യു എന്‍ പ്രമേയത്തിലല്ല, ചോരപ്പുഴയിലാണ് ഇസ്രായേല്‍ രൂപം കൊണ്ടത്

മൂന്നു വയസുള്ള കുട്ടി ഇസ്രായേല്‍ പട്ടാളക്കാരനെ കണ്ട് കല്ലെടുക്കുന്നു. അവനെ പിടികൂടിയ പട്ടാളം ആരാണ് കല്ലെറിയാന്‍ പഠിപ്പിക്കുന്നത് എന്നു ചോദിക്കുന്നു. ഇക്കയാണെന്ന് അവന്‍ പറയുന്നു. ഇക്കയെ പിടിക്കാനായി വന്‍സന്നാഹത്തോടെ പട്ടാളം പോകുന്നു. അവര്‍ കണ്ടത് മണ്ണപ്പമുണ്ടാക്കി കളിക്കുന്ന നാലുവയസുകാരന്‍ ഇക്കയെയാണ്. നാലുവയസുകാരന്‍ മൂന്നുവയസുകാരനെ വിമോചനത്തിന്റെ പാഠം പഠിപ്പിക്കുന്ന ലോകത്തെ ഏകരാഷ്ട്രമാണിന്ന് പാലസ്തീന്‍.

ഇസ്രായേല്‍, പാലസ്തീന്‍ ജനതക്കെതിരായി നടത്തുന്ന യുദ്ധവും യുദ്ധനിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ടുള്ള കൂട്ടക്കൊലകളും തുടരുകയാണ്. അതേസമയം അതിനെതിരായ പ്രതിഷേധങ്ങളും ലോകമെങ്ങും നടക്കുന്നുണ്ട്. ജറുസലേമില്‍ പോലും സയണിസ്റ്റ് ഭികരതക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നു. ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് 30 വര്‍ഷം യു എന്റെ മനുഷ്യാവകാശപ്രവര്‍ത്തനത്തിനു നേതൃത്വം വഹിച്ച ക്രെയ്ഗ് എന്ന ഉദ്യോഗസ്ഥന്‍ രാജിവെച്ചു. കണ്ണു നനയാതെ അദ്ദേഹത്തിന്റെ രാജികത്ത് വായിക്കാനാവില്ല.. ലോകം സയണിസ്റ്രുകളുടെ അലര്‍ച്ചകള്‍ക്കും മനുഷ്യരുടെ നിലവിളികള്‍ക്കുമിടയില്‍ നടുങ്ങി നില്‍ക്കുമ്പോള്‍ അതൊന്നും കേള്‍ക്കാത്ത യു എന്‍ എന്തിന് നിലനില്‍ക്കണമെന്നും പിരിച്ചുവിട്ടുകൂടെ എന്നും അദ്ദേഹം ചോദിക്കുന്നു. ഇതേ ചോദ്യം ചോദിച്ച് അമേരിക്കയിലും ഉന്നത ഉദ്യോഗസ്ഥര്‍ രാജിവെച്ചിട്ടുണ്ട്. ഇസ്രായലിനകത്തുതന്നെ ഇസ്ലാം, കൃസ്ത്യന്‍, ജൂത, മതവിശ്വാമില്ലാത്തവര്‍ എന്നീ വിഭാഗങ്ങളെല്ലാം ഐക്യപ്പെട്ട് സയണിസ്റ്റ് ഭീകരതക്കെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഇസ്രായേല്‍ എന്ന രാജ്യം വംശഹത്യയുടെ പാഠപുസ്തകമാണ്.. ഒരുപേജ് വായിച്ചാല്‍ തന്നെ അത് മനസ്സിലാകും മനുഷ്യത്വത്തിനെതിരായ ഏറ്റവും വലിയ കടന്നാക്രമണമാണ് അവര്‍ നടത്തുന്നത്. ആ വാര്‍ത്തകള്‍ പക്ഷെ വേണ്ട വിധം പുറത്തു വരുന്നില്ല. ധീരമായ നിലപാടുള്ളവരെ മാധ്യമങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുന്നില്ല. ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന കൂട്ടകൊലകളെ കുറിച്ച് നമ്മളേറെ വായിച്ചറിഞ്ഞതാണ്. അവിടെ ഇപ്പോഴത്തെ തലമുറകള്‍ പോലും അതിന്റെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്നവരാണ് ഹിബാകുഷ് എന്നാണവര്‍ അറിയപ്പെടുന്നത്. അന്ന് ബോംബു പൊട്ടുന്ന വേളയില്‍ അധ്യാപകര്‍ കുട്ടികളോട് പറഞ്ഞത് നിങ്ങള്‍ നിങ്ങളുടെ പേരു ഉച്ചത്തില്‍ പറഞ്ഞുവേണം പോകാനെന്നായിരുന്നു. കാരണം ആണവവികിരണത്തില്‍ ശരീരം ഉരുകിതീരുന്ന അവസ്ഥയായിരുന്നു. മാതാപിതാക്കള്‍ക്കുപോലും തിരിച്ചറിയാനാവാത്ത വിധം. അന്ന് .ദൃശ്യമാധ്യമങങള്‍ ഇല്ലായിരുന്നു.. ഇന്ന് നമ്മുടെ കണ്‍മുന്നില്‍ ഒരു നാട് കത്തിയെരിയുകയാണ്. സാമാന്യ യുദ്ധ നിയമങ്ങളും മര്യാദകളും പോലും പാലിക്കാത്ത അഭയാര്‍ത്ഥി ക്യാമ്പുകളും ആശുപത്രികളും സ്‌കൂളുകളും ആക്രമിക്കുന്നു. അഭയാര്‍ത്ഥികളേയും രോഗികളേയും കുട്ടികളേയും പോലും കൊന്നൊടുക്കുന്നു. അതിലൂടെ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളാണ്, ജനാധിപത്യ മൂല്യങ്ങളാണ് തകര്‍ക്കുന്നത്. യുദ്ധം അനിവാര്യമായാലും വലിച്ചെറിയാന്‍ പാടില്ലാത്ത മൂല്യങ്ങളാണവ.

വാസ്തവത്തില്‍ നടക്കുന്നത് യുദ്ധമല്ല. വംശഹത്യയാണ്. ഒരു ജനതയെ ലോകത്തിന്റെ കണ്ണില്‍ വെച്ച് തുടച്ചുനീക്കുന്നു. സയണിസം ജൂതമതമല്ല, ജൂതമതരഷ്ട്ര വാദവുമായി ബന്ധപ്പെട്ടും സാമ്രാജ്യത്വവുമായി ബന്ധപ്പെട്ടുമുള്ള ഭീകരതയുടെ പ്രത്യയശാസ്ത്രമാണത്. അതിനെതിരായ നിരവധി സംഘടനകളുടെ ഐക്യമുന്നണിയായിരുന്നു പിഎല്‍ഒ. .ഇസ്രായേലിനെ ഒറ്റപ്പെടുത്തുക. എന്ന ഒറ്റ അജണ്ടയായിരുന്നു അതിനുണ്ടായിരുന്നത്. ഇപ്പോഴത്തെ അവസ,്ഥ കൂടുതല്‍ ഭീകരമാണ്. ഇപ്പോഴത് അധിനിവേശം മാത്രമല്ല, വംശഹത്യ കൂടിയാണ്. അതിനെതിരെ ലോകം നിഷ്‌ക്രിയമായാല്‍ ഒരിക്കലും ഉണ്ടാകാത്ത വിധം ഒരു ജനത ഇല്ലാതാകും. ഇസ്രായേല്‍ വംശഹത്യയുടേതാണെങ്കില്‍ പാലസ്തീന്‍ പ്രതിരോധത്തിന്റെ പാഠപുസ്തകമാണിന്ന്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പാലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമ്പോള്‍ നാം തിരിച്ചറിയേണ്ട മറ്റൊന്നുണ്ട്. നിരന്തരമായ ജാഗ്രതയും പ്രതിരോധുമില്ലെങ്കില്‍ ഇവിടേയും സംഭവിക്കാവുന്ന അപകടങ്ങളെ മനസ്സിലാക്കലാണത്. പാലസ്തീന്‍ എന്ന പാഠപുസ്തകം അതിനു സഹായിക്കും. പാലസ്തീന്‍ എന്ന അറബികളുടെ രാജ്യത്തില്‍ പലപല മത വിശ്വാസികളുമുണ്ടായിരുന്നു. അവരെല്ലാം സൗഹൃദത്തോടെ ജീവിച്ചുപോന്ന, എത്രയോ പഴക്കമുള്ള രാഷ്ട്രം. ആ രാഷ്ട്രമാണ് 1948 മെയില്‍ തുടച്ചുനീക്കപ്പെട്ടത്. ഒരു കാര്യം ഉറപ്പ്… ഇസ്രായേല്‍ പൊലൊരു രാജ്യം ലോകത്തില്ല. രണ്ടു തരത്തിലാണ് ലോകത്ത് ദേശരാഷ്ട്രങ്ങള്‍ രൂപപ്പെട്ടത്. ഒന്ന് പൊതുവായി സംസാരിക്കുന്ന ഭാഷ, .ജീവിക്കുന്ന പ്രദേശം, ഉല്‍പ്പാദന പ്രവര്‍ത്തനത്തില്‍ പങ്കെടുക്കല്‍, സാംസ്‌കാരികമായ ഐക്യം.. ഇതിന്റെയെല്ലാം തുടര്‍ച്ച. രണ്ടാമത് ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും മറ്റും രാഷ്ട്രങ്ങള്‍ രൂപംകൊണ്ട വിധമാണ്. തങ്ങളെ കീഴടക്കിയ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കെതിരായ പോരാട്ടത്തിലൂടെ പൊരുതുന്ന ജനങ്ങള്‍ക്കിടയിലെ ഐക്യത്തില്‍ നിന്നാണത്. അതാണ് മൂന്നാം ലോകകരാജ്യങ്ങളിലെ ദേശീയത എന്നു പൊതുവില്‍ പറയുന്നത്.എന്നാല്‍ . ഇസ്രായേല്‍ എന്ന രാഷ്ട്രം ഇതല്‍ രണ്ടിലും പെടില്ല. മറിച്ച് ഭീകരതയില്‍ നിന്നാണത് രൂപം കൊണ്ടത്.

1942ല്‍ ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തില്‍ നിന്നാണ് ഈ കൃത്രിമ ഭീകരരാഷ്ട്രം നിലവില്‍ വന്നത് എന്നാണല്ലോ പൊതുവില്‍ കരുതപ്പെടുന്നത്. പ്രാഥമികമായി അത് ശരിയാണ്. പക്ഷെ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇസ്രായേല്‍ നിലവില്‍ വരുന്നത് ഈ പ്രമേയത്തിലല്ല എന്നു കാണാം. മറിച്ച പാലസ്തീന്‍ ജനതയുടെ ചോരപുഴയിലാണ്. ഇസ്രായേല്‍ വംശഹത്യയും പാലസ്തീന്‍ പ്രതിരോധവും ആരംഭിക്കുന്നത് 2023 ഒക്ടോബര്‍ എഴിനല്ല. എന്നാല്‍ ആണെന്നു തോന്നുന്ന രീതിയിലുള്ള പലരും അവതരിപ്പിക്കുന്നത്. ചരിത്രബോധമില്ലായ്മയാണത്.

ഒക്ടോബര്‍ ഏഴുമായി ബന്ധപ്പെട്ട് ഹമാസ് കുട്ടികളുടെ കഴുത്തറക്കുന്നു തുടങ്ങിയ വാര്‍ത്തകളുടെ സ്രോതസ് എന്താണ്? ജോ ബൈഡന്‍ പോലും ആദ്യം കണ്ടു, പിന്നെ കേട്ടു, പിന്നെ ഇല്ല എന്ന മട്ടിലാണല്ലോ ഇക്കാര്യം പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റിനെ കൊണ്ടുപോലും ഇത്തരത്തില്‍ പറയത്തക്ക രീതിയില്‍ ഈ വാര്‍ത്ത ആരാണ് നട്ടുപിടിപ്പിച്ചത്? മാധ്യമങ്ങള്‍ക്ക് കാഴ്ചയെ മറച്ചുവെക്കുന്നതിലും തെളിച്ചു കാട്ടുന്നതിലും വലിയ പങ്കുണ്ട്. 1997 ഡിസംബര്‍ ഒന്നിന് ഒരു പ്രത്യേക മാധ്യമ സ്ഥാപനം നിലവില്‍ വന്നിരുന്നു. മെമ്രി.. (middle east media research). അത് രൂപപ്പെടുത്തിയത് ഇസ്രായേല്‍ മിലിട്ടറി ഇന്റലിജന്‍സ്. ഹെഡ് ഓഫീസ് വാഷിംഗ് ടണില്‍. ലക്ഷ്യം പാലസ്തീനെ ഭീകരരായും ഇസ്രായേലിന ജനാധിപത്യരാജ്യമായും അവതരിപ്പിക്കല്‍. കേരളത്തില്‍ പോലും ചില മാധ്യമങ്ങളില്‍ അങ്ങനെ വരുന്നുണ്ടല്ലോ. ഇസ്രായേലിനെ അത്ഭുതരാജ്യമെന്ന മട്ടില്‍ പോലും അവതരിപ്പിക്കുന്നുണ്ട്. എന്നാലതിനെ കൃത്രിമരാഷ്ട്രമെന്നോ ഭീകരരാഷ്ട്രമെന്നോ ആരും അവതരിപ്പിക്കുന്നില്ല.

ലോകത്തൊരിടത്തും സംഭവിക്കാത്ത രീതിയില്‍ ഭീകരസംഘടനകള്‍ സൈന്യത്തില്‍ ലയിച്ചുണ്ടായ രാജ്യമാണ് ഇസ്രായേല്‍. . ലോകത്തെവിടേയും പട്ടാളങ്ങള്‍ ഭീകരതകളോട് ഏറ്റുമുട്ടുമ്പോള്‍ ഇസ്രായേലില്‍ സംഭവിച്ചത് തിരിച്ചാണ്. ജനാധിപത്യ ജാഗ്രത പാലിക്കുന്നില്ലെങ്കില്‍ ബജറംഗദളൊക്കെ ഇന്ത്യന്‍ ആര്‍മിയുടെ റെജിമെന്റായി ഉണ്ടാകാവുന്ന അവസ്ഥ ആലോചിച്ചാല്‍ മതി.. ഐക്യരാഷ്ട്രസഭ പ്രമേയത്തിലല്ല ഇസ്രായേല്‍ ഉണ്ടയത് മറിച്ച് ഭീകര സംഘടനകള്‍ നടത്തിയ കൂട്ട ആക്രമണത്തിലാണ്. 1948 ഏപ്രില്‍ 9നു നടന്ന കൂട്ടക്കൊല തന്നെ ഉദാഹരണം. അനാക്രമണ സന്ധി പോലും നിലവിലുണ്ടായിരുന്നു. എന്നിട്ടും അക്രമണം നടന്നു. അന്നത്തെ ഭീകരസംഘടനാ നേതാവ് പിന്നീട് പ്രധാനമന്ത്രിയാകുകയും സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടുകയും ചെയ്തു. ആ കൂട്ടക്കൊലയെ കുറിച്ച് ചോദിച്ചപ്പോള്‍ അത്തരമൊന്ന് ഇല്ലായിരുന്നെങ്കില്‍ ഇസ്രായേല്‍ ഉണ്ടാകുമായിരുന്നില്ല എന്നായിരുന്നു മറുപടി. അതാണ് വാസ്തവം. സത്യത്തില്‍ ഈ കൂട്ടക്കൊലക്ക് നിയമപ്രാബല്യം നല്‍കുകയാണ് യു എന്‍ ചെയ്തത്. പക്ഷെ അതിനൊരു പശ്ചാത്തലം ഉണ്ടായിരുന്നു. ലോകമെങ്ങും യഹൂദര്‍ ഒരു പ്രത്യേക മതവിഭാഗം എന്ന നിലയില്‍ പീഡിപ്പിക്കപ്പെട്ടിരുന്നു എന്നതാണത്. എന്നാല്‍ അത്തരം പീഡനങ്ങള്‍ക്കുപോലും സയണിസം പ്രോത്സാഹനം നല്‍കി എന്ന വിമര്‍ശനവുമുണ്ട്. കാരണം സയണിസ്റ്റുകള്‍ക്ക് രാജ്യം കിട്ടാനായി ലോകത്തെവിടേയും ജൂതര്‍ക്ക് രക്ഷയില്ലെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. അങ്ങനെ എല്ലാവരും കൃത്രിമ രാജ്യത്തെത്തണമായിരുന്നു.

ജൂതരല്ല സത്യത്തില്‍ സയണിസം. ഹിന്ദുത്വമല്ല ഹിന്ദുക്കള്‍ എന്നുപറയുന്നപോലെതന്നെ. സയണിസത്തിന്റെ അടിസ്ഥാനമായ തത്വങ്ങള്‍ക്ക് രൂപം കൊടുത്തവര്‍ പലരും മതവിശ്വാസികളല്ല. ഹിന്ദുത്വത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ വിശദീകരിക്കുന്ന Essentitas of Hinduism രചിച്ച സവര്‍ക്കര്‍ വിശ്വാസിയല്ലാത്ത പോലെതന്നെ. മറിച്ച് വംശീയവാദികളായിരുന്നു. രണ്ടു മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലല്ല ഇസ്രായേല്‍ വംശഹത്യ പഠിക്കപ്പെടേണ്ടത്. ഭീകരസംഘടന പട്ടാളമായി തീര്‍ന്ന രാജ്യമെന്ന നിലക്കാണ്. ബ്രിട്ടന്‍ സാമ്രാജ്യത്വമായിരിക്കെ തന്നെ ലിബറല്‍ ജനാധിപത്യത്തിന്റെ പശ്ചാത്തലം അതിനുണ്ടായിരുന്നു. ഇന്നും ബിബിസിയെ കുറിച്ചു പറയുമ്പോള്‍ അത്തരം സൗജന്യം ലഭിക്കുന്നുണ്ടല്ലോ. എന്നാല്‍ എന്‍സൈക്ലോപീഡിയോ ബ്രിട്ടാനിക്ക പോലും ഇസ്രായലിന് 11 കോളം നല്‍കുമ്പോള്‍ പാലസ്തീന് നല്‍കുന്നത് മൂന്നു കോളം മാത്രമാണ്. ചിത്രം പോലുമില്ല. ലോകമെങ്ങുമുള്ള എല്ലാ മാധ്യമങ്ങളിലും അത്തരത്തില്‍ ചിത്രീകരിച്ചായിരുന്നു ഇസ്രായേല്‍ ആധിപത്യം നേടിയത്. പ്രതിരോധം വൈകിയാണ് വന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാലസ്തീന്‍ ജനതക്ക് മൂന്നു ശക്തികളോട് ഏറ്റുമുട്ടേണ്ടി വന്നിരുന്നു. തുര്‍ക്കിക്കെതിരെ. പിന്നെ ബ്രിട്ടനെതിരെ തുടര്‍ന്ന് സയണിസത്തിനെതിരെ. കാര്യമായി ആരുടേയും പിന്തുണയില്ലാതെയായിരുന്നു ഈ പോരാട്ടങ്ങള്‍. പ്രധാന രാഷ്ട്രങ്ങളെല്ലാം ഇസ്രായലിനൊപ്പമായിരുന്നു. അവര്‍ മധ്യപൗരസ്ത്യ ദേശത്തെ അമേരിക്കയാണ്. ഏറ്റവും വലിയ സൈന്യം., ഏറ്റവും വലിയ ചാരസംഘടന, ഈ മേഖലയിലെ ആണവരാഷ്ട്രം. മൊസാദ് എന്ന ചാരസംഘടനയെ കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍ അവര്‍ക്ക് ഒരുപാട് ആഭ്യന്തര ചാരസംഘടനകളുണ്ട്. ക്ലാസ് മുറികളില്‍ അധ്യാപകര്‍ പാലസ്തീനെ കുറിച്ച് പറയുന്നുണ്ടോ എന്നു നിരീക്ഷിക്കുന്ന കുട്ടിചാരന്മാര്‍ പോലുമുണ്ട്. അതെകുറിച്ച് സൂസന്‍ നാഥന്‍ രചിച്ച Other side of Israyel എന്ന പുസ്തകത്തില്‍ വിശദമായി പറയുന്നുണ്ട്. സൂസന്‍ നാഥന്‍ ജൂതമതവിശ്വാസിയാണ്. എന്നാല്‍ സയണിസത്തിന് എതിരാണ്.

പതിറ്റാണ്ടുകളായി അക്രമണം നടത്തിയിട്ടും ഇസ്രായേലിന് തകര്‍ക്കാനാവാത്തത് പാലസ്തീന്‍ അഭയാര്‍ത്ഥി തലമുറയുടെ ഓര്‍മ്മകളാണ്. പാലസ്തിന്‍ കുട്ടികളുടെ ഓര്‍മ്മയില്‍ പോലും നാലു തലമുറകള്‍ക്കപ്പുറത്ത് 1948ല്‍ എന്താണ് സംഭവിച്ചത് എന്നതുണ്ട്. എവിടെ പാലസ്തീന്‍ എന്നു ചോദിച്ചാല്‍ കുട്ടികള്‍ ഭൂപടത്തില്‍ തൊട്ടുകാണിക്കുക ഇസ്രായേലിനെയാണ്. സ്മരണകള്‍ നയിക്കുന്ന സമരമാണ് പാലസ്തീന്റേത്. ഒരുദാഹരണം പറയാം. മൂന്നു വയസുള്ള കുട്ടി ഇസ്രായേല്‍ പട്ടാളക്കാരനെ കണ്ട് കല്ലെടുക്കുന്നു. അവനെ പിടികൂടിയ പട്ടാളം ആരാണ് കല്ലെറിയാന്‍ പഠിപ്പിക്കുന്നത് എന്നു ചോദിക്കുന്നു. ഇക്കയാണെന്ന് അവന്‍ പറയുന്നു. ഇക്കയെ പിടിക്കാനായി വന്‍സന്നാഹത്തോടെ പട്ടാളം പോകുന്നു. അവര്‍ കണ്ടത് മണ്ണപ്പമുണ്ടാക്കി കളിക്കുന്ന നാലുവയസുകാരന്‍ ഇക്കയെയാണ്. നാലുവയസുകാരന്‍ മൂന്നുവയസുകാരനെ വിമോചനത്തിന്റെ പാഠം പഠിപ്പിക്കുന്ന ലോകത്തെ ഏകരാഷ്ട്രമാണിന്ന് പാലസ്തീന്‍. ഉപ്പയും ഉമ്മയും ഇക്കയുമെല്ലാം നഷ്ടപ്പെട്ട്, അവരുടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയിടത്ത് ഒറ്റക്കിരിക്കുന്ന പാലസ്തീന്‍ കുട്ടി പ്രതിരോധത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ്.

(പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമിതി തൃശൂരില്‍ സംഘടിപ്പിച്ച റാലിയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply