ്’ പദ്ധതിയിലൂടെ അട്ടിമറിക്കുകയായിരുന്നു. 1961ല്‍ ഗമായേല്‍ നാസര്‍ ഈജിപ്തിലെ എണ്ണ ദേശാസാല്ക്കരിച്ചതിനെത്തുടര്‍ന്ന് ഇസ്ലാമിക് ബ്രദര്‍ ഹുഡുമായി ചേര്‍ന്ന് സി.ഐ.എ. അദ്ദേഹത്തെ അട്ടിമറിച്ചു. 1963-ല്‍ ഇന്തോനേഷ്യയില്‍ ദേശസാല്‍ക്കരണം നടത്തിയ സുക്കാര്‍ണോയെ 1965ല്‍ സൈനിക നടപടിയിലൂടെ അട്ടിമറിച്ചു. 10 ലക്ഷത്തോളം കമ്യൂണിസ്റ്റുകളെയാണ് തുടര്‍ന്നവിടെ കൊലപ്പെടുത്തിയത്. സമീപകാലത്ത് സദ്ദാംഹുസൈനേയും ലിബിയയിലെ ഗദ്ദാഫിയേയും കാത്തിരുന്ന വിധികളും മറ്റൊന്നായിരുന്നില്ല.

മാര്‍ഗ്രറ്റ് താച്ചറിനെ വാഴ്ത്തിപ്പാടിയ ബ്രിട്ടനിലെ ജനങ്ങളിപ്പോള്‍ റീ-നാഷനലൈസേഷന്‍ മുദ്രാവാക്യമുയര്‍ത്തിയിരിക്കുകയാണ്. ഈ മുദ്രാവാക്യമുയര്‍ത്തിയ ജെറമികോര്‍ബിന് നല്ലൊരുശതമാനം വോട്ടുനേടാനായത് അടുത്തകാലത്തെ അനുഭവമാണ്. അമേരിക്കയിലെ ബോണിസാന്റേഴ്സും തതുല്യമായ നിലപാടാണെടുത്തതെന്നതും അദ്ദേഹത്തിന്റെജനപിന്തുണയ്ക്ക് ഹേതുവായ ഒരു കാര്യമിതാണെന്നതും നാം കാണണം. ആസ്ട്രേലിയയിലും, ഫ്രാന്‍സിലുമടക്കം ഈ മുദ്രാവാക്യം വീണ്ടുമുയര്‍ന്നിരിക്കുകയാണ്.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെയും സ്വകാര്യവല്‍ക്കരണ നടപടികള്‍ക്കെതിരേയും ഏറ്റവും ശക്തവും വിപുലവുമായ പങ്കാളിത്തവുമുള്ള സമരം നടക്കുന്ന രാജ്യം ഇന്ത്യയാണ്. 1991 മുതല്‍ നടന്ന 19 പൊതുപണിമുടക്കുകളിലും പൊതു മേഖലയെ സംരക്ഷിക്കണമെന്നും, സ്വകാര്യവല്‍ക്കരണ നടപടികള്‍ നിര്‍ത്തിവെക്കണവുമെന്ന മുദ്രാവാക്യം ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ ഒരു ഘട്ടത്തില്‍പ്പോലും ദേശസാല്‍ക്കരണമെന്ന മുദ്രാവാക്യം ഉയര്‍ത്തപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സോഷ്യലിസമെന്നത് ലക്ഷ്യമായി തങ്ങളുടെ പരിപാടികളിലെഴുതിവെച്ചിട്ടുള്ള ട്രേഡ് യൂണിയന്‍ സെന്ററുകള്‍പോലും ഇന്ന് ഈ ആവശ്യം ഉയര്‍ത്തുന്നില്ല. അതൊരു പരാജയപ്പെട്ട പ്രവാചക സ്വപ്നമാണെന്നും മുതലാളിത്തത്തിന് ‘മറ്റൊരു ബദലില്ല’ (ടിന -TINA) എന്ന മനോഭാവം ആഴത്തില്‍ വേരുപിടിക്കുകയും ചെയ്തതിന്റെ പ്രതിഫലനമാണിത്. സ്വകാര്യവല്‍ക്കരണത്തിനെതിരായ സമരം അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ ബദലെന്ന നിലയില്‍ ‘ദേശസാല്‍ക്കരണം’ സ്വന്തം കൊടിക്കൂറയില്‍ എഴുതിവെക്കാന്‍ തൊഴിലാളി സംഘടനകള്‍ തയ്യാറാകണം. വര്‍ഗ്ഗത്തിനുമപ്പുറത്തേക്ക് വിശാല ജനവിഭാഗങ്ങള്‍ക്കിടയിലേക്കും അതെത്തണം. അവരെ നയിക്കുന്നരാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതേറ്റെടുക്കേണ്ടതുണ്ട്. ഫാസിസത്തിനെതിരേ ട്രേഡ് യൂണിയന്‍ മുന്നണിയില്‍ ഉയര്‍ന്നുവരുന്ന ഐക്യം അവര്‍ക്കും ഒരു പാഠമാണ്.

– ട്രേഡ് യൂണിയന്‍ സെന്റ് ഓഫ് ഇന്ത്യ (ടി.യു.സി.ഐ.) ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply