അധികാരഘടനയെ തീണ്ടാത്ത കെ കെ ബാബുരാജിന്റെ എം ടി വിമര്‍ശനം

കേരളീയം ഓണ്‍ ലൈനിന്റെ ‘മോണിംഗ് വോയിസ്’ എന്ന പോഡ്കാസ്റ്റ് പരിപാടിയില്‍ ‘എംടിയുടെ പുനരാവിഷ്‌കരിക്കപ്പെടുന്ന സവര്‍ണാധിപത്യം’ എന്ന തലക്കെട്ടില്‍ കെഎല്‍എഫ് വേദിയില്‍ എം ടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസ്താവനയെ ആസ്പദമാക്കി കെ കെ ബാബുരാജിന്റെ പ്രതികരണമാണ് ഈ എഴുത്തിന് ആധാരം.

സാഹിത്യ മേഖലയെ നിയന്ത്രിക്കുന്ന അധികാരഘടന എന്ന നിലയില്‍ എം ടി വാസുദേവന്‍ നായരെയും, കോര്‍പ്പറേറ്റ് – ഡീപ്പ് സ്റ്റേറ്റ് പാര്‍ലമെന്ററി ഭരണകൂട രാഷ്ട്രീയ അധികാരഘടനയുടെ പ്രതിനിധിയായ പിണറായി വിജയനെയും പ്രതിഷ്ഠിക്കുന്നത് സര്‍വാധികാരശക്തിയായിത്തീര്‍ന്ന വിപണിയാണ് എന്ന് മനസ്സിലാക്കി വിശദീകരിക്കാതെ, എംടിയെക്കുറിച്ചും മറ്റും നിലവിലുള്ള ചില സവര്‍ണ്ണോന്മുഖ ആഖ്യാനങ്ങളുടെ ആവര്‍ത്തനം മാത്രമാണ് കെ കെ ബാബുരാജിന്റെ പ്രതികരണത്തില്‍ കാണുന്നത്.

നവ മുതലാളിത്തം രാഷ്ട്ര വ്യവസ്ഥയ്ക്കും രാഷ്ട്രീയ വ്യവസ്ഥയ്ക്കും, മലയാള സാംസ്‌കാരിക വ്യവസ്ഥയ്ക്കും, ഭാവുകത്വത്തിനു തന്നെയും എതിരെ തുറന്നുവിട്ട വീര നായകന്മാരാണ് പിണറായി വിജയനും എം ടി വാസുദേവന്‍ നായരും എന്ന് തിരിച്ചറിയാതെ പ്രതികരിക്കുമ്പോള്‍, മൗലികത്വമുള്ള ആശയങ്ങളിലൂടെ വ്യവസ്ഥയെ നീതിവല്‍ക്കരിക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്ന് മാറിനില്‍ക്കലാണ് സംഭവിക്കുന്നത്. ധനകാര്യ മുതലാളിത്തത്തിന്റെ സവര്‍ണ്ണ ഫാസിസ്റ്റ് ഭീകരാധിനിവേശത്തിന് കീഴ്‌പ്പെടുന്ന ഒരു കാലത്തിന്റെ ഉദ്വിഗ്‌നതകളില്‍ നാം സംഭീതമായ പ്രതിസന്ധി നേരിടുമ്പോള്‍ പ്രത്യേകിച്ചും കെ കെ ബാബുരാജിന്റെ പ്രതികരണം ലളിതവല്‍ക്കരണമായി (dumb down) തീരുന്നുണ്ട്.

ഓരോ കാലത്തും സമൂഹത്തെ, നായകത്വങ്ങളെ നിയന്ത്രിക്കുന്നത് അതാത് കാലത്ത് അധീശത്വം വഹിക്കുന്ന വര്‍ഗ്ഗത്തിന്റെ ആശയങ്ങളായിരിക്കുമെന്ന മാര്‍ക്‌സിന്റെ നിരീക്ഷണം ഇതിനോട് ചേര്‍ത്തു വായിക്കാം. സാഹിത്യം കല രാഷ്ട്രീയം സംസ്‌കാരം എന്നീ നാനാ മേഖലകളെല്ലാം ലിംഗപരമായി പുരുഷന്റേയും അധികാരം കൊണ്ട് മേലാളന്റെയും പ്രത്യയശാസ്ത്രങ്ങള്‍ തന്നെയാണ് സംവഹിക്കുന്നത്.

തന്റെ പ്രസ്താവനയില്‍ ഇഎംഎസിനെ പ്രത്യക്ഷത്തില്‍ സ്തുതിച്ച് എം ടി സംസാരിക്കുന്നത് പാര്‍ട്ടി സഖാക്കളെ ഇക്കിളിപ്പെടുത്താനും പോപ്പുലിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കാനുമല്ല; മറിച്ച് കേരളത്തിലെ ഇടതുപക്ഷ – നവോത്ഥാന മുന്നേറ്റങ്ങളുടെ ചരിത്രത്തെയും അസ്ഥിത്വത്തെയും നിര്‍ണയിക്കുന്ന ഏറ്റവും പ്രസക്തമായ കിഴാള മുന്നേറ്റ ഘടകങ്ങളെ സൗകര്യപൂര്‍വ്വം വിഴുങ്ങാനാണ്.

നവോത്ഥാന – ഇടതുപക്ഷ ജനകീയതയുടെ ഫ്യൂഡല്‍ വിരുദ്ധതയെ തന്നെ ഉപജീവിച്ചു കൊണ്ടാണ് കേരളത്തില്‍ മുതലാളിത്ത വിപണി അതിന്റെ കരുക്കള്‍ നീക്കിയത്. ഫ്യൂഡല്‍ മൂല്യഘടനക്കെതിരെ നവോത്ഥാന – ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കലാപത്തിന്റെ കൊടി, വിപണി പിടിച്ചെടുക്കുകയും ഫ്യൂഡല്‍ സദാചാര മൂല്യങ്ങള്‍ക്കെതിരെയുള്ള മുതലാളിത്ത നാഗരികതയുടെ കൊടിപ്പടമാക്കി അതിനെ പരിവര്‍ത്തിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഈ സാംസ്‌കാരിക പാതകത്തിനാണ് എം ടി വാസുദേവന്‍ നായര്‍ നേതൃത്വം കൊടുത്തത്. അത് ഫ്യൂഡല്‍ സദാചാര വിരുദ്ധമായ ഒരു കലാപം അല്ലാതാക്കിത്തീര്‍ക്കാനും മുതലാളിത്ത നാഗരികതയില്‍ മാനവിക നവോത്ഥാന മൂല്യങ്ങള്‍ക്ക് സംഭവിച്ച ഹൃദയഭേദകമായ തകര്‍ച്ചയെ കേവലം വൈകാരിക വിഷയമായി അവതരിപ്പിച്ച് അരാഷ്ട്രീയവല്‍ക്കരിക്കാനും എം ടി വാസുദേവന്‍ നായര്‍ക്ക് കഴിഞ്ഞതോടെയാണ് അദ്ദേഹം ഭരണകൂടത്തിനും വിപണിക്കും ഒരുപോലെ സ്വീകാര്യമായിത്തീരുന്നത്.

എന്നാല്‍ വിപണി സമ്പദ് വ്യവസ്ഥ മലയാള മാനവികതയില്‍ സൃഷ്ടിച്ച ഭീതിതമായ ശൈഥില്യത്തിന്റെയും വിഘടനയുടെയും പരിസരത്തുനിന്ന് എംടിയുടെ പ്രസ്താവനയെ പരിശോധിക്കാതെ, എം ടി യെ സവര്‍ണ്ണ പ്രതിനിധിയായ സാഹിത്യകാരന്‍ അഥവാ വ്യക്തി, എന്ന നിലയില്‍ മാത്രം കെ കെ ബാബുരാജ് വിശദീകരിക്കുമ്പോള്‍, അറിഞ്ഞോ അറിയാതെയോ വിപണിയുടെ സര്‍വ്വാധിപത്യത്തിന് വഴിയൊരുക്കുന്ന മൂല്യ യുക്തിഭംഗത്തിന്റെ ഫോര്‍മുലയായി തീരുകയാണ്. അല്ലെങ്കില്‍ മൗലിക രാഷ്ട്രീയ ചര്‍ച്ചയ്ക്ക് പകരം അതിനു വിപരീതമായ സ്വത്വ വാദ സെന്‍സേഷന്‍ ആയി അവതരിപ്പിക്കപ്പെടുകയാണ്. ധനകാര്യ മുതലാളിത്തത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ആക്രമണങ്ങളെ, യുക്തിഭംഗ അനുഭവങ്ങളെ വിശദീകരിക്കാന്‍ കഴിയാതെ പോകുന്നത് കൊണ്ടാണ്, കെ കെ ബാബുരാജിന് കേവലമായ മാര്‍ക്‌സിസ്റ്റ് വിരുദ്ധതയെക്കുറിച്ച് ഇടയ്ക്കിടെ പറയേണ്ടി വരുന്നത്.

കോവിലന്റെയും പട്ടത്തുവിളയുടെയും രചനകളെ കെ കെ ബാബുരാജ് എടുത്തു പറയുമ്പോഴും, വിപണിയുടെ സൂത്രവാക്യ വ്യവഹാരങ്ങളെ (Formula discourses) അനുസരിക്കാന്‍ കൂട്ടാക്കാത്ത, കലാപത്തിന്റെ ഊര്‍ജ്ജിത ശക്തിയുള്ള രചനകളാണ് അവരെ വ്യത്യസ്തമാക്കുന്നത് എന്ന് അദ്ദേഹം പറയാതിരിക്കുന്നു.

മറ്റൊന്ന് കെ കെ ബാബുരാജിന്റെ രാഷ്ട്രീയ ബോധത്തില്‍ പതുങ്ങിയിരിക്കുന്ന മാര്‍ക്‌സിസ്റ്റ് വിരുദ്ധത പിണറായി വിജയന്‍ എന്ന ‘പൈശാചിക’ രൂപത്തെയും, എം ടി എന്ന സവര്‍ണ്ണ രൂപത്തെയും നിര്‍വചിക്കാന്‍ ഉപയോഗിക്കുന്നു എന്നുള്ളതാണ്. മാര്‍ക്‌സിസ്റ്റ് പ്രയോഗം ലോകം മുഴുവന്‍ ഏകാധിപതികളെ സൃഷ്ടിച്ചു എന്നാണ് കെ കെ ബാബുരാജ് കണ്ടെത്തുന്നത്. ലോകത്ത് ഏത് പ്രത്യയശാസ്ത്ര പ്രയോഗമാണ് ഏകാധിപതികളെയോ, വിഗ്രഹങ്ങളെയോ ഉത്പാദിപ്പിക്കാതിരുന്നിട്ടുള്ളത് ?

മാര്‍ക്‌സിസം നേരിടുന്ന വെല്ലുവിളികള്‍ ഡോ. അംബേദ്കര്‍ കുറെക്കൂടി ഉള്‍ക്കാഴ്ചയോടെ വിശദീകരിക്കുന്നതിലൂടെ കടന്നുപോയാല്‍ ഒരുപക്ഷേ ഇതിന് കൂടുതല്‍ വ്യക്തത ലഭിക്കും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കാലമേല്‍പ്പിച്ച ആഘാതങ്ങള്‍ മറികടന്ന് മാര്‍ക്‌സിസം ബാക്കിവെയ്ക്കുന്ന സുപ്രധാന ദര്‍ശനങ്ങളായി ഡോ അംബേദ്കര്‍ ചില കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട് . തത്വചിന്തയുടെ ലക്ഷ്യം ലോകത്തെ വ്യാഖ്യാനിക്കുകയല്ല മാറ്റിത്തീര്‍ക്കുകയാണ് എന്നതാണ് അതില്‍ ഏറ്റവും സുപ്രധാനമായത്. വര്‍ഗ്ഗവും വര്‍ഗ്ഗവും തമ്മില്‍ താല്‍പര്യങ്ങളുടെ സംഘര്‍ഷമുണ്ടെന്നും, സ്വകാര്യ സ്വത്ത് ഒരു വര്‍ഗ്ഗത്തിന് അധികാരവും മറ്റൊരു വര്‍ഗ്ഗത്തിന് ദുരിതവും നല്‍കുന്നുവെന്നും അദ്ദേഹം അംഗീകരിക്കുന്നു.

സ്വകാര്യ സ്വത്തിന്റെ നിര്‍മ്മാര്‍ജ്ജനത്തിലൂടെ ജനതയുടെ ദുരിതം അകറ്റാനാവും എന്നത് സമൂഹ നന്മയ്ക്ക് ആവശ്യമാണെന്ന മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാട് ഡോ.അംബേദ്കര്‍ എടുത്തുപറയുന്നുണ്ട്. ഈ കാര്യങ്ങളില്‍ ബുദ്ധന്‍ എന്ത് നിലപാടാണ് പറയുന്നത് എന്ന് അദ്ദേഹം പരിശോധിക്കുന്നുണ്ട്.

വര്‍ഗ്ഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടെന്ന മാര്‍ക്‌സിയന്‍ കാഴ്ചപ്പാടും സ്വകാര്യ സ്വത്താണ് ജനങ്ങള്‍ക്കിടയില്‍ അസമത്വം തീര്‍ക്കുന്നതെന്ന മാര്‍ക്‌സിയന്‍ വീക്ഷണവും ബുദ്ധന്‍ പങ്ക് വെയ്ക്കുന്നുണ്ടെന്നാണ് ഡോ.അംബേദ്കര്‍ പറയുന്നത്. ആ ബുദ്ധിസത്തിന്റെ കേന്ദ്രങ്ങളിലെ പ്രയോഗം ഇന്ന് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം.

അതുകൊണ്ട് ലോക കമ്പോളത്തിന്റെ കൈകള്‍ കേരള മുഖ്യമന്ത്രിയുടെയും കേരളസാഹിത്യ ‘കുലപതി’ യുടെയും വിശദീകരണക്കുറിപ്പുകള്‍ തയ്യാറാക്കുന്നതില്‍ വരെ ഇടപെടുകയും അവരുടെ പദാവലികള്‍ ജനപ്രതിനിധികളുടെയും, പല സാഹിത്യ പ്രതിനിധികളുടെയും ചുണ്ടുകളിലൂടെ പുറത്തുവരികയും ചെയ്യുന്നുണ്ട് എന്ന് നാം രാഷ്ട്രീയമായും ചരിത്രപരമായും മനസ്സിലാക്കുകയാണ് വേണ്ടത്.

ഇരുവരുടെയും വ്യാപാര രാഷ്ട്രീയ സിദ്ധാന്തം തുറന്നു കാട്ടാതെയുള്ള ഇത്തരം വിമര്‍ശനവും വിശദീകരണങ്ങളും, അധികാരഘടനയെയും, ഏകാധിപത്യ – സര്‍വ്വാധികാര പ്രവണതകളെയും ഒരു ജനതയുടെ തലയിലെഴുത്താക്കാന്‍ രണ്ട് അധികാരശക്തികള്‍ക്കും നാം അവസരം ഒരുക്കുകയാണ് ചെയ്യുന്നത്.

ബാബുരാജിന്റെ വിമര്‍ശനം കേള്‍ക്കാന്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply