സഹോദരങ്ങളെ ചേര്‍ത്തുപിടിച്ചാണ് മഹാമാരിക്കെതിരെ പോരാടേണ്ടത്.

നിര്‍ഭാഗ്യവശാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടിന്റെ തുടര്‍ച്ച തന്നെയാണ് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവരുടെ വിഷയത്തില്‍ കേരളവും ചെയ്യുന്നത്. നൂറുകണക്കിനു പേര്‍ മാധ്യമങ്ങളിലൂടെ തങ്ങളുടെ ദയനീയ അവസ്ഥ വിശദീകരിച്ചിട്ടും കാര്യമായ ഒരു നടപടിയുമില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ സ്വന്തം നാട്ടിലെത്തിക്കാന്‍ 400ഓളം തീവണ്ടികള്‍ ഓടിയിട്ടും കേരളത്തിലേക്ക് ഒന്നുപോലും എത്തിയില്ല. പല സംസ്ഥാനങ്ങളും അയല്‍സംസ്ഥാനങ്ങലിലേക്ക് ബസുകള്‍ വിടുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും പോലും ഒരാളെപോലെ കെ എസ് ആര്‍ ടി സി ബസയച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഡെല്‍ഹിയില്‍ കേരളത്തിന്റെ കാര്യങ്ങള്‍ ചെയ്യാന്‍ വന്‍വേതനം കൊടുത്ത് നിയമിച്ചിട്ടുള്ള, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റ എ സമ്പത്ത് കാര്യമായൊന്നും ചെയ്യുന്നില്ല എന്ന വിമര്‍ശനം നിലനില്‍ക്കുന്നു. സ്വന്തം വാഹനമുള്ളവര്‍ മാത്രം വന്നാല്‍ മതി എന്ന നിലപാടിലാണ് ഇപ്പോഴും സംസ്ഥാനസര്‍ക്കാര്‍.

കൊവിഡിനെതിരെ താരതമ്യേന മെച്ചപ്പെട്ട പ്രകടനം കേരളം കാഴ്ച വെക്കുന്നു എത്തതില്‍ സംശയമില്ല. എറെക്കൂറെ കേരളീയരെല്ലാം ഈ സന്ദര്‍ഭത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അധികൃതരുമായി സഹകരിക്കുന്നുമുണ്ട്. അതേസമയം കഴിഞ്ഞ ചില ദിവസങ്ങളിലായി അസ്വസ്ഥകരമായ പല സംഭാഷണങ്ങളും കേരളത്തിന്റെ പൊതുമണ്ഡലങ്ങളില്‍ കേള്‍ക്കാനിടവരുന്നു. ഇന്ത്യയിലെ മ്‌റു സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്തും തൊഴില്‍ ചെയ്ത് ജീവിക്കുന്ന മലയാളികളെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചെയ്യുന്നത് മെല്ലെപ്പോക്കുനയമാണെന്നതില്‍ സംശയമില്ല.

ലോകത്തെ പല രാഷ്ട്രങ്ങളും ഇന്ത്യയടക്കമുള്ള മറ്റുരാഷ്ട്രങ്ങളില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ കൊണ്ടുപോകാനാരംഭിച്ച് എത്രയോ ആഴ്ചകള്‍ കഴിഞ്ഞാണ് ഇന്ത്യ അതേകുറിച്ച് ആലോചിക്കുന്നത്. എന്നാലിപ്പോഴും വിരലിലെണ്ണാവുന്ന വിമാനങ്ങളും കപ്പലുകളുമാണ് രാജ്യത്തെത്തിയിരിക്കുന്നത്. വരാനുള്ള ചിലവ് വഹിക്കുന്നവരെ മാത്രമാണ് കൊണ്ടുവരുന്നത് എന്നതാണ് ഏറ്റവും ദയനീയം. പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഇറാക്ക് – കുവൈറ്റ് യുദ്ധകാലത്ത്, വി പി സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ലക്ഷകണക്കിനുപേരെ ചടുലമായി, സൗജന്യമായി കൊണ്ടുവന്ന ഒരു രാജ്യമാണ് ഇന്ന് പ്രവാസികളോട് ഈ അനീതി ചെയ്യുന്നത്. ലോകമെമ്പാടും തിരിച്ചെത്താനാഗ്രഹിക്കുന്ന ലക്ഷകണക്കിനുപേരാണ് ദയനീയമായി തങ്ങളുടെ അവസ്ഥ വിശദീകരിക്കുന്നത്.

നിര്‍ഭാഗ്യവശാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടിന്റെ തുടര്‍ച്ച തന്നെയാണ് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവരുടെ വിഷയത്തില്‍ കേരളവും ചെയ്യുന്നത്. നൂറുകണക്കിനു പേര്‍ മാധ്യമങ്ങളിലൂടെ തങ്ങളുടെ ദയനീയ അവസ്ഥ വിശദീകരിച്ചിട്ടും കാര്യമായ ഒരു നടപടിയുമില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ സ്വന്തം നാട്ടിലെത്തിക്കാന്‍ 400ഓളം തീവണ്ടികള്‍ ഓടിയിട്ടും കേരളത്തിലേക്ക് ഒന്നുപോലും എത്തിയില്ല. പല സംസ്ഥാനങ്ങളും അയല്‍സംസ്ഥാനങ്ങലിലേക്ക് ബസുകള്‍ വിടുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും പോലും ഒരാളെപോലെ കെ എസ് ആര്‍ ടി സി ബസയച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഡെല്‍ഹിയില്‍ കേരളത്തിന്റെ കാര്യങ്ങള്‍ ചെയ്യാന്‍ വന്‍വേതനം കൊടുത്ത് നിയമിച്ചിട്ടുള്ള, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റ എ സമ്പത്ത് കാര്യമായൊന്നും ചെയ്യുന്നില്ല എന്ന വിമര്‍ശനം നിലനില്‍ക്കുന്നു. സ്വന്തം വാഹനമുള്ളവര്‍ മാത്രം വന്നാല്‍ മതി എന്ന നിലപാടിലാണ് ഇപ്പോഴും സംസ്ഥാനസര്‍ക്കാര്‍.

സര്‍ക്കാര്‍ ഇത്തരമൊരു നിലപാടെടുക്കുന്നതിന്റെ കാരണം കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിമാരുടേയും മറ്റു പലരുടേയും വാക്കുകളിലൂടെ പുറത്തുവരുന്നു. അതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുത. പുറത്തുനിന്നുള്ളവര്‍ തിരിച്ചുവരുന്നത് കൊവിഡിനെ നേരിടുന്നതില്‍ ഇപ്പോള്‍ കേരളം നേടിയ മെച്ചപ്പെട്ട വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രത്യക്ഷമായും പരോക്ഷമായും ഇവര്‍ പറയുന്നത്. കെ എന്‍ ഗണേഷിനെപോലുള്ള ബുദ്ധിജീവികള്‍ പോലും ഇത്തരത്തില്‍ പറയുന്നതും കേട്ടു. കൊവിഡിനെതിരായ യുദ്ധത്തില്‍ കേരളത്തേക്കാള്‍ ഒട്ടും മോശമല്ലാത്ത പ്രകടനം കാഴ്ച വെക്കുന്ന ഒഡീഷയും ബീഹാറും മറ്റും തങ്ങളുടെ സംസ്ഥാനത്തില്‍ നിന്നുള്ളവരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചു കൊണ്ടുപോകുമ്പോഴാണ് കേരളം ഈ നിലപാടെടുക്കുന്നത്. പച്ചയായി പറഞ്ഞാല്‍ മലയാളികള്‍ കേരളത്തില്‍ മരിക്കരുത്, പുറത്തു മരിച്ചോട്ടെ എന്ന ക്രൂരമായ ചിന്തയാണ് ഇവരെ നയിക്കുന്നതെന്ന് പറയാതെ വയ്യ. പതിറ്റാണ്ടുകളായി കേരളത്തെ സാമ്പത്തികമായ വന്‍തകര്‍ച്ചയില്‍ നിന്നും പട്ടിണിയില്‍ നിന്നുമൊക്കെ രക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന പ്രവാസികളോട് നാമിത് ചെയ്യുന്നത്.

പലപ്പോഴും പലവിധ പ്രതിസന്ധികളെ നേരിട്ടിട്ടുണ്ടെങ്കിലും മലയാളികളുടെ പ്രവാസജീവിതത്തിന് ഏറ്റവും വലിയ ഭീഷണി നേരിടുന്നത് 100 വര്‍ഷം തികഞ്ഞ സമകാലിക സാഹചര്യത്തിലാണ്. ലക്ഷകണക്കിനു പ്രവാസികളാണ് തിരിച്ചുവരാന്‍ തയ്യാറാകുന്നത്. അവരില്‍ വലിയൊരു ഭാഗവും തൊഴില്‍ നഷ്ടപ്പെട്ടാണ് തിരിച്ചു വരുന്നത് എന്നതാണ് ഏറ്റവും ഖേദകരം. അതിനാല്‍ തന്നെ ഈ തിരിച്ചുവരവ് അവരുടെ കുടുംബജീവിതം മുതല്‍ കേരളത്തിന്റെ സാമ്പത്തികാവസ്ഥയില്‍ വരെ ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല എന്നുറപ്പ്. പക്ഷെ അതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇപ്പോഴില്ല. അവ ര്‍ക്കുമുന്നില്‍ വാതില്‍ കൊട്ടിയടക്കുന്ന സമീപനം എത്രമാത്ം മനുഷ്ത്വവിരുദ്ധമാണ്.

മലയാളികളുടെ പ്രവാസജീവിതം ആരംഭിച്ചത് മലേഷ്യ, സിംഗപ്പൂര്‍, സിലോണ്‍, കറാച്ചി, ബര്‍മ, മലയ എന്നിവിടങ്ങളിലേക്കായിരുന്നു. രണ്ടാം ലോക മഹായുദ്ധം ഏല്‍പിച്ച സാമ്പത്തികാഘാതമാണ് മലയാളിയെ കൂട്ടം കൂട്ടമായി നാടു കടക്കാന്‍ പ്രേരിപ്പിച്ച പ്രധാന കാരണം. പിന്നീട് മുംബൈ, കല്‍ക്കട്ട, ചെന്നൈ പോലുള്ള ഇന്ത്യയിലെ വന്‍ നഗരങ്ങളിലേക്ക്. എന്നാലതൊക്കെ കുറെ കുടുംബങ്ങളെ രക്ഷിച്ചു എന്നല്ലാതെ നമ്മുടെ സമ്പദ് ഘടനയില്‍ കാര്യമായ മാറ്റമുണ്ടാക്കിയില്ല. അതുണ്ടായത് 1970കളോടെ ആരംഭിച്ച ഗള്‍ഫിലേക്കുള്ള പ്രവാസത്തോടെയായിരുന്നു. കേരളം അതിരൂക്ഷമായ പ്രതിസന്ധി നേരിടുമ്പോഴായിരുന്നു ഈ പ്രവാസം ശക്തമായത്. തുടര്‍ന്നുള്ള പതിറ്റാണ്ടുകളില്‍ ഇങ്ങോട്ടൊഴുകിയ ഗള്‍ഫ് പണമാണ് കേരളത്തെ വന്‍തകര്‍ച്ചയില്‍ നിന്നു പിടിച്ചുനിര്‍ത്തിയത്. തീര്‍ച്ചയായും വളരെ മോശം പ്രണതകളും ഇക്കാലത്ത് വളര്‍ന്നിട്ടുണ്ട്. കൊട്ടാരസദൃശ്യമായ വീടുകളും വാഹനങ്ങളും മറ്റും മാന്യതയുടെ പ്രതീകമാകുന്നതിലും ആഡംബരവിവാഹങ്ങളും വിദ്യാഭ്യാസവും ചികിത്സയും മറ്റും വ്യാപകമായതിലും ഭൂമിയും പാടങ്ങളും റിയല്‍ എസ്റ്റേറ്റിനായി മാറിയതിലുമൊക്കെ ഈ മാറ്റത്തിന് വലിയ പങ്കുണ്ട് എന്നത് ശരി തന്നെയാണ്. എന്നാലും ഈ പ്രവാസമില്ലായിരുന്നെങ്കിലത്തെ അവസ്ഥ മറ്റൊന്നാകുമായിരുന്നു. പിന്നീട് യൂറോപ്പ്ിലേക്കും അമേരിക്കയിലേക്കും മറ്റുമുള്ള കുടിയേറ്റങ്ങളും വ്യാപകമായി.

രണ്ടു ലോകമഹായുദ്ധങ്ങള്‍ തകര്‍ത്ത യൂറോപ്പിനു പുനര്‍നിര്‍മാണം അത്യാവശ്യമായിത്തീര്‍ന്നു. രോഗികളായിത്തീര്‍ന്നവരും അംഗഭംഗം വന്നവരും നിരവധിയായിരുന്നതിനാല്‍ ആതുരശുശ്രൂഷാ രംഗത്ത് നിരവധി പേരെ ആവശ്യമായിത്തീര്‍ന്നു. തിരുവിതാംകൂറിലെ തിരുവല്ല, ചെങ്ങന്നൂര്‍, ചങ്ങനാശേരി, കോട്ടയം, കോഴഞ്ചേരി, കുമ്പനാട് തുടങ്ങിയ നാടുകളില്‍ നിന്നുള്ള യുവതികള്‍ നഴ്സിങ് സേവനത്തിനുവേണ്ടി അങ്ങനെയാണ് യൂറോപ്യന്‍ നാടുകളിലേക്ക് പ്രവഹിച്ചത്. പിന്നീട് ഇവരില്‍ പലരും അമേരിക്കയിലെത്തി. മാലാഖമാരെന്നെല്ലാം വിശേഷിക്കപ്പെടുന്ന ഇവരാണ് ഇന്ന് ഏറ്റവും ദുരിതമനുഭവിക്കുന്നത്. ഐ ടി കാലത്തോടെ കുടിയേറ്റത്തിന്റെ അളവും വര്‍ദ്ധിച്ചു. ഗള്‍ഫ് നാടുകളുടെ ചാകരക്കാലത്തിനു നിയന്ത്രണം വന്നതോടെ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കും മലയാളി പ്രവാഹമുണ്ടായി. ഏതാനും വര്‍ഷം മുമ്പത്തെ പഠന പ്രകാരം പ്രവാസി മലയാളികളില്‍ 38.7 ശതമാനം പേരും യു.എ.ഇയിലാണ്. പ്രവാസികളില്‍ 20.4 ശതമാനം പേരും മലപ്പുറം ജില്ലക്കാരാണ്. 100 വീടുകളില്‍ ശരാശരി 43.8 വീടുകള്‍ പ്രവാസികളുള്ളവരാണ്. എന്നാല്‍, മലപ്പുറത്ത് 100 വീടുകളില്‍ 86.3 ശതമാനമുണ്ട്. ഇടുക്കിയില്‍ ഇത് 9.6 ശതമാനമാണ്. മതപരമായി നോക്കിയാല്‍ പ്രവാസികളില്‍ 37.2 ശതമാനവും മുസ്ലിംകളാണ്. 12.7 ശതമാനം ഹിന്ദുക്കളും 19.5 ശതമാനം ക്രിസ്ത്യാനികളുമാണ്. ദളിതരുടേയും ആദിവാസികളുടേയും സാന്നിധ്യം വളരെ കുറവാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിന്റെ ചരിത്രം വേറെ.

എന്തായാലും എവിടെ പോയി ജീവിച്ചാലും ഇവരെല്ലാം മലയാളികളാണ്. ഇവിടെ ജീവിക്കുന്നവരെ പോലെ, അല്ലെങ്കില്‍ അതിനേക്കാള്‍ ഈ മണ്ണിന്റെ അവകാശികള്‍. അവരോടാണ് ഇത്തരത്തിലുള്ള ഒരു സമീപനം വലിയൊരു വിഭാഗം സ്വീകരിക്കുന്നത്. എത്രയും വേഗം നിലപാട് തിരുത്തി, തിരിച്ചുവരാന്‍ നിര്‍ബന്ധിതരായ എല്ലാവരേയും തിരിച്ചു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രിക്കേണ്ടത്. നാലുലക്ഷത്തോളം പേര്‍ക്ക് നിരീക്ഷണമൊരുക്കാന്‍ സൗകര്യമുണ്ടെന്നു അവകാശപ്പെടുന്ന സര്‍ക്കാര്‍ എന്തിനിങ്ങനെ മടിക്കുന്നു എന്നു മനസ്സിലാകുന്നില്ല. നമ്മളിലെ ഒരു വിഭാഗത്തെ കൊലക്കുകൊടുത്തല്ല മഹാമാരിക്കെതിരെ പോരാടേണ്ടത്, എല്ലാവരേയും ചേര്‍ത്തുപിടിച്ചാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply