അനുപമയും നിമിഷയും ”പ്രബുദ്ധ കേരള”ത്തിന്റെ യാഥാര്‍ത്ഥ്യവും

കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായ രണ്ടു പെണ്‍കുട്ടികളുടെ രോദനങ്ങള്‍ക്കാണ് ഇപ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നത്. അവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കമ്യൂണിസ്റ്റുകാര്‍ തന്നെ.

പാര്‍ട്ടിഫാസിസം, ജാതീയത, കപടസദാചാരം, പുരുഷാധിപത്യം…. ഇതൊക്കെയാണ് ഇന്നു കേരളത്തിന്റെ മുഖ്യധാരയില്‍ കൊടികുത്തി വാഴുന്നത് എന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണ് അനുദിനം അരങ്ങേറുന്നത്. സംസ്ഥാനത്തിന്റെ ഏതെങ്കിലും ഭാഗങ്ങളില്‍ നിന്ന് അത്തരത്തിലുള്ള വാര്‍ത്തകള്‍ എന്നും പുറത്തുവരുന്നു. ഏറ്റവും ഞെട്ടിപ്പിക്കുന്നത് ഇക്കാര്യങ്ങളില്‍ പുരോഗമനശക്തികളെന്ന് അവകാശപ്പെടുന്നവരാണ് മുന്‍നിരയില്‍ എന്നതാണ്. കൃത്യമായി പറഞ്ഞാല്‍ സിപിഎമ്മുമായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ തന്നെ. അതോടൊപ്പം തങ്ങള്‍ ചെയ്യുന്ന എന്തു നിയമവിരുദ്ധ – ജനവിരുദ്ധനടപടികളേയും ന്യായീകരിക്കാനും കുറ്റവാളികളെ സംരക്ഷിക്കാനും മുഴുവന്‍ ഭരണകൂട സംവിധാനങ്ങളും ഉപയോഗിക്കാനവര്‍ക്ക് കഴിയുന്നു. സ്വന്തം സഹപ്രവര്‍ത്തകര്‍ പോലും അക്രമിക്കപ്പെടുമ്പോഴും നേതൃത്വം നിശബ്ദരായിരിക്കുന്നു. അപ്പോഴും പൊതുസമൂഹത്തില്‍ നിന്നും ശക്തമായ പ്രതിരോധമുയരുന്നു എന്നതുമാത്രമാണ് ആശ്വാസം.

കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായ രണ്ടു പെണ്‍കുട്ടികളുടെ രോദനങ്ങള്‍ക്കാണ് ഇപ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നത്. അവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കമ്യൂണിസ്റ്റുകാര്‍ തന്നെ. അനുപമയുടെ അനുഭവം തന്നെ നോക്കൂക. കപടസദാചാരം കൊടികുത്തി വാഴുന്ന ഒരു സമൂഹത്തില്‍ വിവാഹിതയാകുന്നതിനുമുമ്പ് ഒരു പെണ്‍കുട്ടി പ്രസവിക്കുക എന്നത് മാതാപിതാക്കള്‍ക്കുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാം. സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗമടക്കമുണ്ടായിരുന്ന, അടിമുടി പാര്‍ട്ടി കുടുംബമായിട്ടും അവിടേയും അതുണ്ടായി. ആരും ചെയ്യുന്നപോലെ അബോര്‍ഷന്‍ നടത്താന്‍ അനുപമയുടെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു. പക്ഷെ സമയം അതിക്രമിച്ചിരുന്നു. പിന്നീട് നാട്ടുകാരെ ഒളിപ്പിക്കാന്‍ അനുപമയെ അവിടെനിന്ന് മാറ്റി. ശരിയല്ലെങ്കിലും അതും മനസ്സിലാകും.. പക്ഷെ അതിനുശേഷം നടന്ന കാര്യങ്ങള്‍ ഒരാള്‍ക്കും അംഗീകരിക്കാനാവുന്നതല്ല. ചേച്ചിയുടെ വിവാഹം കഴിയുന്നവരെ കുട്ടിയെ മാറ്റാമെന്നും അതു കഴിഞ്ഞാല്‍ തിരിച്ചുതരാമെന്നും പറഞ്ഞാണ് അനുപമയുടെ പിതാവ് രണ്ടുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുപോയത്. മുലപ്പാലും അമ്മയുടെ ലാളനയുമടക്കമുള്ള ആ കുഞ്ഞിന്റെ മുഴുവന്‍ ബാലാവകാശങ്ങളും ലംഘിക്കപ്പെടുകയായിരുന്നു. പിന്നീടാകട്ടെ അപ്പോള്‍ പറഞ്ഞ വാക്കുപോലും പാലിച്ചില്ല. അനുപമയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ശിശുക്ഷേമസമിതിയിലൂടെ ദത്തുകൊടുത്തതായി പറയുന്നു. അതുതന്നെ സത്യമാണോ എന്ന് അന്വേഷണത്തിലൂടേയേ പുറത്തുവരൂ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സിപിഎം നേതാവായ അനുപമയുടെ പിതാവിനൊപ്പം പാര്‍ട്ടിയുടെ യുവതലമുറയുടെ ഉന്നതനേതാവായ ഡോ ഷിജുഖാനടക്കമുള്ളവര്‍ ഈ വഞ്ചനക്ക് കൂട്ടുനിന്നു എന്നാണ് ഇതുവരെയുള്ള വാര്‍ത്തകളില്‍ പ്രകടമാകുന്നത്. ഷിജുഖാനാകട്ടെ ശിശുക്ഷേമസമിതി എന്ന എന്‍ജിഒയുടെ ജനറല്‍ സെക്രട്ടറി മാത്രമാണ്. ഏതാനും മാസങ്ങളായി അനുപമയും കുഞ്ഞിന്റെ പിതാവ് അജിത്തും കുഞ്ഞിനെ അന്വേഷിച്ച് മുട്ടാത്ത വാതിലുകൡ. പോലീസില്‍ നിന്നോ ശിശുക്ഷേമസമിതിയില്‍ നിന്നോ മറ്റേതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ പാര്‍ട്ടിയില്‍ നിന്നോ അവര്‍ക്ക് നീതി ലഭിച്ചില്ല. ആകെ അവരോട് നല്ല വാക്കുകള്‍ പറഞ്ഞത് വൃ8ന്ദാ കാരാട്ടാണത്രെ. അവസാനം അസാധാരണമായ ഒരു പ്രക്ഷോഭത്തിലൂടെയാണ് അന്വേഷണം നടത്തുക എന്ന ആവശ്യമെങ്കിലും അവര്‍ നേടിയെടുത്തത്. അതിലൂടെ കുഞ്ഞിനെ തിരിച്ചുകിട്ടുമോ, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമോ എന്നു കാത്തിരുന്നു കാണാം.

അതിനിടയില്‍ അതിരൂക്ഷമായ രീതിയിലാണ് അനുപമയും അജിത്തും സോഷ്യല്‍ മീഡിയയിലും മറ്റും അധിക്ഷേപിക്കപ്പെട്ടത്. ഇപ്പോഴുമത് തുടരുന്നു. അജിതിന് മറ്റൊരു ഭാര്യയുണ്ടായിരുന്നു എന്നും വിവാഹമോചനത്തിനു മുമ്പാണ് ഈ ബന്ധം തുടങ്ങിയതെന്നുമാണ് ആരോപണം. അത്തരത്തിലുള്ള സംഭവങ്ങള്‍ കേരളത്തില്‍ പുത്തിരിയാണോ? മാത്രമല്ല, ഇരുവരും ഉഭയസമ്മതപ്രകാരം പിരിയാന്‍ തീരുമാനിച്ച് അതിന്റെ നടപടിക്രമങ്ങള്‍ നടക്കുമ്പോഴാണ് ഈ ബന്ധം ആരംഭിച്ചതെന്നും അജിത് തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നു. വിവാഹമോചനത്തിനുശേഷമാണ് ഇരുവരും ഒന്നിച്ചു ജീവിക്കാനാരംഭിച്ചത്. വിവാഹമോചനവും പുനര്‍വിവാഹവുമെല്ലാം ദൈനംദിനം നടക്കുന്ന ഒരു നാട്ടിലാണ് ഇതൊരു വന്‍കുറ്റമായി അവതരിപ്പിക്കപ്പെടുന്നത്. അക്കാര്യത്തില്‍ ഇനിയും എന്തെങ്കിലും അനീതി ബാക്കിയുണ്ടെങ്കില്‍, മുന്‍ഭാര്യക്കൊപ്പം നില്‍ക്കാന്‍ തന്നെയാണ് ജനാധിപത്യവാദികള്‍ തയ്യാറാകേണ്ടത്. പക്ഷെ അത് പെറ്റമ്മക്ക് കുഞ്ഞിനെ നിഷേധിക്കാന്‍ കാരണമല്ല.

തീര്‍ച്ചയായും ഈ സംഭവത്തില്‍ ഒളിഞ്ഞുകിടക്കുന്ന മറ്റൊരു വസ്തുത കൂടി കാണാതിരിക്കാനാവില്ല. അനുപമയുടെ മാതാപിതാക്കള്‍ വിഭിന്ന മതക്കാരാണ്. അപ്പോഴും ഒരു ദളിതനെ കുടംബാംഗമായി അവര്‍ക്ക് കാണാനാവുന്നില്ല എന്നതാണത്. കുഞ്ഞുണ്ടായിട്ടുപോലും അജിത്തിനെ സ്വീകരിക്കാന്‍ അവര്‍ തയ്യാറാകാത്തതിന്റെ കാരണം അതാണെന്ന് അനുപമതന്നെ പറഞ്ഞു. പാര്‍ട്ടിയാകട്ടെ അനുപമയുടെ പിതാവിനെതിരെ നടപടിയൊന്നും എടുത്തില്ലെങ്കിലും അജിത്തിനെ പുറത്താക്കുകയും ചെയ്്തു. സര്‍ക്കാരും പാര്‍ട്ടിയും അനുപമക്കൊപ്പം എന്നു പ്രഖ്യാപിച്ചതോടെ സൈബര്‍ പോരാളികള്‍ അജിത്തിനെതിരെ ഏകപക്ഷീയമായി തിരിഞ്ഞിരിക്കുകയാണ്. അവരുടെ ആക്ഷേപങ്ങളിലൂുടെ കടന്നുപോയാല്‍ വ്യക്തമായി കാണാവുന്ന ഒന്നാണ് ജാതിബോധം. സിപിഎമ്മും പോഷകസംഘടനകളുമായി ബന്ധപ്പെട്ട ഉന്നതരടക്കം എത്രയോ പേര്‍ സ്ത്രീപീഡനകേസുകളില്‍ പെട്ടിരുന്നു. അവരില്‍ മിക്കവാറും ഒതുക്കിതീര്‍ത്തു. ചിലര്‍ക്കെതിരെ നടപടിയെടുത്തു. എന്നാല്‍ അജിത്തിനെതിരെ നടക്കുന്ന രീതിയിലുള്ള അധിക്ഷേപം ഇന്നോളം കണ്ടിട്ടില്ല. അതെല്ലാം സത്യമായാല്‍പോലും ഒരമ്മക്ക് കുഞ്ഞിനെ നിഷേധിക്കാനോ ക്രിമിനല്‍ കുറ്റം ചെയ്തവരെ സംരക്ഷിക്കാനോ ഉള്ള ന്യായീകരണമാകുമോ? വാളയാറില്‍ രണ്ടുകുഞ്ഞുങ്ങള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ടപ്പോള്‍ പോലും കുറ്റവാളികളെ സംരക്ഷിക്കാന്‍ അമ്മയെ അധിക്ഷേപിച്ചവരില്‍ നിന്ന് ഇതല്ലാതെ മറ്റെന്തെങ്കിലും പ്രതീക്ഷിച്ചവര്‍ക്കാണ് തെറ്റു പറ്റിയത്. പക്ഷെ ജനാധിപത്യ ഭരണകൂടവും ഭരണകൂട മെഷിണറികളും അതിനു കൂട്ടുനില്‍ക്കരുതായിരുന്നു. അതാണ് പക്ഷെ ഇവിടേയും സംഭവിച്ചത്. ഏറ്റവും വലിയ വീഴ്ച പതിവുപോലെ പോലീസില്‍ നിന്നുതന്നെ. എത്രയും വേഗം ആ തെറ്റ് തിരുത്തി അനുപമക്ക് കിട്ടിയെ തിരിച്ചു നല്‍കാനാണ് ബന്ധപ്പെട്ട അധികാരികള്‍ ചെയ്യേണ്ടത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എ ഐ എസ് എഫ് നേതാവ് നിമിഷക്കെതിരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ കടന്നാക്രമണത്തിനു പിന്നിലും പ്രവര്‍ത്തിച്ചത് സമാനഘടകങ്ങള്‍ തന്നെ. കേരളത്തിലെ കലാലയങ്ങളില്‍ ഏറെക്കുറെ സമഗ്രാധിപത്യം നേടിയിട്ടുള്ള എസ് എഫ് ഐയുടെ ഗുണ്ടായിസമാണ് എല്ലായിടത്തും നടക്കുന്നത്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ മറ്റു സംഘടനകളെ അവരനുവദിക്കുന്നില്ല. ചുവപ്പുകോട്ടകള്‍ എന്നുപേരിട്ട് തികച്ചും കായികമായിതന്നെയാണ് അതിനു തടയിടുന്നത്. അക്കാര്യത്തില്‍ കുപ്രസിദ്ധമായ യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐക്കാര്‍ തന്നെ അതിനെതിരെ രംഗത്തിറങ്ങി അധികകാലമായിട്ടില്ല. എന്നാല്‍ എസ് എഫ് ഐ പിന്തുടരുന്നത് ഇപ്പോഴും ഫാസിസ്റ്റ് നയം തന്നെ. അതിന്റെ ഉദാഹരണം തന്നെയാണ് എം ജി യൂണിവേഴ്‌സിറ്റിയി്ല്‍ അരങ്ങേറിയ സംഭവം. നിമിഷയെ അഭിസംബോധന ചെയ്തതിലും കടന്നാക്രമിച്ചതിലും പ്രതിഫലിക്കുന്നത് ഫാസിസ്റ്റ് ചിന്താഗതി, പുരുഷാധിപത്യം, ജാതീയത തുടങ്ങിയ ചിന്താഗതികള്‍ തന്നെയാണ്. ഭാവിയിലെ :”ഉത്തമ” സഖാക്കളാകാനുള്ള പരിശീലനമാണ് എസ് എഫ് ഐയില്‍ നടക്കുന്നതെന്നു തോന്നുന്നു.

ഏറ്റവും ഖേദകരമായ വിഷയം മറ്റൊന്നാണ്. ഇതൊക്കെ സംഭവിക്കുമ്പോഴും പാര്‍ട്ടിയില്‍ നിന്നോ യുവജന – വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നോ ഒരുതരത്തിലുള്ള പ്രതിഷേധവും ഉയരുന്നില്ല എന്നതാണത്. ജനാധിപത്യത്തിലും ലിംഗനീതിയിലും വിശ്വാസമുള്ള ഒരേയൊരു വനിതയേ സിപിഎമ്മിലുള്ളു എന്നു തോന്നുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതാകട്ടെ വൃന്ദാകാരാട്ടാണ്. തങ്ങള്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട അധിക്ഷേപങ്ങള്‍ അതിശക്തമായി പ്രതികരിച്ച ഹരിതയിലെ പെണ്‍കുട്ടികളുടെ ആര്‍ജ്ജവം പോലും കമ്യൂണിസ്റ്റുകാരെന്നു ഊറ്റം കൊള്ളുന്നവര്‍ക്കില്ല എന്നത് പാര്‍ട്ടിക്കു മാത്രമല്ല, കേരളത്തിനു തന്നെ നാണക്കേടാണ്. സമ്മേളനങ്ങള്‍ പുരോഗമിക്കുന്ന ഈ വേളയിലെങ്കിലും ഈ വിഷയങ്ങള്‍ പാര്‍ട്ടിക്കകത്തുന്നയിക്കാന്‍ ആരെങ്കിലും, പ്രത്യേകിച്ച് വനിതകള്‍ തയ്യാറായാല്‍ അത്രയും നന്ന്്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply