യൂണിവേഴ്സിറ്റി കോളേജിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതിഷേധപ്രസ്ഥാനം

സംഘടനാസ്വതന്ത്ര്യം അവിടെ നില്‍ക്കട്ടെ, വിദ്യാര്‍ത്ഥികളുടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോലും കഴിയുന്നില്ലെങ്കില്‍ പിന്നെ കലാലയങ്ങള്‍ എന്ന സങ്കല്‍പ്പം പോലും വ്യര്‍ത്ഥമല്ലേ? യഥാര്‍ത്ഥത്തില്‍, വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ ചുമതലപ്പെട്ട സംഘടനകള്‍, അത് കവര്‍ന്നെടുക്കുന്ന കവര്‍ച്ചക്കാരെപ്പോലെയായാല്‍ എന്തുചെയ്യും. വിദ്യാര്‍ത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യത്തെ തടയുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംഘടിത വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കാനുള്ള ചട്ടുകങ്ങളായി അവര്‍ ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുന്നുവെന്ന് പറയാതെ വയ്യ.

 

ഫാസിസത്തിനെതിരെ മുറവിളികൂട്ടുന്നവര്‍ യഥാര്‍ത്ഥ ഫാസിസത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായി കലാലയങ്ങള്‍ ഏകപക്ഷീയമായി ഭരിക്കുന്നുവെന്നത് ജനാധിപത്യകേരളം എത്രകാലം കണ്ടില്ലെന്നുനടിക്കും? കലാലയങ്ങള്‍ സ്വാതന്ത്രവിഹായസുകളാകണം . ഭയരഹിതമാകണം അവിടം. സത്യാന്വേഷണ സപര്യകളാണ് കലാലയങ്ങളുടെ ജീവന്‍. ആശയസംവാദങ്ങളാണ് കേരളത്തെ കേരളമാക്കിയതെന്നു മറക്കരുത്. പ്രബുദ്ധതയുടെ ഉയിരും ഉണര്‍വും സ്വതന്ത്രകലാലയങ്ങള്‍ സൃഷ്ടിച്ചതാണ്. എന്നാല്‍, സര്‍ഗവസന്തത്തിന്റെ ആ നാളുകള്‍ അസ്തമിച്ചിട്ട് കാലമെത്രയോ കഴിഞ്ഞു. അക്രമത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും രാഷ്ട്രീയം കലാലയങ്ങളെ ഏറെക്കൂറെ നിശ്ചലമാക്കി മാറ്റിയിരിക്കുന്നു. ആരാണ് അതിനുത്തരവാദികള്‍?
സംഘടനാസ്വതന്ത്ര്യം അവിടെ നില്‍ക്കട്ടെ, വിദ്യാര്‍ത്ഥികളുടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോലും കഴിയുന്നില്ലെങ്കില്‍ പിന്നെ കലാലയങ്ങള്‍ എന്ന സങ്കല്‍പ്പം പോലും വ്യര്‍ത്ഥമല്ലേ? യഥാര്‍ത്ഥത്തില്‍, വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ ചുമതലപ്പെട്ട സംഘടനകള്‍, അത് കവര്‍ന്നെടുക്കുന്ന കവര്‍ച്ചക്കാരെപ്പോലെയായാല്‍ എന്തുചെയ്യും. വാസ്തവത്തില്‍ വിദ്യാര്‍ത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യത്തെ തടയുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംഘടിത വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കാനുള്ള ചട്ടുകങ്ങളായി അവര്‍ ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുന്നുവെന്ന് പറയാതെ വയ്യ.
അത്തരമൊരു സാഹചര്യത്തില്‍, സേവ് എജ്യൂക്കേഷന്‍ കമ്മിറ്റിയുടെയും പൊതുപ്രവര്‍ത്തകരുടെയും മുന്‍കൈയില്‍ വിദ്യാഭ്യാസ സ്നേഹികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും അദ്ധ്യാപകരില്‍ ചിലരും ചേര്‍ന്ന് സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പയിന്‍ കമ്മിറ്റിക്ക് രൂപം നല്‍കി.
ആ സംഘടനയുടെ ആഭിമുഖ്യത്തില്‍ മേയ് 10-ാം തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ ഒരു പൗരസംഗമം വിളിച്ചുചേര്‍ത്തു. വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്ത ആ പൗരസംഗമത്തില്‍ ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്.ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പൗരസംഗമത്തിലെ മുഖ്യപ്രമേയം കെ.എം.ഷാജഹാന്‍ അവതരിപ്പിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന വലിയ സദസ്സ് ഒന്നടങ്കം കൈയടിച്ച് പാസ്സാക്കിയ പ്രമേയം സമ്മേളനത്തിന്റെ പ്രഖ്യാപനമായി. വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി പഠിക്കാനും വ്യത്യസ്ത സംഘടനകളില്‍ പ്രവര്‍ത്തിക്കുവാനും അധ്യാപകര്‍ക്ക് പഠിപ്പിക്കാനും നിര്‍ഭയം അഭിപ്രായങ്ങള്‍ പങ്ക് വെയ്ക്കാനും കഴിയുന്ന ജനാധിപത്യാന്തരീക്ഷം പുനഃസ്ഥാപിയ്ക്കപ്പെടുന്നതുവരെ പൗരസമൂഹം ജാഗ്രതയോടെ നിലയുറപ്പിക്കുമെന്ന് സംഗമം പ്രഖ്യാപിച്ചു.
സംഗമത്തിന്റെ പ്രധാന തീരുമാനം, ഉയര്‍ന്നുവന്ന പരാതികള്‍ അന്വേഷിക്കാന്‍ ഒരു സ്വതന്ത്ര ജനകീയാന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നതായിരുന്നു. സംഗമത്തില്‍ യൂണിവേഴ്സിറ്റി കോളേജിലെ മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. മോളി മെഴ്സലിന്‍, മുന്‍ പ്രിന്‍സിപ്പാളും മനുഷ്യാവകാശ കമ്മിഷന്‍ മുന്‍ അംഗവുമായ പ്രൊഫ.എസ്.വര്‍ഗ്ഗീസ്, മുന്‍ അധ്യാപകന്‍ റ്റി.പി.ശങ്കരന്‍കുട്ടി, മുന്‍ ഗുജറാത്ത് കേഡര്‍ ഡിജിപി ആര്‍.ബി. ശ്രീകുമാര്‍, കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ബിനു ബേബി, എഐഡിഎസ്ഒ മുന്‍ നേതാവ് എസ്.ശ്രീകുമാര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികളായ ബി.എസ്.എമില്‍, അജു എന്നിവര്‍ പ്രസംഗിച്ചു.
മെയ് 20ന് സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ നിയോഗിക്കപ്പെട്ടു
പ്രധാനമായും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഉയര്‍ന്നുവന്ന പരാതികളുടെ അടിസ്ഥാനത്തില്‍ അവയുടെ നിജസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പയിന്‍ കമ്മിറ്റി മെയ് 20ന് സ്വതന്ത്ര ജനകീയ ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ചു.
കമ്മീഷന്റെ ചെയര്‍മാന്‍ ഹൈക്കോടതിയിലെ തലമുതിര്‍ന്ന റിട്ടയേര്‍ഡ് ജസ്റ്റിസ് പി.കെ.ഷംസുദ്ദീനാണ്. അംഗങ്ങളായി മുന്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗവും യൂണിവേഴ്സിറ്റി കോളേജ് മുന്‍ പ്രിന്‍സിപ്പാളുമായ പ്രൊഫ.എസ്.വര്‍ഗ്ഗീസ്, കേരള സര്‍വ്വകലാശാലയിലെ മുന്‍ സിന്‍ഡിക്കേറ്റ് അംഗവും ബയോടെക്നോളജി വിഭാഗം മുന്‍ മേധാവിയുമായ ഡോ.വി.തങ്കമണി, ബാലാവകാശ കമ്മീഷന്‍ മുന്‍ അംഗമായ അഡ്വ.ജെ.സന്ധ്യ എന്നിവരും മെമ്പര്‍ സെക്രട്ടറിയായി യൂണിവേഴ്സിറ്റി കോളേജിലെ റിട്ടയേര്‍ഡ് പ്രൊഫ. എ.ജി.ജോര്‍ജ്ജും ഉള്‍പ്പെടുന്ന കമ്മീഷനെ പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സേവ് എജ്യൂക്കേഷന്‍ കമ്മിറ്റിയുടെ സംസ്ഥാന സെക്രട്ടറി എം.ഷാജര്‍ഖാന്‍ പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ യുണിവേഴ്സിറ്റി കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. മോളി മെഴ്സലിന്‍, വിജയകുമാര്‍ എന്നിവരും പങ്കെടുത്തു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാനായി നിയമിതമായ ജനകീയ സ്വതന്ത്ര ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ ആദ്യയോഗം കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ജസ്റ്റിസ് പി.കെ ഷംസുദ്ദീന്റെ കൊച്ചിയിലെ വസതിയില്‍ ചേര്‍ന്നു. കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വരേണ്ട വിഷയങ്ങള്‍ യോഗം തീരുമാനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെയും സംസ്ഥാനത്തെ ഇതര ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലെയും യൂണിയന്‍ പ്രവര്‍ത്തനങ്ങളും കലാലയാന്തരീക്ഷവും അക്കാദമിക സാഹചര്യങ്ങളും പ്രവേശനത്തിലെ പ്രശ്നങ്ങളുമൊക്കെ ബഹുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
വിദ്യാഭ്യാസമേഖലയിലെ വ്യക്തിത്വങ്ങളില്‍നിന്നും കമ്മീഷന്‍ തെളിവുകള്‍ സമാഹരിക്കും. ജൂണ്‍ 14, 15 തീയതികളില്‍ തിരുവനന്തപുരത്ത് ആദ്യ തെളിവെടുപ്പ് ഗസ്റ്റ് ഹൗസില്‍ നടക്കും. കോളേജ് പ്രിന്‍സിപ്പാള്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, വിദ്യാര്‍ത്ഥി-അധ്യാപക സംഘടനകള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, ബഹുജനങ്ങള്‍ എന്നിവര്‍ക്ക് തെളിവ് നല്‍കാം.
തെളിവുകള്‍ നല്‍കുന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മേല്‍വിലാസം അതീവരഹസ്യമായി സൂക്ഷിക്കുമെന്ന് ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ അറിയിച്ചു. ജൂലൈ 31 ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.

കടപ്പാട് : SUCI

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply