”മുസ്ലിം ദോത്തിയാണെല്ലൊ സര്‍, ബോംബുണ്ടോ കയ്യില്‍”.

പൊതു ഇടങ്ങളിലെ മുസ്ലിം കര്‍തൃത്വം നിരന്തരം സംശയത്തിന്റെ മുള്‍മുനയില്‍ നിലനിര്‍ത്തി പൈശാചികവല്‍ക്കരിക്കുന്ന ഒരു രീതിശാസ്ത്രമാണ് കണ്ട് വരുന്നത്. സ്വയം മതേതരനാവാന്‍ കഴിയാത്തവരും മതേതരത്വത്തിന്റെ ഭാരം പേറുന്നവരുമായ ഒരു സമൂഹമായി മുസ്ലിം ജനതയെ മാറ്റി തീര്‍ക്കുന്നതിന്റെ പദ്ധതിയായിട്ടാണ് നാം ഇതിനെ മനസ്സിലാക്കേണ്ടത്. മുസ്ലിം സാമൂഹ്യ പ്രതിനിധാനങ്ങളെ എന്ത് കൊണ്ട് ഇടത്പക്ഷം പോലും ഭയപ്പെടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ലോകത്ത് വളര്‍ന്ന് കൊണ്ടിരിക്കുന്ന മുസ്ലിം ഭീതി കേരളത്തിലെ ഇടത് പക്ഷവും ആന്തരികവല്‍കരിച്ചു എന്നുള്ളതാണ്.

”ഒരാളെ കള്ളനായി, നായരായി, മുസ്ലിമായി, പുലയനായി, സംബോധന ചെയ്യുന്നത് പ്രത്യയശാസ്ത്രത്തിനകത്താണ്. അടുത്ത കാലത്ത് മധുരയിലെ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ആന്റണി മാര്‍ക്‌സ് എന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍ പതിവിന് വിരുദ്ധമായി ഒരു മുസ്ലിം ദോത്തിയായിരുന്നു ധരിച്ചത് അയാള്‍ ഹാളിലേക്ക് പോകുമ്പോള്‍ പുറത്ത് നില്‍ക്കുന്ന പാറാവുകാരന്‍ (പരിചയമുള്ള) അദ്ദേഹത്തോട് ചോദിക്കുകയാണ്. ”മുസ്ലിം ദോത്തിയാണെല്ലൊ സര്‍, ബോംബുണ്ടോ കയ്യില്‍”. ഇത് യാദൃശ്ചികമാണെന്ന് തോന്നാമെങ്കിലും ഇന്ത്യന്‍ പൗരന്റെ പൊതുബോധത്തെ പ്രത്യയശാസ്ത്രം എങ്ങിനെ സംബോധന ചെയ്യുന്നു എന്നതിന് വ്യക്തമായ തെളിവാണ്”.(ഡോ. പി.കെ പോക്കര്‍, തത്വചിന്തയും സൗഹൃദവും ഭയരഹിത ദേശ ചിന്തകള്‍)

തീവ്രവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് കൊണ്ടാണ് അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്ത് ലക്ഷക്കണക്കിന് മനുഷ്യരെ കൊന്ന് തള്ളിയത്. അധിനിവേശത്തിനെതിരെ ചെറുത്തുനില്‍പ്പുകള്‍ നടത്തുന്ന സമൂഹത്തെയും ഗ്രൂപ്പുകളെയും അമേരിക്കന്‍ സാമ്രാജ്യത്വം വിളിക്കുന്ന വിളിപ്പേരാണ് ‘തീവ്രവാദികള്‍’ എന്നത്. പാലസ്തീനില്‍ വിമോചന പോരാട്ടത്തില്‍ ഏര്‍പ്പെട്ട ചെറുത്തുനില്‍പ്പ് സംഘങ്ങളെ ഇസ്രായേന്‍ എന്ന വംശീയരാജ്യം വിളിക്കുന്നത് തീവ്രവാദികള്‍ എന്നാണ്. മതത്തിന്റെ പേരില്‍ ഒരു ജനതക്ക് പൗരത്വം നിഷേധിക്കുന്ന, പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവരെ ഇന്ത്യയിലെ മോദി ഭരണകൂടം വിളിക്കുന്നതും തീവ്രവാദികള്‍ എന്ന് തന്നെയാണ്. സമരം ചെയ്യുന്നവരുടെ വേഷം കണ്ടാല്‍ അവരെ തിരിച്ചറിയാന്‍ കഴിയുമെന്നും, ആ വേഷം തീവ്രവാദികളുടെതുമാണ് എന്ന് ഒരു പ്രധാനമന്ത്രി തന്നെ, തന്റെ ജനത്തോട് മുഖത്ത് നോക്കി പറഞ്ഞതും നമ്മുടെ ഇന്ത്യയിലാണ്. ഇപ്പോള്‍ ഇവിടെ നമ്മുടെ കേരളത്തിലും ഒരു മന്ത്രി സമരത്തില്‍ പങ്കെടുത്ത ജനങ്ങളെ വിളിച്ചതും തീവ്രവാദികള്‍ എന്നാണ്. കോഴിക്കോട് ജില്ലയിലെ ആവിക്കല്‍തോട് നടന്ന മാലിന്യ പ്ലാന്റ് വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സമരക്കാരെ ഇടത്പക്ഷ മന്ത്രിസഭയിലെ ഒരു അംഗമായ എം.വി ഗോവിന്ദന്‍ വിളിച്ചത് തീവൃവാദികള്‍ എന്നാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഭരണകൂടത്തിനെതിരെ സമരം നയിക്കുന്നവരെ ലോകത്ത് അമേരിക്കന്‍ സാമ്രാജ്യത്വവും ഡല്‍ഹിയില്‍ മോദി ഭരണകൂടവും വിളിക്കുന്ന അതേ തെറികളാണ് കേരളത്തിലെ ഇടത്പക്ഷവും വിളിക്കുന്നത്. ഒരു സമരത്തില്‍ കുറച്ച് മുസ്ലിംകള്‍ കൂടുതല്‍ പങ്കെടുത്താല്‍ ആ സമരത്തെ തീവ്രവാദ സമരം എന്നാണ് വിളിക്കുന്നത്. എന്ത് കൊണ്ടാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും സംഘ്പരിവാറിന്റെയും അധീശ ഭാഷ ലീലകളെ ഇടത്പക്ഷം ഏറ്റെടുക്കുന്നത്? ഈ ചോദ്യങ്ങളെ അന്വേഷണവിധേയമാക്കുമ്പോള്‍ തീര്‍ച്ചയായും ലഭിക്കുന്ന ഉത്തരം, നമ്മുടെ പൊതുബോധത്തിലന്തര്‍ഭപ്പിച്ച മുസ്ലിംഭീതി തന്നെയാണ് ഇടത്പക്ഷത്തെയും സ്വാധീനിച്ചത് എന്ന് തന്നെയാണ്. അത്‌കൊണ്ടാണ് പ്രവാചക നിന്ദ നടത്തിയ നുപൂല്‍ ഷര്‍മയെ പിന്തുണച്ച് കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത രാജസ്ഥാനിലെ ഉദൈപൂരിലെ കനയ്യ ലാല്‍ എന്ന ടൈലറെ രണ്ട് മുസ്ലിം നാമധാരികള്‍ കൊലപ്പെടുത്തിയപ്പോള്‍ ഇടത്പക്ഷ പത്രപ്രവര്‍ത്തകരില്‍ നിന്ന് വന്ന പ്രതികരണവും ഇതേ പൊതുബോധത്തില്‍ നിന്നാണെന്ന് നമുക്ക് മനസ്സിലാവുന്നത്.

മുസ്ലിം നാമധാരികളായ രണ്ടുപേര്‍ ഒരു ക്രൈം ചെയ്താല്‍ അത് പൊളിറ്റിക്കന്‍ ഇസ്ലാമിന്റെ ചുമലില്‍ വെച്ച് കൊടുത്താന്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. കാരണം അവര്‍ തന്നെ വികസിപ്പിച്ചെടുത്ത ഹിന്ദുത്വ ഫാഷിസം വേര്‍സസ് പൊളിറ്റിക്കല്‍ ഇസ്ലാം എന്ന ബൈനറിയിലേക്ക് കാര്യങ്ങളെ ചുരുക്കി എഴുതാം. ഈ ലളിത യുക്തിയിലൂടെ മാത്രമെ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ കഴിയുകയുള്ളൂ എന്ന് ഇടത്പക്ഷവും മനസ്സിലാക്കിയിരിക്കുന്നു. ഇത്രയും ഹീനമായ കൊലപാതകം നടത്തിയവര്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് എന്ന് കണ്ടെത്തുന്നതിന് മുമ്പേ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ആളുകളാണ് ഇതിന് പിന്നില്‍ എന്ന നിഗമനത്തിലെത്താന്‍ ഇവരെ പ്രേരിപ്പിക്കുന്ന ഘടകം നേരത്തെ പറഞ്ഞ പൊതുബോധം തന്നെയാണ്.

ഹിന്ദുത്വ ഫാഷിസം അധികാരം കയ്യാളുന്ന ഇന്ത്യയില്‍ മുസ്ലിം ജീവിതം അപരവല്‍ക്കരിക്കപ്പെട്ടതാണ് എന്ന് പ്രത്യേകിച്ച് ആരും കണ്ടത്തേണ്ടതില്ല. അത്രമാത്രം തീഷ്ണമായ അനുഭവ പരിസരത്തിലൂടെയാണ് ആ ജനതയുടെ ജീവിതം മുന്നോട്ട് പോവുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാസിസ്റ്റ് പ്രസ്ഥാനമായ ആര്‍.എസ്.എസിന്റെ നേതൃത്വത്തിന്‍ ഒരു ഭരണകൂടം പ്രവര്‍ത്തിക്കുമ്പോള്‍ മുസ്ലിം എന്നത് അപരനല്ലാതെ മറ്റൊന്നാവാന്‍ വഴിയില്ല. ഈ അപരത്വ നിര്‍മിതിയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ബുള്‍ഡോസര്‍ രാജ്. ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ ചെറുത്ത് നില്‍പ്പുകള്‍ നടത്തുന്ന മുസ്ലിം നേതാക്കളെ തീവ്രവാദികള്‍ ദേശദ്രോഹികള്‍ എന്ന് വിളിച്ച് കൊണ്ടാണ് അവരുടെ വീടുകള്‍ ബുള്‍ഡോസറുകള്‍ കൊണ്ട് ഇടിച്ച് നിരത്തുന്നത്. ഈ ഭീതിതമായ കാഴ്ചയ്ക്കാണ് ഇന്ത്യാ മഹാരാജ്യത്ത് നാം സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇരകളാക്കപ്പെടുന്ന മുസ്ലിം സമൂഹത്തിന് പിന്തുണ നല്‍കേണ്ടുന്ന ഇടത്പക്ഷത്ത് നിന്ന് പോലും ഫാസിസത്തിന്റെ ഭാഷകളെ സ്വാംശീകരിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടാവുന്നത് ഖേദകരം തന്നെ.

ലോകത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ചെറുത്ത് നില്‍പുകള്‍ നടത്തുന്നവരെ വിളിക്കുന്നത് ഭീകരവാദികള്‍ തീവ്രവാദികള്‍ എന്നാണ്. അഥവാ ചെറുത്ത് നില്‍പ്പ് സമരങ്ങളുടെ പിന്നില്‍ ഇസ്ലാമിസത്തിന്റെ ആളുകളാണെന്ന് പറഞ്ഞ് ഭീകരവാദ മുദ്ര പതിക്കുകയാണ് ലോകത്ത് അമേരിക്കന്‍ സാമ്രാജ്യത്വവും ഇന്ത്യയില്‍ ഹിന്ദുത്വ ഫാസിസവും ചെയ്ത് കൊണ്ടിരിക്കുന്നത്. ആ ഭാഷയെ തന്നെ കടമെടുത്ത് കൊണ്ടാണ് കേരളത്തിലെ ഇടത്പക്ഷവും ജനകീയ സമരങ്ങളെ നേരിടുന്നത്. മുസ്ലിം സമൂഹത്തില്‍ നടക്കുന്ന എല്ലാ ഉണര്‍വുകളെയും പ്രതിരോധങ്ങളെയും തീവ്രവാദത്തിന്റെ ചാപ്പകുത്തി പൈശാചികവല്‍ക്കരിക്കുന്നത് ഇടത്പക്ഷം എത്തിപ്പെട്ട ഗതികേടോ അതോ വസ്തുതകളെ പഠിക്കാനും അപഗ്രഥിക്കാനും ആളില്ലാതെ പോയതാണൊ എന്നത് ഒരു ചോദ്യചിന്നമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊതുബോധത്തോടെപ്പം സഞ്ചരിച്ച് നിലനില്‍ക്കുന്ന അധീശ പ്രത്യയ ശാസത്രത്തിന്റെ പദങ്ങളെ പരാവര്‍ത്തനം ചെയ്യാന്‍ ഇടത് പക്ഷത്തിന്റെ ആവശ്യമില്ല. മുസ്ലിം ഭീതി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ആ ഭീതിക്ക് കാരണമാവുന്ന നിലപാടുകളും സമീപനങ്ങളും ഇടത് പക്ഷത്ത് നിന്നും ഉണ്ടാവുന്നത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്. നീതിക്കായുള്ള അന്വേഷണങ്ങള്‍ മുസ്ലിം സമൂഹത്തില്‍ നിന്ന് സ്വാഭാവികമായി രൂപം കൊള്ളുന്നതിനെ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പേര് പറഞ്ഞ് തീവ്രവാദ ചാപ്പചാര്‍ത്തി അടിച്ചമര്‍ത്താം എന്നത് ഇടത് പക്ഷത്തിന്റെ സമീപനത്തിന് യോജിച്ചതല്ല. കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് കാമ്പസില്‍ വന്ന ഒരു മുസ്ലിം പെണ്‍കുട്ടിക്ക് നേരെ ജയ്ശ്രീറാം അലര്‍ച്ചകളുമായി സംഘ്പരിവാര്‍ ആക്രമികള്‍ പാഞ്ഞടുത്തപ്പോള്‍ അതിനെതിരെ ഒറ്റക്ക് നിന്ന് മുഷ്ടി ചുരുട്ടി തക്ബീര്‍ മുഴക്കി പ്രതിരോധം തീര്‍ത്തതിനെ പോലും മതേതരത്വത്തിന്റെ തകര്‍ച്ചയായി ചിത്രീകരിച്ച് അതിനെതിരെ കാമ്പയിന്‍ നടത്തിയത് ഇടത്പക്ഷ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയാണ്. അഥവാ മുസ്ലിം സ്വത്വത്തിന്റെ എല്ലാതരം ആവിഷ്‌കാരങ്ങളെയും തടഞ്ഞ് നിര്‍ത്താന്‍ ഉപയോഗിക്കുന്ന ഉപകരണം മാത്രമായി മതേതരത്വം മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.

കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്ന കെ റെയില്‍ വിരുദ്ധ സമരം മലബാര്‍ മേഖലയില്‍ എത്തുമ്പോള്‍ ആ സമരത്തില്‍ പങ്കെടുത്തവരെയും മറ്റൊരു മന്ത്രി വിളിച്ചതും തീവ്രവാദികള്‍ എന്നാണ്. പൊതു ഇടങ്ങളിലെ മുസ്ലിം കര്‍തൃത്വം നിരന്തരം സംശയത്തിന്റെ മുള്‍മുനയില്‍ നിലനിര്‍ത്തി പൈശാചികവല്‍ക്കരിക്കുന്ന ഒരു രീതിശാസ്ത്രമാണ് കണ്ട് വരുന്നത്. സ്വയം മതേതരനാവാന്‍ കഴിയാത്തവരും മതേതരത്വത്തിന്റെ ഭാരം പേറുന്നവരുമായ ഒരു സമൂഹമായി മുസ്ലിം ജനതയെ മാറ്റി തീര്‍ക്കുന്നതിന്റെ പദ്ധതിയായിട്ടാണ് നാം ഇതിനെ മനസ്സിലാക്കേണ്ടത്. മുസ്ലിം സാമൂഹ്യ പ്രതിനിധാനങ്ങളെ എന്ത് കൊണ്ട് ഇടത്പക്ഷം പോലും ഭയപ്പെടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ലോകത്ത് വളര്‍ന്ന് കൊണ്ടിരിക്കുന്ന മുസ്ലിം ഭീതി കേരളത്തിലെ ഇടത് പക്ഷവും ആന്തരികവല്‍കരിച്ചു എന്നുള്ളതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply