കനയ്യയും മേവാനിയും – ‘ഇടതു വ്യതിയാനം’ രാഹുലിന്റെയോ കോണ്‍ഗ്രസിന്റെയോ?

കോണ്‍ഗ്രസ്സ് പ്രവേശനത്തിന് കാരണഹേതുവായി രണ്ടുപേരും ചൂണ്ടിക്കാട്ടിയത് ഇന്ത്യ എത്തിനില്‍ക്കുന്ന ചരിത്രസന്ദര്‍ഭത്തേയാണ്. ഇന്ത്യ എന്ന ബഹുസ്വര ദേശീയത അപകടത്തിലാണ്. ഭരണഘടന വിഭാവന ചെയ്ത രാഷ്ട്രീയ സംവിധാനവും അവകാശങ്ങളും ഹിന്ദുത്വ രാഷ്ട്രീയം നശിപ്പിക്കാനൊരുങ്ങുന്നു. അതിന് തടയിടാന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ്സിനേ കഴിയൂ. ഗാന്ധിജിയുടേയും ഭഗത്‌സിംഗിന്റേയും അംബേദ്ക്കറുടേയുമൊക്കെ പാരമ്പര്യമാണ് ഇരുവരും അവകാശപ്പെട്ടത്. ഇന്ദിരയും രാജീവും നരസിംഹറാവുവും മന്‍മോഹന്‍സിംഗുമൊന്നും പരാമര്‍ശിക്കപ്പെട്ടില്ല. നെഹ്‌റുവിന്റെ പേര് അവര്‍ പറഞ്ഞിട്ടില്ലെങ്കിലും നെഹ്‌റു സ്മരണ അവരുടെ വാക്കുകളിലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ പേര് രണ്ടുപേരും പ്രത്യേകം എടുത്തുപറഞ്ഞു.

ഭഗത്‌സിംഗിന്റെ ജന്മദിനമാണ് സെപ്തംബര്‍ 28. പാര്‍ട്ടിഭേദമന്യേ രാജ്യം മുഴുവനും ഇപ്പോഴും സ്‌നേഹിക്കുന്ന അപൂര്‍വ്വം രാഷ്ട്രീയ വ്യക്തിത്വങ്ങളിലൊരാളാണ് ഭഗത്‌സിംഗ്. ആര്‍ജ്ജവം നഷ്ടപ്പെടാത്ത ഇന്ത്യന്‍ യുവത്വത്തിന്റെ നിത്യഹരിതനായകന്‍. അതുകൊണ്ടായിരിക്കണം ജിഗ്‌നേഷ് മേവാനിയും കനയ്യകുമാറും ഭഗത്‌സിംഗിന്റെ ജന്മദിനം തങ്ങളുടെ കോണ്‍ഗ്രസ്സ് പ്രവേശത്തിനായി തിരഞ്ഞെടുത്തത്. ദില്ലിയില്‍ ഫിറോഷ് ഷാ കോട്‌ലയ്ക്ക് പുറത്തുള്ള ഷഹീദ് പാര്‍ക്കിലെ ഭഗത്‌സിംഗ്-സുഖ്‌ദേവ്-രാജ്ഗുരു പ്രതിമ വന്ദിച്ച് രണ്ടുപേരും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. പ്രതീകാത്മകമായിരുന്നു അവരുടെ രാഷ്ട്രീയ പ്രവേശം. അന്നേദിവസം വൈകുന്നേരം കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദര്‍ സിംഗ് തന്നെ കസേരയില്‍ നിന്നും പുറത്താക്കിയ പാര്‍ട്ടിക്കെതിരെ പടയൊരുക്കാന്‍ ദില്ലിയിലെത്തി. പഞ്ചാബില്‍ അമരീന്ദറിന്റെ പുറത്താകലിന് ചുക്കാന്‍ പിടിച്ച പഞ്ചാബ് പിസിസി പ്രസിഡന്റ് നവ്‌ജോത് സിംഗ് സിദ്ദു തന്റെ പദവിയില്‍ നിന്നും രാജിവെച്ചു. ആരുടെ ബുദ്ധിയായാലും ശരി തലക്കെട്ടുകള്‍ കോണ്‍ഗ്രസ്സിന്റെ ആഭ്യന്തരകലഹം കൊണ്ടുപോയി. മേവാനിയും കനയ്യയും വെറും ബോക്‌സ് വാര്‍ത്തയായി ഒതുങ്ങി.

ഈ രണ്ടുപേരുടെയും കോണ്‍ഗ്രസ്സ് പ്രവേശത്തെ പല രാഷ്ട്രീയ നിരീക്ഷകരും വിശേഷിപ്പിച്ചത് കോണ്‍ഗ്രസ്സിന്റെ ഇടതുവല്‍ക്കരണത്തിന്റെ സൂചനയായിട്ടാണ്. രാഹുല്‍ഗാന്ധിയുടെ താല്പര്യമാണ് ഇവര്‍ കോണ്‍ഗ്രസ്സില്‍ എത്താന്‍ കാരണമത്രേ. രാഹുലിന്റേയും പ്രിയങ്കയുടേയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ പലരും പഴയ എസ്.എഫ്.ഐ., എ.ഐ.എസ്.എഫ്. നേതാക്കന്മാരാണ്. ഉത്തരേന്ത്യയിലെ ഇടതുവിദ്യാര്‍ത്ഥി നേതാക്കള്‍ പലരും തങ്ങള്‍ക്ക് ചേക്കേറാവുന്ന സ്വാഭാവിക രാഷ്ട്രീയ വേദിയായി കോണ്‍ഗ്രസ്സിനെ കണ്ടുതുടങ്ങിയിട്ട് കാലം കുറേയായി. അതുകൊണ്ട് അവര്‍ക്കും കോണ്‍ഗ്രസ്സിനും എന്തു പ്രയോജനമുണ്ടായി എന്നു ചോദിക്കരുത്. എന്നുമാത്രമല്ല ഇവരുടെ കോണ്‍ഗ്രസ്സ് പ്രവേശം അന്നൊന്നും അങ്ങനെ ചര്‍ച്ച ചെയ്യപ്പെട്ടതുമില്ല. അപ്പോള്‍ കനയ്യയും ജിഗ്‌നേഷും ചര്‍ച്ചയാവുന്നത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തം.

മോദിവിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രധാനപ്പെട്ട ധാരകളില്‍ ദളിത് പ്രക്ഷോഭങ്ങളും വിദ്യാര്‍ത്ഥി സമരങ്ങളും പെടും. ഇന്ത്യന്‍ രാഷ്ട്രീയത്തെരുവ് ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിട്ടത് വിദ്യാര്‍ത്ഥികള്‍, ദളിത് സമരങ്ങള്‍, വലിയ സ്ത്രീസാന്നിധ്യമുണ്ടായ പൗരത്വ നിയമഭേദഗതി പ്രക്ഷോഭങ്ങള്‍ എന്നിവയില്‍ കൂടിയായിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ പങ്കില്ലാത്ത ഈ സമരങ്ങളിലാണ് ഇന്ത്യന്‍ പ്രതിപക്ഷം പ്രത്യേകിച്ചും യുവത അതിന്റെ സര്‍ഗ്ഗാത്മകതയെ വീണ്ടെടുത്തത്. കര്‍ഷകര്‍, ദളിതര്‍, മുസ്‌ലിംകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെയുള്ളവരുടെ ഒരു മഴവില്‍ മുന്നണിയൊന്നും വിഭാവന ചെയ്യുകയല്ല ഇവിടെ. പക്ഷേ അവര്‍ ഓരോരുത്തരും അവരുടേതായ രീതിയില്‍ സംഭാവന ചെയ്ത പുതിയ രാഷ്ട്രീയമുണ്ട്. രോഹിത് വെമുല, കനയ്യ, ഉമര്‍ ഖാലിദ്, ഷെഹ്‌ലാ റഷീദ്, മേവാനി, ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ തുടങ്ങി നടാഷാ നര്‍വാലിലും സഫൂറാ സര്‍ഗറിലുമൊക്കെ എത്തിനില്‍ക്കുന്ന പുതിയ ശബ്ദങ്ങള്‍ അതിന്റേതാണ്. അതിന്റെ ഏറ്റവും ജനകീയരായ രണ്ടുപേരാണ് ജിഗ്‌നേഷും കനയ്യയും. ഉനാ ദളിത് പീഡനത്തിനുശേഷം പൊന്തിവന്ന ശബ്ദങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ജിഗ്‌നേഷ് മേവാനിയുടേത്. ദളിത് സ്വത്വരാഷ്ട്രീയത്തിന്റെ വേദികളില്‍ നിന്നല്ല ദളിതനായ മേവാനിയുടെ ഉദയം. മനുഷ്യാവകാശ പ്രവര്‍ത്തകനും വക്കീലുമായിരുന്ന മുകുള്‍ സിഹ്‌നയുടെ ശിഷ്യനാണ് സോഷ്യലിസ്റ്റ് എന്ന് സ്വയം അടയാളപ്പെടുത്തുന്ന മേവാനി. ഈ ഐഡന്റിറ്റി മേവാനിയുടെ ശക്തിയും പരിമിതിയുമാണ്. അംബേദ്ക്കറൈറ്റ് രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെങ്കിലും അതിന് പുറത്താണ് മേവാനി നില്‍ക്കുന്നത്. എന്നാല്‍ ദളിത് ഐഡന്റിറ്റി മേവാനിയുടെ നേതൃത്വത്തെ ഗുജറാത്തില്‍ പരിമിതപ്പെടുത്തുന്നുമുണ്ട്. കനയ്യയാകട്ടെ ജെഎന്‍യു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ സന്തതിയാണ്. അസാമാന്യ പ്രാസംഗികന്‍. അതിനപ്പുറം എന്തെങ്കിലുമുണ്ടെന്ന് സി.പി.ഐ. നാഷണല്‍ കൗണ്‍സില്‍ അംഗമായിരുന്ന കനയ്യ ഇനിയും തെളിയിച്ചിട്ടില്ല-തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുകയും സംഘടനാ രംഗത്ത് പരിമിത സാന്നിധ്യമായി ഒതുങ്ങുകയും ചെയ്യുകയായിരുന്നു യൂണിവേഴ്‌സിറ്റി വിട്ടശേഷമുള്ള കനയ്യ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കോണ്‍ഗ്രസ്സ് പ്രവേശനത്തിന് കാരണഹേതുവായി രണ്ടുപേരും ചൂണ്ടിക്കാട്ടിയത് ഇന്ത്യ എത്തിനില്‍ക്കുന്ന ചരിത്രസന്ദര്‍ഭത്തേയാണ്. ഇന്ത്യ എന്ന ബഹുസ്വര ദേശീയത അപകടത്തിലാണ്. ഭരണഘടന വിഭാവന ചെയ്ത രാഷ്ട്രീയ സംവിധാനവും അവകാശങ്ങളും ഹിന്ദുത്വ രാഷ്ട്രീയം നശിപ്പിക്കാനൊരുങ്ങുന്നു. അതിന് തടയിടാന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ്സിനേ കഴിയൂ. ഗാന്ധിജിയുടേയും ഭഗത്‌സിംഗിന്റേയും അംബേദ്ക്കറുടേയുമൊക്കെ പാരമ്പര്യമാണ് ഇരുവരും അവകാശപ്പെട്ടത്. ഇന്ദിരയും രാജീവും നരസിംഹറാവുവും മന്‍മോഹന്‍സിംഗുമൊന്നും പരാമര്‍ശിക്കപ്പെട്ടില്ല. നെഹ്‌റുവിന്റെ പേര് അവര്‍ പറഞ്ഞിട്ടില്ലെങ്കിലും നെഹ്‌റു സ്മരണ അവരുടെ വാക്കുകളിലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ പേര് രണ്ടുപേരും പ്രത്യേകം എടുത്തുപറഞ്ഞു.

അപ്പുറത്ത് പഴയ ഏതോ കോണ്‍ഗ്രസ്സ് ബംഗ്ലാവില്‍ ഇരുന്ന് രാജ്യസഭാംഗം കപില്‍ സിബല്‍ പാര്‍ട്ടിയെ രണ്ടായി തരംതിരിക്കുന്നുണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വത്തിന് എതിരെ പടയൊരുക്കം നടത്തുന്ന താനുള്‍പ്പെടെയുള്ളവരുടെ ജി-23 ഉം (പാര്‍ട്ടി ഉഷാറാകണമെന്ന് നേതൃത്വത്തിന് നിവേദനം നല്‍കിയ 23 പേരുടെ ഗ്രൂപ്പ്) ജി ഹുസൂര്‍ (ശരി ഏമാനേ!) എന്ന ഏറാന്‍മൂളികളുടെ സംഘവുമെന്ന് സിബല്‍ തരംതിരിച്ചു. രാഹുല്‍ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭൂപിന്ദര്‍ ഹുഢയെയും ശശി തരൂരിനേയും പോലെ ചിലരെ ഒഴിച്ചുനിര്‍ത്തിയാല്‍ ജി-23 ലെ നേതാക്കള്‍ തിരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ പാടുപെടുന്നവരാണ്. അതുകൊണ്ടുതന്നെയാണ് പാര്‍ട്ടി സക്രിയമാകേണ്ടതുണ്ട് എന്നവര്‍ പറയുമ്പോള്‍ രാഹുല്‍ ഗാന്ധി അവഗണിക്കുന്നത്. പക്ഷേ, അവരും രാഹുലില്‍ ഒരു ഇടതുവ്യതിയാനം ആരോപിക്കുന്നുണ്ട്. അതിനെ ശരിവെക്കുന്നത് എന്നു തോന്നുന്ന ചില നിലപാടുകള്‍ രാഹുല്‍ ഗാന്ധിയുടേതായുണ്ട്. സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍ എന്ന വിശേഷണം മുതല്‍ കോര്‍പ്പറേറ്റ് ഭീമന്മാരെ പേരെടുത്ത് വിമര്‍ശിക്കുന്നതില്‍ വരെ ഈ ‘വ്യതിയാനം’ നമുക്ക് കാണാവുന്നതാണ്. ഒരു സെന്‍ട്രിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ നിന്നും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന മാറ്റം രാഹുല്‍ ലക്ഷ്യമിടുന്നുണ്ടാവാം. നല്ലതുതന്നെ. പക്ഷേ എന്തടിസ്ഥാനത്തിലാണ് വയനാട് എം.പി. ഈ വ്യതിയാനം പാര്‍ട്ടിക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് എന്നത് ഇപ്പോഴും വ്യക്തമല്ല. കാരണം ഔദ്യോഗികമായി പാര്‍ട്ടി നേതൃത്വത്തില്‍ രാഹുല്‍ ഇല്ല. തന്റെ വ്യക്തിപരമായ താല്പര്യങ്ങള്‍-അത് നല്ലതായാലും-ഒരു നേതാവിന് പാര്‍ട്ടിയുടേതാക്കാന്‍ ചില പ്രക്രിയകളില്‍ കൂടി കടന്നുപോകേണ്ടതുണ്ട്. അപ്പോള്‍ മാത്രമാണ് വ്യക്തി താല്പര്യം പാര്‍ട്ടിയിലൂടെ രാഷ്ട്രീയ നിലപാട് ആകുന്നത്. ആ നിലപാടുകളെ പിന്‍പറ്റി പാര്‍ട്ടി വളര്‍ത്തുകയോ പിളര്‍ത്തുകയോ ആവാം.

കോണ്‍ഗ്രസ്സ് ഇത്തരമൊരു സന്ദര്‍ഭത്തില്‍ കൂടി 1969 ല്‍ കടന്നുപോയതാണ്. സിണ്ടിക്കേറ്റും ഇന്ദിരാഗാന്ധിയും തമ്മിലുള്ള സംഘര്‍ഷത്തിന് തുടക്കത്തില്‍ പ്രത്യയശാസ്ത്രപരമായ മാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രവര്‍ത്തന ശൈലികളോടും താല്പര്യങ്ങളോടുമുള്ള അനിഷ്ടങ്ങളാണ് ഇന്ദിരയും നിജലിംഗപ്പയും തമ്മില്‍, ഇന്ദിരയും കാമരാജും തമ്മില്‍, ഇന്ദിരയും മൊറാര്‍ജി ദേശായിയും തമ്മില്‍, തെറ്റാന്‍ കാരണം. ചെറുപ്പക്കാരിയായ പുതിയ നേതാവിനെ അംഗീകരിക്കാനുള്ള വൃദ്ധരുടെ വൈമനസ്യം എന്നും അതിനെ വിമര്‍ശിക്കാവുന്നതാണ്. പാര്‍ട്ടിയെ ആര് ഭരിക്കും എന്ന ചോദ്യം ഉയര്‍ന്നുവന്നപ്പോള്‍ പി.എന്‍.ഹക്‌സര്‍ ഇന്ദിരയെ ഉപദേശിച്ചത് സംഘര്‍ഷത്തിന് ഒരു പ്രത്യയശാസ്ത്രമാനം നല്‍കാനാണ്. ദേശീയവാദിയായിരുന്ന ഇന്ദിര അങ്ങനെ സോഷ്യലിസ്റ്റ് ചായ്‌വുകാരിയായി. ബാങ്ക് നാഷണലൈസേഷനായിരുന്നു തുറുപ്പുചീട്ട്. ആ പ്രത്യയശാസ്ത്ര പോരാട്ടത്തില്‍ സിണ്ടിക്കേറ്റിന് അടിതെറ്റി. ഇന്ദിര വിജയിച്ചു. ഇന്ദിര എന്ന ഇടതു പോപ്പുലിസ്റ്റ്, കമ്മ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെയുള്ള ഒരുപാട് ഇടതരെ ആകര്‍ഷിച്ചു. മോഹന്‍ കുമാരമംഗലത്തെപ്പോലെയുള്ളവര്‍ സിപിഐ വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. (കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് കോണ്‍ഗ്രസ്സിനെ ഇടതുവല്‍ക്കരിക്കുക എന്ന ചരിത്രദൗത്യം നിറവേറ്റുകയാണ് തങ്ങള്‍ എന്നവര്‍ അവകാശപ്പെട്ടിട്ടുണ്ട്. കനൈയ്യ പിന്‍പറ്റുന്നത് കുമാരമംഗലം തീസിസ് ആണോ എന്ന് മനീഷ് തിവാരി ചോദിക്കുകയുണ്ടായി). കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയ ടെന്റ് അന്നുവരേയ്ക്കും ഒരുപാട് അഭിപ്രായക്കാരുടെ factionssâ, interest groupsന്റെ ഒരു കൂട്ടായ്മയായിരുന്നു. അതുകൊണ്ടു കൂടിയാണ് രജനി കോത്താരി കോണ്‍ഗ്രസ്സ് സിസ്റ്റം എന്നു വിശേഷിപ്പിച്ചത്. ഇന്ദിരയുടെ കാലത്ത് അത് ഇന്ദിരാ കോണ്‍ഗ്രസ്സായി മാറി. അടിയന്തിരാവസ്ഥാനന്തരം പാര്‍ട്ടി ശോഷിച്ചുകൊണ്ടേയിരുന്നു. കുടുംബനേതൃത്വത്തിലേക്ക് പാര്‍ട്ടി മാറുന്നതും അങ്ങനെയാണല്ലോ.

ഇന്ദിരയുടെ ഇടതുവ്യതിയാനത്തിന് അനുകൂലമായി പല ഘടകങ്ങളുണ്ടായിരുന്നു. 1960കളില്‍ പോസ്റ്റ് കൊളോണിയല്‍ രാഷ്ട്രീയത്തിന്റെ ശബ്ദവും ഭൂമികയും ഇടത് ആശയങ്ങളുടേതായിരുന്നു. വിയറ്റ്‌നാമും ലാറ്റിന്‍ അമേരിക്കയും അമേരിക്കയോടും കോര്‍പ്പറേറ്റ് മുതലാളിത്തത്തോടും പോരാടുന്ന കാലമായിരുന്നു അത്. ദേശീയ വിമോചനം എന്ന കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയം ഇടതുപോപ്പുലിസ്റ്റുകള്‍ക്ക് സ്വീകാര്യത നല്‍കിയിരുന്നു. ഇന്ദിരയ്ക്ക് അത് ലഭ്യമായിരുന്നു. സര്‍വ്വോപരി കോണ്‍ഗ്രസ്സ് ഇന്ത്യ നിറഞ്ഞുനിന്നിരുന്നു.

രാഹുല്‍ഗാന്ധിയുടെ കാലം വ്യത്യസ്തമാണ്. ശുഷ്‌ക്കമാണ് ഇന്നത്തെ കോണ്‍ഗ്രസ്സ്. ഊര്‍ജ്ജമോ ആര്‍ജ്ജവമോ ഇല്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയായി എന്നേ കോണ്‍ഗ്രസ്സ് ചുരുങ്ങിയിരിക്കുന്നു. വ്യക്തി താല്പര്യങ്ങള്‍ക്കും അധികാരത്തിനും മുന്‍തൂക്കം കൊടുക്കുന്ന മാനേജര്‍മാരും ഇടനിലക്കാരുമാണ് നേതാക്കന്മാരില്‍ ഭൂരിപക്ഷവും. നിലപാടുകളില്‍ ഊന്നിയേ അല്ല അവര്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ രൂപപ്പെടുത്തുന്നത്. അപ്പപ്പോഴത്തെ പൊതുബോധം അനുസരിച്ച് നിലപാട് സ്വീകരിക്കുന്നവരാണ് പലരും. അയോധ്യ, കാഷ്മീര്‍ – ഇതിലൊക്കെ നേതാക്കള്‍ക്ക് വ്യത്യസ്താഭിപ്രായമാണ്. പലരും ബിജെപി നിലപാടുകളോട് യോജിക്കുന്നു. പാര്‍ട്ടിയുടെ അഭിപ്രായം എന്തെന്ന് വ്യക്തവുമല്ല. ജ്യോതിരാദിത്യ സിന്ധ്യയും ജിതന്‍ പ്രസാദയുമൊന്നും ഒട്ടും അത്ഭുതപ്പെടുത്താത്തത് കോണ്‍ഗ്രസ്സിന് വ്യതിരിക്തമായ, സുവ്യക്തമായ അഭിപ്രായങ്ങള്‍ എന്നോ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു എന്ന് നമുക്കറിയാവുന്നതുകൊണ്ടാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1969 ലെ ഇന്ദിരയെപ്പോലെ രാഹുലിന് തന്റെ കാലത്തെ സിണ്ടിക്കേറ്റായ ജി-23 നെ ഒതുക്കി പുതിയൊരു കോണ്‍ഗ്രസ്സ് സൃഷ്ടിക്കാമെന്നുണ്ടെങ്കില്‍ അതിന്റെ ആദ്യപടി കോണ്‍ഗ്രസ്സിനെക്കുറിച്ചുള്ള തന്റെ വീക്ഷണം കോണ്‍ഗ്രസ്സുകാരോട് പറയുക എന്നതാവണം. പഴയ പഛ്മഡി (Pachmarhi) കോണ്‍ക്ലേവ് (1998) പോലെ ഒന്ന് കോണ്‍ഗ്രസ്സിന് വിളിച്ചുകൂട്ടാവുന്നതാണ്. നേതാക്കള്‍ക്ക് തങ്ങളുടെ നിലപാടുകള്‍ വിശദീകരിക്കാന്‍ അവസരം നല്‍കുക, പാര്‍ട്ടി നിലപാടുകള്‍ ക്രോഡീകരിക്കുക. ഇരുപത് ശതമാനം വോട്ട് ഇപ്പോഴുമുള്ള രാജ്യത്തെ പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയിലുള്ള കോണ്‍ഗ്രസ്സിന്റെ ഉത്തരവാദിത്തം കൂടിയാണ് മേല്‍പ്പറഞ്ഞത്. വലിയ തോതില്‍ സ്വകാര്യവല്‍ക്കരണത്തിന് ഭാരത് സര്‍ക്കാര്‍ തയ്യാറെടുക്കുന്ന ഈ അവസരത്തില്‍ കോണ്‍ഗ്രസ്സ് എവിടെ നില്‍ക്കുന്നു എന്ന് ജനങ്ങള്‍ അറിയേണ്ടതുണ്ടല്ലോ. അതിന്റെ അടിസ്ഥാനത്തിലാവട്ടെ കോണ്‍ഗ്രസ്സിന്റെ പുനഃസംഘടനയും പിളര്‍പ്പുമൊക്കെ. ആര്‍ക്കറിയാം, ഇടതുവ്യതിയാനം രാഹുല്‍ ഗാന്ധിയില്‍ കാണുന്നവര്‍ പുറത്തിറങ്ങി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ അണിനിരന്ന് ശരദ് പവാറിനേയും ജഗന്‍ റെഡ്ഡിയേയുമൊക്കെ ഒപ്പം കൂട്ടി തങ്ങളുടേതാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ്സ് എന്ന് പ്രഖ്യാപിക്കുമായിരിക്കും! വൃദ്ധ രാഷ്ട്രീയ നേതൃത്വം വ്യക്തിതാല്പര്യങ്ങളും കസേരാകാംക്ഷകളുമൊക്കെ ഒളിപ്പിച്ചുവെച്ച് ആദര്‍ശം പറയുന്നതിനേക്കാള്‍ നല്ലത് ഇത്തരമൊരു വ്യതിയാനമായിരിക്കും -കോണ്‍ഗ്രസ്സിനും രാജ്യത്തിനും.

ഏതായാലും കനൈയ്യയിലേക്കും മേവാനിയിലേക്കും തിരിച്ചുപോകാം. ഇവരാണ് ഇടതുവ്യതിയാനത്തെ കൃത്യമായി അടയാളപ്പെടുത്തുന്നവരെങ്കില്‍ എന്താണിവര്‍ കോണ്‍ഗ്രസ്സിലേക്ക് കൊണ്ടുവരുന്നത്? അവരെ കോണ്‍ഗ്രസ്സുകാരാക്കുമ്പോള്‍ പാര്‍ട്ടി നല്‍കുന്ന സന്ദേശമെന്താണ്?

ജെഎന്‍യു സമരത്തിന് ശേഷം കനൈയ്യയും കൂട്ടരും ടുക്ക്‌ഡെ ടുക്ക്‌ഡെ ഗാങ് എന്നാണ് സംഘപരിവാറിനാല്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യയെ കഷണം കഷണമാക്കാന്‍ തയ്യാറെടുത്തിരിക്കുന്ന ദേശദ്രോഹികളായ ചെറുപ്പക്കാര്‍ എന്നായിരുന്നു പരിവാര്‍ രാഷ്ട്രീയം ഇവരെക്കുറിച്ച് പറഞ്ഞത്. പരിവാര്‍ മാധ്യമങ്ങളും അതേറ്റുപിടിച്ചു. മോദിസര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പുതുദേശീയതാ രാഷ്ട്രീയം ഇവരെ വിടന്മാരാക്കി മാറ്റിയിരിക്കുന്നു.

ദില്ലി സര്‍വ്വകലാശാലയിലെ അധ്യാപകന്‍ കൂടിയായ എഴുത്തുകാരന്‍ ഒരു കഥ പറഞ്ഞു. മൂന്നുനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രക്തസാക്ഷി ദിനത്തിന് (ജനുവരി 30, ഗാന്ധിയെ ഗോഡ്‌സെ കൊന്ന ദിനം) കോണ്‍ഗ്രസ്സിന്റെ ന്യൂനപക്ഷ സെല്‍ ഒരു പൊതുയോഗം വിളിച്ചു. നമ്മുടെ അധ്യാപകനോടൊപ്പം കനയ്യയും ഷെഹ്‌ലാ റഷീദും മറ്റും പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ യോഗസ്ഥലത്ത് അവരുണ്ടായിരുന്നില്ല. പിന്നീടറിഞ്ഞു കോണ്‍ഗ്രസ്സ് ടുക്‌ഡെ ടുക്‌ഡെ ഗ്യാങ്ങിന് വേദിയൊരുക്കുന്നു എന്ന ആരോപണം ചില ടിവി ചാനലുകള്‍ ഉയര്‍ത്തിയതോടെ പാര്‍ട്ടി തങ്ങളുടെ ക്ഷണം പിന്‍വലിച്ചുവത്രേ. ആ അര്‍ത്ഥത്തില്‍ ദേശവിരുദ്ധര്‍ എന്ന് പരിവാര്‍ ആരോപിക്കുന്ന ഒരാളെ പാര്‍ട്ടിയിലെടുക്കുന്നത് ഒരു പ്രസ്താവന കൂടിയാണ് എന്ന് എന്റെ സുഹൃത്ത് പറഞ്ഞു. കനൈയ്യ ഒരു മേല്‍ജാതി ഹിന്ദുവാണെന്നതും ഈ ചുവടുമാറ്റം എളുപ്പമാക്കുന്നുണ്ട് എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. (ദില്ലി കലാപത്തെക്കുറിച്ചും തന്റെ സഹപാഠിയായിരുന്ന ഉമര്‍ഖാലിദിന്റെ അറസ്റ്റിനെക്കുറിച്ചും കനയ്യ പാലിച്ച മൗനം അലോസരപ്പെടുത്തുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു).

മുഖ്യധാരാ രാഷ്ട്രീയത്തിന് വഴങ്ങുന്നതാണ് കനയ്യയുടെ രാഷ്ട്രീയ ശൈലി. സാധാരണക്കാരുടെ ഭാഷയില്‍ ഭരണഘടനയെക്കുറിച്ചും ദേശീയതയെക്കുറിച്ചും മതത്തെക്കുറിച്ചുമെല്ലാം സംസാരിക്കാന്‍ അയാള്‍ക്ക് കഴിവുണ്ട്. പ്രവര്‍ത്തനത്തില്‍ കൂടുതല്‍ തെളിമ കാണിച്ചിട്ടുള്ള മേവാനിയേക്കാള്‍ പ്രാസംഗികനെന്ന നിലയില്‍ കൂടുതല്‍ ജനകീയന്‍ കനൈയ്യയാണ്.

ഹിന്ദിമേഖലയില്‍ ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയം ശക്തമായി പറയാന്‍ കഴിയുന്നവര്‍ ഇന്ന് കോണ്‍ഗ്രസ്സിലില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറത്ത്, മഹാനായക പ്രതിഭാസത്തിനപ്പുറത്ത് ചെറിയ ചെറിയ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ചരിത്രത്തെ സംസ്‌കാരത്തെ തിരിച്ചുപിടിക്കേണ്ട ഒരു രാഷ്ട്രീയത്തിന്റെ ആവശ്യം ഇന്നുണ്ട്. ഹിന്ദുവിനും പശുവിനും രാമനുമപ്പുറത്ത് രാഷ്ട്രീയമുണ്ട് എന്ന് ആരാണ് ജനങ്ങളോട് പറയുക? നല്ല പ്രാസംഗികരായ കനയ്യയുടെയും മേവാനിയുടെയും പ്രസക്തി അവിടെയാണ്. സംഘാടകരൊന്നുമല്ല ഇവര്‍ -ആണെന്ന് ഇതുവരെ തെളിയിച്ചിട്ടില്ല. എങ്കിലും കോണ്‍ഗ്രസ്സ് പോലൊരു മുഖ്യധാരാ പാര്‍ട്ടിയുടെ വേദികള്‍ക്ക് ഇവര്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും. തിരഞ്ഞെടുപ്പ് ഫലത്തെ ഉടന്‍ ഭാവിയില്‍ സ്വാധീനിക്കുന്നതിനപ്പുറത്ത് ഉത്തരേന്ത്യന്‍ രാഷ്ട്രീയമണ്ഡലത്തെ ഹിന്ദുത്വത്തിന്റെ അതിവൈകാരികതയില്‍ നിന്നും വിദ്വേഷങ്ങളില്‍നിന്നും മോചിപ്പിക്കാന്‍ വേണ്ടുന്ന പൊതുപ്രവര്‍ത്തനം ഇവര്‍ക്ക് സാധ്യമാകണം. അതിനുള്ള ഇടം പ്രാദേശിക നേതാക്കളും മറ്റും നല്‍കുമോ എന്നത് കണ്ടറിയേണ്ടതാണ്.

വിദ്യാര്‍ത്ഥി രാഷ്ട്രീയമല്ല ബഹുജന രാഷ്ട്രീയം. മേവാനിയും കനയ്യയും ഇതുവരെ നിലകൊണ്ട ഇടം നിഷ് (niche) രാഷ്ട്രീയത്തിന്റേതാണ്. യുപിയിലും ബീഹാറിലും മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ആദര്‍ശം മതവും ജാതിയുമാണ്. കനയ്യ തന്റെ ഭൂമിഹാര്‍ സ്വത്വത്തില്‍ ഊന്നിക്കൊണ്ട് ഒരു ഭൂമിഹാര്‍ നേതാവായാല്‍ മാത്രമേ ബീഹാറില്‍ ഇടം കണ്ടെത്താനാവൂ എന്ന് രാഷ്ട്രീയനിരീക്ഷകന്‍ ബദരി നാരായണന്‍ പറയുകയുണ്ടായി. ഭൂമിഹാറുകള്‍ ബ്രാഹ്മണര്‍ക്ക് തൊട്ടുതാഴെ ജാതിശ്രേണിയില്‍ ഇടം പിടിച്ചിട്ടുള്ളവരാണ്. ബീഹാറിലെ മൂന്നോ നാലോ ശതമാനം വരുന്ന ജാതിയാണെങ്കിലും വലിയ രാഷ്ട്രീയസ്വാധീനമുള്ളവര്‍. ബദരിയുടെ അഭിപ്രായത്തില്‍ ഒരേ സമയം ദബാംഗ് (strongman) ആയിട്ടും ബുദ്ധിജീവിയായിട്ടും നിലകൊള്ളാന്‍ താല്പര്യമുള്ളവരാണ് ഭൂമിഹാറുകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കനൈയ്യ ഈ ഭൂമിഹാര്‍ കാര്‍ഡ് ബെഗുസരായില്‍ ഒന്ന് പയറ്റിനോക്കിയതാണത്രേ. സമുദായം ബിജെപി നേതാവ് ഗിരിരാജ് സിംഗിനൊപ്പമാണ് നിലകൊണ്ടത്. തീര്‍ത്തും വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഒരു രാഷ്ട്രീയ ഭൂമികയില്‍ മതാതീത രാഷ്ട്രീയത്തിന് വേരോട്ടമുണ്ടായില്ല. കനയ്യ തിരഞ്ഞെടുപ്പിന് പറ്റിയ സ്ഥാനാര്‍ത്ഥിയല്ല എന്ന് ആര്‍ജെഡി നിര്‍ബന്ധം പിടിച്ചതും അയാളുടെ പഴയ നിലപാട് ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. (കാഷ്മീര്‍ വിഷയത്തിലായാലും മുസ്‌ലിം വിരുദ്ധതയ്ക്ക് എതിരെയായാലും തീവ്രദേശീയതയുടെ കാര്യത്തിലായാലും ഹിന്ദുത്വ രാഷ്ട്രീയം നിര്‍മ്മിച്ചെടുത്ത പൊതുബോധത്തെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഇന്നും തയ്യാറല്ലല്ലോ! കമ്മ്യൂണിസ്റ്റുകാരും ഡിഎംകെയും തൃണമൂലും മാത്രമാണ് അവരുടേതായ രാഷ്ട്രീയകാരണങ്ങളാല്‍ അത് ചെയ്യുന്നത്).

കനൈയ്യയും മേവാനിയും പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ യുവത്വം എത്രകണ്ട് രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്? ജെഎന്‍യുവില്‍, ജാമിയയില്‍, ദില്ലി യൂണിവേഴ്‌സിറ്റിയില്‍ അവര്‍ ജാഗരൂകരാണ്. ബനാറസിലും അലഹബാദിലും ലഖ്‌നൗവിലും ക്യാമ്പസുകള്‍ സജീവമാണ്. എന്നാല്‍ ഇത് ചെറിയ ഒരു വിഭാഗം കുട്ടികള്‍ മാത്രം എന്ന് ചൂണ്ടിക്കാണിക്കുന്നവര്‍ അനേകം. വിദ്യാര്‍ത്ഥികളുടെ അരാഷ്ട്രീയവല്‍ക്കരണത്തിന്റെ കാരണം സര്‍വ്വകലാശാലകളുടെ തകര്‍ച്ചയില്‍ തുടങ്ങുന്നു.

നിതീഷ്‌കുമാറിന്റെ ഭരണം തുടങ്ങുന്ന കാലത്ത് പറ്റ്‌നയില്‍ പ്രത്യക്ഷപ്പെട്ട ഒരു ചുവര്‍ വാചകം പറ്റ്‌നയെ കോട്ടയാക്കും എന്നായിരുന്നു. എന്‍ട്രന്‍സ് കോച്ചിംഗിന്റെ വലിയൊരു കേന്ദ്രമാണ് രാജസ്ഥാനിലെ കോട്ട എന്ന നഗരം. ബീഹാറില്‍ നിന്നും ഒരുപാട് രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ പ്രവേശന പരീക്ഷകള്‍ക്കായി കോട്ടയിലേക്ക് അയക്കുന്നു. സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം തന്നെ പ്രവേശന പരീക്ഷാ വിജയമാണ്. വിദ്യാഭ്യാസത്തിന്റെ പൊളിറ്റിക്കല്‍ ഇക്കോണമി തുടങ്ങുന്നത് ഈ വികലമായ സംവിധാനത്തില്‍ നിന്നുമാണ്. പ്രൊഫഷണല്‍ കോളേജില്‍ പ്രവേശനം ലഭിക്കാത്തവര്‍ രണ്ടാംകിട വിദ്യാര്‍ത്ഥികളായി സര്‍വ്വകലാശാലകളില്‍ എത്തുന്നു. അവിടെയാകട്ടെ വര്‍ഷങ്ങളായി അധ്യാപകരില്ല, ക്ലാസുകളില്ല, പഠനമില്ല. വിഷയവൈദഗ്ദ്ധ്യമോ ഭാഷാ പരിചയമോ ഇല്ലാത്ത അപകര്‍ഷതാബോധം മാത്രം കൈമുതലായുള്ള ഒരു വലിയ വിദ്യാര്‍ത്ഥി സമൂഹം തൊഴില്‍ തേടി പട്ടണങ്ങളിലും നഗരങ്ങളിലും ചേക്കേറുന്നു.

അപൂര്‍വ്വാനന്ദ് എന്ന ഹിന്ദി എഴുത്തുകാരന്‍ ദില്ലി യൂണിവേഴ്‌സിറ്റിക്കടുത്തുള്ള മുഖര്‍ജി നഗറിന്റെ കാര്യം എന്നെ ഓര്‍മ്മപ്പെടുത്തി. കുറഞ്ഞ വാടകയ്ക്കുള്ള മുറികളില്‍ ആറും ഏഴും എട്ടും വര്‍ഷങ്ങള്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഇടമാണ് മുഖര്‍ജി നഗര്‍. കോളജ് പഠനത്തോടൊപ്പം അല്ലെങ്കില്‍ ഡിഗ്രിക്കുശേഷം ഇവര്‍ യുപിഎസ്‌സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നു. പിന്നെ സ്റ്റേറ്റ് പിഎസ്‌സി പരീക്ഷകള്‍. ഒടുവിലൊടുവില്‍ ക്ലാസ്സ് ഫോര്‍ ജീവനക്കാര്‍ക്കുള്ള ടെസ്റ്റുകള്‍. പരീക്ഷകളില്‍ നിന്നും പരീക്ഷകളിലേക്കുള്ള പ്രയാണത്തിനിടയില്‍ രാഷ്ട്രീയവല്‍ക്കരണത്തിനുള്ള സമയമെവിടെ? വലിയ ആദര്‍ശവും സ്വപ്‌നവും കാണാന്‍ ഇടമെവിടെ? ഹതാശരായി സ്വന്തം ഗ്രാമങ്ങളിലേക്കോ പട്ടണങ്ങളിലേക്കോ മടങ്ങുന്ന ഇവര്‍ ഇന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കയ്യാളുകളായി മാറുന്നു. ഹിന്ദുത്വ സ്വത്വരാഷ്ട്രീയം ഇവര്‍ക്ക് നല്‍കുന്നത് തങ്ങള്‍ക്കില്ലാതിരുന്ന അല്ലെങ്കില്‍ നഷ്ടമായ ആത്മവിശ്വാസമാണ്. അമേരിക്കയിലും മറ്റും ജൈത്രയാത്ര നടത്തിക്കൊണ്ടിരിക്കുന്ന മഹാനായകന്റെ അപദാനങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ കൂടി അറിയുന്നു. സര്‍വ്വകലാശാലയൊന്നും കാണാത്ത ചെറുപ്പക്കാരാവട്ടെ ചെറിയ കൊടിയും കാവി ഗംച്ച (തോര്‍ത്ത്)യുമായി ബൈക്കില്‍ റോന്തു ചുറ്റുന്നു. മുസ്‌ലീമായ വളക്കച്ചവടക്കാരനെ തല്ലാനും പശുവിന്റെ പേരില്‍ കൊല്ലാനും നടക്കുന്നത് ഇവരാണ്. ഈ ഹിന്ദുത്വയുവതയോടാണ് കനൈയ്യയും മേവാനിയും സംസാരിക്കേണ്ടത്. അവര്‍ക്ക് മനസ്സിലാകുന്ന രാഷ്ട്രീയഭാഷയും ബിംബങ്ങളും കണ്ടെത്തേണ്ടിവരും. ഹിന്ദുത്വ രാഷ്ട്രീയം ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ നിര്‍മ്മിച്ചെടുക്കുന്ന ചരിത്രബോധ്യങ്ങളെ ചോദ്യം ചെയ്യേണ്ടിവരും. അനന്തരമായി നീളാവുന്ന ഒരു സംഭാഷണത്തിന് സംവാദങ്ങള്‍ക്ക് അവര്‍ തുടക്കമിടേണ്ടിയിരിക്കുന്നു. പണവും മതവും ജാതിയും അമിതമായി ഇടപെടുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറത്ത് നടത്തേണ്ടി വരുന്ന ഒരു സാംസ്‌ക്കാരിക പ്രവര്‍ത്തനം ഹിന്ദി മേഖലയില്‍ ഇന്ന് ആവശ്യമാണ്. സോഷ്യലിസ്റ്റുകാരും കമ്മ്യൂണിസ്റ്റുകാരും പിന്നീട് ബിഎസ്പിയും അത് പണ്ട് കുറച്ചൊക്കെയെങ്കിലും ചെയ്തിരുന്നു. അയോദ്ധ്യ അതൊക്കെ മാറ്റിമറിച്ചു. മണ്ഡല്‍ രാഷ്ട്രീയം സൃഷ്ടിച്ച പ്രതിരോധം പുതിയ സാംസ്‌ക്കാരിക ഭൂമികയൊന്നും സൃഷ്ടിച്ചില്ല എന്നു കരുതേണ്ടിയിരിക്കുന്നു. അധികാര രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ മാറ്റിയതൊഴിച്ചാല്‍ മണ്ഡല്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് പ്രത്യയശാസ്ത്രപരമായ വെല്ലുവിളി ഉയര്‍ത്തിയില്ല. കനയ്യയുടെ, മേവാനിയുടെ, രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ്സിന്റെ മുമ്പിലുള്ള വെല്ലുവിളി ഇതുതന്നെയാണ്. അവിടെ തുടങ്ങട്ടെ കോണ്‍ഗ്രസ്സിന്റെ ‘ഇടതുവ്യതിയാനം.’

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply