തട്ടികൊണ്ടുപോകലും പോലീസും മാധ്യമങ്ങളും

കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവം ഒരുപാട് വിഷയങ്ങള്‍ കേരളീയ സമൂഹത്തിനു മുന്നില്‍ ഉന്നയിക്കുന്നുണ്ട്. അതിലേറ്റവും പ്രധാനം കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും കുറ്റവാളികളെ കുറിച്ച് ഒരു സൂചനയും ഇതുവരേയും പോലീസിനു ലഭിച്ചിട്ടില്ല എന്നതാണ്. ഒരുപക്ഷെ അവര്‍ പിടിയിലായേക്കും. അ്‌പ്പോഴും നമ്മുടെ പോലീസ് സംവിധാനം എത്രമാത്രം പുറകിലാണെന്നതിന്റെ തെളിവായി ഈ സംഭവം മാറികഴിഞ്ഞിരിക്കുകയാണ്.

ഒരു കാര്യം ശരിയാണ്. കുഞ്ഞിനെ വിട്ടുകൊടുക്കാതിരിക്കാനാകാത്ത ഒരവസ്ഥയിലേക്ക് കുറ്റവാളികളെ എത്തിക്കാന്‍ നമുക്കു കഴിഞ്ഞു. നാട്ടുകാരും പോലീസും മാധ്യമങ്ങളും നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനമാണ് അതിനു കാരണമായത്. ഓരോ മലയാളികളുടേയംു കണ്‍മുന്നില്‍ ആ കുട്ടിയുടെ മുഖം പതിഞ്ഞിരുന്നു. അതിനാല്‍ തന്നെ കുഞ്ഞുമായി പുറത്തിറങ്ങാനാവാത്ത അവസ്ഥയിലേക്ക് കുറ്റവാളികള്‍ എത്തി. അതിനാലാണ് പ്രതീക്ഷിച്ചപോലെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരായത്. അത്രയും സ്വാഗതാര്‍ഹമാണ്. എന്നാല്‍ അങ്ങനെ ആശ്വസിക്കാവുന്ന ഒരവസ്ഥയല്ല ഇന്നു സംസ്ഥാന്തതു നിലനില്‍ക്കന്നത്.

കേരളത്തെ കുറിച്ച് ഇല്ലാത്ത അവകാശവാദങ്ങള്‍ നിരന്തരമായി നാം കേള്‍ക്കാറുണ്ട്. ഇതു കേരളമാണ് എന്ന അഹങ്കാരത്തോടെയുള്ള വാക്കുകളും. എന്നാല്‍ ഒരര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത അവകാശവാദമാണിത്. എന്താണ് ഇന്നു കേരളത്തില്‍ നടക്കാത്തത്? ഒന്നുമില്ല എന്നു ബോധ്യമാകാന്‍ നമ്മുടെ പത്രങ്ങള്‍ മറിച്ചുനോക്കിയാല്‍ മാത്രം മതിയല്ലോ. കുട്ടികളുടെ കാര്യം തന്നെ നോക്കാം. ഈ സംഭവത്തില്‍ കുഞ്ഞിനെ തിരിച്ചുകിട്ടിയെന്നതു ശരി. എന്നാല്‍ ഈ വര്‍ഷം കാണാതായ കുഞ്ഞുങ്ങളുടെ എണ്ണം ഇതിനകം നൂറുകഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ വര്‍ഷമത് 200ല്‍ പരമായിരുന്നു. എന്നിട്ടാണ് ഇതു കേരളമാണെന്ന് നാം അഹങ്കരിക്കുന്നത്.

കുറ്റവാളികള്‍ക്ക് കുഞ്ഞിനെ ഉപേക്ഷിച്ചുപോകേണ്ടിവന്ന രീതിയില്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ നമുക്കായെങ്കിലും പോലീസിനു ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനാവില്ല. സംഭവം നടന്നശേഷം വളരെ പെട്ടന്നു തന്നെ പരിശോധനകള്‍ കര്‍ക്കശമാക്കി പ്രതികള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാന്‍ കഴിയുന്ന സാഹചര്യം ഇല്ലാതാക്കുന്നതില്‍ മാത്രമേ പോലീസ് വിജയിച്ചുള്ളു. എന്നാല്‍ കുറ്റവാളികളിലേ്‌ക്കെത്താന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല പ്രതികള്‍ കുഞ്ഞിനെ തട്ടികൊണ്ടുപോയത് ഏറെ ജനവാസമുള്ള മേഖലയില്‍ നിന്നും ഉപേക്ഷിച്ചത് കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തുമാണ്. എന്നിട്ടും ഒരുതുമ്പും ലഭിച്ചില്ല എന്നത് നാണക്കേടു തന്നെയാണ്. റോഡുനീളെ എ ഐ ക്യാമറകളും സി സി ടിവി ക്യാമറകളുമുള്ള പ്രദേശമാണ് കേരളം എന്നാണല്ലോ വെപ്പ്. എന്നിട്ടാണിത് സംഭവിക്കുന്നത്. മാത്രമല്ല, കുറ്റവാളികള്‍ ഫോണ്‍ ഉപയോഗിക്കാത്തതാണ് പ്രശ്‌നമെന്നു പ്രത്യക്ഷമായും പരോക്ഷമായും പറയുന്ന ഉദ്യോഗസ്ഥരേയും കണ്ടു. മൊബൈല്‍ ഉപയോഗിക്കാത്ത കുറ്റവാളി.യെ പിടികൂടാനാകാത്ത അവസ്ഥയിലേക്ക് നമ്മുടെ പോലീസ് എത്തിക്കഴിഞ്ഞു എന്നര്‍ത്ഥം. കേരളപോലീസ് ലോകനിലവാരത്തിലെന്ന് മുഖ്യമന്ത്രിയടക്കം അവകാശപ്പെടുമ്പോഴാണ് ഇതു സംഭവിക്കുന്നത്.

ഈ സംഭവവുമായി ബന്ധപ്പെട്ടുയര്‍ന്നിരിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു വിഷയം മാധ്യമപ്രവര്‍ത്തനത്തിന്റേതാണ്. ഏറെകാലമായി കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സംഘടിതമായ അക്രമമാണ് നടക്കുന്നത്. അതാകട്ടെ തികച്ചും ആസൂത്രിതവും കുറെകാലമായി തുടരുന്നതിന്റെ തുടര്‍ച്ചയാണുതാനും. ഈയവസരവും അതിനായാണ് ഈ ശക്തികള്‍ ഉപയോഗിക്കുന്നത്. ഏതോ മാധ്യമപ്രവര്‍ത്തകന്റെ വായില്‍ നിന്നു അനുചിതമായ ഒരു ചോദ്യം വീണു എന്നപേരിലാണ് സംഘടിതമായ അക്രമം നടക്കുന്നത്. ഈ സംഭവമുണ്ടായശേഷം 24 മണിക്കൂറും അതിനു പുറകിലായിരുന്നു മാധ്യമങ്ങള്‍. കൊല്ലം ആശ്രാമം മൈതാനത്തു വെച്ച് ആ കുഞ്ഞിനെ കണ്ടപ്പോഴേക്കും തിരിച്ചറിയാന്‍ അവിടെയുള്ളവര്‍ക്ക് കഴിഞ്ഞത് ഇടവേളകളില്ലാതെ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്ത അവളുടെ ചിരിക്കുന്ന മുഖമാണ്. ഒരു നാടിന്റെ മനസ്സിലേക്ക് ഒരു ആറുവയസ്സുകാരിയുടെ നിഷ്‌കളങ്കമായ മുഖം പതിപ്പിച്ചു നല്‍കിയതു മാധ്യമങ്ങളാണ്. മുഖ്യമന്ത്രിയും പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും കുഞ്ഞിന്റെ മാതാപിതാക്കളും ഇക്കാര്യം അംഗീകരിക്കുമ്പോഴാണ് ഒരു വിഭാഗം തങ്ങളുടെ അജണ്ടയുമായി മുന്നോട്ടുപോകുന്നത്. അടുത്തയിടെ മറിയക്കുട്ടി എന്ന വൃദ്ധക്കെതിരെ നുണപ്രചാരണം നടത്തിയ മാധ്യമത്തെ നേഞ്ചേറ്റുന്നവരാാണ് ഇവരില്‍ ഭൂരിപക്ഷവും എന്നതാണ് തമാശ.

വാസ്തവത്തില്‍ മാധ്യമങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്തം എന്താണെന്നറിയാത്തവരാണ് അവക്കെതിരെ സംഘടിതമായ അക്രമം നടത്തുന്നത്. അതിനു കാരണം ഒന്നേയുള്ളു. തങ്ങള്‍ പിന്തുണക്കുന്ന പ്രസ്ഥാനം നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ വിമര്‍ശിക്കുന്നു എന്നത്. അഖിലേന്ത്യാതലത്തില്‍ ബിജെപി അതു ചെയ്യുമ്പോള്‍ കേരളത്തില്‍ സിപിഎം ചെയ്യുന്നു എന്നു മാത്രം. രാജാവിനെ സ്തുതിച്ച് പട്ടും വളയും വാങ്ങുകയല്ല മാധ്യമങ്ങളുടെ കടമ എന്നും അവയെന്നും പ്രതിപക്ഷമാകണമെന്നും അത്തരമൊരു ലക്ഷ്യത്തോടെയാണ് അവക്ക് ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന വിശേഷണം ലഭിച്ചതെന്നും അറിയാത്തവരാണ്,, അല്ലെങ്കില്‍ അറിയില്ലെന്നു നടിക്കുന്നവവരാണ് ഇതിനു പുറകില്‍. ‘മന്നവേന്ദ്രാ വിളങ്ങുന്നു……..’ എന്ന വരികള്‍ ഉരുവിടുന്ന മാധ്യമങ്ങള്‍ ഉണ്ടായിരിക്കാം. അതിനാലാണ് ഇന്ത്യയില്‍ ദൃശ്യമാധ്യരംഗത്തെ അതികായകനായ ശശികുമാര്‍ സര്‍ക്കാരിനു കയ്യടിക്കലല്ല, വിമര്‍ശിക്കലാണ് മാധ്യമങ്ങളുടെ കടമ എന്നു അടുത്തയിടെ ആവര്‍ത്തിച്ചു പറഞ്ഞത്. അത്തരത്തില്‍ സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതാണ് ഇടതു സൈബര്‍ പടയെ പ്രകോപിപ്പിച്ചിരിക്കുന്നത് എന്നതാണ് വസ്തുത. ‘ഉത്തരേന്ത്യയിലും മറ്റും മാധ്യമസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുമ്പോള്‍ പിന്തുണയ്ക്കായി കേരളത്തെയാണ് ഞങ്ങള്‍ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍, കാര്യങ്ങള്‍ മാറിയിരിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിനെതിരേ കേന്ദ്രഭരണകൂടം തയ്യാറാക്കിയ അച്ച് അതേപടി ഇവിടെയും ഉപയോഗിക്കപ്പെടുന്നു…’ അടുത്തയിടെ ഇതു പറഞ്ഞത് രാജ്യത്തെ ഏറെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനും ധീരമായ പത്രപ്രവര്‍ത്തനത്തിന് ഉദാഹരണമായി പലപ്പോഴും നമ്മളെല്ലാം ചൂണ്ടികാണിക്കുന്ന ദി ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്ററുമായ ആര്‍ രാജഗോപാലാണ്. രാജഗോിനെതിരെ സ്ഥാപനം നടപടിയെടുത്തതും നാം കണ്ടു.

മാധ്യമങ്ങളെല്ലാം മഹത്തരമാണെന്നോ അവര്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നോ അവര്‍ക്ക് പ്രത്യേക നിയമമുണ്ടെന്നോ അല്ല പറയുന്നത്. എല്ലാ മേഖലയിലുമുള്ള ജീര്‍ണ്ണത അവിടേയുമുണ്ട്. മാത്രമല്ല, ഇന്നു മിക്കവാറും മാധ്യമങ്ങളുടെ ഉടമകള്‍ കോര്‍പ്പറേറ്റുകളും രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളുമാണ്. ഉറപ്പായും ഉടമകളുടെ താല്‍പ്പര്യം അവയില്‍ പ്രതിഫലിക്കാതിരിക്കില്ലല്ലോ. എന്നാല്‍ രാജഗോപാല്‍ ചൂണ്ടികാട്ടിയപോലെ ഉടമകളേയോ പത്രാധിപരേയോ മിക്കപ്പോഴും വേട്ടയാടുന്നതേയില്ല. എഴുത്തുകാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ചിന്തകരുടേയുമെല്ലാം നാവടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെങ്കില്‍, അതിനെ വിമര്‍ശിക്കുന്നവര്‍ ഭരിക്കുന്ന കേരളത്തിലും നടക്കുന്നത് മറ്റൊന്നല്ല. മീഡിയാ വണ്‍ പൂട്ടിക്കാന്‍ കേന്ദ്രശ്രമമുണ്ടായപ്പോള്‍ അതിനെ പരോക്ഷമായി പിന്തുണച്ച, പുരോഗമനമുഖംമൂടി ധരിച്ചവരും ഇവിടെയുണ്ടായിരുന്നല്ലോ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഒരു ജനാധിപത്യ സംവിധാനത്തിലെ അവിഭാജ്യഘടകങ്ങളാണ് അല്ലെങ്കില്‍ ആകേണ്ടതാണ് രാഷ്ട്രീയപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും. തീര്‍ച്ചയായും ഇവര്‍ തമ്മില്‍ സ്നേഹത്തോടെയുള്ള ഒരു ബന്ധം ഉണ്ടാകാനിടയില്ല. അവര്‍ മുഖാമുഖം തന്നെയാണ് നില്‍ക്കേണ്ടത്. കാരണം ജനാധിപത്യത്തെ മുന്നോട്ടു നയിക്കുന്നത്, നയിക്കേണ്ടത് രാഷ്ട്രീയ പ്രവര്‍ത്തകരാണെങ്കില്‍ ആ പ്രക്രിയയെ നിരന്തരമായി വീക്ഷിക്കുകയും വിമര്‍ശനവിധേയമാക്കുക.യും ജനങ്ങളെ അറിയിക്കുകയും ചെയ്യേണ്ടത് മാധ്യമങ്ങളാണ്. അതിനാല്‍ ഇവര്‍ക്കിടയില്‍ എന്നും പ്രശ്നങ്ങളുണ്ടാകും. പ്രത്യേകിച്ച് ഭരണത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും മാധ്യമങ്ങളും തമ്മില്‍. അതിനെ അങ്ങനെ തന്നെ മനസിലാക്കാണ് ശ്രമിക്കേണ്ടത്. എന്നാല്‍ നടക്കുന്നത് മറ്റൊന്നാാണ്.

ഒരു ഭരണകൂടം ഫാസിസ്റ്റാകുന്നുണ്ടോ എന്നു തിരിച്ചറിയാന്‍ അത് മാധ്യമസ്വാതന്ത്ര്യത്തോട് സ്വീകരിക്കുന്ന നിലപാടെന്താണെന്നു പരിശോധിച്ചാല്‍ മതിയെന്നു പറയാറുണ്ട്. ലോകത്തെവിടേയും അതങ്ങനെതന്നെയാണ്. മാധ്യമസ്വാതന്ത്ര്യത്തിന്റെ വിഷയത്തില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പുറകിലാണെന്നും അതാക്ടടെ അനുദിനം പുറകോട്ടുപോകുകയാണെന്നും എത്രയോ വാര്‍ത്തകള്‍ വന്നിരിക്കുന്നു. ഫാസിസവല്‍ക്കരിക്കപ്പെടുന്ന ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നു മറ്റെന്തു പ്രതീക്ഷിക്കാന്‍? എന്നാല്‍ അതിനെ നിരന്തരം വിമര്‍ശിക്കുന്നവരാണല്ലോ കേരളം ഭരിക്കുന്നത്. അവരുടേയും അവരെ പിന്തുണക്കുന്നവരുടേയും നിലപാടും വ്യത്യസ്ഥമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ലോകതലത്തില്‍ തന്നെ മാധ്യമസ്വാതന്ത്ര്യം അഗീകരിക്കുന്നതില്‍ ഇടതുപക്ഷം പുറകില്‍ തന്നെയാണെന്നതില്‍ സംശയമില്ല. ചരിത്രം പരിശോധിച്ചാല്‍ അതു വ്യക്തമാകും. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ എന്നറിയപ്പെട്ടിരുന്ന ഒരു രാജ്യത്തും മാധ്യമസ്വാതന്ത്ര്യം എന്തിന് രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും നിലവിലില്ല എന്നതാണല്ലോ വസ്തുത. പകരം സര്‍ക്കാര്‍ മാധ്യമങ്ങള്‍ മാത്രമാണുള്ളത്. അതുതന്നെയാണ് ഇവിടത്തെ ഇടതുപക്ഷക്കാരുടേയും ഉള്ളിലിരിപ്പ്, എന്നുവ്യക്തം. ഇവിടെ കൈരളിയും ദേശാഭിമാനിയും മാത്രം മതിയെന്നാണവര്‍ ആഗ്രഹിക്കുന്നത്. നിരന്തരം വെല്ലുവിളികള്‍ നേരിടുമ്പോഴും ഇന്ത്യയില്‍ ഇപ്പോഴും ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്നതുകൊണ്ടു മാത്രമാണ് ഇടതുപക്ഷം മാധ്യമസ്വാതന്ത്ര്യം അംഗീകരിക്കുന്നു എന്നു പറയുന്നത് എന്നതു കൂടി ഈ സംഭവവികാസങ്ങളുമായി കൂട്ടിവായിക്കേണ്ടതാണ്.

കുഞ്ഞിനെ കണ്ടെത്തുന്നതില്‍ ജനക്കൂട്ടവും തങ്ങളുടെ പങ്കുവഹിച്ചു എന്നത് ശരിയാണ്. എന്നാല്‍ പിന്നീട് ജനക്കൂട്ടത്തിന്റെ ഒരു ഭാഗത്തുനിന്നുണ്ടായ സമീപനം വളരെ അപലപനീയമാണ്. കുഞ്ഞിനെ തട്ടികൊണ്ടുപോയവരെ കൃത്യമായി കണ്ടില്ലെന്നു പറഞ്ഞവരുടെ വാക്കുകള്‍ കേട്ടാണല്ലോ പോലീസ് രേഖാചിത്രം തയ്യാറാക്കിയത്. മുമ്പ് തീവണ്ടി തീവെപ്പുകേസിലും അത്തരത്തില്‍ കുറ്റവാളിയുടെ മുഖവുമായി ഒരു സാദൃശ്യവുമില്ലാതത് രേഖാചിത്രം തയ്യാറാക്കിയിരുന്നു. ഇവിടെ ഈ രേഖാചിത്രത്തോട് സാമ്യമുണ്ടെന്നു ആക്രോശിച്ച് ഒരുവിഭാഗം ഷാജഹാന്‍ എന്ന വ്യക്തിയുടെ കുടില്‍ അക്രമിക്കുക.യുണ്ടായി. നിയമം കയ്യിലെടുക്കാന്‍ മടിക്കാത്ത ആള്‍ക്കൂട്ടത്തിന്റെ ഗുണ്ടായിസവും ഇസ്ലാമോഫോബിയയുമാണ് അതിലൂടെ പുറത്തുവന്നത് എന്നതു പറയാതിരിക്കാനാവില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply