മതവും രാഷ്ട്രവും ഒന്നാകുമ്പോള്‍ 

നേരത്തെ നടന്ന ഭാരത് ജോഡോ യാത്രയും ഇപ്പോള്‍ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുമൊക്കെ തങ്ങള്‍ക്ക് സഹായകരമായിരിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. അതൊക്കെ കണ്ടറിയണം. മോദിക്കൊപ്പം രാമനുവേണ്ടിയുമാണ് ബിജെപി വോട്ടുചോദിക്കാന്‍ പോകുന്നത്. അതിനെ മറികടക്കുക ഇന്ത്യാസഖ്യത്തിന് എളുപ്പമല്ല.

വൈകിയാണെങ്കിലും ഇന്ത്യന്‍ ഭരണഘടനയില്‍ കൂട്ടിചേര്‍ത്ത മതേതരത്വം എന്ന മഹത്തായ ആശയത്തെ പൂര്‍ണ്ണമായും കുഴിച്ചുമൂടുന്ന ഒരു ദിവസമായി 2024 ജനുവരി 22 മാറിയിരിക്കകയാണ്. ബാബറി മസ്ജിദ് തകര്‍ത്ത് അവിടെ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രത്ിഷ്ഠാകര്‍മ്മത്തിന് പ്രധാനമന്ത്രി തന്നെ കാര്‍മ്മികത്വം വഹിക്കുക വഴി രാഷ്ട്രവും മതവും ഒന്നാകുന്ന കാഴ്ചക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. അതോടെ മതേതര ഇന്ത്യ ഒരു മതരാഷ്ട്രമായി മാറുകയാണ്. ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിലൂടെ അതിന് ജനസമ്മതി നേടാനാണ് സംഘപരിവാര്‍ നീക്കം. അതോടെ നൂറു വര്‍ഷം മുമ്പ് തങ്ങള്‍ പ്രഖ്യാപിച്ച ലക്ഷ്യം നേടാമെന്നും അവര്‍ കരുതുന്നു.

ഹിന്ദുത്വ രാഷ്ട്രമെന്ന ലക്ഷ്യം നേടിയെടുക്കാന്‍ സംഘപരിവാര്‍ ഇക്കാലമത്രയും ഉപയോഗിച്ചത് അയോദ്ധ്യ, രാമജന്മ ഭൂമിയാണെന്നും അവിടത്തെ ക്ഷേത്രം തകര്‍ത്താണ് ബാബറി മസ്ജിദ് നിര്‍മ്മിച്ചതെന്നുമുള്ള പ്രചാരണമാണ്. തീര്‍ച്ചയായും അറിഞ്ഞോ അറിയാതേയോ മറ്റു പലരുടേയും നയങ്ങള്‍ ഇവര്‍ക്ക് ഭംഗിയായി ഉപയോഗിക്കാന്‍ കഴിഞ്ഞു. ഉദാഹരണം ഗാന്ധിയുടെ രാമരാജ്യമെന്ന പ്രയോഗം തന്നെ. തീര്‍ച്ചയായും ഗാന്ധിയുടെ രാമനല്ല സംഘപരിവാറിന്റെ രാമന്‍ എന്നതില്‍ സംശയമില്ല. അപ്പോഴും മതത്തേയും രാമസങ്കല്‍ത്തേയും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരിക വഴി പിന്നീട് സംഘപരിവാറിന്റെ പാത എളുപ്പമാ്ക്കി കൊടുക്കാന്‍ ഗാന്ധി നിമിത്തമായി. നെഹ്‌റുവോ അംബേദ്കറോ ഒരിക്കലും രാമനെ രാഷ്ട്രസങ്കല്‍പ്പത്തിലേക്ക് കൊണ്ടുവന്നിട്ടില്ല എന്നതു കൂടി ഒര്‍ക്കണം.

തീച്ചയായും തങ്ങളുടെ രാമനല്ല ഗാന്ധിയുടെ രാമനെന്നു സംഘപരിവാര്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. രാമനെ മുന്‍നിര്‍ത്തി ഇതരമതസ്ഥരെ ചേര്‍ത്തുനിര്‍ത്താനായിരുന്നു ഗാന്ധി പറഞ്ഞതെങ്കില്‍ രാമന്റെ പേരില്‍ അവരെ വെറുക്കാനാണ് സംഘപരിവാര്‍ പഠിപ്പിച്ചത്. അതിനു തടസമാണ് ഗാന്ധിയുടെ രാമനെന്നതിനാല്‍ തന്നെയാണ് അവര്‍ അദ്ദേഹത്തെ ഉന്മൂലനം ചെയ്തത്. തീര്‍ച്ചയായും ഗാന്ധിവധം തന്നെയായിരുന്നു സംഘപരിവാറിന്റെ ലക്ഷ്യപ്രാപ്തിക്ക് കാലതാമസമുണ്ടാക്കിയത്. അപ്പോഴും ഗാന്ധിയുടെ ആ പ്രയോഗം ഭംഗിയായി ഉപയോഗിക്കാനവര്‍ക്കായി എന്നതില്‍ സംശയമില്ല.

1948 ജനുവരി മുപ്പതിനാണല്ലോ ഗാന്ധി വധം നടന്നത്. പിന്നീട് 1949 ഡിസംബര്‍ 22ന് രാത്രിയാണ് ഒരു സംഘം മസ്ജിദിനകത്തുകയറി രാമന്റെയും സീതയുടെയും പ്രതിമകള്‍ സ്ഥാപിച്ചതും അവ സ്വയം ഭൂവാണെന്ന പ്രചാരണം ആരംഭിച്ചതും. ആ വിഗ്രഹങ്ങള്‍ സരയൂ നദിയിലൊഴുക്കാനായിരുന്നു നെഹ്‌റു പറഞ്ഞതത്രെ. എന്നാല്‍ മലയാളിയായ ജില്ലാ മജിസ്‌ട്രേറ്റ് കെ കെ നായര്‍ ബാബരി മസ്ജിദിനെ തര്‍ക്കഭൂമിയായി പ്രഖ്യാപിക്കകയാണുണ്ടായത്. ഒപ്പം മുസ്ലിമുകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയും ഹിന്ദുക്കള്‍ക്ക് അനുവദിക്കുകയും ചെയ്തു. ഈ നായര്‍ പിന്നീട് ജനസംഘത്തിന്റെ എം പിയായി എന്നത് മറ്റൊരു ചരിത്രം. തുടര്‍ന്ന് പൂജാരിക്കൊഴികെ മറ്റെല്ലാവര്‍ക്കും ക്ഷേത്രത്തിലേക്കുള്ള പ്രവേശനം കോടതി വിലക്കുകയായിരുന്നു.

ഇതിനിടയില്‍ ഗാന്ധിവധത്തെ തുടര്‍ന്ന് മുഖ്യധാരാ രാഷ്ട്രീയത്തില്‍ നേരിടേണ്ടിവന്ന ഒറ്റപ്പെടല്‍ നീക്കാനുള്ള അവസരത്തിനായി സംഘപരിവാര്‍ കാത്തിരിക്കുകയായിരുന്നു. അവര്‍ക്കു കിട്ടിയ സുവര്‍ണ്ണാവസരമായിരുന്നു അടിയന്തരാവസ്ഥ. അതിനെതിരായ പോരാട്ടത്തില്‍ ജനസംഘം സജീവമായി. പിന്നീട് ജനതാപാര്‍ട്ടിയിലും ഭരണത്തിലും പങ്കാളിയായി. അന്നുമുതല്‍ കൃത്യമായ ലക്ഷ്യത്തോടെ പടിപടിയായി അവര്‍ മുന്നേറുകയായിരുന്നു. ഗാന്ധിയെ പോലെതന്നെ, അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടത്തിനു നേതൃത്വം നല്‍കിയ ജയപ്രകാശ് നാരായണനും അറിയാതെ പിന്നീടുണ്ടായ സംഭവങ്ങള്‍ക്ക് കാരണക്കാരനായി എന്നത് മറ്റൊരു വൈരുദ്ധ്യം. ജനതാ പാര്‍ട്ടിയുടെ തകര്‍ച്ചക്കു ശേഷം ജനസംഘം പിരിച്ചവിട്ട് ബിജെപി രൂപീകരിക്കുകയായിരുന്നു സംഘപരിവാര്‍ ചെയതത്. അതോടെ രണ്ടു എം പിമാരില്‍ നിന്ന് ഇന്നത്തെ അവസ്ഥയിലേക്കുള്ള യാത്ര ആരംഭിക്കുകയായിരുന്നു. അതിന്റെ ലക്ഷ്യം ഹിന്ദുത്വ രാഷ്ട്രവും വഴി അയോദ്ധ്യയുമായിരുന്നു.

തീര്‍ച്ചയായും കോണ്‍ഗ്രസ്സിനു പറ്റിയ വീഴ്ചകള്‍ പറയാതെ മുന്നോട്ടുപോകാനാവില്ല. ബിജെപിയുടെ ഹിന്ദുത്വവാദത്തോടു മത്സരിക്കാന്‍ മൃദുവെന്നു പറയാവുന്ന അതേ മാര്‍ഗ്ഗമായിരുന്നു ഏറെ കാലം കോണ്‍ഗ്രസ്സും പിന്തുടര്‍ന്നത്. കോടതിവിധിയുടെ പേരിലായാലും ബാബറി മസ്ജിദിലെ രാമവിഗ്രഹം പ്രാര്‍ത്ഥനക്കായി തുറന്നു കൊടുത്ത രാജീവ് ഗാന്ധിയുടെ നടപടി അവര്‍ക്കേറ്റവും ഗുണകരമായി തീര്‍ന്നു. കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതൊഴിവാക്കാമായിരുന്നു. ദൂരദര്‍ശനിലെ രാമായണ പരമ്പരയും സംഘപരിവാറിനു ഗുണകരമായിരുന്നു. ഹിന്ദുത്വം ശക്തമായ രാഷ്ട്രീയശക്തിയായി മാറാനാരംഭിച്ചു. അതിന്റെ പ്രഖ്യാപനമായിരുന്നു അദ്വാനിയുടെ രഥയാത്രയും ബാബറി മസ്ജിദ് തകര്‍ക്കലും. മണ്ഡല്‍ കമ്മീഷനിലൂടെ വി പി സിംഗ് നടത്തിയ പ്രതിരോധത്തെ മറികടക്കാന്‍ അദ്വാനിയുടെ ഹിന്ദുത്വക്കായി.

ഇങ്ങനെയൊക്കെയാണെങ്കിലും പിന്നീടും 10 വര്‍ഷം കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യു പി എ, ഇന്ത്യ ഭരിച്ചു എന്നു മറക്കരുത്. എന്നാല്‍ പിന്നീട് ഗുജറാത്ത് വംശീയ കൂട്ടക്കൊല, മുംബൈ കലാപം, കാണ്ടമാല്‍ കൂട്ടകൊല, മുസാഫര്‍ നഗര്‍ എന്നിങ്ങനെ ഓരോ ചോരപുഴയും അവര്‍ക്ക അധികാരത്തിലേക്കും ആത്യന്തികലക്ഷ്യത്തിലേക്കുമുള്ള ചവിട്ടുപടികളായി. അതിനിടെ പാര്‍ട്ടിയിലെ മുഴുവന്‍ സീനിയര്‍ നേതാക്കളേയും മറികടന്ന് മോദിയുടെ ജൈയാത്രയും ആരംഭിച്ചിരുന്നു. എഴുത്തുകാരുടെ കൊലകള്‍, വിദ്യാഭ്യാസ ചരിത്രസ്ഥാപനങ്ങള്‍ പിടിച്ചെടുക്കല്‍., കോടതികളേയും ഇലക്ഷന്‍ കമ്മീഷനെയും സ്വാധീനിക്കല്‍, വിവരാവകാശ കമ്മീഷനെ നിയന്ത്രിക്കല്‍, ദളിത് പീഡനങ്ങള്‍, ബീഫിന്റേയും ശ്രീറാം വിളിയുടേയും പേരിലുള്ള കൊലകള്‍, കാശ്മീരിലെ ഇടപെടല്‍, സംസ്ഥാനസര്‍ക്കാരുകളെ അട്ടിമറിക്കല്‍, ഏകഭാഷക്കും ഏകപാര്‍ട്ടി ഭരണത്തിനുമുള്ള മുറവിളി, പൗരത്വ ഭേദഗതി എന്നിങ്ങനെ ഇന്നത് രാമക്ഷേത്ര പ്രതിഷ്ഠയിലെത്തിയിരിക്കുന്നു. ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകുന്നതിനു മുന്നെ നടത്തുന്ന ഈ ചടങ്ങിന്റെ ലക്ഷ്യം ലോകസഭാ തെരഞ്ഞെടുപ്പല്ലാതെ മറ്റൊന്നല്ല,. അതോടെ തങ്ങളുടെ ലക്ഷ്യം ഏറെക്കുറെ പൂര്‍ത്തിയാക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് സംഘപരിവാര്‍.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അടുത്ത ചോദ്യം ആ കണക്കുകൂട്ടല്‍ തെറ്റിക്കാന്‍ ജനാധിപത്യ, മതേതരമതേതര ശക്തികള്‍ക്കാവുമോ എന്നതു തന്നെയാണ്. 2019ലെ തെരഞ്ഞെടുപ്പിലില്ലാത്ത ഒരു സഖ്യം ഈ തെരഞ്ഞെടുപ്പില്‍ രംഗത്തുണ്ടെന്നത് ശരിയാണ്. ഇപ്പോഴും തര്‍ക്കങ്ങളും ഭിന്നതകളുമൊക്കെ നില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യാസഖ്യം ഒരു സാധ്യതയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളില്‍ പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസ്സിനു വോട്ടുവിഹിതത്തില്‍ വലിയ കുറവുണ്ടായിട്ടില്ലെന്നതും കര്‍ണ്ണാടകത്തിലും തെലുങ്കാനയിലും വിജയിക്കാനായി എന്നതും ചെറിയ കാര്യമല്ല. കാവിരാഷ്ട്രീയം ദക്ഷിണേന്ത്യയില്‍ നിന്നു ഏറെക്കുറെ പുറത്താകുന്നു എന്നതും പ്രതീക്ഷ നല്‍കുന്നു. അതിനെ മറികടക്കാന്‍ സാക്ഷാല്‍ മോദി തന്നെ രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും അതത്ര എളുപ്പമല്ല. ദക്ഷിണേന്ത്യയും പഞ്ചാബും ബംഗാളുമൊക്കെ പ്രതീക്ഷ നല്‍കുമ്പോഴും ഉത്തരേന്ത്യയിലെ വലി.യ സംസ്ഥാനങ്ങള്‍ മാത്രം മതി ബിജെപിക്ക് മുന്നൂറില്‍പരം സീറ്റുനേടാന്‍ എന്നതു മറച്ചുവെക്കാനാവില്ല. അവിടെ നേട്ടമുണ്ടാക്കാന്‍ ഇന്ത്യാസഖ്യത്തിനാവുമോ എന്നതാണ് അവസാന ചോദ്യം. അതിന്റെ ഉത്തരത്തിലാണ് ഇന്ത്യയുടെ ഭാവി.

നേരത്തെ നടന്ന ഭാരത് ജോഡോ യാത്രയും ഇപ്പോള്‍ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുമൊക്കെ തങ്ങള്‍ക്ക് സഹായകരമായിരിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. അതൊക്കെ കണ്ടറിയണം. രാമനൊപ്പം ഒറ്റനേതാവില്‍ കേന്ദ്രീകരിക്കുന്ന ഹിന്ദുത്വരാഷ്ട്രീയമാണ് ബിജെപിയുടെ ഇപ്പോഴത്തെയും തുറുപ്പുചീട്ട്. എല്ലായിടത്തും മത്സരിക്കാന്‍ പോകുന്നത് രാമനും മോദിയുമാണ്. മറുവശത്താകട്ടെ ചന്ദ്രയാനിലൂടേയും ആദിത്യയിലൂടേയും തങ്ങള്‍ ശാസ്ത്രത്തിനും എതിരല്ല എന്നു സമര്‍ത്ഥിക്കാനും ശ്രമിക്കുന്നു. ജിഡിപിയുടെ ഏതൊക്കെയോ കണക്കുകളിലൂടെ ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്നു അവകാശപ്പെടുന്നു. സാധാരണ നിലയിലുള്ള ഏതൊക്കെയോ അന്താരാഷ്ട്ര സമ്മേളനങ്ങളിലൂടെ മോദി ലോകനേതാവാണെന്നും സമര്‍ത്ഥിക്കുന്നു. പാക്കിസ്ഥാനേയും ചൈനയേയും മാലി ദ്വീപിനേയും ചൂണ്ടികാട്ടി ദേശീയവികാരം കൂടി ഉത്തേജിപ്പിക്കാനും ശ്രമിക്കുന്നു. ഒപ്പം കക്കൂസുകളുടേയും കുടിവെള്ളത്തിന്റേയും കുറെ ധനസഹായങ്ങളുടേയും കണക്കുകളും. മറുവശത്ത് ഇന്ത്യാസഖ്യത്തില്ഞ ഒരു നേതാവു പോയിട്ട് കൂട്ടായ നേതൃത്വം പോലും ഉരുത്തിരിയുന്നില്ല.

ഈ സാഹചര്യത്തില്‍ മോദിയുടെയും കൂട്ടരുടേയും സ്വപ്നം തകര്‍ക്കാന്‍ ജനാധിപത്യ മതേതര ഇന്ത്യക്കാകുമോ എന്നതിന്റെ ഉത്തരം ആശാവഹമാകാനിടയില്ല.. ബഹുസ്വര ഇന്ത്യ നിലനില്‍ക്കണോ എന്ന ചോദ്യം തന്നെയാണത്. തങ്ങളുടെ മുന്നിലുള്ള രാഷ്ട്രീയ ഉത്തരവാദിത്തം എത്രയോ മഹത്തായതാണെന്നു തിരിച്ചറിഞ്ഞ് അവസരത്തിനൊത്ത് ഉയരാനുള്ള വിവേകം പ്രതിപക്ഷി നേതാക്കള്‍ പ്രകടമാക്കുകയാണെങ്കില്‍ ഒരവസരം കൂടി നമുക്കു മുന്നിലുണ്ടെന്ന് ഉറപ്പിക്കാം. ബിജെപിയുടെ പ്രധാന വെല്ലുവിളി രാജ്യ്ത്തിന്റെ ബഹുസ്വരതയാണ്. അതിനെയാണ് രാമനടക്കമുള്ള ബിംബങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അതിനെ പണ്ട് മണ്ഡലിലൂടെ പ്രതിരോധിക്കാന്‍ ശ്രമിച്ചതുപോലെ ഇപ്പോള്‍ ജാതി സെന്‍സസിലൂടെ പ്രതിരോധിക്കാന്‍ ഒരു സാധ്യതയുണ്ടായിരുന്നു. എന്നാലതെല്ലാം ഇപ്പോള്‍ തകര്‍ന്നു കഴിഞ്ഞു. കാര്യമായ മറ്റൊരു സാധ്യതയും അവശേഷിക്കാത്ത സാഹചര്യത്തില്‍ എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഒന്നിക്കാന്‍ പ്രതിപക്ഷം തയ്യാറായാല്‍ മാത്രമാണ് ഇനിയുമൊരു അങ്കത്തിന് ബാല്യമുള്ളത്,.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply