കെ റെയിലും തരൂരിന്റെ നയതന്ത്രമന്ദഹാസത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കോമ്പല്ലുകളും

ലോകത്തിലെ ഏറ്റവും നീണ്ട വാക്കുകള്‍ കണ്ട് പിടിച്ച് വായനക്കാരെയും ശ്രോതാക്കളെയും അമ്പരിപ്പിച്ച് ആഹ്ളാദിക്കുക, അന്തര്‍ദ്ദേശീയ പ്രേമ ഗുരു പീഠം അലങ്കരിക്കുക, തുടങ്ങിയ വിനോദ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്ന നിര്‍ദ്ദോഷിയായ ഒരു സുമുഖ ഗ്ലാമര്‍ നേതാവ് എന്ന് മലയാളികള്‍ സഹതാപ പൂര്‍വ്വം കണ്ടിരുന്ന ശശി തരൂരിന്റെ യഥാര്‍ത്ഥ രൂപം പുറത്തു വന്നിരിക്കുന്നു.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് ലഭിച്ചതില്‍ കയ്യടിച്ച് സന്തോഷം പ്രകടിപ്പിച്ചപ്പോള്‍ ആരും അതത്ര കാര്യമായെടുത്തില്ല. എന്നാല്‍ കെ.റെയില്‍ എന്ന ദുരന്ത പദ്ധതിയ്‌ക്കെതിരെ കോണ്‍ഗ്രസ്സ് എം.പിമാര്‍ കേന്ദ്രമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഒപ്പ് നല്‍കുവാന്‍ വിസമ്മതിച്ചപ്പോള്‍, കെ.റെയില്‍ പദ്ധതിയെ സംബന്ധിച്ച് സന്ദിഗ്ധമായ ചില പ്രസ്താവങ്ങള്‍ നടത്തിയപ്പോള്‍, ഇയാള്‍ ഒരു വെറും ‘പൈങ്കിളി കോണ്‍ഗ്രസ്സുകാരനല്ല, എന്നും ഒരു വികസനഫാസിസ്റ്റിന്റെ കോമ്പല്ലുകള്‍ ഇയാളുടെ നയതന്ത്രമന്ദഹാസത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന സംശയം ബലവത്തായിത്തുടങ്ങി. എന്നാല്‍ തിരുവനന്തപുരം ലുലുമാള്‍ ഉദ്ഘാടനച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തോടെ ശശി തരൂര്‍ ആരെന്ന്, അയാളുടെ രാഷ്ട്രീയം എന്തെന്ന് കേരളത്തിന്റെ പൊതു സമൂഹത്തിനുമുമ്പില്‍ വിവസ്ത്രമാക്കപ്പെട്ടു.

ശതകോടീശ്വരവികസനരാഷ്ട്രീയത്തിനു കേരളം തുറന്നിട്ടിരിക്കുകയാണെന്നും അതില്‍ കക്ഷിരാഷ്ട്രീയ ജാതിമതവ്യത്യാസമൊന്നുമില്ലെന്നും ലുലുമാള്‍ ഉദ്ഘാടനമഹാമഹം തെളിയിച്ചു. ലുലുമാളിന്റെ നിര്‍മ്മിതിയില്‍ അന്തര്‍ഭവിച്ച നിയമലംഘനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് എന്റെ സുഹൃത്തും പരിസ്ഥിതി ആക്റ്റിവിസ്റ്റുമായ ഇ.പി. അനില്‍ തന്റെ ളയ പോസ്റ്റില്‍ വിശദമായി കൊടുത്തിട്ടുണ്ട്., ചതുപ്പ് നിലം നികത്തല്‍, പാര്‍വ്വതി പുത്താനാറിന്റെ കരകയ്യേറല്‍ എന്നിങ്ങനെ തീരദേശ സംരക്ഷണ നിയമ ലംഘനം തൊട്ട് പലതരം നിയമലംഘനങ്ങളെപ്പറ്റി അതില്‍ വിവരിക്കുന്നുണ്ട്. ഹൈപ്പര്‍ മാര്‍ക്കറ്റ് വികസന സംരഭങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതികവും, സാമ്പത്തികവുമായ ദുരന്തപ്രത്യാഘാതങ്ങളെപ്പറ്റി വിവേകികളായ മലയാളികളെ പഠിപ്പിച്ച് കൊടുക്കേണ്ട കാര്യമില്ല. അതവിടെ നില്‍ക്കട്ടെ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

തരൂര്‍ ജി പറഞ്ഞ കാര്യങ്ങളൊക്കെ പുറമെ നോക്കുമ്പോള്‍ നിര്‍ദ്ദോഷകരമെന്ന് തോന്നും. ഞാന്‍ ഒരു വികസനവാദിയാണ് എന്ന് പുഞ്ചിരിക്കുന്ന മുഖത്തോടെ അദ്ദേഹം പ്രഖ്യാപിച്ചു. അതെന്തു തരം വികസനവാദമാണെന്ന് വ്യംഗ്യമധുരമായ ഭാഷയില്‍ സൂചിപ്പിക്കുകയും ചെയ്തു. അതെ അത് യൂസഫലിയും പിണറായി വിജയനും പ്രതിനിധാനം ചെയ്യുന്ന ഹൈപ്പര്‍ മാളുകളും ഹൈപെര്‍ മാര്‍ക്കെറ്റുകളും പണിയുന്ന, അതിവേഗറെയിലുകളും, വന്‍കിട വൈദ്യുത പദ്ധതികളും ഒക്കെ പാക്കേജായി വരുന്ന പ്രകൃതീ സംഹാര രാഷ്ട്രീയമാണ്, വികസന ഫാസിസമാണ്. ജനങ്ങളോട് സമ്മതമാരായാതെ, പദ്ധതിരേഖകള്‍ പുറത്തുവിടാതെ, ആരോടും ചര്‍ച്ചചെയ്യാതെ, പശ്ചിതമഘട്ടത്തിന്റെ മനുഷ്യ ജൈവാവാസവ്യവസ്ഥകളെ തകര്‍ക്കുന്ന, കേരളത്തെ നടുവേ പിളര്‍ക്കുന്ന, അതിഭീകരമായ കടക്കെണിയിലേക്ക് മലയാളികളെ തള്ളിവിടുന്ന, കെ. റെയില്‍ പോലുള്ള ദുരന്തപദ്ധതികള്‍ ഏകാധിപതിയെപ്പോലെ ജനങ്ങളില്‍ അടിച്ചേല്പിക്കുവാന്‍ ശ്രമിക്കുന്ന പിണറായി വിജയനെ നിരുപാധികം സ്തുതിക്കുകയും യൂസഫലിയെ ഒരു മഹാവികസനകര്‍ത്താവായി പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു തരൂര്‍. യൂസഫലി എന്ന അന്താരാഷ്ട്ര ബ്രാന്‍ഡിനു കേരളത്തെ തുറന്നു കൊടുത്ത പോലെ അഡാനിമാര്‍ക്കും അമ്പാനിമാര്‍ക്കും ലോകത്തിലുള്ള എല്ലാ കോര്‍പ്പറേറ്റുകള്‍ക്കും ചൂഷണം ചെയ്യുവാനായി കേരളത്തിന്റെ മണ്ണും പ്രകൃതിയും സമ്പദ് വ്യവസ്ഥയും തുറന്നു കൊടുക്കുക എന്ന ഹീനമായ സന്ദേശമാണ് തരൂര്‍ ഈ യോഗത്തില്‍ സമര്‍പ്പിച്ചത്. അതെ, തരൂര്‍ പറഞ്ഞപോലെ ഈ യോഗം ഒരു പ്രതീകാത്മക തുടക്കമാണ് .എന്തിന്റെ? കേരളത്തെ കോര്‍പ്പറേറ്റുകള്‍ക്ക് സമര്‍പ്പിക്കുന്ന ഒരു വികസനഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ. യൂസഫലി എന്ന ശതകോടീശ്വരന്റെ ആജ്ഞാനുവര്‍ത്തികളായി ഭരണപക്ഷ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ പക്ഷഭേദദമെന്യേ അണിനിരക്കുന്ന ലജ്ജാവഹമായ ഒരു ദൃശ്യത്തിനാണ് നമ്മള്‍ സാക്ഷികളായത്.

പദ്ധതിയുടെ ഡി.പി.ആര്‍. പുറത്തിറക്കുന്നതിനുമുമ്പേ തന്നെ പോലീസുകാരും അധികൃതരും അധിനിവേശ സൈന്യം പോലെ കേരളത്തിലങ്ങോളമിങ്ങോളം വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണു വെട്ടിച്ച്, മതിലുകള്‍ ചാടിക്കടന്ന്, ചിലപ്പോള്‍ ഭീഷണിപ്പെടുത്തി കെ.റെയില്‍ പദ്ധതിയുടെ അടയാളക്കുറ്റികള്‍ നാട്ടുകയാണ്. അതേ സമയം സ്ത്രീകളും കുട്ടികളും വൃദ്ധരും യുവാക്കളും അടങ്ങിയ നാട്ടുകാര്‍ കുറ്റി നാട്ടാന്‍ വരുന്ന കെ.റെയില്‍ ഉദ്യോഗസ്ഥരെ തടയുകയും കുറ്റികള്‍ വലിച്ചൂരി പുറത്തേക്കെറിയുകയും അതിശക്തമായ പ്രതിഷേധജാഥകളും യോഗങ്ങളും നടത്തിവരികയുമാണ്. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളും പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരും, പശ്ചിമഘട്ടത്തെയും സ്വന്തം ആവാസവ്യവസ്ഥയെയും രക്ഷിക്കുവാനായി ഈ മരണ പദ്ധതിയ്‌ക്കെതിരേ ഇന്ന് തെരുവിലിറങ്ങിയിരിക്കുന്നു.. ഇത്തരമൊരവസ്ഥയിലാണ് ഒരു അധിനിവേശ മനസ്സോടെ, സ്വന്തം നാടിനെയും അതിന്റെ പ്രകൃതിയേയും ജങ്ങളെയും ബാധിക്കുന്ന ഒരു വിപല്‍ പദ്ധതിയ്ക്ക് പച്ചക്കൊടി കാട്ടിക്കൊണ്ട്, ജനങ്ങളുടെ ആശങ്കകളൊന്നും പരിഗണിക്കാതെ, ശശി തരൂര്‍ അഹങ്കാരിയും ജനവിരുദ്ധനുമായ ഒരു മുഖ്യമന്ത്രിയെ ലജ്ജാലേശവുമില്ലാതെ സ്തുതിപാടുന്നത്. തരൂരിന്റെ ലുലുമാള്‍ പ്രസംഗവും, തുടര്‍ന്നുള്ള ട്വീറ്റുകളും സൂചിപ്പിക്കുന്നത് ശതകോടീശ്വര രാഷ്ട്രീയത്തിന്റെ അംബാസഡറാണ് അയാളെന്നും കോര്‍പ്പറേറ്റുകളുടെ വെള്ളിക്കാശുകള്‍ക്കായി കേരളത്തിന്റെ പ്രകൃതിയേയും വിഭവങ്ങളെയും ജന-ജൈവ ആവസവ്യവസ്ഥയേയും ശതകോടീശ്വരന്മാര്‍ക്ക് വെള്ളിത്തളികയില്‍ സമര്‍പ്പിക്കുവാന്‍ അയാള്‍ക്ക് യാതൊരു മടിയും ഉണ്ടാവില്ലെന്നുമല്ലേ?

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു മുന്നറിയിപ്പ്! രണ്ട് വഞ്ചിയില്‍ കാലുകുത്തി കോമാളിപ്രകടനം കാട്ടുന്ന, സഹ്യന്റെ മക്കളുടെ ചിലവില്‍ കോര്‍പ്പറേറ്റ് രാഷ്ട്രീയം കളിക്കുന്ന ഇത്തരം കോടീശ്വര ദാസന്മാരുടെ നുകം പേറി, ജനങ്ങളില്‍ നിന്ന് അന്യവല്‍ക്കരിപ്പെട്ട്, പരാജയത്തിന്റെ പാതാളം പൂകി ഇനിയും അപഹാസ്യരാകുവാന്‍ തന്നെയാണോ നിങ്ങള്‍ നിശ്ചയിക്കുന്നത്?. ശതകോടീശ്വര രാഷ്ട്രീയത്തിന്റെ, വികസനഫാസിസത്തിന്റെ, സേവകരല്ലെന്ന് ജങ്ങളെ ബോധ്യപ്പെടുത്തുവാന്‍, നിങ്ങള്‍ തയാറാണോ? സഹ്യപുത്രന്മാരായ കേരളീയരുടെ ജീവിതാവാസവ്യവസ്ഥകള്‍ സംരക്ഷിക്കുവന്‍ പ്രതിബദ്ധരാണെന്ന് തെളിയിക്കുവാന്‍ നിങ്ങള്‍ക്കുള്ള അവസാനത്തെ അവസരമാണിത്. ഒന്നുകില്‍ ശതകോടീശ്വര രാഷ്ട്രീയത്തില്‍ നിന്നകലം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നിങ്ങള്‍ ശശി തരൂരിനെ നിലയ്ക്കു നിര്‍ത്തുക.അല്ലെങ്കില്‍ പുറത്താക്കുക. അതല്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ നിങ്ങളെ പുറത്താക്കും. മലയാളിയുടെ പ്രതിസന്ധി നിമിഷത്തില്‍ കോണ്‍ഗ്രസ്സ് ആരുടെ കൂടെ എന്ന് നിര്‍വ്വിശങ്കം പ്രഖ്യാപിക്കുക. എങ്കില്‍ ജനങ്ങള്‍ നിങ്ങളോടൊപ്പമുണ്ടാകും. അതല്ലെങ്കിലോ? ഒരു ചീട്ടുകൊട്ടാരം പോലെ കോണ്‍ഗ്രസ്സ് നാമാവശേഷമാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply