നമ്മുടെ നിയമസഭക്കും വേണം ഉപരിസഭ

ഇന്ത്യയില്‍ യു.പി, മഹാരാഷ്ട്ര, കര്‍ണ്ണാടക, തെലുങ്കാനാ തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ ഉപരിസഭകള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. പശ്ചിമ ബംഗാളിലുമുണ്ടായിരുന്നു വിധാന്‍ സഭ. 1969ല്‍ ചില പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ നിയമസഭ പാസാക്കി പാര്‍ലമെന്റ് അംഗീകരിച്ച് ഉപരിസഭ എടുത്തുകളയുകയായിരുന്നു അവിടെ.

ജനസമ്മതിയും ചങ്കുറപ്പുമുള്ള ഭരണാധികാരിയാണെങ്കിലും, തെരുവു പോരാളി എന്ന പ്രതിഛായ മൂലമായിരിക്കണം, മമതാ ബാനര്‍ജിയെ ഇന്ത്യയിലെ ബുദ്ധിജീവി രാഷ്ട്രീയ നിരീക്ഷകര്‍ വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ല. അതുകൊണ്ട് തന്നെയാവാം, പശ്ചിമ ബംഗാളിന് വിധാന്‍ പരിഷത്ത് കുടി വേണം എന്ന അവരുന്നയിച്ച ആവശ്യത്തിന് വലിയ പരിഗണനയൊന്നും കിട്ടാതെ പോയത്.

എന്നാല്‍ ഇന്ത്യയെപ്പോലെ പ്രത്യക്ഷ രാഷ്ട്രീയത്തിന്റെ കെണികളില്‍ പെട്ട് ജനാധിപത്യപരീക്ഷണങ്ങള്‍ പലതരത്തിലും തലത്തിലും പരാജയപ്പെട്ടുപോവുന്ന ഒരു രാജ്യത്ത് നിയമനിര്‍മ്മാണ മണ്ഡലങ്ങളില്‍ ഗുണാത്മകമായി ഇടപെടാനൊരു ലജിസ്‌ലേറ്റീവ് കൗണ്‍സില്‍ എന്ന ആശയം പ്രസക്തമാണോ എന്നത് ഗൗരവത്തോടെ ആലോചിക്കേണ്ട വിഷയമാണ്. ബ്രിട്ടീഷ് പാരമ്പര്യത്തിന്റെ തുടര്‍ച്ചയായ ഉപരിസഭയെ കൊളോണിയല്‍ അവശിഷ്ടമെന്ന മുദ്രകുത്തി അപ്പാടെ തള്ളിക്കളയേണ്ടതുണ്ടോ? ജനാധിപത്യ സംവിധാനത്തെ കൂടുതല്‍ ഗുണമേന്മയുള്ളതാക്കാന്‍ ജനങ്ങള്‍ തെരഞ്ഞെടുത്തയക്കുന്നവരോടൊപ്പം രാഷ്ട്രതന്ത്ര വ്യവഹാരത്തിന്റെ മണ്ഡലത്തില്‍ കുറേക്കൂടി ചിന്താപരമായും പക്വതയോടെയും ഇടപെടുന്ന ഒരു കൂട്ടരുണ്ടാവുന്നത് നല്ലതല്ലേ? എല്‍ഡേഴ്‌സ് എന്ന പ്രയോഗത്തില്‍ തന്നെയുണ്ടല്ലോ അത്തരം ചില ധ്വനികള്‍.

ഇന്ത്യയില്‍ യു.പി, മഹാരാഷ്ട്ര, കര്‍ണ്ണാടക, തെലുങ്കാനാ തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ ഉപരിസഭകള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. പശ്ചിമ ബംഗാളിലുമുണ്ടായിരുന്നു വിധാന്‍ സഭ. 1969ല്‍ ചില പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ നിയമസഭ പാസാക്കി പാര്‍ലമെന്റ് അംഗീകരിച്ച് ഉപരിസഭ എടുത്തുകളയുകയായിരുന്നു അവിടെ.

ഉപരിസഭക്ക് എതിരായി ഉയര്‍ന്നുവരുന്ന പ്രധാന വാദം ജനക്ഷേമകരമായ നിയമ നിര്‍മ്മാണങ്ങളെ അനാവശ്യമായി വെച്ചു താമസിപ്പിക്കാനും പലപ്പോഴും തടയാനും അവ നിമിത്തമാവുന്നു എന്നുള്ളതാണ്. നിയമസഭയില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുകയും ജനകീയ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയൂം ചെയ്യുന്നവരാണുണ്ടാവുക. എന്നാല്‍ ഉപരിസഭ ജനങ്ങളെ അഭിമുഖീകരിക്കുന്നതില്‍ പരിമിതികളുള്ള നേതാക്കള്‍ക്ക് കൊടുക്കുന്ന ബാക്ക് ഡോര്‍ അക്കമഡേഷനാണ് പലപ്പോഴും. അത് എതിര്‍പ്പിന് ബലം വര്‍ദ്ധിപ്പിക്കുന്നു. മറ്റൊരു വിമര്‍ശനം കുറേ ആളുകള്‍ക്ക് കൂടി ശമ്പളവും അലവന്‍സും ആനുകൂല്യങ്ങളും നല്‍കി പൊതു ഖജനാവിന്ന് നഷ്ടം വരുത്തുന്നതിന്നെതിരെയാണ്. രണ്ടും പ്രസക്തമായ വാദങ്ങളാണ.് എന്നാല്‍ ഈ വാദങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്ന ഉദ്ദേശശുദ്ധിയുണ്ട് ഉപരി സഭയെക്കുറിച്ചുള്ള വിഭാവനകളിലെ രാഷ്ട്ര സങ്കല്‍പ്പങ്ങള്‍ക്ക്. അംഗങ്ങളുടെ അറിവും അനുഭവസമ്പത്തും നിയമനിര്‍മ്മാണങ്ങളെ കുറ്റമറ്റതാക്കും. ദൈനംദിന രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഭാഗഭാക്കാവാത്തവര്‍ക്ക് കൃത്യമായ ദിശാബോധവും പക്വമായ ഉള്‍ക്കാഴ്ചയുമുണ്ടാവും എന്നാണ് മറു വാദം. പ്രയോഗ തലത്തില്‍ ഈ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ രാഷ്ട്രീയ സംവിധാനങ്ങള്‍ പരാജയപ്പെടുന്നുവോ എന്ന പ്രശ്‌നം വേറെ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യന്‍ ഉദാഹരണങ്ങള്‍ വെച്ചു ചിന്തിച്ചാല്‍ ഏത് സംസ്ഥാനത്തായാലും പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പക്കാ രാഷ്ട്രീയക്കാരാണ്. ജാതി-മത-സമുദായ ഗ്രൂപ്പ് സമവാക്യങ്ങളാണ് ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവരുടെ പരിമിതികള്‍ മറികടന്ന് സിവില്‍ സമൂഹത്തിന്റെ കാഴ്ചപ്പാടിലൂടെ കൂടി പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാന്‍ എല്‍ഡേഴ്‌സിന്നു കഴിയും. പ്രത്യക്ഷ രാഷ്ട്രീയത്തിന്റെ പ്രാതിനിധ്യത്തോടൊപ്പം പൊതുമണ്ഡലത്തിന്റെ പ്രാതിനിധ്യം കൂടി ഉറപ്പുവരുത്താനുള്ള വഴി എന്ന നിലയിലാണ് ഭരണഘടനാ നിര്‍മ്മാണ സഭ, ഉപരിസഭയെ കുറിച്ച് വിഭാവനം ചെയ്തത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉദാഹരണത്തിന്ന് കര്‍ണ്ണാടകയിലെ കഥയെടുക്കാം. മൊത്തം 75 അംഗങ്ങളാണുള്ളത്. അവരില്‍ 25 പേരെ നിയമസഭാംഗങ്ങള്‍ തെരഞ്ഞെടുക്കും. 25 പേരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. ഏഴു പേരെ ബിരുദധാരികളില്‍ നിന്നും ഏഴു പേരെ അധ്യാപകരില്‍ നിന്നും തെരഞ്ഞെടുക്കുന്നു. പതിനൊന്നു പേരെ സംസ്ഥാന ഗവര്‍ണറാണ് നോമിനേറ്റ് ചെയ്യക. അതായത് പ്രത്യക്ഷ രാഷ്ട്രീയത്തിന്റെ പ്രാതിനിധ്യത്തിനൊപ്പം ജനങ്ങളുടെ മറ്റു പ്രാതിനിധ്യങ്ങള്‍ക്കും ഇടം കിട്ടുന്നു. പൊതു സമൂഹം ഭരണനിര്‍വ്വഹണത്തില്‍ കൂടുതലായി ഇടപെടുന്നു എന്നര്‍ത്ഥം.

തത്വത്തില്‍ ജനാധിപത്യത്തെ കുറേക്കൂടി അര്‍ത്ഥപൂര്‍ണ്ണമാക്കുകയും കക്ഷിരാഷ്ട്രീയേതരമായ ആലോചനകള്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്നതാണ് ഈ സമ്പ്രദായം. അതിന്റെ ലക്ഷ്യവിശുദ്ധി മാനിക്കപ്പെടുക തന്നെ വേണം. പ്രശസ്ത രാഷ്ട്രീയ വിശകലന വിദഗ്ദ്ധനായ സുമന്‍ ഭട്ടാചാര്യയുടെ നിരീക്ഷണത്തില്‍ ശരിയായ രീതിയില്‍ ചിന്തിക്കുന്ന ശരിയായ ബുദ്ധിജീവികള്‍ അതായത് അക്കാദമിക്കുകളും ഡോക്ടര്‍മാരുമൊക്കെ ക്യാബിനറ്റില്‍ ആവശ്യമാണ്. അവര്‍ക്ക് നേരിട്ട് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാവണമെന്നില്ല. അവരെ ഭരണ നിര്‍വ്വഹണത്തില്‍ പങ്കാളികളാക്കണമെങ്കില്‍ ഉപരിസഭകള്‍ കൂടിയേ തീരൂ.

സര്‍വ്വകലാശാലാ സെനറ്റും സിന്‍ഡിക്കേറ്റും കോര്‍ട്ടുമൊക്കെ ഈ അര്‍ത്ഥത്തിലാണ് സങ്കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. സെനറ്റില്‍ ജനപ്രതിനിധികള്‍ക്കും ട്രേഡ് യൂണിയനുകള്‍ക്കും അധ്യാപകര്‍ക്കുമൊക്കെ പ്രാതിനിധ്യമുണ്ട്. കേരളത്തിലെ സര്‍വ്വകലാശാലാ സെനറ്റില്‍ ബിരുദധാരികള്‍ക്കിടയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രാതിനിധ്യമുണ്ടായിരുന്നു. എന്നാല്‍ ഈയിടെയായി അതൊക്കെ എടുത്തുമാറ്റി സര്‍ക്കാര്‍ തങ്ങളുടെ ഇഷ്ടക്കാരെ കുത്തിത്തിരുകുകയാണ്. എഴുത്തുകാരുടെ പ്രതിനിധിയായി രാഷ്ട്രീയ നേതാവ് സെനറ്റിലെത്തുന്നത് അങ്ങനെയാണ്.

പ്രയോഗ തലത്തില്‍ സംസ്ഥാനങ്ങളിലെ ഉപരിസഭകള്‍ക്കും ഇതേ ദുര്‍ഗതി തന്നെ സംഭവിച്ചേക്കാം. എന്നാല്‍ തന്നെയും ഉപരിസഭ തത്വത്തിലെങ്കിലും ജനാധിപത്യത്തെ കുടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന സംവിധാനമാണ്. കൂടുതല്‍ ചര്‍ച്ച, കൂടുതല്‍ ആലോചന, കൂടുതല്‍ ചോദ്യങ്ങള്‍ എന്നത് കൂടുതല്‍ നല്ല ഭരണ നിര്‍വ്വഹണത്തിലേക്കുള്ള വഴി തുറക്കല്‍ തന്നെയാണ്. നമ്മുടെ നിയമസഭക്കും ഒരു ഉപരിസഭയുണ്ടായാല്‍ കേരളം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടുന്നു എന്നായിരിക്കും അതിന്റെ അര്‍ത്ഥം.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply