ലോകായുക്തയും ജനാധിപത്യത്തിന്റെ വികാസവും

ലോകായുക്തയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുകയാണ്. പന്ത് ഇപ്പോള്‍ ഗവര്‍ണ്ണറുടെ കോര്‍ട്ടിലാണ്. കുറച്ചുകാലമായി സര്‍ക്കാരുമായി നീരസത്തിലുള്ള ഗവര്‍ണ്ണര്‍ പെട്ടെന്ന് ഓര്‍ഡിനന്‍സില്‍ ഒപ്പിടാനിടയില്ല. അതിനുള്ളില്‍ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരായ പരാതികള്‍ ലോകായുക്ത പരിശോധിക്കുമോ എന്ന ആശങ്കയലാണ് സര്‍ക്കാര്‍. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ മാത്രമല്ല, സിപിഎമ്മും സിപിഐയും തമ്മിലുള്ള ബന്ധവും ഈ വിഷയത്തോടെ വഷളായിരിക്കുകയാണ്. അതേസമയം ലോകായുക്തയടക്കമുള്ള സംവിധാനങ്ങള്‍ മുന്നോട്ടുവെക്കുന്ന ജനാധിപത്യത്തിന്റെ നവീകരണം മുന്നോട്ടുകൊണ്ടുപോകുക എന്ന ലക്ഷ്യത്തിലേക്ക് ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നില്ല എന്നു പറയാതിരിക്കാനാവില്ല. മറിച്ച് പതിവുപോലെ കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങളില്‍ കുടുങ്ങികിടക്കുകയാണ് എല്ലാവരും.

1998 നവംബര്‍ 15ന് രൂപം കൊണ്ട അഴിമതി നിര്‍മ്മാര്‍ജ്ജന സംവിധാനമാണ് ലോക് ആയുക്ത. പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി സമര്‍പ്പിച്ച ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടാണ് ലോക്പാല്‍, ലോകായുക്ത സംവിധാനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത.് 1971ല്‍ മഹാരാഷ്ട്രയിലാണ് ആദ്യ ലോകായുക്ത രൂപവത്കരിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ട് ഉത്തരവാദപ്പെട്ടവര്‍ നടത്തുന്ന അഴിമതി, സ്വജനപക്ഷപാതം, മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികള്‍, വ്യക്തിപരമായോ മറ്റുള്ളവര്‍ക്കോ നേട്ടമുണ്ടാക്കാന്‍ വേണ്ടി സ്ഥാപിത താല്പര്യത്തോടെയുള്ള നടപടികള്‍, മനപൂര്‍വം നടപടികള്‍ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകള്‍ ലോകായുക്ത മുഖേന ചോദ്യം ചെയ്യാം. മുഖ്യമന്ത്രിമാരും മന്ത്രിമാരും മുന്‍മന്ത്രിമാരും എം.എല്‍.എ.മാരും സര്‍ക്കാര്‍ ജീവനക്കാരും തദ്ദേശഭരണസ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍, അതോറിറ്റികള്‍, സഹകരണസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഭാരവാഹികളും തൊഴിലാളി യൂണിയന്‍ ഭാരവാഹികളും രാഷ്ട്രീയസംഘടനകളുടെ ജില്ലാ-സംസ്ഥാന ഭാരവാഹികളും സര്‍ക്കാര്‍ സഹായമോ അംഗീകാരമോ ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഭാരവാഹികള്‍ എന്നിവരെല്ലാം ഇതിന്റെ പരിധിയില്‍ വരും. ആ അര്‍ത്ഥത്തില്‍ അതിശക്തമായ ഒന്നാണ് ലോകായുക്ത. അതിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമാണ് ജനാധിപത്യവിശ്വാസികള്‍ക്കുള്ളത്. അത്തരമൊരു സാഹചര്യത്തിലാണ് ലോകായുക്തയുടെ അന്തസത്ത ചോര്‍ന്നുപോകുന്ന നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നത്. അതിനെതിരായ പോരാട്ടം അതിനാല്‍തന്നെ ഓരോ ജനാധിപത്യവാദിയുടേയും രാഷ്ട്രീയ കടമയാണ്.

ലോകത്ത് ഒരേ ഒരു വ്യക്തിമാത്രമേയുള്ളു എങ്കില്‍ ഒരു ഭരണകൂടത്തിന്റെ ആവശ്യമില്ല എന്നാല്‍ രണ്ടുപേരായാല്‍ പോലും സാമൂഹ്യനിയന്ത്രണം ആവശ്യമായി വരുന്നു. അതിനായി ഒരു ഭരണകൂടവും ആവശ്യമാകുന്നു. അങ്ങനെയായിരിക്കണം ചരിത്രത്തില്‍ ഭരണകൂടങ്ങള്‍ രൂപം കൊണ്ടത്. തീര്‍ച്ചയായും ശക്തിയുള്ളവരായിരിക്കുമല്ലോ ആദ്യഭരണാധികാരികളായത്. പിന്നീട് സമ്പത്തും അധികാരവും അവരില്‍ കേന്ദ്രീകരിക്കുന്നു. കുടുംബപരമായ തുടര്‍ച്ചയും അതിനുണ്ടാകുന്നു. അടിമത്തവും ജന്മിത്തവും രാജഭരണമൊക്കെയായി കാലക്രമേണ അത് പരിവര്‍ത്തനം ചെയ്യുന്നു. അതിലൊന്നും പക്ഷെ തങ്ങളെ ആരു ഭരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം സാമാന്യജനങ്ങള്‍ക്കുണ്ടായിരുന്നില്ല. അവര്‍ കേവലം അടിമകളും പ്രജകളുമൊക്കെയായിരുന്നു. അതേസമയം മാര്‍ക്സും മറ്റും ചൂണ്ടികാട്ടിയപോലെ ഓരോ വ്യവസ്ഥയിലും അതിനെ തകര്‍ക്കാനുള്ള ബീജങ്ങള്‍ അതിനുള്ളില്‍ തന്നെ രൂപപ്പെട്ടിരുന്നു. അത് ശക്തമാകുകയും ആന്തരികസംഘര്‍ഷങ്ങള്‍ അവസാനം പൊട്ടിത്തെറിച്ച് ഓരോ വ്യവസ്ഥയുടേയും തകര്‍ച്ചക്കും പുതിയതിന്റെ ആവിര്‍ഭാവത്തിനും വഴിതെളിയിച്ചിരുന്നു. അങ്ങനെയാണ് മുതലാളിത്ത സാമ്പത്തികവ്യവസഥക്കൊപ്പം ജനാധിപത്യമെന്ന സംവിധാനവും ഉടലെടുത്തത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ലോകം ഇന്നോളം പരീക്ഷിച്ച ഏറ്റവും ഭേദപ്പെട്ട ഭരണസംവിധാനം ജനാധിപത്യമല്ലാതെ മറ്റൊന്നല്ല. മുകളില്‍ സൂചിപ്പിച്ച പോലെ ഔപചാരികമായിട്ടാണെങ്കിലും സ്വന്തം ഭരണാധികാരികളെ തെരഞ്ഞെടുക്കാന്‍ അതെല്ലാവര്‍ക്കും അവസരം നല്‍കുന്നു എന്നതുമാത്രമല്ല, ആര്‍ക്കും ഭരണാധികാരിയാകാന്‍ അവസരം നല്‍കുകയും ചെയ്യുന്നു എന്നതാണതിനു കാരണം. അതായത് പ്രജയില്‍ നിന്നു പൗരനിലേക്കുള്ള മാറ്റം. ഏതൊരു പൗരനും ഭരണാധികാരിയാകാനുള്ള സാധ്യത. ലോകം കണ്ട ഏറ്റവും വലിയ സാമൂഹ്യവിപ്ലവം അതാണ്. എന്നാല്‍ ഒരുപാട് പരിമിതികള്‍ ജനാധിപത്യത്തിനുമുണ്ട്. ജനാധിപത്യമാണെന്നു പറയുമ്പോഴും പാര്‍ട്ടിയുടേയോ വ്യക്തിയുടേയോ സമഗ്രാധിപത്യത്തിലേക്ക് വഴുതിവിഴാനുള്ള സാധ്യതയാണ് ഒന്ന്. രാഷ്ട്രീയപ്രവര്‍ത്തകരുടേയും ഉദ്യാഗസ്ഥരുടേയും അഴിമതിയാണ് മറ്റൊന്ന്. സുതാര്യതയില്ലായ്മയാണ് മറ്റൊന്ന്. ജനാധിപത്യബോധത്തെപോലും മറികടക്കുന്ന മത – വര്‍ഗ്ഗീയ ചിന്തകള്‍ മറ്റൊന്ന്. ഇത്തരത്തിലുള്ള നിരവധി വെല്ലുവിളികളാണ് ഇന്നു ജനാധിപത്യം നേരിടുന്നത്. അതിനെയെല്ലാം മറികടക്കുന്ന നീക്കങ്ങള്‍ ഈ സംവിധാനത്തിനകത്തുതന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള നിരവധി നീക്കങ്ങള്‍ ലോകമാകെ നടക്കുന്നുണ്ട്. അതിലൊന്നാണ് ഇന്ത്യയിലെ ലോക്പാലും ലോകായുക്തയുമൊക്കെ. അതായത് ജനാധിപത്യത്തെ സംരക്ഷിക്കുകയും കൂടുതല്‍ കരുത്തുള്ളതാക്കുകയും ചെയ്യുന്ന നിരവധി നടപടികളില്‍ ഒന്നാണ് ലോകായുക്ത. ജനപ്രതിനിധികളാണ് രാജ്യം ഭരിക്കുന്നത്, അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ജനങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെങ്കിലും അതിനിടയിലും അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനുമുള്ള സാധ്യതകള്‍ നിരവധിയാണ്. ജനാധിപത്യത്തിന്റെ പൊതുവിലുള്ള അപചയവും അമിതമായ കക്ഷിരാഷ്ട്രീയവല്‍ക്കരണവുമൊക്കെമൂലം അഴിമതി ആരോപിതര്‍പോലും തെരഞ്ഞെടുപ്പുകളില്‍ ജയിച്ചുവരുന്ന സാഹചര്യവും നിലവിലുണ്ട്. അതുകൂടിയാണ് ലോകായുക്തയെ കൂടുതല്‍ പ്രസക്തമാക്കുന്നത്. അതില്‍ അപ്പീല്‍ സാധ്യതയില്ലെങ്കില്‍ ഉണ്ടാക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ലോകായുക്ത റിപ്പോര്‍ട്ട് തള്ളാനും കൊള്ളാനുമുള്ള അധികാരം മന്ത്രിസഭക്കു കൊടുക്കുകയെന്നാല്‍ അതിനര്‍ത്ഥം കള്ളന്റെ കൈയില്‍ താക്കോള്‍ കൊടുക്കലാണ്. എങ്കില്‍ ലോകായുക്ത തന്നെ എന്തിനാണ്? ലോകായുക്തയെ അട്ടിമറിക്കാനുള്ള നീക്കം അതിനാല്‍തന്നെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള നീക്കം കൂടിയാണെന്നാണ് തിരിച്ചറിയേണ്ടത്. ഇപ്പോഴിതാ ലോകായുക്തയുടെ ഇടപെടലിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട കെ ടി ജലീലിനെ പോലുള്ളവര്‍ ലോകായുക്തക്കെതിരെയും അഴിമതി ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ജലീലിനു മന്ത്രിസ്ഥാനം പോയ ദിവസം തന്നെയാണ് സര്‍ക്കാര്‍ ലോകായുക്തക്കെതിരായ നീക്കങ്ങള്‍ ആരംഭിച്ചതെന്നതും പ്രസക്തമാണ്.

തീര്‍ച്ചയായും ജനാധിപത്യം മറ്റു രാഷ്ട്രീയസംവിധാനങ്ങളെ പോലെ അടഞ്ഞ ഒന്നല്ല. തുറന്ന ഒന്നാണ്. അനുദിനം അതിനെ കൂടുതല്‍ ശക്തമാക്കാനും കൂടുതല്‍ കൂടുതല്‍ ജനകീയമാക്കാനും അധികാരത്തില്‍ പങ്കാളിത്തം ലഭിക്കാത്തവരിലേക്ക് എത്തിക്കാനും ശ്രമിക്കണം. സംവരണവും (വനിതയടക്കം) വിവരാവകാശനിയമവും സേവനാവകാശ നിയമവും ലോക്പാലുമൊക്കെ അതിന്റെ ഭാഗമാണ്. ആ ദിശയിലുള്ള നീക്കങ്ങള്‍ കൂടുതലുണ്ടാകണം. മുകളില്‍ സൂചിപ്പിച്ചപോലെ ഏതൊരു ഭരണസംവിധാനത്തിനും ഫാസിസവല്‍ക്കരിക്കാനുള്ള പ്രവണത അന്തര്‍ലീനമാണ്. അതിനെതിരായ ജാഗ്രത എപ്പോഴുമുണ്ടാകണം. ഭരണകൂടം ഏതായാലും, ജനാധിപത്യമായാലും, അനിവാര്യമായ തിന്മ തന്നെയാണ്. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടുന്നതാണ്. പക്ഷെ അത് അനിവാര്യമാണ്. അപ്പോള്‍ നമുക്കു ചെയ്യാനാവുക ഭരണകൂടാധികാരങ്ങളെ കുറച്ചുകൊണ്ടുവരുക, അധികാരത്തെ ജനങ്ങളിലേക്ക് തിരികെ സ്വാശീകരിക്കുന്ന പ്രക്രിയകള്‍ ശക്തമാക്കുക തുടങ്ങിയവയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരിച്ചുവിളിക്കാനുള്ള അവകാശം, ഭരണകൂടവും രാഷ്ട്രീയപാര്‍ട്ടികളെല്ലാം സുതാര്യമാകുക, പാര്‍ട്ടികള്‍ ജനപ്രതിനിധികളെ നിശ്ചയിക്കുമ്പോള്‍ തന്നെ ജനാഭിപ്രായം തേടുക, തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ട്. ജനാധിപത്യത്തിലെ യഥാര്‍ത്ഥ അധികാര കേന്ദ്രം പാര്‍ട്ടികളായതിനാല്‍ അവയുടെ നേതൃത്വങ്ങളെ നിര്‍ദ്ദേശിക്കുന്നതിലും ജനങ്ങള്‍ക്ക് പങ്കുണ്ടാകുന്ന രീതിയിലാണ് ജനാധിപത്യം വികസിക്കേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ കാര്യം ഞങ്ങള്‍ നോക്കികൊള്ളാം എന്ന അഹങ്കാരത്തിന്റെ സ്വരമാണ് എങ്ങും കേള്‍ക്കുന്നത്. അഹങ്കാരത്തിനു പകരം വിനയമായിരിക്കണം അവരുടെ ഭാഷ. കൂടാതെ ജനാധിപത്യമെന്നത് കേവലം ഭരണകൂടരൂപമല്ല എന്നും അതിന് രാഷ്ട്രീയത്തിനു പുറമെ സാമൂഹ്യമായ വശമുണ്ടെന്നും മനസ്സിലാക്കണം. കുടുംബവും നാട്ടിന്‍പുറത്തെ സംഘടനകളും മുതല്‍ പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലുമെല്ലാം നാം പാലിക്കേണ്ടേ ജീവിതശൈലിയാണത്. എന്നാലതൊന്നുമല്ല നിര്‍ഭാഗ്യവശാല്‍ കാണുന്നത്. തങ്ങള്‍ ജനങ്ങളില്‍ നിന്നുയര്‍ന്ന ഏതോ വര്‍ഗ്ഗമാണെന്നാണ് രാഷ്ട്രീയനേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും ധരിച്ചുവെച്ചിരിക്കുന്നത്. ജനങ്ങള്‍ക്കില്ലാത്ത പ്രിവിലേജുകള്‍ തങ്ങള്‍ക്കുണ്ടെന്നും. അതിന്റെ ഭാഗം കൂടിയാണ് ലോകായുക്തയെ അട്ടിമറിക്കാനുള്ള ഇപ്പോഴത്തെ നീക്കവും എന്നു കരുതുന്നതില്‍ തെറ്റുകാണാനാവില്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply