കല്ലറ സുകുമാരനെ ഓര്‍ക്കുമ്പോള്‍

ദലിതര്‍ക്കിടയില്‍നിന്നും രൂപപ്പെട്ടുവന്ന വിദ്യാസമ്പന്നരായ ഒരു തലമുറയെ ദലിത് സ്വത്വബോധത്തിലേക്കും അംബേദ്കര്‍ ചിന്തയിലേക്കും നയിക്കാനും നേതൃത്വം കൊടുക്കുവാനും കഴിഞ്ഞു എന്നതാണ് കല്ലറ സുകുമാരന്റെ ചരിത്രപരമായ പ്രസക്തി.

പല പ്രമുഖരുടേയും ചരമങ്ങളും ഓര്‍മ്മദിനങ്ങളും കടന്നുപോയതിനാലാകാം കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ ഇന്ന് ഏറ്റവും പ്രസക്തനായ ഒരാളുടെ ഓര്‍മ്മദിനം കാര്യമായി ആരുമറിയാതെ കടന്നുപോകുകയായിരുന്നു. ആധുനികാന്തര കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തെ നിര്‍ ണ്ണായകമായി സ്വാധീനിച്ച ദളിത് നേതാവ് കല്ലറ സുകുമാരന്റെ ഓര്‍മ്മദിനമായിരുന്നു ഒക്ടോബര്‍ പന്ത്രണ്ട്. എന്നാല്‍ ദളിത്, പട്ടികജാതി സംഘടനകള്‍ പോലും അതേകുറിച്ച് കാര്യമായി ഓര്‍ത്തില്ല എന്നതാണ് വസ്തുത.

കേരളത്തിലെ ദലിത് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകനും, നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും സ്വന്തം നിലയില്‍ ബഹുജനാടിത്തറയുളള ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് രൂപം കൊടുത്ത രാഷ്ട്രീയനേതാവും രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതിന് മുമ്പു തന്നെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന് രൂപം കൊടുത്ത സംഘാടകനുമെല്ലാമായിരുന്നു സുകുമാരന്‍. കേരളത്തിലെ ദലിതര്‍ക്കിടയില്‍ നിന്നും വിദ്യാസമ്പന്നരായ തലമുറ രൂപപ്പെടുന്ന കാലഘട്ടമായിരുന്നു കല്ലറയുടേത്. ആ തലമുറയാണ് കേരള ഹരിജന്‍ സ്റ്റുഡന്റ്സ് ഫെഡറേഷനുണ്ടാക്കുന്നത്. സണ്ണി കപിക്കാട് ശരിയായി ചൂണ്ടികാട്ടിയപോലെ ദലിതര്‍ക്കിടയില്‍നിന്നും രൂപപ്പെട്ടുവന്ന വിദ്യാസമ്പന്നരായ ഒരു തലമുറയെ ദലിത് സ്വത്വബോധത്തിലേക്കും അംബേദ്കര്‍ ചിന്തയിലേക്കും നയിക്കാനും നേതൃത്വം കൊടുക്കുവാനും കഴിഞ്ഞു എന്നതാണ് കല്ലറ സുകുമാരന്റെ ചരിത്രപരമായ പ്രസക്തി. മാത്രമല്ല സാമൂഹികമായി വേര്‍തിരിക്കപ്പെട്ടവര്‍ രാഷ്ട്രീയമായും വേര്‍തിരിക്കപ്പെടണമെന്ന ഡോ. അംബേദ്കറുടെ മഹത്തായ ആശയത്തെ സ്വന്തം ജീവിതം കൊണ്ട് കേരളത്തിന്റെ സാമൂഹ്യചരിത്രത്തിലെഴുതി ചേര്‍ക്കുകയായിരുന്നു കല്ലറ സുകുമാരന്‍. ദേശീയപ്രസ്ഥാനത്തിന്റേയും മാര്‍ക്സിസത്തിന്റേയും പ്രത്യയശാസ്ത്രങ്ങള്‍ക്കപ്പുറം മറ്റൊരു ചിന്താലോകം ദലിതര്‍ക്ക് സാദ്ധ്യമാണെന്നും. സാദ്ധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുകൂടിയാണ് കേരളത്തിലെ പൊതുസമൂഹം കല്ലറ സുകുമാരനെ അവഗണിക്കുന്നത്.

ഇടതായാലും വലതായാലും സവര്‍ണ്ണന്റെ ആധികാരികതയെ ആഘോഷമാക്കുന്ന കേരളത്തിലെ രാഷ്ട്രീയസമൂഹത്തിന് കല്ലറ സുകുമാരനെ പുറത്തു നിര്‍ത്തിയേ മതിയാവു. കല്ലറ സുകുമാരനോടൊപ്പം പതിനായിരകണക്കിനു വോട്ടര്‍മാര്‍ ഉണ്ടായിരുന്നിട്ടും ഇരുമുന്നണികളും അദ്ദേഹത്തെ തിരസ്‌കരിച്ചത് ദലിതരുടെ രാഷ്ട്രീയ പ്രാതിനിധ്യമെന്ന നിര്‍ണ്ണായക പ്രശ്‌നത്തിലാണ്. ദളിത് എന്ന പദം പരിചിതമല്ലാതിരുന്ന 1980കളില്‍ അദ്ദേഹം ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ രൂപീകരിച്ചു ദലിത്-പിന്നാക്ക ന്യൂന പക്ഷ ഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചു. ഗ്രോ വാസു, എം.കെ. രാഘവന്‍, മദനി എന്നിവരെല്ലാമുള്‍ക്കൊള്ളുന്ന മൂന്നാം മുന്നണിക്കുവേണ്ടി ശ്രമിച്ചു. പോള്‍ ചിറക്കരോട് അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സഹപ്രവര്‍ത്തകനായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കല്ലറ സുകുമാരന്‍ നയിച്ച ഒരു പോരാട്ടം മാത്രം ഇവിടെ പരാമര്‍ശിക്കാം. 1980കളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന പോരാട്ടമാണത്. ബ്രാഹ്മണര്‍ക്ക് മാത്രമായി നടത്തുന്ന നമസ്‌കാരസദ്യയില്‍ സ്വാമി ആനന്ദ തീര്‍ഥന്‍ കയറിയിരുന്നതായിരുന്നു ആരംഭം. ദേവസ്വം ഗാര്‍ഡ് അദ്ദേഹത്തെ പരിശോധിച്ച് പൂണൂല്‍ കാണാത്തതിനാല്‍ വലിച്ചിഴച്ച്, മര്‍ദിച്ച് പുറത്താ ക്കുകയായിരുന്നു. 1982 നവംബര്‍ 2 നായിരുന്നു അത് നടന്നത്. സംഭവം പൊതുസമൂഹത്തില്‍ ആളിപ്പടര്‍ന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്ക് മാത്രമായി നടത്തുന്ന നമസ്‌കാരസദ്യ അവസാനിപ്പിക്കണമെന്ന് എസ് എന്‍ ഡി പി യടക്കം വിവിധ സാമുദായിക സംഘടനകള്‍ ആവശ്യമുന്നയിച്ചു. പക്ഷേ, ഭരണസമിതി വഴങ്ങിയില്ല. തുടര്‍ന്ന് കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ പത്മനാഭസ്വാമിക്ഷേത്രത്തില്‍നിന്ന് ഗുരുവായൂരിലേക്ക് പദയാത്ര നടത്തി. നമസ്‌കാരസദ്യയില്‍ വിലക്ക് ലംഘിച്ച് പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു പദയാത്ര. എസ്.എന്‍.ഡി.പി യോഗവും കെ പി എം എസും മറ്റും പിന്തുണ പ്രഖ്യാപിച്ചു.

1983 ഫെബ്രുവരി ഒന്നിന് സ്വാമി ആനന്ദതീര്‍ത്ഥന്‍ ഉദ്ഘാടനം ചെയ്ത, 100 സഹയാത്രികരോടൊപ്പം ആരംഭിച്ച ഗുരുവായൂര്‍ – അയിത്താചാര – വിരുദ്ധ പദയാത്ര ഫെബ്രുവരി 13ന് ഗുരുവായൂരിലെത്തി. ജാഥ ഗുരുവായൂരിലെത്തുമ്പോഴേക്കും അവിടം സംഘര്‍ഷാത്മകമായിരുന്നു. ക്ഷേത്രാചാരങ്ങളുടെ ഭാഗമാണ് നമസ്‌കാരസദ്യയെന്നും അതില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് ഒരു വലിയസംഘം രംഗത്തുവന്നു. എന്നാല്‍ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ദേവസ്വം ബോര്‍ഡ് അവസാനനിമിഷം ആവശ്യം അംഗീകരിച്ചു. ഗുരുവായൂരപ്പന്റെ വലിയ ഭക്തനായിരുന്ന മുഖ്യമന്ത്രി കെ കരുണാകരനും സ്ഥലത്തെത്തി. എല്ലാ മലയാളമാസവും ഒന്നാം തിയതി ഗുരുവായൂരിലെത്തിയിരുന്നെങ്കിലും നമസ്‌കാരസദ്യയില്‍ പങ്കെടുക്കാന്‍ അനുവാദമില്ലാതിരുന്ന കരുണാകരന്‍ തനിക്കും ജാഥാംഗങ്ങളോടൊപ്പം സദ്യയുണ്ണമമെന്ന ആവശ്യമുന്നയിച്ചു. കരുണാകരനും കല്ലറ സുകുമാരനും അടുത്തിരുന്ന് സദ്യയുണ്ടു. തുടര്‍ന്ന് നമസ്‌കാരസദ്യയെന്ന അനാചാരം അവസാനിപ്പിച്ചു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആദിവാസി ഭൂപ്രശ്‌നവും കേരളത്തില്‍ ശക്തമായി ഉന്നയിച്ചത് കല്ലറ സുകുമാരനായിരുന്നു. ഇന്ത്യന്‍ ദളിത് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന ഭൂമിയ്ക്കായുള്ള സമരങ്ങളിലല്‍ കല്ലറ സുകുമാരന്‍ സജീവമായിരുന്നു. തൊണ്ണൂറുകളില്‍ കല്ലറയുടെ നേതൃത്വത്തില്‍ പല ബദല്‍ സംസ്‌കാരിക പ്രവര്‍ത്തനങ്ങളും നടന്നു. മഹാബലി എന്ന തങ്ങളുടെ പൂര്‍വ്വപിതാവിന്റെ അരുംകൊലയില്‍ തിരുവോണദിവസത്തെ ദുഃഖദിനമായി ആചരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.

ഇക്കാലഘ്ട്ടത്തില്‍ തന്നെ ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി എന്ന രാഷ്ട്രീയപാര്‍ട്ടിക്കും അദ്ദേഹം രൂപം കൊടുത്തിരുന്നു. പിന്നീട് ബഹുജന്‍ സമാജ് പാര്‍ട്ടി അദ്ധ്യക്ഷന്‍ കാന്‍ഷിറാം, കല്ലറ സുകുമാരനുമായി ബന്ധപ്പെട്ട് ഐ.എല്‍.പി, ബി.എസ്.പിയില്‍ ലയിച്ച് പ്രവര്‍ത്തിക്കുന്നതിന് തീരുമാനിക്കുകയും 1980 ആഗസ്റ്റ് 15 ന് തിരുവനന്തപുരം ട്രിവാര്‍ഡ്രം ഹോട്ടലില്‍ വച്ച് ലയന സമ്മേളനം നടത്തുകയും ചെയ്തു. . 1996 ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചു.

സാഹിത്യരംഗത്ത് സജീവമായിരുന്ന കല്ലറ ഏതാണ്ട് 17 ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. അതില്‍ ‘വിമോചനത്തിന്റെ അര്‍ത്ഥശാസ്ത്രം’ എന്ന കൃതി പ്രശസ്തമാണ്. 1996 ഒക്ടോബര്‍ 12 നാണ് അദ്ദേഹം ഹൃദയാഘാതം മൂലം അന്തരിച്ചത്. വന്‍ജനക്കൂട്ടമായിരുന്നു അദ്ദേഹത്തിനു അവസാന യാത്രയയപ്പ് നല്‍കിയത്. എന്നാല്‍ ദളിത് മുന്നേറ്റങ്ങള്‍ സജീവമാകുന്ന സമീപകാലത്ത് അര്‍ഹിക്കുന്ന സ്മരണയും ആദരവും കല്ലറ സുകുമാരന് ലഭിക്കുന്നുണ്ടോ എന്നത് സംശയകരം തന്നെയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply