വര്‍ഗ്ഗമെന്നത് അനുഭവവേദ്യമായ യാഥാര്‍ത്ഥ്യമാണെന്ന് മാര്‍ക്‌സ് പറയുന്നില്ല.

മാര്‍ക്‌സിസത്തിന്റെ പ്രസക്തിയെ കേന്ദ്ീകരിച്ച എം എം സോമശേഖരന്റെയും കെ മുരളിയുടെയും നിലപാടുകളെ വിമര്‍ശിക്കുന്നു

ഒരേസമയം മാര്‍ക്‌സിസത്തിന് വൈജ്ഞാനിക പ്രഭാവമുണ്ടെന്ന് പറയുകയും എന്നാല്‍ അതിന്റെ ഉള്ളടക്കങ്ങളെ പിഴുതെടുത്ത് കാട്ടി അവ സമൂലം ജീര്‍ണ്ണിച്ചതും അകാലികവും (anachronistic) ആണെന്ന് പറയുകയും ചെയ്യുന്ന ചിത്തവൈവശ്യമാണ് സോമശേഖരനില്‍ പ്രകടമാകുന്നത്. എന്നാല്‍ കെ മുരളിയാകട്ടെ, അധികാരപ്രയോഗമായി മാര്‍ക്‌സിസത്തെ ലഘൂകരിക്കുന്നതും ചരിത്രബദ്ധമായ വര്‍ഗ്ഗബന്ധത്തിന്റെ ആപേക്ഷികതയില്‍ ഊന്നാത്ത ബലപ്രയോഗ രാഷ്ട്രീയവും നിറവേറ്റാന്‍ ശ്രമിക്കുന്ന ഉപകരണ വാദങ്ങള്‍ കൊണ്ടാണ് സോമശേഖരനെ നേരിടുന്നത്.

മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ് പ്രത്യശാസ്ത്രങ്ങള്‍ക്കപ്പുറം കെ മുരളി വിശേഷിപ്പിക്കുന്ന ‘മാവോയിസം’ എന്ന സംജ്ഞയുടെ ഉദ്ഭവം, ‘സ്റ്റാലിനിസം’ പോലെ വലതുപക്ഷ വിശകലനങ്ങളില്‍ നിന്ന് രൂപംകൊണ്ട ശകാരപദമാണ്. മാവോ സേതൂങിന്റെ വ്യക്തിപരമായ ബുദ്ധിയുടെ മാത്രം ഉല്‍പ്പന്നമല്ല ‘മാവോയിസം.’ അരനൂറ്റാണ്ടിലെ ചൈനയിലെ വിപ്ലവപോരാട്ട അനുഭവങ്ങളില്‍നിന്ന് ഉടലെടുത്തതാണ്. അത് അന്നത്തെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊതുധാരണയുടെ ഉല്‍പ്പന്നമാണ്. ഗറില്ലാ യുദ്ധമാണ് ഏക വിപ്ലവമാര്‍ഗമെന്ന് ഒരു വിപ്ലവപാര്‍ട്ടിക്കും കരുതാനാകില്ലെന്ന ലെനിന്റെ കാഴ്ചപ്പാടും ഇവിടെ പ്രസക്തമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അര്‍ദ്ധ-ഫ്യൂഡലിസവും അര്‍ദ്ധ-കൊളോണിയലിസവും ചേരുംപടി ചേര്‍ന്നാല്‍ ‘മുഴുവന്‍ ഇന്ത്യ’യാകും എന്ന് ‘മാവോയിസ്റ്റുകള്‍’ പറയുന്നത് ഉണ്മയുടെ അനിവാര്യതയില്‍ നിന്ന് ചിന്തിക്കുന്നതുകൊണ്ടാണ്. അതേസമയം കാള്‍ മാര്‍ക്‌സ് അനന്തമായ ഉണ്മയുടെ (infinite being) അസാധ്യതയില്‍ നിന്നാണ് തുടങ്ങുന്നതെന്ന ഡയലെക്റ്റിക്‌സിന്റെ പ്രാഥമിക പൊരുള്‍ തന്നെ ത്യജിച്ചുകൊണ്ടാണ് മാര്‍ക്‌സിസ്റ്റ് വിരുദ്ധ ‘മാവോയിസ്റ്റ് ‘ വ്യാഖ്യാനങ്ങള്‍ കെ മുരളിയെ പോലെയുള്ളവര്‍ നടത്തുന്നത്.

രണ്ടു വ്യത്യസ്ത തീരങ്ങളില്‍ നിന്നുകൊണ്ടാണ് സോമശേഖരനും കെ മുരളിയും ‘വര്‍ഗ്ഗസമരം’ ‘വര്‍ഗ്ഗരാഷ്ട്രീയം’ എന്നീ സംജ്ഞകളെ മുന്‍നിര്‍ത്തി പരസ്പരം മറികടക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കാള്‍ മാര്‍ക്‌സ് വര്‍ഗ്ഗസമരത്തെ ചരിത്രത്തിന്റെ കേന്ദ്രമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും എന്താണ് വര്‍ഗ്ഗം എന്നതിനെക്കുറിച്ച് അസന്നിഗ്ധമായ ഒരു നിര്‍വചനവും നല്‍കിയീട്ടില്ല. വര്‍ഗ്ഗമെന്നത് അനുഭവവേദ്യമായ ഒരു യാഥാര്‍ത്ഥ്യമാണെന്ന് മാര്‍ക്‌സ് എവിടെയും പറയുന്നുമില്ല. വര്‍ഗ്ഗത്തെക്കുറിച്ചുള്ള പരാമര്‍ശം മൂലധനത്തിലെ മൂന്നാം വാള്യം അവസാന അദ്ധ്യായത്തില്‍ അഞ്ചോ ആറോ ഖണ്ഡിക മാത്രമാണ്.

അധ്വാന ശക്തികളുടെ ഉടമകള്‍, മൂലധനത്തിന്റെ ഉടമകള്‍, ഭൂവുടമകള്‍ (യഥാക്രമം കൂലി, ലാഭം, പാട്ടം) എന്നിങ്ങനെ മൂന്ന് പ്രാഥമികമായ വരുമാന സ്രോതസ്സുകള്‍ വര്‍ഗ്ഗങ്ങളായി മാര്‍ക്‌സ് ഈ അദ്ധ്യായത്തില്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ തന്നെ, ഡോക്ടര്‍, അഭിഭാഷകര്‍, ഉദ്യോഗസ്ഥര്‍ എന്നീ വിഭാഗങ്ങളുടെ കാര്യത്തില്‍ ആ നിര്‍വ്വചനം അപര്യാപ്തമാണെന്ന് മാര്‍ക്‌സ് തന്നെ പറയുന്നുണ്ട്. തോട്ടങ്ങള്‍, മത്സ്യബന്ധനം, ഖനി എന്നിങ്ങനെയുള്ളവ ഒരേ വരുമാനസ്രോതസ്സാണ് എന്ന് പറയാന്‍ കഴിയില്ല. എന്തായാലും ഇതിവിടെ അപൂര്‍ണ്ണമായി അവസാനിക്കുന്നു എന്ന ഏംഗല്‍സിന്റെ അടിക്കുറിപ്പോടെയാണ് ആ അദ്ധ്യായം അവസാനിപ്പിക്കുന്നത്. നമുക്ക് വേണമെങ്കില്‍ പോലീസിന്റെയും സൈന്യത്തിന്റെയും വരുമാനം കൂടി ഇതില്‍ കൂട്ടിച്ചേര്‍ത്താല്‍ കൂടുതല്‍ വ്യക്തത കിട്ടും..!?

വര്‍ഗ്ഗത്തെക്കുറിച്ച് സുനിശ്ചിതമായ ഒരു പ്രഖ്യാപിത സങ്കല്പം മുന്നോട്ടുവയ്ക്കാന്‍ മാര്‍ക്‌സ് മുതിരാതിരുന്നത് അദ്ദേഹത്തിന്റെ ആലോചനകള്‍ക്ക് നിര്‍വ്വചനക്ഷമത ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് ചരിത്രപ്രക്രിയയില്‍ വര്‍ഗ്ഗത്തിന് വ്യത്യസ്ത രൂപങ്ങള്‍ കൈവരിക്കുന്നതിനാല്‍ മുന്‍കൂട്ടിയുള്ള ഒരു തത്വവിചാരമൊ, നിര്‍ദ്ധാരണമൊ അല്ല വേണ്ടത് എന്ന തിരിച്ചറിവ് കൊണ്ടായിരിക്കാം. മാര്‍ക്‌സിന്റെ വര്‍ഗ്ഗസൂചനകളെക്കുറിച്ച് എറിക് ഹോബ്‌സ്‌ബോം (Eric Jobsbawm) ചില പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. ഗോത്രാനന്തര സമൂഹത്തിന്റെ പൊതുപ്രതിഭാസം, ബൂര്‍ഷ്വാസമൂഹത്തിന്റെ ഭാഗം, ചിലപ്പോള്‍ വിശകലനാത്മക സംവര്‍ഗ്ഗം എന്ന നിലയില്‍ മാത്രം, എന്നിങ്ങനെ വിവിധ തലങ്ങളില്‍ വര്‍ഗ്ഗത്തെ സങ്കല്‍പ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് ഹോബ്‌സ്‌ബോം പറയുന്നുണ്ട്.

അതേസമയം ഡാനിയല്‍ ബെന്‍സെയ്ദ് (Daniel Bensaïd) Marx for our Times എന്ന പഠനത്തില്‍ പ്രബോധനപരമായ ഏകദേശ വിശദീകരണം (pedagogical approximation) എന്നും തൊഴിലാളികളുടെ ഘടനാ വിശേഷണം (characterization of proletariat) എന്നും മാര്‍ക്‌സിന്റെ വര്‍ഗ്ഗ സമീപനത്തെ കുറിച്ച് പറയുന്നുണ്ട്. അതായത് വര്‍ഗ്ഗത്തെക്കുറിച്ച് ഒരു മുന്‍വിധിയോടെയോ മുന്‍കൂട്ടി സജ്ജമാക്കിയ വ്യാഖ്യാനങ്ങളില്‍ നിന്നോ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തിലേക്ക് പ്രവേശിക്കുകയല്ല, മറിച്ച് മൂര്‍ത്ത യാഥാര്‍ത്ഥ്യത്തിന്റെ വിശകലങ്ങളില്‍ നിന്ന് സംവര്‍ഗ്ഗങ്ങളെ നിര്‍ദ്ധാരണം ചെയ്യുകയും അവയെ ചരിത്രബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ പുന:പരിശോധിക്കുകയുമാണ് വര്‍ഗ്ഗവിശകലനത്തില്‍ മാര്‍ക്‌സ് ചെയ്തിരുന്നത്. അതായത് വര്‍ഗ്ഗം എന്നത് ഒരു വിവക്ഷയില്‍ മാത്രം ഏകത്ര കേന്ദ്രീകരിക്കുന്ന ധ്യാനാത്മകതയല്ല; ചരിത്രപ്രക്രിയക്കുള്ളില്‍ അതിന്റെ സാമൂഹ്യ- സാമ്പത്തിക ബന്ധവ്യവസ്ഥയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന പ്രതിഭാസമാണ് എന്ന് വിശദീകരിക്കാനാണ് മാര്‍ക്‌സ് ശ്രമിക്കുന്നത്. അതുകൊണ്ട്, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയ എന്ന നിലയില്‍ തന്റെ തന്നെ സങ്കല്‍പ്പനങ്ങളെ പുന:പരിശോധിക്കാനും പൂരിപ്പിക്കാനും മാര്‍ക്‌സ് തയ്യാറാകുന്നുണ്ട്. അതുതന്നെയാണ് മാര്‍ക്‌സിസ്റ്റ് വിശകലനത്തിന്റെ മൗലികമായ സവിശേഷത. ഈ വര്‍ഗ്ഗസമീപനത്തെയാണ് ചരിത്രപരമായി, അടിയന്തിരമായി റദ്ദാക്കണം എന്ന് സോമശേഖരനെ പോലെയുള്ള ലിബറല്‍ ചിന്തകര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്.

ചുരുക്കത്തില്‍ പ്രത്യക്ഷരൂപങ്ങളില്‍ യുക്തി തേടാതെ, പ്രത്യക്ഷതയുടെ മറവില്‍ എന്തോ ഒളിച്ചിരിക്കുന്നുണ്ട് എന്ന് പറഞ്ഞ് അതിനെ വ്യാഖ്യാനിച്ച് ഉത്തമാംശങ്ങളെ കണ്ടെത്തുന്നവനായി (eclectic) സ്വയം പ്രഖ്യാപിച്ച്, നഷ്ടപ്പെട്ട ഐഡന്റിറ്റി വീണ്ടെടുക്കുകയാണ് സോമശേഖരന്‍. നവസാമൂഹികതയുടെ രാഷ്ട്രീയവും മാര്‍ക്സിസവും തമ്മില്‍ ഉണ്ടാകേണ്ട മാര്‍ക്സിസത്തിന്റെ പുനര്‍വായനകളുടെ ചരിത്രത്തിലെ സജീവവും സര്‍ഗ്ഗാത്മകവുമായ ഒരു സംവാദമായി കെ മുരളിയുടെയും സോമശേഖരന്റെയും സംവാദങ്ങള്‍ വികസിക്കുന്നില്ല.

മൂലധനത്തിന്റെ രചനയിലേയ്ക്കു വഴികാട്ടിയായ, മാര്‍ക്സിന്റെ പക്വമായ പില്‍ക്കാല സൈദ്ധാന്തികാന്വേഷണങ്ങളില്‍ അദ്ദേഹത്തിന്റെ ജ്ഞാന-ഭവ ശാസ്ത്ര സമീപനങ്ങളില്‍ പ്രത്യക്ഷമല്ലാതിരുന്ന എന്നാല്‍ മാര്‍ക്‌സ് പലഘട്ടങ്ങളില്‍ ഗണനീയമെന്ന് കരുതുകയും ചെയ്തിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്ന, നവസാമൂഹികതയുടെ സന്ദേഹങ്ങള്‍ പങ്കുവയ്ക്കുന്ന, യാന്ത്രിക മാര്‍ക്സിസ്റ്റ് കനോനുകളില്‍ നിന്ന് വ്യത്യസ്തമായ നിരവധി ആശയങ്ങളും പരികല്‍പ്പനകളും കുറിപ്പുകളും കണ്ടെത്തപ്പെടുകയോ വ്യത്യസ്തമായി വായിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അതില്‍ പ്രധാനമാണ് എത്‌നോളജിക്കല്‍ നോട്ട്ബുക്കും ലണ്ടന്‍ നോട്ട്ബുക്കും. ഫ്രാങ്ക്‌ലിന്‍ റോസ്‌മോണ്ട് (Franklin Rosemont) ആണ് ഇത് കൂടുതല്‍ വിശദീകരിച്ചത്. റോസ്‌മോണ്ടിനെ കൂടാതെ പല പഠനങ്ങളും ഉണ്ടായിട്ടുണ്ട്. അവയെല്ലാം സോമശേഖരനുണ്ടായിക്കൊണ്ടിരിക്കുന്ന നരവംശ – ജനിതക ശാസ്ത്ര ചിന്താ വ്യാമിശ്രതക്കും ചോദ്യങ്ങള്‍ക്കും ചില അടിസ്ഥാന ഉത്തരങ്ങള്‍ നല്‍കുന്നവയാണ്.

തൊഴിലാളിവര്‍ഗമാണ് എല്ലാ വര്‍ഗങ്ങളുടെയും വിമോചനത്തിനുള്ള വര്‍ഗമായി പ്രവര്‍ത്തിക്കുകയെന്നും, തൊഴിലാളി വര്‍ഗത്തിന്റെ (മര്‍ദ്ദിതര്‍ /ചൂഷിതര്‍) മോചനത്തിലൂടെ മാനവരാശിയുടെ തന്നെ മോചനം സാധ്യമാകുകയാണെന്നും മാര്‍ക്സ് വ്യക്തമാക്കി. അതാകട്ടെ നിലനില്‍ക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ അട്ടിമറിയിലൂടെ സാധ്യമാകുന്ന ഒന്നാണ് താനും. ഈ ഒരു നിരീക്ഷണത്തില്‍ എവിടെയാണ് സോമശേഖരനെ നരവംശശാസ്ത്രം വേട്ടയാടുന്നത്..?

ചരിത്രത്തിലെ പ്രധാനമായ രണ്ടു വിച്ഛേദനങ്ങള്‍ക്ക് മാര്‍ക്സ് തുടക്കം കുറിക്കുകയുണ്ടായി. അതില്‍ ഒന്ന് ഭരണകൂടം എന്നത് വര്‍ഗ്ഗനിരപേക്ഷമായ സാര്‍വ്വജനീന വര്‍ഗ്ഗം (universal class) എന്ന ഹെഗേലിയന്‍ ആശയത്തെ മാര്‍ക്സ് തിരുത്തുന്നതാണ്. രണ്ടാമത്തേത് സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ആശയസങ്കല്പമാണ്. സ്വകാര്യ സ്വത്തുടമാവകാശത്തിനുള്ള സ്വാതന്ത്ര്യം’ (freedom to property right) സ്ഥാപിച്ചെടുക്കുന്നതാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്ന ലിബറല്‍ ബുദ്ധിജീവികളുടെ പഴകി കെട്ടുപോയ ആലോചനകള്‍ക്ക് നിറം പകരാനുള്ള ശ്രമമാണ് സോമശേഖരന്‍ നടത്തുന്നത്.

യഥാര്‍ത്ഥ സ്വാതന്ത്ര്യം ചൂഷണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണെന്നും അത് സാധ്യമാകണമെങ്കില്‍ ചൂഷണരഹിതമായ ഒരു സാമൂഹികാവസ്ഥയുടെ സൃഷ്ടി ആവശ്യമാണെന്നും തൊഴില്‍ ചൂഷണത്തിലൂടെ നിലനില്‍ക്കുന്ന മുതലാളിത്ത ഘടനയില്‍ പൂര്‍ണസ്വാതന്ത്ര്യം സാധ്യമല്ലെന്നും ആദ്യമായി മാര്‍ക്സ് ലോകത്തോട് പറഞ്ഞു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2017ല്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെട്ട സമ്പത്തിന്റെ 73% വും ഏറ്റവും സമ്പന്നരായ 1% ആളുകളിലേക്കാണ് എത്തിയത് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതായത് മധ്യവര്‍ഗങ്ങളെയും ചെറുകിട ഉത്പാദകരെയും നിരന്തരമായി തൊഴിലാളിവര്‍ഗ്ഗവത്കരിച്ചു കൊണ്ടാണ് മുതലാളിത്തം മുന്നേറുക. ആ അര്‍ത്ഥത്തില്‍ ചൂഷകരായ ബൂര്‍ഷ്വാസി ചൂഷിതരായ ബഹുഭൂരിപക്ഷം എന്ന ദ്വന്ദ്വത്തെ പ്രായോഗികമായി ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ടാണ് തൊഴിലാളി വര്‍ഗത്തിന്റെ വിമോചനം എന്നത് സമൂഹത്തിന്റെ തന്നെ മോചനത്തിനുള്ള മുന്നുപാധിയായി മാറുന്നു എന്ന് മാര്‍ക്‌സ് പറയുന്നത്.

ലോകത്തൊഴിലാളി വര്‍ഗ്ഗം എണ്ണത്തില്‍ തുച്ഛമായിരുന്ന (ഏറ്റവും വികസിതമായ ഇംഗ്ലണ്ടില്‍ പോലും 500 മൈലില്‍ താഴെ റെയില്‍വേ മാത്രമേ ഉണ്ടായിരുന്നുള്ളൂ) കാലത്താണ് മാര്‍ക്സ് ഇത് എഴുതുന്നത്. വര്‍ധിച്ചുവരുന്ന മിച്ച ജനസംഖ്യ മൂലധന പരിക്രമത്തിന്റെ പങ്കുപറ്റാതെ പുറത്തുപോകുന്നതു നാം കണ്ടുകൊണ്ടിരിക്കുമ്പോള്‍ അതു മനസ്സിലാക്കാന്‍ ഏത് നരവംശശാസ്ത്രമാണ് സോമശേഖരന് തടസ്സമായി നില്‍ക്കുന്നത്.? മുതലാളിത്ത ബലതന്ത്രത്തെ അതിന്റെ അതിഭീമാകാരമായ പിഴിഞ്ഞൂറ്റലിനെ അവഗണിച്ചുകൊണ്ട് വിശകലനം ചെയ്യാനാകും എന്നാണോ സോമശേഖരന്‍ പറയാന്‍ ശ്രമിക്കുന്നത്…? എങ്കിലത് ഡെന്‍മാര്‍ക്ക് രാജകുമാരനില്ലാതെ ഹാംലെറ്റ് അവതരിപ്പിക്കുന്നതുപോലെ ആയിരിക്കും.

അതുകൊണ്ട് ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കപ്പെടാനും അതിന്റെ മൂല്യങ്ങളെ ആയുധങ്ങളാക്കി പോരാടാനും സര്‍ഗാത്മകമായി വിമര്‍ശിക്കാനും മാര്‍ക്‌സിന്റേയും അംബേദ്കറിന്റെയും നാസ്തികതയെയും നിഷേധത്തിന്റെ തത്വചിന്തയെയും തിരിച്ചറിഞ്ഞ് ചിന്തിച്ചാല്‍ മാത്രമേ കഴിയൂ..

വൈജ്ഞാനിക പ്രഭാവം വീണ്ടെടുക്കാനാകുന്നില്ലെങ്കില്‍ മാര്‍ക്‌സിസം മതഗ്രന്ഥമാകും

വര്‍ഗ്ഗാധിപത്യത്തിന്റെ ഉപകരണം തന്നെയാണ് ഭരണകൂടം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply