എന്തുകൊണ്ടാണ് ആണുങ്ങള്‍ ബലാല്‍സംഗം ചെയ്യുന്നത്?

അറിയുക ഭാര്യാ-ഭര്‍ത്തൃ ബന്ധത്തിലെ ബലാല്‍സംഗം ഉള്‍പ്പെടാതെയാണ് നമ്മുടെ ബലാല്‍സംഗ കണക്കുകള്‍. അതുകൂടി വന്നാല്‍ അത് ഇനിയുമേറെയാകും. അത് കുറ്റകരമാണെന്ന് അംഗീകരിക്കപ്പെട്ടിട്ടില്ല താനും. കുടുംബത്തിലെ അധികാര വികേന്ദ്രീകരണം ഇത്തരം കുറ്റകൃത്യങ്ങളെ അഭിസംബോധന ചെയ്യാന്‍ വളരെ അത്യാവശ്യമാണെന്നാണ് ഈ പഠനവും സൂചിപ്പിക്കുന്നത്.

ഞാന്‍ മറഞ്ഞിരിക്കേണ്ടതില്ല, ലജ്ജിക്കേണ്ടത് ഞാനല്ല എന്നെ ഉപദ്രവിച്ചവരാണ് എന്ന് പറഞ്ഞ് ആ പെണ്‍കുട്ടി ഒരു മലയാളം വാരികയ്ക്ക് അഭിമുഖം നല്‍കിയതിന് പിറകെയാണ് അവളുടെ അച്ഛന്റെ കത്ത് ആ വാരികയ്ക്ക് വരുന്നത്. അയാള്‍ പതിവ് ആണധികാര ഉത്തരവാദിത്വ തന്ത്രം പ്രയോഗിച്ചു. എല്ലാ കുറ്റവും മദ്യത്തിന് തന്നെ. മദ്യപിക്കാത്ത അയാള്‍ നല്ല മനുഷ്യനാണെന്ന സ്വയം സാക്ഷ്യവും. അവളെ എല്ലാ രീതിയിലും അനുഗ്രഹിച്ചു. മറ്റൊരു പെണ്‍കുട്ടിക്കും ഇങ്ങനെ ഉണ്ടാവരുത് എന്ന വലിയ ആഗ്രഹ പ്രഖ്യാപനവും ഉണ്ടായി. അവള്‍ പഠിച്ചു വക്കിലായതിന്റെ ഹര്‍ഷബാഷ്പം തൂകാനും മറന്നില്ല.

വാരിക വലിയ പ്രാധാന്യത്തോടെയാണ് അയാളുടെ കത്ത് പ്രസിദ്ധീകരിച്ചത്, അയാളുടെ ജയില്‍ മേല്‍വിലാസത്തോടെ. എല്ലാവരും കഥയ്ക്ക് പ്രതീക്ഷിച്ച പരിണാമ ഗുപ്തിയില്‍ സമാധാനിച്ചു. വായിച്ചു വാരിക അടച്ചുവെച്ചു. മാസങ്ങള്‍ക്കു ശേഷമാണു അവളെക്കുറിച്ചുള്ള ഡോക്യൂമെന്ററി ഷൂട്ട് ചെയ്യുന്നത്. പ്രതിനായകന്‍ നേരത്തെ സമ്മതിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ അനുമതി ലഭ്യമാകാന്‍ സമയമെടുത്തു. അങ്ങനെ ഞങ്ങള്‍ ജയിലില്‍ എത്തി. പ്രതിനായകന്‍ അവിടെ ഓടി നടക്കുന്നുണ്ടായിരുന്നു. ജയില്‍ വെല്‍ഫെയര്‍ ഓഫീസറിനെ സഹായിക്കുന്ന ചുമതല അയാള്‍ക്കുണ്ടായിരുന്നു. അത് ഞങ്ങളെ ബോധ്യപ്പെടുത്താന്‍ അയാള്‍ പ്രകടമായിത്തന്നെ പരിശ്രമിക്കുന്നുണ്ടായിരുന്നു. കുറ്റബോധം കൊണ്ട് കുനിഞ്ഞ ശിരസ്സ് തേടിയവര്‍ക്കു നിരാശ വന്നു. വെല്‍ഫയര്‍ ഓഫീസര്‍ അയാളുടെ കക്ഷികളുടെ നന്മകള്‍ അക്കമിട്ടു നിരത്തി. പ്രത്യേകിച്ച് നമ്മുടെ പ്രതിനായകന്റെ ഒറ്റപ്പെടലും അതുപോലെ ബന്ധുക്കളുടെ ഒറ്റപ്പെടുത്തലുകളുമെല്ലാം വിശദമായി പ്രതിപാദിച്ചു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മകളെ ബലാത്സംഗം ചെയ്ത, പലര്‍ക്കും നല്‍കി കാശ് മേടിച്ച അച്ഛനെ അടുത്ത് കാണാനും സംസാരിക്കാനും ഞാന്‍ തയ്യാറെടുക്കുകയായിരുന്നു. വെറും വര്‍ത്തമാനമല്ല, ഒരു ഡോക്യുമെന്ററിക്കു വേണ്ടിയാണ്. വാക്കുകള്‍ കൃത്യമാകണം. ഒരു വലിയ പാഠമാണ് ഈ മനുഷ്യന്‍. എത്ര ഹീനമായ കൃത്യമാണ് ചെയ്തുപോയത്. എങ്കിലും വിധിച്ച ശിക്ഷയുടെ അവസാന കാലമാണ്. വലിയ മാനസാന്തരം വന്നിരിക്കുകയാണ് വെല്‍ഫെയര്‍ ഓഫീസര്‍ പറഞ്ഞ നന്മയുടെ അതിരറ്റ ധര്‍മങ്ങള്‍, കനിവുകള്‍ കരുതലുകള്‍ എല്ലാം ചേര്‍ത്തും പിരിച്ചും മനസ്സില്‍ വാചകങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.

സംവിധായിക ലീന (മണിമേഖല) പറയുന്നുണ്ട്, ഷാര്‍പ് ആവണം ചോദ്യങ്ങള്‍. ആണധികാര സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാനരൂപമായ, കുടുംബം എങ്ങനെ ആണധികാരം കൊണ്ട് പെണ്‍ജീവിതത്തെ ചൂഷണം ചെയ്തു മുറുക്കി ഉപയോഗിച്ച് ജീവിക്കുന്നു എന്നതിന്റെ മാതൃകയാണ് ഈ കേസ്. മുഴുവന്‍ വസ്തുതകളും ചോദ്യത്തില്‍ വരണം. അപ്പോഴും വെല്‍ഫയര്‍ ഓഫീസര്‍ ഒരു മിഷനറിയെപ്പോലെ അയാളുടെ കക്ഷിയെപ്പറ്റി പറയുകയായിരുന്നു’ അയാളെ വിഷമിപ്പിക്കാന്‍ പാടില്ല. ഇങ്ങനെ ആര്‍ക്കും അനുവാദം കൊടുക്കാറില്ല. ഇതെന്തു കൊണ്ടാണ് എന്നറിയില്ല’…

ലീനയെ (എന്നെയും?)അയാള്‍ സംശയത്തോടെ വീക്ഷിക്കുകയാണ്. ഇടക്ക് ഞങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചു അത് വാങ്ങി വെല്‍ഫെയര്‍ ഓഫീസര്‍ അയാളുടെ കയ്യില്‍ കോപ്പി എടുത്തു കൊണ്ടുവരാന്‍ കൊടുത്തു. അയാള്‍ ഞങ്ങളെ വീണ്ടും നോക്കി ഞങ്ങള്‍ ഇപ്പോള്‍ അയാള്‍ അടങ്ങുന്ന സംഘത്തിന്റെ കയ്യില്‍ ആണെന്ന മട്ടില്‍. പിന്നെ വിശാലമായി നടന്നുപോയി. തുടര്‍ന്ന് തല്‍ക്ഷണം കോപ്പി എടുത്തുവന്ന് അയാളുടെ കാര്യക്ഷമത വെളിപ്പെടുത്തി. പിന്നീടും കുറെയേറെ സമയമെടുത്തു നമ്മുടെ പണിതുടങ്ങാന്‍. അപ്പോഴേക്കും ഞാന്‍ വല്ലാത്ത ഒരു അങ്കലാപ്പില്‍ എത്തിയിരുന്നു. മാനസാന്തരം വന്ന മനുഷ്യനെ മനസ്സിലാക്കാനുള്ള കഴിവ് എനിക്കില്ലല്ലോ എന്ന സങ്കടം ഒരു വശത്ത്, മറ്റൊരു വശത്ത് മാനസാന്തരം വന്നാലും ഇല്ലെങ്കിലും ഒരു തിരിച്ചുപോക്ക് സാധ്യമല്ലാതെ തകര്‍ന്നുപോയ ബാല്യകൗമാരങ്ങളുമായി എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടി. ചാക്കില്‍ കെട്ടി പല സ്ഥലത്തായി അവള്‍ സൂക്ഷിച്ചിട്ടുള്ള അവളുടെ എഴുത്തുകളും പുസ്തകങ്ങളും. പല സ്ഥാപനങ്ങളും വാടകക്കെട്ടിടങ്ങള്‍ മാറുമ്പോള്‍ എന്റെ ചാക്കുകള്‍ എന്ന് സങ്കടപ്പെട്ടുന്നവള്‍, അവളുടെ ബാല്യ കൗമാരങ്ങള്‍ ഇങ്ങനെ ചാക്കില്‍ അകപ്പെടുത്തിയ മനുഷ്യന്‍!

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഞങ്ങള്‍ പ്രാഥമികമായ ഷോട്ടുകള്‍ക്ക് ശേഷം ജയില്‍മുറിയിലേക്ക് പ്രവേശിക്കപ്പെട്ടു. തൊഴുത്തു പോലുള്ള കുഞ്ഞു മുറി. വലിയ ഇരുമ്പഴികള്‍. തുരന്നു മണ്ണ് വീഴ്ത്തിയ ചുമരുകള്‍. വക്കുപൊട്ടി ഞണുങ്ങിയ സ്റ്റീല്‍ പിഞ്ഞാണങ്ങള്‍, കീറപ്പായ എല്ലാം ഉണ്ടായിരുന്നു. ഒന്നും സെറ്റ് ചെയ്യണ്ടി വന്നില്ല. ഇടക്കിടക്ക് പ്രാവിന്‍ കൂട്ടങ്ങളുടെ ചിറകടിയൊച്ചകള്‍. പ്രതിനായകന്‍ അലക്കി തേച്ച വടിവൊത്ത കുപ്പായമൊക്കെയിട്ട് റെഡിയായി വന്നു.. ലീന വളരെ കണിശമായി ഫ്രെയിം ശരിയാക്കിക്കൊണ്ടിരുന്നു. അങ്ങനെ എല്ലാം റെഡിയായി. പ്രാഥമികമായ ചോദ്യങ്ങള്‍ ഉപചാരങ്ങള്‍ ആയി മാറുമ്പോഴും പ്രതിനായകന്‍ വളരെ ഉറച്ച കടും പിടുത്തം കാണിക്കുന്നുണ്ടായിരുന്നു. അതിനുശേഷം കാര്യത്തിലേക്ക് കടന്നു. എങ്ങനെ സ്വന്തം മകളെ ബലാല്‍സംഗം ചെയ്യുന്ന അവസ്ഥയിലേക്കെത്തി? ചോദ്യം ഒപ്പിച്ചെടുത്തപ്പോഴേക്കും മനസാന്തരക്കുപ്പായം അഴിഞ്ഞു വീണു. ആണധികാര പടച്ചട്ട തല്‍സ്ഥാനത്തു വന്നു കയറി. അവള്‍ ഒരിക്കലും നോ പറഞ്ഞില്ല! ഉത്തരം സംശയത്തിന്നതീതമായി തന്നെയായിരുന്നു. പിന്നീട് ബാക്കിയെല്ലാം ആ പെണ്‍കുട്ടിയുടെ അമ്മയ്ക്കും കുടുംബത്തിനുമൊക്കെയാക്കി വീതിച്ചുനല്‍കി പ്രതിനായകന്‍ നായകനായി.

ഈ സന്ദര്‍ഭം ഓര്‍ക്കുന്നത് താര കൗശലിന്റെ ‘എന്ത് കൊണ്ട് പുരുഷന്മാര്‍ ബലാല്‍സംഗം ചെയ്യുന്നുവെന്ന പുസ്തകത്തെ സംബന്ധിച്ച് വായിക്കുമ്പോഴാണ്. പല കാരണങ്ങളാല്‍ ശിക്ഷിക്കപ്പെടാതെ പോയ ഏഴു പ്രതികളെയാണ് അവര്‍ വിശദമായ പഠനത്തിന് വിധേയയാക്കുന്നത്. അവര്‍ ആണധികാരത്തിന്റെ പിടിയില്‍ അമര്‍ന്നു ജീവിക്കുന്നവരാണ്. സ്ത്രീയുടെ ‘നോ’ ക്ക് വേണ്ട എന്നല്ല അര്‍ത്ഥമെന്നു ഉറച്ചു വിശ്വസിക്കുന്നുണ്ട് അവര്‍. പിന്നെ ഇന്ത്യന്‍ കുടുംബങ്ങളുടെ അമ്മ-പെങ്ങന്മാര്‍ സങ്കല്പ്പം, അതല്ലാത്ത സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നതിന്ന് സഹായിക്കുന്നു. നമ്മുടെ കുടുംബങ്ങള്‍ ആണധികാരത്തിന്റെ കൂട്ടക്ഷരങ്ങളാണ്. താരാ കൗശല്‍ അഭിമുഖം നടത്തിയ പുരുഷന്മാര്‍ ഒന്നും സ്ത്രീ ശരീരത്തെക്കുറിച്ച് ഒന്നുമേ മനസ്സിലാക്കിയവരല്ല. ലൈംഗിക വിദ്യാഭ്യാസം കിട്ടിയവരുമല്ല.

സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ 167 രാജ്യങ്ങളില്‍ 133 ആയി നില്‍ക്കുന്ന ഇന്ത്യയില്‍ നിരന്തരം ബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ബലാല്‍സംഗികളെ പഠിക്കുക പ്രധാനമാണ്. അവരെ എന്തൊക്കെയാണ് ആ കുറ്റകൃത്യത്തിലേക്ക് കൊണ്ടെത്തിക്കുന്നത് എന്ന് കൃത്യമായി അറിയേണ്ടതുണ്ട്. ശരാശരി 88 പേര്‍ പ്രതിദിനം ബലാല്‍സംഗത്തിന് ഇരയാവുന്നു എന്നതാണ് കണക്ക് പറയുന്നത്. ഇരകളാക്കപ്പെട്ടവരുടെ വിവരങ്ങളാണ് ഇതുവരെയും നമ്മളറിയാന്‍ ശ്രമിച്ചത്. അതുപോലെ തന്നെ കുടുംബത്തില്‍ പിറന്നവര്‍ തന്നെ ഇങ്ങനെ ബലാല്‍സംഗികളായി മാറുമ്പോള്‍ ആണധികാര കുടുംബങ്ങളെയും മാറ്റി മറിക്കേണ്ടതുണ്ട്.

അറിയുക ഭാര്യാ-ഭര്‍ത്തൃ ബന്ധത്തിലെ ബലാല്‍സംഗം ഉള്‍പ്പെടാതെയാണ് നമ്മുടെ ബലാല്‍സംഗ കണക്കുകള്‍. അതുകൂടി വന്നാല്‍ അത് ഇനിയുമേറെയാകും. അത് കുറ്റകരമാണെന്ന് അംഗീകരിക്കപ്പെട്ടിട്ടില്ല താനും. കുടുംബത്തിലെ അധികാര വികേന്ദ്രീകരണം ഇത്തരം കുറ്റകൃത്യങ്ങളെ അഭിസംബോധന ചെയ്യാന്‍ വളരെ അത്യാവശ്യമാണെന്നാണ് ഈ പഠനവും സൂചിപ്പിക്കുന്നത്.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply