വ്യക്തിസ്വാതന്ത്ര്യം നിലവിലില്ലാത്തതാണ് ഇത്തരം ബില്ലുകളെ പ്രസക്തമാക്കുന്നത്.

രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തി, ആണ്‍കുട്ടികള്‍ക്ക് തുല്ല്യമാക്കാനുള്ള, അതായത് 21 വയസ്സാക്കാനുള്ള കേന്ദ്രനീക്കം സമ്മിശ്രമായ പ്രതികരണങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണല്ലോ. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുകയാണ്. ബില്‍ ഉടനടി പാര്‍ലിമെന്റില്‍ എത്തുമെന്ന് കരുതപ്പെടുന്നു.

രാഷ്ട്രീയമായും മതപരമായും മാത്രമല്ല വൈകാരികമായും നിരവധി ഗൗരവപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന വിഷയം തന്നെയാണിത്. അതിനാല്‍ തന്നെ ബില്ലിനെ പിന്തുണക്കുന്നോ എന്ന ചോദ്യത്തിന് യെസ് ഓര്‍ നോ എന്ന രീതിയിലൊരുത്തരം പറയാന്‍ എളുപ്പമല്ല. അതേസമയം തികച്ചും പ്രായോഗികമായ ഒരുവിഷയമാണിത്. യെസ് ഓര്‍ നോ എന്ന രീതിയില്‍ തന്നെ ഉത്തരം പറയാന്‍ നമ്മള്‍ ബാധ്യസ്ഥരുമാണ്. അതിനാല്‍തന്നെ വിശാലമായ ഒരു ചര്‍ച്ചയും സംവാദവും അനിവാര്യമാണ്. വരുംദിനങ്ങളില്‍ അതു നടക്കുമെന്നു തന്നെ പ്രതീക്ഷിക്കുന്നു.

കേരളത്തെ സംബന്ധിച്ചിടത്തോളം ഇതുമായി ബന്ധപ്പെട്ട് സ്വാഭാവികമായും വലിയ ചര്‍ച്ചകള്‍ തന്നെ നടക്കും. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നാലു പാര്‍ട്ടികള്‍ – സിപിഎം, കോണ്‍ഗ്രസ്സ്, സിപിഐ, ലീഗ് – ബില്ലിനെതിരെ രംഗത്തുവന്നു കഴിഞ്ഞു. ബിജെപി സ്വാഭാവികമായും ബില്ലിനെ അനുകൂലിക്കുന്നു. അതേസമയം സ്ത്രീകളിലും പെണ്‍കുട്ടികളിലും വലിയൊരു വിഭാഗം ഈ നീക്കത്തെ പിന്തുണക്കുന്നവരാണ്. സാമൂഹ്യ – മനുഷ്യാവകാശ – ഫെമിനിസ്റ്റ് പ്രവര്‍ത്തകര്‍ രണ്ടുതട്ടായി നിലകൊള്ളുന്നു. രസകരമായ ഒരു സംഭവവും ഇതിനോട് ചേര്‍ന്നുണ്ടായി. പ്രതീക്ഷിക്കപ്പെട്ടപോലെ തന്നെ മുസ്ലിംലീഗും മറ്റനവധി മുസ്ലിം സംഘടനകളും ബില്ലിനെതിരെ രംഗത്തുവന്നപ്പോള്‍ സ്ത്രീവിരുദ്ധരെന്ന്ാക്ഷേപിച്ച് അവരെ ഏറ്റവുമധികം അക്രമിച്ചത് പുരോഗമനവാദികളെന്നു സ്വയം വിശ്വസിക്കുന്ന ഇടതുപക്ഷക്കാരായിരുന്നു. തങ്ങളുടെ പ്രസ്ഥാനം ബില്ലിനെ അനുകൂലിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. ബില്ലിനെതിരെ ശക്തമായി രംഗത്തുവന്ന ഫാത്തിമ തഹ്ലിയയും മറ്റും നേരിട്ട സൈബര്‍ അക്രമങ്ങള്‍ ചെറുതായിരുന്നില്ല. ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം വിഷയവും സജീവമായിരുന്നതിനാല്‍ അക്രമത്തിനു ഉശിരു കൂടുകയായിരുന്നു. എന്നാല്‍ പിന്നാലെ സംഭവിച്ചത് മറ്റൊന്നായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷനും വൃന്ദാകാരാട്ടും യെച്ചൂരിയും ആനിരാജയുമടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളുമൊക്കെ ബില്ലിനെതിരെ രംഗത്തുവന്നതോടെ അക്കൂട്ടര്‍ ഉരുണ്ടുകളിക്കുന്നത് കാണാന്‍ രസമായിരുന്നു. പിന്നാലെ കോണ്‍ഗ്രസ്സും ബില്ലിനെതിരായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

തീര്‍ച്ചയായും ബില്ലിനെതിരായ വിമര്‍ശനങ്ങള്‍ വളരെ ഗൗരവമുള്ളവ തന്നെയാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങളെയെല്ലാം ഇല്ലാതാക്കുകയും ഏകീകൃതസിവില്‍ കോഡ് എന്ന ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്യുക എന്ന അജണ്ട ഇതിനു പുറകിലുണ്ടെന്നതില്‍ യാതൊരു സംശയവുമില്ല. അതുപോലെതന്നെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റത്തിന്റെ വശവും ഇതിലുണ്ടെന്ന വിമര്‍ശനവും ശരിയാണ്. 18 വയസായാല്‍ പ്രായപൂര്‍ത്തിയായി എന്ന നിയമം നിലനില്‍ക്കുന്ന, വോട്ടുചെയ്യാനും ഡ്രൈവ് ചെയ്യാനും സ്ഥലകച്ചവടങ്ങള്‍ നടത്താനും ലൈംഗികബന്ധത്തിനുമൊക്കെ അവകാശം ലഭിക്കുമ്പോള്‍ വിവാഹം കഴിക്കാനവകാശമില്ല എന്നു പറയുന്നതിനെയാണ് കയ്യേറ്റമായി പ്രധാനമായും വിശേഷിപ്പിക്കുന്നത്. ആഗോളതലത്തില്‍ ഭൂരിഭാഗം രാജ്യങ്ങളിലും 18 വയസ്സാണ് വിവാഹപ്രായം എന്നും ചൂണ്ടികാട്ടപ്പെടുന്നു.

ഇതെല്ലാം ശരിയാകുമ്പോഴും പച്ചയായ നിരവധി യാഥാര്‍ത്ഥ്യങ്ങള്‍ നമുക്കു മുന്നിലുണ്ട്. എന്തുകൊണ്ട് പെണ്‍കുട്ടികള്‍ പൊതുവില്‍ ഈ നീക്കത്തെ പിന്തുണക്കുന്നു എന്നതു തന്നെ യഥാര്‍ത്ഥ പ്രശ്‌നം. വികസിത രാജ്യങ്ങളില്‍ പലയിടത്തും ഔദ്യോഗിക വിവാഹപ്രായം 18 ആയിരിക്കാം. എന്നാല്‍ യഥാര്‍ത്ഥവിവാഹങ്ങള്‍ നടക്കുന്നത് പൊതുവില്‍ 30നു മുകളിലാണ്. അതിനിടയില്‍ ലീവ് ടുഗെതറും മറ്റും നടന്നിരിക്കും. ഒരിക്കലും പെണ്‍കുട്ടികളുടെ വിവാഹം നടത്തേണ്ടത് – കെട്ടിച്ചയക്കേണ്ടത് – മാതാപിതാക്കളുടെ ഉത്തരവാദിത്തമല്ല. ലൈംഗികതയുമായി ബന്ധപ്പെട്ട് ഇവിടെ നിലനില്‍ക്കുന്ന കപട സാദാചാരബോധങ്ങള്‍ക്കും ഉദാഹരിക്കപ്പെടുന്ന മിക്ക രാഷ്ട്രങ്ങളിലും സ്ഥാനമില്ല.

എന്നാലെന്താണ് ഇന്ത്യയിലെ അവസ്ഥ? ഔദ്യോഗിക വിവാഹപ്രായം 18 ആണെങ്കിലും ലക്ഷകണക്കിനു ബാലവിവാഹങ്ങളാണ് ഇവിടെ നടക്കുന്നത്. വലിയൊരു വിഭാഗം മാതാപിതാക്കളാകട്ടെ പെണ്‍കുട്ടികള്‍ക്ക് 18 കഴിഞ്ഞാലുടന്‍ വിവാഹം നടത്താനുള്ള നെട്ടോട്ടത്തിലുമാണ്. മകള്‍ വഴിതെറ്റിപോകുന്നതിനു മുന്നെ ആരെയെങ്കിലും ഏല്‍പ്പിക്കുക എന്ന വാചകം കേള്‍ക്കാത്ത ഏതെങ്കിലും മലയാളിയുണ്ടാകുമോ? ഇക്കാര്യത്തില്‍ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. കാര്യങ്ങളില്‍ കുറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുമുണ്ടാകും. അപ്പോഴും ഈ വിഷയം ഇപ്പോഴും നിലനില്‍ക്കുന്നു. മറുവശത്ത് ആണ്‍കുട്ടികളുടെ കാര്യമോ? പരമാവധി് വിദ്യാഭ്യാസവും തൊഴിലുമില്ലാതെ ആണ്‍കുട്ടികളുടെ വിവാഹത്തെ കുറിച്ച് ഇതേ മാതാപിതാക്കള്‍ ചിന്തിക്കുമോ? ആ അന്തരം നിലനില്‍ക്കുമ്പോള്‍ ഈ ബില്‍ അനാവശ്യമാണെന്നു പറയാനാകില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താരതമ്യേന മെച്ചമാണെന്നു കരുതപ്പെടുന്ന കേരളത്തിലെ പെണ്‍കുട്ടികളുടെ മാത്രം അവസ്ഥയെടുക്കാം. ഈ വിഷയവുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകളിലുടനീളം പൊതുവില്‍ പെണ്‍കുട്ടികള്‍ ബില്ലിനെ പിന്തുണച്ചതിനു കാരണം എന്താണ്? മറ്റൊന്നുമല്ല, വിദ്യാഭ്യാസം നേടാനും തൊഴില്‍ നേടി സ്വന്തം കാലില്‍ നില്‍ക്കാനുമുള്ള അവരുടെ ആഗ്രഹം തന്നെ. അതില്ലാത്തതിന്റെ ദുരന്തങ്ങള്‍ ചുറ്റുപാടില്‍ എന്നും കാണുന്നവരാണവര്‍. വാര്‍ത്തകളില്‍ നിരന്തരം കേള്‍ക്കുന്നവരാണവര്‍. ഭര്‍തൃവീടുകളിലെ ദുരന്തങ്ങള്‍ സഹിക്കാനായില്ലെങ്കിലും സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാത്തവര്‍. സ്വന്തമായി ഒരിടം തേടാമെന്നു വെച്ചാല്‍ അഞ്ചിന്റെ പൈസ വരുമാനമില്ലാത്തവര്‍. ജീവിതം മുഴുവന്‍ ദുരിതമയം അല്ലെങ്കില്‍ കൊലപാതകം, ആത്മഹത്യ ഇതിലൊന്നായിരിക്കും പിന്നീട് സംഭവിക്കുക. ഇവിടെയാണ് സ്വന്തമായി ജോലി, അതിനുള്ള വിദ്യാഭ്യാസം എന്നിവയുടെ പ്രസക്തി. രാജ്യത്ത് നിലനില്‍ക്കുന്ന അവസ്ഥയില്‍ മിനിമം ഡിഗ്രിയെങ്കിലും നേടണമെങ്കില്‍ 21 വയസ്സെങ്കിലും ആകണമല്ലോ. അതാണ് 21ന്റെ പ്രസക്തി. ഈ സാഹചര്യം മിക്ക രാഷ്ട്രങ്ങളിലും ഇല്ല എന്നതാണ് മനസ്സിലാക്കേണ്ടത്. മാത്രമല്ല വോട്ടുചെയ്യുന്നതുപോലേയും വാഹനമോടിക്കുന്നതുപോലേയും സ്ഥലം വില്‍ക്കുന്നതുപോലെയുമല്ല അടിമത്തം വേണോ സ്വാതന്ത്ര്യം വേണോ എന്ന തെരഞ്ഞെടുപ്പ്. സ്വന്തം ഭാഗധേയം തീരുമാനിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യമില്ലാത്തതാണ് ഇത്തരം നിയമങ്ങളെ പ്രസക്തമാക്കുന്നത്. അപ്പോഴതിനെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുുള്ള കടന്നു കയറ്റമെന്നാക്ഷേപിക്കുന്നത് പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതാവില്ല.

വിവാഹം കഴിഞ്ഞാലും പഠിക്കാമല്ലോ എന്ന് ചോദിക്കുന്ന നിരവധി പേരുണ്ട്. എന്തൊരു നിഷ്‌കളങ്കരാണവര്‍. വിവാഹം കഴിഞ്ഞ് പഠിക്കാനാകുന്നവര്‍ എത്ര ശതമാനം കാണും? ഇപ്പോഴത്തെ ചര്‍ച്ചയുടെ ഭാഗമായി ഒരു അധ്യാപിക താന്‍ പഠിപ്പിച്ച പഴയൊരു ബാച്ചിലെ വിദ്യാര്‍ത്ഥിനികളുടെ ഇപ്പോഴത്തെ അവസ്ഥ അന്വേഷിച്ച് എഴുതിയിരുന്നല്ലോ. അവരില്‍ മിക്കവരും പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്നെ വിവാഹിതരായി. മിക്കവരുടേയും സമ്മതിമില്ലാതെയായിരുന്നു വിവാഹം. അത്തരം സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച ന്യൂനപക്ഷം പേര്‍ ഇപ്പോഴും പഠിക്കുന്നു. വിവാഹിതരില്‍ പഠിക്കുന്നത് മഹാന്യൂനപക്ഷം. ഇതാണ് വസ്തുത. ഭര്‍ത്താവിനേക്കാള്‍ പഠിപ്പും തൊഴില്‍ സാധ്യതയും ഉണ്ടിയാട്ടുപോലും പെണ്‍കുട്ടികളെ ജോലിക്കുവിടാത്ത, ജോലിയുണ്ടെങ്കില്‍ തന്നെ രാജിവെപ്പിക്കുന്ന നാട്ടിലാണ് വിവാഹശേഷവും പഠിക്കാമല്ലോ എന്ന ന്യായവാദമുയരുന്നത്.

തുടക്കത്തില്‍ പറഞ്ഞപോലെ ഇതൊരു സങ്കീര്‍ണ്ണ പ്രശ്‌നമാണ്. ബില്ലിനെതിരായ പല വിമര്‍ശനങ്ങളും ആശയപരമായി ശരിയാണ്. എന്നാല്‍ അതിനെ മറികടക്കുന്നതാമ് പച്ചയായ യാഥാര്‍ത്ഥ്യങ്ങളും ജനസംഖ്യയില്‍ പകുതിവരുന്ന ഒരു വിഭാഗത്തിന്റെ ജീവിതവും. അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തേയും സ്വപ്‌നങ്ങളേയും അവഗണിച്ച് എങ്ങനെയാണ് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണ് വിവാഹപ്രായമുയര്‍ത്തല്‍ എന്നു പറയാനാകുക? അതേസമയം യെസ് ഓര്‍ നോ എന്നു പറയേണ്ട ഒരു പ്രായോഗിക പ്രശ്‌നം കൂടിയാണിത്. അതിനാല്‍ തന്നെ എല്ലാ ഭിന്നതകളും നിലനിര്‍ത്തി, വിമര്‍ശിക്കുന്നവരുടെ അഭിപ്രായങ്ങളെ മാനിച്ചുതന്നെ, വിവാഹപ്രായം ഉയര്‍ത്തുക എന്ന നിലപാടിനോട്, ഈ വിഷയം നേരിട്ട് ബാധിക്കുന്ന പെണ്‍കുട്ടികള്‍ മഹാഭൂരിപക്ഷവും പിന്തുണക്കുന്ന നിലപാടിനോട് യോജിക്കാനേ കഴിയൂ. മാത്രമല്ല വ്യക്തിസ്വാതന്ത്ര്യം നിലനില്‍ക്കുന്നു എങ്കില്‍ തികച്ചും അപ്രസക്തമാണ് ഇത്തരമൊരു ബില്‍ എന്നതും തിരിച്ചറിയേണ്ടതുണ്ട്. കൃത്യമായി പറഞ്ഞാല്‍ പെണ്‍കുട്ടികളെ കെട്ടിച്ചയക്കേണ്ടത് മാതാപിതാക്കളുടേയോ സമൂഹത്തിന്റേയോ ഉത്തരവാദിത്തമല്ലാതാകുകയും അത് പെണ്‍കുട്ടികളുടെ തികച്ചും വ്യക്തിസ്വാതന്ത്ര്യമാകുകയും ചെയ്യുന്നതുവരെ മാത്രമേ ഇത്തരം നിയമങ്ങള്‍ക്ക് പ്രസക്തിയുള്ളു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply