കേരളം ഊന്നേണ്ടത് ഉന്നത വിദ്യാഭ്യാസ – ആരോഗ്യ മേഖലകളില്‍

ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന വിദ്യാഭ്യാസ – ആരോഗ്യമേഖലകളില്‍ നമ്മുടെ നേട്ടങ്ങള്‍ പ്രാഥമിക തലത്തില്‍ മാത്രമാണ്. ഉന്നത തലത്തില്‍ നാം വളരെ പുറകിലാണ്. മാത്രമല്ല, അവയാകെ കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ നേട്ടങ്ങളില്‍ അഹങ്കരിച്ച് കാലം കളയുകയല്ല, പുതിയ കാല വെല്ലുവിളകളെ നേരിടാനുള്ള നീക്കങ്ങളാണ് നാം നടത്തേണ്ടത്. അതിനായുള്ള ശ്രമത്തിന്റെ ആരംഭം സര്‍ക്കാരില്‍ നിന്നാണ് ഉണ്ടാകേണ്ടത്.

 

സ്വയം മഹത്വവല്‍ക്കരിക്കുക എന്നത് മലയാളികളുടെ ചോരയില്‍ അലിഞ്ഞ സ്വഭാവമാണ്. ഒപ്പം മറ്റുള്ളവരെ പുച്ഛിക്കലും. സമീപകാലത്താകട്ടെ ഈ പ്രവണത കൂടുതല്‍ ശക്തമായിരിക്കുകയാണ്. നാഴികക്ക് നാല്‍പ്പതുവട്ടം നമ്പര്‍ വണ്‍ ജനത എന്ന് കൊട്ടിഘോഷിക്കുകയും മറ്റുജനവിഭാഗങ്ങള , പ്രത്യേകിച്ച് തമിഴരേയും ഉത്തരേന്ത്യക്കാരേയും, അധിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോള്‍ നമ്മുടെ വിനോദം. ആ അവകാശവാദത്തില്‍ എന്തെങ്കിലും ശരിയുണ്ടോ? ഇപ്പോള്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിദ്യാഭ്യാസ, ആരോഗ്യമേഖലകള്‍ മാത്രം പരിശോധിച്ചാല്‍ ഈ അവകാശവാദങ്ങള്‍ എത്ര മിഥ്യയാണെന്നു മനസ്സിലാക്കാം. രണ്ടുമേഖലകളിലും പ്രാഥമിക തലങ്ങളില്‍ മാത്രമാണ് നമുക്ക് നേട്ടങ്ങള്‍ ഉള്ളതെന്നതാണ് യാഥാര്‍ത്ഥ്യം.
പ്രൊഫ സി രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ ഒരു കാര്യം ഉറപ്പായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കുറെയൊക്കെ പരിഹാരമുണ്ടാകുമെന്നതാണത്. പ്രാഥമികതലത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ അവസ്ഥ മെച്ചപ്പെടും. അതു കുറെയൊക്കെ നടക്കുന്നുണ്ട്. അതേസമയം അതിന്റെ പുറകില്‍ ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. ദേശീയപ്രസ്ഥാനവും നവോത്ഥാനപ്രസ്ഥാനവും കൃസ്ത്യന്‍ മിഷണറിമാരും ഇടതുപക്ഷ പ്രസ്ഥാനവുമൊക്കെ അതില്‍ പങ്കുവഹിച്ചിട്ടുണ്ട്. മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്കും അതില്‍ പങ്കുണ്ട്. എല്ലാവരുടേയും ശ്രമഫലമായാണ് സമ്പൂര്‍ണ്ണസാക്ഷരതയും മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസ നിലവാരവും നാം നേടിയത്.
എന്നാല്‍ അതിനിടയില്‍ പൊതുവിദ്യാഭ്യാസമേഖല രൂക്ഷമായ പ്രതിസന്ധികളെ നേരിടുകയായിരുന്നു. അധ്യാപകരുടെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്ന 1957ലെ വിദ്യാഭ്യാസബില്‍ മുതല്‍ അതാരംഭിച്ചു. അതോടെ സ്വകാര്യവിദ്യാലയങ്ങളിലെ അധ്യാപകരുടെ വേതനം സര്‍ക്കാര്‍ നല്‍കാന്‍ തുടങ്ങി. എന്നാല്‍ നിയമനാധികാരം മാനേജ്‌മെന്റില്‍ തന്നെ തുടര്‍ന്നു. സ്‌കൂള്‍ കൊണ്ടുനടക്കാനുള്ള ചിലവ് മാനേജ്‌മെന്റ് വഹിക്കണമെന്നതിനാല്‍ നിയമിക്കുന്ന അധ്യാപകരില്‍ നിന്ന് വാങ്ങിയിരുന്ന വലിയ കോഴ ന്യായീകരിക്കപ്പെട്ടു. അതേസമയം സര്‍ക്കാര്‍ വേതനം നല്‍കിയിട്ടും ദളിതരുടെ അവകാശമായ സംവരണം നിഷേധിക്കപ്പട്ടു. മാത്രമല്ല, ഇത്തരത്തില്‍ നിയമിക്കപ്പെടുന്ന അധ്യാപകരുടെ നിലവാരം സ്വാഭാവികമായും താഴെയായിരുന്നു. എന്നാല്‍ മറുവശത്ത് സമൂഹത്തോടോ വരും തലമുറയോടോ ഒരു പ്രതിബദ്ധതയുമില്ലാത്തവരായി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ മാറിയപ്പോള്‍ എയ്ഡഡ് സ്‌കൂളുകളിലേക്കായി കുട്ടികളുടെ പ്രവാഹം. പക്ഷെ അതിനിടയിലായിരുന്നു ഇരുകൂട്ടര്‍ക്കും ഭീഷണിയായി അണ്‍ എയ്ഡഡ്് സിബിഎസ്ഇ സ്‌കൂളുകളുടെ രംഗപ്രവേശം. സര്‍ക്കാര്‍, എയ്ഡഡ്് സ്‌കൂളുകളുടെ നിലവാരകുറവും സിബിഎസ്ഇയിലും ഇംഗ്ലീഷ് മീഡിയത്തിലും കുട്ടികളെ പഠിപ്പിക്കല്‍ അന്തസ്സിന്റെ പ്രതീകവുമായപ്പോള്‍ കുട്ടികളുടെ പ്രവാഹം അങ്ങോട്ടായി. തുച്ഛം വേതനം വ്ാങ്ങി ജോലിചെയ്തിരുന്ന അധ്യാപകരായിരുന്നു അവിടെ പഠിപ്പിക്കുന്നതെന്നതുപോലും ആരും ഓര്‍ത്തില്ല. സര്‍ക്കാര്‍ – എയ്ഡഡ്് അധ്യാപകരില്‍ ഭൂരിഭാഗവും സ്വന്തം മക്കളെപോലും അവിടേക്കയക്കാനാരഭിച്ചു. എന്തായാലും പെട്ടന്നുതന്നെ സര്‍ക്കാര്‍ – എയ്ഡഡ്് സ്‌കൂളുകളുടെ തകര്‍ച്ചയുമാരംഭിച്ചു. ഇടക്കാലത്തെ ഡിപിഇപി അടക്കമുളള പരിഷാരങ്ങള്‍ ഈ തകര്‍ച്ചക്ക് ആക്കം കൂട്ടുകയാണുണടായത്. അതിനെയെല്ലാം മറികടക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നല്ലത്. എന്നാല്‍ ധാരാളം സ്‌കൂളുകള്‍ നിലവിലുള്ള മേഖലകളില്‍പോലും ഒന്നോ രണ്ടോ കുട്ടികള്‍ക്കായി കോടികള്‍ ചെലവഴിക്കേണ്ടതുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം നാട് തൃശൂരിലെ പ്രസിദ്ധമായ മോഡല്‍ ബോയ്സ് ഗവ സ്‌കൂള്‍ തന്നെ സാക്ഷ്യം. അരനൂറ്റാണ്ടുമുമ്പേ അവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ഉണ്ടായിരുന്നു. അന്ന് അഞ്ചാം ക്ലാസ്സിലേക്ക് എന്‍ട്രന്‍സ് പരീക്ഷ നടത്തിയായിരുന്നു കുട്ടികളെ ചേര്‍ത്തിയിരുന്നത്. ഇന്നവിടെ ഓരോ ക്ലാസ്സിലേക്കും പത്തു കുട്ടികളെ പോലും ലഭിക്കുന്നില്ല. ആര്‍ക്കുവേണ്ടിയാണ് ആ സ്‌കൂള്‍ നിലനിര്‍ത്തേണ്ടത്? ആരുടെയെങ്കിലും ഗൃഹാതുരത്വത്തിനോ പ്രത്യയശാസ്ത്രത്തിനോ വേണ്ടിയോ? തൃശൂര്‍ നഗരത്തില്‍ നിരവധി സ്‌കൂളുകളുള്ളത്ിനാല്‍ ആരുടേയും പഠനം തടസ്സപ്പെടില്ല. എന്നാല്‍ അവിടേക്കും കോടികളാണ് അനുവദിച്ചിരിക്കുന്നത്. ജനസംഖ്യാനിയന്ത്രണത്തിന്റെ ഫലമായി കേരളത്തില്‍ കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ട് എന്നതും ഓര്‍ക്കേണ്ടതാണ്. ഇതോടൊപ്പം പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ന്നതായി സ്ഥാപിക്കാന്‍ മാര്‍ക്കുകള്‍ വാരിക്കോരി നല്‍കുന്ന ഏര്‍പ്പാടും അവസാനിപ്പിക്കണം. അതുപോലെ ഭാഷമൗലികവാദവും നന്നല്ല. ആധുനികകാലത്ത് ഇംഗ്ലീഷിനോടുള്ള അന്ധമായ എതിര്‍പ്പ് മാറ്റിയാലേ പൊതുവിദ്യാഭ്യാസം മുന്നോട്ടുപോകൂ.
അതേസമയം ഗൗരവമായ വിഷയം പക്ഷെ ഉന്നതവിദ്യാഭ്യാസത്തിന്റേതാണ്. ക്ലാസ്സുകളില്‍ പ്രൊജക്ടര്‍ സ്ഥാപിച്ച് പ്രാഥമിക വിദ്യാഭ്യാസം പോലും ഹൈടെക്കായി എന്നഹങ്കരിക്കുന്ന നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ അവസ്ഥ എന്താണ്? അക്കാര്യത്തില്‍ അഖിലേന്ത്യാതലത്തില്‍ തന്നെ എത്രയോ പുറകിലാണ് നമ്മള്‍. അഖിലേന്ത്യാതലത്തില്‍ ശ്രദ്ധേയമായ ഒരു ഉന്നതവിദ്യാഭ്യാസകേന്ദ്രമോ സര്‍വ്വകലാശാലയോ നമുക്കില്ല. നമ്മുടെ മികച്ച വിദ്യാര്‍ത്ഥികളെല്ലാം ഉന്നതപഠനത്തിന് മറ്റു സംസ്ഥാനങ്ങളില്‍ പോകേണ്ട അവസ്ഥയാണ്. ഇടക്കാലത്ത് ശക്തമായ മെഡിക്കല്‍ – എഞ്ചിനിയറിംഗ് ജ്വരം പ്രശ്നങ്ങളെ കൂടുതല്‍ മോശമാക്കി. പൊതുമേഖലയെ കുറിച്ചും സോഷ്യലിസത്തെകുറിച്ചുമെല്ലാം വാചാലമാകുന്നവരുടെ നാട്ടില്‍ വിദ്യാഭ്യാസമേഖല കച്ചവടവല്‍ക്കരിക്കപ്പെടുകയും മ്ലേച്ഛമായ രീതിയില്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയും ചെയ്തു. ഒപ്പം കേരളത്തിനു ശാപമായ അമിതമായ കക്ഷിരാഷ്ട്രീയവല്‍ക്കരണവും വിദ്യാഭ്യാസമേഖലേയയും നശിപ്പിച്ചു. പഠക്കാനാഗ്രഹിക്കുന്നവര്‍ പഠനം പോലും നിര്‍ത്തി പോകേണട അവസ്ഥയാണ് പല കലാലയങ്ങളിലുമുള്ളത്. ഉന്നതവിദ്യാഭ്യാസമേഖലയെ ശക്തമാക്കുന്നതിന് ശക്തമായ നടപടികള്‍ അനിവാര്യമാണ്. അത് രവീന്ദ്രനാഥിനെ കൊണ്ടാകില്ല എന്ന ബോധ്യം കൊണ്ടാകാം മുഖ്യമന്ത്രി ഉന്നതവിദ്യാഭ്യാസത്തിനു പ്രത്യേക വകുപ്പുണ്ടാക്കിയതും അതിന്റെ ചുമതല കെ ടി ജലീലിനെ ഏല്‍പ്പിച്ചതും. എന്നാല്‍ അതുകൊണ്ടും ഒരു മാറ്റവും ഇതുവരേയും ഉണ്ടായിട്ടില്ല. മറുവശത്താകട്ടെ കലാലയങ്ങളില്‍ പോലും സ്ത്രീ – പുരുഷ സൗഹൃദം ദൃഢമാക്കാനോ സദാചാരപോലീസിംഗിനെ കെട്ടുകെട്ടിക്കാനോ സാധ്യമാകുന്നില്ല. പെണ്‍കുട്ടികള്‍ക്ക് ന്യായമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു കൊടുക്കുന്നതിനേക്കാള്‍ ഇപ്പോള്‍ നാം പ്രാധാന്യം കൊടുക്കേണ്ടത് ഉന്നതിവിദ്യാഭ്യാസത്തിനാണെന്ന് ഇനിയും സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല.
വിദ്യാഭ്യാസമേഖലയിലെ അവസ്ഥതന്നെയാണ് ആരോഗ്യരംഗത്തും നിലനില്‍ക്കുന്നത്. അവിടേയും കേരളത്തിന്റെ നേട്ടങ്ങള്‍ പ്രാഥമികതലത്തില്‍ മാത്രമാണ്. നാടെങ്ങും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുണ്ട്. കുട്ടികളുടെ മരണനിരക്ക് കുറവാണ്. ശരാശരി ആയുസ്സ് കൂടി. പരമ്പരാഗതമായ കുറെ രോഗങ്ങളെ ഉന്മൂലനം ചെയ്യാനായി. എന്നാല്‍ മറുവശത്തോ? ഒരു മഴ പെയ്യുമ്പോഴേക്കും പനി പിടിക്കുകയും പനി പിടിച്ചാല്‍ മരണപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വിഖ്യാതമായ കേരളമോഡല്‍ മാറി. ഒരിടത്തുമില്ലാത്ത രീതിയിലുള്ള പുതിയ പുതിയ പനികളാണ് മലയാളി നേരിടുന്നത്. എലിപ്പനി, പക്ഷിപ്പനി എന്നിങ്ങനെ ഇപ്പോള്‍ അത് നിപയിലെത്തി നില്‍ക്കുന്നു. മറുവശത്ത് ജീവിതശൈലി രോഗങ്ങളെ കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. പ്രഷറിലും ഷുഗറിലും കൊളസ്‌ട്രോളിലും വൃക്കരോഗങ്ങളിലും കരള്‍ രോഗങ്ങളിലും മറ്റും നാം മുന്‍നിരയിലാണ്. കാന്‍സറിന്റെ കാര്യം പറയാനുമില്ല. ഹൃദയസ്തംഭന മരണങ്ങളും വര്‍ദ്ധിക്കുന്നു. മറുവശത്ത് മാനസികാരോഗ്യത്തിലും പുറകോട്ടുപോയതിനാല്‍ മാനസികരോഗങ്ങളും ആത്മഹത്യകളും മദ്യപാനവും മയക്കുമരുന്നുപയോഗവും വര്‍ദ്ധിക്കുന്നു. വന്ധ്യതയും വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍.
നാടെങ്ങും സര്‍ക്കാരിന്റേയും സ്വകാര്യമേഖലയുടേയും ആശുപത്രികള്‍ ധാരാളമുണ്ടെങ്കിലും ആരോഗ്യരംഗത്തെ പുതിയ കാല വെല്ലുവിളികളെ നേരിടാന്‍ അവയൊന്നും പര്യാപ്തമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മറ്റേതൊരു സര്‍ക്കാര്‍ സ്ഥാപനങ്ങളേയും പോലുള്ള അനാസ്ഥ തന്നെയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്നത്. പല ഡോക്ടര്‍മാര്‍ക്കും ഇപ്പോളും താല്‍പ്പര്യം സ്വകാര്യ പ്രാക്ടീസില്‍ തന്നെയാണ്. പല ഡോക്ടര്‍മാരും മരുന്നു കമ്പനികളുടെ ഏജന്റുമാരുമാണ്. ഉപകരണങ്ങളുടെ അപര്യാപ്തത മറ്റൊന്ന്. എന്തിനും പുറത്തുപോകേണ്ട അവസ്ഥ. മറുവശത്ത് ഏറ്റവും വലിയ കഴുത്തറപ്പന്‍ കച്ചവടക്കാരായി സ്വകാര്യ ആശുപത്രികളും മരുന്നു കച്ചവടക്കാരും ഉപകരണ നിര്‍മ്മാതാക്കളുമെല്ലാം മാറിയിരിക്കുന്നു. യാതൊരുവിധ നൈതികതയും ഇല്ലാതായ അവസ്ഥ. കാന്‍സറില്ലാത്ത സ്ത്രീക്ക് കീമോ നടത്തിയതും മെഡിക്കല്‍ ആശുപതത്രിയില്‍ പോലും ചികിത്സ നിഷേധിച്ച് രോഗി മരിച്ചതുമൊക്കെ കഴിഞ്ഞ ദിവസമായിരുന്നു. ശവശരീരത്തെ പോലും ചികിത്സിച്ചതായി അവകാശപ്പെട്ട് പണം വാങ്ങുന്ന സംഭവങ്ങള്‍ പോലും നടന്നതായി പോലീസ് സര്‍ജ്ജന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പ്രസവത്തെ പോലും മഹാരോഗമാക്കി മാറ്റുന്നതില്‍ മെഡിക്കല്‍ മാഫിയ വിജയിച്ചിരിക്കുന്നു. ശരാശരി ആയുസ്സ് ഉയര്‍ന്നെങ്കിലും വൃദ്ധരില്‍ ഭൂരിഭാഗവും കിടപ്പിലാണ്. ആരോഗ്യമേഖല ഇത്രമാത്രം കച്ചവടവല്‍ക്കരിക്കപ്പെട്ട മറ്റൊരു സംസ്ഥാനം ഇന്ത്യയിലുണ്ടോ എന്നു സംശയമാണ്. ചികിത്സിച്ച് കടക്കെണിയില്‍ പെടുന്നവരാണ് മലയാളികളില്‍ വലിയൊരു ഭാഗം. ശിശരുമരണങ്ങള്‍ ഇപ്പോഴും വ്യാപകമായ ആദിവാസിമേഖലകളിലാകട്ടെ അവസ്ഥ ദയനീയവുമാണ്. മറുവശത്ത് ഗവേഷണത്തിലും ആധുനിക ചികിത്സാ സൗകര്യങ്ങലിലും നാമെത്ര പുറകിലാണ് നിപയടക്കം ബോധ്യപ്പെടുത്തി തരുന്നു.
ചുരുക്കി പറഞ്ഞാല്‍ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന വിദ്യാഭ്യാസ – ആരോഗ്യമേഖലകളില്‍ നമ്മുടെ നേട്ടങ്ങള്‍ പ്രാഥമിക തലത്തില്‍ മാത്രമാണ്. ഉന്നത തലത്തില്‍ നാം വളരെ പുറകിലാണ്. മാത്രമല്ല, അവയാകെ കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ തന്നെ നേട്ടങ്ങളില്‍ അഹങ്കരിച്ച് കാലം കളയുകയല്ല, പുതിയ കാല വെല്ലുവിളകളെ നേരിടാനുള്ള നീക്കങ്ങളാണ് നാം നടത്തേണ്ടത്. അതിനായുള്ള ശ്രമത്തിന്റെ ആരംഭം സര്‍ക്കാരില്‍ നിന്നാണ് ഉണ്ടാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala, Latest news | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply