വിചാരണ ചെയ്യപ്പെടേണ്ടത് ആണഹന്തയും ഫ്യൂഡല്‍ ബോധങ്ങളും

വിധവകളെന്ന അവസ്ഥയ്‌ക്കെതിരെ നവോത്ഥാനസമൂഹം നടത്തിയ പോരാട്ടത്തിന്റെ പരിണതികൂടിയാണ് ആധുനിക കേരളവും ആധുനിക സ്ത്രീവിമോചന പ്രസ്ഥാനവും. ആര്യാപള്ളത്തിന്റേയും ദേവകി നീലയങ്ങോടിന്റെയും പാര്‍വതി നെന്‍മിനി മംഗലത്തിന്റെയും ദേവകീ വാര്യരുടേയും ചരിത്രം പറയുന്നത് അതുതന്നെയാണ്. അവിടെനിന്നാണ് മുടവന്‍ മുഗള്‍ സമരത്തില്‍ ഏകെജിയോടൊപ്പം പോലീസ് വലയംഭേദിച്ച് മതിലു ചാടിക്കടക്കുന്ന ആര്യാപള്ളം ഉയര്‍ന്നുവരുന്നത്. നിസ്സാരമല്ല…. നിസ്സാരമല്ല…. നവോത്ഥാനത്തില്‍നിന്നും കമ്യൂണിസ്റ്റുപാര്ട്ടിയിലേക്കുള്ള ചരിത്രം. മറന്നുപോകരുതാരും.

‘ഒരു വിധവക്ക് കരച്ചിലിനേക്കാള്‍ ഭയം ചിരിയോടാണ്. വൈദിക ശ്രേഷ്ഠന്‍മാരെ….നിങ്ങള്‍ക്കറിയാമോ അതിന്റെ നോവും നീറ്റലും?ഈ പുകച്ചിലിന്റെ തീയാണ് നമ്പൂതിമാരുടെ അന്ത:പ്പുരങ്ങളില്‍ എന്നും കത്തുന്നത്’

ലളിതാംബിക അന്തര്‍ജനത്തിന്റെ ഈ വാചകങ്ങളോടെയാണ് മലയാളത്തിലെ എക്കാലത്തേയും മികച്ച ക്ലാസിക് സിനിമകളിലൊന്നായ, ഇന്നലെ നവതിയിലെത്തിയ എം.ടി വാസുദേവന്‍നായരുടെ പരിണയം ആരംഭിക്കുന്നത്. വിദ്യ അഭ്യസിച്ചാല്‍ പെണ്‍കുട്ടികള്‍ വായാടികളാകും. ഇംഗ്ലീഷ്ഭാഷ പഠിച്ചാല്‍ വിധവകളാകും എന്നു വിശ്വസിക്കുന്ന വീട്ടിലാണ് ആശൂപൂര്‍ണാദേവിയുടെ സുവര്‍ണലത ജീവിച്ചു മരിക്കുന്നത്. വൈധവ്യം ക്രൂരമായി വേട്ടായാടുന്ന പദവും പദവിയുമായിരുന്നു ഇന്ത്യയില്‍. പ്രസവത്തില്‍ തന്റെ കുഞ്ഞു മരിച്ച് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് ആര്യാപള്ളം ആദ്യത്തെ വിധവാ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നത്. അത് സംബന്ധിച്ച് തന്റെ വികാരങ്ങള്‍ ആര്യാപള്ളം ഇങ്ങനെ പങ്കുവയ്ക്കുകയുണ്ടായി:

‘എങ്ങനെയാണ് വിധവാ വിവാഹത്തില്‍ പങ്കെടുക്കുക എന്നുള്ള ചോദ്യം മനസ്സില്‍ വന്നു എന്തുകൊണ്ട് പാടില്ല എന്നും മനസ്സ് തന്നെ ചോദിക്കുന്നു ആള്‍ക്കാര്‍ എന്തുപറയും? ഇതുവരെ ആള്‍ക്കാര്‍ പറഞ്ഞത് കേട്ടാണോ എല്ലാം നടന്നത്? ആള്‍ക്കാര്‍ സഹായത്തിന് ഇല്ലാത്തവര്‍ പറഞ്ഞതിനെക്കുറിച്ചെനിക്കെന്തിനു ക്ലേശം ? തീരുമാനിച്ചു. എന്തായാലും കുട്ടി ഇനി തിരിച്ചുവരില്ല അതിനെക്കുറിച്ച് ആലോചിച്ചു ഞാനിവിടെ ഇരിക്കുന്നതുകൊണ്ടെന്ത് പ്രയോജനം? സമുദായത്തില്‍ ആദ്യമായി ഒരു വിപ്ലവം – ആചാരവിപ്ലവം – നടക്കുവാന്‍ പോകുന്നു. അതിന് കൂടെനിന്ന ഞാനില്ലാതെ അതെങ്ങനെ നടക്കും? തീര്‍ച്ചയായും എന്റെ വ്യക്തിപരമായ ദുഃഖത്തെക്കാള്‍ വലുതാണ് നടക്കുവാന്‍ പോകുന്ന ഈ വിപ്ലവം. ഇത് മുഴുവന്‍ വിധവകളുടെയും ജീവിതത്തില്‍ തിരികൊളുത്താന്‍ പോന്നതാണ്. ഞാന്‍ പോയേ തീരൂ എന്റെ സ്ഥാനം സമൂഹത്തിലാണ്.’

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നമ്പൂതിരി യോഗക്ഷേമ സഭയുടെ ഒരു യോഗത്തില്‍ വിധവാ വിവാഹത്തെക്കുറിച്ച് ധീര ധീര പ്രസംഗിച്ചു കൊണ്ടിരുന്ന നേതാക്കള്‍ക്കെതിരെ അന്ന് യോഗത്തില്‍ പങ്കെടുത്ത പാര്‍വതി നെന്മിനി മംഗലം ഒരു ചോദ്യം ഉന്നയിച്ചു. ”വിധവാവിവാഹത്തെക്കുറിച്ച് പ്രസംഗിക്കുന്നതില്‍ എന്ത് കാര്യം? നിങ്ങളിലാരെങ്കിലും ഒരു വിധവയെ കല്യാണം കഴിക്കാന്‍ തയാറാകുമോ?” നിശബ്ദമായ അന്തരീക്ഷത്തിനൊടുവില്‍ മെലിഞ്ഞ ഒരു യുവാവ് എണീറ്റ് നിന്ന് പറഞ്ഞു ‘ഞാന്‍ തയാറാണ്.” അങ്ങനെയാണ് എം ആര്‍ ബി എന്ന സൗമ്യനായ വിപ്ലവകാരി വി ടിയുടെ സഹോദരിയെ വിവാഹം കഴിക്കുന്നത്. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്ന മുഹൂര്‍ത്തങ്ങള്‍ ജീവിതത്തില്‍ അപൂര്‍വ്വങ്ങളാണ്. അതിന്റെ മറ്റൊരു പേരുകൂടിയാണ് നവോത്ഥാനം. അല്ലാതെ വീടിന്ന് പുറത്ത് അഴിച്ചുവെക്കുന്ന ചെരിപ്പായിരുന്നില്ല.

വിധവകളുടെ ദുരിതലോകത്തെക്കുറിച്ചുതന്നെയാണ് വീടിയും ലളിതാംബിക അന്തര്‍ജനവും പാര്‍വതി നെന്‍മിനിമംംഗലവും ആര്യാപ്പള്ളവും ഇ.എം.എസ് ഉള്‍പ്പെടെയുള്ളവര്‍ അഭിസംബോധന ചെയ്തത്. അത്യന്തം ക്രൂരമായ അവസ്ഥയുടെ പര്യായമാണ് വൈധവ്യം എന്നത് എക്കാലത്തേയും സ്ത്രീകള്‍ അനുഭവിക്കുന്ന ഒന്നാണ്. വിധവകളെന്ന അവസ്ഥയ്‌ക്കെതിരെ നവോത്ഥാനസമൂഹം നടത്തിയ പോരാട്ടത്തിന്റെ പരിണതികൂടിയാണ് ആധുനിക കേരളവും ആധുനിക സ്ത്രീവിമോചന പ്രസ്ഥാനവും. ആര്യാപള്ളത്തിന്റേയും ദേവകി നീലയങ്ങോടിന്റെയും പാര്‍വതി നെന്‍മിനി മംഗലത്തിന്റെയും ദേവകീ വാര്യരുടേയും ചരിത്രം പറയുന്നത് അതുതന്നെയാണ്. അവിടെനിന്നാണ് മുടവന്‍ മുഗള്‍ സമരത്തില്‍ ഏകെജിയോടൊപ്പം പോലീസ് വലയംഭേദിച്ച് മതിലു ചാടിക്കടക്കുന്ന ആര്യാപള്ളം ഉയര്‍ന്നുവരുന്നത്. നിസ്സാരമല്ല…. നിസ്സാരമല്ല…. നവോത്ഥാനത്തില്‍നിന്നും കമ്യൂണിസ്റ്റുപാര്ട്ടിയിലേക്കുള്ള ചരിത്രം. മറന്നുപോകരുതാരും.

ഇതിലൊക്കെ മുമ്പ് വിധവകളെ തീയില്‍ച്ചുട്ടുകൊന്ന ആര്‍ഷഭാരത സംസ്‌കാരത്തിന്റെ പാരമ്പര്യംകൂടിയുണ്ട് ഈ ‘മഹത്തായ’ രാജ്യത്തിന്. ഒരുസമൂഹം സ്ത്രീകളോട് കാണിക്കുന്ന ക്രൂതയുടെ പേരാണ് വിധവ. വിധവകളെ തീയില്‍ ചുട്ടിരുന്നകാലത്താണ് മുഗളന്‍മാരുടെ ഇന്ത്യന്‍ അധിനിവേശം ആരംഭിക്കുന്നത്. യുദ്ധത്തിന്റെ കൊടുംക്രൂരതകളിലൂടെ മുന്നേറിയ മുഗളന്‍മാരെപ്പോലും നാണിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തത്രേ ഈ ഉടന്തടിച്ചാട്ടം. ബാബര്‍ മുതല്‍ അക്ബര്‍ വരെയുള്ളവരും ഹുമയൂണുമുള്‍പ്പെടെ എല്ലാ രാജാക്കന്‍മാരും ഈ മനുഷ്യവിരുദ്ധ ആചാരത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. ഇന്ത്യയിലെ ബ്രാഹ്മണിക്ക് ആചാരങ്ങളുടെ ഭാഗമാണതെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നുംപറഞ്ഞ് അന്നത്തെ പൗരോഹിത്യം തടയുകയായിരുന്നു. സ്ത്രീകളോട് കാണിക്കുന്ന അത്തരം ക്രൂരതകള്‍ അവസാനിപ്പിച്ചത് ബ്രിട്ടീഷുകാരാണ്. അവിടെനിന്നാണ് കേരളത്തിലടക്കം വിധവാവവിവാഹത്തിലേക്കു നീങ്ങുന്ന സാമൂഹ്യ നവോത്ഥാന പ്രസ്ഥാനമാരംഭിക്കുന്നത്. വിധവാവിവാഹത്തില്‍ പങ്കെടുക്കുന്നതുപോലും ഭ്രഷ്ടിനുകാരണമാകുന്ന അത്യന്തം ക്രൂരമായ കേരളീയ മനുക്കാലം.

വിധവയുടെ പുല്ലിംഗം എന്താണ് ? പുല്ലിംഗമില്ലാത്ത എല്ലാ പദങ്ങളും സ്ത്രീവിരുദ്ധമാണ്. വൈധവ്യത്തിനെതിരെ സ്വന്തം മക്കള്‍ അമ്മമാരെ വിവാഹം കഴിപ്പിച്ച് ആ അവസ്ഥയെ മറികടക്കുന്ന അത്യന്തം മനോഹരമായ കാലത്താണ് ജനപ്രതിനിധി കൗരവസഭയില്‍ ആധുനിക ദുശ്ശാസ്സനന്‍മാര്‍ സ്ത്രീസമൂഹത്തെ പിന്നേയും അപമാനിച്ചുകൊണ്ടിരിക്കുന്നത്. അല്‍പ്പബുദ്ധികളും ബൂര്‍ഷ്വാലിബറലിസത്തിന്റെപോലും ബോധ്യമില്ലാത്തതുമായ ഓണ്‍ലൈന്‍ കൊടി സുനിമാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നു വിളിക്കപ്പെടുന്നൊരു പേരുള്ള പാര്‍ട്ടിയിലെ സമുന്നതരായ നേതാക്കളും പിന്നേയും പിന്നേയും ചോദിക്കുന്നത്, വിധവ എന്നത് തെറ്റായ വാക്കാണോ എന്നാണ്. എന്തുമാത്രം ലജ്ജാകരമായ ബോധത്തിലൂടെയാണ് ഇവര്‍ കേരളമാര്‍ജ്ജിച്ച സാംസ്‌കാരിക ഔന്നത്യത്തിനുമേല്‍ പ്രാചീനതയുടേയും മധ്യകാലനാടുവാഴിത്തത്തിന്റെയും ചീഞ്ഞളിഞ്ഞ അവസ്ഥകളെ പുനസ്ഥാപിക്കാന്‍ നോക്കുന്നതെന്നു നോക്കൂ. താലിയെക്കുറിച്ചുള്ള സുപ്രീംകോടതി മാഹാത്മ്യത്തില്‍നിന്നും എങ്ങനെയാണീ സ്ത്രീവിരുദ്ധത വ്യത്യാസപ്പെട്ടിരിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിധവയെന്നാല്‍ അടങ്ങിയൊതുങ്ങി വീട്ടിന്നകത്ത് കാറ്റുംവെളിച്ചവും കടക്കാതെ, ഈറനണിഞ്ഞ വസ്ത്രവുമുടുത്ത് പഴകിയ മണമുള്‍ക്കൊണ്ട് ജീവിതകാലം മുഴുവന്‍ നരകിച്ച് കഴിയുകയെന്ന സാമൂഹ്യ അവസ്ഥയുടെ പേരാണ്. കൗരവസഭയില്‍ പാഞ്ചാലിയെ വലിച്ചിഴച്ചപ്പോള്‍ അരുതെന്നുപറയാന്‍ തലനരച്ച പിതാമഹന്മാരുണ്ടായിരുന്നു. ഇവിടെ ആധുനിക കൗരവസഭയില്‍ ദുശ്ശാസനന്‍മാരായി അരങ്ങുവാഴുന്നത്, പിതാമഹന്‍മാരാണ്. പ്രസവത്തില്‍ തന്റെ കുഞ്ഞ് മരിച്ചതിന്റെ പിറ്റേദിവസം മരണക്കിടക്കയില്‍നിന്നുമാണ് പാര്‍വതി നെന്‍മിനിമംഗലം കേരളത്തില്‍ നടന്ന ആദ്യത്തെ വിധവാ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നത്. തന്റെ ജീവിതസഖാവ് കൊല്ലപ്പെട്ട അതേ തെരുവില്‍വെച്ചുതന്നെയാണ് സഫ്ദര്‍ഹാഷ്മിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ നാടകം മാലശ്രീ ഹാഷ്മി പൂര്‍ത്തിയാക്കുന്നത്. അമ്മയുടെ ചിതക്ക് തീകൊളുത്തിയാണ് മല്ലികാസാരാഭായ് ആചാരങ്ങളുടെ ചിതല്‍കുത്തിയ ഓലക്കെട്ടുകള്‍ക്ക് തീകൊളുത്തുന്നത്. കൊല്ലപ്പെട്ട സഖാവിന് ‘പുലയിരിക്കാതെ’ പത്രക്കാരെ കണ്ടവളാണ് പ്രിയസഖാവ് കെ.കെ.രമ

കുറിയേടത്ത് താത്രിയുടെ വിചാരണ സംബന്ധിച്ച് പറയുന്ന വേളയില്‍ എം.ഗോവിന്ദന്‍ പറയുന്ന വാചകമുണ്ട്, ‘അവരെ വീണ്ടും വിചാരണ ചെയ്യാനല്ല; അവരുടെ സാന്നിധ്യത്തില്‍ നാം സ്വയം വിചാരണ ചെയ്യപ്പെടാന്‍ ‘ എന്ന്. വിചാരണ ചെയ്യപ്പെടേണ്ടത് കേരളീയ പുരുഷാധിപത്യവും അവന്റെ ആണഹന്തയും അവന്റെതന്നെ ഫ്യൂഡല്‍ ബോധങ്ങളുമാണ്.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply