സെക്യുലര്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്‌റ്റേറ്റ് ഒരു റിപ്പബ്ലിക്കല്ലാതായി മാറുന്നു

അനുദിനം അപകടത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കിനെ തകരാതെ കാത്തുരക്ഷിക്കാന്‍ ഇപ്പോഴും നമ്മുടെ മുന്നില്‍ അവസരങ്ങളുണ്ട്. എന്നാല്‍ രാഷ്ട്രീയ രാമന്മാരുടെ അധിനിവേശത്തെ തുറന്നെതിര്‍ക്കാതെയും അതിനെതിരെ സാംസ്‌കാരിക സമരം നടത്താതെയും ആ അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്താവാകില്ല.

രാജ്യം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ അജണ്ടയില്‍ പ്രഥമ സ്ഥാനത്തുള്ള രാമക്ഷേത്ര നിര്‍മ്മാണവും അതിന്റെ സമര്‍പ്പണവും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വലിയ ആഘോഷ പരിപാടികളുടെ അകമ്പടിയോടെ നടക്കുകയാണല്ലോ. ബിജെപിയേയു സംഘപരിവാറിനേയും സംബന്ധിച്ചിടത്തോളം ആഘോഷിക്കപ്പെടേണ്ട ഒരു ചരിത്ര മുഹൂര്‍ത്തം തന്നെയാണിത്. 1992ല്‍ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലും നേതൃത്വത്തിലും ആള്‍ക്കൂട്ട ബലമുപയോഗിച്ചും അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മൗനാനുവാദത്തോടേയും തകര്‍ക്കപ്പെട്ട ബാബറി മസ്ജിദ് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സ്ഥലത്താണ് പുതുതായി നിര്‍മ്മിക്കപ്പെട്ട രാമക്ഷേത്രം ഉയര്‍ന്നു വരുന്നത്. 2019 നവംബര്‍ 9ന് ബാബറി തര്‍ക്കത്തിലെ സുപ്രിംകോടതി വിധിയിലൂടെയാണ് തര്‍ക്കഭൂമിയില്‍ ഹിന്ദുപക്ഷത്തിനു അവകാശം സ്ഥാപിക്കാന്‍ കഴിഞ്ഞത്. മുസ്ലിംപക്ഷത്തിന് അയോദ്ധ്യയിലെ പ്രധാനപ്പെട്ട ഏതെങ്കിലും സ്ഥലത്ത് അഞ്ചേക്കര്‍ ഭൂമി പകരം നല്‍കാനും ഉത്തരവിട്ടു.

ഈ കോടതിവിധിയോടെ മതത്തിന്റെ പേരില്‍ നടന്ന രണ്ടു കുറ്റകൃത്യങ്ങള്‍ – 1949ല്‍ പള്ളിയില്‍ അതിക്രമിച്ചു കയറി വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചതും കോടതിയുടെ മുന്നില്‍ തര്‍ക്കവിഷയമായിരുന്ന ബാബറി മസ്ജിദിനെ സംഘബലമുപയോഗിച്ച് ഇടിച്ചുതകര്‍ത്തതും – ഭരണഘടനയുടേയോ നിയമവാഴ്ചയുടേയോ കണ്ണില്‍ ശിക്ഷാര്‍മല്ലെന്ന പുതിയ കീഴ് വഴക്കവും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ എഴുതി ചേര്‍ക്കപ്പെട്ടു. പള്ളി തകര്‍ത്ത കേസിലെ 32 പ്രതികളേയും 2020 സെപ്തംബര്‍ മൂന്നിന് സിബിഐ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. മറ്റൊരു തരത്തില്‍ ഈ സംഭവങ്ങളെ വീക്ഷിക്കുകയാണെങ്കില്‍ സെക്യുലര്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്‌റ്റേറ്റെന്നറിയപ്പെടുന്ന ഇന്ത്യാരാജ്യം ഫലത്തില്‍ ഒരു റിപ്പബ്ലിക്കല്ലാതായി മാറുന്നതിന്റെ നാന്ദി കുറിക്കുന്ന ഒരു കീഴ് വഴക്കമാണ് നിലവില്‍ വന്നത്. അതായത് ജനങ്ങള്‍ക്കും അവര്‍ സൃഷ്ടിച്ച അധികാര ഭരണ സംവിധാനങ്ങള്‍ക്കും മുകളിലാണ് മതത്തിന്റെ സ്ഥാനമെന്ന ഒരു രാഷ്ട്രീയ സങ്കല്‍പ്പത്തിന് ഇന്ത്യന്‍ ജനാധിപത്യ റിപ്പബ്ലിക്കിന്റ പരമാധികാര സങ്കല്‍പ്പത്തിനുള്ളില്‍ കടന്നു കൂടാനും മാന്യസ്ഥാനം നേടാനും സാധിച്ചു. അതിന്റെ തുടര്‍ച്ചയാണ് പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന പ്രാണപ്രതിഷ്ടാ ചടങ്ങുകളും ആഘോഷങ്ങളും. രാമക്ഷേത്രത്തിന്റെ ഭൂമിപൂജ നടത്തിയത് പ്രധാനമന്ത്രിയായിരുന്നു. അതുകൊണ്ടുതന്നെ പ്രാണപ്രതിഷ്ഠക്ക് അദ്ദേഹം തന്നെ നേതൃത്വം നല്‍കുന്നതില്‍ അത്ഭുതപ്പെടാനില്ല.

അയോധ്യയിലെ രാമക്ഷേത്രം ജനങ്ങള്‍ക്കുവേണ്ടി തുറന്നുകൊടുക്കുന്നതോടെ ഇന്ത്യന്‍ ജനാധിപത്യം തകര്‍ന്നു തരിപ്പണമാകുമെന്ന അശുഭചിന്തയല്ല ഇവിടെ പങ്കുവെക്കുന്നത്. പാര്‍ലിമെന്റ് ജനാധിപത്യത്തിന്റെ പരമാധികാര സങ്കല്‍പ്പത്തേക്കാള്‍ പ്രബലമാണ് രാമന്റെ അധികാരമെന്ന ആശയത്തെ വന്‍തോതില്‍ വിപണനം ചെയ്തുകൊണ്ട് സാധാരണക്കാരായ ഹൈന്ദവവിശ്വാസികളുടെ രാമഭക്തിയെ രാഷ്ട്രീയഭക്തിയായി അഥവാ മോദിഭക്തിയായി പരിവര്‍ത്തിപ്പിക്കാന്‍ ബിജെപിയും അവരുടെ സഖ്യശക്തികളായ അംബാനി അദാനി പ്രഭൃതികളും നടത്തുന്ന ശ്രമങ്ങള്‍ അത്യന്തം അപകടമാണ്. ജനാധിപത്യ മതേതര റിപ്പബ്ലിക്കിന്റെ അന്തകശക്തികളായി മറാന്‍ കെല്‍പ്പുള്ളവരാണ് ഈ രാഷ്ട്രീയ രാമന്മാര്‍. രാമഭക്തിയെ അധികാരശക്തിയുമായി പരിലയിപ്പിച്ചുകൊണ്ട് രാഷ്ട്രീയ രാമന്മാരുടെ പരിവേഷമണിയാനുള്ള ശ്രമങ്ങള്‍ക്കുനേരെ ചൂണ്ടുവിരല്‍ ഉയര്‍ത്താനെങ്കിലും ഈ ഘട്ടത്തില്‍ ജനാധിപത്യ സമൂഹത്തിന് സാധിക്കേണ്ടതുണ്ട്.

രാഷ്ട്രീയ രാമന്മാര്‍ പ്രാണപ്രതിഷ്ഠയെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്ന വിമര്‍ശനം ഇതിനകംതന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. ഏതെങ്കിലും പ്രതിപക്ഷകക്ഷികളല്ല ഈ വിമര്‍ശനം ഉന്നയിക്കുന്നത്. ഹിന്ദുമതവിശ്വാസികളുടെ പരമോന്നത നേതൃത്വപദവി അലങ്കരിക്കുന്ന നാലു ശങ്കരാചാര്യന്മാരാണ് മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ശാസ്ത്രവിധികളുടെ ലംഘനമാണ് നടക്കുന്നതെന്നും പണിതീരാത്ത ക്ഷേത്രത്തില്‍ ധൃതിപിടിച്ച് പ്രാണപ്രതിഷ്ഠ നടത്തുന്നതില്‍ സ്ഥാപിത താല്‍പ്പര്യമുണ്ടെന്നുമാരോപിച്ചുകൊണ്ട് അവര്‍ ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അവരില്‍ പ്രധാനിയായ ഉത്തരഖണ്ഡിലെ അവിമുക്താനന്ദ ശങ്കരാചാര്യ, ബിജെപി – സംഘപരിവാര്‍ പക്ഷത്തെ രാഷ്ട്രീയ ഹിന്ദുക്കളെന്നാണ് വിശേഷിപ്പിക്കുന്നത്. രാജ്യത്തെ നൂറുകോടി ഹിന്ദുക്കളില്‍ 75 ശതമാനവും സനാതനഹിന്ദുക്കളാണെന്നും രാഷ്ട്രീയ ഹിന്ദുക്കള്‍ നടത്തുന്ന രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയോട് വിയോജിക്കുന്നവരുമാണെന്നാണ് ശങ്കരാചാര്യര്‍ അവകാശപ്പെടുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അയോദ്ധ്യയിലെ രാമക്ഷേത്രം സനാതന ഹിന്ദുപുരോഹിതര്‍ക്കും രാഷ്ട്രീയ ഹിന്ദുനേതൃത്വത്തിനുമിടയില്‍ അധികാര വടംവലിയുടെ ഒരു പുതിയ സാഹചര്യത്തിന് കളമൊരുക്കിയിരിക്കുന്നു എന്നതിന്റെ സൂചനകളാണിതെല്ലാം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേശീയ മാധ്യമങ്ങള്‍ക്ക് ശങ്കരാചാര്യന്മാര്‍ നല്‍കികൊണ്ടിരിക്കുന്ന അഭിമുഖങ്ങളിലും അതിനെതിരെ ബിജെപി പക്ഷത്തുള്ള സന്യാസിമാരുടെ വാദമുഖങ്ങളിലും തലപൊക്കികൊണ്ടിരിക്കുന്ന ഈ വൈരുദ്ധ്യം രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ കര്‍മ്മങ്ങളുമായി മാത്രം ബന്ധപ്പെട്ടവയല്ലെന്നത് വ്യക്തമാണ്. മുക്കാല്‍ നൂറ്റാണ്ടുകാലത്തെ ജനാധിപത്യ പാരമ്പര്യമുള്ള ഒരു രാജ്യത്തിന്റെ ജനാധിപത്യ പൊതുമണ്ഡലത്തില്‍ നിന്നുകൊണ്ട് സനാതന ഹിന്ദുത്വവും രഷ്ട്രീയ ഹിന്ദുത്വവും പരസ്പരം അങ്കം വെട്ടുന്നത് കാണുമ്പോള്‍ മതേതര ജനാധിപത്യ റിപ്പബ്ലിക്കിന്റെ അടിക്കല്ലുകള്‍ ഇളകിത്തുടങ്ങിയിരിക്കുന്നു എന്നാശങ്കപ്പെടുന്നത് ഒട്ടും തന്നെ അസ്വാഭാവികമല്ല.

ആശങ്കപ്പെടുന്നതിനേക്കാള്‍ ആലോചിക്കുന്നതാണ് ഉത്തമം. എങ്ങനെയാണ് അഥവാ എന്നു മുതലാണ് നമ്മള്‍ ഭരണഘടനാ ജനാധിപത്യത്തിന്റെ വാഗ്ദത്ത ഭൂമിയില്‍ പൗരന്മാരല്ലാതായി കൊണ്ടിരുന്നത്? എന്നുമുതലാണ് നമ്മള്‍ പ്രജകളായി പരിണമിച്ചത്? ഭൂരിപക്ഷ വാദത്തോട് നിരുപാധികം സന്ധിചെയ്യാന്‍ തീരുമാനിച്ചതു മുതല്‍ എന്നാണതിന്റെ ഉത്തരം. പൗരാവകാശ ധ്വംസനങ്ങളോട് നിസംഗത പാലിക്കുന്നവര്‍ക്ക് മതേതര ജനാധിപത്യ റിപ്പബ്ലിക്കിന്റെ പരമാധികാരം പരിരക്ഷിക്കാനാവില്ല. ഒന്നോര്‍ത്തുനോക്കൂ. 1992 ഡിസംബര്‍ ആറിന് നമ്മുടെ രാജ്യത്ത് എന്താണ് സംഭവിച്ചതെന്ന്? സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും കടുത്ത പൗരാവകാശ ധ്വംസനമായിരുന്നു ബാബറി ധ്വംസനം. 32 മുസ്ലിം പള്ളികളും അതോടൊപ്പം തകര്‍ക്കപ്പെട്ടു. രണ്ടായിരത്തോളം മുസ്ലിമുകള്‍ അതോടനുബന്ധിച്ച് കൊല്ലപ്പെട്ടു. അന്നതിനെ ഹിന്ദു – മുസ്ിലം പ്രശ്‌നമായി അധമസ്ഥാനവും തൊട്ടുകൂടായ്മയും കല്‍പ്പിച്ച മതേതര രാഷ്ട്രീയം ചരിത്രത്തിന്റെ കാവ്യനീതിയെന്നോണം ഇന്ന് അതേ ദുരവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ബാബറി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍ നിര്‍മ്മിക്കണമെന്ന് ഉറക്കെ പറയുന്നതുപോലും മതേതര ഭരണകൂടത്തിന്റെ കണ്ണില്‍ ക്രിമിനല്‍കുറ്റമായി മാറി. നമ്മളെങ്ങിനെയാണ് ജനാധിപത്യ റിപ്പബ്ലിക്കിന്റെ അടിക്കല്ലുകളിളക്കിയെന്നത് ബാബറി ധ്വംസനത്തിന്റേയും അതിനോടുള്ള മതേതരരാഷ്ട്രീയത്തിന്റെ നിഷേധാത്മക സമീപനങ്ങളുടെയും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ചരിത്രം നമ്മെ എന്തു പഠിപ്പിക്കുന്നു എന്നതിനേക്കാള്‍ ചരിത്രത്തില്‍ നിന്നു നാമെന്തു പഠിക്കുന്നു എന്നതാണ് പ്രധാനം. തകര്‍ക്കപ്പെട്ട മസ്ജിദ് യഥാസ്ഥാനത്ത് തന്നെ പുനര്‍ നിര്‍മ്മിക്കാന്‍ നമുക്ക് സാധിക്കുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. അനുദിനം അപകടത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കിനെ തകരാതെ കാത്തുരക്ഷിക്കാന്‍ ഇപ്പോഴും നമ്മുടെ മുന്നില്‍ അവസരങ്ങളുണ്ട്. എന്നാല്‍ രാഷ്ട്രീയ രാമന്മാരുടെ അധിനിവേശത്തെ തുറന്നെതിര്‍ക്കാതെയും അതിനെതിരെ സാംസ്‌കാരിക സമരം നടത്താതെയും ആ അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്താവാകില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply