കാതലും ക്വിയര്‍ സമൂഹത്തിന്റെ കേരളീയ ജീവിതവും

ആദ്യമായി ട്രാന്‍സ് ജെന്റര്‍ പോളിസി പ്രഖ്യാപിച്ചതിന്റെ പേരില്‍ കേരളം ട്രാന്‍സ് സൗഹൃദസംസ്ഥാനമാണെന്ന അവകാശവാദം നിരന്തരമായി കേള്‍ക്കുന്നതാണ്. എന്നാല്‍ ഔപചാരികമായി എന്തു പ്രഖ്യാപിച്ചാലും അതിന്റെ അന്തസത്ത പൂര്‍ണ്ണമായും അധികാരികളും ജനങ്ങളും ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ പ്രയോജനമുണ്ടാകില്ല. അതിനുദാഹരണമാണ് കേരളം.

കാതല്‍ എന്ന സിനിമയാണല്ലോ ചര്‍ച്ചാവിഷയം. ക്വിയര്‍ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളാണ് പ്രമേയമെന്നതും മമ്മുട്ടിയെപോലുള്ള താരം അഭിനയിക്കുന്നു എന്നതുമാണ് സിനിമയെ ഏറെ ശ്രദ്ധേയമാക്കാനുള്ള പ്രധാന കാരണം. ചിലരൊക്കെ അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം വരുന്ന എല്‍ ജി ബി ടി ഐ ക്യു വിഭാഗങ്ങള്‍ സിനിമയെ സ്വാഗതം ചെയ്യുന്നു. പലയിടത്തും അവര്‍ കേക്കുമുറിച്ചും പാട്ടുപാടിയും നൃത്തം ചെയ്തും സിനിമയെ ആഘോഷിക്കുകയാണ്. ലാല്‍ജോസും ദിലീപും ചേര്‍ന്ന് രൂപം കൊടുത്ത ചാന്തുപൊട്ട് എമ്മ സിനിമ തങ്ങളില്‍ സൃഷ്ടിച്ച മുറിവ് ഒരു പരിധിവരെ ഉണക്കാന്‍ ഈ സിനിമയിലൂടെ ജിയോബേബിക്കും മമ്മുട്ടിക്കും കഴിഞ്ഞതായാണ് ക്വിയര്‍ സമൂഹത്തിലെ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.

തീര്‍ച്ചയായും ചാന്തുപൊട്ടില്‍ നിന്ന് കാതലിലെത്തുമ്പോള്‍ ക്വിയര് മനുഷ്യരോട് കേരളീയസമൂഹത്തിനുള്ള മനോഭാവത്തില്‍ കുറെ മാറ്റങ്ങളെല്ലാം വന്നിട്ടുണ്ട്. അതിനാലാണ് സിനിമയിലും ഈ മാറ്റം വരുന്നത്.. അപ്പോഴും അവര്‍ ദൈനംദിനം നേരിടുന്ന അവഹേളനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും കാര്യമായ കുറവു വന്നിട്ടുണ്ടെന്നു പറയാനാകില്ല. ആദ്യമായി ട്രാന്‍സ് ജെന്റര്‍ പോളിസി പ്രഖ്യാപിച്ചതിന്റെ പേരില്‍ കേരളം ട്രാന്‍സ് സൗഹൃദസംസ്ഥാനമാണെന്ന അവകാശവാദം നിരന്തരമായി കേള്‍ക്കുന്നതാണ്. എന്നാല്‍ ഔപചാരികമായി എന്തു പ്രഖ്യാപിച്ചാലും അതിന്റെ അന്തസത്ത പൂര്‍ണ്ണമായും അധികാരികളും ജനങ്ങളും ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ പ്രയോജനമുണ്ടാകില്ല. അതിനുദാഹരണമാണ് കേരളം. ട്രാന്‍സ് മനുഷ്യരോടുള്ള സമീപനത്തില്‍ മിക്കവാറും സംസ്ഥാനങ്ങളേക്കാള്‍ എത്രയോ പുറകിലാണ് കേരളം. അന്തസ്സോടെ ജീവക്കാന്‍ കഴിയാത്തതിനാല്‍ തന്നെ എത്രയോ ട്രാന്‍സ് മനുഷ്യരാണ് ഇപ്പോഴും സംസ്ഥാനത്ത് ജീവനൊടുക്കുന്നത്.

ഭൂരിപക്ഷത്തിനും ശക്തരായവര്‍ക്കുമുള്ളതാണ് ജീവിതം, ന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബ്ബലര്‍ക്കുമുള്ളതല്ല എന്ന പൊതുബോധം തന്നെയാണ് പ്രധാന പ്രശ്നം. കഴിവുള്ളവര്‍ അതിജീവിക്കുമെന്ന തിയറിയൊന്നും സാമൂഹ്യജീവിതത്തിനു ബാധകമല്ല. ന്യൂനപക്ഷങ്ങളും ദുര്‍ബ്ബലരുമൊക്കെ എങ്ങനെ ജീവിക്കുന്നു എന്നതിലാണ് ഒരു നാടിന്റെ പുരോഗതി മനസ്സിലാക്കാനാകുക. സര്‍ക്കാര്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് അഡ്മിഷനൊരുക്കിയപ്പോള്‍ മഹാരാജാസില്‍ പ്രവേശനം നേടിയവരില്‍ ഒരാള്‍, കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ബോഡി ബില്‍ഡര്‍ ആയി കഠിനാദ്ധ്വാനത്തിലൂടെ മിസ്റ്റര്‍ തൃശൂരും മിസ്റ്റര്‍ കേരള പട്ടവും നേടിയ ഒരാള്‍, ഇന്റര്‍നാഷണല്‍ ബോഡി ബില്‍ഡിംഗ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഒരാള്‍, ആക്ടിവിസ്റ്റായ ഒരാള്‍, ഒരുപാട് സുഹൃത്ത് വലയം.. ഇതെല്ലാമായിരുന്ന പ്രവീണ്‍ എന്ന ട്രാന്‍സ്മാന്‍ പോലും അതിജീവിക്കാനാവതെ ഏതാനും മാസംമുമ്പ് ആത്മഹത്യ ചെയതത് വലിയ വാര്‍ത്തയായിരുന്നല്ലോ. അധിക്ഷേപങ്ങളും പരിഹാസങ്ങളും പലവിധം സഹിച്ചാണ് താന്‍ ജീവിക്കുന്നതെന്ന് പലവട്ടം പ്രവീണ്‍ പറഞ്ഞിരുന്നു. ‘തോറ്റു കൊടുക്കാന്‍ മനസില്ല എന്ന ആത്മവിശ്വാസത്തോടെ തന്നെ മുന്നോട്ട് പോകുന്നു . ഞാന്‍ എപ്പോഴും പറയാറുള്ളതുപോലെ ഇതൊരു തുടക്കം മാത്രം ആണ്.. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാന്‍ ഉണ്ട്… ‘ എന്നൊക്കെ സമൂഹത്തോട് വിളിച്ചു പറഞ്ഞ വ്യക്തിയായിരുന്നു പ്രവീണ്‍. ഈ സാഹചര്യത്തലിാണ് കാതല്‍ എന്ന സിനമ പോലും ഒരു പ്രതീക്ഷയാകുന്നത്.

കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഏറെ കാലം അദൃശ്യരായിരുന്നു. പലരും രാജ്യത്തെ വന്‍നഗരങ്ങളിലായിരുന്നു. പലരും തങ്ങളുടെ അസ്തിത്വം മറച്ചുവെച്ചായിരുന്നു ഇവിടെ ജീവിച്ചത്. എന്നാലിന്നവരില്‍ വലിയൊരു വിഭാഗം പിറന്ന മണ്ണില്‍ മറ്റുള്ളവരെപോലെ മനുഷ്യരായി ജീവിക്കാനുള്ള പോരാട്ടത്തിലാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിമത ലൈംഗിക പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ചാണ് കേരളത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുണ്ടായത്. അതിന്റെ ഫലമായി പല കൂട്ടായ്മകളും കേരളത്തില്‍ ഉടലെടുത്തു. ഇവരോടൊപ്പം ഒരു കൂട്ടം സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരുമാണ് കേരളത്തിലെ ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുഖ്യധാരയിലേക്കെത്തിക്കുന്നത്. വസ്തുതാന്വേഷണപഠനങ്ങള്‍, ലിംഗനീതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, സംവാദങ്ങള്‍, സെമിനാറുകള്‍, ചലച്ചിത്രമേളകള്‍, സമുദായാംഗങ്ങളുമായുള്ള കൂടിക്കാഴ്ച്ചകളും പങ്കുവെക്കലുകളും, പ്രൈഡ്, റാലികള്‍, പ്രതിഷേധപ്രകടനങ്ങള്‍ തുടങ്ങി നൂറുകണക്കിനു പരിപാടികള്‍ അതിനായി സംഘടിപ്പിച്ചു. ഇപ്പോഴുമവ തുടരുന്നുണ്ട്. പക്ഷെ പ്രതീക്ഷിച്ച ഫലം ഉണ്ടാകുന്നില്ല.

വീട്ടില്‍ നിന്നേ തുടങ്ങുന്ന വിവേചനങ്ങളും അതിക്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ആശുപത്രികളിലും പൊതുയിട ങ്ങളിലുമെല്ലാം നിലനില്‍ക്കുന്ന സാമൂഹ്യചുറ്റുപാടിലാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് കേരളത്തില്‍ ജീവിക്കേണ്ടി വരുന്നത്. ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം, കേരളീയ സമൂഹത്തില്‍ പൊതുവെ നില നില്‍ക്കുന്ന സ്ത്രീവിരുദ്ധവും ആണ്‍കോയ്മയിലധിഷ്ഠിതമായ യാഥാസ്ഥിതിക ധാരണകള്‍, ലൈംഗികതയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ ഇവയൊക്കെ ഇവര്‍ക്കെതിരായുള്ള വിവേചനങ്ങള്‍ക്ക് പശ്ചാത്തലമാകുന്നു. നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത മൂലവും അല്ലാതേയും പലപ്പോഴും നിയമപാലകരുടെ വരെ സദാചാരപോലീസിങ്ങിന് ഇവര്‍ ഇരകളാവേണ്ടി വരുന്ന സാഹചര്യങ്ങളും കുറവല്ല.

സത്യത്തില്‍ 1980കള്‍ക്കുശേഷം കേരളത്തില്‍ രൂപം കൊണ്ട നവരാഷ്ട്രീയത്തിന്റെ വിവിധ ധാരകള്‍ രൂക്ഷമായ പ്രതിസന്ധി നേരിടുമ്പോള്‍, ഇപ്പോഴും യൗവനം കാത്തുസൂക്ഷിക്കുന്ന ഒന്നാണ് ക്വിയര്‍ രാഷ്ട്രീയം. വാസ്തവത്തില്‍ ക്വിയര്‍ മനുഷ്യര്‍ എന്നതിന്റെ അര്‍ത്ഥം പോലും അറിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. അധികാരത്തിലിരിക്കുന്നവരുടെ അവസ്ഥ പോലും വ്യത്യസ്ഥമല്ല. ട്രാന്‍സ്ജെന്റര്‍ എന്ന പദം വരെയാണ് മിക്കവര്‍ക്കും പരമാവധി അറിയുക. സര്‍ക്കാര്‍ രേഖകളിലും പരമാവധിയുള്ളത് അതാണ്. സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളും ക്ഷേമപദ്ധതികളും പരമാവധി അവര്‍ക്കുവേണ്ടിയാണ്. ട്രാന്‍സ്ജെന്റര്‍ പോളിസി പ്രഖ്യാപിക്കുകയും ട്രാന്‍സ്ജെന്റര്‍ ബോര്‍ഡ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്്. അപേക്ഷാഫോമുകളിലും വോട്ടേഴ്സ് ലിസ്റ്റിലുമൊക്കെ ആ പദം ഉപയോഗിക്കുന്നുണ്ട്. അത്രയും നന്ന്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്നാല്‍ വ്യത്യസ്ഥ ലിംഗ – ലൈംഗിക അഭിരുചിയുള്ള വിഭാഗങ്ങള്‍ നിരവധിയാണെന്നതാണ് വസ്തുത. LGBTIQ+ എന്ന ചുരുക്കെഴുത്തില്‍ അവരെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും അതുപോലും അപര്യാപ്തമാണ്. അങ്ങനെയാണ് അവരെയെല്ലാം ഏറെക്കുറെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന ക്വിയര്‍ എന്ന പദം രൂപപ്പെടുന്നത്. ഭൂരിപക്ഷത്തില്‍ നിന്നും വ്യത്യസ്തമായ ലൈംഗികചായ്വോ (Sexual orientation) ലിംഗതന്മയോ (Gender Identity) ഉള്ള ന്യൂനപക്ഷത്തെ വിളിക്കുന്ന പേരാണ് Queer/ക്വിയര്‍. നീതിക്കും തുല്ല്യതക്കുമായുള്ള സ്ത്രീകളുടേയും പിന്നീട് ട്രാന്‍സ് സമൂഹത്തിന്റേയും പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ക്വിയര്‍ സമൂഹം നടത്തുന്ന പോരാട്ടങ്ങളും. കാതല്‍ എന്ന സിനിമ തങ്ങളുടെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു എന്നാണ് ക്വിയര്‍ ആക്ടിവിസ്റ്റുകളില്‍ ഭൂരിഭാഗവും പറയുന്നത്.

ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന മുഴുവന്‍ മനുഷ്യാവകാശങ്ങളും ഭിന്നലിംഗക്കാര്‍ക്കും ലഭ്യമാകുക തന്നെ വേണം. അതിനായി നിയമപരമായിതന്നെ എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കണം. നിയമം നടപ്പാക്കാന്‍ ശക്തമായ നടപടികളും വേണം. ബലാല്‍സംഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇവരെ പരാമര്‍ശിക്കുന്നതേയില്ല എന്നതും പ്രധാനമാണ്. ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടവരെ സീരിയലുകളിലും സിനിമകളിലും ഉള്‍പ്പെടെ മോശമായി ചിത്രീകരിക്കുന്നത് കുറ്റമാക്കുന്ന നിയമം കൊണ്ടുവരണം. എല്ലാറ്റിനുമുപരിയായി ഇന്നത്തെ അവസ്ഥയില്‍ ജനപ്രതിനിധികളായി ഇവര്‍ തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത കുറവായതിനാല്‍ ജനപ്രതിനിധിസഭകളില്‍ ഇവരുടെ പ്രതിനിധികളെ നോമിനേറ്റ് ചെയ്യണം. തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണം വേണം. ആരോഗ്യകരമായ ലൈംഗികവിദ്യാഭ്യാസം ലഭിക്കുന്നതിന് ലൈംഗികത, ലിംഗഭേദങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവുകള്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ ജീവശാസ്ത്ര പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണം ഗവണ്‍മെന്റ് ജോലികളുമായി ബന്ധപ്പെട്ടും ഉപരിപഠനവുമായി ബന്ധപ്പെട്ടുമുള്ള ഫോമുകളിലും പരീക്ഷകളിലും ക്ര്വിയര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രത്യേക സംവരണം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ഈ രംഗത്തുള്ളവര്‍ ഉന്നയിക്കുന്നുണ്ട്. അതിനോട് ക്രിയാത്മകസമീപനമാണ് നാം സ്വീകരിക്കേണ്ടത്. മമ്മുട്ടി അഭിനയിക്കുന്നതു കൊണ്ടാകരുത്, ഇത്തരത്തിലുള്ള ക്രിയാത്മക നടപടികള്‍ സ്വീകരിക്കുന്നതിലൂടെയാകണം കേരളം കാതല്‍ എന്ന സിനിമയേയും സ്വീകരിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply