ദൈനംദിന ചിലവുകള്‍ക്കുപോലും ബുദ്ധിമുട്ടുന്ന കേരളം

ഒരു പൗരനെങ്കിലും ദുരിതത്തിലാണെങ്കില്‍ സംസ്ഥാനം ആഘോഷത്തിലമരുമെന്ന് കരുതാന്‍ കഴിയില്ലെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കണമെന്നു ഹൈക്കോടതി പറയുന്നതു കേരളം കേട്ടു. കേരളീയം സമാപിച്ചതിനു പിറ്റേന്നു നിത്യചിലവിനുപോലും പണമില്ലെന്ന് ചീഫ് സെക്രട്ടറി കോടതിയില്‍ പറഞ്ഞതിനോടായിരുന്നു ഈ പ്രതികരണം. പിന്നാലെ ക്ഷേമപെന്‍ഷന്‍ കുടിശികപോലും കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഭിക്ഷക്കിറങ്ങിയ വൃദ്ധകള്‍ അധിക്ഷേപിക്കപ്പെട്ടതും കണ്ടു. ഇപ്പോഴിതാ സപ്ലെക്കോ, അവശ്യവസ്തുക്കളുടെ വില വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നു പറയുന്നത് പ്രതിപക്ഷം മാത്രമല്ല. ഏറെ കൊട്ടിഘോഷിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത കേരളീയം 2023 സമാപിച്ചതിനു പിറ്റേന്നു ചീഫ് സെക്രട്ടറി തന്നെ ഹൈക്കോടതിയില്‍ പറഞ്ഞത് ദൈനംദിന ചിലവുകള്‍ക്കുപോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത് എന്നാണ്. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതുമായി ബന്ധപ്പെട്ട വിശദീകരണത്തിലാണ് അദ്ദേഹമതു പറഞ്ഞത്. അതിനു പിന്നാലെതന്നെ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമങ്ങളോട് അക്കാര്യം സമ്മതിച്ചു. പതിവുപോലെ അതിനൊക്കെ കാരണം കേന്ദ്രമാണെന്നു കൂട്ടിചേര്‍ത്താണെങ്കിലും. കേന്ദ്രത്തിനെതിരെ എല്‍ഡിഎഫ് സമരത്തിനിറങ്ങുന്നത് നല്ലതാണ്. പക്ഷെ അതുകൊണ്ടൊന്നും പരിഹരിക്കപ്പെടുന്നതല്ല പ്രശ്‌നം.

അടുത്ത ദിവസങ്ങളിലെ മാധ്യമവാര്‍ത്തകളിലൂടെ  കടന്നുപോയാല്‍ മാത്രം മതി ഈ വിഷയത്തിന്റെ ഗൗരവം ബോധ്യമാകാന്‍. സത്യത്തില്‍ സ്ഥിരം ജോലിയുള്ള സര്‍ക്കാര്‍ ജീവനക്കാരും സ്വകാര്യമേഖലയിലെ ചെറിയ ന്യൂനപക്ഷവും വന്‍കിട ബിസിനസുകാരും ഒഴികെ മറ്റെല്ലാ വിഭാഗങ്ങളും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനം രൂക്ഷമായ പ്രതിസന്ധി നേരിടുമ്പോള്‍ അതിന്റെ തിക്തഫലങ്ങള്‍ ഏറ്റവും അനുഭവിക്കുക അവിടത്തെ ദുര്‍ബല വിഭാഗങ്ങളായിരിക്കുമല്ലോ. അതാണ് നാം കടന്നുപോകുന്ന വാര്‍ത്തകളിലെല്ലാം കാണുന്നത്. മാസങ്ങളായി തുച്ഛം പെന്‍ഷന്‍ പോലും ലഭിക്കാത്ത അവശവിഭാഗങ്ങള്‍, സര്‍ക്കാര്‍ വാങ്ങിയ നെല്ലിന്റെ വില ലഭിക്കാത്ത കര്‍ഷകര്‍, ഉച്ചഭക്ഷണം മുട്ടുന്ന വിദ്യാര്‍ത്ഥികള്‍, സര്‍ക്കാരുമായി ബന്ധപ്പെട്ട നിരവധി മേഖലകളില്‍ വേതനം ലഭിക്കാത്ത ദിവസക്കൂലിക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, പാചക തൊഴിലാളികള്‍, തൊഴിലുറപ്പുവേതനക്കാര്‍, ജനകീയ ഹോട്ടലുകള്‍ നടത്തി സര്‍ക്കാര്‍ വിഹിതം കിട്ടാത്ത കുടുംബശ്രീക്കാര്‍, കോണ്‍ട്രാക്ടര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍ക്ക് വന്‍കുടിശിക നിലനില്‍ക്കുന്നതിനാല്‍ മാസങ്ങളായി വേതനമില്ലാത്ത വിവിധ മേഖലകളിലെ തൊഴിലാളികള്‍, കെ എസ് ആര്‍ ടി സി മുതല്‍ ഗസ്റ്റ് അധ്യാപകര്‍ വരെ കൃത്യമായി വേതനം ലഭിക്കാതെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍, കൊവിഡിനു ശേഷം ജീവിതം ഇനിയും തിരിച്ചുകിട്ടാത്ത ചെറുകിട സംരംഭകരും അവരുടെ ജീവനക്കാരും, ജീവിതം വഴിമുട്ടുന്നതിനാല്‍ തുച്ഛം പ്രതിഫലത്തിന് പ്രദര്‍ശനവസ്തുക്കളാകാന്‍ തയ്യാറാകുന്ന ആദിവാസികള്‍, സ്‌റ്റൈഫന്റും ആനുകൂല്യങ്ങളും മുടങ്ങുന്ന ദളിത് ആദിവാസി വിദ്യാര്‍ത്ഥികള്‍, സഹകരണമടക്കമുള്ള മേഖലയില്‍ തട്ടിപ്പിനു വിധായമായവര്‍, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍, വന്‍പ്രതിസന്ധികള്‍ നേരിടുന്ന മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ദളിതര്‍ എന്നിങ്ങെ ആ പട്ടിക നീളുകയാണ്.

ബഡ്ജറ്റ് അനുസരിച്ച് സംസ്ഥാനത്തിന്റെ വരുമാനം 1.36 ലക്ഷം കോടിയാണ്. ശബളവും പെന്‍ഷനും കടം തിരിച്ചടക്കലും കഴിയുമ്പോള്‍ ആ തുക അവസാനിക്കും. അപ്പോള്‍ സംഭവിക്കുക എന്താണെന്നത് വ്യക്തം. വീണ്ടും കടം വാങ്ങും. അതവസാനം വന്‍ പ്രതിസന്ധിയിലെത്തും. വ്യക്തികള്‍ കടക്കെണിയില്‍ എത്തുന്ന പോലെതന്നെ. അത്തരമൊരവസ്ഥയിലൂടെയാണ് ഇ്‌പ്പോള്‍ കേരളം കടന്നു പോകുന്നത്. ഇതിനെ മറികടക്കാനാകട്ടെ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത് ഭാവിയിലേക്കുള്ള നിക്ഷേപമെന്നൊക്കെ അവകാശപ്പെട്ട് വന്‍ പ്രചാരണ പരിപാടികളാണ്. സ്വാഭാവികമായും അവ ധൂര്‍ത്താണെന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടാതിരിക്കില്ലല്ലോ. അതാണ് കേരളീയവും വരാന്‍ പോകുന്ന നവകേരളസദസ്സുമൊക്കെ വിമര്‍ശിക്കപ്പെടാന്‍ പ്രധാന കാരണം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കഴിഞ്ഞ ദിവസം ഗവര്‍ണര്‍ തന്നെ തുറന്നടിച്ചപോലെ ഒരു ആധുനിക സമൂഹത്തിനു ഒരിക്കലും യോജിക്കാനാവാത്ത ലോട്ടറിയില്‍ നിന്നും മദ്യത്തില്‍ നിന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാനം. ഇവയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കുന്തോറും തകര്‍ന്നടിയുന്ന കുടുംബങ്ങളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ദുരിതങ്ങള്‍ നേരിടുന്ന സ്ത്രീകളുടെ എണ്ണവും. അക്കാരണം കൊണ്ടുതന്നെ ഇവയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മുടെ വരുമാനമാര്‍ഗ്ഗങ്ങളായി കാണാനാവില്ല. വരുമാനത്തില്‍ അവയുടെ വിഹിതം കുറച്ചുകൊണ്ടുവരേണ്ടിവരും. ഇവയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളുടെ വിഷയവും അങ്ങനെതന്നെ. പിന്നത്തെ രണ്ടു പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍ എല്ലാവര്‍ക്കുമറിയാവുന്നപോലെ പ്രവാസവും ടൂറിസവുമാണ്. പ്രവാസം എങ്ങനെയാണ് തകര്‍ന്നടിയുമായിരുന്ന കേരള സമ്പദ് വ്യവസ്ഥക്ക് താങ്ങായതെന്നു എല്ലാവര്‍ക്കുമറിയുന്ന വിഷയമായതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. എന്നാല്‍ അതിന്റെ സുവര്‍ണ്ണകാലം കഴിഞ്ഞോ എന്ന സംശയം ന്യായമാണ്. കാരണം പ്രവാസ ചരിത്രം കൊണ്ട് കേരളത്തിനു ഏറ്റവും മെച്ചമുണ്ടായത് ഗള്‍ഫ് കുടിയേറ്റകാലമായിരുന്നല്ലോ. എന്തൊക്കെ സംഭവിച്ചാലും പ്രവാസികള്‍ സമ്പാദിക്കുന്ന പണത്തിന്റെ വലിയൊരു ഭാഗവും ഇവിടെയെത്തിയിരുന്നു. അവസാനം പ്രവാസികള്‍ ഇങ്ങോട്ടുതന്നെ തിരിച്ചുവരുകയും ചെയ്തുരുന്നു. എന്നാല്‍ യൂറോപ്, അമേരിക്ക, കനഡ പോലുള്ള പ്രദേശങ്ങള്‍ പ്രധാന പ്രവാസ ലക്ഷ്യമായതോടെ കാര്യങ്ങള്‍ മാറുകയാണല്ലോ. വലിയ പണം അങ്ങോട്ടു നല്‍കിയാണ് മിക്കവറും പേര്‍ പഠനത്തിനും ജോലിക്കുമായി പോകുന്നത്, രക്ഷപ്പെടാത്ത പലരും തകര്‍ന്നു തിരിച്ചുവരുന്നു. രക്ഷപ്പെട്ടവര്‍ മിക്കവാറും ഒരിക്കലും വരുന്നുമില്ല. അവര്‍ സമ്പാദിക്കുന്ന പണവും തുച്ഛമായേ എത്തുന്നുള്ളു. അതിനാല്‍ തന്നെ വിദഗ്ധര്‍ ഈ വിഷയത്തെ നന്നായി പഠിക്കേണ്ടതുണ്ട്. മാത്രമല്ല, കൊട്ടിഘോഷിക്കുമ്പോഴും വളരെ തുച്ഛമായ നമ്മുടെ ഐ ടി മേഖല കൂടുതല്‍ വികസിപ്പിച്ച് പുറത്തുപോകുന്നവരില്‍ ഒരുവിഭാഗത്തെയെങ്കിലും ഇവിടെ പിടിച്ചുനിര്‍ത്താനും ശ്രമിക്കണം.

ടൂറിസത്തിലേക്കു വരുമ്പോഴും പ്രശ്‌നങ്ങള്‍ ആശങ്കാകുലമാണ്. വളരെയധികം ആഘോഷിക്കുമ്പോഴും ഈ മേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ വിഹിതം കാര്യമായാന്നും വര്‍ദ്ധിക്കുന്നില്ല. ലോക ടൂരിസത്തിന്റെ ഒരു പ്രധാനകേന്ദ്രമാണ് കേരളമെന്നൊക്കെ പറയുന്നത് കേള്‍ക്കാറുണ്ടെങ്കിലും അതൊന്നും സത്യമല്ല. എന്നാല്‍ മുന്നോട്ടുപോകാനുള്ള സാധ്യതകള്‍ ഉണ്ട്. ഇക്കാര്യത്തില്‍ കേരളീയം 2023ല്‍ ചില നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നതായി കാണുന്നു. ഇപ്പോഴും ലോക സഞ്ചരികള്‍ക്ക് കേരളത്തെക്കുറിച്ച് ആകെ അറിയാവുന്നത് ഒരു കോവളവും, ഹൗസ് ബോട്ടും കരിമീന്‍ പൊള്ളിച്ചതും, ആയുര്‍വേദവും മാത്രമാണെന്ന് ചൂണ്ടികാട്ടപ്പെട്ടു. അന്താരാഷ്ട്ര തലത്തില്‍ പ്രധാനമായും ടൂറിസം നടക്കുന്നത് നവംബര്‍ തൊട്ട് ഫെബ്രുവരി വരെയാണ്. കാരണം അപ്പോള്‍ യൂറോപ്പിലും, അമേരിക്കയിലുമൊക്കെ കടുത്ത ശൈത്യമാണ്. അപ്പോഴാണ് അവര്‍ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നത്. എന്നാല്‍ നമ്മുടെ തൃശൂര്‍ പൂരം, ഓണം, വിഷു അടക്കമുള്ള പ്രധാന സാംസ്‌കാരിക ഉത്സവങ്ങളെല്ലാം നടക്കുന്നത് ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. . ഇതിന് പ്രതിവിധിയായി സന്തോഷ് ജോര്‍ജ് കുളങ്ങരയെ പോലുള്ളവര്‍ ചൂണ്ടിക്കാട്ടിയത്. അന്താരാഷ്ട്ര ടൂറിസം കലണ്ടറിനെ അടിസ്ഥാനപ്പെടുത്തി നമ്മള്‍ ടൂറിസ നയം പ്ലാന്‍ ചെയ്യണം എന്നാണ്. അതുമാത്രം പോര. മദ്യത്തോടും സ്ത്രീപുരുഷ ബന്ധത്തോടും നൈറ്റ് ലൈഫിനോടുമൊക്കെയുള്ള നമ്മുടെ പല ധാരണകളും തിരുത്തേണ്ടതുണ്ട്. നമ്മുടെ കൗമാരക്കാര്‍ പലരും നാടുവിടുന്നതിന്റെ പ്രധാന കാരണം ഇവിടത്തെ കപടമായ സദാചാരബോധമാണെന്ന് വ്യക്തമാണ്. ആ സാഹചര്യത്തില്‍ വിദേശികള്‍ എങ്ങനെയാണ് ഇങ്ങോട്ടുവരാന്‍ ഇഷ്ടപ്പെടുക എന്നാലോചിച്ചാല്‍ മതിയല്ലോ. നമ്മുടെ തനതു മദ്യം കള്ളിനെ പോലും ബ്രാന്റ് ചെയ്യാന്‍ കഴിയാത്തവരുമാണ് നമ്മള്‍ എന്നതും മറക്കരുത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്തിന്റെ വരുമാനമാര്‍ഗ്ഗങ്ങളില്‍ മറ്റു പ്രധാന ഘടകങ്ങള്‍ സ്ഥലം വില്‍പ്പന, കെട്ടിട നിര്‍മ്മാണം, വാഹനം വാങ്ങള്‍ തുടങ്ങിയവയിലെ നികുതിയാണ്. പല കാരണങ്ങളാലും അവക്കും വലിയ ഭാവിയുണ്ടെന്നു തോന്നുന്നില്ല. വില്‍്ക്കാനും വാങ്ങാനും കാര്യമായ ഭൂമിയൊന്നും ഇനി നമുക്കില്ല. നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ തന്നെ വലിയൊരു ഭാഗം പൂട്ടിക്കിടക്കുന്നു. വാഹനങ്ങളുടെ സാന്ദ്രതയാകട്ടെ ഇപ്പോള്‍ തന്നെ സംസ്ഥാനത്തിനു താങ്ങാനാവാത്ത അവസ്ഥയാണ്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇവയെല്ലാം സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതങ്ങളും കാണാതിരിക്കാനാവി,്ല്ല. മറുവശത്ത് വ്യവസായ മന്ത്രി എന്തൊക്കെ പറഞ്ഞാലും സംരംഭകത്വത്തോടുള്ള നമ്മുടെ നിഷേധാത്മക സമീപനം ഇപ്പോഴും കാര്യമായി മാറിയിട്ടില്ല. അതിന്റെ അവസാന ഉദാഹരണമാണല്ലോ കഴിഞ്ഞ ദിവസം കോട്ടയത്ത് ഒരു പ്രവാസി വ്യവസായിക്ക് റോഡില്‍ കിടന്ന് സമരം ചെയ്യേണ്ടി വന്ന അനുഭവത്തിലൂടെ നമ്മള്‍ കണ്ടത്. അതിനാല്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നതൊന്നും ഉപയോഗിക്കാതിരിക്കുകയു ഉപയോഗിക്കുന്നതൊന്നും ഉല്‍പ്പാദിപ്പിക്കാതിരിക്കുകയും ചെയ്യുന്ന, പുറത്തുനിന്നും ഒഴുകുന്ന പണം പല രീതിയില്‍ പുറത്തേക്കു തന്നെ ഒഴുകുന്ന അവസ്ഥയിലേക്ക് നാം മാറിയിരിക്കുന്നു. നമ്മുടെ സ്വകാര്യ അഭിമാനമെന്നൊക്കെ കൊട്ടിഘോഷിക്കപ്പെടുന്ന യൂസഫലിയടക്കമുള്ള സമ്പന്ന സംരംഭകരാകട്ടെ വ്യവസായത്തില്‍ മുതല്‍മുടക്കാതെ, വാണിജ്യത്തില്‍ മാത്രം ശ്രദ്ധിക്കുന്നവരാണ് എന്നതും പരിശോധിക്കേണ്ട വിഷയമാണ്. കാര്‍ഷിക മേഖലയുടെ കാര്യം കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ.

ചീഫ് സെക്രട്ടറി കോടതിയില്‍ വിശദീകരിച്ച ഇപ്പോഴത്തെ അടിയന്തര അവസ്ഥക്ക് ഹ്രസ്വകാല പരിഹാരം ഉടനെ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം. എന്നാല്‍ ഒപ്പം ദീര്‍ഘകാലാടിസ്ഥനത്തലുള്ള പരിഹാരങ്ങള്‍ക്കും ശ്രമിക്കുന്നില്ലെങ്കില്‍ തിരിച്ചുവരാനാകാത്ത തകര്‍ച്ചയിലേക്കായിരിക്കും നമ്മുടെ യാത്ര എന്നു കൂടി പറഞ്ഞുവെക്കട്ടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply