മുഖം രക്ഷിക്കാനായി ഒരു പരിസ്ഥിതിദിനം…!!!

ഒരു മരത്തെ സംരക്ഷിക്കാന്‍ ഹൈവേ പോലും വഴിമാറ്റി പണിയാനുള്ള പരിസ്ഥിതി അവബോധത്തിലേക്ക് വിവേകമുള്ള മനുഷ്യര്‍ വളര്‍ന്ന കാലത്താണ് സാഹിത്യ അക്കാദമിയില്‍ പോലും ഇതു നടക്കുന്നത്. വിഷുവിനും ഓണത്തിനുമൊക്കെ ‘ഏതു ധൂസര സങ്കല്പങ്ങളില്‍ വളര്‍ന്നാലും, ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും, – ഇത്തിരി കൊന്നപ്പൂവും ‘ എന്ന് കുട്ടികളെ ഓര്‍മ്മപ്പെടുത്തുന്നവര്‍ തന്നെയാണ് ഇതു ചെയ്യുന്നത്. എന്തായാലും സംഭവത്തില്‍ പ്രതിഷേധിച്ച് ഏതാനും കുട്ടികള്‍ തന്നെ പരിസ്ഥിതി ദിനത്തില്‍ അവിടെതന്നെ മരം നടുകയുണ്ടായി.

 

പതിവുപോലെയുള്ള ആചാരങ്ങളുമായി ഒരു പരിസ്ഥിതിദിനം കൂടി. ജൂണ്‍ 4 വരെയും ജൂണ്‍ 6നു ശേഷവും നാമെന്തു ചെയ്യുന്നുവോ അതിനു കടകവിരുദ്ധമായി പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ഘോരഘോരം സംസാരിക്കുന്ന ദിവസം. മറ്റെല്ലാ ദിവസവും മരങ്ങള്‍ വെട്ടിനശിപ്പിച്ച്, കുറെ മരങ്ങള്‍ നടുന്ന ദിവസം. ഒരു കാലത്ത് പരിസ്ഥിതി സംരക്ഷണത്തിനായുള്ള പോരാട്ടങ്ങളുടെ ഭാഗമായി ആചരിക്കാന്‍ ആരംഭിച്ച ഈ ദിനം ഇന്ന് പ്രകൃതിയെ നശിപ്പിക്കുന്നവര്‍ക്ക് സ്വന്തം മുഖം രക്ഷിക്കാനുള്ള ദിനമായി മാറിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

 

 

 

 

 

 

 

 

അടുത്ത കാലത്തെ ചില സംഭവങ്ങള്‍ മാത്രം പരിശോധിക്കാം. കേരള സാഹിത്യ അക്കാദമിയിലെത്തുന്നവരെ ഇപ്പോള്‍ സ്വീകരിക്കുന്നത് വെട്ടിമുറിക്കപ്പെട്ട നാലു മരങ്ങളുടെ വീണുകിടക്കുന്ന തടികളും ശിഖരങ്ങളുമാണ്. വിചിത്രമാണ് സാഹിത്യ അക്കാദമി ഭാരവാഹികള്‍ സ്വന്തം മുറ്റത്തെ വൃക്ഷങ്ങള്‍ വെട്ടിയിട്ടതിനു പറഞ്ഞിട്ടുള്ള കാരണങ്ങള്‍. അക്കാദമി സ്ഥാപിച്ച ബോര്‍ഡ്, മരങ്ങള്‍ കാരണം ജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാലതു സത്യമല്ല. അക്കാദമിയില്‍ നടക്കുന്ന പരിപാടികളുടെ കൂറ്റന്‍ ഫ്‌ളക്‌സുകള്‍ മുന്നില്‍ സ്ഥാപിക്കുന്നബോര്‍ഡിനെ മറക്കുന്നത്. ബോര്‍ഡിന് പിന്നിലാണ് ഇപ്പോള്‍ വെട്ടിവീഴ്ത്തിയ മരങ്ങള്‍ മുഴുവനും നിന്നിരുന്നത്. പൂത്തുനില്‍ക്കുന്ന കണിക്കൊന്നയും വെയിലത്ത് കൂടുതല്‍ തളിര്‍ത്ത് തിളങ്ങുന്ന ഉങ്ങും ഇലഞ്ഞിയുമെല്ലാം സാഹിത്യ അക്കാദമി എന്നെഴുതിയ ബോര്‍ഡിന് മനോഹരമായ പശ്ചാത്തലമൊരുക്കിയിരുന്നു. ആ മരങ്ങള്‍ പോയതോടെ അക്കാദമിയുടെ ബോര്‍ഡ് നോക്കുകുത്തി പോലെ അനാഥമായിരിക്കുകയാണ്. വീതി കൂടിയ ഗേറ്റും ഗേറ്റുമാനും ഗേറ്റ്മാന് ഒരു കാബിനും സ്ഥാപിക്കാനാണ് വൃക്ഷങ്ങളെ കൂട്ടക്കൊല ചെയ്തതെന്നു പറയുന്നു. ഗേറ്റ് പുതുക്കി പണിയാന്‍ വലിയ ഫണ്ട് കിട്ടുമെന്നും കേള്‍ക്കുന്നു. തിരഞ്ഞെടുപ്പു ഫലം വരുന്ന ദിവസം ജനശ്രദ്ധയുണ്ടാവില്ലെന്ന് മനസ്സിലാക്കി പുലര്‍ച്ചെയാണ് യന്ത്രവാളുമായി വന്ന് കൃത്യം നടപ്പാക്കിയത്. അക്കാദമിയുടെ മുറ്റത്ത് വളര്‍ന്ന് നില്‍ക്കുന്ന ചെറുകാടിന് നടുവിലൂടെ ഗേറ്റും റോഡും പണിയാനായിരുന്നു ആദ്യത്തെ പദ്ധതി. കുറേയേറെ പേരുടെ ഇടപെടലിനെ തുടര്‍ന്നാണ് അന്ന് അതില്‍ നിന്നും പിന്‍മാറിയത്.

 

 

 

 

 

 

 

 

ഒരു മരത്തെ സംരക്ഷിക്കാന്‍ ഹൈവേ പോലും വഴിമാറ്റി പണിയാനുള്ള പരിസ്ഥിതി അവബോധത്തിലേക്ക് വിവേകമുള്ള മനുഷ്യര്‍ വളര്‍ന്ന കാലത്താണ് സാഹിത്യ അക്കാദമിയില്‍ പോലും ഇതു നടക്കുന്നത്. വിഷുവിനും ഓണത്തിനുമൊക്കെ ‘ഏതു ധൂസര സങ്കല്പങ്ങളില്‍ വളര്‍ന്നാലും, ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും, – ഇത്തിരി കൊന്നപ്പൂവും ‘ എന്ന് കുട്ടികളെ ഓര്‍മ്മപ്പെടുത്തുന്നവര്‍ തന്നെയാണ് ഇതു ചെയ്യുന്നത്. എന്തായാലും സംഭവത്തില്‍ പ്രതിഷേധിച്ച് ഏതാനും കുട്ടികള്‍ തന്നെ പരിസ്ഥിതി ദിനത്തില്‍ അവിടെതന്നെ മരം നടുകയുണ്ടായി.
സമീപകാലത്ത് ഏറെ വിവാദമായ മറ്റൊരി സംഭവമായിരുന്നല്ലോ പറവൂരില്‍ ശാന്തിവനത്തില്‍ കൂടി വൈദ്യുത കമ്പി കൊണ്ടുപോകാനായി മരങ്ങള്‍ മുറിച്ച സംഭവം. വടക്കന്‍ പറവൂരിലെ വഴിക്കുളങ്ങരയില്‍ പറവൂര്‍് ഇടപ്പള്ളി റോഡരികിലുള്ള രണ്ടേക്കര്‍ ഭൂമിയാണ് അക്ഷരാര്‍ത്ഥത്തില്‍ ശാന്തിവനമെന്നറിയപ്പെടുന്നത്. മൂന്നു സര്‍പ്പക്കാവുകളും കുളങ്ങളും നൂറ്റിമുപ്പതോളം പക്ഷികളും ഉരഗങ്ങളും ചെറുമൃഗങ്ങളും നിരവധി സസ്യജാലങ്ങളുമായി പതിറ്റാണ്ടുകളായി ശാന്തിയോടെ നിലനില്‍ക്കുന്ന കൊച്ചുവനം. ശരാശരി മലയാളിയാണെങ്കില്‍ ഈ സ്ഥലവും മരങ്ങളും വിറ്റോ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയോ കോടികള്‍ സമ്പാദിക്കുമായിരുന്നു. എന്നാല്‍ ഇതിന്റെ ഉടമകളായ ഒരമ്മയും മകളും കോടികള്‍ വിലമതിക്കുന്ന ഈ ഭൂമി പണമാക്കാതെ സ്വന്തം ജീവനേക്കാള്‍ പരിപാലിക്കുകയായിരുന്നു. ആ ഹരിതഭൂമിയിലൂടെയാണ് കെ എസ് ഇ ബി കമ്പി വലിച്ചത്. അതും നേരെ പോകുകയാണെങ്കില്‍ അതിലൂടെ ഒരിക്കലും വരാത്ത കമ്പി. മറ്റെന്തൊക്കെയോ നശിക്കുമെന്നു വന്നപ്പോള്‍ അവ സംരക്ഷിച്ച് ഹൈവേക്കു സമീപത്തെ കാടിനുനേരെ കോടാലിയുയര്‍ത്തി എന്നര്‍ത്ഥം. പതിവുപോലെ വൈദ്യുതമന്ത്രിയെ ന്യായീകരിക്കാന്‍ നിരവധി ‘വികസന’ വാദികള്‍ രംഗത്തുവരുകയും ചെയ്തു. പ്രളയാനുഭവങ്ങള്‍ക്കുശഷവും വന്‍കിട ഡാമുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണകൂടത്തില്‍ നിന്ന് അല്ലെങ്കിലും മറ്റെന്ത് പ്രതീക്ഷിക്കാന്‍?
പതിവുപോലെ ഈ രണ്ടു സംഭവങ്ങളിലും പകരം മരങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്നാണ് അധികൃതരുടെ നിലപാട്. വെട്ടിനശിപ്പിക്കപ്പെടുന്ന മരങ്ങള്‍ക്കു പകരമാകാന്‍ വെച്ചുപിടിപ്പിക്കുന്ന മരങ്ങള്‍ക്കാവില്ല എ്ന്നതാണ് വസ്തുത. ”ആഗോളതാപനം: മരമാണ് മറുപടി” എന്നത് ഒത്തിരി പതിരുകളുള്ള പുതുമൊഴിയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. പലതരത്തിലുള്ള മരങ്ങള്‍ ഇടകലര്‍ന്ന് വളരുന്ന, വള്ളിപ്പടര്‍പ്പുകളുള്ള മണ്ണില്‍നിന്ന് നിറയെ പുതുനാമ്പുകള്‍ ഉയര്‍ന്നുവരുന്ന മരക്കൂട്ടങ്ങള്‍ക്കാണ് ആ പ്രദേശത്തെ സൂഷ്മകാലാവസ്ഥയെ സ്വാധീനിക്കാനാവുക. കഴിയുന്ന ഇടങ്ങളില്‍ സ്‌കൂളുകളുടെയോ കോളജുകളുടെയോ മറ്റു സ്ഥാപനങ്ങളുടെയോ സ്ഥലങ്ങളില്‍, പുറമ്പോക്കുകളില്‍ മരക്കൂട്ടത്തെ നിര്‍മിക്കാനായാല്‍ അത് നിരവധി ജീവജാലങ്ങള്‍ക്ക് അഭയസ്ഥാനമായി മാറും. ഈ ധര്‍മം നിര്‍വഹിച്ചിരുന്ന ചെറുകാടുകള്‍ നശിപ്പിച്ച് പകരം ഒറ്റപ്പെട്ട മരങ്ങള്‍ വെച്ചുപിടിപ്പിച്ച് എന്തുകാര്യം? മാത്രമല്ല, ഒരു വര്‍ഷം മരം വെച്ച സ്ഥലത്തു തന്നെ അടുത്ത വര്‍ഷവംു മരം വെക്കുന്ന അവസ്ഥയാണല്ലോ നിലനില്‍ക്കുന്നത്.. അല്ലാത്തപക്ഷം പരിസ്ഥിതി ദിനങ്ങലില്‍ വെച്ചുപിടിപ്പിച്ച മരങ്ങള്‍ കൊണ്ടുതന്നെ കേരളം മൊത്തം കാടായി മാറുമായിരുന്നല്ലോ.
മരങ്ങളുടെ വിഷയത്തില്‍ മാത്രമല്ല, എല്ലാ മേഖലകളിലും പരിസ്ഥിതി നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടപ്പാക്കിയാണ് ഈ വര്‍ഷവും നാം പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. അതിനായി നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ പോലും വെള്ളം ചേര്‍ത്തു. തീരദേശ സംരക്ഷണ നിയമങ്ങള്‍ അട്ടിമറിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചുകളയാന്‍ സുപ്രിംകോടതി തന്നെ ഉത്തരവിട്ടിരിക്കുന്നു. എല്ലാവിധ മാഫിയകളുടേയും സംരക്ഷണത്തിലൂടെ ക്വാറികള്‍ പരിസ്ഥിതിയെ വെല്ലുവിളിക്കുന്നു. എല്ലാവിധ ജലാശയങ്ങളും മലിനമായിരിക്കുന്നു. നഗരമാലിന്യങ്ങള്‍ ഇപ്പോളും നാട്ടിന് പുറങ്ങളില്‍ പോയി തട്ടുന്നു. അന്തരീക്ഷം മലിനമാക്കുന്ന നൂറുകണക്കിനു ഫാക്ടറികളെ നിയന്ത്രിക്കാന്‍ തയ്യാറാകുന്നില്ല. ഈ പട്ടിക എത്രവേണമെങ്കിലും നീട്ടാം. വികസനമന്ത്രത്തിന്റഎ പേരില്‍ എല്ലാം ന്യായീകരിക്കുമ്പോള്‍ ഒരു പ്രഷര്‍ കുക്കറില്‍ നിന്ന് ഗ്യാസ് പുറത്തുപോകുന്ന പോലെയാണ് ജൂണ്‍ 5 പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത് എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology, Latest news | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply