മരണമാണ് ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത്

(പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും പാഠഭേദവും ചേര്‍ന്ന് തൃശൂരില്‍ സംഘടിപ്പിച്ച ഡെത്ത് കഫേക്ക് ആമുഖമായി നടത്തിയ പ്രഭാഷണം)

പങ്കെടുക്കുന്ന എല്ലാവരുടെയും മനസ്സ് ശാന്തമായിരിക്കുകയും സന്തോഷവും സമാധാനവും നിറഞ്ഞിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ മാത്രമേ മരണത്തെക്കുറിച്ചുള്ള സംഭാഷണം അര്‍ത്ഥവത്താവുകയുള്ളൂ. ഒരു കാപ്പിയും കേക്കും കഴിച്ചുകൊണ്ട്, ശാന്തമായി മരണത്തെക്കുറിച്ച് തുറന്ന് സംസാരിക്കുക എന്നതാണ് ‘ഡെത്ത് കഫേ’കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇതില്‍ വലിയ തത്വങ്ങളോ വാദപ്രതിവാദങ്ങളോ ഒന്നുമില്ല. എങ്ങനെയാണ് മരണം നമ്മളെയൊക്കെ ബാധിക്കുന്നത്? നമ്മള്‍ കണ്ട മരണങ്ങള്‍ എങ്ങനെയുള്ളതായിരുന്നു? മരണത്തെക്കുറിച്ചുള്ള നമ്മുടെ ആശയങ്ങള്‍ എന്തൊക്കെയാണ്? തുടങ്ങിയ കാര്യങ്ങളില്‍ വളരെ സാധാരണമായ, പ്രാദേശികമായ നമ്മുടെ ആശങ്കകള്‍ ഇവിടെ തുറന്ന് പറയുകയാണ്.

മരണമെന്നത് മൂടിവെയ്‌ക്കേണ്ടതും ഭയാജനകവും അധികം സംസാരിക്കാന്‍ പാടില്ലാത്തതുമായ ഒരു വിഷയമായാണ് പൊതുവെ സമൂഹം കരുതുന്നത്. ഈ കാഴ്ചപ്പാട് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് കാണുന്നത്. മരണത്തെക്കുറിച്ച് നമ്മള്‍ എത്രത്തോളം സംസാരിക്കാതിരിക്കുന്നുവോ, എത്രത്തോളം അജ്ഞരായി തുടരുന്നുവോ, അത്രത്തോളം നമുക്ക് മരണം എന്ന അനിവാര്യതയുടെ ഗുണങ്ങള്‍ അനുഭവിക്കാനും സാധിക്കാതെ വരുന്നു. യഥാര്‍ത്ഥത്തില്‍ മരണമാണ് ജീവിതത്തെ സാര്‍ത്ഥകമാക്കുന്നത്. അതുവരെയുള്ള ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത് മരണമാണ്. സ്വന്തം മരണത്തെക്കുറിച്ചുള്ള ചിന്തയാണ് ഒരാളെ കൂടുതല്‍ നന്നായി ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നത്.

ജനിച്ചുപോയ ഒരു മനുഷ്യന്റെ കാര്യത്തില്‍ മരണം മാത്രമാണ് സുനിശ്ചിതമായിട്ടുള്ളത്. ജനിച്ചാല്‍ ഒരുനാള്‍ മരിക്കുമെന്നത് തീര്‍ച്ചയാണ്. എന്നിട്ടും മരണത്തെക്കുറിച്ച് തുറന്ന് സംസാരിക്കുവാന്‍, മരണത്തിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ എല്ലാവരും മടിക്കുകയാണ്. ജനനം പോലെ മരണവും ഇന്ന് സാധാരണ ജീവിതത്തില്‍ നിന്നും അകന്ന് പോയിരിക്കുന്നു. ചികിത്സയുടെ പോരായ്മയാണ് മരണത്തിലേക്ക് നയിക്കുന്നതെന്നാണ് പലരുടെയും ധാരണ. ഇത്തരമൊരു സാഹചര്യത്തിലാണ് ‘ഡെത്ത് കഫേ’പോലെ മരണത്തെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും വ്യാപകമാക്കേണ്ടതുണ്ടെന്ന് പറയുന്നത്.

ഈയൊരു വിഷയത്തെക്കുറിച്ച് തുറന്ന് സംസാരിക്കേണ്ടതുണ്ടെന്ന ചിന്ത ആദ്യമായി ഉണ്ടായത് സ്വീഡിഷ് മന:ശാസ്ത്രജ്ഞനായ ബെര്‍ണാഡ് ക്രെറ്റസ് (Bernard Crettaz) എന്നയാള്‍ക്കാണ്. 2004ലാണ് അദ്ദേഹം ആദ്യത്തെ ‘ഡെത്ത് കഫേ’ സംഘടിപ്പിച്ചത്. തുടന്ന് 2010ല്‍ അദ്ദേഹം ഈ ആശയം പാരീസിലേയ്ക്ക് കൊണ്ടുവന്നു. ‘Death Cafes: Bringing Death out of Silence’ എന്നപേരില്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു.

2011ല്‍ ക്രെറ്റസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടും അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും ജോന്‍ അണ്ടര്‍വുഡ് (Jon Underwood) ലണ്ടനിലെ തന്റെ വീട്ടില്‍ ഇത്തരമൊരു പരിപാടി നടത്തി. തുടര്‍ന്ന് അണ്ടര്‍വുഡ് ഇതിനൊരു വെബ്ബ്‌സൈറ്റ് ഉണ്ടാക്കുകയും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുകയും ചെയ്തു. അതോടെ ഈ ആശയം ലോകമെമ്പാടും പ്രചരിച്ചു. കേരളത്തില്‍, കോഴിക്കോടുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലെ ഡോ. സുരേഷ് കുമാറാണ് ആദ്യമായി ഇത്തരമൊരു ചര്‍ച്ച സംഘടിപ്പിച്ചത്.

എല്ലാവരും സ്വന്തം മരണത്തെക്കുറിച്ചും മറ്റുള്ളവരുടെ മരണത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍, അഭിപ്രായങ്ങള്‍ ഒക്കെ പങ്കുവയ്ക്കുക. ഇവിടെ വാദപ്രതിവാദങ്ങള്‍ ഇല്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുക. അത് ഇക്കാര്യത്തില്‍ അവരുടെ നിലപാടാണ് എന്ന് തിരിച്ചറിയുക.

ഈ അവസരത്തില്‍, ചര്‍ച്ചാവിഷയവുമായി ബന്ധപ്പെട്ടുകിടക്കുന്ന ‘യൂത്തനേസിയ’ സംബന്ധിച്ച് നമ്മുടെ കോടതികളുടെ നിലപാടുകള്‍ കൂടി പരാമര്‍ശിക്കേണ്ടതുണ്ടെന്ന് കരുതുന്നു. എന്താണ് ‘യൂത്തനേസിയ?’ Euthanasia is an intentional act of killing a patient by administration of drugs at that patient’s voluntary and competent request. അതായത് സുബോധമുള്ളതും ചിന്താശേഷിയുള്ളതും സ്വന്തം താല്പര്യം വ്യക്തമായി പ്രകടിപ്പിക്കുവാന്‍ കഴിവുള്ളതുമായ ഒരാള്‍, തന്റെ ജീവിതം അവസാനിപ്പിച്ചു തരണമെന്ന് വ്യക്തമായി ആവശ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ മരുന്ന് നല്‍കി ആ വ്യക്തിയുടെ ജീവന്‍ അപഹരിക്കുന്നതിനെ മാത്രമേ ‘യൂത്തനേസിയ’ എന്ന് പറയുകയുള്ളൂ. All other medicalized killings are just murder. ആ അര്‍ത്ഥത്തില്‍, ‘കോമ’ അവസ്ഥയില്‍ കിടക്കുന്ന ഒരു രോഗിയുടെ ജീവന്‍ അപഹരിക്കുന്നതിനെ യൂത്തനേസിയ എന്ന് പറയാന്‍ കഴിയില്ല. അതൊരു കൊല തന്നെയാണ്. യൂത്തനേസിയയുടെ നിര്‍വ്വചനം വളരെ ഇടുങ്ങിയതാണ്. ‘It is the intentional killing of a patient by administration of drugs at that patient’s voluntary and competent request.’ അത്തരമൊരു വ്യക്തമായ താല്പര്യപ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ യൂത്തനേസിയ പറ്റുകയുള്ളൂ. യൂത്തനേസിയയ്ക്ക് ഇത്രയും വ്യക്തമായ നിര്‍വ്വചനം ഉള്ളപ്പോള്‍, ‘പാസ്സീവ് യൂത്തനേസിയ’ മുതലായ പദങ്ങള്‍ ഉചിതമല്ല. യൂത്തനേസിയ എന്നാല്‍ മരണം ഉദ്ദേശിക്കുന്നുണ്ട്, മാത്രമല്ല ആ മരണത്തിനായി ചിലത് ചെയ്യുന്നുമുണ്ട്. അങ്ങനെയൊരു കാര്യം വളരെ ബോധപൂര്‍വ്വം, കൃത്യമായ ഉദ്ദേശത്തോടെ ചെയ്യുന്നതിനെ എങ്ങനെയാണ് ‘പാസ്സീവ്’ എന്ന് പറയുക? നിര്‍വ്വചനം കൊണ്ടുതന്നെ യൂത്തനേസിയ എപ്പോഴും ‘ആക്റ്റീവ്’ ആണ്. അതില്‍ പാസ്സീവ് എന്നത് തെറ്റായ സങ്കല്‍പ്പമാണ്.

ഈ വാക്കുകള്‍ സുപ്രീം കോടതി ഉത്തരവില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. എന്നിട്ടും ആ വാക്കുകള്‍ കുറേക്കാലമായി വീണ്ടും വീണ്ടും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് ‘ഡെത്ത് കഫേ’ പോലുള്ള തുറന്ന സംസാരങ്ങളുടെ പ്രസക്തി. എന്തുകൊണ്ടാണ് സുപ്രീം കോടതി ജഡ്ജിമാരെപ്പോലെ പഠിപ്പുള്ള, അറിവുള്ള, ബുദ്ധിമാന്മാരായ ആളുകള്‍പോലും ഇങ്ങനെ തെറ്റായ പദങ്ങള്‍ ഉപയോഗിക്കുന്നത്? മരണത്തെ നിഷേധിക്കുന്ന ഒരു സംസ്‌കാരത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്നതുകൊണ്ടാണിത്. ആര്‍ക്കും മരിക്കുന്നതിനെക്കുറിച്ച് പറയാന്‍ പറ്റില്ല. സ്വാഭാവിക മരണം എന്നൊന്നില്ലെന്നാണ് എല്ലാവരും കരുതുന്നത്. ചികിത്സയുടെ അപര്യാപ്തതയാണ്, പരാജയമാണ് മരണത്തിലേയ്ക്ക് നയിക്കുന്നതെന്നാണ് പൊതുധാരണ. ‘എന്തിനും ഏതിനും ചികിത്സയുണ്ട്. എല്ലാത്തിനും മരുന്നുണ്ട്. അപ്പോള്‍ പിന്നെ, ഇന്നത്തെ കാലത്ത് മരിക്കേണ്ട ആവശ്യം ഇല്ല’. ഇങ്ങനെയാണ് നമ്മുടെ പൊതുബോധം. ഈയൊരു ധാരണ സമൂഹം മാറ്റേണ്ടതുണ്ട്.

മരണമെന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. ചികിത്സകൊണ്ട് കുറെ രോഗങ്ങളൊക്കെ മാറ്റാന്‍ പറ്റും. പക്ഷെ, ചില അവസരങ്ങളില്‍ മരണം അനിവാര്യം തന്നെയാണ്. മനുഷ്യന്റെ മരണം സുനിശ്ചിതമാണ്. ആ സ്വാഭാവികതയെ, പ്രകൃതി നിയമത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ പാസ്സീവ് യൂത്തനേസിയ തുടങ്ങിയ പദങ്ങളുടെ ആവശ്യം ഇല്ലാതാകും. സ്വാഭാവിക മരണത്തെ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുകൊണ്ടാണ് സുപ്രീം കോടതി ജഡ്ജിമാര്‍ മോശം കാര്യത്തില്‍നിന്നും നല്ലത് ഉണ്ടാക്കുവാന്‍ (best out of a bad job) ശ്രമിച്ചത്. മരണം ഒരു മോശം കാര്യമാണ്. അതിനെ എങ്ങനെ ഭംഗിയാക്കാം എന്നാണ് അവര്‍ ചിന്തിച്ചത്. വാസ്തവത്തില്‍ അവര്‍ ചെയ്യേണ്ടിയിരുന്നത് ‘make the most out of a good job’ ആണ്. സുഖപ്പെടുത്താനാകാത്ത രോഗം വന്ന്, കഷ്ടപ്പെടുന്ന ഒരാള്‍ മരിക്കുന്നത് നല്ല കാര്യമാണ്. ആ മരണം ഒരിക്കലും മോശമാകുന്നില്ല.

മരണത്തിനും ഒരവസരം നല്‍കേണ്ട സാഹചര്യങ്ങളുണ്ട്. മഹത്തരമായ ആ മരണത്തെ എത്രത്തോളം കൂടുതല്‍ മഹത്തരമാക്കാം എന്നതാണ് യഥാര്‍ത്ഥത്തില്‍ ജഡ്ജിമാര്‍ ആലോചിക്കേണ്ടിയിരുന്നത്. അതിന് പകരം മരണത്തെ നിഷേധിക്കുന്ന സംസ്‌കാരത്തെ പുല്‍കി, സ്വാഭാവിക മരണത്തെ അംഗീകരിക്കുവാന്‍ തയ്യാറാകാത്ത കാരണം പാസ്സീവ് യൂത്തനേസിയ എന്നൊക്കെ പറയുകയാണ്. അതായത് മനുഷ്യന്‍ സ്വാഭാവികമായി മരിക്കുകയല്ല. ഇത്രയും അറിവും സംസ്‌കാരവും ഉള്ള മനുഷ്യന്‍ മരിക്കുവാന്‍ പാടുണ്ടോ? ഇങ്ങനെയാണ് ചിന്ത. ഈയൊരു സാമൂഹിക പശ്ചാത്തലത്തിലാണ് ഡെത്ത് കഫേയുടെ പ്രസക്തി.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “മരണമാണ് ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത്

  1. Avatar for ഡോ. ഇ. ദിവാകരന്‍

    മാധവൻ പുറച്ചേരി

    മൂല്യവത്തായ ലേഖനം. സാധാരണമട്ടിൽ മരണത്തെക്കുറിച്ച് സംസാരിക്കാനുള്ള ഒരന്തരീക്ഷം ആവശ്യമുണ്ട്. പലപ്പോഴും ICU വിൽ കിടത്തി കൊല്ലാക്കൊലെ ചെയ്യുന്ന സാഹചര്യവുമുണ്ട്. ഏതായാലും ഇത്തരം വിചാരങ്ങൾ ശാന്തമായി പറയേണ്ടതുണ്ട്…❤️👌❤️

  2. Pertinent inteoduction by DrDivakaran about death.

Leave a Reply