ആരാണ് കമല്‍ ഇടതുപക്ഷം

ഒരര്‍ത്ഥത്തില്‍ കമല്‍ പറയുന്നത് ശരിയാണ്. മലയാളികളുടെ ആധുനികകാല അന്ധവിശ്വാസങ്ങളില്‍ ഒന്നാണ് ഇടതുപക്ഷമെന്നാല്‍ പുരോഗമനകരവും വലതുപക്ഷമെന്നാല്‍ പിന്തിരിപ്പനുമാണെന്നത്. പാര്‍ട്ടിക്കാരനാണെന്നു തോന്നാതിരിക്കാന്‍ ചിലപ്പോള്‍ വിശാല ഇടതുപക്ഷം എന്ന പദമുപയോഗിക്കും. കോണ്‍ഗ്രസ്സുകാരടക്കമുള്ളവര്‍ തങ്ങളും ഇടതുപക്ഷമാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. വലതുപക്ഷക്കാരന്‍, ഇടതുപക്ഷ വിരുദ്ധന്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നത് ഏറ്റവും വലിയ അശ്ലീലമായാണ് കണക്കാക്കപ്പെടുന്നത്. ഇടതുപക്ഷ വിരുദ്ധന്‍ എന്നതിനു പകരം പലപ്പോഴും സിപിഎം വിരുദ്ധന്‍, പിണറായി വിരുദ്ധന്‍ എന്നും ആക്ഷേപിക്കുന്നതായി കേള്‍ക്കാം. ഇത്തരമൊരു വിശ്വാസത്തിന് എന്തെങ്കിലും രാഷ്ട്രീയമായ അടിത്തറയുണ്ടോ എന്നു പരിശോധിച്ചാല്‍ ഇല്ല എന്നായിരിക്കും ഉത്തരം,

കേരള ചലച്ചിത്ര അക്കാദമിയില്‍ 4 വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടു സംവിധായകനും അക്കാദമി അധ്യക്ഷനുമായ കമല്‍ സര്‍ക്കാരിന് എഴുതിയ കത്ത് വലിയ വിവാദമായിരിക്കുകയാണല്ലോ. നിയമവിരുദ്ധമായ ഒരു കാര്യം ചെയ്യാനാണ് കമല്‍ ആവശ്യപ്പെട്ടത്. ഒരുപക്ഷെ അടുത്ത കാലത്ത് ഇത്തരത്തിലുള്ള പിന്‍വാതില്‍ നിയമനം ഏറെ നടക്കുന്നതായിരിക്കാം അദ്ദേഹത്തിനു ഇത്തരത്തിലൊരു ആവശ്യം ഉന്നയിക്കാന്‍ ധൈര്യം നല്‍കിയത്. എന്തായാലും വിഷയം നിയമസഭയിലടക്കം ഉന്നയിക്കപ്പെടുകയും രാഷ്ട്രീയക്കാരുടെ പതിവു ശൈലിയില്‍ ജാഗ്രത കുറവുണ്ടായെന്നു കമല്‍ അംഗീകരിക്കുകയും ചെയ്തു. നല്ലത്.

കമലിന്റെ കത്തിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇടതുപക്ഷമെന്നതുകൊണ്ട് താന്‍ ഉദ്ദേശിച്ചത് ഏതെങ്കിലും പാര്‍ട്ടിയെ അല്ല എന്നും വിശാലാര്‍ത്ഥത്തിലാണ് ആ പദം ഉപയോഗിച്ചതെന്നും അദ്ദേഹം പറയുന്നു. രാജ്യമെങ്ങും വലതുപക്ഷ വര്‍ഗ്ഗീയ ഫാസിസ്റ്റ് രാഷ്ട്രീയം ശക്തമാകുമ്പോള്‍ പുരോഗമന ഇടതുപക്ഷ നിലപാടാണ് ഉയര്‍ത്തിപിടിക്കേണ്ടതെന്നും നെഹ്‌റുവിനെ പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ പോലും അത്തരത്തിലാണ് ചിന്തിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. ഇടതുപക്ഷ അനുഭാവികളായവരെ സ്ഥിരപ്പെടുത്തുന്നത് ചലചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായിക്കുമെന്നു മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും കമല്‍ ആവര്‍ത്തിക്കുകയും ചെയ്തു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഒരര്‍ത്ഥത്തില്‍ കമല്‍ പറയുന്നത് ശരിയാണ്. മലയാളികളുടെ ആധുനികകാല അന്ധവിശ്വാസങ്ങളില്‍ ഒന്നാണ് ഇടതുപക്ഷമെന്നാല്‍ പുരോഗമനകരവും വലതുപക്ഷമെന്നാല്‍ പിന്തിരിപ്പനുമാണെന്നത്. പാര്‍ട്ടിക്കാരനാണെന്നു തോന്നാതിരിക്കാന്‍ ചിലപ്പോള്‍ വിശാല ഇടതുപക്ഷം എന്ന പദമുപയോഗിക്കും. കോണ്‍ഗ്രസ്സുകാരടക്കമുള്ളവര്‍ തങ്ങളും ഇടതുപക്ഷമാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. വലതുപക്ഷക്കാരന്‍, ഇടതുപക്ഷ വിരുദ്ധന്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നത് ഏറ്റവും വലിയ അശ്ലീലമായാണ് കണക്കാക്കപ്പെടുന്നത്. ഇടതുപക്ഷ വിരുദ്ധന്‍ എന്നതിനു പകരം പലപ്പോഴും സിപിഎം വിരുദ്ധന്‍, പിണറായി വിരുദ്ധന്‍ എന്നും ആക്ഷേപിക്കുന്നതായി കേള്‍ക്കാം. ഇത്തരമൊരു വിശ്വാസത്തിന് എന്തെങ്കിലും രാഷ്ട്രീയമായ അടിത്തറയുണ്ടോ എന്നു പരിശോധിച്ചാല്‍ ഇല്ല എന്നായിരിക്കും ഉത്തരം,

ഫ്രാന്‍സില്‍ വിപ്ലവത്തിനു് മുമ്പ്, രാജഭരണത്തെ എതിര്‍ത്തിരുന്ന, സമൂലപരിഷ്‌കരണമാവശ്യപ്പെട്ടിരുന്ന, ചൂഷിതരുടെ പക്ഷം പിടിച്ചിരുന്ന പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇടത് വശത്താണ് ഇരുന്നിരുന്നത്. അങ്ങനെയാണ് ഇടതുപക്ഷം എന്ന വാക്കിന്റെ ഉദ്ഭവവും അതാണ് പുരോഗമനകരമെന്ന സങ്കല്‍പ്പത്തിനു കാരണവും.. അവരന്ന് വലതുപക്ഷത്താണ് ഇരുന്നിരുന്നെങ്കില്‍ ഈ വിശേഷണമെല്ലാം മറിച്ചാകുമായിരുന്നു എന്നത് അവിടെ നില്‍ക്കട്ടെ. ചൂഷതരുടെ പക്ഷം പിടിക്കലാണ് പുരോഗമനകരവും ഇടതുപക്ഷവുമെങ്കില്‍ കേരളീയ സാഹചര്യത്തില്‍ അത്തരമൊന്നുണ്ടോ, എങ്കില്‍ ആരാണത് എന്ന പരിശോധന വളരെ പ്രസക്തമാണ്. സമീപകാലത്തെ ഒരുദാഹരണം മാത്രം ചൂണ്ടികാണിക്കാം. ലഘുലേഖകല്‍ കൈവശം വെച്ചതിനു ഇടതുപക്ഷക്കാരെന്നവകാശപ്പെടുന്ന രണ്ടു വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി എന്‍ഐഎക്ക് വിട്ടുകൊടുത്തപ്പോള്‍ അതിനെ അതായത് ഭരണകൂടഫാസിസത്തെ ന്യായീകരിച്ചത് ഇടതുപക്ഷവും എതിര്‍ത്തത് വലതുപക്ഷവുമായിരുന്നല്ലോ. എങ്കില്‍ വലതുപക്ഷമല്ലേ ഇടതുപക്ഷം? ഇടതുപക്ഷം വലതുപക്ഷവും?

ഇടതുപക്ഷത്തിനു നല്‍കുന്ന നിര്‍വ്വചനം ശരിയാണെന്നു തന്നെ സമ്മതിക്കുക.. എങ്കില്‍ കേരളരൂപീകരണത്തിനുശേഷം നടന്ന ജനകീയ മുന്നേറ്റങ്ങളില്‍ ഇടതുപക്ഷമെന്നവകാശപ്പെടുന്നവര്‍ ഏതുപക്ഷത്തായിരുന്നു എന്ന പരിശോധനയില്‍ ഈ അന്ധവിശ്വാസത്തിന്റെ യാഥാര്‍ത്ഥ്യം ബോധ്യമാകും. ഏതാനും ഉദഹരണങ്ങള്‍ മാത്രം ചൂണ്ടികാട്ടട്ടെ. കേരളത്തില്‍ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നവര്‍ ആദിവാസികളാണെന്നതില്‍ ആര്‍ക്കും ഭിന്നതയുണ്ടാകുകയില്ലല്ലോ. ആദിവാസികള്‍ തങ്ങള്‍ക്കവകാശപ്പെട്ട ഭൂമിക്കുവേണ്ടി സമരം ചെയ്തപ്പോള്‍ അതിനോടെടുത്ത നിലപാടിനെ ഇക്കാര്യത്തില്‍ ഒരു മാനദണ്‍മാക്കാവുന്നതാണ്. ഭരണഘടനാനുസൃതമായ അവകാശങ്ങള്‍ക്കായി സമരം ചെയ്തവരെ മുത്തങ്ങയിയല്‍ നിന്നിറക്കിവിടാനാവശ്യപ്പെട്ട് ഹര്‍ത്താല്‍ നടത്തിയത് മിക്കവാറും എല്ലാപാര്‍ട്ടികളും ചേര്‍ന്നായിരുന്നു. അതിനുശേഷം രണ്ടാമത്തെ ദിവസമായിരുന്നു വെടിവെപ്പുനടന്നത്. ആ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ ഇന്നും പിന്‍വലിച്ചിട്ടില്ല. അതിനുമുമ്പ് തിരുവനന്തപുരത്ത് ആദിവാസികള്‍ കുടില്‍ കെട്ടി സമരം നടത്തിയപ്പോള്‍ തലസ്ഥാനനഗരത്തെ തൂറി വൃത്തിക്കേടാക്കിയെന്നാക്ഷേപിച്ചത് സാക്ഷാല്‍ വി എസ് അച്യുതാനന്ദനായിരുന്നു. ആദിവാസികളില്‍ നിന്നുയര്‍ന്നുവന്ന വനിതാനേതാവ് സി കെ ജാനുവിനോടും ആദിവാസി ഗോത്രമഹാസഭയോടും ഇവരെടുത്ത നിലപാടുകളും പരിശോധിക്കാവുന്നതാണ്. ദളിതരുടെ പോരാട്ടങ്ങളിലേക്കുവന്നാലും ഇവരുടെയെല്ലാം നിലപാടെന്താണ്? മുമ്പുസൂചിപ്പിച്ചതാണ് ഇടതുപക്ഷത്തിന്റെ നിര്‍വ്വചനമെങ്കില്‍ എങ്ങനെയാണവര്‍ക്ക് മുന്നോക്കസംവരണത്തിന്റെ വക്താക്കളാകാനാകുക? കൊട്ടിഘോഷിക്കപ്പെടുന്ന ഭൂപരിഷ്‌കരണത്തിനുശേഷം നാലുസെന്‍് കോളനികളിലേക്ക് ഒതുക്കപ്പെട്ടവര്‍ ഭൂമിക്കായി ചെയ്യുന്ന സമരങ്ങളെ അടിച്ചമര്‍ത്താനാകുക|? ചങ്ങറയിലും അരിപ്പയിലും മറ്റും ഉപരോധമേര്‍പ്പെടുത്തി ദളിതരുടെ ഭൂസമരങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇടതുപക്ഷമാണോ? രാജമാണിക്യമടക്കമുള്ള കമ്മീഷനുകളുടെ ശുപാര്‍ശകള്‍ പ്രകാരം ഹാരസണും ടാറ്റയുമടക്കമുള്ളവര്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ലക്ഷകണക്കിനേക്കര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ ചെറുവിരലനക്കാത്തവരും നമുക്ക് ഇടതുപക്ഷമാണ്. വിനായകനും കെവിനും ജിഷയും മധുവും ആതിരയും അനീഷയും അശാന്തനും പേരാമ്പ്രയും വടയമ്പാടിയും ഗോവിന്ദാപുരവും പെട്ടിമുടിയുമെല്ലാം ഇടതുപക്ഷകേരളത്തില്‍ തന്നെയല്ലേ?

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറ്റേതൊരുമേഖലയെടുത്താലും ഇടതുപക്ഷമെന്നവകാശപ്പെടുന്നവരെടുക്കുന്ന നിലപാടുകള്‍, അവര്‍ വലതുപക്ഷമെന്നാക്ഷേപിക്കുന്നതു തന്നെയല്ലേ? ഏതൊരു സമൂഹത്തിലും പല രീതിയിലുള്ള പീഡനങ്ങള്‍ക്ക് വിധേയരായ സ്ത്രീകളുടെ പ്രസ്ഥാനങ്ങളോട് എന്നുമിവരെടുക്കുന്ന നിലപാടുകള്‍ എന്താണ്? കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തെ തുടക്കം മുതല്‍ ആശയപരമായും പ്രായോഗികമായും ശക്തമായി എതിര്‍ത്തിരുന്നത് ആരായിരുന്നു? അടുക്കളസമരം, പി ഇ ഉഷയുടെ പോരാട്ടം തുടങ്ങി ശബരിമല സ്ത്രീപ്രവേശനത്തില്‍ എടുത്ത അഴകൊഴമ്പന്‍ നിലപാട് വരെ പരിശോധിച്ചാല്‍ എന്താണ് വ്യക്തമാകുന്നത്? പാലത്തായിയും വാളയാറും വരെ ഈ പട്ടിക നീട്ടാം. ഇടതുപക്ഷമെന്നവകാശപ്പെടുന്നവരുടെ യാഥാര്‍ത്ഥ്യമെന്താണെന്നു ബോധ്യമാകുന്ന മറ്റൊരു പ്രധാന മേഖല പരിസ്ഥിതി സമരങ്ങളാണ്. വന്‍കിടപദ്ധതികള്‍ മൂലം ജീവിതം ദുസ്സഹമായ പാവപ്പെട്ട ജനങ്ങള്‍ സമരരംഗത്തിറങ്ങുമ്പോള്‍ തൊഴിലാളികളുടെ പേരുപറഞ്ഞ് മാനേജ്‌മെന്റിന്റെ ഒപ്പം ഇവര്‍ നിന്ന കാഴ്ചകള്‍ മാവൂരും പ്ലാച്ചിമടയിലും കാതിക്കുടത്തുമൊക്കെ നാം കണ്ടു. മൂന്നാര്‍ തോട്ടം തൊഴിലാളികളുടെ സമരത്തിലും നിലപാട് മറ്റൊന്നായിരുന്നില്ലല്ലോ. നഗരമാലിന്യങ്ങള്‍ ചുമക്കാന്‍ തയ്യാറല്ല എന്നു പ്രഖ്യാപിച്ച് വിളപ്പില്‍ശാല, ലാലൂര്‍ പോലുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍ നടത്തിയ പോരാട്ടങ്ങളുടേയും എതിര്‍ഭാഗത്തായിരുന്നു ഇവര്‍. സൈലന്റ്വാലി, പെരിങ്ങോം, അതിരപ്പിള്ളി, പുതുവൈപ്പിന്‍ പോലെയുള്ള പദ്ധതികള്‍ക്കെതിരെ ജനങ്ങള്‍ ഒറ്റെക്കെട്ടായി രംഗത്തിറങ്ങിയപ്പോഴും ഇവര്‍ മറുവശത്തായിരുന്നു. പുഴ, വയല്‍, കടല്‍, കരിമണല്‍ ഖനനം, പശ്ചിമഘട്ട സംരക്ഷണം, ക്വാറി, വിവിധ പദ്ധതികള്‍ക്കായി കൃത്യമായ നഷ്ടപരിഹാരം നല്‍കാതെയുള്ള കുടിയിറക്കല്‍ തുടങ്ങി അനന്തമായി നീളുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട ജനകീയപോരാട്ടങ്ങളിലും സ്ഥിതി മറ്റൊന്നല്ല. മിക്കപ്പോഴും ഇത്തരം വിഷയങ്ങളില്‍ സമരം ചെയ്യുന്നവരെയെല്ലാം സംഘപരിവാറുകാരെപോലെ മാവോയിസ്റ്റുകളും മുസ്ലിംതീവ്രവാദികളുമായി ആക്ഷേപിക്കുന്നതിലും ഇവര്‍ ഒട്ടും മോശമില്ല.

ഏതു വിഷയമെടുത്താലും ഇടതുപക്ഷമെന്നവകാശപ്പെടുന്നവരുടെ നിലപാട് അവരുടെ ഭാഷയില്‍ വലതുപക്ഷമാണെന്നു കാണാം. ഒരുദാഹരണം കൂടി സൂചിപ്പിക്കാതെവയ്യ. അത് പോലീസ് നയം തന്നെയാണ്. യുഎപിഎ അടക്കമുള്ള ഭാകരനിയമങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന നാടാണ് കേരളം. അതുപോലെ വ്യാജ ഏറ്റുമുട്ടലുകള്‍ മുതല്‍ ലോക്കപ്പ് കൊലപാതകങ്ങള്‍ വരെ ”ഇടതുപക്ഷ” ഭരണത്തിലും നിരന്തരമായി ആവര്‍ത്തിക്കുന്നു. ജനകീയസമരങ്ങളെ ക്രൂരമായി തല്ലിച്ചതക്കുന്നു. ഇതെല്ലാം നടക്കുമ്പോള്‍ ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമാണ് പോലീസ് എന്ന പ്രശസ്ത ഇടതുപക്ഷ നിലപാടിനു പകരം പോലീസിന്റെ ആത്മവീര്യത്തെ കുറിച്ചാണ് മുഖ്യമന്ത്രിപോലും പറയുന്നത്. ഇടതുപക്ഷമെന്നുതന്നെ അവകാശപ്പെടുന്നവരെയാണ് വ്യാജഏറ്റുമുട്ടലുകളില്‍ കൊന്നുകളയുന്നത്. മറ്റൊന്നുകൂടി. സംവാദങ്ങളാണ് ജനാധിപത്യസംവിധാനത്തില്‍ അനിവാര്യമെന്നതിനു പകരം കൊലപാതകരാഷ്ട്രീയത്തിലാണ് അവരിപ്പോഴും ഊന്നുന്നത്. കമ്യൂണിസ്റ്റ് നേതാവുംപോലും കൊലചെയ്യപ്പെട്ടു. ജനാധിപത്യത്തിനുപകരം കണ്ണൂരിലെ ഗ്രാമങ്ങളില്‍ മാത്രമല്ല, കേരളത്തിലെ കാമ്പസുകളെയെല്ലാം പാര്‍ട്ടിഗ്രാമങ്ങളാക്കാന്‍ ശ്രമിക്കുന്നവര്‍ എങ്ങനെയാണ് ഇടതുപക്ഷമാകുക? ഇതിനെയെല്ലാം പ്രത്യക്ഷമായും പരോക്ഷമായും പിന്തുണക്കുന്നവര്‍ എങ്ങനെയാണ് വിശാല ഇടതുപക്ഷമാകുക?

ഇത്തരം വിഷയങ്ങളെല്ലാം മറച്ചുവെച്ചാണ്, തുടക്കത്തില്‍ പറഞ്ഞപോലെ ഇടതുപക്ഷം പുരോഗമനകരം എന്ന അന്ധവിശ്വാസത്തില്‍ നിന്ന് പിന്‍വാതിലിലൂടെ നിയമനം നടത്താന്‍ കമല്‍ ആവശ്യപ്പെട്ടത്. ഇടതുപക്ഷ മുഖംമൂടിവെച്ചാല്‍ ഏതു നിയമലംഘനവും ന്യായീകരിക്കപ്പെടുമെന്നാണോ അദ്ദേഹം ധരിച്ചിട്ടുള്ളത്? എങ്കില്‍ കഷ്ടം എന്നേ പറയാനാവൂ. ഇടതുപക്ഷമാണോ, വലതുപക്ഷമാണോ എന്നതല്ല, നമ്മള്‍ ആര്‍ക്കൊപ്പം എന്നതാണ് യഥാര്‍ത്ഥചോദ്യം. അക്കാര്യത്തില്‍ പ്രിയസംവിധായകന്‍, നിങ്ങള്‍ ചൂഷിതര്‍ക്കൊപ്പമല്ല എന്നുതന്നെ പറയേണ്ടിവരും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply