ഇനി വൈറസിനൊപ്പം ജീവിതം തുടങ്ങാം

സമ്പൂര്‍ണ ലോക് ഡൗണ്‍ ഇനി ഇന്ത്യക്ക് പ്രായോഗികമല്ല. അത് പരാജയമാകാന്‍ മുഖ്യകാരണം ജനകോടികള്‍ ഒരു മീറ്റര്‍ അകലം പാലിക്കാത്തതു തന്നെ. അതിനു കാരണം സര്‍ക്കാര്‍ അതിനായി ഒരു മുന്നൊരുക്കമോ പിന്നൊരുക്കമോ നടത്താത്തതും. ഇത്രയെങ്കിലും കാര്യങ്ങള്‍ നടന്നത് ഒട്ടുമിക്ക സംസ്ഥാന സര്‍ക്കാരുകളും അതിതീവ്രവും തങ്ങളുടെ സാമ്പത്തിക ശേഷിയുടെ പരിധിയില്‍ ഏതാണ്ട് അസാധ്യവുമായ പ്രവര്‍ത്തനം കാഴ്ചവെച്ചതുകൊണ്ടാണ്. അതിനി തുടര്‍ന്ന് സാധ്യമല്ല. അവയെല്ലാം സാമ്പത്തികമായി തകര്‍ന്നു കഴിഞ്ഞു.

കൊറോണ വുഹാനില്‍ പ്രത്യക്ഷപ്പെട്ടതായി WHO ലോകത്തെ അറിയിച്ചിട്ട് കൃത്യം നാലു മാസമാകുന്നു. ആദ്യ കോവിഡ് രോഗിയെ കേരളത്തില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ട് നൂറു ദിവസവും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെയും നമ്മോട് പറഞ്ഞത് പതിവു പല്ലവിയാണ്. ‘കൊറോണയെ നാം നേരിട്ട രീതിയെ ലോകം മുഴുവന്‍ പ്രശംസിക്കുന്നു.’ ലോകത്തെ മുഴുവന്‍ നാം സഹായിക്കുന്നുവെന്നാണ് തൊട്ടുമുമ്പത്തെ പ്രസ്താവനയില്‍ അദ്ദേഹം വീമ്പടിച്ചത്.

ആണ്ടി നല്ല അടിക്കാരനാണ് എന്നു ആണ്ടി തന്നെ പറയുന്നതിലും, മറ്റു വീമ്പടിയിലും ഒന്നാമതെത്തുമ്പോഴും എവിടെയാണ് വസ്തുതാപരമായി ഇന്ത്യ നില്ക്കുന്നത്? ഇന്നലെ വൈകിട്ട് 67,152 രോഗികള്‍ .മരണം രണ്ടായിരത്തിലേറെ.ഈ കണക്കില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നാം ആറു ദിവസത്തിനകം ആദ്യം രോഗം വന്ന ചൈനയെ മറികടക്കും. ഓര്‍ക്കുക ‘പ്രശംസ ‘ നേടിയ നമ്മുടെ കോവിഡിനെ നേരിടല്‍ തുടങ്ങിയത് വിലപ്പെട്ട 50 ലേറെ ദിവസങ്ങള്‍ പാഴാക്കി നമസ്‌തേ ട്‌റംപ് ,ഡല്‍ഹി ഗോലിമാരോ, മധ്യപ്രദേശ് മന്ത്രിസഭ മറിച്ചിടല്‍ എന്നിവ പൂര്‍ത്തീകരിച്ച ശേഷം മാത്രമാണ്. കോവിഡ് ഒരുപാന്‍ഡെമിക് ആണെന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനവും, കോവിഡ് – 19 നോടുള്ള രാജ്യത്തിന്റെ പ്രതികരണം തികച്ചും തെറ്റാണ്, അടിയന്തര നടപടി വേണം എന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യവും വന്ന് എത്രയോ ദിവസങ്ങള്‍ക്കു ശേഷം അതാരംഭിച്ചു. അതാരംഭിച്ചത് ഒരു ജനതാ ഹര്‍ത്താലും വൈകിട്ടത്തെ പാത്രം തല്ലലുമായാണ്.തുടന്ന് നാടകീയമായി എട്ടുമണിക്ക് ടിവിയില്‍ വന്ന് 12 മണി മുതല്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപനം വന്നു. നോട്ട് നിരോധന പ്രഖ്യാപനത്തിന്റെ ഒരു തനിയാവര്‍ത്തനം.

കോടിക്കണക്കിന് മനുഷ്യര്‍ രാജ്യത്തിന്റെ വിദൂരദേശങ്ങളില്‍ മനുഷ്യത്വ വിരുദ്ധമായ ചുറ്റുപാടുകളില്‍ കുടിയേറ്റത്തൊഴിലാളികളായിക്കഴിയുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇങ്ങനെ ഒരു ലോക് ഡൗണ്‍പ്രഖ്യാപിച്ചിട്ട് അവരെ സഹായിക്കാന്‍ കേന്ദ്രം എന്തു ചെയ്തു? ബിഗ് സീറോ. പത്തു രൂപ പോലും അവര്‍ക്കായി ചെലവാക്കാത്ത സര്‍ക്കാര്‍ എണ്ണവിലയിലെ ഇടിവ് സ്വന്തം ഖജാനയിലേക്ക് മാറ്റാന്‍ നിരന്തരം പെട്രോളിയം നികുതി വര്‍ധിപ്പിച്ചു വഴിയില്‍ക്കടുങ്ങി, ‘മഹാഭാരത യുദ്ധം പോലെ യുദ്ധം ജയിക്കാന്‍ 21 ദിവസം നിന്നേടത്തു നില്ക്കാനുള്ള ‘ ആഹ്വാനം കേട്ട ജനകോടികളുടെ നില്പ് 50 ദിവസമെത്തുന്നു. അപ്പോഴും കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്കായി ഒന്നും നല്കിയിട്ടില്ല. അയല്‍ രാജ്യങ്ങളെ കോവിഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ ഇന്ത്യന്‍ പട്ടാളം സജ്ജമാണെന്നൊരു പ്രഖ്യാപനം വന്നു. നാട്ടുകാര്‍ക്കായി അതുമില്ല.

ആ പ്രഖ്യാപനമുണ്ടാക്കിയ മാനുഷിക ദുരന്തങ്ങള്‍ ഇന്നു നമുക്ക് ദൃശ്യമാണ്. ഒരു മീറ്റര്‍ സാമൂഹ്യ അകലം പാലിച്ച് തല ചായ്ക്കാനോ, ഒരു റൊട്ടി സംഘടിപ്പിക്കാനോ കഴിയാത്ത ലക്ഷങ്ങള്‍ തെരുവിലേക്കും റോഡുകളിലേക്കുമിറങ്ങി.ഒട്ടേറെപ്പേരെ ലാത്തിയടിയോടിച്ചു, തെരുവ് ക്ലീനാക്കി.എത്രയോ പേര്‍ വഴിയില്‍ മരിച്ചുവീണു. ഇന്ത്യക്കൊപ്പം ചൈനയുടെ അടുത്തു കിടക്കുന്ന സാമാന്യം സമ്പന്ന രാജ്യമായ തായ് വാനും ഇന്ത്യയേക്കാള്‍ ദരിദ്രരാജ്യമായ നേപ്പാളും ഇന്ന് കോവിഡ് ഭീഷണി ഏറ്റവും കുറഞ്ഞ രാജ്യങ്ങളാണ്. അവര്‍ സംഗതി അറിഞ്ഞയുടന്‍ ടൂറിസവും വിമാന സര്‍വീസും നിര്‍ത്തിവച്ചു.നമ്മളത് നിര്‍ത്തിയത് ലോക് ഡൗണിനൊപ്പം ഇന്നിന്ത്യയില്‍ 65000 രോഗികള്‍ എന്നാണ് നീതി ആയോഗ് പറഞ്ഞിരുന്നത് .ആ നിലയില്‍ കാര്യങ്ങള്‍ പോകുന്നു എന്ന് മോഡിക്ക് വീമ്പടിക്കാം.പക്ഷേ, ഓഗസ്റ്റ് 15 ന് രണ്ടു കോടി എഴുപത്തഞ്ചു ലക്ഷം കോവിഡ് രോഗികള്‍ എന്നാണ് നീതി ആയോഗ് പറഞ്ഞിരിക്കുന്നത് എന്നുമോര്‍ക്കണം! 50 ദിവസ ലോക്ക് ഡൗണ്‍ കൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധന പോലും തടയാനാവാതെ നില്‍ക്കുമ്പോള്‍ ഇന്ത്യക്കാകെ ആശ്വാസമുള്ള ഒരേയൊരു കാര്യം പ്രകൃതി നമ്മുടെ പക്ഷത്താണ് എന്നതാണ്. നമ്മുടെ രോഗവ്യാപന നിരക്ക് വളരെ കുറവാണ്. രോഗം വരുന്നവരില്‍ അത് ഒരു ജലദോഷത്തിനപ്പുറം തീവ്രമാകുന്നതിന്റെ നിരക്കും, മരണവും വളരെ കുറവ്.

ഇനിയെന്ത്?

സമ്പൂര്‍ണ ലോക് ഡൗണ്‍ ഇനി ഇന്ത്യക്ക് പ്രായോഗികമല്ല. അത് പരാജയമാകാന്‍ മുഖ്യകാരണം ജനകോടികള്‍ ഒരു മീറ്റര്‍ അകലം പാലിക്കാത്തതു തന്നെ. അതിനു കാരണം സര്‍ക്കാര്‍ അതിനായി ഒരു മുന്നൊരുക്കമോ പിന്നൊരുക്കമോ നടത്താത്തതും. ഇത്രയെങ്കിലും കാര്യങ്ങള്‍ നടന്നത് ഒട്ടുമിക്ക സംസ്ഥാന സര്‍ക്കാരുകളും അതിതീവ്രവും തങ്ങളുടെ സാമ്പത്തിക ശേഷിയുടെ പരിധിയില്‍ ഏതാണ്ട് അസാധ്യവുമായ പ്രവര്‍ത്തനം കാഴ്ചവെച്ചതുകൊണ്ടാണ്. അതിനി തുടര്‍ന്ന് സാധ്യമല്ല. അവയെല്ലാം സാമ്പത്തികമായി തകര്‍ന്നു കഴിഞ്ഞു.

ഇനി വേണ്ടത് കോവിഡിനോടൊപ്പം ജീവിക്കാന്‍ നാം പഠിക്കലാണ്. കോവിഡിനെ ഒരു രാജ്യത്തിനും സമ്പൂര്‍ണ ലോക് ഡൗണ്‍ കൊണ്ട് തടയാന്‍ പറ്റുമായിരുന്നില്ല. കാരണം ഒരു വാക്‌സിന്‍ കണ്ടു പിടിച്ച്, അത് ഫലപ്രദമെന്ന് തെളിഞ്ഞ്, ലോകത്തെ മുഴുവന്‍ മനുഷ്യരെ വാക്‌സിനേഷന്‍ നടത്തി കോവിഡിനെ മറികടക്കാന്‍ ചുരുങ്ങിയത് 12 – 18 മാസമെടുക്കും. അത്ര നാള്‍ ലോക് ഡൗണ്‍ നടത്തിയാല്‍ കോവിഡ് പിടിച്ച് മരിക്കാവുന്നതിന്റെ നൂറോ ആയിരമോ ഇരട്ടി മനുഷ്യര്‍ പട്ടിണി കൊണ്ടു ചത്തൊടുങ്ങും. പിന്നീടൊരു സാമ്പത്തിക ഉയര്‍ച്ചക്ക് ചുരുങ്ങിയത് പത്തു വര്‍ഷമെടുക്കും. അതു കൊണ്ട്, ആദ്യം വേണ്ടത് എല്ലാവരെയും ഒരുമിപ്പിച്ച്, എല്ലാവരുമായി ചര്‍ച്ച ചെയ്ത്, ലോക് ഡൗണ്‍ അയക്കുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയും പരമാവധി സാമൂഹ്യ അകലം നില നിര്‍ത്തിക്കൊണ്ട് ഉല്പാദന പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്യലാണ്.

മധ്യവര്‍ഗത്തെ മുന്നില്‍ക്കണ്ട് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്കി ഞെളിയലല്ല, താഴേക്കിട മനുഷ്യരുടെ അതിജീവനം ഉറപ്പാക്കലാണ് ഉടനടി വേണ്ടത്. വഴിയില്‍ക്കിടക്കുന്ന മനുഷ്യരെ വീടുകളിലെത്തിക്കാനും കാര്‍ഷിക പ്രവര്‍ത്തനത്തിനു വേണ്ട കടിയേറ്റത്തൊഴിലാളികളെ അതാതു മേഖലകളിലെത്തിക്കാനും അടിയന്തിര പരിഗണന വേണം. ഇന്ത്യന്‍ റെയില്‍വേയും ഇന്ത്യന്‍ സൈന്യവും ഉടനടി അതിന് രംഗത്തിറങ്ങണം. കോവിഡിനെ നേരിടാന്‍ ഉടനടി വേണ്ടത് ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടെസ്റ്റിംഗ് നിരക്ക് ആയിരമിരട്ടി വര്‍ധിപ്പിക്കലാണ്. കോവിഡ് പിടിച്ചവരെ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ താല്ക്കാലിക ടെന്റുകളില്‍ ക്വാറന്റെനിലാക്കാം. ഗുരുതരമായി ബാധിക്കുന്ന ഇന്നത്തെ നിരക്കില്‍ വെറും അഞ്ഞൂറിലൊന്നു പേരെ മാത്രം ആശുപത്രികളില്‍ പ്രവേശിപ്പിച്ചാല്‍ മതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയവരില്‍ തിരിച്ചു വരണമെന്ന് ആവശ്യമുന്നയിക്കുന്നവരെ ഉടനടി കൊണ്ടുവന്ന് പരിശോധിച്ച് ആവശ്യമായവരെ ക്വാറന്റെന്‍ ചെയ്യണം.

ഇതിനായി രാഷ്ട്രപതിയുടെ മുന്‍ കൈയ്യില്‍ ഒരു ദേശീയ സര്‍ക്കാര്‍ രൂപീകരിക്കുന്നതു പോലും ആലോചിക്കണം.പ്രതിമാസം 7500 രൂപ വീതം അടുത്ത മൂന്നു മാസം രാജ്യത്തെ പകുതി കുടുംബങ്ങള്‍ക്കെങ്കിലും നല്കണമെന്ന രാഹുല്‍ ഗാന്ധിയുടെയും ഏഴ് ഇടതുപാര്‍ട്ടികളുടെയും ആവശ്യം ഈ മാസം മുതല്‍ നടപ്പാക്കിത്തുടങ്ങണം. അതിനുള്ള പണം കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തണം. ആള്‍ക്കൂട്ടമൊഴിവാക്കി ചന്തകളും കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാനും ചരക്കുനീക്കം സുഗമമാക്കാനും സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ സംവിധാനമുണ്ടാക്കണം. ഒരു മീറ്റര്‍ ശാരീരിക അകലം, മാസ്‌ക് ഉപയോഗിക്കല്‍ എന്നിവക്കൊപ്പം വാക്‌സിന്‍ വരുന്നതുവരെ, അഥവാ ഹെര്‍ഡ് ഇമ്യൂണിറ്റി വരുന്നതുവരെ,50 ല്‍ അധികം പേര്‍ ഒത്തുകൂടുന്ന എല്ലാ ചടങ്ങുകളും ഒഴിവാക്കണം.അതേസമയം രോഗത്തിനെതിരെ എന്നതിനു പകരം രോഗികള്‍ക്കും രോഗം പകര്‍ത്താവുന്നവര്‍ക്കുമെതിരെ ഒരു മാസ് ഹിസ്റ്റീരിയ രൂപപ്പെടുന്നതിനെ കര്‍ശനമായി തടയണം. അമിത ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കണം.

കേരളം

ശക്തമായ നടപടികള്‍ കൊണ്ടും, പ്രകൃതിയുടെ കനിവ് കൊണ്ടും കേരളം കോവിഡ് ബാധയെ തടയുന്നതില്‍ തല്ക്കാലം വിജയിച്ചിരിക്കുന്നു. 4000 ഉം രണ്ടായിരത്തഞ്ഞൂറും പേരുമായി സമ്പര്‍ക്കമുണ്ടായി എന്നൊക്കെ, പറഞ്ഞവരില്‍ നിന്ന് ഒരാള്‍ക്കും പകര്‍ന്നില്ല എന്നതാണ് നമ്മെ രക്ഷിച്ചത്. വിമാനത്തില്‍ വന്ന നാനൂറു പേര്‍ക്കും അവരുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ വന്ന നൂറു പേര്‍ക്കുമാണ് മുഖ്യമായും വന്നത്. പക്ഷേ, അതു നേടിയത് വിദേശത്തും അന്യസംസ്ഥാനങ്ങളിലും കുടുങ്ങിയ ദശലക്ഷങ്ങളെ പുറത്തു നിര്‍ത്തിക്കൊണ്ടാണ് എന്നത് മറന്നു കൂടാ. മഴയും തണുപ്പുമാകുന്നതോടെ അവരെക്കൊണ്ടു വരുന്നത് എന്ന വലിയ പ്രശ്‌നം നിലനില്ക്കുന്നു. തന്ത്രപരമായ ആ വലിയ പിഴവ് വന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ച കാരണമാണ്. ശക്തമായ സമ്മര്‍ദ്ദം ചെലുത്തി, കേരളത്തിന്റെ സവിശേഷ സാഹചര്യം ചൂണ്ടിക്കാട്ടി, അതിനെ മറികടക്കാന്‍ നമുക്കായില്ല.

ഏറ്റവുമാദ്യം മണ്‍സൂണ്‍ തുടങ്ങുന്നതും ഏറ്റവുമധികം നീണ്ടു നില്ക്കുന്നതും കേരളത്തിലാണല്ലോ. രോഗികളും രോഗമില്ലാത്തവരുമായ വരാനാഗ്രഹിക്കുന്ന മുഴുവന്‍ പേരെയും തിരികെക്കൊണ്ടു വന്ന് വീടിന് പുറത്ത് ആവശ്യമായവരെ മാത്രം ക്വാറന്റൈന്‍ ചെയ്യണം. ഒട്ടുമിക്ക പ്രവാസികള്‍ക്കും സ്വന്തം വീട്ടില്‍ ക്വാറണ്‍റൈന്‍ സാധ്യമാകും. കേരളത്തില്‍ ആദ്യം വേണ്ടത് ഇന്നത്തെ മാസ് ഹിസ്റ്ററിരീയയെ തടഞ്ഞ് ശരിയായ ശാസ്ത്ര യുക്തിബോധം പകരലാണ്. ഒരു മീറ്റര്‍ ശാരീരിക അകലവും മാസ്‌കും ഉപയോഗിച്ചാല്‍ ഒരാള്‍ക്കും പകരാത്ത, ആരോഗ്യമുള്ളവരില്‍ നൂറില്‍ 99 പേര്‍ക്കും ഒരു ജലദോഷം പോലെ വന്നുപോകാവുന്ന ഒരു രോഗം മാത്രമാണത്. ഇവിടെ ഈ ഭീതി പരത്തിയത് മുഖ്യമായും സര്‍ക്കാരും ‘ആരോഗ്യ വിദഗ്ദരും ‘ ആണെന്നു പറയാതെ വയ്യ. മെയ് മാസത്തിനകം എട്ടു ലക്ഷം പേര്‍ക്കു പിടിക്കുമെന്ന ശിവശങ്കരന്റെ സ്പിന്‍ഗ്‌ളര്‍ സിദ്ധാന്തം ഓര്‍ക്കുക. മരിച്ചു കിടക്കുന്ന കോവിഡ് ബാധിതന്‍ ചുമക്കുകയോ തുമ്മുകയോ ചെയ്തതായി അറിവില്ലാത്ത നിലക്ക് മൃതദേഹം മൂന്ന് പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് പത്തടി താഴ്ചയില്‍ മറവു ചെയ്യണമെന്ന ‘വിദഗ്ദ ‘ ഉപദേശത്തിന്റെ ശാസ്ത്രീയത എന്തായിരുന്നു? ആറടി താഴ്ചയില്‍ നിന്ന് കൊറോണ ഭുമി തളച്ചു പുറത്തുചാടുമായിരുന്നോ?

കോവിഡ് രോഗിക്ക് തുടര്‍ച്ചയായ മൂന്നു ദിവസം പനിയില്ലെങ്കില്‍ ടെസ്റ്റ് കൂടാതെ വീട്ടില്‍ വിടാം എന്നിപ്പോള്‍ ICMR നിര്‍ദ്ദേശം വന്നിരിക്കുന്നു. കാരണം ആ ദിവസങ്ങള്‍ക്കപ്പുറം പകരില്ല. ആ നിര്‍ദ്ദേശം ഇപ്പോഴും കേരളം സ്വീകരിച്ചോ? രോഗം വിട്ടുമാറിയ സ്ത്രീയെ 22 ടെസ്റ്റ് നടത്തി, നെഗറ്റീവ് ആകുന്നതു വരെ 45 ദിവസം ഐസൊലേഷനില്‍ വച്ചത് ഏതു രാജ്യത്തു നിന്നു കിട്ടിയ അറിവു വച്ചാണ്? കേരളത്തില്‍ ശാസ്ത്രമല്ല, ശാസ്ത്ര അന്ധവിശ്വാസമാണ് പ്രചാരത്തില്‍ വന്നത്. അതിന്ന് കൊറോണ സാധ്യത നൂറിലൊന്നു മാത്രമുള്ള ഒരു രോഗിയെ ക്വാറന്റൈനില്‍ വക്കുന്ന വീട്ടുകാരെ വരെ ഭ്രഷ്ട് കല്പിക്കുന്ന മനോനില ജനങ്ങളില്‍ രൂപപ്പെടുത്തിയിരിക്കുന്നു.
ഇന്ന് കേരളം നേരിടുന്ന രണ്ടു ഹിമാലയന്‍ പ്രശ്‌നങ്ങളില്‍ ഒന്നിതാണ്.അത് 45 ദിവസം വഴിയില്‍ക്കടുങ്ങിയ കേരളത്തിനു പുറത്തു പെട്ടു പോയ ദയനീയ സാഹചര്യത്തിലുള്ളവരെ ഉപേക്ഷിക്കേണ്ട സ്ഥിതിയുണ്ടാക്കിയിരിക്കുന്നു.

ലോകത്ത് കൊറോണ പ്രതിരോധം ഏറ്റവുമധികം ദരിദ്രര്‍ക്കെതിരായിത്തീര്‍ന്ന പ്രദേശം കേരളമാണോ? സ്വന്തം വാഹനമുള്ളവര്‍ തല്ക്കാലം വന്നാല്‍ മതി, മറ്റുള്ളവര്‍ നിന്നേടത്തേക്ക് തിരിച്ചു പോകുക എന്ന നിര്‍ദ്ദേശം എത്രമാത്രം ദരിദ്ര വിരുദ്ധമായിരുന്നു ? ഗള്‍ഫില്‍ നിന്നും പുറത്തു നിന്നും വന്ന മൂവായിരമോ നാലായിരമോ പേരില്‍ പത്തോ പന്ത്രണ്ടോ പേര്‍ക്ക് കോവിഡുണ്ട് എന്നു പേരില്‍ അതിജാഗ്രതാ മുന്നറിയിപ്പു നല്കുന്ന ആസ്ഥാന മാര്‍ക്‌സിസം അധ്യാപകന്‍ തന്നെ ‘ഹുങ്കു നിറഞ്ഞ അവര്‍ നമ്മെപ്പോലെ വ്യവസ്ഥകള്‍ പാലിച്ചേക്കില്ല ‘എന്നു പറഞ്ഞ് പ്രവാസികള്‍ക്കെതിരെ വംശവെറിക്ക് സമാനമായ വിദ്വേഷം പ്രചരിപ്പിക്കുന്നു. ലോക്ഡൗണും ക്വാറന്റൈനും നീട്ടണമെന്ന് ആഹ്വാനം ചെയ്യുന്നു. കുറ്റമറ്റ ജാഗ്രതാ സംവിധാനം എന്ന പേരില്‍ പുറത്തു നിന്ന് മലയാളികളെ കൊണ്ടുവരുന്നത് വളരെക്കുറക്കണം എന്ന മധ്യ വര്‍ഗ ബുദ്ധിജീവി മുറവിളി ഒട്ടേറെ സാധാരണക്കാര്‍ സ്വീകരിക്കുന്നത് ,’അവരവിടെ നിലക്കട്ടെ ഇവിടെ വന്ന് ഞങ്ങള്‍ക്ക് കോവിഡ് പകര്‍ത്തരുത് ‘എന്ന അക്രമോല്‍സുക ആവശ്യമായാണ്.
അവരുടെ വരവ് നീട്ടുന്തോറും അവരില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് വരാനും, അവര്‍ കോവിഡ് പിടിച്ചും അല്ലാതെയും മരിക്കാനുമാണ് സാധ്യതയെന്ന വിവേകം നമുക്കുണ്ടാകണം. അവരെ കൊണ്ടുവരുന്നത് നീട്ടി വക്കുന്തോറും കേരളത്തിലെ കോവിഡ് നിയന്ത്രണം കൂടുതല്‍ ദുഷ്‌ക്കരമാകും.

ഏറ്റവും പ്രധാന പ്രശ്‌നം കേരളം നേരിടുന്ന സാമ്പത്തിക പ്രശ്‌നമാണ്. കേരളീയര്‍ ഇപ്പോഴും സാമ്പത്തിക ആസ്തിയില്‍ മുന്നില്‍ത്തന്നെയാകാം. പക്ഷേ, ഏറ്റവുമധികം തകര്‍ന്ന സംസ്ഥാന സമ്പദ്ഘടനയും സര്‍ക്കാരും നമ്മുടേതാണ്. കേന്ദ്രം കാര്യമായി കനിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് സ്വയമായി ഒരു തിരിച്ചുവരവ് സാധ്യമേയല്ല.കഴിഞ്ഞ മൂന്നു മാസം ചെയ്തതുപോലെ, എത്ര തന്നെ കേന്ദ്രത്തിനു മുന്നില്‍ അടിയാനായി സകല മണ്ടന്‍ തീരുമാനങ്ങളും തീവ്രഭക്തിയോടെ നടപ്പാക്കി നിന്നിട്ടും, അത് കനിഞ്ഞിട്ടില്ല.

അപ്പോള്‍ സാമൂഹ്യ അകലവും വ്യക്തി സുരക്ഷാ കവചങ്ങളും ആളുകള്‍ കൂട്ടം ചേരലൊഴിവാക്കലും പാലിച്ചുകൊണ്ട് ഉടനടി സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണം. ദരിദ്രര്‍ക്ക് – പ്രത്യേകിച്ച് ആദിവാസികള്‍, ദളിതര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്ക് -ഞാഴില്‍ പുനരാരംഭിക്കാന്‍ കഴിയുന്നതുവരെ കുടുംബത്തിന് മാസം 7500 രൂപ ക്യാഷായി ലഭ്യമാക്കണം. കേരളത്തിലെ 30-40 ശതമാനം തൊഴിലുകള്‍ ( അവയാണ് ഏറ്റവും ദരിദ്രര്‍ ഏര്‍പ്പെടുന്നത് ) പൊതുഗതാഗതം പുനഃസ്ഥാപിക്കാതെ തിരിച്ചു വരില്ല. അതിനുള്ള നടപടി പരമാവധി വേഗത്തില്‍ സ്വീകരിക്കണം. ഇന്നത്തെ ഭീതി പരത്തല്‍ നിര്‍ത്തി കൊറോണക്കൊപ്പം ജീവിക്കാന്‍ പഠിക്കാന്‍ ജീവിക്കുക എന്ന മുദാവാക്യം സ്വീകരിച്ച് കേരളത്തെ രക്ഷിക്കാന്‍ ഒരു സമവായം സൃഷ്ടിക്കണം. അതിന് മുന്‍കൈയെടുക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply